Home Blog Page 1926

താടി ഇനി എളുപ്പം വളരും…

മിക്ക പുരുഷന്മാര്‍ക്കും താടി ഇഷ്ടമാണ്. പക്ഷേ അത് ജനിതകമായി കിട്ടുന്ന ഒന്ന് മാത്രമായതിനാല്‍ വേറൊന്നും ചെയ്യാന്‍ സാധിക്കില്ലല്ലോ എന്ന് കരുതി വിഷമിച്ചിരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. ഉള്ള താടിയെ വൃത്തിയായി സംരക്ഷിക്കുകയും വളരാന്‍ അനുവദിക്കുകയും വൃത്തിയായി നിലനിര്‍ത്തുകയും ചെയ്താല്‍ ഒരു പരിധിവരെ താടി പ്രണയം സാക്ഷാത്കരിക്കപ്പെടും എന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.
താടി വളരാന്‍ കേവലം അഞ്ച് കാര്യങ്ങള്‍ മാത്രം കൃത്യമായി ശ്രദ്ധിച്ചാല്‍ മതിയാകും. ആ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. എത്രത്തോളം ട്രിം ചെയ്തും വടിച്ചും നിര്‍ത്തുന്നുവോ അത്രത്തോളം വേഗത്തില്‍ താടി വളരുമെന്നതാണ് യാഥാര്‍ത്ഥ്യം, എന്നാണ് പലരും താടി വളരുമ്പോള്‍ മുതല്‍ കേട്ടിട്ടുള്ളത്. എന്നാല്‍ അതിലൊരു ചുക്കുമില്ല!. താടിയെ വളരാന്‍ അനുവദിച്ചാല്‍ മാത്രമേ അതിന് കരുത്തുണ്ടാകൂ എന്നതാണ് വസ്തുത.
നിങ്ങള്‍ മുടിയ്ക്ക് ഉപയോഗിക്കുന്ന ഷാമ്പു തന്നെ താടി കഴുകാനും ഉപയോഗിക്കാറുണ്ടോ. അത് താടിയിലെ പ്രകൃതിദത്തമായ എണ്ണമയം ഇല്ലാതെയാക്കും. രോമങ്ങള്‍ വരണ്ടുണങ്ങും. ഇത് താടിയുടെ വളര്‍ച്ചയെ മുരടിപ്പിക്കും.
സോപ്പോ ഷാമ്പൂവോ ഉപയോഗിക്കാതെ ബിയേര്‍ഡ് വാഷോ ബിയേര്‍ഡ് ഷാമ്പൂവോ ഉപയോഗിച്ച് മാത്രം നിങ്ങളുടെ താടി ഇടയ്ക്കിടെ വൃത്തിയാക്കുക. താടിയുടെ തോതും നീളവും അനുസരിച്ച് ബിയേര്‍ഡ് വാഷ് ചെയ്യുന്ന ഇടവേളകളില്‍ വ്യത്യാസമുണ്ടാകണം. ഇടവിട്ട ദിവസങ്ങളിലോ മൂന്നു ദിവസങ്ങളിലൊരിക്കലോ താടി വൃത്തിയാക്കിയാല്‍ മതിയാകും. മണ്ണില്‍ കിടന്നുരുണ്ട് ചെളി പുരണ്ടാലോ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ താടിയില്‍ വീണാലോ കഴുകാന്‍ മടിക്കേണ്ട.
ബിയേര്‍ഡ് ഓയില്‍ ഉപയോഗിക്കുന്നത് താടി സോഫ്റ്റാക്കി സൂക്ഷിക്കും. കൂടാതെ താടി ചീകി സൂക്ഷിക്കുക. താടി ചീകുമ്പോള്‍ താടിയുടെ ഭാഗത്തെ രക്തയോട്ടം വര്‍ധിച്ച് പുതിയ താടികള്‍ വളരാനുള്ള പ്രചോദനമേകും. ഇത്രയും കാര്യങ്ങള്‍ മാത്രം കൃത്യമായി ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം സ്വപ്‌നസുന്ദരമായ താടി.

