ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ അഞ്ച് തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. എരുമേലി അട്ടിവളവില്‍ ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. 22 തീര്‍ഥാടകാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ എരുമേലി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പമ്പയിലേക്ക് പോയ തമിഴ്‌നാട് നാമക്കല്‍ സ്വദേശികളായ അയ്യപ്പഭക്തരാണ് മിനി ബസിലുണ്ടായിരുന്നത്.
സംസ്ഥാന വ്യാപകമായി കോളേജുകളില്‍ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്എഫ്
സംസ്ഥാന വ്യാപകമായി കോളേജുകളില്‍ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്എഫ്. നാലുവര്‍ഷ ഡിഗ്രി കോഴ്‌സ് ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരള-കാലിക്കറ്റ് സര്‍വകലാശാലകളുടെ നാലുവര്‍ഷ ബിരുദ കോഴ്സുകളിലേക്കുള്ള പരീക്ഷാഫീസ് ക്രമാനുഗതമായി വര്‍ധിപ്പിച്ച നടപടി കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് എഐഎസ്എഫ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നു ഇരട്ടിയോളം വര്‍ധനവാണ് ഇപ്പോഴത്തെ ഫീസ് നിരക്കില്‍ ഉണ്ടായിരിക്കുന്നതെന്നും എഐഎസ്എഫ് നേതൃത്വം ചൂണ്ടിക്കാട്ടി. വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തെ സമരം ബാധിക്കില്ല.
മൺട്രോതുരുത്ത് കിടപ്രത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു
ശാസ്താംകോട്ട:വീട്ടുവളപ്പിൽ മീൻ വളർത്തുന്ന വാട്ടർ ടാങ്കിലേക്ക് വൈദ്യുതി കണക്ഷൻ കൊടുക്കുന്നതിനിടയിൽ മൺട്രോതുരുത്ത് കിടപ്രത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു.പെരുങ്ങാലം ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥി കിടപ്രം തെക്ക് കന്നിട്ടയിൽ പടിഞ്ഞാറ്റതിൽ പ്രസാദിൻ്റെയും ഷീജയുടെയും മകൻ പ്രണവ് (17) ആണ് മരിച്ചത്.ശനിയാഴ്ച വൈകിട്ടാണ് സംഭവം.ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.മൃതദേഹം കൊല്ലം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.
നല്ല ഓറഞ്ച് എങ്ങനെ തെരഞ്ഞെടുക്കാം….കേടാകാതിരിക്കാനുള്ള മാര്‍ഗ്ഗവും…
വഴിയരികിലും കടകളിലും ഓറഞ്ച് സുലഭമായി ഇപ്പോള്‍ ലഭിക്കാറുണ്ട്. ആരോഗ്യത്തിന് നല്ലതായതിനാല്‍ മിക്കവരും ഇത് വാങ്ങുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നല്ല ഓറഞ്ച് തിരഞ്ഞെടുക്കുകയും കേടാകാതെ സംഭരിക്കുകയും ഒരു വെല്ലുവിളി തന്നെയാണ്. നല്ല ഓറഞ്ച് തിരഞ്ഞെടുക്കാനും സംഭരിക്കാനും ചില തന്ത്രങ്ങള്‍ ഇതാ.
ഭാരമുള്ളവ തിരഞ്ഞെടുക്കുക
ഓറഞ്ച് തിരഞ്ഞെടുക്കുമ്പോള്‍ ഭാരം കൂടിയവ തിരഞ്ഞെടുക്കുക. ഭാരം കുറഞ്ഞവ അല്‍പ്പം ഡ്രൈയും കാമ്പും കുറഞ്ഞതാകും. ജ്യൂസിനെല്ലാം ഭാരം കൂടിയതാണ് എപ്പോഴും നല്ലത്.

നിറം കൊണ്ട് വിധിക്കരുത്
തൊലിയുടെ നിറം നോക്കി ഓറഞ്ച് വാങ്ങരുത്. തൊലി തിളക്കമുള്ള ഓറഞ്ച് ആണെങ്കിലും, ചിലപ്പോള്‍ അകം ചീഞ്ഞതായിരിക്കും.
കട്ടിയുള്ള തൊലികളുള്ളത് ഒഴിവാക്കുക
പാടുകളോ ചെറിയ ദ്വാരങ്ങളോ കട്ടിയുള്ളതും കുണ്ടും കുഴിയുമായ തൊലികള്‍ ഉള്ളതോ ആയ ഓറഞ്ചുകള്‍ കാലപ്പഴക്കം ഉള്ളതാണെന്നാണ് അര്‍ത്ഥം. മിനുസമാര്‍ന്ന, കാണുമ്പോള്‍ ഫ്രഷായി തോന്നുന്നത് വാങ്ങിക്കുക.
