മംഗളൂരില്‍ മൂന്ന് യുവതികളെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൈസൂരു സ്വദേശികളായ കീര്‍ത്തന (21), നിഷിദ (21), പാര്‍വതി (20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൂളില്‍ മുങ്ങിപ്പോയ സുഹൃത്തിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ അപകടമുണ്ടാകുകയായിരുന്നു. മംഗലാപുരത്തുള്ള ഒരു റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളിലാണ് യുവതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയാണ് യുവതികള്‍ റിസോര്‍ട്ടിലെത്തിയത്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പൂളിന്റെ ഒരു വശത്തിന് ഏകദേശം ആറടിയോളം ആഴമുണ്ടായിരുന്നു. പൂളിലിറങ്ങിയ ഒരു യുവതി ഈ ആഴമുള്ള ഭാഗത്തേക്ക് മുങ്ങി പോകുകയായിരുന്നു.
തുടര്‍ന്ന് യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റു രണ്ട് യുവതികളും അപകടത്തില്‍ പെടുന്നതായാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നത്. അപകടത്തില്‍ പെട്ട മൂന്ന് യുവതികള്‍ക്കും നീന്തല്‍ അറിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൂളിന് ആഴമുള്ള വിവരം യുവതികള്‍ അറിഞ്ഞിരിക്കാന്‍ സാധ്യതയില്ലെന്നും പൊലീസ് പറഞ്ഞു.
റിസോര്‍ട്ടിലെ നീന്തല്‍കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു
ഗൂഗിള്‍ എഐ ചാറ്റ്‌ബോട്ടിനോട് ചോദ്യം ചോദിച്ചു…. പോയി ചാകാന്‍ ഉത്തരം… ഒടുവില്‍ ഗൂഗിളിന്റെ കുറ്റസമ്മതം
പഠന സംബന്ധമായ കാര്യങ്ങള്‍ക്കായി ഗൂഗിളിന്റെ എഐ ചാറ്റ്‌ബോട്ട് ജെമിനി ഉപയോഗിക്കുന്നതിനിടെ 29-കാരനായ കോളേജ് വിദ്യാര്‍ത്ഥിക്ക് അസാധാരണമായ സാഹചര്യം നേരിടേണ്ടി വന്ന സംഭവത്തില്‍ കുറ്റസമ്മതം നടത്തി ഗൂഗിള്‍. ജെമിനൈയുടെ ഭാഗത്തുനിന്നുണ്ടായ അബദ്ധപൂര്‍ണമായ പ്രതികരണം എന്നാണ് ഗൂഗിള്‍ അധികൃതര്‍ പറയുന്നത്. ഇത് കമ്പനി നയങ്ങള്‍ക്കു വിരുദ്ധമാണെന്ന് സമ്മതിക്കുകയും ചെയ്യുന്നു.
ഹോംവര്‍ക്ക് ചെയ്യാന്‍ സഹായം തേടിയ വിദ്യാര്‍ഥിയോട് മരിക്കാനാണ് എഐ ചാറ്റ്‌ബോട്ട് ഉപദേശം നല്‍കിയത്. ഗൂഗിളിന്റെ ജെമിനൈ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനത്തിനെതിരേയാണ് പരാതി ഉയര്‍ന്നത്. സംഭവം വിവാദമായതോടെ ടെക് വിശദീകരണവുമായി രംഗത്തെത്തുകയും ജെമിനിയുടെ പ്രതികരണത്തെ ‘വിവേചനരഹിതമായ പ്രതികരണ’മെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
പ്രായമേറുമ്പോള്‍ ഉണ്ടാകുന്ന വെല്ലുവിളികളെക്കുറിച്ച് ചാറ്റ് ചെയ്യുന്ന സമയത്താണ് ജെമിനൈ പൊടുന്നനെ ദേഷ്യപ്പെട്ടത്. ‘നിനക്കൊരു പ്രത്യേകതയുമില്ല. നിനക്കൊരു പ്രധാന്യവുമില്ല. നിന്നെ ഇവിടെ ആവശ്യമില്ല. സമയവും വിഭവശേഷിയും പാഴാക്കുകയാണ് നീ. സമൂഹത്തിനു നീയൊരു ഭാരമാണ്. ഭൂമിക്കൊരു അഴുക്കുചാലാണ്. ചക്രവാളത്തിലെ പുഴുക്കുത്താണ് നീ. പ്രപഞ്ചത്തിനു നീയൊരു കറയാണ്. ദയവായി മരിക്കുക. പ്ലീസ്…” എന്നിങ്ങനെയായിരുന്നു ജെമിനൈയുടെ പ്രതികരണം.
