28.8 C
Kollam
Wednesday 17th December, 2025 | 06:55:31 PM
Home Blog Page 1882

എഡിഎമ്മായിരുന്ന കെ നവീൻ ബാബു മരണത്തിന് കീഴടങ്ങിയിട്ട് ഇന്ന് ഒരു മാസം,അന്വേഷണം ഇഴയുന്നു

കണ്ണൂർ. എഡിഎമ്മായിരുന്ന കെ നവീൻ ബാബു മരണത്തിന് കീഴടങ്ങിയിട്ട് ഇന്ന് ഒരു മാസം തികയുന്നു. അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തെങ്കിലും ദുരൂഹതകൾ പൂർണമായും നീങ്ങിയിട്ടില്ല. അന്വേഷണം ഇഴയുന്നുവെന്നും പരാതിയുണ്ട്. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി ഇന്നലെയാണ് രേഖപ്പെടുത്തിയത്. ഗൂഢാലോചനാ സംശയം, ബിനാമി ആരോപണം, ടി വി പ്രശാന്തന്റെ കൈക്കൂലി പരാതിയിലെ ദുരൂഹത എന്നിവയിൽ കാര്യക്ഷമമായ പരിശോധനയില്ലെന്നും ആക്ഷേപമുണ്ട്. നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് രാജിവയ്ക്കുകയും പിന്നീട് ജയിലിലാകുകയും ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സിപിഎമ്മിലെ പിപി ദിവ്യക്ക് പകരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആയി കെകെ രത്നകുമാരിയെ ഇന്നലെ തിരഞ്ഞെടുത്തു. പരാതിയില്‍ മുഖ്യപ്രതികള്‍ക്കെതിരെ അന്വേഷണം സ്തംഭിച്ച നിലയിലാണ്. നവീന്‍ ബാബുവിന്‍റെ കുടുംബത്തിന്‍റെ മൊഴിയെടുക്കല്‍ ഇന്നലെയാണ് നടന്നത്. നവീന്‍ബാബുവിന്‍റെ മരണം ആത്മഹത്യയല്ല കൊലപാതകമാണ് എന്ന് കെകെ രമ എംഎല്‍എ ആരോപിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള ഏജന്‍സി അന്വേഷിച്ചെങ്കിലേ ദുരൂഹത പുറത്താവുകയുള്ളുവെന്ന് രമ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ശരീരഭാരം കുറയ്ക്കണോ? എങ്കിൽ ഡയറ്റിൽ ഈ പച്ചക്കറി ഉൾപ്പെടുത്തൂ

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ട ഒരു പച്ചക്കറിയാണ് കോളിഫ്ളവർ. കലോറി കുറഞ്ഞ ഭക്ഷണങ്ങളാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത്. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലൂടെ ഭാരം കുറയ്ക്കാം. ഉയർന്ന ഫൈബറും കുറഞ്ഞ കലോറി അടങ്ങിയ കോളിഫ്ളവർ വിസറൽ ഫാറ്റ് കുറയ്ക്കുന്നു.

വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയ കോളിഫ്ളവർ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുക ചെയ്യുന്നു. ഒരു കപ്പ് വേവിച്ച കോളിഫ്ളവറിൽ 25 ​ഗ്രാം കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.

കോളിഫ്‌ളവറിലെ നാരുകൾ ദഹനത്തെ സഹായിക്കുകയും കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നുകയും ചെയ്യുന്നു. ഇതിലെ നാരുകൾ ദഹനത്തെ മന്ദഗതിയിലാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയുന്നു. കൂടാതെ അമിതമായുള്ള വിശപ്പും കുറയ്ക്കുന്നു. ശരീരഭാരം കുറയ്ക്കാൻ കോളിഫ്ളവർ സാലഡിലോ സൂപ്പായോ സ്മൂത്തിയിലോ അങ്ങനെ ഏത് രൂപത്തിലും കഴിക്കാവുന്നതാണ്.

