28.8 C
Kollam
Wednesday 17th December, 2025 | 08:39:26 PM
Home Blog Page 1885

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു: ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

കാസര്‍കോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. നീലേശ്വരം തേര്‍വയല്‍ സ്വദേശി മകം വീട്ടില്‍ പത്മനാഭന്‍ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പത്മനാഭന്‍. ഇതോടെ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കിണാവൂര്‍ സ്വദേശി രജിത്, രതീഷ്, സന്ദീപ്, നീലേശ്വരം കൊല്ലം പാറ സ്വദേശി ബിജു, ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ് എന്നിവര്‍ മരിച്ചിരുന്നു. അപകടത്തില്‍ 50 ശതമാനത്തിലേറെ ബിജുവിന് പൊള്ളലേറ്റിരുന്നു. സന്ദീപിന് 90 ശതമാനമാണ് പൊള്ളലേറ്റത്. വെടിക്കെട്ടപകടത്തില്‍ നൂറിലേറെ പേര്‍ക്കാണ് പരുക്കേറ്റത്.

കളിയാട്ടത്തിന്റെ ആദ്യദിനം രാത്രി 12 മണിക്കാണ് സംഭവം നടക്കുന്നത്. ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിക്കുകയായിരുന്നു. പടക്കശേഖരം സൂക്ഷിച്ചിരുന്ന കമ്പപ്പുരയും വെടിക്കെട്ട് സ്ഥലവും തമ്മിലുള്ള ദൂരം വെറും മൂന്നരയടി മാത്രം. നൂറ് മീറ്റര്‍ അകലം വേണമെന്ന ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയായിരുന്നു വെടിക്കെട്ട്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ചുതോറ്റ ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് അപകടം. അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കത്തിന് തിരികൊളുത്തിയ രാജേഷ് എന്നിവര്‍ക്കാണ് ഹോസ്ദുര്‍ഗ് സി ജെ എം കോടതി ജാമ്യം അനുവദിച്ചിരുന്നു.

ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കാൻ ഭോപ്പാലിലേക്ക് പോകുന്ന കേരള ടീമിന് വിമാനടിക്കറ്റ് ഉറപ്പാക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം.ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കാൻ ഭോപ്പാലിലേക്ക് പോകുന്ന കേരള ടീമിന് വിമാനടിക്കറ്റ് ഉറപ്പാക്കി വിദ്യാഭ്യാസ വകുപ്പ്. ട്രെയിൻ ടിക്കറ്റ് ഇല്ലാത്തിനാൽ കായിക താരങ്ങളുടെ യാത്ര മുടങ്ങിയത് പുറത്ത് വന്നതോടെയാണ് അധികൃതര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. .

ഏറെ പ്രതീക്ഷയോടെയാണ് കുട്ടിതാരങ്ങൾ ബാഡ്മിന്റൺ മത്സരത്തിനായി ഭോപ്പാലിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. എന്നാൽ താരങ്ങൾക്കുള്ള ട്രെയിൻ ടിക്കറ്റ് ഉറപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് പരാജയപ്പെട്ടിരുന്നു.

വാർത്ത പുറത്ത് വന്നതോടെ വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു. വിമാന ടിക്കറ്റെടുക്കാൻ മന്ത്രി തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് നിർദേശം നൽകി.നവംബർ 17ന് ഭോപ്പാലിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ 20 കായിക തരങ്ങളാണ് പങ്കെടുക്കുക. നാളെ 15 പേർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും എട്ടുപേർ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഭോപ്പാലിലേക്ക് തിരിക്കും.

ചക്കുവള്ളി കൊച്ചുതെരുവ് മുക്കിൽ നിന്നും 8 വർഷം മുമ്പ് കാണാതായ അൻഷാദിനെ കോഴിക്കോട് നിന്നും സുഹൃത്തുക്കൾ കണ്ടെത്തി

ചക്കുവള്ളി:പ്രാർത്ഥനകൾക്കും കാത്തിരിപ്പിനും വിരാമമിട്ട് എട്ട് വർഷം മുമ്പ് ചക്കുവള്ളി കൊച്ചുതെരുവ് മുക്കിൽ നിന്നും കാണാതായ പോരുവഴി സ്വദേശി അൻഷാദ് മടങ്ങിയെത്തിയപ്പോൾ,മകനെയോർത്ത് കണ്ണീരൊഴുക്കി കഴിഞ്ഞിരുന്ന ഉമ്മ സന്തോഷം കൊണ്ട് വീണ്ടും കണ്ണീരണിഞ്ഞു.