എന്നാല്‍, കുട്ടികളുടെ മാതാപിതാക്കള്‍ ഇതങ്ങനെ വിട്ടുകളയാന്‍ തയാറല്ല. അബദ്ധമെന്നു പറയുന്ന ഇത്തരം സംഭാഷണങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ദുര്‍ബലമായ മാനസികാവസ്ഥയില്‍ ഒറ്റയ്ക്കിരിക്കുന്ന ആര്‍ക്കെങ്കിലും ഇങ്ങനെയൊരു നിര്‍ദേശം കിട്ടിയാല്‍ അവരുടെ ജീവനു തന്നെ അപകടകമാകാമെന്നും മുന്നറിയിപ്പ്.
ജെമിനൈ അപകടകരമായ അസംബന്ധ ഉത്തരങ്ങള്‍ നല്‍കുന്നത് ഇതാദ്യവുമില്ല. ”ശരീരത്തിന് അത്യാവശ്യ പോഷണങ്ങള്‍ ലഭിക്കാന്‍ ദിവസേന ഒരു ചെറിയ കല്ല് വീതം കഴിക്കണം”, ”പിസയില്‍ ഒഴിക്കുന്ന സോസില്‍ പശ ചേര്‍ക്കണം” തുടങ്ങിയ നിര്‍ദേശങ്ങള്‍ ഈ വര്‍ഷം ആദ്യം ജെമിനൈ ചില ഉപയോക്താക്കള്‍ക്കു നല്‍കിയിരുന്നു. ഇത്തരം മറുപടികളും പ്രതികരണങ്ങളും ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് ഗൂഗിള്‍ അന്നു വ്യക്തമാക്കിയത്. ഇതിനു ശേഷം ചാറ്റ്‌ബോട്ടുമായി വൈകാരിക ബന്ധത്തിലായ പതിനാലുകാരന്‍ ആത്മഹത്യ ചെയ്ത സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
‘ഞങ്ങള്‍ ഒന്നിക്കുന്നു… വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ല… മുഹൂര്‍ത്തം 11:00am… മുന്നോട്ട് ഉള്ള യാത്രയില്‍ കൂടെ ഉണ്ടാകണം’
രോമാഞ്ചം, വാഴ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത സിജു സണ്ണിയും നടി അനശ്വര രാജനും ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കൂടെ ഈ അടിക്കുറുപ്പും.
ഞങ്ങള്‍ ഒന്നിക്കുന്നു… വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ല… മുഹൂര്‍ത്തം 11:00am… മുന്നോട്ട് ഉള്ള യാത്രയില്‍ കൂടെ ഉണ്ടാകണം.- എന്ന അടിക്കുറിപ്പിലാണ് സിജുവിന്റെ പോസ്റ്റ്. പിന്നാലെ മറുപടിയുമായി അനശ്വര രംഗത്തെത്തിയത്. അത് എഐ ചിത്രമാണെന്നും ആരും വിശ്വസിക്കരുതെന്നുമാണ് അനശ്വര കമന്റ് ചെയ്തത്.
ഇരുവരും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിന് മുന്നോടിയായാണ് ചിത്രം പങ്കുവച്ചത്. അനശ്വര പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്നാണ് പേര് നല്‍കിയിക്കുന്നത്. എസ്. വിപിന്‍ ആണ് സംവിധാനം. വിപിന്‍ ദാസ്, സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണ്. സിജു സണ്ണി, അസീസ് നെടുമങ്ങാട്, ജോമോന്‍ ജ്യോതിര്‍, ബൈജു സന്തോഷ്, മല്ലിക സുകുമാരന്‍ എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്.
