Home Blog Page 1930

സ്മൂത്തികൾ പതിവായി കഴിക്കുന്നവരാണോ ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ അവരുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്താറുള്ള ഭക്ഷണങ്ങളിലൊന്നാണ് സ്മൂത്തികൾ. പല തരത്തിലുള്ള സ്മൂത്തികൾ ഡയറ്റിൽ ഉൾപ്പെടുത്താറുണ്ട്. തീർച്ചയായും, സ്മൂത്തികൾ സ്വാദിഷ്ടമാണ്. ഉണ്ടാക്കാൻ എളുപ്പവുമാണ്. എന്നാൽ, സ്മൂത്തികൾ യഥാർത്ഥത്തിൽ ആരോ​ഗ്യകരമാണോ?

സ്മൂത്തികൾ നല്ലതിനേക്കാൾ കൂടുതൽ ദോഷം ചെയ്യുമെന്ന് ആയുർവേദ ഗട്ട് ഹെൽത്ത് കോച്ച് ഡിംപിൾ ജംഗ്‌ദ തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ പറയുന്നു. പ്രത്യേകിച്ച് കുടലിൻ്റെ ആരോഗ്യത്തിന്. സ്മൂത്തി തയ്യാറാക്കുന്നതിനായി പഴങ്ങൾ മിക്സിയിൽ അടിച്ചെടുക്കുമ്പോൾ അതിൽ പോഷകങ്ങൾ യഥാർത്ഥത്തിൽ കുറയുകയാണ്. 30 മുതൽ 40 ശതമാനം ഫെെബർ വരെ പഴങ്ങളിൽ നിന്ന് നഷ്ടപ്പെടുന്നതായി പഠനങ്ങൾ പറയുന്നു.

പഴങ്ങളിൽ മധുരത്തിന്റെ അളവ് കൂടി തന്നെയാണ് നിൽക്കുന്നത്. ഒരു വാഴപ്പഴം മിക്സിയിൽ അടിക്കാതെ മുഴുവനായി കഴിക്കുമ്പോൾ 45 ജിഐ glycaemic index (GI) മാത്രമാണ് വരുന്നത്. എന്നാൽ സ്മൂത്തിയായി കഴിക്കുമ്പോൾ ജിഐ 60 ന് മുകളിലെത്തുന്നു. ഗ്ലൈസെമിക് സൂചികയുടെ അളവ് കൂടുന്നത് വിവിധ കരൾ രോ​ഗങ്ങൾക്കും അത് പോലെ പ്രമേഹം പിടിപെടാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നതായി ഡിംപിൾ ജംഗ്‌ദ പറയുന്നു.

പഴങ്ങൾ സ്മൂത്തി രൂപത്തിലോ ജ്യൂസായോ കഴിക്കാതെ അതോടെ തന്നെ കഴിക്കുന്നതാണ് ആരോ​ഗ്യത്തിന് ഏറെ നല്ലതെന്നും അവർ പറയുന്നു. കുടലിന്റെ ആരോ​ഗ്യത്തിന് പഴങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ആരോഗ്യകരമായ കുടൽ ദഹനത്തെ സഹായിക്കുന്നതിന് മാത്രമല്ല പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന‍തിനും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്തുന്നു. ആപ്പിൾ, വാഴപ്പഴം, കിവി, പപ്പായ, പെെനാപ്പിൾ, പാഷൻ ഫ്രൂട്ട് എന്നിവ കുടലിന്റെ ആരോ​ഗ്യത്തിന് മികച്ച പഴങ്ങളാണ്.

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബം ഹൈക്കോടതിയിലേക്ക്

പത്തനംതിട്ട. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബം ഹൈക്കോടതിയിലേക്ക്. എസ്ഐടി അന്വേഷണം കാര്യക്ഷമമല്ലെന്നു കോടതിയെ ബോധ്യപ്പെടുത്താനാണ് കുടുംബത്തിന്റെ നീക്കം. ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. അതിനിടെ കോന്നി തഹസിൽദാരുടെ ചുമതലയിൽ നിന്നും നീക്കണമെന്ന് എഡിഎമ്മിന്റെ ഭാര്യ മഞ്ജുഷ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടു.