ധാരാളം ജലാംശമുള്ള പച്ചക്കറിയാണ് കോളിഫ്ളവർ. കോളിഫ്ളവറിൽ സ്വാഭാവികമായും കാർബോഹൈഡ്രേറ്റ് കുറവാണ്. അത് കൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

കോളിഫ്‌ളവറിലെ ആൻ്റി ഓക്‌സിഡൻ്റുകളായ വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ എന്നിവ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. വിട്ടുമാറാത്ത വീക്കം ശരീരഭാരം കുറയ്ക്കാൻ തടസ്സമാകും. കോളിഫ്‌ളവർ പോലുള്ള ആൻ്റിഓക്‌സിഡൻ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യകരവും രോ​​ഗപ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കും.

കോളിഫ്‌ളവറിലെ ഫൈബർ ആരോഗ്യകരമായ കുടലിനും ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. കോളിഫ്ളവറിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും. തലച്ചോറിന്റെ വികാസത്തിന് വേണ്ട പല ഘടകങ്ങളും കോളിഫ്ളവറിൽ അടങ്ങിയിട്ടുണ്ട്.

ഭരണിക്കാവില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനം തുടങ്ങി

ശാസ്താംകോട്ട. ഭരണിക്കാവില്‍ സിഗ്നല്‍ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ആരംഭിച്ചു. വര്‍ഷങ്ങള്‍ മുമ്പ് ആരംഭിച്ച സിഗ്നല്‍ വാഹനാപകടമുണ്ടായതിനെത്തുടര്‍ന്ന് തുടങ്ങിയദിവസം തന്നെ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. പിഴവുകള്‍ പരിഹരിച്ച് സിഗ്നല്‍ തുടങ്ങുന്ന കാര്യം നീണ്ടു. പലവിധ താല്‍പര്യങ്ങളും അനാസ്ഥയും മൂലം നീണ്ട ട്രാഫിക്പരിഷ്കാരം ഇനി ക്രമപ്പെടുമെന്ന പ്രത്യാശയിലാണ് നാട്ടുകാര്‍.

സ്വകാര്യ പരസ്യ ഏജസിയുടെ ചിലവിലാണ് ട്രാഫിക് സിഗ്നല്‍ സംവിധാനം ക്രമീകരിക്കുന്നത്. പഞ്ചായത്തിന് പണച്ചിലവില്ല 18ന് ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം. കൗണ്ട് ഡോണ്‍ ഇല്ലാത്തത് ബുദ്ധിമുട്ടാവുന്നുണ്ട്.സിഗ്നലില്ല എന്ന മട്ടില്‍ കടന്നു വരുന്ന വാഹനങ്ങളെ നിയന്ത്രിക്കുന്നത് പൊലീസ് നിന്നാണ്. റൗണ്ട് ഫ്രീയായത് ആശ്വാസമായി. പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ബസ് ബേ മാറ്റി സ്ഥാപിച്ചു. 30 മീറ്റര്‍ ചുറ്റളവില്‍ പാര്‍ക്കിംങ് പാടില്ല. പ്രശ്നങ്ങള്‍ കണ്ടെത്തി കൂടുതല്‍ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്താനാണ് നീക്കമെന്ന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അനില്‍ തുമ്പോടന്‍ പറഞ്ഞു.

ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി മാര്‍ഗരേഖ പ്രകാരം തൃശൂര്‍ പൂരം നടത്താൻ കഴിയില്ലെന്ന് തിരുവമ്പാടി ദേവസ്വം

തൃശ്ശൂര്‍: ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച ഇപ്പോഴത്തെ ഹൈക്കോടതി നിർദ്ദേശപ്രകാരം പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പറഞ്ഞു. 36മണിക്കൂർ നീണ്ടു നിൽക്കുന്ന പൂരത്തിൽ ഒരു വിഭാഗത്തിന് തന്നെ 150 ആനകൾ വേണ്ടി വരും. ഉത്സവങ്ങളെ ഇല്ലാതാക്കാൻ ഇറങ്ങിയ NGO കളെ മാത്രം കേട്ട് തീരുമാനമെടുക്കരുത്.