മുറിയിലെ താപനില
ഓറഞ്ച് എപ്പോഴും തണുത്ത കാലാവസ്ഥയിലാണ് സൂക്ഷിക്കേണ്ടത്. സൂര്യപ്രകാശം ഏല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം. അതുപോലെ വഴിയരികില്‍നിന്ന് വാങ്ങിക്കുമ്പോഴും കൂടുതല്‍ വെയില്‍ കൊണ്ടില്ലെന്ന് ഉറപ്പാക്കുക.

നെറ്റ് ബാഗുകള്‍ ഉപയോഗിക്കുക
ഓറഞ്ചുകള്‍ സൂക്ഷിക്കാന്‍ നെറ്റ് ബാഗുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. അടച്ചുറപ്പുള്ള പാത്രത്തിലോ കണ്ടെയ്‌നറിലോ ആകുമ്പോള്‍ തണുപ്പും വായുവും കിട്ടുന്നത് കുറവാകും. ഇത് ചീഞ്ഞുപോകാന്‍ ഇടയാക്കും.
പൊതിയുക
ഓറഞ്ച് പകുതി മാത്രം കഴിക്കുകയാണെങ്കില്‍, ഫ്രിഡ്ജില്‍ തിരികെ വയ്ക്കുന്നതിന് മുമ്പ് മറ്റേ പകുതി നന്നായി മൂടുക. ഇത് ഉണങ്ങാതെയും രുചി നഷ്ടപ്പെടാതെയും സൂക്ഷിക്കാന്‍ സഹായിക്കും.
സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും
സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച റേഷന്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുമെന്ന് റേഷന്‍ വ്യാപാരികള്‍. രണ്ടു മാസത്തെ വേതനം അനുവദിക്കുക, ഉറപ്പുനല്‍കിയ ഉല്‍സവബത്ത നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ചൊവ്വാഴ്ച്ച റേഷന്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുമെന്ന് റേഷന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ രണ്ടുമാസമായി റേഷന്‍ കട വ്യാപാരികള്‍ക്ക് വേതനം ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു. ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ടു. ഇതേ തുടര്‍ന്നാണ് സൂചന സമരം. ഭക്ഷ്യവകുപ്പിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സംഘടന നോട്ടീസ് നല്‍കി.
മുന്‍വിരോധം: യുവാവിനെ ആക്രമിച്ച പ്രതികള്‍ പിടിയില്‍
കൊല്ലം: മുന്‍വിരോധത്താല്‍ യുവാവിനെ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയിലായി. തൃക്കോവില്‍വട്ടം ചേരിക്കോണത്ത് ചിറയില്‍ വീട്ടില്‍ മുനീര്‍ (37), വടക്കേവിള പള്ളിമുക്കില്‍ കൊച്ചുകാവഴികത്ത് വീട്ടില്‍ അബ്ദുള്‍ സലീം (37) എന്നിവരാണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. തഴുത്തല പുതുച്ചിറ വയലിന് സമീപത്തായിരുന്നു സംഭവം.
