Home Blog Page 1873

ശബരിമല,തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം മൂന്ന് കേന്ദ്രങ്ങളിൽ

ശബരിമല. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാതെ ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തർക്ക് തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.

പമ്പയിൽ മണപ്പുറം, എരുമേലി, വണ്ടിപ്പെരിയാർ സത്രം എന്നിവിടങ്ങളിലാണ് തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യമുള്ളത്. ആധാർകാർഡുമായി ഈ കേന്ദ്രങ്ങളിലെത്തിയാൽ ഫോട്ടോ ഉൾപ്പടെ എടുത്ത് വെർച്ച്വൽ ക്യൂവിന്റെ അതേ നടപടിക്രമങ്ങളിലൂടെ ബുക്കിങ് നടത്തി ഭക്തരെ കയറ്റിവിടുകയാണ് ചെയ്യുക.

പുല്ല്‌മേട് വഴി വരുന്ന തീർത്ഥാടകർക്ക് വണ്ടിപ്പെരിയാറിലുള്ള സത്രത്തിലെ തത്സമയ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയും. നിലവിൽ ദിനം പ്രതി 70,000 പേർക്കാണ് വെർച്ച്വൽ ക്യൂ ബുക്കിങ് നൽകുന്നത്. കൂടാതെ തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താനാകും.

നിലവിൽ ശബരിമലയിലെത്തുന്ന എല്ലാവർക്കും ദർശന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അയ്യപ്പ ഭക്തർ എത്തുമ്പോൾ ആധാർ കാർഡ് അല്ലെങ്കിൽ ആധാർകാർഡിന്റെ കോപ്പി, വെർച്ച്വൽ ക്യൂ ബുക്കിങ്ങിന് ലഭിക്കുന്ന സ്ലിപ്പ്, അല്ലെങ്കിൽ ഫോണിൽ അതിന്റെ പി ഡി എഫ് എന്നിവ കരുതണം.

കെ മുരളീധരനും സന്ദീപ് വാര്യരും ഒരേ വേദിയിൽ

പാലക്കാട്‌ . സന്ദീപ് വാര്യരുടെ പാർട്ടി പ്രവേശനത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരിക്കെ കെ.മുരളീധരനും സന്ദീപും ഒരേ വേദിയിൽ,പാലക്കാട്‌ ശ്രീകൃഷ്ണപുരം പഞ്ചായത്ത് മൾട്ടിപർപ്പസ് സഹകരണസംഘത്തിന്റെ വേദിയിലാണ് ഇരുവരും ഒരുമിച്ചിരുന്നത്,മുരളീധരൻ ഷാൾ അണിയിച്ചാണ് സന്ദീപ് വാര്യരെ സ്വീകരിച്ചത്


മുരളിയുടെ അതൃപ്തി ചർച്ചയാകാൻ കാത്തിരുന്നവർക്ക് നിരാശ,ശ്രീകൃഷ്ണപുരത്തെ കോൺഗ്രസ്‌ ഭരണസമിതി ബാങ്കിന്റെ പുതിയ കെട്ടിടഉദ്ഘാടനത്തിനാണ് കെ മുരളീധരനും സന്ദീപ് വാര്യരും ഒരേ വേദിയിലെത്തിയത്,തെല്ലും അമർഷമോ അതൃപ്തിയോ കാണിക്കാതെയാണ് മുരളി സന്ദീപിനെ സ്വീകരിച്ചത്,ഇരുവരും വേദിയിൽ ഇരുന്നതും ഒരുമിച്ച്..പരസ്പരം വാനോളം പുകഴ്ത്തിയായിരുന്നു ഇരുവരുടെയും പ്രസംഗം,സന്ദീപിന്റെ പാർട്ടി പ്രവേശനം അറിഞ്ഞത് ചാനൽ വാർത്തകളിലൂടെയെന്ന് കെ മുരളീധരൻ വിമർശനം ഉന്നയിച്ചിരുന്നു,എന്തായാലും മുരളിയുടെ അതൃപ്തി നീങ്ങിയെന്ന സൂചന നൽകുന്നതായി നേതാക്കളുടെ വേദി പങ്കിടൽ

സംസ്ഥാനത്തെ ഭരണ തലപ്പത്ത് ഐഎഎസ് ക്ഷാമം

തിരുവനന്തപുരം. സംസ്ഥാനത്തെ ഭരണ തലപ്പത്ത് ഐ.എ.എസ് ക്ഷാമം. 231 ഐ.എ.എസ് ഉദ്യോഗസ്ഥർ വേണ്ടിടത്ത് ഉള്ളത് 126 ഉദ്യോഗസ്ഥർ മാത്രം. ജോലിഭാരം മൂലം സെക്രട്ടറിയേറ്റിൽ 3 ലക്ഷത്തിലധികം ഫയലുകളാണ് കെട്ടിക്കിടക്കുന്നത്.

ആവശ്യത്തിന് ഐ.എ.എസ് ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ സംസ്ഥാനത്തെ പല വകുപ്പുകളിലും ഭരണ പ്രതിസന്ധി. നാലും അഞ്ചും വകുപ്പുകളുടെ ചുമതല ഒരേസമയം വഹിക്കുന്ന ഉദ്യോഗസ്ഥരും നിലവിലുണ്ട്. സർക്കാരിന് വേണ്ടപ്പെട്ട ഉദ്യോഗസ്ഥർക്ക് പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതല ഒരുമിച്ച് നൽകിയിട്ടുണ്ട്. ഇതുമൂലം വകുപ്പുകൾ ശ്രദ്ധിക്കാൻ കഴിയാത്ത സാഹചര്യവും നിലവിലുണ്ട്. ജോലിഭാരം മൂലം വകുപ്പ് മന്ത്രിമാർ വിളിക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യവും ഉദ്യോഗസ്ഥർക്ക് ഉണ്ട്. ഒട്ടേറെ മുതിർന്ന ഉദ്യോഗസ്ഥർ കേന്ദ്ര ഡെപ്യൂട്ടിഷനിലാണ്. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലയിലും ഉദ്യോഗസ്ഥർ പോയത് പ്രതിസന്ധി രൂക്ഷമാക്കി. ധനവകുപ്പിൽ മാത്രം 26,257 ഫയലുകൾ കെട്ടിക്കിടക്കുന്നു എന്നാണ് പുതിയ കണക്ക്. അഞ്ചു വകുപ്പുകൾ ഒരേ സമയം കൈകാര്യം ചെയ്തതിനെ തുടർന്ന് എ. കൗശികൻ, ഫയൽ നോക്കാൻ സമയം കിട്ടുന്നില്ല എന്ന് പരാതിപ്പെട്ടതോടെ മൃഗസംരക്ഷണ വകുപ്പിൽ നിന്ന് ഒഴിവാക്കി.

അതിനിടെ പ്രധാന വകുപ്പുകൾ ആണ് തങ്ങൾക്ക് ലഭിച്ചതെന്നാണ് കെ.എ.എസുകാരുടെ പരാതി. പ്രധാന തസ്തികകളിലേക്ക് മാറ്റി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി.

സീരിയല്‍ രംഗത്തും സെന്‍സറിങ് അനിവാര്യമാണെന്ന് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: സിനിമയിലേതുപോലെ സീരിയല്‍ രംഗത്തും സെന്‍സറിങ് അനിവാര്യമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. സീരിയലുകളെ സംബന്ധിച്ച് ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട ഒട്ടേറെ വിഷയങ്ങളുണ്ടെന്നും സമൂഹത്തില്‍ നല്ല സന്ദേശങ്ങളെത്തിക്കാന്‍ സീരിയലുകള്‍ എത്രത്തോളം ഉതകുന്നുണ്ടെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് പി. സതീദേവി പറഞ്ഞു. മെഗാ സീരിയല്‍ നിരോധിക്കണമെന്ന വനിതാ കമ്മീഷന്റ റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ല. 2017-18 കാലത്താണ് അത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയത്. സീരിയലുകളിലെ സ്ത്രീള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് വനിതാ കമ്മീഷന് നിരവധി പരാതികള്‍ ലഭിച്ചതായും സതീദേവി പറഞ്ഞു.
സീരിയലുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന നടിമാര്‍ ഉള്‍പ്പടെ നിരവധി പേരുടെ പരാതികള്‍ വനിത കമ്മീഷന് മുന്‍പില്‍ വന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഒരു പബ്ലിക് ഹിയറിങ് വനിത കമ്മീഷന്‍ നടത്തിയിരുന്നു. തൊഴില്‍ സാഹചര്യങ്ങള്‍, തൊഴില്‍മേഖലയിലെ സുരക്ഷിതത്വം, സേവന വേതനവ്യവസ്ഥകള്‍ എല്ലാം അവിടെ ചര്‍ച്ച ചെയ്തിരുന്നു. അതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൊടുത്തതായും സതീദേവി പറഞ്ഞു.
ചില സീരിയലുകള്‍ സമൂഹത്തില്‍ നല്ല സന്ദേശങ്ങളല്ല നല്‍കുന്നത്. കുട്ടികളില്‍ അടക്കം തെറ്റായ സന്ദേശം കൊടുക്കാന്‍ ഇടവരുത്തുന്ന ദൃശ്യങ്ങളും കഥാപാത്രങ്ങളും കാണുന്നത്. അതുകൊണ്ടുതന്നെ സീരിയലുകള്‍ക്ക് സെന്‍സറിങ് അനിവാര്യമാണെന്ന് സതീദേവി പറഞ്ഞു.