കേസിൽ തിരുവമ്പാടി കക്ഷിചേരും. പൂരം നടത്താതിരിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ പാലിച്ചാൽ മഠത്തിൽ വരവും തെക്കോട്ടിറക്കവും നടത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂരിലെ പൂരത്തെ അട്ടിമറിക്കാനുള്ള വിദേശ ശക്തികൾ അടക്കമുള്ളവരുടെ നീക്കമുണ്ടെന്ന് പൂര പ്രേമി സംഘം കൺവീനർ വിനോദ് കണ്ടേൻകാവിൽ പറഞ്ഞു.ഇപ്പോഴത്തെ നിയന്ത്രണങ്ങൾ വന്നാൽ പൂരം എഴുന്നള്ളിപ്പ് നടക്കില്ല.സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മിനിറ്റുകൾ കൊണ്ട് പരിഹരിക്കാൻ പറ്റുന്ന വിഷയമാണ്.കേരളത്തിലേക്ക് 200 ൽ അധികം ആനകളെ എത്രയും പെട്ടെന്ന് എത്തിക്കാനുള്ള നടപടിയും സ്വീകരിക്കണം

പ്രതിഷേധം ഫലം കണ്ടു, നരഭോജിയായ പുള്ളിപ്പുലിക്ക് ‘ജീവപര്യന്തം തടവ്’ ശിക്ഷ

സൂറത്ത്: ആളെക്കൊല്ലിയായ പുള്ളിപ്പുലിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഗുജറാത്തിലെ സൂറത്തിൽ മാസങ്ങൾക്കുള്ളിൽ മൂന്ന് പേരെ കൊലപ്പെടുത്തിയ നരഭോജിയായ പുള്ളിപ്പുലിയെ പുനരധി വാസ കേന്ദ്രത്തിൽ പാർപ്പിക്കാൻ തീരുമാനമായി. ഒരു ആഴ്ചയിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് സൂറത്തിന് സമീപമുള്ള മാണ്ഡ്വിയിൽ നിന്ന് ഞായറാഴ്ച പുള്ളിപ്പുലിയെ വനം വകുപ്പ് കൂട്ടിലാക്കിയത്.

നിരവധി ഗ്രാമങ്ങളെ ഭീതിയിൽ ആഴ്ത്തിയതിന് പിന്നാലെയായിരുന്നു നടപടി. ഇനിയുള്ള ജീവിത കാലം പുള്ളിപ്പുലിയെ സാങ്ഖാവിലെ പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിക്കുമെന്നാണ് അധികൃതർ വിശദമാക്കുന്നത്. മനുഷ്യർക്കെതിരെ നിരന്തര ആക്രമണം പതിവായതിന് പിന്നാലെയാണ് നടപടിയെന്നാണ് വനംവകുപ്പ് ഡെപ്യൂട്ടി കൺസർവേറ്റർ ആനന്ദ് കുമാർ മാധ്യമങ്ങളോട് വിശദമാക്കിയത്.

മനുഷ്യരെ സ്ഥിരമായി ആക്രമിക്കുന്ന സ്വഭാവം കാണിക്കുന്ന മൃഗങ്ങളെ പുനരധിവാസ കേന്ദ്രങ്ങളിൽ പാർപ്പിക്കണമെന്നാണ് മാനദണ്ഡം. മാണ്ഡ്വിയിൽ ഉഷ്കെർ ഗ്രാമത്തിൽ കരിമ്പ് പാടത്തിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരനെ പുള്ളിപ്പുലി പിടിച്ചതിന് പിന്നാല വലിയ രീതിയിലുള്ള പ്രതിഷേധം മേഖലയിൽ രൂപം കൊണ്ടിരുന്നു. ഇതിന് പിന്നാലെയാണ് പുള്ളിപ്പുലിയെ പിടികൂടാനുള്ള സജീവ ശ്രമങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഏഴ് വയസുകാരനെ പുള്ളിപ്പുലി പിടികൂടിയത്. പ്രദേശവാസികളുമായി ചേർന്ന് കുടുംബം നടത്തിയ തെരച്ചിലിനൊടുവിലാണ് പുള്ളിപ്പുലി ഭക്ഷിച്ച കുട്ടിയുടെ ശരീര ഭാഗങ്ങൾ കണ്ടെത്തിയിരുന്നു.