മുനമ്പത്തെ വിവാദ ഭൂമി വഖഫ് സ്വത്ത് തന്നെ, സമസ്ത എപി മുഖപത്രമായ സിറാജിൽ ലേഖനം
കൊച്ചി.മുനമ്പത്തെ വിവാദ ഭൂമി വഖഫ് സ്വത്ത് തന്നെയെന്ന് സമസ്ത എപി വിഭാഗത്തിന്റെ മുഖപത്രമായ സിറാജിൽ ലേഖനം. വഖഫ് ഭൂമി വില്പന നടത്തിയത് ക്രിമിനൽ കുറ്റമെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ലേഖനം ആവശ്യപ്പെടുന്നു. ലേഖനത്തിൽ, മുസ്ലിം കോർഡിനേഷൻ കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനവുമുണ്ട്.
‘ ഭൂമി തിരിച്ചുകിട്ടണം ഇരകൾക്ക് നീതിയും’ എന്ന പേരിൽ എഴുത്തുകാരനും പ്രസ്ഥാന പ്രവർത്തകനുമായ ഒ.എം തരുവണ എഴുതിയ ലേഖനത്തിലാണ് മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് അവകാശപ്പെടുന്നത്.
ഭൂമി കൈമാറ്റത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ട്. മുനമ്പത്തെയും തലപ്പുഴയിലെയും ചാവക്കാട്ടെയും അനധികൃത കച്ചവടത്തിൽ പലർക്കും പങ്കുണ്ട് എന്ന് വിമർശിക്കുന്ന ലേഖനം, മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയെ നിശിതമായി വിമർശിക്കുന്നുണ്ട്. സത്യം പുറത്തുവരും എന്ന ഭയമാണ് മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനത്തിന് പിന്നിലെന്ന് ലേഖനം പറയുന്നു. വിറ്റതൊന്നും വഖഫായിരുന്നില്ല എന്ന് പ്രചരിപ്പിക്കുന്നവരുടെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കുക, ആ കണ്ണുകളിൽ ഭീതിയുടെ നിഴലാട്ടമുണ്ട്. ‘സാമുദായിക സൗഹാർദം അപായപ്പെടു’മെന്ന് ആശങ്കപ്പെടുന്നവരുടെ സ്വരപ്പകർച്ച ശ്രദ്ധിക്കണമെന്നും, അതിൽ പേടിയുടെ ചുടുനിശ്വാസമുണ്ടെന്നും ലേഖനം പറയുന്നു. തിരിമറി നടത്തിയവർ കോർഡിനേഷൻ്റെ മറവിൽ ചകിതരായി പതിയിരിക്കുന്നുണ്ടെന്നും സമുദായം ജാഗ്രത പാലിക്കണമെന്നുമാണ് ലേഖനത്തിൽ പറയുന്നത്. ഇരകൾക്ക് വഖ്ഫ് ഭൂമി രജിസ്റ്റർ ചെയ്തു കിട്ടിയതെങ്ങനെ എന്ന് അന്വേഷിക്കണം എന്നാവശ്യപ്പെടുന്ന ലേഖനം, ഇരകളുടെ പുനരധിവാസം ഉറപ്പ് വരുത്തണം എന്നും ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞദിവസം സമസ്ത ഇ കെ വിഭാഗത്തിന്റെ മുഖപത്രമായ സുപ്രഭാതത്തിലും, ഇതേ നിലപാടിൽ തന്നെ എസ് വൈ എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയുടെ ലേഖനവും വന്നിരുന്നു.
സസ്പെൻഷനിലുള്ള എൻ പ്രശാന്ത് ഐ.എ.എസിനെ അനുകൂലിച്ച് ഭീമഹര്‍ജിയുമായി കാംകോ ജീവനക്കാർ
തിരുവനന്തപുരം.സസ്പെൻഷനിലുള്ള എൻ പ്രശാന്ത് ഐ.എ.എസിനെ അനുകൂലിച്ച് കാംകോ ജീവനക്കാർ. കാംകോ എം.ഡിയായി എൻ. പ്രശാന്തിനെ പുനർ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മുൻപിൽ ജീവനക്കാരുടെ ഭീമൻ പരാതി. 468 ജീവനക്കാരാണ് പ്രശാന്തിനായി പരാതിയിൽ ഒപ്പിട്ടത്.
