25.6 C
Kollam
Thursday 18th December, 2025 | 03:27:35 AM
Home Blog Page 1877

ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS ആലപ്പുഴയിലെ മോഷണം:കുറുവാ സംഘമെന്ന് ഉറപ്പിച്ച് പോലീസ്

2024 നവംബർ 16 ശനി 10.30 am

?ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമെന്ന് ഉറപ്പിച്ച് പോലീസ്, ആശങ്ക വേണ്ടന്നും അന്വേഷണം ശക്തമാക്കിയതായിപോലീസ്

?മുണ്ടക്കൈ ചൂരൽമല ദുരന്തം കേന്ദ്രത്തിന് ഇരട്ടത്താപ്പെന്ന് റവന്യൂ മന്ത്രി കെ രാജൻ, എസ്ഡി ആർ എഫ് ഫണ്ട് വിനിയോഗത്തിന് പ്രധാനമന്ത്രിയുടെ സന്ദർശനം ആവശ്യമില്ല.

?പാലക്കാട് ഇരട്ട വോട്ട് പരാതിയിൽ ഇന്ന് ഫീൽഡ് പരിശോധന, വിവരം മറച്ചു വെച്ചാൽ കർശന നടപടി.

?കലക്ട്രേറ്റ് ഇലക്ഷൻ വിഭാഗത്തിലും വോട്ടർ പട്ടിക പരിശോധന തുടരുന്നു.

?വി ഡി സതീശൻ എസ് ഡി പി ഐ നേതാക്കളുമായി ചർച്ച നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

?പറവൂരിലെ മോഷണശ്രമത്തിൽ വടക്കേക്കര സ്റ്റേഷനിൽ രണ്ട് കേസ്സുകൾ രജിസ്റ്റർ ചെയ്തതായി പോലീസ്.എഫ് ഐ ആറിൽ കുറുവാ സംഘമെന്ന പരാമർശമില്ല.

? തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് പാലക്കാട്ട്. ഇന്നും നാളെയുമായി ആറ് യോഗങ്ങളിൽ മുഖ്യമന്ത്രി പ്രസംഗിക്കും.

?പത്തനംതിട്ട താഴെ വെട്ടിപ്രത്തെ നെഴ്നിംഗ് കോളജിലെ വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിക്കുകയായിരുന്നുവെന്ന് പോലീസ്.

?അമ്മു എസ് സജീവ് എന്ന വിദ്യാർത്ഥിനി ഇന്നലെ വൈകിട്ട് 4.30നാണ് ഹോസ്റ്റലിൻ്റെ മൂന്നാം നിലയിൽ നിന്ന് ചാടിയത്. രാത്രി 10 ന് മരിച്ചു.

ചാത്തന്നൂരില്‍ പെട്രോള്‍ പമ്പിന് നേരെ ആക്രമണം

ചാത്തന്നൂര്‍: പെട്രോള്‍ പമ്പിന് നേരെ നടത്തിയ ആക്രമണത്തില്‍ ജീവനക്കാരനും ഇന്ധനം നിറയ്ക്കാന്‍ എത്തിയ ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു. പെട്രോള്‍ പമ്പ് ജീവനക്കാരനായ താഴം വടക്ക് ഗോകുല്‍ നിവാസില്‍ ഗോകുല്‍ (20), ഓട്ടോറിക്ഷാ ഡ്രൈവര്‍ മാമ്പള്ളിക്കുന്നം ചരുവിള വീട്ടില്‍ അജീഷ് (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ പമ്പില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തിയ കാര്‍ ഡ്രൈവര്‍ 500 രൂപയ്ക്ക് പെട്രോള്‍ അടിക്കാന്‍ ആവശ്യപ്പെട്ടു. 300 രൂപയും കഴിഞ്ഞ് അടിച്ചപ്പോള്‍ മതിയെന്ന് പറഞ്ഞ് 300രൂപ നല്കി പോകാനൊരുങ്ങി. അധികം അടിച്ച പെട്രോളിന്റെ തുക ആവശ്യപ്പെട്ട ജീവനക്കാരനെ കാറില്‍ നിന്നിറങ്ങി ആക്രമിച്ചു.
അവിടെ നിന്ന് പോയ കാര്‍ ഉടമ മൂന്നു മണിയോടെ ആള്‍ക്കാരുമായി വന്ന് വീണ്ടും ആക്രമണം നടത്തി. യാതൊരു പ്രകോപനവും കൂടാതെ മൂന്നംഗ സംഘം പെട്രോള്‍ അടിക്കാന്‍ എത്തിയ ഓട്ടോ ഡ്രൈവറെയും ജീവനക്കാരനെയും ആക്രമിച്ച് സാധനങ്ങള്‍ തല്ലി തകര്‍ത്തു. മാരകായുധങ്ങളുമായി നാട്ടുകാര്‍ക്ക് നേരെ ഭീഷണി മുഴക്കി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ഊറാംവിള കേന്ദ്രീകരിച്ചുള്ള ഭൂമാഫിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. രണ്ട് തവണയും സംഘം പമ്പിലെത്തി യാതൊരു പ്രകോപനവുമില്ലാതെ ജീവനക്കാരെ ആക്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അജീഷിനെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലും കണ്ണിന് പരിക്കേറ്റ ഗോകുലിനെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചാത്തന്നൂര്‍ പോലീസ് കേസെടുത്തു.  പ്രതികള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് യുവാവ് മരിച്ചു