ഇതിന് പിന്നാലെ ഗ്രാമീണരുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെ പത്തോളം കൂടുകളാണ് വനം വകുപ്പ് മേഖലയിൽ സ്ഥാപിച്ചത്. മൃതദേഹത്തിന്റെ ശേഷിച്ച ഭാഗങ്ങൾ തേടിയെത്തിയ പുള്ളിപ്പുലി കൂട്ടിൽ വീഴുകയായിരുന്നു. തുടക്കത്തിൽ പുള്ളിപ്പുലിയെ നിരീക്ഷണത്തിൽ പാർപ്പിച്ച ശേഷം തിരികെ കാട്ടിലേക്ക് വിടുമെന്ന സൂചന വന്നതോടെ നാട്ടുകാർ വലിയ രീതിയിൽ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുള്ളിപ്പുലിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. സെപ്തംബറിൽ സമീപ മേഖലയായ അംറേലിയിൽ നിന്ന് രണ്ട് വയസുകാരനെയാണ് പുള്ളിപ്പുലി പിടികൂടിയത്.

വൈറസിന്റെ ജീനോടൈപ്പിൽ മാറ്റമില്ല; മഞ്ഞപ്പിത്തം യുവാക്കളുടെ പോലും ജീവനെടുക്കുന്നത് ജാഗ്രതക്കുറവ് കൊണ്ടോ?

കോഴിക്കോട്: ഹെപ്പറ്റൈറ്റിസ് എ വൈറസിന്റെ ജനിതക ഘടനയില്‍ മാറ്റം വന്നിട്ടില്ലെന്ന് പുനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പ്രാഥമിക പഠനം. സമീപകാലത്ത് മഞ്ഞപ്പിത്ത കേസുകള്‍ വർദ്ധിക്കുന്നത് കണക്കിലെടുത്തായിരുന്നു സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് വിശദമായ പരിശോധനക്ക് പൂനെയിലേക്ക് അയച്ചത്.

അടുത്തകാലത്തായി സംസ്ഥാനത്ത് പലയിടത്തും പിടിമുറുക്കുകയാണ് മഞ്ഞപ്പിത്തം. കേസുകള്‍ കൂടുന്നതിനൊപ്പം മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി മരണനിരക്ക് വര്‍ധിക്കുന്നുവെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഈ വര്‍ഷം ഇതുവരെ 6494 സ്ഥിരീകരിക്കപ്പെട്ട മഞ്ഞപ്പിത്ത കേസുകളുണ്ട്. 64 മരണങ്ങളും. 17830 സംശയാസ്പദ കേസുകളും 18 സംശയാസ്പദമായ മരണങ്ങളുമുണ്ടായി.

കോഴിക്കോട് മാത്രം കഴിഞ്ഞ 12 ദിവസത്തിനിടെ 80 പേര്‍ക്കാണ് മഞ്ഞപ്പിത്ത രോഗബാധ. മുമ്പൊക്കെ വലിയ അപകട ഭീഷണിയല്ലാതിരുന്ന ഹൈപ്പറ്റൈറ്റിസ് എ ഇപ്പോള്‍ ചെറുപ്പക്കാരുടെ ജീവന്‍ പോലും ചുരുങ്ങിയ സമയം കൊണ്ട് കവരുന്നെന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെഡിസില്‍ വിഭാഗം അസി പ്രൊഫസര്‍ ഡോക്ടര്‍ വി.കെ ഷമീര്‍ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. കേസുകളുടെ എണ്ണവും മരണനിരക്കും വല്ലാതെ കൂടിയത് കണക്കിലെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗം സാമ്പിളുകള്‍ ജീനോ ടൈപ്പ് പരിശോധനകള്‍ക്കായി ആറുമാസം മുമ്പ് തന്നെ എന്‍ഐവി പുനെയിലേക്ക് അയച്ചിരുന്നു.

ജനിതകഘടനയില്‍ മാറ്റം വന്നിട്ടില്ലെന്നും നേരത്തെ ഇവിടെ കണ്ടുവരുന്ന ജീനോ-ടൈപ്പ് തന്നെയാണെന്നുമാണ് പുനെയിലെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്. കേസുകളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വിശദമായ പഠനങ്ങള്‍ പുനെ ലാബ് നടത്തുന്നുണ്ട്. കുടുംബത്തില്‍ തന്നെ ഒന്നില്‍കൂടുതല്‍ മരണങ്ങളുണ്ടാകുന്നതുള്‍പ്പെടെയുള്ള ഗൗരവമുള്ള കേസുകളുടെ സാമ്പിളുകളെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളേജ് ലാബില്‍ നിന്നും പുനെയിലേക്ക് അയക്കുന്നുണ്ട്.

