വിരമിച്ച ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്റെ ജഴ്‌സി നമ്പര്‍ ഇനി ആര്‍ക്കും കൊടുക്കില്ല. ഹോക്കിയില്‍ ശ്രീജേഷിന്റെ സംഭാവനകള്‍ പരിഗണിച്ച് ഹോക്കി ഇന്ത്യയാണ് അദ്ദേഹം രണ്ട് പതിറ്റാണ്ടോളം ധരിച്ചിരുന്ന 16-ാം നമ്പര്‍ ജഴ്സി ഇനി മറ്റാര്‍ക്കും നല്‍കേണ്ട എന്ന തീരുമാനം അറിയിച്ചത്. ശ്രീജേഷ് ഇനി ജൂനിയര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക പദവി ഏറ്റെടുക്കുമെന്ന് ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ ഭോല നാഥ് സിങ് അറിയിച്ചു.
വയനാട് ദുരന്തബാധിതര്‍ക്ക് ആറ് ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ധനസഹായമായി നല്‍കും
വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആറ് ലക്ഷം രൂപ ധനസഹായം അനുവദിക്കും. എസ്ഡിആര്‍എഫില്‍ നിന്ന് 4 ലക്ഷം രൂപ അനുവദിക്കുന്നതിനു പുറമേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 2 ലക്ഷം രൂപ കൂടി ചേര്‍ത്താണ് ആറ് ലക്ഷം രൂപ ലഭിക്കുക. കാണാതായവരുടെ ആശ്രിതര്‍ക്കും സഹായം നല്‍കുമെന്ന്, മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 75,000 രൂപയും കുറഞ്ഞ അംഗവൈകല്യത്തിന് 50,000 രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വാടക വീടുകളിലേക്ക് മാറിത്താമസിക്കേണ്ടിവരുന്ന ഒരു കുടുംബത്തിന് പ്രതിമാസം 6000 രൂപ വരെ നല്‍കും. ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങള്‍ക്കും ഇത് ലഭിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സൗജന്യ താമസമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സര്‍ക്കാര്‍ ഉടമസ്ഥതയിലും പൊതു ഉടമസ്ഥതയിലും സ്വകാര്യ വ്യക്തികള്‍ സൗജന്യമായി നല്‍കുന്ന വീടുകള്‍ക്കും ഇത്തരത്തില്‍ വാടക നല്‍കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കുന്നതിനായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 2018 നു സമാനമായി, വിവിധ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക്, യുണിവേഴ്സിറ്റികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍, ഡയറക്ടറേറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് ഡ്യപ്ലിക്കേറ്റ്/പുതുക്കിയ രേഖകള്‍ നല്‍കുമ്പോള്‍ യാതൊരുവിധ ഫീസും ഈടാക്കാന്‍ പാടുള്ളതല്ല എന്നും ഉത്തരവ് നല്‍കിയിട്ടുണ്ട്.
പാലരുവി എക്‌സ്പ്രസ് നാളെ മുതല്‍ തൂത്തുക്കുടിയിലേക്ക്
പാലക്കാട്: പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് നാളെ മുതല്‍ തൂത്തുക്കുടിയിലേക്ക്. തൂത്തുക്കുടിയിലേക്കുള്ള സര്‍വീസിന്റെ ഫ്‌ലാഗ് ഓഫ് പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നാളെ വൈകീട്ട് 3.45ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിക്കും.