മുടികൊഴിച്ചിൽ കുറയ്ക്കാൻ ബദാം ; കഴിക്കേണ്ടത് ഇങ്ങനെ

ഏറ്റവും പോഷക​ഗുണങ്ങൾ നിറഞ്ഞ നട്സാണ് ബദാം. ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ബദാം മുടിയുടെ ശക്തി, ഘടന, വളർച്ച എന്നിവ വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. പലരുടെയും സംശയമാണ് ബദാം തൊലി കളഞ്ഞ് കഴിക്കുന്നതോ അതോ തൊലി കളയാതെ അതോടെ കഴിക്കുന്നതോ കൂടുതൽ ആരോ​ഗ്യകരം?.മുടി വളർച്ചയ്ക്ക് എങ്ങനെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്? .

തൊലി കളഞ്ഞ ബദാം കഴിക്കുന്നതിന്റെ ​ഗുണങ്ങൾ

തൊലികളഞ്ഞ ബദാമിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ ആൻ്റിഓക്‌സിഡൻ്റായി പ്രവർത്തിക്കുന്നു. ഇത് മുടിയെ ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. മൊത്തത്തിലുള്ള മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും തിളക്കവും കൂടുതൽ ഊർജ്ജസ്വലവുമാക്കുകയും ചെയ്യുന്നു.

തൊലികളഞ്ഞ ബദാമിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ മുടിയുടെ നാരുകൾ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഇത് പൊട്ടുന്നതിനും അറ്റം പിളരുന്നതിനുമുള്ള സാധ്യത കുറയ്ക്കുന്നു.

തൊലികളഞ്ഞ ബദാമിൽ ബയോട്ടിൻ (വിറ്റാമിൻ ബി 7) ധാരാളം അടങ്ങിയിട്ടുണ്ട്. ബദാം തൊലി കള‍ഞ്ഞ് കഴിക്കുന്നത് മുടികൊഴിച്ചിൽ തടയുന്നതിന് സഹായിക്കും. കൂടാതെ, ഇത് മുടി കട്ടിയുള്ളതും ആരോഗ്യകരവുമായി നിലനിർത്താൻ സഹായിക്കുന്നു.

തൊലികളഞ്ഞ ബദാമിലെ അവശ്യ ഫാറ്റി ആസിഡുകൾ തലയോട്ടിയെ പോഷിപ്പിക്കുകയും ഈർപ്പമുള്ളതാക്കുകയും വരൾച്ച അല്ലെങ്കിൽ താരൻ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

തൊലികളഞ്ഞ ബദാമിൽ ധാരാളമായി കാണപ്പെടുന്ന മഗ്നീഷ്യം, തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇത് തലയോട്ടിയെ ആരോ​ഗ്യമുള്ളതാക്കുന്നതിനും സഹായിക്കുന്നു. ദിവസവും ഒരു പിടി കുതിർത്ത ബദാം കഴിക്കുന്നത് മുടി വളർച്ച വേ​ഗത്തിലാക്കുന്നു.

ബദാം ദിവസവും കഴിക്കുന്നത് ചര്‍മ്മത്തിന്‍റെയും തലച്ചോറിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും. ബദാമിലെ വിറ്റാമിൻ ഇ ചർമ്മത്തെ മിനുസമാർന്നതും മൃദുലവുമാക്കും.

കുന്നത്തൂർ ഫാസ്റ്റിന്റെ വഴിമുടക്കിയതാര്?

കുന്നത്തൂർ:തിരുവനന്തപുരത്തു നിന്നും കുന്നത്തൂരിലേക്ക് സർവീസ് നടത്തിയിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സ് സർവ്വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.ടി.നാണുമാസ്റ്റർ എംഎൽഎ ആയിരിക്കെ വർഷങ്ങൾക്കു മുമ്പ് അനുവദിച്ച സർവ്വീസാണിത്.തലസ്ഥാനത്തു നിന്നും മെഡിക്കൽ കോളേജ് വഴി കുന്നത്തൂരിലേക്ക് ട്രാൻ.ബസ്സ് വേണമെന്ന നിരന്തരമായ ആവശ്യത്തെ തുടർന്നാണ് സർവ്വീസ് ആരംഭിച്ചത്.