യാത്രയയപ്പ് ചടങ്ങിലെ പി.പി. ദിവ്യയുടെ പ്രസംഗം നവീൻ ബാബുവിന്റെ ആത്മഹത്യക്ക് കാരണമായി എന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിനുള്ള തെളിവുകൾ ഹാജരാക്കാൻ ആയിരിക്കും കുടുംബം ശ്രമിക്കുക. ഒപ്പം കണ്ണൂർ കലക്ടറുടെ മൊഴി കളവാണെന്ന് തെളിയിക്കാനും. യാത്രയയപ്പ് ചടങ്ങിനു ശേഷം നവീൻ ബാബു കലക്ടറെ കണ്ട് സംസാരിച്ചത് ആ ചടങ്ങിൽ സംഭവിച്ച കാര്യവുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞിരുന്നു. തനിക്ക് തെറ്റുപറ്റി എന്ന് നവീൻ ബാബു പറഞ്ഞതായുള്ള കലക്ടറുടെ മൊഴിയുടെ പൂർണമായ തെളിവ് തലശ്ശേരി കോടതിയിൽ ഹാജരാക്കാൻ പ്രതിഭാഗത്തിനു കഴിഞ്ഞിരുന്നില്ല.

അതിനിടെ തഹസില്‍ദാരുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് മഞ്ജുഷ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടു. കൂടിയ ഉത്തരവാദിത്തങ്ങള്‍ വഹിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ല. കലക്ടറേറ്റിലെ ഏതെങ്കിലും തസ്തികയിലേക്ക് ജോലി മാറ്റി നല്‍കണമെന്നാണ് മഞ്ജുഷയുടെ ആവശ്യം . കോന്നി തഹസില്‍ദാരായ മഞ്ജുഷ നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് അവധിയിലാണ്. അടുത്തമാസം തിരികെ ജോലിയില്‍ പ്രവേശിക്കും. ആവശ്യത്തോടെ സർവീസ് സംഘടനകൾക്കും യോജിപ്പാണ്.

നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ ഒരാള്‍കൂടി മരിച്ചു

കാസര്‍കോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ ഒരാള്‍കൂടി മരിച്ചു. കരിന്തളം മഞ്ഞളാംകാട്ട് സ്വദേശി രജിത്ത് (36) ആണ് മരിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ് മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രജിത്തിന്റെ മരണം. ഇതോടെ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ച് ആയി.

കാഞ്ഞങ്ങാട് വൈദ്യുതി ഓഫീസിലെ താത്ക്കാലിക ഡ്രൈവറായിരുന്ന് രജിത്ത്.

അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 4 പ്രതികളില്‍ മൂന്നുപേര്‍ക്ക് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (രണ്ട്) കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും ജില്ലാ കോടതി സ്വമേധയാ കേസെടുത്ത് ജാമ്യവിധി റദ്ദാക്കിയിരുന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍, സെക്രട്ടറി കെ.ടി. ഭരതന്‍, പടക്കം പൊട്ടിച്ച പി. രാജേഷ് എന്നിവര്‍ക്കാണ് അനുവദിച്ചിരുന്ന ജാമ്യം റദ്ദാക്കിയത്. സംഭവത്തില്‍ ഇനി 5 പേരെ കൂടി പിടികൂടാനുണ്ട്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

‘പറയാനുള്ളത് പാർട്ടി വേദിയിൽ പറയും, നടപടി അംഗീകരിക്കുന്നു; വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയണം’

കണ്ണൂർ: തനിക്ക് പറയാനുള്ളത് പാർട്ടി വേദിയിൽ പറയുമെന്ന് പി.പി. ദിവ്യ. പാർട്ടി നടപടിയിൽ ദിവ്യയ്ക്ക് അതൃപ്തി എന്ന മാധ്യമ വാർത്തയ്ക്ക് പിന്നാലെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. മറ്റ് വ്യാഖ്യാനങ്ങൾക്ക് താൻ ഉത്തരവാദിയല്ലെന്നും വ്യാജ പ്രചാരണങ്ങൾ തള്ളണമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. പാർട്ടി നടപടി അംഗീകരിക്കുന്നുവെന്നും ദിവ്യ പറയുന്നുണ്ട്. ആദ്യമിട്ട കുറിപ്പിൽ പാർട്ടി നടപടി അംഗീകരിക്കുന്നു എന്ന വരി ഇല്ലായിരുന്നു. ഇത് പിന്നീട് കൂട്ടിച്ചേർക്കുകയായിരുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

എന്റെ പ്രതികരണമെന്ന നിലയിൽ ഇപ്പോൾ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ എന്റെ അഭിപ്രായമല്ല. അത്തരമൊരു പ്രതികരണം ഞാൻ നടത്തിയിട്ടുമില്ല. മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു വ്യാഖ്യാനങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല .

ഉത്തരവാദപ്പെട്ട ഒരു പാർട്ടി അംഗം എന്ന നിലയിൽ എനിക്കു പറയാനുള്ളത് പാർട്ടി വേദികളിൽ പറയുന്നതാണ് ഇതുവരെ അനുവർത്തിച്ചു വന്ന രീതി. അത് തുടരും, എന്റെ പാർട്ടി സ്വീകരിച്ച നടപടി ഞാൻ അംഗീകരിക്കുന്നു. എന്റെ സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യർഥിക്കുന്നു .

ലോറിയിൽനിന്ന് ഇറങ്ങവേ ചക്രത്തിനിടയിൽപ്പെട്ടു; ബവ്റീജസ് കോർപ്പറേഷൻ ജീവനക്കാരന് ദാരുണാന്ത്യം

തുറവൂർ: ടാങ്കർ ലോറിക്കടിയിൽപ്പെട്ട് ബവ്റീജസ് കോർപ്പറേഷൻ ജീവനക്കാരൻ മരിച്ചു. തുറവൂർ വളമംഗലം നന്ദനത്തിൽ രജിത്ത് കുമാർ (47) ആണ് മരിച്ചത്. ദേശീയപാതയിൽ പുത്തൻചന്തയ്ക്കു സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ലോറിയിൽ മടങ്ങുന്നതിനിടെയായിരുന്നു അപകടം.

ടാങ്കർ ലോറിയിൽ നിന്നും ഇറങ്ങുന്നതിനിടെ പാതയോരത്തുള്ള കല്ലിൽ തട്ടി ലോറിയുടെ പിൻ ചക്രത്തിനിടയിൽപ്പെടുകയായിരുന്നു. ലോറിയുടെ പിൻ ചക്രം ദേഹത്ത് കൂടി കയറിയിറങ്ങി തൽക്ഷണം മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ.

കിറ്റിലെ സൊയാബീനിൽ നിന്ന് ഭക്ഷ്യവിഷബാധ? വയനാട്ടിൽ 2 കുട്ടികൾക്ക് ഛർദിയും വയറിളക്കവും

മേപ്പാടി: കുന്നംപറ്റയിലെ വാടക ഫ്ലാറ്റിൽ കഴിയുന്ന ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. രണ്ട് കുട്ടികൾക്കാണ് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. ദുരന്ത ബാധിതർക്ക് നൽകിയ കിറ്റിലെ സൊയാബീൻ കഴിച്ചിട്ടാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് വിവരം. നാലിലും ഒൻപതിലും പഠിക്കുന്ന കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. ആരോഗ്യ നില തൃപ്തികരമാണ്.

ദുരന്തബാധിതർക്ക് പുഴുവരിച്ച അരി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് വിവാദവും സമരങ്ങളും അരങ്ങേറുന്നതിനിടെയാണ് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായത്. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം മേപ്പാടിയിൽ റോഡ് ഉപരോധിച്ചു. പുഴുവരിച്ച ഭക്ഷ്യക്കിറ്റുകൾ കുന്നംപറ്റയിലെ ഫ്ലാറ്റിലും വിതരണം ചെയ്തുവെന്നാണ് വിവരം.

വ്യാഴാഴ്ച രാത്രി മുതലാണ് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ തുടങ്ങിയത്. ഇന്നലെ രാവിലെ ഒരു കുട്ടിയെ കൽപറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരുന്ന് നൽകി വിട്ടയച്ചെങ്കിലും കുറയാത്തതിനാൽ കഴിഞ്ഞ രാത്രിയിൽ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഉച്ചയോടെ കുട്ടിയെ ഡിസ്ചാർജ് ചെയ്തു. കിറ്റിൽ നിന്ന് ലഭിച്ച സൊയാബീൻ കഴിച്ചിരുന്നുവെന്നും ഇതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണു കരുതുന്നതെന്നും പഞ്ചായത്ത് മെംബർ അജ്മൽ സാജിദ് പറഞ്ഞു.