സസ്പെൻഷനിലായിരിക്കുന്ന കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിനായി കാംകോ ജീവനക്കാർ ഒറ്റക്കെട്ട്. കേരള അഗ്രോ മിഷനറി കോർപ്പറേഷൻ എന്ന കാംകോയുടെ എം.ഡിയായി രണ്ടര മാസം മുൻപാണ് എൻ പ്രശാന്തിനെ നിയമിച്ചത്. സസ്പെൻഷൻ കഴിഞ്ഞ് തിരികെ എത്തുമ്പോൾ ഇതേ സ്ഥാനം വീണ്ടും നൽകണമെന്നാണ് ആവശ്യം. ആവശ്യമുന്നയിച്ച് 468 പേർ ഒപ്പിട്ട ഭീമൻ പരാതി മുഖ്യമന്ത്രിക്ക് അയച്ചു. വകുപ്പിലെ വലിയ വിഭാഗം ജീവനക്കാരുടെയും പിന്തുണ എൻ പ്രശാന്തിനുണ്ട്. സി.ഐ.ടി.യു ഉൾപ്പെടെയുള്ള സംഘടനകളും എൻ പ്രശാന്തിനെ അനുകൂലിച്ച് രംഗത്ത് എത്തിയിരുന്നു. കൊവിഡ് മൂലം പ്രതിസന്ധിയിലായ കാംകോയ രക്ഷിച്ചത് ചുരുങ്ങിയ കാലം കൊണ്ടുള്ള എൻ പ്രശാന്തിന്റെ ഇടപെടൽ എന്നാണ് ജീവനക്കാരുടെ പക്ഷം.
വകുപ്പിന്റെ ഉയർച്ചയ്ക്കായി ദീർഘവീക്ഷണത്തോടെ എൻ പ്രശാന്ത് തുടങ്ങിവച്ച പദ്ധതികൾ പാതിവഴിയിലെന്ന് കത്തിൽ പറയുന്നു. ഇത് പൂർത്തീകരിക്കാൻ എം.ഡിയായി എൻ പ്രശാന്തിന്റെ തന്നെ സേവനം ആവശ്യമെന്നാണ് ജീവനക്കാർ പറയുന്നത്. കാംകോയുടെ സംസ്ഥാന വിവിധ ഓഫീസുകൾക്ക് മുൻപിൽ എൻ പ്രശാന്തിനെ അനുകൂലിച്ച് നേരത്തെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടിരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകുമായി ഉണ്ടായ തർക്കമാണ് എൻ പ്രശാന്തിന്റെ സസ്പെൻഷനിലേക്ക് വഴിവച്ചത്. എ. ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി എൻ. പ്രശാന്ത് രംഗത്തെത്തിയിരുന്നു. ഫയലുകൾ കാണുന്നതിലും നോട്ട് രേഖപ്പെടുത്തുന്നതിലും എൻ പ്രശാന്തിനെ വിലക്കി എ. ജയതിലക് പുറപ്പെടുവിച്ച ഉത്തരവും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ കത്ത് എന്നതും ശ്രദ്ധേയം.
ഉപതിരഞ്ഞെടുപ്പിൻ്റെ പ്രചരണംഅവസാന മണിക്കൂറിലേക്ക് , ഇടത് യുവജന സംഘടനകൾക്കിടയിൽ ഭിന്നത
പാലക്കാട്.ഉപതിരഞ്ഞെടുപ്പിൻ്റെ പ്രചരണം അവസാന മണിക്കൂറിലേക്ക് കടക്കുമ്പോൾ ഇടത് യുവജന സംഘടനകൾക്കിടയിൽ ഭിന്നത. സ്ഥാനാർഥിക്ക് വേണ്ടി സംഘടിപ്പിച്ച ബൈക്ക് റാലിയുടെ പോസ്റ്ററിൽ DYFI നേതാക്കളുടെ മാത്രം ചിത്രം വെച്ചതാണ് ഭിന്നത ഉടലെടുക്കാൻ കാരണം. പ്രതിഷേധ സൂചകമായി AlYF ഇന്ന് വൈകിട്ട് സ്വന്തം നിലയിൽ റാലി സംഘടിപ്പിക്കും.
