Home Blog Page 1922

വയനാട്ടിലും ചേലക്കരയിലും പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി, വോട്ടെടുപ് നാളെ

വയനാട് /തൃശൂർ വയനാട്ടിലും ചേലക്കരയിലും, ഉപതിരഞ്ഞെടുപ്പിൻ്റെ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി. രാവിലെ എട്ട് മണി മുതൽ വിവിധ ഇടങ്ങളിൽ തുടങ്ങിയ വിതരണം ഉച്ചയോടെ പൂർത്തിയാകും.

നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലും വയനാട്ടിലും ഇന്ന് പ്രവർത്തകർ അവസാന വോട്ടുറപ്പിക്കാൻ വീടുകൾ കയറിയുള്ള നിശ്ശബ്ദ പ്രചാരണമാണ് നടത്തുക. പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാർത്ഥികളും. പുതിയ വോട്ടർമാർക്ക് ഉൾപ്പെടെ പരിചയപ്പെടുത്താനുള്ള മാതൃക വോട്ടിംഗ് മെഷീനുകളുമായാണ് ബൂത്ത് തലത്തിലുള്ള സ്ക്വാഡ് വർക്കുകൾ ഇന്ന് നടത്തുക. അതേസമയം പിന്തുണ ഉറപ്പാക്കാനായി പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചകളാണ് സ്ഥാനാർഥികളുടെ പ്രധാന പരിപാടി.

പ്രചാരണം അവസാനിച്ചപ്പോൾ എൽഡിഎഫും യുഡിഎഫും ഉറച്ച വിജയ പ്രതീക്ഷയിലാണ്.

ചെറുതുരുത്തി സ്കൂളിൽ നിന്നാണ് ചേലക്കര മണ്ഡലത്തിലേക്ക് വോട്ടിംഗ് യന്ത്രങ്ങൾ അടക്കം വിതരണം ചെയ്യുന്നത്. 180 ബൂത്തുകളിലേക്കുള്ള ഇവിഎം മൂന്ന് സ്ട്രോങ്ങ് റൂമുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.വിവിപാറ്റ് മെഷീനുകളുടെ തകരാറുകൾ മുന്നിൽ കണ്ട് 180 ബൂത്തുകൾക്കായി ആകെ 236 മെഷീനുകൾ സജ്ജമാക്കിയിട്ടുണ്ട്.
ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് പ്രമാണിച്ച് നവംബര്‍ 13 ന് വയനാട് ജില്ലയിൽ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും ജില്ലയിൽ അന്ന് അവധിയായിരിക്കും.

എല്ലാ സ്വകാര്യ വാണിജ്യ- വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കണമെന്നാണ് നിർദ്ദേശം. ഇത് കൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭ, ചേലക്കര, മണ്ഡലങ്ങളിൽ വോട്ടുള്ളവരും എന്നാല്‍ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ദിവസം ശമ്പളത്തോടു കൂടിയ അവധിയായിരിക്കും.

വയനാട് ലോക്സഭ, ചേലക്കര നിയമസഭ മണ്ഡലങ്ങളിൽ നവംബർ 13ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി അനുവദിച്ച് തൊഴിൽ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.

സ്വന്തം ജില്ലക്ക് പുറത്ത് ജോലിയുള്ളവർക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിംഗ് സ്‌റ്റേഷനിൽ പോയി വോട്ടു ചെയ്യാൻ തൊഴിലുടമ പ്രത്യേക അനുമതി നൽകണം. ഐ ടി, പ്ലാന്റേഷൻ ഉൾപ്പെടെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ കാഷ്വൽ / ദിവസ വേതന തൊഴിലാളികൾക്കും വേതനത്തോട് കൂടിയ അവധി ബാധകമാണ്.

ഇതോടൊപ്പം മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും ഈ മണ്ഡലങ്ങളിലും അന്ന് അവധിയായിരിക്കും.

