Home Blog Page 1855

ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കാര്‍ സംസ്ഥാനപാതയിൽ താഴ്ചയിലേക്ക് മറിഞ്ഞു

കോന്നി .പുളിമുക്കിന് സമീപം കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു. തിരുവനന്തപുരം ഭാഗത്തേക്ക് പോയ ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ മുൻഭാഗം അപകടത്തിൽ പൂർണമായി തകർന്നു. കാറിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 12 45 ഓടെ ആയിരുന്നു അപകടം

ഭരണഘടനയില്‍ വഖഫിന് സ്ഥാനം ഇല്ല, പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വഖഫിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. സാമൂഹിക നീതിക്ക് എതിരാണ് വഖഫ് എന്നാണ് മോദി പറഞ്ഞത്.
വോട്ട് ബാങ്ക് വര്‍ധിപ്പിക്കാനാണ് വഖഫ് നിയമം ഉണ്ടാക്കിയത്. ഭരണഘടനയില്‍ വഖഫിന് സ്ഥാനം ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രീണനത്തിനായി കോണ്‍ഗ്രസ് നിയമങ്ങള്‍ ഉണ്ടാക്കി. പട്ടികജാതി വിഭാഗത്തെപ്പോലും അവര്‍ കാര്യമാക്കിയില്ല. വഖഫ് ബോര്‍ഡ് അതിന് ഉദാഹരണമാണ്. 2014ല്‍ ഡല്‍ഹിക്ക് സമീപമുള്ള പല സ്വത്തുക്കളും ഒഴിപ്പിച്ച്‌ ഇവര്‍ വഖഫ് ബോര്‍ഡിന് വിട്ടുകൊടുത്തു. ഭരണഘടനയില്‍ വഖഫ് നിയമത്തിന് സ്ഥാനമില്ല. എന്നിട്ടും കുടുംബത്തിന് വോട്ട് ബാങ്ക് ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ഈ സൗകര്യം ഒരുക്കിയത്. യഥാര്‍ത്ഥ മതേതരത്വത്തിന് വധശിക്ഷ നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.- മോദി പറഞ്ഞു.ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

നവംബർ 25 മുതല്‍ ആരംഭിക്കുന്ന പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിന് പുതിയ വഖഫ് ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് മോദിയുടെ പരാമർശം . പ്രതിപക്ഷത്തിന്റെ എതിർപ്പു മറികടന്നാണ് വഖഫ് ബില്‍ ശൈത്യകാല സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്

ശർക്കര കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതോ?

പണ്ട് മുതൽക്കേ നാം ഉപയോ​ഗിച്ച് വരുന്ന ഭക്ഷണമാണ് ശർക്കര. ദഹനം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ശർക്കര. ശർക്കരയിൽ ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്.

മറ്റ് മധുരപലഹാരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ശർക്കര ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടമാണ്. ശർക്കരയിൽ ഫിനോളിക് ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ പൊതുവെ ചിലതരം കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു.

ശർക്കര കഴിക്കുന്നത് രക്തം ശുദ്ധീകരിക്കുന്നതിനും ശരീരത്തെ ആരോഗ്യമുള്ളതാക്കുന്നതിനും സഹായിക്കുന്നു. ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിച്ച് വിവിധ രക്ത തകരാറുകളും രോഗങ്ങളും തടയാനും ഇത് സഹായിക്കുന്നു. ശർക്കര പ്രതിരോധശേഷി വർധിപ്പിക്കുകയും രക്തവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ തടയാൻ സഹായിക്കുകയും ചെയ്യുന്നു.

ശർക്കര നട്സിനൊപ്പം ചേർത്ത് കഴിക്കുന്നതാണ് കൂടുതൽ ആരോ​ഗ്യകരം. ബദാം, കശുവണ്ടി, നിലക്കടല എന്നിവ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നാരുകളും കൊണ്ട് സമ്പന്നമാണ്. ഇത് പഞ്ചസാരയുടെ ആഗിരണത്തെ മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയുകയും ചെയ്യുന്നു.