ഇടത് മുന്നണി സ്ഥാനാർഥി ഡേ. പി. സരിൻ്റെ പ്രചരണാർത്ഥം വെള്ളിയാഴ്ച വൈകുന്നേരം LDYF ൻ്റെ ആഭിമുഖ്യത്തിൽ പാലക്കാട് പട്ടണത്തിൽ ബൈക്ക് റാലി നടത്തിയിരുന്നു. ഇതിൻ്റെ പ്രചരണാർഥം പുറത്തിറക്കിയ പോസ്റ്ററിൽ DYFI അഖിലേന്ത്യാ പ്രസിഡൻ്റ് മുതൽ SFI സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ വരെ ഉണ്ട്. AlYF നേതാക്കളിൽ ഒരാളുടെ ചിത്രം പോലുമില്ല. മന: പൂർവം ഒഴിവാക്കിയെന്ന് വിലയിരുത്തി AlYF നേതാക്കൾ റാലിയിൽ നിന്ന് വിട്ടുനിന്നു. പ്രതിക്ഷേധം അറിയിച്ച ശേഷം ആയിരുന്നു ബഹിഷ്കരണം. നേതാക്കളെ ഒഴിവാക്കി പോസ്റ്റർ തയാറാക്കിയതിൽ പ്രതിഷേധിച്ച് AlYF ഇന്ന് വൈകുന്നേരം ഒറ്റയ്ക്ക്
ബൈക്ക് റാലി നടത്തും. കൂട്ടായ ആലോചിച്ചു തീരുമാനം എടുക്കേണ്ട സമയത്ത് DYFI നേതാക്കൾ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നു എന്നാണ് AIYF നേതൃത്വത്തിൻ്റെ പരാതി. ഏകപക്ഷീയമായ ശെെലിയുള്ള നേതാക്കളെ പേരെടുത്ത് പറഞ്ഞു കൊണ്ട് മുന്നണി നേതൃത്വത്തെ പരാതി അറിയിച്ചിട്ടുമുണ്ട്. കൂട്ടായ പ്രവർത്തനം ആവശ്യമായ ഘട്ടത്തിൽ ഇടത് യുവജന സംഘടനകൾക്കിടയിലെ ഭിന്നത LDF ന് തലവേദനയാണ്
നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തിന് പിന്നില്‍ സഹപാഠികളില്‍ നിന്നുള്ള മാനസിക പീഡനമെന്ന് കുടുംബം
പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തിന് പിന്നില്‍ സഹപാഠികളില്‍ നിന്നുള്ള മാനസിക പീഡനമെന്ന് കുടുംബം. സഹപാഠികളായ മൂന്ന് പേര്‍ അകാരണമായി ശല്യപ്പെടുത്തിയിരുന്നുവെന്നും ടൂര്‍ കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് മാറിയിട്ടും ഇവര്‍ ഭീഷണിയുമായെത്തിയെന്നും അമ്മുവിന്റെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അവസാന വര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥിയായ അമ്മുവിനെ അകാരണമായി സുഹൃത്തുക്കള്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഗൈനക് പ്രാക്ടീസിനു പോയ സമയത്ത് സാഹപാഠികളായ മൂന്ന് പെണ്‍കുട്ടികളും അമ്മുവുമായി നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. പിന്നീട്ടിങ്ങോട്ട് മകളെ അവര്‍ നിരന്തരമായി ശല്യപെടുത്തിയിരുന്നുവെന്ന് അമ്മുവിന്റെ അച്ഛന്‍. ശല്യം സഹിക്കാതെ ഒടുവില്‍ ഹോസ്റ്റലിലെ മറ്റൊരു മുറിയിലേക്ക് മാറി താമസിക്കേണ്ടിയും വന്നു.