പ്‌ളസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂള്‍ യൂണിഫോമില്‍ കാണാതായി

കാരാളിമുക്ക്. പ്‌ളസ് വണ്‍ വിദ്യാര്‍ഥിയെ കാണാതായെന്ന് പരാതി. പടിഞ്ഞാറേ കല്ലട, കണത്താർ കുന്നം,വരമ്പത്ത് കിഴക്കതിൽ, ഇബ്രാഹിംകുട്ടിയുടെ മകൻ മുഹ്സിൻ( 17)നെയാണ് കാണാതായത്. ചവറ ശങ്കരമംഗലം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ഇയാളെ വൈകുന്നേരം 5 മണി മുതൽ കാരാളിമുക്കിൽ നിന്നും കാണാതായതായാണ് ബന്ധുക്കള്‍ ശാസ്താംകോട്ട പൊലീസില്‍ പരാതി നല്‍കിയത്. ഫോണ്‍. 9947952084 ,ശാസ്താംകോട്ട പൊലീസ് 0476 2830355

സിദ്ധിഖിന്റെ മുൻകൂർ ജാമ്യഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെല്‍ഹി. ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിന്റെ മുൻ കൂർ ജാമ്യഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും.പോലീസിനെ തീരെ ആരോപണങ്ങളുമായി സിദ്ധിഖ്.അന്വേഷണ ഉദ്യോഗസ്ഥൻ പുതിയ കഥകൾ ചമയ്ക്കുന്നു എന്ന് സിദ്ദിഖ് കോടതിയെ അറിയിക്കും.

ന്യായത്തിന്റെയും, നിക്ഷപക്ഷതയുടെയും അതിർവരമ്പുകൾ അന്വേഷണ ഉദ്യോഗസ്ഥൻ മറികടന്നു.സിദ്ധിഖിന്റെ ജാമ്യത്തെ സംസ്ഥാന സർക്കാർ എതിർക്കും.സിദ്ധിഖിന് ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതിയെ അറിയിക്കും.അന്വേഷണവുമായി സഹകരിക്കുന്നില്ല.ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്.

ഉന്നതിയുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും എ ജയതിലക് കൈപ്പറ്റിയെന്ന് രേഖ

തിരുവനന്തപുരം. ഉന്നതി പദ്ധതിയെ ചൊല്ലിയുള്ള തർക്കത്തിൽ എൻ പ്രശാന്ത് ഐഎ എസിന്റെ വാദത്തിന് ശക്തി പകർന്ന് രേഖകൾ. ഉന്നതിയുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും കൈമാറിയെന്ന രേഖയാണ് പുറത്തു വന്നത്. മെയ് മാസത്തിൽ വകുപ്പ് മന്ത്രിയിൽ നിന്നും മുഴുവൻ രേഖകളും അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് കൈപ്പറ്റിയെന്ന് രേഖയിൽ..ഓഗസ്റ്റിലാണ് അഡീഷണൽ ചീഫ് സെക്രട്ടറി രേഖകൾ കാണാനില്ലെന്ന റിപോർട്ട് സമർപ്പിച്ചത്. ഫയൽ കൈമാറ്റത്തിൽ എൻ പ്രശാന്ത് വീഴ്ച വരുത്തിയെന്നും ഫയലുകൾ കാണാനില്ലെന്നും ആക്ഷേപമുന്നയിച്ചിരുന്നു. പിന്നാലെയാണ് ജയതിലകിനെതിരെ പ്രശാന്ത് സമൂഹ മാധ്യമങ്ങളിലൂടെ വിമർശനമുയർത്തിയത്. സംഭവത്തിൽ നടപടിയെടുത്തിട്ടും ജയതിലകിനെതിരെ പരസ്യ വിമർശനം തുടരുകയാണ് എൻ പ്രശാന്ത്.

കായികമേളയിലെ പുരസ്കാര വിവാദത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങി സ്കൂളുകൾ

കേരള സ്കൂൾ കായികമേളയിലെ പുരസ്കാര വിവാദത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങി മാർ ബേസിൽ കോതമംഗലം, നാവാമുകുന്ദ തിരുനാവായ സ്കൂളുകൾ . കുട്ടികൾക്കെതിരായ പോലീസ് നടപടിയിലും പരാതി നൽകും . വിവാദത്തിൽ വിശദീകരണം നൽകാൻ മന്ത്രി വി.ശിവൻകുട്ടി ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട് .

കേരള സ്കൂൾ കായികമേളയുടെ സമാനതകളില്ലാത്ത സംഘാടന മികവിന്റെ പേരിൽ സർക്കാരിനും മന്ത്രി വി ശിവൻകുട്ടിക്കും കിട്ടിയ കയ്യടികൾ എല്ലാം ഒറ്റയടിക്ക് തകർക്കുന്നതായിരുന്നു പുരസ്കാര വിവാദം .പതിവിന് വിപരീതമായി സ്കൂൾ വിഭാഗത്തിൽ സ്പോർട്സ് സ്കൂൾ ആയ ജി.വി. രാജ തിരുവനന്തപുരത്തിന് സമ്മാനം നൽകിയതാണ് വിവാദങ്ങൾക്ക് കാരണം . മുന്നറിയിപ്പുകൾ ഒന്നുമില്ലാതെ ആയിരുന്നു ജനറൽ സ്കൂളുകൾക്ക് നൽകുന്ന പുരസ്കാരം സ്പോർട്സ് സ്കൂളിന് നൽകിയത് .

