Home Blog Page 1927

ഈ ചിത്രങ്ങളോട് നിങ്ങള്‍ക്ക് രൂപസാദൃശ്യമുണ്ടോ…? സിനിമയില്‍ അവസരം ലഭിക്കും

കുഞ്ചാക്കോ ബോബന്റേയും ദിലീഷ് പോത്തന്റേയും ചെറുപ്പകാലം ചിത്രങ്ങളോട് രൂപസാദൃശ്യമുണ്ടെങ്കില്‍ സിനിമയില്‍ അവസരം ലഭിക്കും. സൂപ്പര്‍ഹിറ്റായ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ‘ഒരു ദുരൂഹ സാഹചര്യത്തില്‍’ എന്ന ചിത്രത്തിലേക്കാണ് അഭിനേതാക്കളെ തേടുന്നത്. ചാക്കോച്ചന്റേയും ദിലീഷ് പോത്തന്റേയും ചെറുപ്പകാലം ചെയ്യാനായി ഇരുവരുടേയും പഴയ ചിത്രങ്ങള്‍ ചേര്‍ത്തുകൊണ്ടാണ് കാസ്റ്റിങ് കോള്‍.
കുഞ്ചാക്കോ ബോബനുമായി രൂപസാദൃശ്യമുള്ള 18 വയസ് പ്രായം തോന്നുന്ന ചെറുപ്പക്കാരനേയും ദിലീഷ് പോത്തനുമായി സാദൃശ്യമുള്ള 26 വയസുള്ള ആളെയുമാണ് തേടുന്നത്. ചിത്രങ്ങള്‍ 8136932812 എന്ന നമ്പറിലേക്ക് അയക്കണം. ലിസ്റ്റിന്‍ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു. ഇന്നു രാവിലെ ചക്കുംകടവ് വച്ചാണ് സംഭവം. ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുല്‍ ഹമീദ് (65) ആണ് മരിച്ചത്. അബ്ദുല്‍ ഹമീദിന് കേള്‍വിക്കുറവുണ്ടായിരുന്നു. വീട്ടില്‍ നിന്നിറങ്ങി ട്രാക്ക് മുറിച്ചു കടന്നപ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കാണാതായ കോളജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍

കോട്ടയം: ഏറ്റുമാനൂരില്‍ നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി. പാത്താമുട്ടം സെന്റ് കിറ്റ്‌സ് കോളജിലെ ഒന്നാം വര്‍ഷം എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി സുഹൈല്‍ നൗഷാദി(18)ന്റെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്. മൂന്നു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്.
പേരൂരില്‍ മീനച്ചിലാറിന്റെ പൂവത്തുമ്മൂട് കടവിലാണ് മൃതദേഹം പൊങ്ങിയത്. വ്യാഴാഴ്ച വൈകിട്ടാണ് സുഹൈലിനെ കാണാതാവുന്നത്. ഏറ്റുമാനൂര്‍ ജനറല്‍ സ്റ്റോഴ്‌സ് ഉടമ നൗഷാദിന്റെ മകനാണ് സുഹൈല്‍. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
ഏറ്റുമാനൂരില്‍ ഇറങ്ങേണ്ട സുഹൈല്‍, കോളജ് ബസ്സില്‍ പൂവത്തുമ്മൂട് ഭാഗത്ത് ഇറങ്ങുകയായിരുന്നു. പൂവത്തുമ്മൂട് ഭാഗത്ത് കൂടി നടന്നുപോകുന്ന സുഹൈലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

അഴീക്കലിൽ തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവതിയും മരിച്ചു

ഓച്ചിറ. അഴീക്കലിൽ തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു.അഴീക്കൽ പുതുവയൽ സ്വദേശി ഷൈജ മോളാണ് മരിച്ചത്. ആത്മഹത്യയെന്ന് വിവരം.ഗുരുതരമായി പൊള്ളലേറ്റ ഷൈജമോളുടെ സുഹൃത്ത് ഷിബു ഇന്നലെ മരിച്ചിരുന്നു.

ഇന്നലെ വൈകിട്ട് ഏഴരയോടെ
അഴീക്കലിൽ പുതുവയൽ ഷൈജ മോളുടെ വീട്ടിൽ സുഹൃത്തായ ഷിബു എത്തുന്നത്. മിനിട്ടുകൾ കഴിഞ്ഞതോടെ വീടിൻ്റെ മുകളിലത്തെ നിലയിൽ നിന്നും തീ കത്തുന്നത് കണ്ടാണ് ഷൈജയുടെ മാതാപിതാക്കളും നാട്ടുകാരും സമീപത്തേക്ക് ഓടിയെത്തുന്നത്. തുടർന്ന് പോലീസും ഫയർഫോഴ്സും എത്തി ഷൈജയെയും ഷിബുവിനെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴേക്കും ഷിബുവിൻ്റെ മരണം സംഭവിച്ചു.ഗുരുതരമായി പൊള്ളലേറ്റ ഷൈജ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സിയിലിരിക്കെയാണ് ഇന്ന് മരിക്കുന്നത്.കോട്ടയം സ്വദേശി ഷിബുവും ഷൈജ മോളും തമ്മിൽ ഇഷ്ടത്തിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.

തകഴിയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ. തകഴിയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. തകഴി കല്ലേപ്പുറത്ത് 15 വയസുള്ള മണിക്കുട്ടിയാണ് മരിച്ചത്. വീട്ടിലെ എലിയുടെ ശല്യം ഒഴിവാക്കാന്‍ തേങ്ങാപ്പൂളില്‍ എലിവിഷം വച്ചിരുന്നു. വൈകുന്നേരം സ്‌കൂള്‍ വിട്ടുവന്ന വിദ്യാര്‍ത്ഥിനി ഇതറിയാതെ തേങ്ങ കഴിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് കുട്ടി മരണപ്പെട്ടത്.

കുട്ടിയുടെ മുത്തശ്ശിക്ക് റാബിസ് വാക്സിനെടുത്ത ശേഷം ചലനശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഇവരുടെ ചികിത്സയ്ക്കായി അമ്മയും അച്ഛനും ആശുപത്രിയിൽ പോയ സമയത്താണ് സംഭവം. വീട്ടിൽ എലിയുടെ ശല്യത്തെ തുടർന്ന് തേങ്ങാപ്പൂളിൽ വിഷം ചേർത്ത് വച്ചിരുന്നു. കുട്ടി സ്‌കൂളില്‍ നിന്ന് വന്ന് വിഷമുള്ള തേങ്ങാപ്പൂള്‍ കഴിക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കുട്ടിയെ ആദ്യം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉടന്‍ കുടുംബത്തിന് വിട്ടുനല്‍കും.

ആറ്റിങ്ങലിൽ പട്ടാപ്പകൽ വീട് കുത്തി തുറന്നു മോഷണം നടത്തിയ പ്രതി പിടിയിൽ

തിരുവനന്തപുരം. ആറ്റിങ്ങലിൽ പട്ടാപ്പകൽ വീട് കുത്തി തുറന്നു മോഷണം നടത്തിയ പ്രതി പിടിയിൽ. വഞ്ചിയൂർ സ്വദേശി കള്ളൻ കുമാർ എന്ന് വിളിക്കുന്ന അനിൽ കുമാറാണ് പിടിയിലായത്. ആറ്റിങ്ങൽ പാലസ് റോഡ് സ്വദേശി പത്മനാഭറാവുവിന്റെ വീട്ടിൽ നിന്നും 40 പവൻ സ്വർണവും ഒരു ലക്ഷം രൂപയും കവർന്ന കേസിലാണ് പ്രതി പിടിയിലായത്. ഇയാൾക്കെതിരെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പതിമൂന്നോളം കേസുകൾ നിലവിലുണ്ട്.

റെയിൽവേ ജീവനക്കാരൻ എഞ്ചിൻ ഇടിച്ച് ചതഞ്ഞ് മരിച്ചു

ബെഗുസാരായി.ബീഹാറിൽ റെയിൽവേ ജീവനക്കാരൻ എഞ്ചിൻ ഇടിച്ച് ചതഞ്ഞ് മരിച്ചു. അമർ കുമാർ റാവു എന്ന ജീവനക്കാരൻ ആണ് മരിച്ചത്. ബെഗുസാരായിയിലെ ബറൗണി ജംഗ്ഷനിൽ ഷണ്ടിംഗ് ഓപ്പറേഷനിടെയാണ് സംഭവം. ലക്‌നൗ-ബറൗണി എക്‌സ്‌പ്രസിന്റെ കപ്ലിംഗ് തുറക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ പിന്നോട്ട് എടുക്കുകയായിരുന്നു. അപകടം ഉണ്ടായതിന് പിന്നാലെ ലോക്കോ പൈലറ്റ് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.

പ്രശസ്ത തെന്നിന്ത്യൻ‌ നടൻ ഡൽഹി ഗണേഷ് അന്തരിച്ചു

ചെന്നൈ.പ്രശസ്ത തെന്നിന്ത്യൻ‌ നടൻ ഡൽഹി ഗണേഷ് അന്തരിച്ചു. എൺപത് വയസായിരുന്നു.
ഇന്നലെ രാത്രി പതിനൊന്നരയോടെ ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയിൽ ആയിരുന്നു അന്ത്യം. നാളെ രാവിലെ ഒൻപതരയ്ക്ക് ആണ് സംസ്കാരം.

