Home Blog Page 1884

സമരം ചെയ്ത 5 വിദ്യാർത്ഥികൾ 33 ലക്ഷം പിഴ അടക്കണം,ഞെട്ടിച്ച് എന്‍ഐടി

കോഴിക്കോട്. സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടിയുമായി കോഴിക്കോട് എൻ ഐ ടി. അഞ്ച് വിദ്യാർഥികൾ 33 ലക്ഷം പിഴ അടക്കണമെന്ന് കാണിച്ച് രജിസ്ട്രാർ നോട്ടീസ് നൽകി. മാർച്ച് 22 ന് നടന്ന രാത്രി നിയന്ത്രണ സമരവുമായി ബന്ധപ്പെട്ടാണ് പിഴ ചുമത്തിയിരിക്കുന്നത്.

രാത്രി ക്യാമ്പസ് വിട്ട് പുറത്തു പോകുന്നത് തടഞ്ഞുള്ള ഉത്തരവിനെതിരെ സമരം നടത്തിയ വിദ്യാർത്ഥികളിൽ നിന്ന് വൻ തുക പിഴ ഈടാക്കാനാണ് എൻ ഐ ടി അധികൃതരുടെ തീരുമാനം. സമരം ചെയ്ത അഞ്ചു വിദ്യാർത്ഥികളിൽ നിന്നായി 33 ലക്ഷം രൂപ ഈടാക്കണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയത്. ഒരു വിദ്യാർഥി 6,61,155 രൂപയാണ് പിഴ അടക്കേണ്ടത്. മാർച്ച് 22-നായിരുന്നു നൈറ്റ് കർഫ്യുവിനെതിരായ വിദ്യാർഥി സമരം. രാവിലെ 7.30 മുതൽ വിദ്യാർത്ഥികൾ നടത്തിയ സമരം കാരണം അധ്യാപകരുൾപ്പെടയുള്ളവർക്ക് അകത്ത് പ്രവേശിക്കാൻ കഴിഞ്ഞില്ല. അന്നത്തെ പ്രവൃത്തി ദിവസം നഷ്ടമായതിനാൽ സ്ഥാപനത്തിനുണ്ടായ നഷ്ടം നികത്താൻ 33 ലക്ഷം രൂപ പിഴ ഈടാക്കണമെന്നാണ് രജിസ്ട്രാറുടെ നോട്ടീസ്. CCTV ദൃശ്യങ്ങൾ, ഫോട്ടോഗ്രാഫ്സ് , മാധ്യമങ്ങൾ സംപ്രേഷണം ചെയ്ത ദൃശ്യങ്ങൾ എന്നിവ പരിശോധിച്ച്, പ്രധാന ഗേറ്റ് അടച്ചുപൂട്ടിയ വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി. ഒരാഴ്ചക്കകം മറുപടി നൽകിയില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. രാത്രി 11 മണിക്ക് ശേഷം ക്യാമ്പസിൽ വിദ്യാർഥികൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയ ഡീനിന്റെ ഉത്തരവിനെതിരെ വലിയ പ്രതിഷേധമുയരുകയും തുടർന്ന് നിയന്ത്രണം പിൻവലിക്കുകയും ചെയ്തിരുന്നു.

ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റും, വെല്ലുവിളിച്ച് ഗതാഗത മന്ത്രിയുടെ പാർട്ടിയുടെ യുവജന വിഭാഗം നേതാവ്

കൊല്ലം.ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റുമെന്ന് വെല്ലുവിളിച്ച് ഗതാഗത മന്ത്രിയുടെ പാർട്ടിയുടെ യുവജന വിഭാഗം നേതാവ്. കേരള യൂത്ത് ഫ്രണ്ട് (ബി)
കൊല്ലം ജില്ലാ പ്രസിഡൻ്റ് രാജേഷ് കുമാറിൻ്റെ ശബ്ദ സന്ദേശമാണ് പ്രചരിക്കുന്നത് .ഒരു വാട്സാപ്പ് ഗ്രൂപ്പിൽ രാജേഷ് കുമാർ
അയച്ച മെസേജാണ് പുറത്തായത്. “ഗണേഷ് കുമാർ മന്ത്രി സ്ഥാനം ഒഴിയും മുമ്പ് കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക്
കളറടിച്ചിരിക്കും”

” കളർ വരുമെന്ന് പറഞ്ഞാൽ അത് വന്നിരിക്കും. ഒരു മാറ്റവുമില്ല “. സുഹൃത്തുക്കൾക്ക് ഇടയിൽ പറഞ്ഞ കാര്യമാണെന്നും, പാർട്ടി നിലപാട് അല്ലെന്നുമാണ് രാജേഷ് കുമാറിൻ്റെ വിശദീകരണം. ബസിൻ്റെ കളർ മാറ്റണോ എന്ന് തിരുമനിക്കേണ്ടത് സർക്കാരാണെന്നും രാജേഷ് കുമാർ വ്യക്തമാക്കി.