എറണാകുളം ഹൗറ അന്ത്യോദയ എക്‌സ്പ്രസിന്റെ ആലുവയിലെ സ്റ്റോപ്പും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.05ന് പാലക്കാട് നിന്നു പുറപ്പെടുന്ന പാലരുവി എക്‌സ്പ്രസ് പിറ്റേന്നു രാവിലെ തൂത്തുക്കുടിയിലെത്തും. തുടക്കത്തില്‍ പുനലൂര്‍ വരെയായിരുന്ന സര്‍വീസ് പിന്നീട് ചെങ്കോട്ടയിലേക്കും രണ്ടു വര്‍ഷം മുമ്പ് തിരുനല്‍വേലിയിലേക്കും നീട്ടുകയായിരുന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആഗസ്റ്റ് മാസത്തെ ഭണ്ഡാര വരവ് 4.3 കോടിരൂപ
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആഗസ്റ്റ് മാസത്തെ ഭണ്ഡാര വരവായി 4.38, 55787 രൂപയും 1 കിലോ 819 ഗ്രാം സ്വര്‍ണവും 11 കിലോ വെള്ളിയും ലഭിച്ചു. ധനലക്ഷ്മി ബാങ്കിനായിരുന്നു ഭണ്ഡാരം എണ്ണുന്നതിന്റെ ചുമതല.
എസ്ബിഐയുടെ ഇ- ഭണ്ഡാര വരവായി 2.50 ലക്ഷം രൂപയും ലഭിച്ചു. നിരോധിച്ച രണ്ടായിരം രൂപയുടെ പതിനാറ് നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ 20 നോട്ടുകളും അഞ്ഞൂറിന്റെ 46 കറന്‍സിയും ലഭിച്ചതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്‍പ്പനശാലകള്‍ നാളെ പ്രവര്‍ത്തിക്കില്ല
സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്‍പ്പനശാലകള്‍ നാളെ പ്രവര്‍ത്തിക്കില്ല. കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കും. പതിവ് ഡ്രൈഡേയ്ക്ക് പുറമെ, തിരുവോണം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയ്ക്കും ബെവ്കോയ്ക്ക് അവധിയാണ്.
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുലിനേയും ഭാര്യയേയും കൗൺസിലിംഗിന് വിട്ട് ഹൈക്കോടതി
കൊച്ചി.പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുലിനേയും ഭാര്യയേയും കൗൺസിലിംഗിന് വിട്ട് ഹൈക്കോടതി. ഇതിൽ റിപ്പോർട്ട് ലഭിച്ചശേഷം കേസ് റദ്ദാക്കുന്നതില്‍ തീരുമാനമെടുക്കും. റിപോർട്ട് മുദ്രവെച്ച കവറിൽ ഹാജരാക്കാനും കോടതി ഉത്തരവിട്ടു.
ഹൈക്കോടതി നിർദേശ പ്രകാരം പന്തീരങ്കാവ് ഗാർഹിക പീഡനകേസിലെ പ്രതി രാഹുല്‍ പി ഗോപാലും പരാതിക്കാരിയും കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നൽകി. ആദ്യം പെണുകുട്ടിയോടാണ് ജസ്റ്റിസ് ബദറുദ്ദീൻ കാര്യങ്ങൾ തിരക്കിയത്. തനിക്ക് പരാതിയില്ലെന്നും ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു. പിന്നീട് രാഹുലിനോട് ഭാര്യയെ ഉപ്രദവിച്ചിരുന്നോയെന്ന് ചോദിച്ചു. ഉപദ്രവിച്ചിട്ടില്ലെന്ന മറുപടിയാണ് നൽകിയത്. ശേഷം സർക്കാർ അഭിഭാഷകൻ റിപ്പോർട്ട് കോടതിയിൽ വായിച്ചു.
പരാതിക്കാരിയുടെ ശരീരത്തിൽ മാരകമായ മുറിവുകൾ ഉണ്ടായിരുന്നുവെന്നും പരാതി കിട്ടിയത് ശേഷം രാഹുൽ മുങ്ങി എന്നും അഭിഭാഷകൻ പറഞ്ഞു. രാഹുല്‍ പി ഗോപാലിനെതിരായ പരാതിക്കാരിയുടെ ആക്ഷേപം ഗൗരവതരമാണെന്നും എന്നാല്‍ ഒരുമിച്ചുള്ള ജീവിതത്തിന് കേസ് തടസമാകരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടർന്നാണ് ഇരുവർക്കും കൗണ്‍സിലിംഗ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നൽകിയത്. ഇതിൻ്റെ റിപ്പോർട്ട് 27 ന് സമർപിക്കണമെന്നും കോടതി ഉത്തരവിട്ടു. കൗൺസിലിംഗ് റിപ്പോർട്ട് തൃപ്തികരം എങ്കിൽ അവരെ ഒരുമിച്ചു വിടുമെന്നും കോടതി വ്യക്തമാക്കി.