മുഖത്ത് പ്രായക്കൂടുതൽ തോന്നിക്കാതിരിക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

മുഖത്ത് പ്രായക്കൂടുതൽ തോന്നിതാരിക്കാനും ചർമ്മം സംരക്ഷിക്കാനും ഭക്ഷണത്തിൻറെ കാര്യത്തിൽ ഏറെ ശ്രദ്ധ വേണം. ചർമ്മത്തിൻറെ ആരോഗ്യത്തിനായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഡയറ്റിൽ നിന്നും ഒഴിവാക്കുക. പഞ്ചസാരയുടെ അമിത ഉപയോഗം ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകാനും പ്രായക്കൂടുതൽ തോന്നാനും കാരണമാകും. അതുപോലെ തന്നെ അമിതമായ ഉപ്പിൻറെ ഉപയോഗവും മുഖത്ത് പ്രായക്കൂടുതൽ തോന്നാൻ കാരണമാകും.

അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും ചർമ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാൻ കാരണമാവുകയും ചെയ്യും. അതുപോലെ തന്നെ സോസേജ്, ഹോട്ട് ഡോഗ്സ് പോലെയുള്ള പ്രോസസിഡ് ഭക്ഷണങ്ങൾ അഥവാ സംസ്കരിച്ച ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിന് നല്ലതല്ല. ഇവ കൊളാജൻ ഉൽപാദത്തെ കുറയ്ക്കുകയും മുഖത്ത് ചുളിവുകൾ വരുത്തുകയും ചെയ്യും. റെഡ് മീറ്റിൻറെ അമിത ഉപയോഗവും ചർമ്മത്തിന് നന്നല്ല.

എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇവയും ചർമ്മത്ത് ചുളിവുകൾ വരുത്താൻ കാരണമാകും. അതിനാൽ എണ്ണയിൽ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങളും ഡയറ്റിൽ നിന്നും ഒഴിവാക്കുന്നതാണ് ചർമ്മത്തിൻറെ ആരോഗ്യത്തിന് നല്ലത്. എരുവുള്ള ഭക്ഷണങ്ങളുടെ അമിത ഉപയോഗവും ചർമ്മത്തിന് നന്നല്ല. വളരെയധികം കലോറി അടങ്ങിയ ജങ്ക് ഫുഡ് കഴിക്കുന്നതും ചർമ്മത്തിൻറെ ആരോഗ്യം മോശമാക്കും. അമിത മദ്യപാനവും ചർമ്മത്തിൽ ചുളിവുകൾ വീഴാനും മുഖത്ത് പ്രായക്കൂടുതൽ തോന്നിക്കാനും കാരണമാകും. അതിനാൽ മദ്യപാനം പരമാവധി ഒഴിവാക്കുക.

റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഒഴിവാക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

സന്ധികളെ ബാധിക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (ആർഎ) അഥവാ ആമവാതം. രോഗ പ്രതിരോധസംവിധാനം സ്വന്തം ശരീരത്തിലെതന്നെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിച്ചു തുടങ്ങുന്ന അവസ്ഥയാണിത്. ഇത് മൂലം സന്ധികളിൽ നീരും വീക്കവും വേദനയും ഉണ്ടാകാം. ചലനശേഷിക്ക് ബുദ്ധിമുട്ട്, ദേഹം കുത്തിനോവുക, സന്ധികളിൽ മരവിപ്പ്​, സന്ധികൾക്കുണ്ടാകുന്ന ബലഹീനത തുടങ്ങിയ പല ലക്ഷണങ്ങളും ഇതുമൂലം ഉണ്ടാകാം. റൂമറ്റോയ്ഡ് ആർത്രൈറ്റിസിൻറെ വേദന ഉറക്കമുണരുന്ന സമയത്താകും കൂടുതൽ അനുഭവപ്പെടുന്നത്.