പന്തീരാങ്കാവ് ഗാർഹിക പീഢനക്കേസിലെ പെൺകുട്ടി ഡൽഹിയിൽ ?

കൊച്ചി. പന്തീരാങ്കാവ് ഗാർഹിക പീഢനക്കേസിലെ പെൺകുട്ടി ഡൽഹിയിൽ എന്ന് സൂചന.
സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി വിഡിയോകൾ അപ്‌ലോഡ് ചെയ്തത് ഡൽഹിയിൽ നിന്ന് കണ്ടെത്തി.
ഇതോടെ പെൺകുട്ടിക്ക് ഉള്ള തിരച്ചിൽ ഡൽഹിയിലേക്കും നീങ്ങുകയാണ്.

പെൺകുട്ടിയുടെ കൈവശം ഉണ്ടായിരുന്ന മൂന്ന് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആയതോടെ വഴിമുട്ടിയ അന്വേഷണത്തിനാണ് പുതുജീവൻ.
സ്വന്തം യൂട്യൂബ് ചാനലിൽ പെൺകുട്ടി വീഡിയോകൾ അപ്‌ലോഡ് ചെയ്തത് ഡൽഹിയിൽ നിന്നാണെന്ന് സൈബർ സെല്ലിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
വിഡിയോകളുടെ ഐപി അഡ്രസ് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
അന്വേഷണ സംഘം ഉടൻ ഡൽഹിക്ക് തിരിക്കും. അതേസമയം, വിഡിയോയിലൂടെ പെൺകുട്ടി മൊഴി മാറ്റിയെങ്കിലും ഗാർഹിക പീഡന കേസിൽ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം. കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും. വിഡിയോ യിലെ മൊഴി മാറ്റം കേസിനെ ബാധിക്കില്ലന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം

രേണുക സ്വാമി വധം: ബോധം കെടുന്നതുവരെ ദർശൻ ബെൽറ്റ് കൊണ്ട് അടിച്ചു; കൊലയ്ക്ക് നിർബന്ധിച്ചത് പവിത്ര,കൂടുതൽ വിവരങ്ങൾ

ബെംഗ്ലൂരൂ: രേണുക സ്വാമി വധക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രേണുകസ്വാമിയെ കൊലപ്പെടുത്താൻ നടൻ ദർശനെ നിർബന്ധിച്ചത് നടിയും കാമുകിയുമായ പവിത്ര ഗൗഡയെന്ന് പോലീസ് പറയുന്നു. രേണുക സ്വാമി വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും അയച്ച അശ്ലീല സന്ദേശങ്ങളിൽ നടി അസ്വസ്ഥയായിരുന്നുവെന്നും ഇതിന് പിന്നിലെ ആളെ കണ്ടുപിടിച്ച് കൊല്ലണമെന്ന് ദർശനോട് ആവശ്യപ്പെട്ടെന്നും പോലീസ് അറിയിച്ചു.

കേസിൽ പവിത്ര ഗൗഡയാണ് ഒന്നാം പ്രതി. ദർശൻ രണ്ടാം പ്രതിയാണ്. രേണുക സ്വാമിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിച്ചതിന് പിന്നാലെ ദർശൻ തന്റെ ഫാൻസ് അസോസിയേഷൻ ചിത്രദുർഗ പ്രസിഡന്റ് രാഘവേന്ദ്രയുമായി ബന്ധപ്പെടുകയായിരുന്നു. രാഘവേന്ദ്രയാണ് രേണുക സ്വാമിയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയത്.

ബംഗളൂരുവിലെ കാമാക്ഷിപാളയത്തുള്ള ഷെഡിലേക്കാണ് രേണുക സ്വാമിയെ എത്തിച്ചത്. ഇവിടെ വെച്ച് ക്രൂരമായ പീഡനത്തിനാണ് രേണുക സ്വാമി വിധേയനായത്. ബോധം പോകുന്നതുവരെ ദർശൻ ഇയാളെ ബെൽറ്റ് കൊണ്ട് അടിച്ചു. ബോധരഹിതനായി നിലത്ത് വീണപ്പോൾ കൂട്ടാളികൾ വടികൾ ഉപയോഗിച്ച് മർദിച്ചു. തുടർന്ന് മതിലിലേക്ക് വലിച്ചെറിഞ്ഞു

ക്രൂരമായ മർദനത്തിൽ രേണുകസ്വാമിയുടെ ശരീരത്തിലെ നിരവധി എല്ലുകൾ ഒടിയുകയും ചെയ്തു. മരണമുറപ്പാക്കിയ ശേഷം മൃതദേഹം അഴുക്കുചാലിൽ തള്ളുകയായിരുന്നു. 30 ലക്ഷം രൂപയാണ് കൂട്ടുപ്രതികൾക്ക് ദർശൻ പ്രതിഫലമായി നൽകിയത്. അതേസമയം ദർശനും പവിത്ര ഗൗഡയും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും പോലീസ് കോടതിയെ അറിയിച്ചു.