ദുരന്ത ബാധിതർക്ക് പുഴുവരിച്ച അരി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് എൽഡിഎഫും യുഡിഎഫും പരസ്പരം പഴിചാരുകയും സമരങ്ങൾ നടത്തുകയും ചെയ്യുന്നതിനിടെയാണ് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. റവന്യൂവകുപ്പാണ് അരി വിതരണം ചെയ്തതെന്നും പഞ്ചായത്ത് ഭരണ സമിതിക്ക് പങ്കില്ലെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു പറഞ്ഞത്. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പുഴുവരിച്ച അരി വിതരണം ചെയ്തതെന്നാരോപിച്ചാണ് ഡിവൈഎഫ്ഐയും സിപിഎമ്മും സമരം ശക്തമാക്കിയത്.

‘അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം പ്രഖ്യാപിച്ച മഹദ്‌വ്യക്തി; ഭയഭക്തിബഹുമാനം വേണം കേട്ടോ’: ജയതിലകിനെതിരെ വീണ്ടും പ്രശാന്ത്

തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ ചേരിപ്പോര് കൂടുതൽ രൂക്ഷമാകുന്നു. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലകിനെതിരെ തുറന്നടിച്ച് വീണ്ടും സമൂഹമാധ്യമത്തിൽ എൻ.പ്രശാന്ത് ഐഎഎസ്. ജയതിലകിന്റെ ചിത്രം സഹിതമാണ് പോസ്റ്റ്. ജയതിലകിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നാണ് പ്രശാന്തിന്റെ മുന്നറിയിപ്പ്.

ജയതിലകിനെ കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്തുതകൾ അറിയിക്കാൻ താൻ നിർബന്ധിതനായിരിക്കുകയാണെന്ന് എൻ.പ്രശാന്ത് സമൂഹമാധ്യമത്തിൽ കുറിച്ചു. ‘‘സർക്കാർ ഫയലുകൾ പൊതുജനമധ്യത്തിൽ ചർച്ച ചെയ്യേണ്ടിവന്നത് ഇഷ്ടമല്ലെങ്കിലും, തൽക്കാലം വേറെ നിർവാഹമില്ല. വിവരാവകാശപ്രകാരം പൊതുജനത്തിന് അറിയാൻ അവകാശമുള്ള കാര്യങ്ങൾ മാത്രമാണ് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. ഇന്നും തുടർന്നുള്ള ദിവസങ്ങളിലും പോസ്റ്റ് ചെയ്യും. അടുത്ത ചീഫ് സെക്രട്ടറിയാണെന്നു സ്വയം പ്രഖ്യാപിച്ച മഹദ്‌വ്യക്തിയാണ്. അതുകൊണ്ട് വേണ്ടവിധം ഭയഭക്തിബഹുമാനം വേണം കേട്ടോ’’– ജയതിലകിന്റെ ചിത്രം സഹിതം ഉൾപ്പെടുത്തിയാണ് എൻ. പ്രശാന്ത് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

വന്ദേ ഭാരത് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം? പാളത്തിൽ ഉപേക്ഷിച്ച ബൈക്കിൽ ശക്തമായി ഇടിച്ചു, ഭയന്ന് യാത്രക്കാർ

ലഖ്നൗ: വന്ദേ ഭാരത് ട്രെയിൻ അട്ടിമറിക്കാൻ ശ്രമമെന്ന് സംശയം. ട്രെയിൻ വരുന്ന സമയത്ത് ഒരാൾ പാളത്തിൽ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ട്രെയിൻ ഈ ബൈക്കിൽ ഇടിക്കുകയും ഏറെ ദൂരം വലിച്ചിഴച്ച് കൊണ്ടുപോകുകയും ചെയ്തു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിൽ വെള്ളിയാഴ്ച വൈകുന്നേരം 4:20 ഓടെയാണ് സംഭവം.

ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. വാരണാസിയിൽ നിന്ന് പ്രയാഗ്‌രാജ് ജംഗ്ഷനിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് ട്രെയിനിന് മുന്നിലാണ് ബൈക്ക് ഉപേക്ഷിച്ച് യുവാവ് കടന്നുകളഞ്ഞത്. ഝാൻസി സ്റ്റേഷന് സമീപം ബന്ദ്വ താഹിർപൂർ റെയിൽവേ അടിപ്പാതയിലൂടെ ചില യുവാക്കൾ ബൈക്കുമായി റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്നു. വന്ദേ ഭാരത് ട്രെയിൻ അടുത്തെത്തിയപ്പോൾ യുവാക്കൾ ബൈക്ക് ട്രാക്കിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