റൂമറ്റോയ്ഡ് ആർത്രൈറ്റിസിനെ തടയാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

  1. സാൽമൺ മത്സ്യം

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ സാൽമൺ പോലെയുള്ള ഫാറ്റി ഫിഷുകൾ കഴിക്കുന്നത് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഒഴിവാക്കാൻ സഹായിക്കും.

  1. വാൾനട്സ്

വാൾനട്സിലും ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ആമവാതത്തിൻറെ ലക്ഷണങ്ങളെ കുറയ്ക്കാൻ സഹായിക്കും.

  1. ബീൻസ്

ഫൈബറും പ്രോട്ടീനും കാത്സ്യവും മറ്റും അടങ്ങിയ ബീൻസ് പേശികളുടെയും സന്ധികളുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.

  1. പാലുൽപ്പന്നങ്ങൾ

കാത്സ്യം ധാരാളം അടങ്ങിയ പാലും പാലുൽപ്പന്നങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തുന്നതും റൂമറ്റോയ്ഡ് ആർത്രൈറ്റിസിൽ നിന്നും ആശ്വാസം ലഭിക്കാൻ സഹായിക്കും.

  1. സിട്രസ് പഴങ്ങൾ

ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയ വിറ്റാമിൻ സിയും ഡിയും അടങ്ങിയ സിട്രസ് പഴങ്ങൾ റൂമറ്റോയ്ഡ് ആർത്രൈറ്റിസിൻറെ ലക്ഷണങ്ങളെ കുറയ്ക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

  1. ഇലക്കറികൾ

വിറ്റാമിൻ എ, സി തുടങ്ങിയവ അടങ്ങിയ ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും റൂമറ്റോയ്ഡ് ആർത്രൈറ്റിസിനെ തടയാൻ സഹായിക്കും.

  1. ഓട്സ്

നാരുകളാൽ സമ്പന്നമായ ഓട്സ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഉള്ള രോഗികൾക്ക് നല്ലതാണ്.

  1. ഗ്രീൻ ടീ

ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഗ്രീൻ ടീ കുടിക്കുന്നതും റൂമറ്റോയ്ഡ് ആർത്രൈറ്റിസിനെ തടയാനും സന്ധികളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

പാർട്ടിയുമായി ഭിന്നത; ഏരിയ കമ്മിറ്റിയിൽനിന്ന് മുൻ എംഎൽഎ അയിഷപോറ്റിയെ ഒഴിവാക്കി

കൊട്ടാരക്കര: മുൻ എംഎൽഎ പി.അയിഷപോറ്റിയെ സിപിഎം ഏരിയ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. പാർട്ടിയുമായി ചില വിഷയങ്ങളിൽ ഭിന്നതയുള്ള അയിഷപോറ്റി കമ്മിറ്റികളിൽ പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാണെന്നായിരുന്നു വിശദീകരണം. എന്നാൽ എംഎൽഎ ആയിരിക്കെ മുൻകൈ എടുത്ത് നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളിൽ തന്റെ പേര് പരാമർശിക്കാത്തതാണ് ഭിന്നതയ്ക്ക് കാരണമെന്നാണ് സൂചന.

ജില്ലാ കമ്മിറ്റി അംഗമായതിനാലാണ് ഒഴിവാക്കിയതെന്നാണ് പാർട്ടി നേതാക്കളുടെ വിശദീകരണം. എന്നാൽ നിലവിലെ മറ്റൊരു ജില്ലാ കമ്മിറ്റി അംഗമായ ജി.സുന്ദരേശനെ ഏരിയ കമ്മിറ്റിയിൽ നിലനിർത്തുകയും ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറിയെ വിമർശിച്ച ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ ഏരിയ കമ്മിറ്റി അംഗ ലിസ്റ്റിൽ നിന്നും വെട്ടിമാറ്റി.

ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തിൽ 21 അംഗ ഏരിയ കമ്മിറ്റി അംഗങ്ങളിൽ തൃക്കണ്ണമംഗൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ ഉൾപ്പെടുത്തിയില്ല. കൊട്ടാരക്കര ടൗൺ ഉൾപ്പെടുന്ന പ്രദേശമാണ് തൃക്കണ്ണമംഗൽ. കോൺഗ്രസ് നേതാവിനെ ആക്രമിച്ച കേസിൽ ജയിലിലായ 10 സിപിഎം പ്രവർത്തകരിൽ മൂന്ന് പേരെ മാത്രം സന്ദർശിച്ച് ജില്ലാ സെക്രട്ടറി മടങ്ങിയെന്നായിരുന്നു സമ്മേളനത്തിൽ പ്രസംഗിച്ചത്.

സ്വർണവില മലക്കംമറിഞ്ഞു; പ്രതീക്ഷകൾ തെറ്റിച്ച് ഇന്ന് വിലക്കുതിപ്പ്; വഴിയൊരുക്കിയത് ഡോളറും ബൈഡനും

ആഭരണപ്രേമികളെയും വ്യാപാരികളെയും ഒരുപോലെ അമ്പരപ്പിച്ച് സ്വർണവിലയിൽ ഇന്ന് അപ്രതീക്ഷിത തിരിച്ചുകയറ്റം. കേരളത്തിൽ ഗ്രാമിന് 60 രൂപ വർധിച്ച് 6,995 രൂപയായി. 480 രൂപ ഉയർന്ന് 55,960 രൂപയാണ് പവൻവില. 18 കാരറ്റിനും ഗ്രാമിന് 50 രൂപ കൂടി വില 5,770 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് 97 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.

ഒക്ടോബർ‌ 31ന് രേഖപ്പെടുത്തിയ പവന് 59,640 രൂപയും ഗ്രാമിന് 7,455 രൂപയും എന്ന എക്കാലത്തെയും റെക്കോർഡ് വിലയിൽ നിന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച വരെ പവന് 4,449 രൂപയും ഗ്രാമിന് 562 രൂപയും കുറഞ്ഞിരുന്നു. ഇതേ ട്രെൻഡ് തുടരുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ്, ഇന്ന് വില തിരിച്ചുകയറിയത്. രാജ്യാന്തരവിലയുടെ മലക്കംമറിച്ചിലാണ് കേരളത്തിലും പ്രതിഫലിച്ചത്. കഴിഞ്ഞയാഴ്ച ഔൺസിന് 2,560 ഡോളർ നിലവാരത്തിലേക്ക് കൂപ്പുകുത്തിയ രാജ്യാന്തരവില, നിലവിൽ 2,590 ഡോളറിലേക്ക് തിരിച്ചുകയറി. ഇതോടെ കേരളത്തിലും വില കൂടുകയായിരുന്നു.

കുതിപ്പിന് കാരണം ഡോളറും ബൈഡനും

യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ ആറ് മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ‌ ഇൻഡെക്സ് 100 എന്നതിൽ നിന്ന്, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയക്കൊടി പാറിച്ചതിന്റെ ആവേശത്തിൽ 106ന് മുകളിലേക്ക് കുത്തനെ കയറിയിരുന്നു. എന്നാൽ, ഈ നിലവാരത്തിൽ നിന്ന് കൂടുതൽ മുന്നോട്ട് പായാൻ ഡോളറിന് പിന്നെ കഴിഞ്ഞിട്ടില്ല. മൂല്യം കുറഞ്ഞതുമില്ല. മൂല്യത്തിലെ ഈ ‘സ്ഥിരത’ (consolidation) സ്വർണവില വർധനയ്ക്ക് വഴിയൊരുക്കുകയായിരുന്നു.

നിലവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പുതിയ നിലപാടും സ്വർണത്തിന് ഊർജമായി. റഷ്യക്കുള്ളിൽ യുഎസ് ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്താൻ യുക്രെയ്ന് കഴിഞ്ഞദിവസം ബൈഡൻ ഭരണകൂടം അനുമതി നൽകിയിരുന്നു. ഇതോടെ, റഷ്യ-യുക്രെയ്ൻ യുദ്ധം കൂടുതൽ രൂക്ഷമായേക്കുമെന്നതാണ് സ്വർണത്തിന് നേട്ടമായത്. യുദ്ധം പോലുള്ള ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ ഓഹരി, കടപ്പത്ര വിപണികളെ തളർത്തും; ‘പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം’ എന്ന പെരുമയുള്ള സ്വർണത്തിലേക്ക് നിക്ഷേപം ഒഴുകുകയും വില വർധിക്കുകയും ചെയ്യും. ഇതാണ് നിലവിൽ സംഭവിക്കുന്നത്.