വർഷങ്ങൾക്കു മുമ്പ് അൻഷാദിനെ അപ്രതീക്ഷിതമായി കാണാതാവുമ്പോൾ ഉറ്റവരും ഉടയവരുമെല്ലാം നാടാകെ തേടിയലഞ്ഞു.പോലീസും, നാട്ടുകാരുമടക്കം ഒരുപാട് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.വർഷങ്ങൾ പലത് കഴിഞ്ഞതോടെ അന്വേഷണം വഴിമുട്ടി.എങ്കിലും ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും മനസ്സിൽ നോവായി അൻഷാദ് നിറഞ്ഞു നിന്നു.എവിടെ പോയാലും അവരുടെ അന്വേഷണം നീണ്ടു.ഒടുവിൽ അതിന് ഫലപ്രാപ്തിയുണ്ടായി,ബിസിനസിൻ്റെ ഭാഗമായി കോഴിക്കോട് എത്തിയ അൻഷാദിൻ്റെ സുഹൃത്തുക്കളായ
അഷ്‌കർ ചക്കുവള്ളിയും നിയാസ് ചക്കുവള്ളിയും ചേർന്ന് നഗരത്തിൽ തങ്ങളുടേതായ നിലയിൽ ഒരന്വേഷണം നടത്തി.അങ്ങനെ കോഴിക്കോട് പാളയത്ത് വച്ച് അൻഷാദിനെ അവർ കണ്ടെത്തി.കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയപ്പോൾ നാട്ടിലേക്ക് വരാൻ താല്പര്യം പ്രകടിപ്പിച്ചു.ചെറിയ ചെറിയ തൊഴിലുകൾ ചെയ്ത് പാളയത്ത് കഴിയുകയായിരുന്നു അൻഷാദ്.വിവരം നാട്ടിൽ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ചക്കുവള്ളിയിൽ നിന്നും ഷെഫീഖ് അർത്തിയിൽ,ഹാരീസ് ചക്കുവള്ളി,അസീം അർത്തി കിഴക്കതിൽ,ബിജു ഞാറക്കാട്,ബഷീർ പ്ലാമൂട്ടിൽ എന്നിവർ എത്തി വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയായിരുന്നു.

ശബരിമല തീർത്ഥാടനത്തിന് 7 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

ശബരിമല തീർത്ഥാടനത്തിന് റെയിൽവേ ഇതുവരെ അനുവദിച്ചത് 7 സ്പെഷ്യൽ ട്രെയിനുകൾ. കൂടുതൽ ട്രെയിനുകൾ പരിഗണനയിൽ

എല്ലാ ട്രെയിനുകൾക്കും ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

06083/83 – തിരുവനന്തപുരം നോർത്ത് –  എസ് എം വി ടി ബാംഗ്ലൂർ

07141/42 – മൗലാ അലി ( ഹൈദരാബാദ്) – കൊല്ലം

07139/40 ഹുസൂർ സാഹിബ് നന്ദേഡ് – കൊല്ലം

06119/20 എംജിആർ ചെന്നൈ –  കൊല്ലം AC ഗരീബ് എക്സ്പ്രസ്

06117/18 എംജിആർ ചെന്നൈ –  കൊല്ലം

06113/14 എംജിആർ ചെന്നൈ –  കൊല്ലം

06111/12 എംജിആർ ചെന്നൈ –  കൊല്ലം

വയനാടിനു തരാനുള്ളതൊക്കെ തന്നു; ഇനിയൊന്നുമില്ലന്ന് കേന്ദ്രത്തിൽനിന്ന് കത്ത്,മിണ്ടാട്ടമില്ലാതെ ബി ജെ പി നേതാക്കൾ

ന്യൂഡൽഹി: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വയനാടിനായി പ്രത്യേക കേന്ദ്ര സഹായമൊന്നും കിട്ടില്ലെന്ന് ഉറപ്പായി. ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് കേരള സർക്കാരിന്‍റെ ന്യൂഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകിയിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ഇതിനു നൽകിയ മറുപടിയിലാണ് സഹായം ഔദ്യോഗികമായി നിഷേധിച്ചിരിക്കുന്നത്.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥ നിലവിലില്ലെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലുപരി, വിജ്ഞാപനം ചെയ്യപ്പെട്ട 12 തരം പ്രകൃതിദുരന്തങ്ങളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരാണ് സാമ്പത്തിക സഹായം നൽകേണ്ടതെന്നും പറയുന്നു. സംസ്ഥാന ദുരിതാശ്വാസ നിധിയിൽ (SDRF) നിന്ന് ഈ തുക നൽകണമെന്നും കേന്ദ്രമന്ത്രി.