ബൈക്കുമായി വന്ദേ ഭാരത് ട്രെയിൻ ശക്തമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ട്രെയിനിനുള്ളിൽ വലിയ കുലുക്കം അനുഭവപ്പെടുകയും ബൈക്ക് വലിച്ചിഴയ്ക്കുന്ന ശബ്ദം കേൾക്കുകയും ചെയ്തെന്ന് യാത്രക്കാർ പറഞ്ഞു. വാരണാസിയിലെ നോർത്ത് ഈസ്റ്റ് റെയിൽവേയുടെ കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ജാഗ്രതാ നിർദേശം നൽകുകയും ചെയ്തു. ഇതോടെ ഈ ട്രാക്കിലെ ഗതാഗതം നിർത്തിവെച്ചു. സംഭവത്തെ കുറിച്ച് ആർപിഎഫും ജിആർപിയും അന്വേഷണം നടത്തിവരികയാണ്. ബൈക്ക് ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ബൈക്ക് ഉടമയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

‘ജയതിലക് മാടമ്പള്ളിയിലെ ചിത്തരോഗി; ഗോപാലകൃഷ്ണന്റെ ഓർമശക്തി ഹാക്ക് ചെയ്തു’: ഐഎഎസ് തലപ്പത്ത് തമ്മിലടി

തിരുവനന്തപുരം: മതാടിസ്ഥാനത്തിലുളള വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം കത്തിനിൽക്കുന്നതിനിടെ ഉന്നതിയിലെ ഫയലുകൾ കാണാതായെന്ന റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ ഐഎഎസ് തലപ്പത്ത് തമ്മിലടി. അഡീ.ചീഫ് സെക്രട്ടറി എ.ജയതിലകിനെ ‘ചിത്തരോഗി’ എന്ന് എൻ.പ്രശാന്ത് അധിക്ഷേപിച്ചു. ‘ജയതിലക് എന്ന വ്യക്തി തന്നെയാണ് ബ്രോ മാടമ്പള്ളിയിലെ യഥാർഥ ചിത്തരോഗി’ എന്നാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ പ്രശാന്ത് കമന്റ് ചെയ്തിരിക്കുന്നത്. തിടമ്പിനെയും തിടമ്പേറ്റിയ ആനയേയും ഇതുവരെ പേടിക്കാത്തവരെ പേടിപ്പിക്കാമെന്ന്, ഭാവിയിൽ തിടമ്പേൽക്കാൻ കുപ്പായം തയ്ച്ചിരിക്കുന്ന കുഴിയാനകൾ ചിന്തിക്കുന്നത് വല്ലാത്ത തിലകത്തമാണ് എന്നും പ്രശാന്ത് കുറിച്ചിട്ടുണ്ട്.

ഉന്നതിയുമായി ബന്ധപ്പെട്ട് പ്രശാന്തിനെതിരെ ജയതിലക് സമർപ്പിച്ച റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിൽ ഇരിക്കെയാണ് സമൂഹമാധ്യമത്തിലൂടെ പ്രശാന്തിന്റെ രൂക്ഷവിമർശനം. ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പിൽ ആരോപണവിധേയനായ കെ.ഗോപാലകൃഷ്ണനെതിരെയും പരാമർശമുണ്ട്. വ്യവസായ വകുപ്പ് ഡയറക്ടറുടെ ഓർമശക്തി ഹാക്ക് ചെയ്തതാണോ എന്ന് സംശയമെന്നും പ്രശാന്ത് പറഞ്ഞു. കുസൃതി ഒപ്പിച്ച് പരാതിപ്പെടുന്ന പ്രവണത ഐഎഎസുകാരിൽ കൂടിവരുന്നുവെന്ന് പ്രശാന്ത് പരിഹസിക്കുന്നുമുണ്ട്.

പട്ടികജാതി-വർഗ വിഭാഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിർവഹണത്തിനുമായി രൂപവത്കരിച്ച ഉന്നതിയിലെ (കേരള എംപവർമെന്റ് സൊസൈറ്റി) ഫയലുകൾ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം വാർത്ത പുറത്തുവന്നിരുന്നു. ഉന്നതിയുടെ പ്രവർത്തനംതന്നെ സ്തംഭിച്ച അവസ്ഥയിലാണെന്ന് അഡീഷനൽ സെക്രട്ടറി ഡോ.എ. ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. പട്ടികജാതി-വർഗ വകുപ്പ് സ്‌പെഷൽ സെക്രട്ടറിയായിരുന്ന എൻ. പ്രശാന്ത് ഉന്നതി സിഇഒ ആയിരുന്ന കാലത്തെ ഗുരുതരമായ വീഴ്ചകളാണ് റിപ്പോർട്ടിലുള്ളതെന്നാണു സൂചന. ഇതിനു പിന്നാലെയാണ് ജയതിലകിനെതിരെ പ്രശാന്ത് രൂക്ഷവിമർശനം നടത്തിയിരിക്കുന്നത്. വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തിൽ ആരോപണവിധേയനായ കെ.ഗോപാലകൃഷ്ണനെയാണ് പിന്നീട് ഉന്നതിയുടെ സിഇഒ ആയി നിയമിച്ചത്. രേഖകൾ ആവശ്യപ്പെട്ട് പ്രശാന്തിന് കത്തുനൽകി രണ്ടു മാസത്തിനു ശേഷമാണ് രണ്ട് കവർ മന്ത്രിയുടെ ഓഫിസൽ എത്തിച്ചത്. കവറുകളിൽ ഉന്നതിയുമായി ബന്ധപ്പെട്ട പ്രധാന ഫയലുകൾ ഇല്ലെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്.

മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പുകളുണ്ടാക്കിയ സംഭവത്തിൽ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ സംശയത്തിന്റെ നിഴലിൽ നിൽക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം എൻ.പ്രശാന്തിനെതിരായ ഫയൽ വിവാദം പൊട്ടിപ്പുറപ്പെട്ടത്. വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കമാണിതെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്.

വാട്‌സാപ് ഗ്രൂപ്പുകളുണ്ടാക്കിയ സംഭവത്തിൽ സ്വന്തം പരാതി തകിടം മറിക്കുംവിധം വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ തെളിവുകൾ നശിപ്പിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. തന്റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നു പൊലീസിനു പരാതി നൽകിയ ഗോപാലകൃഷ്ണൻ തന്നെ അതു തെളിയിക്കാനാവാത്തവിധം വിവരങ്ങളെല്ലാം നീക്കി ഫോൺ ഫോർമാറ്റ് ചെയ്തിരുന്നു. ഇക്കാരണത്താൽ ഹാക്കിങ് സ്ഥിരീകരിക്കാനാവില്ലെന്നു ഫൊറൻസിക് സംഘം ഇന്നലെ പൊലീസിനെ അറിയിച്ചു.

ഫോൺ ഹാക്ക് ചെയ്യപ്പെട്ടോയെന്നു കണ്ടെത്താനായില്ലെന്നു സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻകുമാർ ഡിജിപി എസ്.ദർവേഷ് സാഹിബിനു റിപ്പോർട്ട് നൽകി. റിപ്പോർട്ട് ഡിജിപി ആഭ്യന്തര വകുപ്പിനു കൈമാറും. അന്വേഷണം വഴിമുട്ടിക്കാൻ ഗോപാലകൃഷ്ണന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായെന്ന സൂചനയുള്ള റിപ്പോർട്ടിൽ സർക്കാർ എന്തു നടപടി സ്വീകരിക്കുമെന്നതു നിർണായകമാകും. മതാടിസ്ഥാനത്തിൽ ഗ്രൂപ്പുകളുണ്ടാക്കിയത് ഗോപാലകൃഷ്ണനാണെന്ന വിലയിരുത്തലിൽ സർക്കാർ എത്തിയാൽ സർവീസ് ചട്ടലംഘനത്തിന്റെ പേരിൽ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകും.

പാക്കിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; 13 മരണം

ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. ക്വറ്റ റെയിൽവേ സ്റ്റേഷനിലായിരുന്നു സ്ഫോടനം. സംഭവത്തിൽ 25 പേർക്ക് പരുക്കേറ്റു.

പെഷവാറിലേക്കുള്ള എക്‌സ്‌പ്രസ് പുറപ്പെടാനൊരുങ്ങുമ്പോഴാണ് റെയിൽവേ സ്‌റ്റേഷനിൽ സ്‌ഫോടനമുണ്ടായതെന്ന് പൊലീസ് ഓപ്പറേഷൻസ് സീനിയർ സൂപ്രണ്ട് മുഹമ്മദ് ബലോച്ച് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.