ഏലം, കറുവാപ്പട്ട, പെരുംജീരകം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ രുചി വർദ്ധിപ്പിക്കുക മാത്രമല്ല, ആൻറി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഇരുമ്പ്, സെലിനിയം, സിങ്ക്, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ ശർക്കരയിലെ പ്രധാനപ്പെട്ട പോഷകങ്ങളാണ്. ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കും.

ശർക്കരയിലെ ഇരുമ്പിൻ്റെ അംശം ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. ശർക്കരയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

മമ്മൂട്ടി ഞങ്ങൾക്കൊപ്പം, അഭിമാന നിമിഷമെന്ന് ശ്രീലങ്കൻ എയർലൈൻസ്

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ശ്രീലങ്കയിലേക്ക് പറന്ന മമ്മൂട്ടിയ്ക്ക് ഹാർദ്ദമായ സ്വാഗതവുമായി ശ്രീലങ്കൻ എയർലൈൻസ്. മലയാളത്തിന്റെ അതുല്യ നടന വൈഭവം തങ്ങൾക്കൊപ്പം യാത്ര ചെയ്തതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന കുറിപ്പോടെയാണ് ശ്രീലങ്കൻ എയർലൈൻസ് താരത്തിനൊപ്പമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയെ പൂച്ചെണ്ട് നൽകി സ്വീകരിക്കുന്ന ചിത്രവും കുറിപ്പും വളരെ പെട്ടെന്നാണ് സോഷ്യൽ ലോകത്ത് വൈറലായത്. ധാരാളം പേർ രസകരമായ കമെന്റുകളും ചിത്രങ്ങൾക്ക് താഴെ കുറിച്ചിട്ടുണ്ട്.

പകരം വെയ്ക്കാനില്ലാത്ത പ്രതിഭാധനനും അതുല്യ കലാകാരനുമായ സൂപ്പർ സ്റ്റാർ മമ്മൂട്ടിക്ക് സ്വാഗതം. അഭിനേതാവായും സിനിമ നിർമാതാവായും ഇന്ത്യൻ സിനിമയിൽ പ്രത്യേകിച്ച് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന നടൻ ശ്രീലങ്കൻ എയർലൈൻസിനൊപ്പം. താങ്കൾ ഞങ്ങൾക്കൊപ്പം യാത്ര ചെയ്യുന്നതിൽ അഭിമാനിക്കുന്നു. ഇങ്ങനെ കുറിച്ച് കൊണ്ടാണ് മലയാളത്തിന്റെ മഹാ നടനെ സ്വീകരിക്കുന്ന ചിത്രം ശ്രീലങ്കൻ എയർലൈൻസ് പങ്കുവെച്ചിരിക്കുന്നത്.

മലയാള സിനിമയിൽ പുതിയ ചരിത്രമാകാൻ ഒരുങ്ങുന്ന ഒരു മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിങ് ശ്രീലങ്കയിൽ പുരോഗമിക്കുകയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മോഹൻലാലും മമ്മൂട്ടിയും വർഷങ്ങൾക്ക് ശേഷം ഒരുമിക്കുകയാണെന്ന പ്രത്യേകതയുമുണ്ട്. ചിത്രീകരണത്തിനായി മോഹൻ ലാൽ നേരത്തെ തന്നെ ശ്രീലങ്കയിൽ എത്തിയിരുന്നു. അന്ന് മോഹൻ ലാലിനെ സ്വാഗതം ചെയ്തു കൊണ്ട് ശ്രീലങ്കൻ എയർലൈൻസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പും നിമിഷങ്ങൾ കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

മമ്മൂട്ടിയ്ക്കും മോഹൻ ലാലിനുമൊപ്പം കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും നയൻതാരയും അണിനിരക്കുന്ന വലിയൊരു താരനിരയാണ് ഈ ചിത്രത്തിൽ. ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍, അബുദാബി,അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക. ആന്‍ മെഗാ മീഡിയ പ്രദർശനത്തിനെത്തിക്കും.

മുണ്ടേല മോഹനന്റെ മരണം; സിപിഎം നേതാവ് വെള്ളനാട് ശശിക്കെതിരെ കുടുംബം; സമ​ഗ്ര അന്വേഷണം ആവശ്യപ്പെട്ടു

തിരുവനന്തപുരം: മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് മോഹനന്റെ മരണത്തിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്കെതിരെ കുടുംബം. മോഹനൻ സിപിഎമ്മിൽ ചേരാത്തതിൽ ശശിക്ക് വൈരാ​ഗ്യം ഉണ്ടായി എന്നാണ് കുടുംബത്തിന്റെ ആരോപണം.

ബാങ്കിലെ നിക്ഷേപകരെ വെള്ളനാട് ശശി ഇളക്കി വിട്ടു. മോഹനന്റെ ആത്മഹത്യ കുറിപ്പ് പുറത്തുവിട്ടാണ് കുടുംബത്തിന്റെ ആരോപണം. കുറിപ്പിൽ ശശി അടക്കമുള്ളവരുടെ പേരുകളുണ്ട്. മരണത്തിൽ സമ​ഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

നവംബർ 20 ന് രാവിലെ കാട്ടാക്കട അമ്പൂരി തേക്കുപാറയിലെ സ്വന്തം റിസോര്‍ട്ടിന് പുറകിലാണ് മോഹനനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മോഹനന്‍റെ ഉടമസ്ഥതയിൽ രണ്ട് റിസോര്‍ട്ടുകളാണ് ഇവിടെയുള്ളത്. നിക്ഷേപകർക്ക് പണം തിരികെ കൊടുക്കാത്തതിനാൽ കോൺഗ്രസ് ഭരിച്ചിരുന്ന മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണസംഘത്തിൽ ഏറെ നാളായി പ്രതിഷേധമുണ്ടായിരുന്നു. സഹകരണ സംഘം രജിസ്ട്രാറുടെ അന്വേഷണത്തിൽ 34 കോടിയുടെ തിരിമറി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. കേസുകളെ തുടർന്ന് മോഹനൻ ഒളിവിലായിരുന്നു. പ്രാദേശിക കോൺഗ്രസ് നേതാവുകൂടിയാണ് മോഹനൻ.

സ്വപ്നസാക്ഷാത്കാരം! മരണത്തെ തോല്‍പ്പിച്ച് ശബരിമലയിലെത്തിയ മനുവിന് ഇത് ദൈവനിയോഗം; അന്നദാനപുരയിലെ അയ്യപ്പചരിതം

പത്തനംതിട്ട: ശബരിമലയിലെ അന്നദാനപുരയുടെ ചുവരുകളിൽ അയ്യപ്പചരിതമെഴുതുകയാണ് ചിത്രകാരനായ പത്തനാംപുരം സ്വദേശി മനു. ഇടംകൈമാത്രമുള്ള ഈ ചിത്രകാരൻ ആദ്യമായാണ് ശബരിമല സന്നിധാനത്തെത്തുന്നത്. പൊള്ളുന്ന ജീവിതത്തിൽ നിന്നും സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള യാത്രയാണ് മനുവിന്‍റെ ജീവിതം.ജന്മനാ വലതുകൈ ഇല്ലാത്ത മനുവിന്‍റെ ഇടതുകാലിനും സ്വാധീനിമില്ല. എന്നാൽ, ഈ പരിമിതികളെയെല്ലാം അതിജീവിച്ചുകൊണ്ടാണ് മനു ക്യാന്‍വാസിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങള്‍ വരയ്ക്കുന്നത്.

കുഞ്ഞുനാള്‍ മുതലെ മനസിലെ ക്യാൻവാസിൽ ഒരുപാട് സ്വപനങ്ങള്‍ വരച്ചിട്ടു. ചിത്രകലപൂർത്തിയാക്കാൻ പലപ്പോഴും മനുവിന് പണമുണ്ടായിരുന്നില്ല. ദാരിദ്രംകാരണം ഒരു നല്ല ക്യാൻവാസ് വാങ്ങി പടംവരക്കാൻ കഴിഞ്ഞിട്ടില്ല. വർണവും വരയും മനസിലുണ്ടെങ്കിലും ഇരുളടഞ്ഞ ജീവിതം നയിക്കാൻ ചിത്രകാരൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റെഴുതി. അതുകൂടാതെ കുടുംബം പുലര്‍ത്താൻ റബ്ബര്‍ ടാപ്പിങിനും പോയി.

റബര്‍ വെട്ടുന്നതിനടെ തെന്നിവീണ് സ്വാധീനമില്ലാത്ത കൈവീണ്ടും ഒടിഞ്ഞു. ഏറെനാള്‍ ചികിത്സ തുടരേണ്ടിവന്നു. ഇതോടെ രണ്ടു കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബം പട്ടിണിയായി. വരച്ച് ജീവിക്കാൻ കഴിയുന്നില്ല. ഒപ്പം കൂലിപ്പണിക്കും പോകാൻ പറ്റുന്നില്ല. ചിന്തിച്ചുകൂട്ടിയ ഏതോ നിമിഷത്തിൽ ഒരു തുണ്ടുകയറിൽ ജീവിതം അവസാനിപ്പിക്കാൻ മനു തീരുമാനിച്ചുവെങ്കിലും മരണം കീഴ്പ്പെടുത്തിയില്ല. ജീവിതത്തിലേക്ക് തിരിച്ചുവന്ന ചിത്രകാരൻ താൻ ജീവനൊടുക്കാൻ തെരഞ്ഞെടുത്ത വൃക്ഷം വീണ്ടും കാണാൻ പോയി. ആ വൃക്ഷ ചുവട്ടിൽ വെച്ച് പഴയൊരു സ്നേഹിതൻ മനുവിനെ ഒരു ക്ഷേത്ര ചുമരിൽ ചിത്രം വരയ്ക്കാൻ ക്ഷണിച്ചു. ആ വര ജീവിതം മാറ്റിവരച്ചു. കൊട്ടാരക്കര ഗണിപതിക്ഷേത്രത്തിലെ ചുമർചിത്രം കണ്ടാണ് ദേവസ്വം പ്രസിഡന്റ് ശബരിമലയിൽ ചിത്രം വരയ്ക്കാൻ ക്ഷണിച്ചത്.

ചിത്രം വര മാത്രമാണിപ്പോള്‍ ഉപജീവനമെന്നും സ്വന്തമായി ഒരു വീടുപോലുമില്ലെന്നും ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ടാണ് ഇപ്പോഴും ഇങ്ങനെ മുന്നോട്ട് പോകുന്നതെന്നും ഇതെല്ലാം ദൈവനിയോഗമാണെന്നും പറഞ്ഞവസാനിപ്പിക്കുമ്പോള്‍ മനുവിന് കണ്ണീരടക്കാനായിരുന്നില്ല. കുട്ടികാലമുതൽ അയ്യപ്പന്‍റെ ചിത്രം വരയ്ക്കണമെന്ന മോഹമാണ് സന്നിധാനത്ത് സാക്ഷാത്കരിച്ചത്. ഒരു ദിവസം കൊണ്ട് ഒരു ചിത്രം വരച്ചു തീർക്കും. അങ്ങനെ 25 ചിത്രങ്ങളിലൂടെ അയ്യപ്പചരിത വരയ്ക്കുകയാണ് മനുവിന്‍റെ ലക്ഷ്യം. ഈ വര കണ്ട നിരവധി തീർത്ഥാടകർ അവരുടെ ക്ഷേത്രങ്ങളിലേക്ക് വരയ്കക്കാൻ മനുവിനെ ക്ഷണിക്കുന്നുണ്ട്. അതിനുപുറമെ മനുവിന് സഹായവും നൽകുന്നുണ്ട്.

സോഡ കുടിക്കാന്‍ എത്തിയ 10 വയസുകാരനെ ഭീഷണിപ്പെടുത്തി പീഡനം: കടയുടമയായ മധ്യവയസ്‌കന്‌ 43 വര്‍ഷം കഠിനതടവും പിഴയും

മലപ്പുറം : സോഡ കുടിക്കാന്‍ എത്തിയ 10 വയസ്സുകാരനെ വശീകരിച്ച്‌ കടയ്‌ക്കുള്ളിലേക്ക്‌ കൊണ്ടുപോയി ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനം നടത്തിയ മധ്യവയസ്‌കന്‌ 43 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ. പാണ്ടിക്കാട്‌ തമ്പാനങ്ങാടി മണ്ണംകുന്നന്‍ എം.കെ. മുനീറി(54)നെയാണ്‌ പെരിന്തല്‍മണ്ണ ഫാസ്‌റ്റ് ട്രാക്ക്‌ സ്‌പെഷല്‍ കോടതി ജഡ്‌ജ് എസ്‌. സൂരജ്‌ ശിക്ഷിച്ചത്‌. പിഴയടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം അധിക തടവനുഭവിക്കണം.

2021 ഏപ്രില്‍ 11ന്‌ ഉച്ചക്ക്‌ പാണ്ടിക്കാട്‌ തമ്പാനങ്ങാടിയിൽ പ്രതിയുടെ കടയില്‍ സോഡ കുടിക്കാന്‍ എത്തിയ കുട്ടിയെ വശീകരിച്ച്‌ കടയ്‌ക്കുള്ളിലേക്ക്‌ കൊണ്ടുപോയി ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയെന്നാണ്‌ പ്രോസിക്യൂഷന്‍ കേസ്‌. പാണ്ടിക്കാട്‌ പൊലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ മൂന്ന്‌ വകുപ്പുകളിലായാണ്‌ ശിക്ഷ വിധിച്ചത്‌.

ശിക്ഷാകാലാവധി ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴ സംഖ്യയില്‍ ഒരു ലക്ഷം രൂപ അതിജീവിതന്‌ നല്‍കാനും വിക്‌ടിം കോമ്ബന്‍സേഷന്‍ പ്രകാരം മതിയായ നഷ്‌ടപരിഹാരം നല്‍കാനും ജില്ലാ ലീഗല്‍ സര്‍വീസ്‌ അഥോറിറ്റിക്ക്‌ നിര്‍ദേശം നല്‍കി.

പാണ്ടിക്കാട്‌ പോലീസ്‌ ഇന്‍സ്‌പെക്‌ടറായിരുന്ന കെ. റഫീഖ്‌ ആണ്‌ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്‌. പ്രോസിക്യൂഷന്‌ വേണ്ടി സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ. സപ്‌ന പി. പരമേശ്വരത്‌ ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

നടന്മാര്‍ക്കെതിരായ പരാതി പിൻവലിക്കില്ലെന്ന് ആലുവയിലെ നടി; ‘താൻ നേരിട്ട അതിക്രമത്തിന് നീതി വേണം’

കൊച്ചി: നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. എന്നാൽ, ഈ തീരുമാനം മാറ്റികൊണ്ടാണിപ്പോള്‍ പരാതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി നടി വീണ്ടും രംഗതെത്തിയത്.
താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാൽ പരാതി പിന്‍വലിക്കില്ലെന്നും എസ്ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി വ്യക്തമാക്കി.

നടന്മാരായ എം മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവ‍ർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. നടന്മാര്‍ക്കെതിരെ പരാതി നൽകിയതിനുശേഷം തനിക്കെതിരെ ചുമത്തിയ പോക്സോ കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിനെതിരെ പൊലീസ് നടപടി എടുക്കാത്തത് തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും നടി പറഞ്ഞു. അതുകൊണ്ടാണ് മനം മടുത്ത് പരാതി പിന്‍വലിച്ചതെന്നും എന്നാൽ, പരാതിയുമായി മുന്നോട്ടുപോകാൻ കുടുംബം ധൈര്യം നൽകിയെന്നും അവര്‍ കൂടെയുണ്ടെന്നും നടി പറഞ്ഞു.

തനിക്ക് സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്സോ കേസിൻ്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും ആരോപിച്ചുകൊണ്ടാണ് കഴി‍ഞ്ഞ ദിവസം പരാതി പിന്‍വലിക്കുകയാണെന്ന് നടി അറിയിച്ചത്.മാധ്യമങ്ങളിൽ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികൾ പിൻവലിക്കാൻ തീരുമാനിച്ചതെന്നും നടി പറഞ്ഞിരുന്നു.

മുകേഷ്, ജയസൂര്യ , ഇടവേള ബാബു അടക്കമുള്ള ചലച്ചിത്ര പ്രവർത്തകർക്കെതിരെ ബലാത്സംഗ കേസിലും സ്ത്രീത്വത്തോട് അപമര്യാദയായി പെരുമാറിയെന്ന കേസിലും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണം തുടരുന്നതിനിടെയായിരുന്നു പരാതി പിന്‍വലിക്കുമെന്ന നടപടിയുടെ പ്രഖ്യാപനമുണ്ടായത്.

പരാതിയിൽ നിന്ന് പിൻമാറുന്നതായി അറിയിച്ച് എസ് ഐ ടിക്ക് കത്ത് നൽകുമെന്നും നടി പറഞ്ഞിരുന്നു. തന്നെ കേൾക്കാൻ പോലും അന്വേഷണ സംഘം തയാറാകില്ല. വിളിച്ചാൽ ഫോണെടുക്കില്ല. പരാതിക്കാരിക്ക് കിട്ടേണ്ട പരിഗണനപോലും തരുന്നില്ല. പോക്സോ കേസിൽ പ്രതിയാക്കി തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ സത്യാവസ്ഥ കണ്ടെത്താൻ പൊലീസ് തയാറായില്ല. സാമൂഹ്യമാധ്യമങ്ങളിൽ നിന്നടക്കം കടുത്ത ആക്രമണം ഉണ്ടായി. തനിക്കെതിരായ കേസിൽ പൊലീസ് നേർവഴിക്ക് അന്വേഷിച്ചാലേ പരാതിക്കാരിയായ കേസിലും മുന്നോട്ടുളളുവെന്നുമായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയുടെ ആക്രമണം; സെക്യൂരിറ്റി ജീവനക്കാരന്റെ മൂക്ക് തകര്‍ന്നു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് സാരമായി പരിക്കേറ്റു. മൂക്കിന്റെ പാലം തകര്‍ന്ന രഞ്ജുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 10.30നാണ് സംഭവം.

പതിവ് കുത്തിവെയ്പ്പ് എടുക്കുന്നതിനിടെ അന്തേവാസി ആക്രമണ സ്വഭാവം കാണിച്ചതിനെ തുടര്‍ന്ന് നഴ്‌സുമാര്‍ സെക്യൂരിറ്റി ജീവനക്കാരുടെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് കുത്തിവെയ്പ്പ് എടുത്ത് തിരിച്ചുപോകുന്നതിനിടയില്‍ രഞ്ജുവിനെ ഇയാള്‍ തള്ളിയിട്ടു. എയ്ഡ് പോസ്റ്റിലെ പൊലീസുകാരും മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനും ചേര്‍ന്ന് രക്ഷപ്പെടുത്തി കൊണ്ടുപോകുന്നതിനിടയില്‍ വീണ്ടും ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലെ പരിശോധനയില്‍ മൂക്കിന്റെ പാലം തകര്‍ന്നതായി കണ്ടെത്തിയെന്ന് രഞ്ജു പറഞ്ഞു.

ഇന്ത്യയിൽ ഒറ്റ ദിവസം എണ്ണിയത് 64 കോടി വോട്ടുകൾ, കാലിഫോർണിയയിൽ ഇപ്പോഴും തീർന്നിട്ടില്ല; പ്രശംസിച്ച് എലോൺ മസ്ക്

ന്യൂയോർക്ക്: ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ പ്രശംസിച്ച് ടെസ്‌ല സിഇഒ എലോൺ മസ്‌ക്. ‘എങ്ങനെയാണ് ഇന്ത്യ ഒരു ദിവസം കൊണ്ട് 640 മില്യൺ വോട്ടുകൾ എണ്ണുന്നത്’ എന്ന ഒരു വാർത്തയുടെ തലക്കെട്ട് പങ്കുവെച്ച ഉപയോക്താവിന് നൽകിയ മറുപടിയിലാണ് മസ്ക് ഇന്ത്യയെ പ്രശംസിച്ചത്. ഇന്ത്യയിൽ തട്ടിപ്പ് എന്നത് തെരഞ്ഞെടുപ്പിൻ്റെ ലക്ഷ്യമല്ലെന്ന അടിക്കുറിപ്പും ഉപയോക്താവ് നൽകിയിരുന്നു.

ഇന്ത്യ ഒറ്റ ദിവസം കൊണ്ട് 640 മില്യൺ വോട്ടുകൾ എണ്ണിയപ്പോൾ കാലിഫോർണിയയിൽ ഇപ്പോഴും വോട്ടെണ്ണൽ തുടരുകയാണെന്ന് മസ്ക് പറഞ്ഞു. 18 ദിവസത്തിന് ശേഷവും കാലിഫോർണിയ വോട്ടെണ്ണൽ പ്രക്രിയയിലാണെന്ന് എടുത്തുകാണിക്കുന്ന മറ്റൊരു കമൻ്റിനോട് മസ്ക് പ്രതികരിക്കുകയും ചെയ്തു. ഇന്ത്യയിലെയും കാലിഫോർണിയയിലെയും വോട്ടെണ്ണലിന്റെ വേ​ഗത താരതമ്യം ചെയ്തുകൊണ്ടുള്ള മസ്കിന്റെ പ്രതികരണം വലിയ ചർച്ചയായി മാറിക്കഴി‍ഞ്ഞു.

അതേസമയം, കാലിഫോർണിയയിൽ ഇതാദ്യമായല്ല വോട്ടെണ്ണൽ പൂർത്തിയാകാൻ വൈകുന്നത്. ഏകദേശം 39 ദശലക്ഷം ജനങ്ങളുള്ള കാലിഫോർണിയ അമേരിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമാണ്. നവംബർ അഞ്ചിന് നടന്ന തെരഞ്ഞെടുപ്പിൽ ഏകദേശം 16 ദശലക്ഷം വോട്ടർമാരുണ്ടായിരുന്ന കാലിഫോർണിയയിൽ ഇപ്പോഴും 300,000 വോട്ടുകൾ എണ്ണാൻ ബാക്കിയുണ്ടെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തൊട്ടാകെയുള്ള 570,000ത്തോളം വോട്ടുകൾ ഇതുവരെ എണ്ണിയിട്ടില്ലെന്നാണ് ലോസ് ഏഞ്ചൽസ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. മെയിൽ-ഇൻ വോട്ടിംഗിനെ വളരെയധികം ആശ്രയിക്കുന്നതാണ് ഈ കാലതാമസത്തിനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.