ഉപയോക്താക്കളുടെ പ്രതീക്ഷ മങ്ങുന്നോ?

രാജ്യാന്തര, ആഭ്യന്തര സ്വർണവിലയിലെ ഇപ്പോഴത്തെ തിരിച്ചുകയറ്റം താൽകാലികം മാത്രമായിരിക്കുമെന്ന വിലയിരുത്തൽ ശക്തമാണ്. അതായത്, കേരളത്തിലും വില സമീപകാലത്ത് താഴേക്കുതന്നെ നീങ്ങിയേക്കാം. ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങൾ പൊതുവേ പണപ്പെരുപ്പം കൂടാനും യുഎസ് ഡോളർ, യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി ബോണ്ട് യീൽഡ്), യുഎസ് ഓഹരികൾ, ക്രിപ്റ്റോകറൻസികൾ എന്നിവയുടെ മൂല്യം വർധിക്കാനും ഇടവരുത്തുന്നതാണെന്നാണ് കരുതപ്പെടുന്നത്.

ഉയർന്ന പണപ്പെരുപ്പം, ശക്തമായ ഡോളർ, മികച്ച നേട്ടം നൽകുന്ന ബോണ്ടും ഓഹരികളും ക്രിപ്റ്റോകളും സ്വർണനിക്ഷേപ പദ്ധതികളുടെ തിളക്കം കുറയ്ക്കും. ഡോളർ ശക്തമായതിനാൽ സ്വർണം വാങ്ങുകയെന്നതും വിലയേറിയ കാര്യമാകും. ഫലത്തിൽ, ഡിമാൻഡ് കുറയുന്നതോടെ വില താഴുമെന്നാണ് നിരീക്ഷകർ വാദിക്കുന്നത്. മാത്രമല്ല, അടിസ്ഥാനപരമായി ബിസിനസുകാരനായ ട്രംപ്, റഷ്യ-യുക്രെയ്ൻ, ഇറാൻ-ഇസ്രയേൽ യുദ്ധങ്ങളെ പ്രോത്സാഹിപ്പിക്കില്ല. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാകും ട്രംപ് ഭരണകൂടത്തിൽ നിന്നുണ്ടായേക്കുക. ഇതും സ്വർണവിലയെ താഴേക്ക് നയിച്ചേക്കും.

ജിഎസ്ടി ഉൾപ്പെടെ ഇന്ന കേരളത്തിൽ വില

പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ), 3% ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ സഹിതം ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണവില 60,575 രൂപയാണ്. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,572 രൂപയും. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചിലർ ഓഫറിന്റെ ഭാഗമായിൽ പണിക്കൂലി പൂർണമായും ഒഴിവാക്കുകയോ ഡിസ്കൗണ്ട് ലഭ്യമാക്കുകയോ ചെയ്യുന്നുമുണ്ട്.

യുകെയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി

ബ്രാഡ്ഫോർഡ്∙ യുകെയിൽ ആലപ്പുഴ സ്വദേശിയായ മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി. ബ്രാഡ്ഫോർഡ് റോയൽ ഇൻഫോമറി ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന വൈശാഖ് രമേശ് (35) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം.

ഏകദേശം ഒരു വർഷം മുൻപ് മാത്രമാണ് വൈശാഖ് യുകെയിലെത്തിയത്. നാട്ടിലായിരുന്ന ഭാര്യ ശരണ്യ യുകെയിലെത്തിയത് മൂന്നാഴ്‌ച മുൻപ് മാത്രമാണ്. കർണാടകയിലെ ഷിമോഗയിലാണ് വൈശാഖ് നഴ്സിങ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് ബെംഗളൂരു, മുംബൈ, കോഴിക്കോട് എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷമാണ് യുകെയിൽ എത്തിയത്.

ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ പ്രാദേശിക മലയാളി കൂട്ടായ്മകളിൽ സജീവമായിരുന്ന വൈശാഖിന് നല്ലൊരു സുഹൃദ്‌വലയം തന്നെയുണ്ടായിരുന്നു. നല്ലൊരു ഗായകൻ കൂടിയായ വൈശാഖ് യുകെയിൽ നിരവധി വേദികളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബർ 1 നായിരുന്നു വൈശാഖിന്റെ ജന്മദിനം.

വൈശാഖിന്റെ അപ്രതീക്ഷിത വേർപാട് ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യത്തിലാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും. സംസ്കാരം ഉൾപ്പടെയുള്ള കൂടുതൽ വിവരങ്ങൾ പിന്നീട്.

ശീശ്മഹൽ’ പ്രയോഗം പുതിയ ചങ്ങാത്ത സൂചന?; എഎപിക്ക് ക്ഷീണമായി കൈലാഷ് ഗെലോട്ടിന്റെ രാജി

ന്യൂഡൽഹി ∙ അഴിമതി ആരോപണത്തിൽ അരവിന്ദ് കേജ്‌രിവാളും മന്ത്രിമാരും അറസ്റ്റിലായ ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് എഎപിക്ക് നിർണായകമായിരിക്കെയാണ് പ്രധാന നേതാവായ കൈലാഷ് ഗെലോട്ട് പാർട്ടി വിട്ടത്. മുൻനിര നേതാവും ആഭ്യന്തരം, ധനകാര്യം ഉൾപ്പെടെ പ്രധാന വകുപ്പുകളുടെ മന്ത്രിയുമായിരുന്നു ഗെലോട്ട്. മദ്യനയ അഴിമതിക്കേസിൽ കേജ്‌രിവാൾ ജയിലിലായപ്പോൾ പാർട്ടിക്ക് കരുത്തേകിയയാൾ പടിയിറങ്ങുമ്പോൾ കൺവീനറെയും നേതാക്കളെയും രൂക്ഷമായി വിമർശിച്ചതും ബിജെപി ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ആയുധമാക്കുന്നുണ്ട്.

എഎപിയെ തള്ളിപ്പറഞ്ഞ ഗെലോട്ട് ഇനിയെങ്ങോട്ടെന്ന ചോദ്യങ്ങൾക്ക് രാജിക്കത്തിലെ ‘ശീശ്മഹൽ’ പ്രയോഗത്തിൽ മറുപടിയുണ്ട്. മുഖ്യമന്ത്രിയുടെ വസതി നവീകരണവുമായി 45 കോടി രൂപ ചെലവഴിച്ചെന്ന വിവാദത്തിൽ എഎപിയെ ആക്ഷേപിക്കാൻ ബിജെപി ഉപയോഗിച്ച വാക്കാണ് ‘ശീശ്മഹൽ’ (ചില്ലുമേട). ബിജെപി പ്രവേശനമെന്ന സൂചന നൽകുന്ന പ്രയോഗം.

അഴിമതിക്കേസുകളിൽ പെടുത്തി ഇ.ഡിയെ ഉപയോഗിച്ച് പ്രധാന നേതാക്കളെ പാട്ടിലാക്കുന്ന സ്ഥിരം തന്ത്രമാണ് ഗെലോട്ടിലും അമിത്ഷായും നരേന്ദ്ര മോദിയും പരീക്ഷിക്കുന്നതെന്നാണ് എഎപി ആരോപിക്കുന്നത്. ദീർഘനാളായി ഇ.ഡി- സിബിഐ റഡാറിലാണ് ഡൽഹിയിലെ മിത്രോൺ ഗ്രാമത്തിൽ നിന്നുള്ള ജാട്ട് നേതാവായ ഗെലോട്ട്. ഡൽഹിയിൽ ജനിച്ചു വളർന്ന ചുരുക്കം എഎപി നേതാക്കളിൽ ഒരാൾ.

അഭിഭാഷകനായി സുപ്രീംകോടതിയിലും ഹൈക്കോടതിയിലുമായി രണ്ട് പതിറ്റാണ്ടോളം പ്രാക്ടീസ് ചെയ്തു. 2015ലാണ് ഡൽഹിയിലെ നജഫ്ഗഡിൽ മത്സരിച്ച് എംഎൽഎയായി രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1,550 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. 2020ൽ ആറായിരത്തിലധികം വോട്ടുകൾക്ക് വീണ്ടും വിജയിച്ചു. 2018ലാണ് ആദായനികുതി വകുപ്പിന്റെ കേസുകളിൽ പെടുന്നത്.