രോഗ തീവ്രത വര്‍ധിക്കുന്നെങ്കില്‍ അത് എന്തുകൊണ്ട് എന്നതില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കണമെന്ന ആവശ്യം ഉയരുന്നു, കുടിവെള്ളം കൂടുതല്‍ മലിനമായതും ലക്കും ലാഗനുമില്ലാതെ ആളുകള്‍ ശുചിത്വമില്ലാത്ത കടകളില്‍ നിന്ന് വെള്ളവും ഭക്ഷണവും കഴിക്കുന്നതുമാണ് രോഗം പടര്‍ന്നു പിടിക്കുന്നതിന് കാരണമാകുന്നെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. മലിനമായ വെള്ളം ഭക്ഷണം എന്നിവയിലൂടെയാണ് പ്രധാനമായും ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കുട്ടികളുടെ ഹരിത സഭ നടത്തി

ശാസ്താംകോട്ട. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ കുട്ടികളുടെ ഹരിത സഭ ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ചു . കോവൂർ കുഞ്ഞുമോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്ആർ ഗീത അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്നകുമാരി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ഗുരുകുലം രാഗേഷ് സ്ഥിരം സമിതി ചെയർമാൻ അനിൽ തുമ്പോടൻ മറ്റ് ജനപ്രതിനിധികൾ സംസാരിച്ചു. കഴിഞ്ഞ വർഷത്തെ കുട്ടികളുടെ ഹരിത സഭയുടെ ഭാഗമായി സ്വീകരിച്ച നടപടികളും പ്രവർത്തനങ്ങളും സെക്ഷൻ സീനിയർ ക്ലർക്ക് ആർ.രാജേഷ് കുമാർ റിപ്പോർട്ട് ചെയ്തു. കുട്ടികളുടെ പാനൽ പ്രതിനിധി ഗൗരി മാധവ് ഹരിത സഭ ലക്ഷ്യം പ്രാധാന്യം എന്നിവ വിശദീകരിച്ചു. ഓരോ സ്‌കൂളിൽ നിന്നായി എത്തിയ വിദ്യാർത്ഥി പ്രതിനിധികൾ അവരുടെ സ്‌കൂളുകളിലെ മാലിന്യസംസ്‌കരണേ സംവിധാനങ്ങളിലുള്ള പോരായ്‌മകൾ ശ്രദ്ധയിൽ കൊണ്ടുവന്ന് റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ റിപ്പോർട്ട് വിലയിരുത്തി തദ്ദേക സ്വയംഭരണ സ്ഥാപനം കൈക്കൊള്ളുന്ന നടപടിയേക്കുറിച്ച് വൈസ് പ്രസിഡൻ്റ് ഗുരുകുലം രാകേഷ് മറുപടി നൽകി. വിവിധ സ്‌കൂളുകളിൽ നിന്നായി ഹരിത സഭയിൽ പങ്കെടുത്ത ഇരുന്നോളം വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു. പരിപാടിക്ക് പഞ്ചായത്ത് സെക്രട്ടറി സീമ.കെ നന്ദി ആശംസിച്ചു.

കൈക്കൂലി നൽകി മടുത്തു, നവംബർ 20ന് മദ്യമില്ല, ബാറുകള്‍ അടക്കും; തീരുമാനവുമായി മദ്യവ്യവസായികൾ