അഞ്ചല്‍: അഞ്ചലില്‍ ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം. ഏരൂര്‍ അയിലറ വേലന്‍കുഴി ചരുവിള പുത്തന്‍വീട്ടില്‍ സുബിന്‍ ആണ് മരിച്ചത്. അഞ്ചല്‍ ചീപ്പുവയല്‍ ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചല്‍-പുനലൂര്‍ പാതയില്‍ കൊല്ലം അര്‍ബന്‍ നിധിക്ക് മുന്നിലായിരുന്നു അപകടം. പോലീസും നാട്ടുകാരും ചേര്‍ന്ന് ഉടന്‍തന്നെ സുബിനെ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ വൈദ്യുത പോസ്റ്റ് ഒടിഞ്ഞു മാറിയ നിലയിലാണ്. ബൈക്കിന്റെ മുന്‍ഭാഗവും പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. അമിതവേഗതയില്‍ എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ഫുട്പാത്തിലെ കൈവരിക്കുള്ളിലുള്ള വൈദ്യുതി പോസറ്റില്‍ ഇടിക്കുകയായിരുന്നു. അഞ്ചല്‍ പോലീസ് നിയമ നടപടി സ്വീകരിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പാലക്കാടേക്ക്; ഇന്നും നാളെയുമായി വിവിധ പരിപാടികൾ

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാട് എത്തും. ഇന്നും നാളെയുമായി ആറ് പൊതുയോഗങ്ങളിൽ പിണറായി വിജയൻ പങ്കെടുക്കും. രാവിലെ 11 മണിക്ക് മേപ്പറമ്പിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതു സമ്മേളനം. വൈകിട്ട് 5 മണിക്ക് മാത്തൂരിലും ആറ് മണിക്ക് കൊടുന്തിരപ്പള്ളിയിലും മുഖ്യമന്ത്രി സംസാരിക്കും

നാളെ കണ്ണാടി, ഒലവക്കോട്, സുൽത്താൻപേട്ട എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയുടെ പരിപാടികൾ. മുഖ്യമന്ത്രി കൂടി പാലക്കാട് എത്തുന്നതോടെ ഇടതുപക്ഷത്തിന് കൂടുതൽ ഊർജമാകും. അതേസമയം ഇരട്ട വോട്ട് ആരോപണത്തിൽ ജില്ലാ കലക്ടറുടെ നിർദേശപ്രകാരം ബിഎൽഒമാർ ഇരട്ട വോട്ടുള്ളവരുടെ പട്ടിക തയ്യാറാക്കി തുടങ്ങി

2700 വോട്ടുകൾ ഇത്തരത്തിൽ ചേർത്തിട്ടുണ്ടെന്നാണ് ആരോപണം. മണ്ഡലത്തിൽ സ്ഥിരതാമസം ഇല്ലാത്തവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കും.