അഞ്ച് പതിറ്റാണ്ടിലെ സിനിമാ ജീവിതം…
തമിഴിലും മലയാളത്തിലും തെലുങ്കിലുമായി നാനൂറിലധികം ചിത്രങ്ങൾ. നിരവധി സീരിയലുകളിലെ പ്രധാനമുഖം.. തന്റെ ശബ്ദത്തിലൂടെ ജീവൻ നൽകിയ അനേകം കഥാപാത്രങ്ങൾ… ഗണേഷ് എന്ന ഡൽഹി ഗണേഷ് വിടവാങ്ങുമ്പോൾ പ്രേക്ഷകർക്കും സിനിമ ലോകത്തിനും ഓർത്തിരിക്കാൻ ഒരുപാട് ബാക്കിയാകുന്നുണ്ട്. ഇന്ത്യൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന ഗണേഷ്. സിനിമയോടുള്ള തന്റെ അടങ്ങാത്ത ആഗ്രഹം കൊണ്ട് എയർ ഫോഴ്സ് കുപ്പായം അഴിച്ചുവച്ചു. വിഖ്യാത സംവിധായകൻ കെ ബാൽചന്ദ്രന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് ഗണേഷ് സിനിമയിലേക്ക് എത്തുന്നത്. ഡൽഹി ഗണേഷ് എന്ന പേര് നൽകിയതും കെ ബാലചന്ദ്രൻ തന്നെ. സിന്ധു ഭൈരവി , നായകൻ , അപൂർവ സഹോദരർകൾ, മൈക്കൾ മദന കാമ രാജൻ , ആഹാ, തെന്നാലി എന്നിവ ഏറ്റവും ശ്രദ്ധേയമായചിത്രങ്ങളിൽ ചിലതാണ്.
ധ്രുവം, ദേവാസുരം, കാലാപാനി, കീർത്തി ചക്ര, പോക്കിരി രാജ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിലും തന്റെ സാനിധ്യം അറിയിച്ചു . 1979-ൽ പാസി എന്ന ചിത്രത്തിലൂടെ തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. 1994-ൽ കലൈമാമണി പുരസ്കാരവും ഡൽഹി ​ഗണേഷ് സ്വന്തമാക്കി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. ഇന്ത്യ 2 ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 9:30ക്ക് ചെന്നൈയിൽ നടക്കും.

തെന്മലയിൽ സദാചാര ഗുണ്ടായിസം… രാത്രിയിൽ പെൺ സുഹൃത്തിന്റെ വീട്ടിൽ എത്തിയ യുവാവിനെ കെട്ടിയിട്ട് മർദിച്ചു

കൊല്ലം തെന്‍മലയില്‍ സദാചാര ഗുണ്ടായിസം. യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഇടമണ്‍ സ്വദേശി നിഷാദിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ഇടമണ്‍ സ്വദേശികളായ സുജിത്, രാജീവ്, സിബിന്‍, അരുണ്‍ എന്നിവര്‍ അറസ്റ്റിലായി. ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. 
വ്യാഴാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് സംഭവം. വനിതാ സുഹൃത്തിന്‍റെ വീട്ടിലെത്തിയ നിഷാദിനെ ഒരു സംഘം യുവാക്കള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇരുമ്പ് കമ്പികൊണ്ടടക്കമാണ് മര്‍ദിച്ചത്. അതിന് ശേഷം വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഈ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്.

കേസില്‍ ഒന്നാം പ്രതിയായ സുജിത്തും മര്‍ദനമേറ്റ യുവാവും തമ്മില്‍ നാലുവര്‍ഷത്തിലധികമായി വ്യക്തിപരമായ പ്രശ്നങ്ങളുണ്ട്. ഇതിന്‍റെ വൈരാഗ്യം തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണ്.

മന്ത്രി ഒ.ആര്‍. കേളു ചങ്ങാടത്തില്‍ കുടുങ്ങി

മലപ്പുറം : മന്ത്രി ഒ ആര്‍ കേളു ചങ്ങാടത്തില്‍ കുടുങ്ങി. മലപ്പുറം വഴിക്കടവില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു മന്ത്രി. ഏതാനും എല്‍ഡിഎഫും നേതാക്കളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മന്ത്രിയേയും സംഘത്തെയും കരയ്‌ക്കെത്തിച്ചത്.

വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസിക്കോളനിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പുന്നപ്പുഴയില്‍ മന്ത്രി കേളു ചങ്ങാടത്തില്‍ കുടുങ്ങിയത്. ചങ്ങാടം കുറച്ചു ദൂരം മുന്നോട്ടുപോയതിന് പിന്നാലെ കല്ലില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് തണ്ടര്‍ ബോള്‍ട്ടും, പൊലീസും നാട്ടുകാരും ചേര്‍ന്നാണ് മന്ത്രിയെയും എല്‍ഡിഎഫ് നേതാക്കളെയും കരയിലേക്ക് തിരിച്ചെത്തിച്ചത്.

2018 വരെ ആദിവാസി കോളനിയിലേക്ക് പോകാന്‍ ഇരുമ്പിന്റെ പാലമുണ്ടായിരുന്നു. 2018 ലെ പ്രളയത്തില്‍ ആ പാലം തകര്‍ന്നു. അതിനുശേഷം പാലം നിര്‍മ്മിക്കണമെന്ന് ആദിവാസികള്‍ അടക്കം നാട്ടുകാര്‍ നിരന്തരം ആവശ്യം ഉന്നയിച്ചു വരികയായിരുന്നു. മുള കെട്ടിക്കൊണ്ടുള്ള ചങ്ങാടത്തിലാണ് ആദിവാസികള്‍ അടക്കമുള്ളവര്‍ ആശുപത്രികളിലേക്കും മറ്റും പോകാൻ മറുകരയിലെത്തുന്നത്.