അതേസമയം, വലിയ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (NDRF) ദുരിതാശ്വാസം നൽകാൻ വ്യവസ്ഥയുണ്ട്, എന്നാൽ, നഷ്ടപരിഹാരം നൽകാനാവില്ല. കേന്ദ്രത്തിൽനിന്നുള്ള മന്ത്രിതല സംഘം നേരിട്ട് സന്ദർശിച്ചു നടത്തുന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇതു തീരുമാനിക്കുണ്ടത്. എന്നാൽ, സംസ്ഥാന ദുരിതാശ്വാസ ഫണ്ടിൽ ആവശ്യത്തിനു പണമുള്ളതിനാൽ ഇതും കിട്ടില്ല

കേന്ദ്ര ഫണ്ടിൽ നിന്ന് പണം അനുവദിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു കത്തിൽ അർധശങ്കയ്ക്കിടമില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ 388 കോടി രൂപ കേരള സർക്കാരിന്‍റെ സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് അനുവദിച്ചിട്ടുണ്ട്. ഇതിൽ 96.80 കോടി രൂപ സംസ്ഥാനത്തിന്‍റെ തന്നെ വിഹിതമാണ്. കേന്ദ്ര വിഹിതമായ 291.20 കോടി രൂപ രണ്ട് ഗഡുക്കളായി ജൂലൈ 31നും ഒക്റ്റോബർ ഒന്നിനും സംസ്ഥാനത്തിനു കൈമാറിക്കഴിഞ്ഞു. ഇതുകൂടാതെ, സംസ്ഥാന ദുരിതാശ്വാസ ഫണ്ടിൽ 394.99 കോടി രൂപ മിച്ചമുള്ളതായി സംസ്ഥാന അക്കൗണ്ടന്‍റ് ജനറൽ റിപ്പോർട്ടും നൽകിയിട്ടുണ്ട്. ഇത്തരത്തിൽ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക സംസ്ഥാനത്തിന്‍റെ പക്കൽ ഉണ്ടെന്നു ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിൽ നിന്ന് അധിക സഹായം അനുവദിക്കാത്തതെന്നും കത്തിൽ പറയുന്നു.

കേന്ദ്ര നിലപാടിൽ പ്രതിഷേധവുമായി ഇടത് മുന്നണി നേതാക്കൾ രംഗത്തെത്തി.കേന്ദ്ര സർക്കാരിൻ്റെ നയത്തിനെതിരെ കടുത്ത പ്രതിഷേധത്തിനൊരുങ്ങുകയാണ് ഇടത് പക്ഷം.പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ഇത് പ്രചരണ ആയുധമാക്കാനാണ് എൽഡിഎഫ് നീക്കം. എന്നാൽ ഈ വിഷയത്തിൽ ബിജെപി നേതാക്കളുടെ മൗനം തുടരുകയാണ്.

കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനത്തിനായി മാർക്കറ്റിംഗ് ക്വിയോസ്ക്

കരുനാഗപ്പള്ളി. നഗരസഭാങ്കണത്തിൽ കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനത്തിനായി മാർക്കറ്റിംഗ് ക്വിയോസ്ക് പ്രവർത്തനം ആരംഭിച്ചു. കുടുംബശ്രീ cds ൻ്റെ നേതൃത്വത്തിലാണ് സ്ഥിര വിപണനം ആരംഭിച്ചത്. ജില്ലാ മിഷൻ്റെ മൂന്ന് ലക്ഷം രൂപയുടെ സഹായത്തോടെയാണ് മാർക്കറ്റിംഗ് ക്വിയൊ സ്കിൻ്റെ നിർമ്മാണം നടത്തിയത്.കുടുംബശ്രീ പ്രവർത്തകർ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ സ്ഥിരമായി വി പ ണ നം നടത്തി വരുമാനം വർദ്ധിപ്പിക്കുക എന്നതാണിതിൻ്റെ ലക്ഷ്യം.കരുനാഗപ്പള്ളി നഗരസഭയിലെ ആയിരത്തിലധികം വരുന്ന സംരംഭകർക്ക് ഈ വിപണന കേന്ദ്രം സഹായകരമാകും.ഇതിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ കോട്ടയിൽ രാജ്യ ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ ചെയർപെഴ്സൺ ഷീബ അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റജി ഫോട്ടോ പാർക്ക് ആദ്യ വിൽപ്പന നിർവ്വഹിച്ചു.നഗരസഭ വൈസ് ചെയർപെഴ്സൻ സുനിമോൾ , പടിപ്പുര ലത്തീഫ് ,ഇന്ദുലേഖ തുടങ്ങിയ നഗരസഭാംഗങ്ങളും കുടുംബശ്രീ പ്രവർത്തകരും പങ്കെടം ത്തു.