ചേലക്കരയിൽ ഓട്ടോഡ്രൈവര്‍ക്ക് ആൾക്കൂട്ട മർദ്ദനം,വാഹനം തകര്‍ത്തു
ചേലക്കര. ഓട്ടോഡ്രൈവര്‍ക്ക് ആൾക്കൂട്ട മർദ്ദനം. ഓട്ടോറിക്ഷയും തല്ലിത്തകർത്തു. വെങ്ങാനെല്ലൂർ സ്വദേശി നെല്ലിപ്പറമ്പിൽ അനീഷിനെയാണ് ഉദുവടിയിൽ വെച്ച് ആൾക്കൂട്ടം മർദിച്ചതായി പരാതി. മർദ്ദനത്തിൽ അനീഷിന്റെ ശരീത്തിൽ പല ഭാഗങ്ങളിലും ക്ഷതമേറ്റു. ഓട്ടോറിക്ഷയുടെ ഗ്ലാസ് അക്രമികൾ തല്ലിത്തകർത്തു
അനീഷ് ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ചേലക്കരയിൽ നിന്നും ഓട്ടോ വിളിച്ചു പോയ ഉദുവടി സ്വദേശി യാത്രക്കാരന്റെ നേതൃത്വത്തിലാണ് ആൾക്കൂട്ടം മർദ്ദനം. ഉദുവടി പള്ളിക്ക് സമീപം ഇന്നലെ രാത്രി 9.30 ഓടുകൂടി ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൽ ചേലക്കര പോലീസിൽ പരാതി നൽകി, പോലീസ് അന്വേഷണം ആരംഭിച്ചു
വിദേശത്ത് നിന്ന് തിരുവനന്തപുരത്ത് വന്നയാളെ തട്ടികൊണ്ടു പോയ സംഭവം,നിർണായക മൊഴി പോലീസിന് ലഭിച്ചു
തിരുവനന്തപുരം. വിദേശത്ത് നിന്ന് തിരുവനന്തപുരത്ത് വന്നയാളെ തട്ടികൊണ്ടു പോയെന്ന് പരാതി. വിമാനത്താവളത്തിന് സമീപം ഓട്ടോയിൽ കയറിയ ആളെയാണ് തടഞ്ഞു നിർത്തി തട്ടിക്കൊണ്ടു പോയത്.സംഭവത്തിൽ മുഖ്യ സാക്ഷിയായ ഓട്ടോറിക്ഷാ ഡ്രൈവറുടെ നിർണായക മൊഴി പോലീസിന് ലഭിച്ചു. വഞ്ചിയൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിന് സമീപത്ത് നിന്ന് പുലർച്ചെ 12.30 മണിക്കാണ് യുവാവ് ഓട്ടോയിൽ കയറിയത്. തമ്പാനൂർ ബസ് സ്റ്റാർഡിൽ കൊണ്ടു വിടണമെന്ന് ഡ്രൈവർ വൈശാഖിനോട് ആവശ്യപ്പെട്ടു. തിരുനെൽവേലിക്ക് പോകാനാണെന്നും ഇയാൾ പറഞ്ഞു. ബസ് സ്റ്റാൻഡിലേക്ക് പോകുന്ന വഴിക്ക് തകരപ്പറമ്പ് ഭാഗത്ത് വച്ച് ഓട്ടോ തടഞ്ഞുനിർത്തി രണ്ടു കാറുകളിലായി വന്ന സംഘം ബലം പ്രയോഗിച്ച് ഇയാളെ പുറത്തിറക്കി..മർദ്ദിച്ച് കാറിൽ കയറ്റി. ചോദിക്കാനെത്തിയ ഡ്രൈവറെയും സംഘം മർദിച്ചു.
