28.8 C
Kollam
Wednesday 17th December, 2025 | 06:55:59 PM
Home Blog Page 1888

ബ്രിട്ടനിലെ റോയൽ കോളജ് ഓഫ് നഴ്സിങ് പ്രസിഡന്റായിആലപ്പുഴക്കാരൻ ബിജോയ് സെബാസ്റ്റ്യൻ; പദവിയിലെത്തുന്ന ആദ്യ മലയാളി

ലണ്ടൻ: അഞ്ച് ലക്ഷത്തിലേറെ അംഗങ്ങളുള്ള യുകെയിലെ ഏറ്റവും വലിയ നഴ്സിങ് ട്രേഡ് യൂണിയനായ റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ (ആർസിഎൻ) പ്രസിഡന്റായി മലയാളിയായ പുരുഷ നഴ്സ് ബിജോയ് സെബാസ്റ്റ്യൻ തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയിൽനിന്ന് ഒരാൾ ഈ സ്ഥാനത്തെത്തുന്നത്. ആരോഗ്യസംരക്ഷണ മേഖലയിലെ ഏറ്റവും വലുതും ശക്തവുമായ സംഘടനയാണ് ആർസിഎൻ. ആലപ്പുഴ പുന്നപ്ര വണ്ടാനം സ്വദേശിയായ ബിജോയ്, യൂണിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടൻ ഹോസ്പിറ്റലിൽ സീനിയർ ക്രിട്ടിക്കൽ കെയർ നഴ്സാണ്.

യുകെയിലെ മലയാളികളായ നഴ്സിങ് ജീവനക്കാർ ഒന്നടങ്കം പിന്തുണച്ചതോടെയാണു സ്വദേശികളായ സ്ഥാനാർഥികളെ ബഹുദൂരം പിന്നിലാക്കി ബിജോയ് ഉജ്വല വിജയം നേടിയത്. ബ്രിട്ടനിലെ മലയാളി നഴ്സുമാരുടെ ആവശ്യങ്ങൾക്ക് പരിഗണന ലഭിക്കാൻ ബിജോയിയുടെ നേതൃസാന്നിധ്യം ഏറെ സഹായകരമാകും. ഒക്ടോബർ 14ന് ആരംഭിച്ച പോസ്റ്റൽ ബാലറ്റ് വോട്ടെടുപ്പ് നവംബർ 11നാണ് സമാപിച്ചത്. ഇതിനിടെ യുക്മ നഴ്സസ് ഫോറം ഉൾപ്പെടെയുള്ള നിരവധി മലയാളി സംഘടനകൾ ബിജോയിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും ബിജോയിയുടെ സ്ഥാനാർഥിത്വത്തിന് വൻ സ്വീകാര്യത ലഭിച്ചു. ബിജോയ് ഉൾപ്പെടെ ആറ് പേരാണ് മത്സരിച്ചത്. 2025 ജനുവരി ഒന്നു മുതൽ 2026 ഡിസംബർ 31 വരെ രണ്ടുവർഷമാണ് പ്രസിഡന്റിന്റെ കാലാവധി. 1916ൽ ബ്രിട്ടനിലാണ് റോയൽ കോളജ് ഓഫ് നഴ്സിങ്ങ് പ്രവർത്തനം ആരംഭിച്ചത്.