ഭരണകര്‍ത്താക്കള്‍ തൊഴിലാളികളുടെ മുഖം ഓര്‍മ്മിക്കണം-ചിറ്റൂമൂല നാസര്‍

കരുനാഗപ്പള്ളി: പണിയെടുക്കുന്ന തൊഴിലാളികളുടെ മുഖം ഓര്‍ത്തുവേണം ഭരണകര്‍ത്താക്കള്‍ ഭരിക്കേണ്ടതെന്ന് ചുമട്ടുത്തൊഴിലാളി ഫെഡറേഷന്‍ ഐ.എന്‍.റ്റി.യു.സി സംസ്ഥാന ട്രഷറര്‍ ചിറ്റൂമൂല നാസര്‍ പ്രസ്താവിച്ചു. തൊഴിലാളി -സംരംഭക സൗഹൃദ അന്തരീക്ഷം കാത്തു സൂക്ഷിക്കേണ്ട സര്‍ക്കാര്‍ തൊഴിലാളികളെ ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചുമട്ടത്തൊഴിലാളികളെ ഇ.എസ്.ഐ പരിധിയില്‍ കൊണ്ട് വരിക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുക, നിയമം പരിഷ്‌ക്കരിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ചുമട്ടു തൊഴിലാളി ഫെഡറേഷന്‍ ഐ.എന്‍.റ്റി.യു.സി യുടെ നേതൃത്വത്തില്‍ കേരളത്തിലെ മുഴുവന്‍ ക്ഷേമനിധി ഓഫീസകള്‍ക്കു മുന്നിലും നടത്തിയ മാര്‍ച്ചും ധര്‍ണ്ണയുടെയും ഭാഗമായി കരുനാഗപ്പള്ളി ഉപകാര്യാലയത്തിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുടിയില്‍ മുഹമ്മദ് കുഞ്ഞിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ധര്‍ണ്ണയില്‍ വൈ.ഷാജഹാന്‍, ബാബു അമ്മവീട്, തടത്തില്‍ സലീം, എം.നിസാര്‍, കൃഷ്ണപിള്ള, ഷഹാറുദീന്‍, യൂസുഫ് കുഞ്ഞ്, എം പി സുരേഷ് ബാബു, ഷാജി കൃഷ്ണന്‍, രമേശ് ബാബു, കെ.എം.കെ സത്താര്‍, സുനില്‍ കൈലാസം, ബിനു ക്ലാപ്പന, തുളസി, ദിലീപ് കളരിക്ക മണ്ണേല്‍ എന്നിവര്‍ പ്രസംഗിച്ചു. കേരള ഫീഡ്‌സ് ഫെക്ട്ടറിക്കുമുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് സബീര്‍ വവ്വാകാവ്, അനിയന്‍ വിളയില്‍, അന്‍സാര്‍ പുതിയകാവ്, രവീന്ദ്രന്‍ പിള്ള, താരഭാവനം ശശി, നിസാര്‍ കുരുങ്ങാട്ട് എന്നിവര്‍ നേതൃത്വം നൽകി

തൊടിയൂരില്‍ കുടിവെള്ളം സംബന്ധിച്ച മുന്നറിയിപ്പ്

കരുനാഗപ്പള്ളി. കേരള വാട്ടർ അതോറിറ്റി ചവറ പി. എച്ച്. സെക്ഷൻ്റെ പരിധിയിലുള്ള തൊടിയൂർ ഗ്രാമപഞ്ചായത്തിലെ പാട്ടുപുരയ്ക്കൽ ,വട്ടത്തറ ,കേരള ഫീഡ്സ് (കല്ലേലിഭാഗം നോർത്ത്) എന്നീ പമ്പ്ഹൗസുകളിൽ നിന്നും വിതരണം ചെയ്യുന്ന ജലത്തിൻ്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി 15/11/2024 വെള്ളിയാഴ്ച സൂപ്പർക്ലോറിനേഷൻ നടത്തുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു

ഈ പഞ്ചായത്തിലെ 1 മുതൽ 8 വരെയും,14 മുതൽ 17 വരെയും,19 മുതൽ 23 വരെയുമുള്ള വാർഡുകളിൽ ലഭിക്കുന്ന വെള്ളത്തിൽ ക്ലോറിൻ്റെ അളവ് കൂടുതലായിരിക്കും. ആയതിനാൽ ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.