തിരുവനന്തപുരം ഡിപ്പോയിൽ നിന്നും വൈകിട്ടോടെ പുറപ്പെടുന്ന ബസ്സ് മെഡിക്കൽ കോളേജ്, ആറ്റിങ്ങൽ,ചാത്തന്നൂർ,കൊട്ടിയം, കൊല്ലം,ചവറ,കരുനാഗപ്പള്ളി, മൈനാഗപ്പള്ളി,ശാസ്താംകോട്ട, ഭരണിക്കാവ് വഴി രാത്രി പത്തോടെ കുന്നത്തൂരിൽ എത്തുന്ന സ്റ്റേ സർവ്വീസായിരുന്നു.അടുത്ത ദിവസ്സം രാവിലെ ഏഴോടെ പുറപ്പെടുന്ന ബസ്സ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകേണ്ട രോഗികൾക്കും തലസ്ഥാനത്ത് മറ്റ് ആവശ്യങ്ങൾക്കായി പോകുന്നവർക്കും ഉപകാരപ്രദമായിരുന്നു.കരുനാഗപ്പള്ളിയിൽ നിന്നും രാത്രിയിൽ ഭരണിക്കാവ് ഭാഗത്തേക്കുള്ള അവസാന സർവിസ് കൂടിയായതിനാൽ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.നിലവിൽ രാത്രി 7.30 കഴിഞ്ഞാൽ കരുനാഗപ്പള്ളിയിൽ നിന്നും ഭരണിക്കാവ് ഭാഗത്തേക്ക് ബസ് ഇല്ലാത്തതിനാൽ യാത്രക്കാർ വലയുകയാണ്.ഇത് വലിയ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.

കുന്നത്തൂർ സ്‌റ്റേ സർവ്വീസ് കെഎസ്ആർടിസിക്ക് മികച്ച വരുമാനവും നേടിക്കൊടുത്തിരുന്നു.എന്നാൽ ഏതാനും വർഷം മുമ്പ് സർവ്വീസിന്റെ റൂട്ട് അധികൃതർ പരിഷ്ക്കരിക്കുകയുണ്ടായി.തിരുവനന്തപുരം റദ്ദാക്കിയ ശേഷം എറണാകുളം അമൃത എന്ന റൂട്ടിലേക്ക് സർവ്വീസ് മാറ്റുകയായിരുന്നു.തുടർന്ന് രാവിലെ എട്ടോടെ കരുനാഗപ്പള്ളിയിൽ നിന്നും കുന്നത്തൂരിലെത്തുന്ന ബസ്സ് ഉടൻ തന്നെ എറണാകുളത്തേക്ക് പോവുകയായിരുന്നു പതിവ്.നാട്ടുകാരുടെയും യാത്രക്കാരുടെയും അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു ഈ പരിഷ്ക്കരണം.എന്നാൽ മാസങ്ങൾക്കുള്ളിൽ തന്നെ ഇതും നിലച്ചു.ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രി,യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി തലസ്ഥാനത്തേക്ക് പോകേണ്ടവർ വലയുകയാണ്.

ഭാര്യ ഫോണിൽ മുഴുകി, ഭക്ഷണം വിളമ്പി നൽകിയില്ല, 28കാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭർത്താവ്

ശിവമൊഗ്ഗ: വീട്ടിലെത്തിയ ഭർത്താവിന് ഭക്ഷണം എടുത്ത് നൽകാതെ ഫോണിൽ നോക്കിയിരുന്ന യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവാവ്. ഷിമോഗ ജില്ലയിലെ ശികാരിപുര താലൂക്കിലെ അംബ്ലിഗോളയിൽ ഇന്നലെ വൈകീട്ടാണ് സംഭവം. ടെക്സ്റ്റൈൽസ് ജീവനക്കാരിയായ 28കാരിയേയാണ് ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

ഗൌരമ്മയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. ശനിയാഴ്ച വൈകീട്ട് ഗൌരമ്മയുടെ ഭർത്താവ് മനു വീട്ടിലെത്തിയ സമയത്ത് ഇവർ ഫോണിൽ സംസാരിക്കുകയായിരുന്നു. ഭക്ഷണം വിളമ്പിത്തരാൻ യുവാവ് ആവശ്യപ്പെട്ടപ്പോൾ വിളമ്പി കഴിക്കാൻ ആവശ്യപ്പെട്ട ശേഷം യുവതി ഫോണിൽ സംസാരിക്കുന്നത് തുടരുകയായിരുന്നു. മുൻപൊരിക്കലും സമാന രീതിയിൽ ഭാര്യ പെരുമാറിയത് ഓർമ്മ വരുക കൂടി ചെയ്ത യുവാവ് ക്ഷുഭിതനായി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.തോർത്ത് ഉപയോഗിച്ചായിരുന്നു കൊലപാതകം.