നിസാമദ്ദീന്‍ എന്നയാളെ പ്രതികള്‍ മുന്‍വിരോധത്താല്‍ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. കൊട്ടിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ പിടികൂടുകയായിരുന്നു. മുനീറിനെതിരെ നിരവധി ലഹരി കേസുകള്‍ നിലവിലുണ്ട്. കൊട്ടിയം പോലീസ് ഇന്‍സ്പെക്ടര്‍ സുനിലിന്റെ നേതൃത്വത്തില്‍ സിപിഒമാരായ പ്രശാന്ത്, പ്രവീണ്‍ചന്ദ്, സന്തോഷ്, ശംഭു, ഷെഫീക്ക് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത് കുറുവ സംഘം തന്നെ,പോലീസ്
ആലപ്പുഴ. മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് സ്ഥിരീകരിച്ചു പോലീസ്. എറണാകുളം കുണ്ടന്നൂർ പാലത്തിന് താഴെ നിന്നും ഇന്നലെ കസ്റ്റഡിയിലെടുത്ത 25കാരൻ സന്തോഷ് സെൽവം കുറുവാ സംഘാംഗമാണെന്നും ഇയാളാണ് മണ്ണഞ്ചേരിയിലെത്തിയതെന്നും ആലപ്പുഴ ഡിവൈഎസ്പി എം ആര്‍.മധു ബാബു. പ്രതിയുടെ നെഞ്ചിൽ പച്ച കുത്തിയതാണ് ആളെ തിരിച്ചറിയാൻ നിർണായകമായത്. ഇതിനിടെ പിടിയിലായ മണികണ്ഠന്റെയും സന്തോഷിന്റെയും കുടുംബം മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി നിരപരാധികളാണെന്നും പൊലീസ് കുടുക്കിയതാണെന്നും ആരോപിച്ചു. പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും
കുണ്ടന്നൂരിൽ നിന്നും കസ്റ്റഡിയിലെടുത്ത സന്തോഷ് സെൽവത്തെയും മണികണ്ഠനെയും പുലർച്ചയോടെ അതീവ രഹസ്യമായി മോഷണം നടന്ന മണ്ണഞ്ചേരിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷണം നടത്തിയ അതേ വേഷത്തിൽ ആയിരുന്നു സന്തോഷിനെ എത്തിച്ചത്
മോഷണം നടന്ന വീട്ടിലെ ഇരകൾ രാത്രിയായതിനാൽ മുഖം കണ്ടിരുന്നില്ല. കുറുവാ സംഘത്തിൽ 14 പേരാണ് ഉളളത്. പ്രതിയെ പിടിച്ച കുണ്ടനൂരിൽ നിന്നും ചില സ്വർണ്ണ ഉരുപ്പടികൾ കിട്ടി. ഇവ പൂർണ രൂപത്തിലല്ല, കഷ്ണങ്ങളാക്കിയ ആഭരണങ്ങളാണ് ലഭിച്ചത്. സന്തോഷിന് ഒപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠന്റെ കാര്യത്തിൽ വ്യക്തത വരാനുണ്ട്.
സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയാലും ഉടൻ കസ്റ്റഡി അപേക്ഷ നൽകുമെന്നും പൊലീസ് വ്യക്തമാക്കി.
പിടിയിലായ സന്തോഷിൻ്റെ പേരിൽ കേരളത്തിൽ 8 കേസുകൾ ഉണ്ട്. തനിക്ക് ആകെ 30 ഓളം കേസുകൾ ഉണ്ടെന്നാണ് സന്തോഷ് തന്നെ പോലീസിനോട് പറഞ്ഞത്.
പാലായിൽ നടന്ന മോഷണക്കേസിൽ മൂന്നു മാസങ്ങൾക്ക് മുൻപാണ് സന്തോഷ് ജയിൽ മോചിതനായത്. ഇതിനിടെ മണ്ണഞ്ചേരി പോലീസ് സ്റ്റേഷനു മുൻപിൽ നാടകീയ സംഭവങ്ങളും അരങ്ങേറി
പോലീസ് അകാരണമായി പിടിച്ചുകൊണ്ടുപോയി എന്നാണ് ഇരുവരുടെയും കുടുംബത്തിന്റെ ആരോപണം.എന്നാൽ ഈ ആരോപണങ്ങൾ പോലീസ് തന്നെ തള്ളി. കുറുവാ സംഘത്തിലെ മറ്റു പ്രതികൾക്കായി പ്രത്യേക സ്ക്വാഡിന്റെ അന്വേഷണം പുരോഗമിക്കുകയാണ്
ഝാൻസി മെഡിക്കൽ കോളേജ് തീപിടുത്തത്തിൽ പൊള്ളലേറ്റ ഒരു കുട്ടി കൂടി മരിച്ചു,ഇതോടെ അപകടത്തിൽ മരിച്ച കുട്ടികളുടെ എണ്ണം 11 ആയി
ലഖ്നൗ.ഉത്തർപ്രദേശിലെ ഝാൻസി മെഡിക്കൽ കോളേജ് തീപിടുത്തത്തിൽ പൊള്ളലേറ്റ ഒരു കുട്ടി കൂടി മരിച്ചു.
അപകടത്തിന് കാരണം സ്വിച്ച് ബോർഡിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് എന്ന് റിപ്പോർട്ട്.
അടിയന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.സംഭാവത്തിൽ ഗൂഢാലോചനയോ അനാസ്ഥ യോ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഝാൻസി മെഡിക്കൽ കോളേജിൽ ഉണ്ടായ തീപിടുത്തത്തിൽ പരുക്കെറ്റ് ചികിത്സയിലായിരുന്ന കുഞ്ഞാണ് മരിച്ചത്.
ഇതോടെ അപകടത്തിൽ മരിച്ച കുട്ടികളുടെ എണ്ണം 11 ആയി.