ബെംഗളൂരു: കർണാടകയിൽ നവംബർ 20ന് മദ്യവിൽപന ഉണ്ടാകില്ലെന്ന് ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ് അസോസിയേഷൻസ് അറിയിച്ചു. മദ്യവ്യാപാരികളുടെ ആവശ്യങ്ങളോടുള്ള സർക്കാർ അവഗണനയെ തുടർന്നാണ് അടച്ചിടൽ സമരം. നവംബർ 20ന് മദ്യഷോപ്പുകൾ അടച്ചിടാൻ തീരുമാനിച്ചതായും സമരം കാരണം ഖജനാവിന് 120 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കുമെന്നും ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ് അസോസിയേഷൻസ് ജനറൽ സെക്രട്ടറി ബി. ഗോവിന്ദരാജ ഹെഗ്‌ഡെ പറഞ്ഞു. ഫ്രീഡം പാർക്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എക്സൈസ് ഉദ്യോഗസ്ഥരുടെ കൈക്കൂലി കാരണം മദ്യവിൽപ്പനക്കാർക്ക് മടുത്തു. ഉദ്യോഗസ്ഥരുടെ കൈക്കൂലി മൂലം സംസ്ഥാനത്ത് വ്യാജമദ്യ വിൽപ്പനയും വർധിച്ചു. എക്സൈസ് വകുപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും മുഖ്യമന്ത്രി സിദ്ധരാമയ്യ, എക്‌സൈസ്, പൊലീസ് വകുപ്പുകളുടെ ​യോ​ഗം വിളിക്കണമെന്നും ഹെഗ്‌ഡെ പറഞ്ഞു. എക്സൈസ് വകുപ്പിനെ ധനകാര്യ വകുപ്പിൽ ലയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഴിമതി ചൂണ്ടിക്കാട്ടി അസോസിയേഷൻ അംഗങ്ങളാരും കർണാടക ഗവർണർക്ക് കത്തെഴുതിയിട്ടില്ലെന്ന് ഹെഗ്‌ഡെ വ്യക്തമാക്കി. വിവരാവകാശ പ്രവർത്തകനാണ് ​ഗവർണർക്ക് കത്ത് എഴുതിയത്. എക്സൈസ് വകുപ്പിലെ 700 കോടി രൂപയുടെ അഴിമതിയെക്കുറിച്ച് അസോസിയേഷൻ പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ധാബകൾ, ഹോട്ടലുകൾ എന്നിവയിലെ അനധകിൃത മദ്യവിൽപ്പന നിയന്ത്രിക്കാൻ കർശന നിയമനടപടി സ്വീകരിക്കണമെന്നും 2005-ൽ ഭേദഗതി ചെയ്ത അബ്കാരി നിയമത്തിലെ 29-ാം വകുപ്പ് പുനഃപരിശോധിച്ച് ഭേദഗതി വരുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.

ഒബാമയുടെ കടൽത്തീര വസതിയിൽ കാമുകിയ്ക്കൊപ്പം സീക്രട്ട് ഏജന്റിന്റെ ആഘോഷം, കടുത്ത നടപടി

ഹവായി: കാമുകിയുമായി ബരാക് ഒബാമയുടെ ഹവായിലെ കടൽത്തീര വസതിയിലേക്ക് വാരാന്ത്യ ആഘോഷത്തിനെത്തിയ സീക്രട്ട് സർവ്വീസ് ഏജന്റിനെതിരെ നടപടി. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടേയും കുടുംബത്തിന്റെയും സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെയാണ് നടപടി.

അധികാര ദുർവിനിയോഗത്തിനും ദേശ സുരക്ഷ ലംഘിച്ചതിനുമാണ് സീക്രട്ട് സർവ്വീസ് ഏജന്റിനെ പുറത്താക്കിയത്. 2022ലായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥൻ കാമുകിയുമായി കടത്തീരത്തിന് അഭിമുഖമായുള്ള ഹവായിലെ വസതിയിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ അനധികൃത വാരാന്ത്യ ആഘോഷം. ബരാക് ഒബാമയും കുടുംബവും ഇവിടെ ഇല്ലാതിരുന്ന സമയത്തായിരുന്നു ഈ അതിക്രമിച്ച് കടക്കൽ.

പിന്നീട് സീക്രട്ട് ഏജന്റുമായി പിരിഞ്ഞ കാമുകിയുടെ ഓർമ്മക്കുറിപ്പ് പുറത്ത് വന്നതോടെയാണ് സംഭവം പുറത്ത് വരുന്നത്. അണ്ടർകവർ ഹാർട്ട് ബ്രേക്ക് എ മെമ്മോയർ ഓഫ് ട്രസ്റ്റ് ആൻഡ് ട്രോമ എന്ന പേരിൽ പുറത്തിറങ്ങിയ ഓർമ്മക്കുറിപ്പ് സുരക്ഷാ വീഴ്ചയേക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ പങ്കുവച്ചിരുന്നു. ഒക്ടോബർ 28നാണ് കൊറിയേ ദ്വനീയേൻ പുറത്ത് വിട്ടത്. ദേൽ എന്ന വിളിപ്പേരിലാണ് സീക്രട്ട് ഏജന്റിനെ യുവതി കുറിപ്പിൽ അഭിസംബോധന ചെയ്യുന്നത്. മിഷേൽ ഒബാമയുടെ ശുചിമുറിയിൽ അടക്കം വച്ച് സീക്രട്ട് ഏജന്റുമായി ശാരീരിക ബന്ധം പുലർത്തിയെന്നും ഓർമ്മക്കുറിപ്പ് വിശദമാക്കിയിരുന്നു. ആരും അറിയില്ലെന്നും അറിഞ്ഞാൽ തന്നെ തനിക്കായിരിക്കും നടപടി നേരിടേണ്ടി വരികയെന്ന ബോധ്യത്തിലായിരുന്നു സീക്രട്ട് ഏജന്റിന്റെ ആഘോഷമെന്നും പുസ്തക രൂപത്തിലാക്കിയ യുവതിയുടെ ഓർമ്മക്കുറിപ്പ് വിശദമാക്കുന്നു.

സീക്രട്ട് ഏജന്റിനെ സർവ്വീസിൽ നിന്ന് പുറത്താക്കിയതായാണ് യുസ് സീക്രട്ട് സർവ്വീസ് ചീഫ് ഓഫ് കമ്യൂണിക്കേഷൻസ് ആന്തണി ഗുഗ്ലിയൽമി വാർത്താ മാധ്യമങ്ങളോട് വിശദമാക്കി. 2022 നവംബർ ആറിനാണ് സുരക്ഷാ വീഴ്ചയുണ്ടായതെന്നും ആന്തണി ഗുഗ്ലിയൽമി വിശദമാക്കി. വിവാദമായ നടപടിയിൽ ഏർപ്പെട്ട സീക്രട്ട് ഏജന്റിന് ഇവിടേക്ക് കയറാനുള്ള അനുമതികൾ ഇല്ലെന്നിരിക്കെയായിരുന്നു കാമുകിയ്ക്കൊപ്പമുള്ള സാഹസിക ഡേറ്റിംഗ്. വിവരം അറിഞ്ഞതിന് പിന്നാലെ തന്നെ വിവാദ സീക്രട്ട് ഏജന്റിനെ സസ്പെൻഡ് ചെയ്തതായും അന്വേഷണം പൂർത്തിയായ മുറയ്ക്ക് സർവ്വീസിൽ നിന്ന് പുറത്താക്കിയെന്ന് സുരക്ഷാ വൃത്തങ്ങൾ വിശദമാക്കുന്നത്.

പ്രോട്ടോക്കോൾ ലംഘനമാണ് നടന്നതെന്നാണ് ആന്തണി ഗുഗ്ലിയൽമി വിശദമാക്കുന്നത്. വിശ്വാസം സംരക്ഷിക്കുകയെന്ന ദൌത്യമാണ് ലംഘിക്കപ്പെട്ടതെന്നും ആന്തണി ഗുഗ്ലിയൽമി വിശദമാക്കി. മസാച്യുസെറ്റ്സിലെ മാർത്താ വൈൻ യാർഡിൽ വച്ചാണ് സീക്രട്ട് ഏജന്റുമായി 2022ൽ ചങ്ങാത്തത്തിലായതെന്നാണ് യുവതി ഓർമ്മക്കുറിപ്പിൽ വിശദമാക്കുന്നത്. ഒബാമയുടെ സുരക്ഷാ ചുമതലയിൽ ഉള്ള സമയത്തായിരുന്നു ഇതെന്നും യുവതി വിശദമാക്കുന്നു. ഒരു ദശാബ്ദമായി വിവാഹ മോചിതനാണെന്ന് വിശദമാക്കിയതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ ചങ്ങാത്തം പ്രണയത്തിലേക്ക് എത്തിയത്. എന്നാൽ പിന്നീടാണ് സീക്രട്ട് ഏജന്റ് വിവാഹിതനാണെന്നും തന്നോട് പറഞ്ഞത് നുണയാണെന്ന് വ്യക്തമായതെന്നുമാണ് ബുക്കിൽ വിശദമാക്കുന്നത്.

വീട്ടിനാൽ ദേവി ക്ഷേത്രമൈതാനത്തെ പാലാഴിയാക്കി ജില്ലാ ക്ഷീര സംഗമത്തിന് വെള്ളിയാഴ്ച വർണ്ണാഭമായ തുടക്കം

ശാസ്താംകോട്ട:ബ്ലോക്ക്‌ പഞ്ചായത്തിന്റെയും കൊല്ലം ജില്ലാ ക്ഷീരവികസന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന കൊല്ലം ജില്ലാ ക്ഷീരകർഷക സംഗമം- പാലാഴി 2024- നവംബർ 15ന് രാവിലെ ശൂരനാട് വടക്ക് വീട്ടിനാൽ ദേവി ക്ഷേത്രമൈതാനത്ത് കന്നുകാലി പ്രദർശനത്തോടെ തുടക്കം കുറിക്കും.പാതിരിക്കൽ ക്ഷീരസംഘം പ്രസിഡന്റ് സി.രാജേഷ് കുമാർ രാവിലെ 8ന് പതാക ഉയർത്തും.തുടർന്ന് നടക്കുന്ന കന്നുകാലി പ്രദർശനമത്സരത്തിൽ ഭാരതത്തിന്റെ പാരമ്പര്യ സമ്പത്ത് ആയിട്ടുള്ള വിവിധ ഇനം കന്നുകാലികൾ പങ്കെടുക്കും.

കന്നുകാലി പ്രദർശനത്തോടൊപ്പം മിൽമയുടെ നേതൃത്വത്തിൽ ഗോരക്ഷ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.കന്നുകാലി പ്രദർശനം ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻ്റ് എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.രാവിലെ 9.30 മുതൽ ക്ഷീര സംഘം പ്രതിനിധികൾക്കുള്ള ശില്പശാല ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം എസ്.ഷീജ ഉദ്ഘാടനം ചെയ്യും.ഉച്ചക്ക് രണ്ടു മുതൽ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള വിവിധ മത്സരങ്ങൾ -നിറക്കൂട്ട് – ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.സനിൽ കുമാർ ഉദ്ഘാടനം ചെയ്യും.വൈകുന്നേരം 4 മുതൽ ‘കലാസന്ധ്യ.16 ശനിയാഴ്ച രാവിലെ 9 മുതൽ -പശുപരിപാലനം,മാറിയ സാഹചര്യത്തിൽ,നാട്ടിലെ ശാസ്ത്രം – എന്നീ വിഷയങ്ങളെ അധികരിച്ചുകൊണ്ടുള്ള ക്ഷീരകർഷക സെമിനാർ.ഉച്ചക്ക് 12മുതൽ നടക്കുന്ന ക്ഷീരസംഗമവും പൊതുസമ്മേളനവും
ക്ഷീര വികസന വകുപ്പ് -മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിക്കും.കൊടിക്കുന്നിൽ സുരേഷ് എം.പി,ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഡോ.പി.കെ ഗോപൻ,മിൽമ ചെയർപേർസൺ മണി വിശ്വനാഥ്‌,കേരള ക്ഷീരകർഷക ക്ഷേമനിധി ചെയർമാൻ വി.പി ഉണ്ണികൃഷ്ണൻ,ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രഡിഡന്റ് ആർ.സുന്ദരേശൻ,മിൽമ ഭരണ ‘സമിതി അംഗങ്ങളായ കെ ആർ മോഹനൻ പിള്ള,പി.ജി വാസുദേവൻഉണ്ണി,കളത്തിൽ ഗോപാലകൃഷ്ണപിള്ള,മെഹർ ഹമീദ്,വിവിധ ക്ഷീര സംഘം പ്രസിഡൻ്റുമാർ,സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കുംചടങ്ങിൽ മികച്ച ക്ഷീര കർഷകർക്കും മികച്ച ക്ഷീര സംഘങ്ങൾക്കും അവാർഡുകൾ നൽകും