വെള്ളയും, ചാരയും നിറത്തിലുള്ള കേരള രജിസ്ട്രേഷനിലുള്ള രണ്ടു വണ്ടികളിലായാണ് സംഘമെത്തിയതെന്നാണ് പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഓട്ടോ സ്റ്റാൻഡിന് സമീപം ഈ വാഹനങ്ങൾ നേരത്തെ പാർക്ക് ചെയ്തതയി ശ്രദ്ധയിൽ പെട്ടതായി ഓട്ടോ റിക്ഷാ തൊഴിലാളികൾ പറഞ്ഞു. തട്ടിക്കൊണ്ടു പോയത് ആരെയാണെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.പ്രതികൾ സഞ്ചരിച്ച കാർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ നോക്കി കാർ പോയ ദിശ കണ്ടെത്താനാണ് ശ്രമം. കാർ പ്രതികൾ വാടകക്കെടുത്തതാണെന്ന് വ്യക്തമായിട്ടുണ്ട്. ഡ്രൈവറുടെ പരാതിയിൽ വഞ്ചിയൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി
തൃശ്ശൂർ. ചേലക്കരയിൽ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി
ചേലക്കര ഗവ എസ്എംടി സ്കൂളിലെ 5-ാം ക്ലാസ് വിദ്യാർഥി ചീപ്പാറവീട്ടിൽ അബ്ദുൾസിയാദിൻ്റെ മകൻ പത്തു വയസുള്ള അസിം സായിദാണ് മരിച്ചത്.ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. സ്കൂളിൽ നിന്നും നേരം വൈകി എത്തിയത് മാതാവ് ചോദ്യം ചെയ്തതിനെ തുടർന്നുള്ള മനോവിഷമായത്തിലാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.ചേലക്കര പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
വിദ്യാർഥിയുടെ മരണത്തെ തുടർന്ന് ചേലക്കര ഗവ. എസ്എംടി സ്കൂളിനിന്ന് അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പൂരം പഴയ പെരുമയോടെ നടത്തുകയാണ് ലക്ഷ്യം,സുരേഷ് ഗോപി
തൃശ്ശൂർ പൂരം വെടിക്കെട്ടിൻ്റെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ഉന്നത തലയോഗം. വെടിക്കെട്ട് കാണുന്നതിനുള്ള ദൂരപരിധി ഫയർ ലൈനിൽ നിന്ന് 100 മീറ്റർ എന്നത് 60 മീറ്റർ ആക്കി ചുരുക്കാനാണ് ആലോചന. ചില സാങ്കേതിക മാറ്റത്തോടെ പൂരം പഴയ പെരുമയിൽ നടത്താനാണ് നീക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
വെടിക്കെട്ടിന്റെ ഫയർ ലൈനിൽ നിന്ന് 100 മീറ്റർ അകലെ നിന്നു മാത്രമാണ് വെടിക്കെട്ട് വീക്ഷിക്കാൻ ആകുക. കേന്ദ്രസർക്കാരിന് കീഴിലെ പെസോയുടെ നിർദ്ദേശം 60 മീറ്റർ ആക്കി ചുരുക്കുന്നതിനുള്ള സാധ്യതയാണ് യോഗം പരിശോധിക്കുന്നത്. കേന്ദ്രസർക്കാരിൻറെ കൂടി അനുമതിയോടെ യോഗത്തിന്റെ നിർദ്ദേശം ഹൈക്കോടതിയെ ധരിപ്പിക്കാനും അതുവഴി ഇളവ് നേടാനുമാണ് നീക്കം. പൂരം പഴയ പെരുമയോടെ നടത്തുകയാണ് ലക്ഷ്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ചേർന്ന ഉള്ളതു തല യോഗത്തിൽ ജില്ലയിൽ നിന്നുള്ള മന്ത്രിമാർക്ക് പുറമേ കളക്ടറും, കമ്മീഷണറും, പെസോ പ്രതിനിധികളും പങ്കെടുത്തു. വെടിക്കെട്ട് നടക്കുന്ന പ്രദേശത്ത് ഉന്നതലസംഘം ഇന്ന് പരിശോധനയും നടത്തും.