വിദ്യാർത്ഥികൾ പ്രതിഷേധവുമായി വേദിയിലേക്ക് തള്ളിക്കയറാൻ നോക്കുകയും പോലീസ് തടയുകയും ചെയ്തതോടെ കാര്യങ്ങൾ കയ്യാങ്കളിയിലെത്തി . മർദ്ദനമേറ്റെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു . പുരസ്കാരദാനത്തിൽ അട്ടിമറിയുണ്ടായെന്നും ഇതിനെതിരെ കോടതിയെ സമീപിക്കും എന്നുമാണ് മാർ ബേസിൽ കോതമംഗലം സ്കൂളും മലപ്പുറം നാവാ മുകുന്ദ തിരുനാവായ സ്കൂളും പറയുന്നത് . വിദ്യാർത്ഥികളെ പോലീസ് മർദ്ദിച്ചു എന്ന് ആരോപിച്ച് രക്ഷിതാക്കളും പരാതി നൽകും. അതേസമയം പുതിയ മാനുവൽ പ്രകാരം ജനറൽ സ്കൂൾ എന്നോ സ്പോർട്സ് സ്കൂൾ എന്നോ വ്യത്യാസമില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ വാർത്താക്കുറിപ്പ് . ഇന്ന് മാധ്യമങ്ങളെ കാണുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു

കുടുംബ വഴക്കിനിടെ അനുജന്റെ കുത്തേറ്റ് ജേഷ്ഠൻ മരിച്ചു

കാസർഗോഡ്. കുടുംബ വഴക്കിനിടെ അനുജന്റെ കുത്തേറ്റ് ജേഷ്ഠൻ മരിച്ചു. ചെമ്മനാട് മാവിലറോഡ് സ്വദേശി ചന്ദ്രനാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടുകൂടിയാണ് സംഭവം. വാക്കേറ്റത്തിനിടെ അനുജൻ ഗംഗാധരൻ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. കുത്തേറ്റ ചന്ദ്രനെ ഉടൻ കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വഴക്കിനിടെ ഇരുവരെയും തടയാൻ ശ്രമിച്ച അയൽവാസികൾക്കും പരുക്കേറ്റു. പ്രതി മദ്യ ലഹരിയിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയായ ഗംഗാധരനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വയനാട്ടിലും ചേലക്കരയിലും പരസ്യപ്രചാരണം അവസാനിച്ചു;തിരഞ്ഞെടുപ്പ് മറ്റന്നാൾ

വയനാട് /തൃശൂർ :ഇരുമുന്നണികള്‍ക്കും ഏറെ നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരാണങ്ങള്‍ വയനാട്ടിലും ചേലക്കരയിലും കൊട്ടിക്കലാശത്തോടെ അവസാനിച്ചു. മറ്റന്നാൾ രണ്ടിടങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന, ദേശീയ നേതാക്കളുടെ സംഗമമായ കൊട്ടിക്കലാശത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവേശത്തിന്റെ തിരയിളക്കം സൃഷ്ടിച്ചു. ഇതോടൊപ്പം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്ന പാലക്കാട് മണ്ഡലത്തില്‍ കല്‍പ്പാത്തി രഥോത്സവത്തോട് അനുബന്ധിച്ച് തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. അതിനാല്‍ ഇവിടെ കൊട്ടിക്കലാശം നടന്നില്ല.

സംസ്ഥാനത്ത് നവംബര്‍ 13ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വയനാട്ടിലും ചേലക്കരയിലും ആവേശത്തിരയായി കൊട്ടിക്കലാശം. ചേലക്കര നിയമസഭ മണ്ഡലത്തിലും വയനാട് ലോക്സഭ മണ്ഡലത്തിലുമാണ് നവംബര്‍ 13ന് ഉപതിരഞ്ഞെടുപ്പ് നടക്കുക.

വയനാട്ടില്‍ വ്യത്യസ്ത ഇടങ്ങളിലായിട്ടായിരുന്നു കൊട്ടിക്കലാശം അരങ്ങേറിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും വൈകാരിക പ്രസംഗവുമായാണ് വയനാട്ടില്‍ കളം പിടിച്ചത്. ഇന്ത്യയില്‍ മഹത്തായതെല്ലാം വയനാട്ടിലുണ്ട്. ജയിപ്പിച്ചാല്‍ വയനാട് പോലൊരു പ്രദേശത്തെ അഭിസംബോധന ചെയ്യാന്‍ തനിക്ക് അഭിമാനമുണ്ടെന്നും മലയാളം പഠിച്ച് എത്രയും പെട്ടെന്ന് ഇവിടേക്ക് തിരച്ച് വരുമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. സുഖ ദുഃഖങ്ങളില്‍ താന്‍ കൂടെയുണ്ടാകുമെന്നും നിങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തുടങ്ങുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വയനാട്ടില്‍ രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി രംഗത്തെത്തിയത്. വയനാട്ടിലെ ജനങ്ങളെ രാഹുലും പ്രിയങ്കയും വഞ്ചിക്കുകയാണെന്നും സത്യന്‍ മൊകേരി കൂട്ടിച്ചേര്‍ത്തു.

ഡോ.വന്ദന ദാസ് കൊലപാതകം: പ്രതിയുടെ ജാമ്യ ഹർജി സുപ്രീംകോടതി തള്ളി

തിരുവനന്തപുരം : ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ഇടക്കാല ജാമ്യ ഹർജി സുപ്രീംകോടതി തള്ളി. പ്രതിയുടെ മാനസിക നില പരിശോധിക്കാൻ സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു.കേസിൽ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സന്ദീപ് ഹര്‍ജി നൽകിയത്. 2023 മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. പരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടുവന്ന സന്ദീപിന്റെ കുത്തേറ്റാണ് ഡോ. വന്ദന മരിച്ചത്. അത്യാഹിത വിഭാഗത്തിൽ വച്ച് ഡോ. വന്ദനയെ സന്ദീപ് ആക്രമിക്കുകയായിരുന്നു. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വന്ദന ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

രണ്ട് ഐഎഎസ് കാരെ ഒരുമിച്ച് സസ്പെൻഡ് ചെയ്യുന്നത് കേരളത്തിൽ ആദ്യ സംഭവം

തിരുവനന്തപുരം: കഴിഞ്ഞ ചില ദിവസങ്ങളായി സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥർക്കിടയിലുണ്ടായ ചേരിപ്പോരിൽ രണ്ട് ഐഎഎസ് കാരെ സസ്പെൻ്റ് ചെയ്യുന്ന നടപടി കേരളത്തിൽ ആദ്യ സംഭവമെന്ന് വിലയിരുത്തൽ.
വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനും കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനുമാണ് സസ്പെൻഷൻ ലഭിച്ചത്. ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണമാണ് ഗോപാലകൃഷ്ണൻ നേരിടുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ വ്യക്തിപരമായ പരാമർശം നടത്തിയതിനെ തുടർന്നാണ് പ്രശാന്തിനെതിരേ നടപടി.ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് ഇരുവർക്കുമെതിരെ സർക്കാർ നടപടി സ്വീകരിച്ചത്.

ഐ എ എസ് തലപ്പത്തെ പോര്;എൻ പ്രശാന്ത്, കെ.ഗോപാലകൃഷ്ണൻ എന്നിവർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ ചേരിപ്പോരിൽ എൻ പ്രശാന്ത് ,കെ.ഗോപാലകൃഷ്ണൻ എന്നീ ഐഎഎസ് ഉദ്യോസ്ഥരെ  സസ്പെൻ്റ് ചെയ്തു.തെറ്റ് എന്തെന്ന് മനസിലാകുന്നില്ലന്നും സസ്പെൻഷനിൽ അത്ഭുതമെന്നും പ്രശാന്ത് സസ്പെൻഷന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
സർവ്വീസ് ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിച്ചു എന്നതാണ് ആരോപിക്കപ്പെട്ട കുറ്റം

വ്യവസായ ഡയറക്ടർ കെ. ഗോപാലകൃഷ്ണനും കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനും സസ്പെൻഷൻ ലഭിച്ചത്. ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണമാണ് ഗോപാലകൃഷ്ണൻ നേരിടുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ വ്യക്തിപരമായ പരാമർശം നടത്തിയതിനെ തുടർന്നാണ് പ്രശാന്തിനെതിരേ നടപടി.

രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ ഒരുമിച്ച് സസ്പെൻ്റ് ചെയ്തത് കേരളത്തിൽ ആദ്യ നടപടിയാണ്.