വി എസ് വിജയലക്ഷ്മിയുടെ നക്ഷത്രവേരുകള്‍ പ്രകാശനം ഇന്ന്

ശൂരനാട്. യുവ എഴുത്തുകാരി വിഎസ് വിജയലക്ഷ്മിയുടെ നക്ഷത്രവേരുകള്‍ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം ഇന്ന്. വൈകിട്ട് നാലിന് മില്ലത്ത്‌കോളജ്ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ പുകസ സംസ്ഥാന സെക്രട്ടറി വി എസ് ബിന്ദു തിരക്കഥാകൃത്ത് ലാല്‍ജി കാട്ടിപ്പറമ്പന് കോപ്പി നല്‍കി പ്രകാശനം നിര്‍വഹിക്കും. എവുത്തുകാരന്‍ വി വിജയകുമാര്‍ പുസ്തകം പരിചയപ്പെടുത്തും. സൈന്ധവ ബുക്‌സ് ആണ് പ്രകാശനം നടത്തുന്നത്.

സഞ്ജുവിന്റെ സിക്‌സിൽ യുവതിക്ക് പരിക്ക്

ജോഹന്നാസ്ബർഗ്: ഇന്നലെ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20 മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് സഞ്ജു സാംസണ്‍. മത്സരത്തില്‍ സഞ്ജു തൊടുത്തുവിട്ട ഒരു സിക്‌സ് ചെന്ന് പതിച്ചത് കാണികളിലൊരാളുടെ മുഖത്താണ്. നിലത്ത് പിച്ച് ചെയ്ത ബോള്‍ കാണിയായ യുവതിയുടെ മുഖത്ത് കൊള്ളുകയായിരുന്നു. നിലത്ത് പിച്ച് ചെയ്തതുകൊണ്ട് തന്നെ അധികം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അടിക്കൊണ്ട വേദനയില്‍ കരയുന്ന യുവതിയുടെ മുഖത്ത് ഐസ് വെച്ച് കൊടുക്കുന്നതും എന്തെങ്കിലും പറ്റിയോ എന്ന് സഞ്ജു അന്വേഷിക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം
56 പന്തില്‍ പുറത്താകാതെ 109 റണ്‍സാണാണ് സഞ്ജു നേടിയത്. സഞ്ജുവിനെ കൂടാതെ തിലക് വര്‍മയും സെഞ്ചുറി അടിച്ചെടുത്തിട്ടുണ്ട്. 47 പന്തില്‍ 120 റണ്‍സാണ് തിലക് വര്‍മ നേടിയത്. ഇരുവരുടെയും സെഞ്ചുറിയുടെ കരുത്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 283 റണ്‍സാണ് ഇന്ത്യ നേടിയത്.

ഒന്‍പത് സിക്‌സും ആറ് ഫോറും ചേര്‍ന്നതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. പത്ത് സിക്‌സും ഒന്‍പത് ഫോറും നേടിയ തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 18 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 36 റണ്‍സ് നേടിയ അഭിഷേക് ശര്‍മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.

രണ്ടാമതായി ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന ടി20 സ്‌കോര്‍ ആണിത്. ആദ്യത്തേത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു. ഈ രണ്ട് മത്സരങ്ങളിലും സഞ്ജുവിന് സെഞ്ചുറിയുണ്ട്. മാത്രമല്ല ടി20യുടെ ചരിത്രത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് സെഞ്ചുറി നേടുന്ന താരവുമാണ് സഞ്ജു.

കൊല്ലത്തേക്ക് ഒരു ട്രയിന്‍കൂടി

കൊല്ലം.ആന്ധ്രപ്രദേശിലെ മച്ചിലിപ്പട്ടണത്തിൽ നിന്നും കൊല്ലത്തേക്ക് (07145/46 മച്ചിലിപ്പട്ടണം – കൊല്ലം) ഒരു ശബരിമല സ്പെഷ്യൽ ട്രെയിൻ കൂടി സൗത്ത് സെൻട്രൽ റെയിൽവേ പ്രഖ്യാപിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.

ലോറി തട്ടി ടെക്‌നോപാര്‍ക്ക് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ മരിച്ചു

തിരുവനന്തപുരം: കോണ്‍ക്രീറ്റ് മിക്‌സിങ് ലോറി തട്ടിയുണ്ടായ അപകടത്തില്‍ ടെക്‌നോപാര്‍ക്ക് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ മരിച്ചു. കാര്യവട്ടം തുണ്ടത്തില്‍ നവോദയ നഗറില്‍ ടിസി 2404ല്‍ മുഹമ്മദ് അഷറഫ് അലി (36) ആണ് മരിച്ചത്. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലാണ്.

ഇന്നലെ രാവിലെ 10.30 ന് ശ്രീകാര്യം ജംക്ഷനു സമീപം വച്ചായിരുന്നു അപകടം. ടെക്‌നോപാര്‍ക്ക് അലയന്‍സ് കമ്പനിയിലെ എന്‍ജിനിയറായ മുഹമ്മദ് അഷറഫ് അലി ശ്രീകാര്യത്തുള്ള ഫിസിയോ തെറാപ്പിസ്റ്റിനെ കാണാന്‍ സ്‌കൂട്ടറില്‍ പോകവേ മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കാനായി വെട്ടി തിരിക്കുമ്പോള്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ ലോറിയുടെ അടിയില്‍പ്പെട്ടു. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. അജീമിന്റെയും പരേതനായ ബഷീര്‍ മുഹമ്മദിന്റെയും മകനാണ്. പാലക്കാട് സ്വദേശിയായ മുഹമ്മദ് അഷറഫ് അലി ഏറെ കാലമായി കാര്യവട്ടത്താണ് താമസം. ടെക്‌നോപാര്‍ക്കിലെ ടാറ്റ ഇലക്‌സി യിലെ സോഫ്റ്റ് വയര്‍ എന്‍ജിനീയര്‍ റഹ്മത്ത് ആണ് ഭാര്യ ‘മകന്‍ 9 മാസം പ്രായമുള്ള റാഹില്‍

ചൊവ്വാഴ്ച സംസ്ഥാനത്ത് റേഷൻകട സമരം

തിരുവനന്തപുരം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കടകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതനം അനുവദിക്കുക, ഉറപ്പുനൽകിയ ഉത്സവബത്ത അനുവദിക്കുക തുടങ്ങിയവ പ്രധാന ആവശ്യങ്ങൾ. ഇന്നലെ ചേർന്ന റേഷൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെതാണ് തീരുമാനം. ഇന്ന് ഭക്ഷ്യവകുപ്പിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നോട്ടീസ് നൽകും

പ്രധാനമന്ത്രി ഇന്ന് നൈജീരിയയിലേക്ക്;

ന്യൂ ഡെൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് രാജ്യങ്ങളിലെ സന്ദർശനത്തിനായി ഇന്ന് യാത്ര തിരിക്കും. നൈജീരിയ, ബ്രസീൽ, ഗയാന എന്നീ രാജ്യങ്ങളിലേക്കാണ് മോദിയുടെ യാത്ര. ഉച്ചയ്ക്ക് 1 മണിക്ക് യാത്ര തിരിക്കുന്ന മോദി നൈജീരിയൻ സമയം ഒമ്പത് മണിക്ക് തലസ്ഥാന നഗരമായ അബൂജയിൽ എത്തും.

17 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയ സന്ദർശിക്കുന്നത്. നൈജീരിയയുമായുള്ള സഹകരണം ശക്തമാക്കാനുള്ള ചർച്ചയും സന്ദർശനത്തിനിടെ നടക്കും.

ഇതിന് ശേഷം ബ്രസീലിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ മോദി പങ്കെടുക്കും. റഷ്യ-യുക്രൈൻ സംഘർഷം, പശ്ചിമേഷ്യൻ സംഘർഷം എന്നിവ ഉച്ചകോടിയിൽ ചർച്ചയാകും. ബ്രസീലിലിൽ നിന്ന് ഗയാനയിൽ എത്തുന്ന മോദി കരീബിയൻ രാജ്യങ്ങളുടെ കൂട്ടായ്മയായ കാരികോം ഇന്ത്യ ഉച്ചകോടിയിലും പങ്കെടുക്കും