25 മലയാളികൾ കുവൈറ്റ് ദുരന്തത്തിൽ മരിച്ചതായി പുതിയ വിവരം;8 ലക്ഷം രൂപാ വീതം നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി

തിരുവനന്തപുരം: കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ 25 മലയാളികൾ മരിച്ചതായി നോർക്ക സി ഇ ഒ അറിയിച്ചു.23 പേരെ തിരിച്ചറിഞ്ഞു. നെടുമങ്ങാട് കുര്യാത്തി സ്വദേശി അരുൺ ബാബുവിനെയാണ് ഒടുവിലായി തിരിച്ചറിഞ്ഞത്. 7 മാസം മുമ്പാണ് അരുൺ ഗൾഫിലെത്തിയത്.ഇനി തിരിച്ചറിയാനുള്ള 3 പേരിൽ 2 പേർ കൂടി മലയാളികളാകാൻ സാധ്യതയേറെയെന്നാണ് കുവൈറ്റിലെ നോർക്ക ഹെൽപ്പ് ഡെസ്ക്ക് പുറത്ത് വിടുന്ന പുതിയ വിവരം.9പേർ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രികളിലാണ്.49 പേർ മരിച്ചതിൽ 46 പേരും ഇന്ത്യാക്കാരാണ്. മൃതദേഹങ്ങൾ എത്രയും വേഗം മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു.പരിക്കേറ്റവരേയും ചികിത്സയ്ക്കായി നാട്ടിലെത്തിക്കാൻ കഴിയുമോ എന്നും ആലോചിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എംബസിയിൽ നിന്ന് കൂടുതൽ
സ്ഥിരീകരണം ലഭിച്ച ശേഷം ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തും.

മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപാ വീതം ധനസഹായം നൽക്കുമെന്ന് കമ്പിനി അധികൃതർ പറഞ്ഞു.

മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

സജീവ ഫുട്ബോളില്‍ നിന്നു വിരമിക്കുന്നതിന്റെ സൂചനകള്‍ നല്‍കി മെസി

ഇന്റര്‍ മയാമി തന്റെ അവസാനത്തെ ക്ലബാണെന്ന് വ്യക്തമാക്കി അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി. ഇതോടെ സജീവ ഫുട്ബോളില്‍ നിന്നും മെസി വിരമിക്കുന്നതിന്റെ സൂചനകളാണിതെന്ന് ഫുട്‌ബോള്‍ ആരാധകര്‍ കണക്കുകൂട്ടുന്നു. മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിയുടെ താരമായ മെസി നിലവില്‍ കോപ്പ അമേരിക്ക പോരാട്ടത്തിനുള്ള അര്‍ജന്റീന ക്യാമ്പിലാണ്.

‘ഫുട്ബോളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ഞാന്‍ തയ്യാറല്ല. ജീവിതകാലം മുഴുവന്‍ കളിക്കണമെന്നാണ് ആഗ്രഹം. പരിശീലനവും മത്സരവും എല്ലാം ഇപ്പോഴും ആസ്വദിക്കുന്നു. എല്ലാം അവസാനിപ്പിക്കേണ്ടി വരുമെന്ന ചിന്ത ഇപ്പോള്‍ എന്നെ അലട്ടുന്നുണ്ട്. ഇന്റര്‍ മയാമി ഒരുപക്ഷേ എന്റെ അവസാന ക്ലബായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്’- മെസി വ്യക്തമാക്കി. ഇന്റര്‍ മയാമിയുമായുള്ള മെസിയുടെ കരാര്‍ അടുത്ത വര്‍ഷത്തേക്ക് കൂടിയുണ്ട്.

ഒരാളുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി നടി മംമ്ത മോഹന്‍ ദാസ്

ഒരാളുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി നടി മംമ്ത മോഹന്‍ ദാസ്
താന്‍ ഒരാളുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി നടി മംമ്ത മോഹന്‍ ദാസ്. നിലവില്‍ ഇപ്പോള്‍ താന്‍ സന്തോഷത്തിലാണെന്നും ഒരാളെ ഡേറ്റ് ചെയ്യുന്നുണ്ടെന്നും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും മംമ്ത പറയുന്നു. എന്നാല്‍ കാമുകന്‍ ആരാണെന്ന് താരം തുറന്നു പറഞ്ഞില്ല.
ഞാന്‍ ലോസ് ആഞ്ചല്‍സിലായിരുന്ന സമയത്ത് ഒരാളുമായി പ്രണയത്തിലായിരുന്നു. അതൊരു ലോങ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പായിരുന്നു. എന്തൊക്കെയോ കാരണങ്ങള്‍കൊണ്ട് അത് ശരിയായില്ല. എനിക്ക് ബന്ധങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. പക്ഷേ അത് സമാധാനത്തോടെ മുന്നോട്ടുപോകുന്നതായിരിക്കണം. എന്റെ ജീവിതത്തിന്റെ മറ്റ് വശങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഒരു ബന്ധത്തില്‍ നിന്നുള്ള അധിക സമ്മര്‍ദ്ദം ഞാന്‍ ആഗ്രഹിക്കുന്നില്ല. രണ്ടു മൂന്നു തവണ ഞാന്‍ അവസരം നല്‍കും, എന്നാല്‍ അതിനപ്പുറം ഇത് സമ്മര്‍ദ്ദമാണ്, എനിക്ക് അത് ശരിക്കും ആവശ്യമാണെന്ന് ഞാന്‍ കരുതുന്നില്ല.- മംമ്ത പറഞ്ഞു.

റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി…

ന്യൂഡല്‍ഹി: റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി. സെപ്റ്റംബര്‍ 30 വരെയാണ് നീട്ടിയത്. ജൂണ്‍ 30ന് സമയപരിധി തീരാനിരിക്കേയാണ് നീട്ടിയത്. കേരളത്തില്‍ ഭൂരിഭാഗം ഗുണഭോക്താക്കളും ആധാറും റേഷന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ട്. ബന്ധിപ്പിക്കാന്‍: bit.ly/rationaadhaar
civilsupplieskerala.gov.in ല്‍ കയറി സിറ്റിസണ്‍ ലോഗിന്‍ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി റേഷന്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്. ആധാറിന്റെ പകര്‍പ്പും റേഷന്‍കാര്‍ഡും കൂടി നല്‍കി അക്ഷയ സെന്ററുകള്‍ മുഖേനയും ലിങ്ക് ചെയ്യാവുന്നതാണ്. താലൂക്ക് സപ്ലൈ ഓഫീസിനും ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇ-പോസ് മെഷീനുകള്‍ മുഖേന റേഷന്‍കടകളിലും ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്.

ഷവര്‍മ്മ യന്ത്രത്തില്‍ വിദ്യാര്‍ത്ഥിനിയുടെ മുടി കുടുങ്ങി; രക്ഷകരായി അഗ്‌നിരക്ഷാസേന

കോളജ് വിദ്യാര്‍ഥിനിയുടെ മുടി ഷവര്‍മ്മ യന്ത്രത്തില്‍ കുടുങ്ങി. പെണ്‍കുട്ടിയെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. പാളയം നൂര്‍മഹല്‍ റെസ്റ്റോറന്റിലായിരുന്നു സംഭവമുണ്ടായത്. നിലമേല്‍ എന്‍എസ്എസ് കോളജിലെ വിദ്യാര്‍ഥിനി അധീഷ്യയുടെ മുടി ഹോട്ടലിന് മുന്നിലെ ഷവര്‍മ യന്ത്രത്തില്‍ കുടുങ്ങുകയായിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവമുണ്ടായത്. സര്‍വകലാശാല ഓഫീസിലെത്തിയതാണ് പെണ്‍കുട്ടി. മഴ പെയ്തപ്പോള്‍ നനയാതിരിക്കാന്‍ സമീപത്തെ േെറസ്റ്റാറന്റിലേക്ക് ഓടിക്കയറിയപ്പോള്‍ കാല്‍വഴുതി യന്ത്രത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. ഈ സമയത്ത് കറങ്ങിക്കൊണ്ടിരുന്ന ലിവറില്‍ മുടി കുരുങ്ങി. ഉടന്‍ യന്ത്രം ഓഫാക്കിയതിനാല്‍ അപകടം ഒഴിവായി.
മുടി കമ്പിയില്‍ ചുറ്റിയതോടെ ഇളക്കിയെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. മുടി ഉരുകി കമ്പിയില്‍ പറ്റിയ നിലയിലായിരുന്നു. തുടര്‍ന്ന് മുടി മുറിച്ചുമാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

പ്രേമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഇറ്റാനഗര്‍ . അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി പ്രേമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർച്ചയായ മൂന്നാം തവണയാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേമ ഖണ്ഡു എത്തുന്നത്. ചൗന മെയ്ൻ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.ഉപമുഖ്യമന്ത്രിയടക്കം 11 ക്യാബിനറ്റ് മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇറ്റാനഗറിലെ ഡികെ സ്റ്റേറ്റ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ജെ പി നദ്ദ, കിരൺ റിജിജു, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തുടങ്ങിയവർ പങ്കെടുത്തു.60 അംഗ നിയമസഭയിൽ 46 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം നിലനിർത്തിയത്