വായു മലിനീകരണം , ഡൽഹി കടുത്ത നിയന്ത്രണങ്ങളിലേക്ക്

ന്യൂഡെല്‍ഹി.വായു മലിനീകരണം അപകടകരമായ ഡൽഹി കടുത്ത നിയന്ത്രണങ്ങളിലേക്ക്. നാളെ രാവിലെ മുതൽ നിർമ്മാണ പ്രവർത്തങ്ങൾക്ക് നിരോധനം. വാഹനങ്ങൾക്കും നിയന്ത്രണം. കഴിഞ്ഞ രണ്ടു ദിവസങ്ങളായി 400 മുകളിലാണ് ഡൽഹിയിലെ വായു ഗുണനിലവാര നിരക്ക്. പുകമഞ്ഞിൽ ദൃശ്യ പരിധി കുറഞ്ഞത് ഡൽഹി വിമാനത്താവളത്തിലെ 300 ലേറെ സർവീസുകളെ ബാധിച്ചു.

ഡൽഹിയിൽ മലിനീകരണം അതീവ രൂക്ഷ മായ സാഹചര്യത്തിൽ ഡൽഹി കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെൻ്റ് ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (GRAP) സ്റ്റേജ്-3 മലിനീകരണ വിരുദ്ധ നടപടികൾ പ്രഖ്യാപിച്ചു. നാളെ രാവിലെ 8 മണിമുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കും. അടിയന്തര സ്വഭാവമില്ലാത്ത മുഴുവൻ നിർമാണപ്രവർത്തങ്ങൾക്കും നിരോധനം ഏർപ്പെടുത്തി.

BS-III-ലെ പെട്രോൾ വാഹനങ്ങളും BS-IV വിഭാഗത്തിലുള്ള ഡീസൽ വാഹനങ്ങളും അനുവദിക്കില്ല. മലിനീകരണം നിയന്ത്രിക്കാൻ കൂടുതൽ സ്പ്രിംഗ്ലറുകൾ ഉപയോഗിക്കും.കഴിഞ്ഞ 48 മണിക്കൂറിൽ ഏറെയായി വായുഗുണ നിലവാര നിരക്ക്, ഗുരുതര വിഭാഗത്തിൽ പെട്ട 400 നു മുകളിലാണ്.

കടുത്ത പുകമഞ്ഞിൽ ദൃശ്യപരിധി കുറഞ്ഞതോടെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 300 വിമാന സർവീസുകൾ വൈകി. വയനാട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നത് ഗ്യാസ് ചേമ്പറിൽ കയറുന്നതുപോലെയെന്നും,ഡൽഹിയിലെ മലിനീകരണം ഓരോ വർഷവും മോശമായിക്കൊണ്ടിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

ദേശീയപാത നീലിപ്പാറയില്‍ കാറിലെത്തിയ ആളെ സിനിമാസ്‌റ്റൈലില്‍ തട്ടിക്കൊണ്ടുപോയി

പാലക്കാട്. ദേശിയപാത നീലിപ്പാറയില്‍ കാറിലെത്തി യാത്രക്കാരനെ സിനിമാസ്‌റ്റൈലില്‍ തട്ടിക്കൊണ്ടുപോയി,ദേശീയപാതയിലൂടെ കിയ കാറില്‍ യാത്ര ചെയ്തിരുന്നയാളെ ബലം പ്രയോഗിച്ച് ഇന്നോവ കാറില്‍ കയറ്റി കൊണ്ടുപോയി,സിനിമാസ്‌റ്റൈല്‍ അക്രമത്തെപ്പറ്റി വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇന്നുച്ചക്ക് രണ്ടുമണിയോടെ ദേശീയപാത നീലിപ്പാറയിലാണ് സംഭവം,ചുവപ്പ് കിയ കാറില്‍ യാത്ര ചെയ്തിരുന്നയാളെ പുറകിലെത്തിയ സംഘം ബലം പ്രയോഗിച്ച് ഇന്നോവ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.

മൂന്ന് ഇന്നോവാ കാറുകളിലായാണ് അക്രമി സംഘം എത്തിയത്,കിയാ കാര്‍ കണ്ണമ്പ്ര റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി,കാറിന്റെ ചില്ലുകള്‍ തകര്‍ത്ത നിലയിലായിരുന്നു,വടക്കഞ്ചേരി പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു