Home Blog Page 1862

ഇതൊക്കെ എന്ത്,രാജി വേണ്ട

തിരുവനന്തപുരം. ഭരണഘടന അവഹേളന പ്രസംഗത്തിനെതിരെയുള്ള കോടതി ഉത്തരവിൽ മന്ത്രി സജി ചെറിയാൻ രാജി വയ്ക്കേണ്ടെന്നു സിപിഎം സംസ്ഥാന സെക്രടറിയേറ്റിൽ ധാരണ. ഒരേ വിഷയത്തിൽ രണ്ടു തവണ മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടെന്നാണ് സെക്രട്ടറിയേറ്റിൽ ഉയർന്ന അഭിപ്രായം. അന്വേഷണ ഉത്തരവിനെതിരെ നിയമോപദേശം തേടാനും സെക്രട്ടറിയേറ്റിൽ തീരുമാനം ആയി.

തുടര്ന്വേഷണ പ്രഖ്യാപനത്തിൽ പ്രതിഷേധം ശക്തമാകുമ്പോഴും മന്ത്രിയെ കൈവിടാതെ പാർട്ടി. വിവാദ പ്രസംഗത്തിൽ ഒരുതവണ രാജിവെച്ചതാണ്. കോടതി പരാമർശിച്ചതിന്റെ തിന്റെ പേരിൽ വീണ്ടും രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിലപാട്. ക്രൈംബ്രാഞ്ച് അന്വേഷണ ഉത്തരവിനെതിരെ അപ്പീൽ പോകുന്ന കാര്യത്തിൽ നിയമപദേശം തേടാനും സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനമായി. അതേസമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ സമരം ശക്തമാക്കുകയാണ്. സജി ചെറിയാന്റെ ചെങ്ങന്നൂരിലെ വസതിയിലേക്ക് യൂത്ത് കോൺഗ്രസും ബിജെപിയും നടത്തിയ മാർച്ചിൽ സംഘർഷമായി.

തന്റെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവ് എന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം സമരം കൂടുതൽ ശക്തമാക്കാൻ ആണ് പ്രതിപക്ഷ ആലോചന.

ആളൊഴിഞ്ഞ പഴയ കെട്ടിടത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: പയ്യോളി സ്വദേശിയായ യുവാവിന്റെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തില്‍ കണ്ടെത്തി. അയനിക്കാട് പുന്നോളിക്കണ്ടി അര്‍ഷാദി(25)നെയാണ് കോഴിക്കോട് കൊപ്ര ബസാറിന് സമീപമുള്ള ആളൊഴിഞ്ഞ പഴയ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെയോടെയാണ് സംഭവം. ഈ കെട്ടിടവും പരിസരവും മയക്കുമരുന്ന് സംഘങ്ങളുടെ താവളമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദില്‍ ഖബറടക്കി. അര്‍ഷാദിന്റെ പിതാവ്: അബ്ദുല്‍ സലാം. ഉമ്മ: ഹാജറ. സഹോദരങ്ങള്‍: ആസിഫ്, ആസിഫ.

തെൻമലയിൽ ശബരിമല തീർത്ഥാടകരുടെ കാർ ലോറിയുമായി കൂട്ടിയിടിച്ചു; പിന്നാലെ വന്ന സ്കൂട്ടറും അപകടത്തിൽപെട്ടു

കൊല്ലം: കൊല്ലം തെൻമല ഇടമണിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. പോണ്ടിച്ചേരി സ്വദേശികൾ സഞ്ചരിച്ച കാറാണ് ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായിരിക്കുന്നത്. രണ്ട് വാഹനങ്ങളും കൂട്ടിയിടിച്ചതിനെ തുടർന്ന് ലോറിക്ക് പിന്നിലെത്തിയ സ്കൂട്ടറും അപകടത്തിൽപെട്ടു.

അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പുനലൂർ താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. തമിഴക വെട്രി കഴകം പാർട്ടിയുടെ കൊടി കെട്ടിയ കാറാണ് അപകടത്തിൽപ്പെട്ടത്.

എമ്മിൽ നിന്ന് പണമെടുക്കാൻ സഹായ വാഗ്ദാനം, തിരിച്ച് നൽകുക ഡമ്മി കാർഡ്, പിന്നാലെ പണം തട്ടും; പ്രതി പിടിയിൽ

കോയമ്പത്തൂർ: വാൽപ്പാറയിൽ തേയില തോട്ടതൊഴിലാളികളെ കബളിപ്പിച്ച് പണം തട്ടുന്ന പ്രതി പിടിയിൽ. എടിഎം കാർഡ് ഉപയോഗിച്ച് പണം എടുക്കാൻ അറിയാത്തവരെയാണ് ഇയാൾ കബളിപ്പിപ്പിക്കുന്നത്. 44 എടിഎം കാർഡുകളാണ് ഇയാളുടെ കയ്യിൽ നിന്ന് പൊലീസ് പിടികൂടിയത്.

എടിഎം വഴി പണം എടുക്കാനറിയാത്ത വൃദ്ധയെയാണ് നജീബ് കഴിഞ്ഞ ദിവസം കബളിപ്പിച്ചത്. കാശ് എടുക്കാൻ നജീബിനോട് സഹായം ചോദിച്ച വൃദ്ധയുടെ പിൻ നമ്പർ മനസ്സിലാക്കിയ ശേഷം ഡമ്മി കാർഡ് നൽകി തിരിച്ചയാക്കുകയായിരുന്നു ഇയാൾ. തിരികെ വീട്ടിൽ എത്തിയ വൃദ്ധ 9000 രൂപ പിൻവലിച്ചതായി ഫോണിൽ മെസ്സേജ് കണ്ടപ്പോഴാണ് ചതി പറ്റി എന്ന് മനസ്സിലാക്കിയത്. ഉടനെ തന്നെ പൊലീസിൽ പരാതി നൽകി.

വാൽപ്പാറ ഡിഎസ്പി ശ്രീനിധിയുടെ നേതൃത്വത്തിലാണ് ആലപ്പുഴ സ്വദേശിയായ നജീബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യിൽ നിന്ന് 44 എടിഎം കാർഡുകൾ പിടിച്ചെടുത്തു. വാൽപ്പാറ തേയില തോട്ട തൊഴിലാളികൾക്ക് ശമ്പളം കിട്ടുന്ന ദിവസം ഇയാൾ വാൽപ്പാറയിൽ എത്തും. പണം എടുക്കാൻ അറിയാത്തവർക്ക് പണം എടുത്തു കൊടുക്കുന്ന വ്യാജനെ എടിഎം കാർഡ് മാറ്റി ഡമ്മി കാർഡ് നൽകി കബളിപ്പിക്കും. എറണാകുളം പൊലീസ് സ്റ്റേഷനിൽ ഇയാളുടെ പേരിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അമ്മുവിന്‍റെ മരണം; പ്രതികളുടെ മൊബൈൽ ഫോണുകളിൽ തെളിവുകളുണ്ടെന്ന് പൊലീസ്, സഹപാഠികളായ മൂന്നുപേരും റിമാന്‍ഡിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്‍റെ മരണത്തിൽ അറസ്റ്റിൽ ആയ മൂന്ന് സഹപാഠികളെയും റിമാന്‍ഡ് ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ റിമാന്‍ഡ് ചെയ്തുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണിൽ തെളിവുകളുണ്ടെന്നും ജാമ്യം നൽകിയാൽ അത് നശിപ്പിക്കപ്പെടുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ വാദിച്ചു.

കോളേജിൽ നിന്ന് കാണാതായെന്ന് പറയുന്ന പ്രതികളില്‍ ഒരാളായ വിദ്യാര്‍ത്ഥിനിയുടെ ലോഗ് ബുക്ക് കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. ഈ സാഹചര്യത്തിൽ പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ, ഇനി പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുക്കേണ്ട ആവശ്യമില്ലെന്നും ഇടക്കാല ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. തുടര്‍ന്നാണ് കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തുകൊണ്ട് കോടതി ഉത്തരവിട്ടത്.

കേസിൽ അറസ്റ്റിലായ അമ്മു സജീവന്റെ സഹപാഠികളായ പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ് , ചങ്ങനാശ്ശേരി സ്വദേശി എടി അക്ഷിത , കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം പരാതി നൽകിയിരുന്നു. അതേസമയം, അമ്മുവിന്‍റെ മരണത്തിലെ ദുരൂഹത നീക്കാൻ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സർക്കാരിനെ സമീപിക്കും. ഇതിനിടെ, പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോകും വഴി എബിവിപി പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

മൂവർക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റം പൊലീസ് ചുമത്തിയിരുന്നു. അമ്മുവിനെ സഹപാഠികൾ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന കുടുംബത്തിന്‍റെ മൊഴി സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയതോടെയാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. അമ്മുവും അറസ്റ്റിലായ മൂന്നു വിദ്യാർഥിനികളും ഉറ്റ ചങ്ങാതിമാരായിരുന്നു. ഇവർക്കിടയിലെ തർക്കങ്ങൾ രൂക്ഷമായ ഭിന്നതയിലേക്ക് നീങ്ങി. വിദ്യാർത്ഥിനികളിൽ ഒരാളുടെ ലോഗ് ബുക്ക് കാണാതായി, പണം നഷ്ടപ്പെട്ടു തുടങ്ങി പലവിധ കുറ്റങ്ങൾ അമ്മൂവിന്‍റെ മേൽ കെട്ടിവെക്കാൻ ശ്രമം ഉണ്ടായി. ഏറ്റവും ഒടുവിൽ ടൂർ കോഡിനേറ്ററായി അമ്മുവിനെ തെരഞ്ഞെടുത്തതിനെയും മൂവർ സംഘം ശക്തമായ എതിർത്തു. തുടർച്ചയായ മാനസിക പീഡനം മകൾക്ക് ഏറ്റുവാങ്ങേണ്ടി വരുന്നുവെന്ന് പിതാവ് രേഖ മൂലം കോളേജ് പ്രിൻസിപ്പലിന് പരാതി നൽകി.