കൃഷിവകുപ്പിലെ റിട്ട. ഉദ്യോഗസ്ഥൻ പുന്നപ്ര വണ്ടാനം പുത്തൻപറമ്പിൽ സെബാസ്റ്റ്യൻ ജോസഫിന്റെയും വീട്ടമ്മയായ സോഫിയയുടെയും മകനാണ് ബിജോയ്. കോട്ടയം മെഡിക്കൽ കോളജിലെ നഴ്സിങ് പഠനത്തിനും ഒരുവർഷത്തെ സേവനത്തിനും ശേഷം 2011ലാണ് ബാൻഡ്-5 നഴ്സായി ബിജോയ് ബ്രിട്ടനിൽ എത്തിയത്. ഇംപീരിയൽ കോളജ് എൻഎച്ച്എസ് ട്രസ്റ്റിലായിരുന്നു ആദ്യ ജോലി. 2015ൽ ബാൻഡ്-6 നഴ്സായും 2016ൽ ബാൻഡ്-7 നഴ്സായും കരിയർ മെച്ചപ്പെടുത്തി. 2021ലാണ് ബാൻഡ്-8 തസ്തികയിൽ യൂണിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടൻ ഹോസ്പിറ്റലിൽ എത്തുന്നത്. 2012ൽ റോയൽ കോളജ് ഓഫ് നഴ്സിങ്ങിൽ അംഗത്വം എടുത്തു. ഇംപീരിയൽ കോളജ് എൻഎച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള ഹാമർസ്മിത്ത് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗം നഴ്സ് ദിവ്യയാണ് ഭാര്യ. മകൻ അഞ്ചാം ക്ലാസ് വിദ്യാർഥി ഇമ്മാനുവേൽ. ബിജോയിയുടെ സഹോദരി ബ്ലസിയും ഭർത്താവ് ജിതിനും ലണ്ടനിൽ നഴ്സുമാരാണ്.

ലോകത്തിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനുകളിൽ ഒന്നിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നും ഒട്ടേറെ പ്രതീക്ഷകളോടെയാണ് ഈ സ്ഥാനത്തെ കാണുന്നതെന്നും ബിജോയ് പറഞ്ഞു. എല്ലാവരും ചേർന്നുപ്രവർത്തിച്ച് നഴ്സിങ് പ്രഫഷനെ കൂടുതൽ വില മതിക്കുന്നതും ബഹുമാനം അർഹിക്കുന്നതുമാക്കി മാറ്റാനാകും ശ്രമം. അംഗങ്ങൾക്കായി യൂണിയൻ കൂടുതൽ ഒരുമയോടെ കരുത്തുള്ള ശബ്ദമായി മാറുമെന്നും ബിജോയ് വ്യക്തമാക്കി.

വിവാദ യാത്രയയപ്പിന് ഒരു മാസം; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

കണ്ണൂർ: പി.പി.ദിവ്യയ്ക്കു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുത്തിയ എഡിഎമ്മിന്റെ വിവാദ യാത്രയയപ്പ് യോഗം നടന്നിട്ട് ഇന്ന് ഒരുമാസം തികയുമ്പോൾ അതേ ദിവസം തന്നെ പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കും.

ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ കെ.കെ.രത്നകുമാരിയാണു സിപിഎമ്മിന്റെ സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ ജൂബിലി ചാക്കോ മത്സരിക്കും. 11ന് ജില്ലാ പഞ്ചായത്ത് ഹാളിലാണ് തെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനത്തിനു ശേഷം ഉച്ചയോടെ കലക്ടറുടെ സാന്നിധ്യത്തിൽ പുതിയ പ്രസി‍ഡന്റ് അധികാരമേൽക്കും.

പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച എഡിഎം കെ.നവീൻ ബാബുവിന് സഹപ്രവർത്തകർ ഒക്ടോബർ 14ന് നൽകിയ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെയെത്തി പി.പി.ദിവ്യ അദ്ദേഹത്തെ അപഹസിക്കുന്ന രീതിയിൽ പ്രസംഗിക്കുകയായിരുന്നു. അതിന്റെ വിഷമത്തിൽ അദ്ദേഹം അടുത്ത ദിവസം ആത്മഹത്യ ചെയ്തുവെന്നാണ് കേസ്.

കുടുംബത്തിന്റെ മൊഴി എടുക്കാൻ എസ്ഐടി

ഏറെക്കാലം മടിച്ചുനിന്ന പ്രത്യേക അന്വേഷണ സംഘം ഒടുവിൽ എഡിഎം കെ.നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കാൻ തീരുമാനിച്ചു. നവീൻ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴിയെടുക്കാൻ സംഘം ഇന്നലെ രാത്രി പത്തനംതിട്ടയിലേക്കു പുറപ്പെട്ടു.

വിവാദങ്ങൾക്കിടെ ഇപി ജയരാജൻ ഇന്ന് പാലക്കാട് എത്തും; തെരഞ്ഞെടുപ്പ് യോ​ഗത്തിൽ പങ്കെടുക്കും

പാലക്കാട്: ആത്മകഥാ വിവാദങ്ങൾക്കിടെ ഇ പി ജയരാജൻ ഇന്ന് പാലക്കാട് ഇടത് സ്ഥാനാർഥിയുടെ പ്രചാരണത്തിന് എത്തും. വൈകിട്ട് അഞ്ചുമണിക്ക് മുൻസിപ്പൽ ബസ്റ്റാൻഡ് പരിസരത്ത് പൊതുയോഗം ഉദ്ഘാടനം ചെയ്ത് ജയരാജൻ സരിനായി വോട്ട് അഭ്യർത്ഥിക്കും. സ്വതന്ത്രരെ ഇറക്കിയുള്ള പരീക്ഷണം ചിലപ്പോഴെങ്കിലും വിജയിച്ചിട്ടുണ്ടെങ്കിലും അത് വയ്യാവേലി ആകുന്ന സന്ദർഭവും ഉണ്ടായിട്ടുണ്ടെന്ന് ആത്മകഥയിൽ ഉണ്ട്.

അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സരിനിനെക്കുറിച്ചും പറയണമെന്ന് പറഞ്ഞായിരുന്നു ഈ പരാമർശം. ഇപിയുടെ പരാമർശം പാലക്കാട്ടെ പ്രവർത്തകരിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഇത് മറികടക്കുന്നതിനാണ് ഇ പി ജയരാജനെ തന്നെ പാലക്കാട്ട് എത്തിക്കുന്നത്.

ആത്മകഥ വിവാദം: ഡി സി ബുക്‌സിന് വക്കീല്‍ നോട്ടീസ് അയച്ച് ഇ പി ജയരാജന്‍

കണ്ണൂർ: ആത്മകഥ വിവാദത്തില്‍ ഡിസി ബുക്സിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് സിപിഎം നേതാവ് ഇപി ജയരാജന്‍. ആത്മകഥ ഭാഗങ്ങള്‍ പിന്‍വലിക്കണമെന്നും സംഭവത്തില്‍ മാപ്പ് പറയണമെന്നുമാണ് ഡിസിയോട് ഇപി ജയരാജന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റേതായി പുറത്തുവന്ന പുസ്തകത്തില്‍ താന്‍ എഴുതിയതല്ല പ്രസിദ്ധീകരിച്ചതെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്.

അഡ്വ. കെ വിശ്വന്‍ മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സംഭവത്തില്‍ നേരത്തെ ഇപി ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ആത്മകഥ മറവില്‍ വ്യാജരേഖ ഉണ്ടാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ തന്റെ രാഷ്ട്രീയ എതിരാളികള്‍ക്ക് പ്രചാരണ ആയുധം നല്‍കുന്നതിനു വേണ്ടിയാണ് ആത്മകഥയുടെ ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചത്. ആത്മകഥ എന്ന നിലയില്‍ ഡിസി ബുക്സ് പുറത്തുവിട്ട എല്ലാ പോസ്റ്റുകളും ആത്മകഥ ഭാഗങ്ങളും പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് തെറ്റ് പരസ്യപ്പെടുത്തണം. ആത്മകഥ ഇപ്പോള്‍ പ്രസിദ്ധീകരിച്ചത് തന്നെ തേജോവധം ചെയ്യാന്‍ വേണ്ടിയാണെന്നും ഇപി ജയരാജന്‍ ആരോപിക്കുന്നു.

ആത്മകഥ ഇതേ വരെ എഴുതി പൂര്‍ത്തിയാക്കുകയോ, പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നാണ് ഇപി ജയരാജന്‍ അറിയിച്ചിരിക്കുന്നത്. ഡിജിപിക്ക് നല്‍കിയ പരാതിയില്‍ മാധ്യമങ്ങള്‍ വഴി പുറത്ത് വന്നത് തെറ്റായ കാര്യങ്ങളാണെന്ന് ഇപി ആരോപിക്കുന്നുണ്ട്. ആത്മകഥയുടെ പേരോ കവര്‍ പേജോ പോലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന കാര്യവും പരാതിയില്‍ എടുത്ത് പറയുന്നു.

അതേസമയം, ആത്മകഥ പുറത്തുവന്നതോടെ വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. ചേലക്കര, വയനാട് വോട്ടെടുപ്പ് നടക്കുന്ന ദിനമായ ഇന്ന് തന്നെ ആത്മകഥയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത് ഇടത് കേന്ദ്രങ്ങളെ ഒന്നാകെ ആശങ്കയില്‍ ആഴ്ത്തിയ കാര്യമായിരുന്നു. കട്ടന്‍ ചായയും പരിപ്പുവടയും, ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന പേരിലായിരുന്നു പുസ്തകത്തിന്റെ കവര്‍ പേജ് ഉണ്ടായിരുന്നത്.

കേസരി ബാലകൃഷ്‌ണപിളള സാഹിത്യപുരസ്കാരം ഡോ. മുഞ്ഞിനാട് പത്മകുമാറിന്

തൃശൂര്‍. പൊയട്രി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ കേസരി ബാലകൃഷ്ണ‌ പിള്ള സാഹിത്യപുരസ്‌കാരം ഡോ. മുഞ്ഞിനാട് പത്മകുമാറിന് ലഭിക്കും. കവിത, ജീവചരിത്രം, വിവർത്തനം, വിമർശനം എന്നീ മേഖലകളിൽ നൽകിയ സമഗ്രസംഭാവനകളെ മുൻനിർത്തിയാണ് പുരസ്കാരം. സാഹിത്യത്തിന്റെ്റെ വിവിധ മേഖലകളിൽ അറുപതോളം കൃതികൾ ഡോ. മുഞ്ഞിനാടിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. സി.രാവുണ്ണി ചെയർ മാനും രാജീവ് ആലുങ്കൽ, എൻ.എസ്.സുമേഷ് കൃഷ്‌ണൻ എന്നി വർ അംഗങ്ങളുമായ കമ്മറ്റിയാണ് ഡോ. മുഞ്ഞിനാടിനെ തെരഞ്ഞെടുത്തത്.

22222 രൂപയും പ്രശസ്തിപത്രവും മയൂരശില്‌പവുമടങ്ങുന്നതാണ് പുരസ്കാരം. നവംബർ 16-ാം തീയതി കേരളപ്പിറവി കവിതകളുടെ പ്രകാശന ചടങ്ങിൽ വച്ച് കേരള സാഹിത്യഅക്കാദമി പ്രസിഡൻ്റ് സച്ചിദാനന്ദൻ പുരസ്കാരം സമ്മാനിക്കും.

പൊയട്രി ഫൗണ്ടേഷന്റെ ഉദ്ഘാടനവും കേസരി ബാലകൃഷ്ണപിള്ള സാഹിത്യ പുരസ്‌കാര സമർപ്പണവും പത്തു കാവ്യസമാഹാരങ്ങളുടെ പ്രകാശനവും 2024 നവംബർ 16-ാം തീയതി ശനിയാഴ്‌ച രാവിലെ പത്തുമണിക്ക് കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ വച്ച് പ്രശസ്‌ത കവി രാവുണ്ണി ഉദ്ഘാടനം ചെയ്യും. പ്രകാശനത്തിനു ശേഷം കാവ്യോത്സവം നടക്കും. ഉച്ചകഴിഞ്ഞ് ചേരുന്ന പൊയട്രി ഫൗണ്ടേഷൻ സാംസ്കാരികസദസ്സ് കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ് സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. പ്രസ്‌തുത ചടങ്ങിൽ വച്ച് പൊയട്രി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ കേസരി ബാലകൃഷ്ണപിള്ള സാഹിത്യപുരസ്‌കാരം ഡോ. മുഞ്ഞിനാട് പത്മകുമാറിന് സച്ചിദാനന്ദൻ സമ്മാനിക്കും. ഡോ. രാവുണ്ണി അദ്ധ്യക്ഷനാകുന്ന ചടങ്ങിൽരാജീവ് ആലുങ്കൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ‘എൻ്റെ കവിത എൻ്റെ ജീവിതം’ എന്ന വിഷയത്തിൽ സംസാരിക്കും. പൊയട്രി ഫൗണ്ടേഷൻ ചെയർമാൻ അജികുമാർ നാരായണൻ, ശിവൻ സുധാലയം, ശ്യാംതറമേൽ, രാജേഷ് ശ്രീധർ, പുഷ്‌പ കൊളവയൽ എന്നിവർ സംസാരിക്കും.

പത്രസമ്മേളനത്തിൽ ഡോ. സി. രാവുണ്ണി, (ചെയർമാൻ അവാർഡ് കമ്മിറ്റി), അജികുമാർ നാരായണൻ, (ചെയർമാൻ പൊയട്രി ഫൗണ്ടേഷൻ), രാജേഷ് ശ്രീധർ, (സെക്രട്ടറി, പൊയട്രി ഫൗണ്ടേഷൻ.) എന്നിവര്‍ പങ്കെടുത്തു.

ശബരിമല തീര്‍ഥാടനം; ഹോട്ടലുകളിലെ വില ഏകീകരിച്ചു

കൊല്ലം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഇടത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലെ ഭക്ഷ്യവസ്തുക്കള്‍ക്ക് വില ഏകീകരിച്ച് ജില്ലാ കളക്ടര്‍ എന്‍. ദേവീദാസ് ഉത്തരവിട്ടു. പുനലൂര്‍ താലൂക്കിലെ പുനലൂര്‍ മുന്‍സിപ്പാലിറ്റി, ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, പത്തനാപുരം താലൂക്കിലെ പത്തനാപുരം ടൗണ്‍, പിറവന്തൂര്‍ പഞ്ചായത്ത് എന്നീ പ്രദേശങ്ങളടങ്ങിയ ഇടത്താവളങ്ങളിലുള്ള ഹോട്ടലുകളിലെ സസ്യ ഭക്ഷണ സാധനങ്ങള്‍ക്കാണ് വില ഏകീകരിച്ചത്.
അമിതവില ഈടാക്കല്‍, അളവില്‍ കുറവ് നല്‍കല്‍ എന്നിവയിലൂടെ തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം. വില നിശ്ചയിച്ച് പ്രസിദ്ധീകരിച്ച വിലവിവരപട്ടിക പുനലൂര്‍, പത്തനാപുരം താലൂക്കിലെ ഇടത്താവളങ്ങള്‍ അടക്കമുള്ള തീര്‍ത്ഥാടന പാതകളിലെ സ്റ്റാര്‍ ഹോട്ടലുകള്‍, റെസ്റ്റോറന്റേകള്‍, ബാര്‍ ഹോട്ടലുകള്‍ എന്നിവ ഒഴികയുള്ള ഹോട്ടലുകളില്‍ ഉപഭോക്താക്കള്‍ കാണത്തക്കവിധം ആറ് ഭാഷകളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണം

കൊല്ലം: ജലജന്യരോഗമായ മഞ്ഞപ്പിത്തത്തിനെതിരെ (ഹെപ്പറ്റൈറ്റിസ് എ) ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗാണുക്കളാല്‍ മലിനമായ കുടിവെള്ളം, ആഹാര പാനീയങ്ങള്‍ എന്നിവ വഴി പകരുന്ന രോഗമാണ് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്എ) രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 15 മുതല്‍ 45 ദിവസത്തിനുള്ളില്‍ മഞ്ഞപ്പിത്ത രോഗലക്ഷണങ്ങള്‍ ഉണ്ടാകാം.
പനി തലവേദന, വിശപ്പില്ലായ്മ ,ഛര്‍ദ്ദി ,ക്ഷീണം, മൂത്രം മഞ്ഞനിറത്തില്‍ കാണപ്പെടുക, കണ്ണുകളില്‍ മഞ്ഞപ്പ് തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.

ശബരിമലയില്‍ പ്രത്യേക കാലാവസ്ഥ പ്രവചനം

ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക കാലാവസ്ഥ പ്രവചനവുമായി തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിങ്ങനെ ശബരിമല തീര്‍ഥാടനകേന്ദ്രത്തെ മൂന്ന് സ്റ്റേഷനുകളായി തിരിച്ചാണ് പ്രവചനം. അടുത്ത മൂന്നുമണിക്കൂറില്‍ മഴയ്ക്ക് സാധ്യതയുണ്ടെങ്കില്‍ അത് അറിയിക്കുന്ന തത്സമയ മഴ മുന്നറിയിപ്പും നല്‍കും.

വജ്ര ജൂബിലി, മുഖ്യമന്ത്രിയെ സ്വീകരിക്കാനൊരുങ്ങി കെഎസ്എം ഡിബി കോളജ്

ശാസ്താംകോട്ട. കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയല്‍ ദേവസ്വം ബോര്‍ഡ് കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ 19ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അറുപതിന്റെ നിറവില്‍ ഡിബികോളജ് ഒരു വര്‍ഷം നീളുന്ന ജൂബിലി ആഘോഷങ്ങള്‍ക്ക് ഒരുങ്ങുകയാണ്. 18ന് വിളംബര ജാഥ, 19ന് രാവിലെ ടൗണില്‍ നിന്ന് ഘോഷയാത്ര, തുടര്‍ന്ന് പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും ഉച്ചഭക്ഷണം വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. 20ന് പൂര്‍വാധ്യാപകര്‍ പങ്കെടുക്കുന്ന ഗുരുവന്ദനം, 21ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍പങ്കെടുക്കുന്ന മാധ്യമ സെമിനാര്‍ എന്നിവയാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടികള്‍.
മുഖ്യമന്ത്രിയുടെ പരിപാടിക്കായി ആദ്യം കോളജ് ഓഡിറ്റോറിയം ഉദ്ദേശിച്ചുവെങ്കിലും സുരക്ഷാകാരണങ്ങളാല്‍ പരിപാടി പുറത്ത് പന്തലിലേക്ക് മാറ്റി. ഇതിനായി കൂറ്റന്‍ പന്തല്‍ ഉയരുന്നുണ്ട്. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ തകൃതിയായി നടന്നുവരുന്നു

ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നിന്നും പമ്പാ ബസ് സർവീസ് ആരംഭിച്ചു

ശാസ്താംകോട്ട. ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നിന്നും പമ്പാ ബസ് സർവീസ് ആരംഭിച്ചു. വൃശ്ചികം ഒന്ന് ശനിയാഴ്ച മുതൽ, വൈകിട്ട് 6:30ന് കരുനാഗപ്പള്ളി ആരംഭിച്ച 7:00 മണിക്ക് ശ്രീധർമ്മശാസ്താക്ഷേത്രത്തിലെത്തുന്നതുംഅവിടെ നിന്നും അയ്യപ്പഭക്തരെയും കയറ്റി പമ്പയ്ക്ക് പോകുന്നതാണെന്ന് ക്ഷേത്ര ഉപദേശ സമിതിക്ക് വേണ്ടി പ്രസിഡന്റ് കെ പി അജിതകുമാർ, സെക്രട്ടറി കേരള ശശികുമാർ, വൈസ് പ്രസിഡണ്ട് രാധാകൃഷ്ണ പിള്ള എന്നിവർ അറിയിച്ചു