നിലവിൽ ചികിത്സയിലുള്ള മറ്റു 15 പേരും സുരക്ഷിതരെന്ന് ന്ന അധികൃതർ അറിയിച്ചു
തീപിടുത്തം സംബന്ധിച്ച് , രണ്ടംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. ഐസിയുവിലെ സ്വിച്ച് ബോർഡിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് വൻ തീപിടുത്തത്തിന് കാരണമെന്നാണ് കണ്ടെത്തൽ.
അട്ടിമറിയോ അനാസ്ഥയോ ഉണ്ടായിട്ടില്ല എന്നും,തീപിടുത്തം ഉണ്ടാകുമ്പോൾ 6 നേഴ്സുമാർ ICU വാർഡിൽ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ആശുപത്രിയിൽ ഉണ്ടായിരുന്ന അഗ്നിശമന ഉപകരണങ്ങൾ കാലഹരണപ്പെട്ടതാണെന്ന ആരോപണങ്ങളും റിപ്പോർട്ട് തള്ളുന്നു.
തീപിടുത്തത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി.
കേസിലെ എഫ്ഐആർ വിവരങ്ങൾ, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടി, പരിക്കേറ്റവർക്ക് ചികിത്സ, ഇരകളുടെ കുടുംബങ്ങൾക്ക് നൽകിയ നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച വിവരങ്ങൾ ഒരാഴ്ചക്കകം നൽകാൻ ആവശ്യപ്പെട്ട് , സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡിജിപി ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു.
വിശദമായ അന്വേഷണത്തിനായി
ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ജനറലിന്റെ അധ്യക്ഷതയിൽ നാലംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.
നക്ഷത്രവേരുകള്‍പ്രകാശനം ചെയ്തു
ശൂരനാട്. യുവകഥാകാരി വിഎസ് വിജയലക്ഷ്മിയുടെ നക്ഷത്രവേരുകള്‍ എന്ന കഥാസമാഹാരം ശൂരനാട് മില്ലത്ത്കോളജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രകാശനം ചെയ്തു. പുകസ സംസ്ഥാന സെക്രട്ടറി വിഎസ് ബിന്ദു തിരക്കഥാകൃത്ത് ലാല്‍ജി കാട്ടിപ്പറമ്പന് ആദ്യകോപ്പി കൈമാറി. സൈന്ധവ ബുക്സ് ഡയറക്ടര്‍ കെജി അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയുമായ വി വിജയകുമാര്‍ പുസ്തകപരിചയം നടത്തി. എഴുത്തുകാരായ വിമല്‍റോയ്,രജനി ആത്മജ, മുന്‍ സെനറ്റ് അംഗങ്ങളായ എ.അരുണ്‍കുമാര്‍,സുഹൈല്‍ അന്‍സാരി,മില്ലത്ത് കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിഎസ് ബിന്ദുകുമാരി എന്നിവര്‍ പ്രസംഗിച്ചു.
ശാസ്താംകോട്ട ധര്‍മ്മശാസ്താക്ഷേത്രത്തില്‍ നിന്നും പമ്പാ ബസ് സര്‍വീസ് ആരംഭിച്ചു
ശാസ്താംകോട്ട. ധര്‍മ്മശാസ്താക്ഷേത്രത്തില്‍ നിന്നും പമ്പാ ബസ് സര്‍വീസ് ആരംഭിച്ചു. ശനിയാഴ്ച വൈകിട്ട് ഏഴിന് ക്ഷേ്ത്ര നടയില്‍ നിന്നും കോവൂര്‍ കതുഞ്ഞുമോന്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. കോവിഡ് കാലത്ത് മുടങ്ങിയ ബസ് സര്‍വീസ് ക്ഷേത്ര ഉപദേശക സമിതിയുടെ ശ്രമഫലമായാണ് ആരംഭിച്ചത്. മേല്‍ശാന്തി ആരതി ഉഴിഞ്ഞ് സ്വീകരിച്ചു. ഉപദേശക സമിതി പ്രസിഡന്‌റ് കെ പി അജിതകുമാര്‍,സെക്രട്ടരി കേരളാ ശശികുമാര്‍, വൈസ് പ്രസിഡന്‌റ് രാധാകൃഷ്ണപിള്ള, എടിഒ അബ്ദുള്‍ ലത്തീഫ്,മുന്‍ ഉപദേശക സമിതി പ്രസിഡന്‌റ് ആര്‍ രാജേന്ദ്രന്‍പിള്ള, എന്നിവര്‍ നേതൃത്വം നല്‍കി.








