അതിൽ കോളേജ് നടത്തിയ ആഭ്യന്തര അന്വേഷണതിലും സഹപാഠികളിൽ നിന്ന് അമ്മുവിന് മാനസിക പീഡനം ഏൽക്കേണ്ടി വന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു. അത്തരം റിപ്പോർട്ടുകളും പൊലീസ് കേസിന്‍റെ ഭാഗമാക്കി.അതോടൊപ്പം, സഹപാഠികൾക്കെതിരെ അമ്മു സജീവ് കോളേജ് അന്വേഷണ സമിതിക്ക് മുമ്പാകെ നൽകിയ കുറിപ്പും ഹോസ്റ്റൽ മുറിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഈ കുറിപ്പും പ്രതികളുടെ അറസ്റ്റിലേക്ക് നീങ്ങുന്നത് നിര്‍ണായകമായി. ഇതെല്ലാം ആത്മഹത്യാപ്രേരണയ്ക്ക് അടിസ്ഥാനമായെന്നും പൊലീസ് പറയുന്നു. എന്നാൽ, അപ്പോഴും അമ്മു ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ആവർത്തിക്കുകയാണ് കുടുംബം.

കുടുംബം ഉന്നയിക്കുന്ന ചികിത്സാ പിഴവടക്കമുള്ള ആരോപണങ്ങളിൽ ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ചുട്ടിപ്പാറ എസ്.എം.ഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു മരിക്കുന്നത്.

കേരളത്തിൽ അതിവേഗ യാത്രക്ക് പുതിയ സർവീസ്: തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് നാളെ മുതൽ പുതിയ വിമാന സ‍ർവീസ്

തിരുവനന്തപുരം: കേരളത്തിലെ ആഭ്യന്തര യാത്രക്കാർക്ക് ആശ്വാസമാകുന്ന നിലയിൽ തിരുവനന്തപുരത്തെയും കൊച്ചിയെയും ബന്ധിപ്പിച്ച് പുതിയ വിമാന സർവീസ് വരുന്നു. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സർവീസ് നാളെ മുതൽ തുടങ്ങും. ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 7:15 ന് പുറപ്പെട്ട് 08:05ന് കൊച്ചിയിലെത്തും.

കൊച്ചിയിൽ നിന്ന് തിങ്കൾ, വെള്ളി ദിവസങ്ങളിൽ രാത്രി 11 മണിക്ക് പുറപ്പെട്ട് 11:50ന് വിമാനം തിരുവനന്തപുരത്തും. തിരുവനന്തപുരം-കൊച്ചി റൂട്ടിൽ ഇൻഡിഗോയുടെ പ്രതിദിന സർവീസിന് പുറമേയാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങുന്നത്.

ഛത്തീസ്​ഗഡിലെ സുഖ്മ ജില്ലയിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങൾ പിടികൂടി

ശ്രീന​ഗർ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാർപദാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുണ്ടായ വിവരം ബസ്തർ റേഞ്ച് ഐ.ജി സുന്ദർരാജ് സ്ഥിരീകരിച്ചു.

ജില്ലാ റിസർവ് ഗാർഡും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സുമാണ് ഏറ്റുമുട്ടൽ നടന്നത്. മേഖലയിൽ മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നുണ്ടെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ നിന്ന് എ.കെ 47 റൈഫിളുകളും എസ്.എൽ.ആർ റൈഫിളുകളും പ്രദേശത്ത് നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

പിറന്നാൾ ദിനത്തിൽ കൈയ്യബദ്ധം; സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

ന്യൂയോർക്ക്: പിറന്നാൾ ദിനത്തിൽ അബദ്ധത്തിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് 23കാരന് ദാരുണാന്ത്യം. തെലങ്കാനയിലെ ഉപ്പൽ സ്വദേശിയായ ആര്യൻ റെഡ്ഡിയാണ് ജന്മദിനം ആഘോഷിക്കുന്നതിനിടെ അമേരിക്കയിൽ വെടിയേറ്റ് മരിച്ചത്. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര ബിരുദം നേടിയ ആര്യൻ റെഡ്ഡി അമേരിക്കയിൽ ഹണ്ടിംഗ് ഗൺ ലൈസൻസ് നേടിയിരുന്നു. തോക്ക് കൈകാര്യം ചെയ്യുന്നതിനിടെ ആര്യൻ റെഡ്ഡിയ്ക്ക് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മൃതദേഹം ഇന്ന് രാത്രിയോടെ തെലങ്കാനയിൽ എത്തിയ്ക്കും.