യുവതി മരിച്ചെന്ന് വ്യക്തമായതോടെ യുവതിയുടെ പിതാവിനെ വിളിച്ച് നിങ്ങളുടെ മകൾ മരിച്ചെന്നും യുവാവ് വിശദമാക്കി. ഇതിന് പിന്നാലെ യുവതിയുടെ പിതാവിന്റെ പരാതിയിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശിക്കാരിപുര റൂറൽ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

മലയാളി സൈനികനെ ഭോപ്പാലിലെ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കാസർകോട്: മലയാളി സൈനികനെ ഭോപ്പാലിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ബേഡകം കുണ്ടംകുഴി സ്വദേശി ശോഭിത്ത് കുമാർ (35) ആണ് മരിച്ചത്. ഭാര്യയും ഒരു കുട്ടിയുമുണ്ട്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ജാഗ്രത, കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ 2 ദിവസം യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെയുള്ള മഴ ജാഗ്രത നിർദ്ദേശം നൽകി കേന്ദ്ര കാലാവസ്ഥാവകുപ്പ്. 2024 നവംബർ 10 മുതൽ 14 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. അതിനിടെ രണ്ട് ദിവസം മഴ മുന്നറിയിപ്പായ യെല്ലോ അലർട്ടും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 13 ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും 14 ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

2024 നവംബർ 10 മുതൽ 14 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

യെല്ലോ അലർട്ട്

13/11/2024 : പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്
14/11/2024 : പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (10/11/2024) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രതാ നിർദേശം

10/11/2024: തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മാനസികാവസ്ഥ പരി​ഗണിച്ചു; 16കാരിയുടെ ഗർഭച്ഛിദ്രത്തിന് അനുമതി, 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കും

കൊച്ചി: ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ പതിനാറുകാരിയുടെ ഗർഭച്ഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി. 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാനാണ് അനുമതി. പെൺകുട്ടിയുടെ മാനസികാവസ്ഥയെ പറ്റിയുള്ള വിദഗ്ധ റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം. നേരത്തെ അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാകും പെൺകുട്ടിയുടെ ചികിത്സ.

ബലാത്സംഗക്കേസിൽ അന്വേഷണം തുടരുന്നതിനാൽ ഭ്രൂണത്തിന്റെ രക്തസാമ്പിളുകൾ ശേഖരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഗർഭസ്ഥശിശുവിനെ ജീവനോടെ പുറത്തെടുക്കാനായാൽ ജീവൻ നിലനിർത്താനാവശ്യമായ നടപടികളെടുക്കണമെന്നും പരിപാലനത്തിന് പെൺകുട്ടിയോ കുടുംബമോ തയ്യാറായില്ലെങ്കിൽ സർക്കാർ ഉത്തരവാദിത്തമേറ്റെടുക്കണമെന്നും ഉത്തരവിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥർ ഈ സാമ്പിളുകൾ കൃത്യമായി ഫോറൻസിക് സയൻസ് ലാബോറട്ടിക്ക് സൂക്ഷിക്കാനായി കൈമാറണമെന്നും കോടതി വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിലും സംഘവും ഫെയ്സ്ബുക് പേജ് ഹാക്ക് ചെയ്തു; എസ്പിക്ക് പരാതി നൽകും

പത്തനംതിട്ട∙ പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഡിയോ സിപിഎമ്മിന്റെ ഫെയ്‌സ്‌ബുക് പേജിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. രാഹുലും സംഘവും ഫെയ്സ്ബുക് പേജ് ഹാക്ക് ചെയ്തുവെന്നാണ് ഉദയഭാനു ആരോപിച്ചു. പത്തനംതിട്ട എസ്പിക്ക് പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘ഹാക്ക് ചെയ്തതാണ്. എസ്പിക്കു പരാതി നൽകും. മറ്റു നിയമനടപടികൾ സ്വീകരിക്കും. രാഹുലിന് അനുകൂലമായി പാർട്ടി ജില്ലാ കമ്മിറ്റിയുടെ ഭാഗത്തുനിന്ന് അനുകൂലനിലപാടു വന്നുവെന്നു വിശ്വസിക്കാൻ ആർക്കും കഴിയില്ല. അദ്ദേഹത്തെക്കുറിച്ച് ഈ നാട്ടുകാർക്ക് നന്നായി അറിയാം. അടൂർ നിയമസഭാ മണ്ഡലത്തിലാണ് താമസം. ആ നാടുമായോ നാട്ടിലെ ജനങ്ങളുമായോ ബന്ധമില്ലാത്ത തരത്തിലാണ് രാഹുലിന്റെ പൊതുപ്രവർത്തനം.