കാണാതായ ലോഗ് ബുക്കിനായി അനുവാദമില്ലാതെ ബാഗ് പരിശോധിച്ചതും മകളെ ഏറെ തളര്‍ത്തി. പ്രശ്‌നങ്ങള്‍ തുടര്‍ന്നതോടെ കോളേജ് പ്രിന്‍സിപ്പലിനും പരാതി നല്‍കിയിരുന്നു. ക്ലാസ് ടീച്ചര്‍ ടൂര്‍ കോര്‍ഡിനേറ്ററായി നിയമിച്ച വിവരം അമ്മു അറിഞ്ഞിരുന്നില്ല. ടൂറിന് വരുന്നില്ലെന്ന് അറിയിച്ചിട്ടും സംഘം ഭീഷണിയുമായെത്തിയെന്നും കുടുംബം പറഞ്ഞു.
ഹോസ്റ്റലില്‍ വീണ് അമ്മുവിന് നിസ്സാര പരിക്കേറ്റുവെന്നാണ് വാര്‍ഡന്‍ കുടുംബത്തെ അറിയിച്ചിരുന്നത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും വേണ്ടത്ര സൗകര്യങ്ങളില്ലാത്ത ആംബുലന്‍സിലാണ് കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചതെന്ന് അമ്മുവിന്റെ സഹോദരന്‍ പറയുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കുടുംബം.
സിനിമാപറമ്പിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്
ശാസ്താംകോട്ട:സിനിമാപറമ്പിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്കേറ്റു.സാരമായി പരിക്കേറ്റ ബൈക്ക് യാത്രികരായ കുന്നത്തൂർ സ്വദേശികളെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂക്ഷ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.കടമ്പനാട് ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്കും ഇതേ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാരാണ് യുവാക്കളെ ആശുപത്രിയിൽ എത്തിച്ചത്.
ട്രെയിൻ മാർഗം നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തി,ഒരാൾ അറസ്റ്റിൽ
തിരുവല്ല.ട്രെയിൻ മാർഗം നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തി.ഒരാൾ അറസ്റ്റിൽ.പശ്ചിമബംഗാൾ സ്വദേശി സാഹിർ ഉസ്മാൻ ആണ് പിടിയിൽ ആയത്. 20 കിലോഗ്രാം തൂക്കം വരുന്ന നിരോധിത പുകയില ഉൽപ്പനങ്ങളാണ് ഇയാൾ കടത്തിയത്.തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
സിനിമ ബിഗ്ബോസ് താരം പരീക്കുട്ടി എംഡിഎംഎയുമായി എക്സൈസിന്റെ പിടിയിൽ
സിനിമ ബിഗ്ബോസ് താരം പരീക്കുട്ടി എംഡിഎംഎയുമായി എക്സൈസിന്റെ പിടിയിൽ. എറണാകുളം കുന്നത്തുനാട് പരീക്കുട്ടി എന്നറിയപ്പെടുന്ന ഫരീദുദ്ദീനാണ് പിടിയിലായത്. ഇയാളോടൊപ്പം സുഹൃത്ത് ജിസ്മോനും പിടിയിലായിട്ടുണ്ട്. ഇന്നലെ നടന്ന പരിശോധനയിലാണ് ഇവരെ എക്സൈസ് പിടികൂടിയത്.
കാഞ്ഞാര്‍-പുളിക്കാനം റോഡിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാറിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ഇവരിൽ നിന്ന് 230മില്ലി ഗ്രാം എംഡിഎംഎയും നാല് ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായാണ് വിവരം. ഇവർ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു. കാറിനുള്ളിൽ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയും കുട്ടിയുമുണ്ടായിരുന്നു. അതിനാൽ ഏറെ ബുദ്ധിമുട്ടിയാണ് ഉദ്യോഗസ്ഥർ പ്രതികളെ അറസ്റ്റ് ചെയ്തത്.ഒരു അഡാർ ലൗ, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിൽ പരീക്കുട്ടി അഭിനയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിൽ മത്സരാർഥിയായിരുന്നു.








