വിദ്യാർത്ഥികൾക്ക് അവിടെ ഹണ്ടിം​ഗ് ​ഗൺ ലൈസൻസ് നേടാനാകുമെന്ന് അറിയില്ലായിരുന്നുവെന്നും ഒരു രക്ഷിതാവും ഇത്തരമൊരു ദുരന്തത്തെ അഭിമുഖീകരിക്കരുതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ആര്യൻ്റെ പിതാവ് സുദർശൻ റെഡ്ഡി പറഞ്ഞു. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ വിദേശത്ത് പഠിക്കാൻ അയയ്‌ക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, 2023-24 അധ്യയന വർഷത്തിൽ ചൈനയെ പിന്തള്ളി അമേരിക്കയിലെ സർവ്വകലാശാലകളിലേക്ക് വിദ്യാർത്ഥികളെ അയക്കുന്ന മുൻനിര രാജ്യമായി ഇന്ത്യ മാറിയെന്ന് ഹൈദരാബാദിലെ യുഎസ് കോൺസുലർ ഉദ്യോഗസ്ഥർ പറഞ്ഞു. അമേരിക്കയിലേയ്ക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ 56 ശതമാനവും ആന്ധ്രാപ്രദേശ് (22%), തെലങ്കാന (34%) സംസ്ഥാനങ്ങളിൽ നിന്നാണെന്നും കോൺസുലർ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ചാത്തന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കണ്ണനല്ലൂര്‍ ചേരിക്കോണം ചരുവിള വീട്ടില്‍ സെയ്ദലി (19) ആണ് കണ്ണനല്ലൂര്‍ പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ അധ്യാപകര്‍ പരിശോധിച്ചതില്‍ നിന്നാണ് പീഡനവിവരം പുറത്തറിയുന്നത്.
തുടര്‍ന്ന് സ്‌കൂളില്‍നിന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ പരാതി നല്‍കുകയും കണ്ണനല്ലൂര്‍ പോലീസ് കേസെടുക്കുകയുമായിരുന്നു. കണ്ണനല്ലൂര്‍ സിഐ രാജേഷ്.പി, എസ്‌ഐമാരായ ജിബി, ഹരി സോമന്‍, എസ്‌സിപിഒ പ്രജീഷ്, സിപിഒ വിഷ്ണു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; കെ ഗോപാലകൃഷ്ണനെതിരെ പൊലീസ് അന്വേഷണം, നാർക്കോട്ടിക് സെൽ അസി. കമ്മീഷണർക്ക്

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണനെതിരെ പൊലീസിൻറെ പ്രാഥമിക അന്വേഷണം. നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ വിവാദം അന്വേഷിക്കും. കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി നൽകിയ പരാതിയിലാണ് അന്വേഷണം. ഗോപാലകൃഷ്ണൻ്റെ പരാതിയിൽ നേരെത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് ഇന്നലെ നിയമോപദേശം ലഭിച്ചിരുന്നു. സിറ്റി പൊലിസ് കമ്മീഷണർക്കാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകിയത്. മതപരമായ വിഭാഗീയത ഉണ്ടാക്കാൻ ഗ്രൂപ്പ് തുടങ്ങിയതിൽ കേസെടുക്കാമെന്നാണ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ മുഖാന്തരം സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ നിയമോപദേശത്തിൽ പറയുന്നത്. എന്നാൽ രേഖകൾ മുഴുവൻ പരിശോധിക്കാതെയുള്ള നിയമോപദേശമാണിതെന്നും വ്യക്തതക്കുറവുണ്ടെന്നുമാണ് പൊലീസ് നിലപാട്. അതിനാൽ തന്നെ വീണ്ടും നിയമോപദേശം തേടുമെന്നും പൊലീസ് പറയുന്നു.

വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണന്റെ സസ്പെൻഷനിലേക്ക് നയിച്ച മല്ലു ഹിന്ദു വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയത് കേട്ടുകേൾവിയില്ലാത്ത വിധത്തിലായിരുന്നു. സർവ്വീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം ഹിന്ദുമത വിഭാഗത്തിലുള്ളവരെ മാത്രം അംഗങ്ങളാക്കിയായിരുന്നു ഗ്രൂപ്പ്. ഫോൺ ഹാക്ക് ചെയ്ത് 11 വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ചേർത്തു എന്നായിരുന്നു ഗോപാലകൃഷ്ണൻ്റെ വിശദീകരണം.