കൃത്രിമ കാർഡുണ്ടാക്കിയാണ് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായത്. അങ്ങനൊരു പദവിയുണ്ടെന്നുവച്ച് നാട്ടിൽ ജനങ്ങളുടെ നേതാവാകാൻ കഴിയില്ല. അദ്ദേഹത്തിന്റെ കൂടെയുള്ളവരെല്ലാം ഇത്തരം പണി ചെയ്യുന്നവരല്ലേ’’ – ഉദയഭാനു മാധ്യമങ്ങളോടു പ്രതികരിച്ചു. പിന്നീട് ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലൂടെയും അദ്ദേഹം രാഹുലിനെ വിമർശിച്ചു.

ഫെയ്സ്ബുക് കുറിപ്പിൽനിന്ന്:

— വ്യാജൻ ഇപ്പോൾ ഹാക്കറുമായി.

സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക പേജിൽ പാലക്കാട്ടെ യുഡിഎഫ്‌ സ്ഥാനാർഥിയുമായി ബന്ധപ്പെട്ടുള്ള ഒരു പ്രചരണ വിഡിയോ പ്രത്യക്ഷപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തതിൽനിന്നു മനസ്സിലാക്കുന്നു..വിശദമായ പരിശോധനയിൽ വിവാദം സൃഷ്ടിക്കാനായി പേജ്‌ ഹാക്ക്‌ ചെയ്ത്‌, മനഃപൂർവം ഇത്തരത്തിൽ ഒരു വിഡിയോ പോസ്റ്റ്‌ ചെയ്തശേഷം അതിന്റെ സ്ക്രീൻ റെക്കോർഡിങ് എടുത്ത്‌ ആരോ മാധ്യമങ്ങൾക്കു കൈമാറിയതായിട്ടാണു മനസ്സിലാക്കാൻ കഴിയുന്നത്‌.

ഫേസ്ബുക്ക് പേജ് ഹാക്ക് ആയതു ശ്രദ്ധയിൽപ്പെടുകയും പെട്ടെന്നു തന്നെ സോഷ്യൽ മീഡിയ ടീം അത് റിക്കവർ ചെയ്ത് വിഡിയോ നീക്കം ചെയ്യുകയും സൈബർ പൊലീസിനും ഫെയ്സ്ബുക്കിനും പരാതിയും നൽകിയിട്ടുണ്ട്. പേജിന്റെ നിയന്ത്രണം തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്‌.

പാലക്കാട്ടെ യുഡിഎഫ്‌ സ്ഥാനാർഥിയെ സംബന്ധിച്ചു വ്യക്തമായി അറിയാവുന്നവരാണ് പത്തനംതിട്ടക്കാർ. അടൂർ അസംബ്ലി മണ്ഡലത്തിലെ 119-ാം നമ്പർ ബൂത്തിലെ താമസക്കാരനാണ് വ്യാജൻ. (പെരിങ്ങനാട് വില്ലേജ്) കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ എൽ‍ഡിഎഫിന് 111 വോട്ടിന്റെയും പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 70 വോട്ടിന്റെയും ലീഡ് ഈ ബൂത്തിൽ ഉണ്ടായി. നാട്ടിൽ ജനങ്ങൾക്കിടയിൽ ഒരു സ്വാധീനവും ഇല്ലാത്ത വ്യാജൻ നാടൊട്ടുക്കുള്ള ആളുകളുടെ പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ്‌ നിർമിച്ച്‌, ആ ആനൂകൂല്യത്തിൽ നേതൃസ്ഥാനത്തെത്തിയ ആളാണ്. അടൂർ, പന്തളം മേഖലകളിലെ ജനങ്ങളുടെ പേരിൽ പോലും ഇക്കൂട്ടർ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചു ദുരുപയോഗം ചെയ്തതിനു നിയമനടപടികളും വ്യാജൻ നേരിടുന്നുണ്ട്‌.

ജനാധിപത്യപരമായി നടക്കേണ്ടിയിരുന്ന ഒരു സംഘടനാ തെരഞ്ഞെടുപ്പിനെപോലും വ്യാജ ഐഡി കാർഡ് ഉണ്ടാക്കി അട്ടിമറിച്ചവൻ ഉപതെരഞ്ഞെടുപ്പിനു മുൻപ് ഇനിയും പല തട്ടിപ്പുകളും നടത്തും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പാലക്കാട്ടെ ജനാധിപത്യ വിശ്വാസികളായ ജനങ്ങൾ ഇതു തിരിച്ചറിഞ്ഞ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി സ. ഡോ.പി. സരിനെ വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു.

തിളപ്പിക്കാതെ പാല് കുടിക്കാറുണ്ടോ….? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിയുക

തിളപ്പിക്കാതെ പാല് പച്ചയ്ക്ക് കുടിക്കുന്നവരെ കാത്തിരിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങളാണ്. ശുദ്ധീകരിക്കാത്ത പാല് ബാക്ടീരിയകള്‍ മൂലമുള്ള ഗുരുതരമായ ഭഷ്യവിഷബാധയുള്‍പ്പടെയുണ്ടാക്കുന്നു. പശുവില്‍നിന്നോ ആടില്‍ നിന്നോ ലഭിക്കുന്ന പാസ്ചറൈസ് (രോഗാണുക്കളെ നശിപ്പിക്കുന്ന ചൂടാക്കല്‍)ചെയ്യാത്ത പാല് കുടിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ് ഇങ്ങനെയാണ്.

ബാക്ടീരിയകളുടെ വാഹകര്‍
സാല്‍മൊണെല്ല, ഇ.കോളി, കാംപിലോ ബാക്ടര്‍ മുതലായ അപകടകാരിയായ ബാക്ടീരിയകളുടെ വാഹകനാണ് പാസ്ചറൈസ് ചെയ്യാത്ത പാല്. ഇത്തരത്തിലുള്ള പാല് കുടിക്കുന്നത് വയറുവേദന, പനി, ഓക്കാനം, വയറിളക്കം തുടങ്ങിയ ബുദ്ധിമുട്ടുകളുണ്ടാക്കും. ഇത് വൃക്കകളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇ.കോളി ബാക്ടീരിയ മൂത്രാശയ അണുബാധ ഉണ്ടാക്കുന്നു. അങ്ങനെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

ഗര്‍ഭിണികള്‍ ഏറെ ശ്രദ്ധിക്കണം
ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഏറ്റവും അധികം ലഭിക്കുന്ന ഉപദേശങ്ങളിലൊന്നാണ് ‘ പാല് കുടിക്കണം കേട്ടോ,അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യം ഉണ്ടാവട്ടെ’ എന്നൊക്കെ. എന്നാല്‍ കൂടുതല്‍ പോഷകം ലഭിക്കുമെന്ന് കരുതി കറന്നെടുത്തുകൊണ്ടുവരുന്ന പാല്‍ അങ്ങനെതന്നെ കുടിക്കരുതേ. തിളപ്പിക്കാത്ത പാലിലുള്ള ലിസ്റ്റീരിയോസിസ് ഗര്‍ഭം അലസല്‍, നേരത്തെയുള്ള പ്രസവം തുടങ്ങി ഗുരുതരമായ ഗര്‍ഭാശയ രോഗങ്ങള്‍ക്ക് വരെ കാരണമാകുന്നു. ഈ വൈറസ് ഗര്‍ഭസ്ഥ ശിശുവില്‍ മാരകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു.

ദുര്‍ബലമായ പ്രതിരോധശേഷിയുള്ളവര്‍ക്ക് അണുബാധ
അവയവങ്ങള്‍ മാറ്റിവച്ചവര്‍, എച്ച് ഐ വി ബാധിച്ചവര്‍, പ്രായമായവര്‍ തുടങ്ങി ദുര്‍ബലമായ പ്രതിരോധ ശേഷി ഉള്ളവര്‍ക്ക് അംസംസ്‌കൃ പാലില്‍ നിന്ന് വലിയ രീതിയില്‍ അണുബാധ ഉണ്ടാകുന്നു. മരണത്തിന് വരെ കാരണമാകും.

ആരോഗ്യ പ്രശ്നങ്ങള്‍
അസംസ്‌കൃത പാല് വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഗുരുതരമായ ഗില്ലിന്‍ബാരെ സിന്‍ഡ്രോം (ഞരമ്പുകളെ ബാധിക്കുന്ന അപൂര്‍വ്വ രോഗം), പക്ഷാഘാതം ഇവയ്ക്ക് വരെ കാരണമാകും.

കുട്ടികള്‍ക്ക് ഏറെ ദോഷകരം
തിളപ്പിക്കാത്ത പാല് കുടിക്കുന്നത് കുട്ടികള്‍ക്ക് കൂടുതല്‍ ദോഷകരമാണ്. അസംസ്‌കൃത പാലില്‍ നിന്നുള്ള ഭക്ഷ്യജന്യ രോഗങ്ങള്‍ കുട്ടികളെയും കൗമാരക്കാരെയും വളരെയധികം ദോഷകരമായി ബാധിക്കുന്നു.

പാസ്ചറൈസേഷന്‍
ശാസ്ത്രജ്ഞനായ ലൂയി പാസ്ചറിന്റെ പേരിലുളള ഒരു പ്രക്രിയയാണ് പാസ്ചറൈസേഷന്‍. ഒരു പ്രത്യേക ഊഷ്മാവില്‍ പാല് തിളപ്പിക്കുകയും ദോഷകരമായ ബാക്ടീരിയയെ നശിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഇത്. അംസംസ്‌കൃത പാലില്‍ കൂടുതല്‍ പോഷകങ്ങള്‍ ഉണ്ടെന്ന് പറയുമെങ്കിലും പാസ്ചറൈസേഷന്‍ ചെയ്യുന്നത് അതിനെക്കാള്‍ ഗുണകരമാണ്.

‘വിഴിഞ്ഞം ഇന്ത്യയുടെ സുവർണതീരം’: 2025 ഏപ്രിലോടെ ലക്ഷ്യമിട്ട ചരക്കുനീക്കം പിന്നിട്ടു, ഖജനാവിലേക്ക് 7.4 കോടി

തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖം ഇന്നലെ രാത്രിയോടെ ഒരു ലക്ഷം ടിഇയു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്- 20 അടി നീളമുള്ള കണ്ടെയ്നറിനെയാണ് ഒരു ടിഇയു ആയി കണക്കാക്കുന്നത്‌) കൈകാര്യം ചെയ്ത തുറമുഖമെന്ന നാഴികകല്ല് പിന്നിട്ടെന്ന് മന്ത്രി വി.എൻ.വാസവൻ. നവംബർ 9 വരെയുള്ള കണക്കനുസരിച്ച് 46 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്. 1,00807 ടിഇയുവാണ് കൈകാര്യം ചെയ്തത്.

ജൂലൈയിൽ 3, സെപ്റ്റംബറിൽ 12, ഒക്ടോബറിൽ 23, നവംബറിൽ ഇതുവരെ 8 എന്നിങ്ങനെയാണ് തുറമുഖത്ത് എത്തിയ കപ്പലുകളുടെ എണ്ണം. 7.4 കോടി രൂപയുടെ വരുമാനമാണ് ജിഎസ്‍ടി ഇനത്തിൽ സർക്കാർ ഖജനാവിലേക്ക് എത്തിയത്. കേരളത്തിന്‍റെ വികസന ചരിത്രത്തിൽ പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് വിഴിഞ്ഞം തുറമുഖമെന്നും വാസവൻ പറഞ്ഞു.

ട്രയൽ റൺ ആരംഭിച്ച് 4 മാസം പിന്നിട്ടതോടെ ഒന്നിനു പിന്നാലെ ഒന്നായി ലോകത്തിലെ വമ്പൻ ചരക്കുകപ്പലുകൾ കേരളത്തിന്‍റെ തീരത്തെത്തിക്കഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ ശ്രേണിയിൽപ്പെടുന്ന അന്ന, വിവിയാന എന്നീ കപ്പലുകളും വന്നു. ഇവയ്ക്ക് പിന്നാലെ മറ്റ് അതിഥികളും എത്തും.

വിഴിഞ്ഞം ഇന്ത്യയുടെ സുവർണതീരമായി മാറുകയാണ്. അടുത്ത മാസം കമ്മിഷൻ ചെയ്യാനിരിക്കെയാണ് നിർണായകനേട്ടം. അടുത്ത ഏപ്രിലോടെ മാത്രം ലക്ഷ്യമിട്ട ചരക്കുനീക്കമാണ് ചുരുങ്ങിയ മാസത്തിനുള്ളിൽ വിഴിഞ്ഞത്ത് പൂർത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു.