Home Blog Page 1848

തോൽപ്പെട്ടിയിൽ നിന്ന് ആദിവാസി കുടുംബങ്ങളെ കുടിയൊഴിപ്പിച്ച വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടി

വയനാട്. വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടിയിൽ നിന്ന് ആദിവാസി കുടുംബങ്ങളെ കുടിയൊഴിപ്പിച്ച വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടി.വനം വകുപ്പ് സെക്ഷൻ ഓഫീസർ ടി. കൃഷ്ണനെയാണ് സസ്പെൻഡ് ചെയ്തത്.വൈൽഡ് ലൈഫ് വാർഡിന്റെ പ്രാഥമിക റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരാക്ഷേപമാണുള്ളത്.അതേസമയം വനാവകാശ നിയമം പ്രകാരം ആദിവാസികൾക്കായി നൽകിയ ഭൂമിയിൽ ഈ കുടുംബങ്ങൾക്ക് കുടിൽ കെട്ടുന്നതിനുള്ള നടപടി വനം വകുപ്പ് ആരംഭിച്ചു.


ആദിവാസികളെ തിടുക്കത്തിൽ കുടിയൊഴിപ്പിച്ചത് വനം വകുപ്പിന് അവമതിപ്പുണ്ടാക്കിയെന്നാണ് അന്വേഷണ റിപ്പോർട്ടിൽ ഉള്ളത്. ചീഫ് വൈൽഡ് ലൈഫ് വാർഡിന്റെ പ്രാഥമിക റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരാക്ഷേപമുണ്ട്..നടപടിക്രമങ്ങൾ പാലിച്ചില്ല. ടി കൃഷ്ണൻ്റെ ഭാഗത്തു നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയെന്നും  റിപ്പോർട്ട് പറയുന്നു.ആദിവാസികളെ കുടിയിറക്കിയത് 16 വർഷമായി താമസിക്കുന്ന ഭൂമിയിൽ നിന്നും തന്നെയെന്നും അന്വേഷണത്തിൽ വ്യക്തമായി.അതേസമയം ഈ കുടുംബങ്ങൾക്ക് കുടിൽ കെട്ടുന്ന നടപടി ആരംഭിച്ചു.കുടിയൊഴിപ്പിച്ച അതേ സ്ഥലത്ത് തന്നെ കുടിൽകെട്ടി നൽകുമെന്നായിരുന്നു വനം വകുപ്പ് ആദ്യം അറിയിച്ചത് എന്നാൽ വനാവകാശ നിയമപ്രകാരം ആദിവാസികൾക്കായുള്ള  ഭൂമിയിലാണ് ഇപ്പോൾ കുടിൽ കെട്ടിക്കൊണ്ടിരിക്കുന്നത്.ഞായറാഴ്ച രാവിലെ 7:45 ഓടെ ആയിരുന്നു മൂന്നു കുടുംബങ്ങളെ കുടിൽ പൊളിച്ചു അവിടെ നിന്നും മാറ്റാൻ ശ്രമിച്ചത്.ഇവിടെ നിന്നും മാറ്റുമെന്ന് അറിയിപ്പ് ഇവർക്ക് ലഭിച്ചിരുന്നെങ്കിലും ബദൽ സംവിധാനം ഒരുക്കാതെ മാറ്റിയതാണ് വലിയ പ്രതിഷേധത്തിനിടയാക്കിയത്.രാത്രി മുഴുവൻ താമസസൗകര്യം ഇല്ലാതെ ഈ കുടുംബങ്ങൾ വനത്തിനുള്ളിൽ കഴിഞ്ഞു.ടി സിദ്ദിഖ് MLA യുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചപ്പോഴാണ് ഇവരെ ഡോർമെറ്ററിലേക്ക് മാറ്റിയത്.അതേസമയം വന്യജീവി സങ്കേതത്തിലെ ഈ രണ്ട് ഷർട്ടുകൾ പൊളിച്ചു മാറ്റുന്നതിന് നിരന്തരം വാക്കാൽ നിർദ്ദേശം നൽകിയതാണെന്നുംകുടുംബങ്ങളുടെ സഹകരണത്തോടെയാണ് ഈ കുടിലുകൾ പൊളിച്ചുമാറ്റിയതെന്നുംകേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ അറിയിച്ചു.

നടൻ മണിയൻ പിള്ള രാജുവിനെ തിരെ ലൈംഗികാതിക്രമ പരാതി;പീരുമേട് പോലീസ് കേസ്സെടുത്തു

കൊച്ചി :നടൻ മണിയൻ പിള്ള രാജുവിനെതിരെ പീരുമേട് പൊലീസ് കേസെടുത്തു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസെടുത്തത്.

ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറില്‍ പോകുമ്ബോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു, ശരീരത്തില്‍ കടന്നു പിടിച്ചു തുടങ്ങിയ പരാതിയിലാണ് പീരുമേട് പോലീസ് കേസെടുത്തത്. 2009 ഇല്‍ കുട്ടിക്കാനത്ത് നിന്ന് ലൊക്കേഷനിലേക്ക് മണിയൻപിള്ള രാജുവിനൊപ്പം കാറില്‍ പോകുന്നതിനിടയാണ് സംഭവമെന്ന് പരാതിയില്‍ ആരോപിക്കുന്നു. നടൻറെ പെരുമാറ്റം മാനഹാനി ഉണ്ടാക്കി എന്നും നടിയുടെ പരാതിയില്‍ പറയുന്നുണ്ട്.

ചാത്തന്നൂരില്‍ സൂപ്പര്‍ഫാസ്റ്റ് ബസില്‍ മണ്ണ് മാന്തി യന്ത്രം ഇടിച്ച് നിരവധിപേര്‍ക്ക് പരിക്ക്

ചാത്തന്നൂര്‍: കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസില്‍ ദേശീയപാത നിര്‍മ്മാണ കമ്പനിയുടെ മണ്ണ് മാന്തി യന്ത്രം ഇടിച്ച് എട്ട് പേര്‍ക്ക് പരിക്ക്. രാജസ്ഥാന്‍ സ്വദേശികളായ രഘുവീര്‍പ്രസാദ് (64)ഭാര്യ പ്രതിഭ (65),നിഖില്‍കൃഷ്ണ (25), ബിജു. എ(45)ഹിജി (48),ലിസി(60),ആദിത്യന്‍(9)സൈജു (40)എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൊല്ലം -തിരുവനന്തപുരം ദേശിയപാതയില്‍ കല്ലുവാതുക്കല്‍ പഞ്ചായത്ത് ഹൈസ്‌കൂളിന് മുന്നില്‍ വച്ചാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം ഭാഗത്ത് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ മുന്‍വശത്ത് നിര്‍മ്മാണപ്രവര്‍ത്തനം നടത്തി കൊണ്ടിരുന്ന കൂറ്റന്‍ മണ്ണ് മാന്തി യന്ത്രത്തിന്റെ കൈ ഇടിക്കുകയായിരുന്നു.

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു. ഇടുക്കി ഉപ്പുതറ ചീന്തലാര്‍ സ്വദേശി സ്വര്‍ണ്ണമ്മയാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. മലയോര ഹൈവേയില്‍ കട്ടപ്പന-കുട്ടിക്കാനം റൂട്ടില്‍ ചിന്നാര്‍ നാലാം മൈലില്‍ വെച്ചാണ് സംഭവം. ബസിന്റെ വാതിലിന് സമീപത്തായി നിന്നിരുന്ന സ്ത്രീ വളവ് തിരിയുന്നതിനിടെ ബസിന്റെ ഡോര്‍ തുറന്ന് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ രാജിവെച്ചു

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ രാജിവെച്ചു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന് രാജിക്കത്ത് ഷിന്‍ഡെ കൈമാറി. ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ എന്നിവരും ഷിന്‍ഡെയ്ക്കൊപ്പമുണ്ടായിരുന്നു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ ഷിന്‍ഡെയോട് ആവശ്യപ്പെട്ടു.
നിയമസഭ തെരഞ്ഞെടുപ്പില്‍ മഹായുതി സഖ്യം വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തുടര്‍ച്ച നേടിയിട്ടും, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പാര്‍ട്ടി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കാനാണ് ബിജെപിയും ആര്‍എസ്എസും താല്‍പ്പര്യപ്പെടുന്നത്. എന്‍സിപി നേതാവ് അജിത് പവാറും ഫഡ്നാവിസിനെ പിന്തുണച്ചതായി റിപ്പോര്‍ട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്ത് ഏക്നാഥ് ഷിന്‍ഡെയെ തുടരാന്‍ അനുവദിക്കണമെന്നാണ് ശിവസേന ആവശ്യപ്പെടുന്നത്. ബിഹാറില്‍ നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കിയ രീതി മഹാരാഷ്ട്രയിലും പിന്തുടരണമെന്നാണ് ശിവസേനയുടെ നിര്‍ദേശം. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ 288 അംഗ അസംബ്ലിയില്‍ 230 സീറ്റാണ് മഹായുതി സഖ്യം നേടിയത്. ബിജെപി 132 സീറ്റുകളില്‍ വിജയിച്ചു. ശിവസേന ഷിന്‍ഡെ പക്ഷം 57 സീറ്റുകളും എന്‍സിപി അജിത് പവാര്‍ പക്ഷം 41 സീറ്റും നേടി. മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കുന്നതിനാല്‍ ഇന്നു തന്നെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചേക്കും.

ഇപി ജയരാജന്റെ ആത്മകഥാ വിവാദം; പബ്ലിക്കേഷൻസ് മേധാവിയെ ഡിസി ബുക്‌സ് സസ്‌പെൻഡ് ചെയ്തു

കോട്ടയം:
സിപിഎം നേതാവ് ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ഡിസി ബുക്‌സിൽ നടപടി. പബ്ലിക്കേഷൻസ് വിഭാഗം മേധാവി എ വി ശ്രീകുമാറിനെ ഡിസി ബുക്‌സ് സസ്‌പെൻഡ് ചെയ്തു.ഇ പി ജയരാജന്റെ പരാതിയിൽ പ്രസാധക സ്ഥാപനത്തിന്റെ ഉടമ രവി ഡിസിയിൽ നിന്ന് പോലീസ് മൊഴിയെടുത്തതിന് പിന്നാലെയാണ് സ്ഥാപനത്തിൻ്റെ നടപടി.

ഇപി ജയരാജന്റെ ആത്മകഥയുടെ ചുമതലയുണ്ടായിരുന്ന ആളായിരുന്നു എ വി ശ്രീകുമാർ. ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമാണ് സസ്‌പെൻഷൻ എന്നാണ് സൂചന. ഇന്നലെയാണ് പോലീസ് രവി ഡിസിയുടെ മൊഴിയെടുത്തത്

നടപടിക്രമങ്ങൾ പാലിച്ചേ തങ്ങൾ പുസ്തകം പ്രസിദ്ധീകരിക്കാറുള്ളുവെന്നും അന്വേഷണം നടക്കുന്ന ഘട്ടത്തിൽ അഭിപ്രായ പ്രകടനം അനുചിതമാണെന്നും ഡിസി ബുക്‌സ് ഇന്നലെ കുറിപ്പ് ഇറക്കിയിരുന്നു.

ശൈത്യകാലത്തെ വരണ്ട ചർമ്മം അകറ്റാൻ വീട്ടില്‍ പരീക്ഷിക്കേണ്ട കാര്യങ്ങള്‍

ശൈത്യകാലകാലത്ത് പലരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് വരണ്ട ചര്‍മ്മം. തണുപ്പുകാലത്ത് വെള്ളം കുടിക്കുന്നത് കുറയുന്നതു കൊണ്ടാണ് പലപ്പോഴും വരണ്ട ചർമ്മം ഉണ്ടാകുന്നത്. ഇത്തരത്തില്‍ വരണ്ട ചർമ്മത്തെ ചെറുക്കാൻ വീട്ടില്‍ പരീക്ഷിക്കേണ്ട ചില കാര്യങ്ങളെ പരിചയപ്പെടാം.

  1. ഇളം ചൂടുവെള്ളത്തിൽ കുളിക്കുക

തണുപ്പുകാലത്ത് പലരും നല്ല ചൂടുവെള്ളത്തില്‍ കുളിക്കാനാണ് നോക്കുന്നത്. എന്നാല്‍ ഇത് നിങ്ങളുടെ ചർമ്മത്തിലെ ഈർപ്പവും ആവശ്യമായ എണ്ണകളും നീക്കം ചെയ്യും. അതിനാല്‍ ഇളം ചൂടുവെള്ളത്തിൽ കുളിക്കുക. ഇത് ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടാതിരിക്കാനും വരണ്ട ചര്‍മ്മത്തെ തടയാനും സഹായിക്കും.

  1. വെളിച്ചെണ്ണ പുരട്ടുക

കുളിച്ചതിന് ശേഷം മോയ്സ്ചറൈസറായി വെളിച്ചെണ്ണ പുരട്ടുന്നത് വരണ്ട ചര്‍മ്മത്തെ അകറ്റാന്‍ സഹായിക്കും.

  1. പാല്‍- തേന്‍ പാക്ക്

പാലില്‍ തേന്‍ ചേര്‍ത്ത് ചര്‍മ്മത്ത് പുരട്ടി മസാജ് ചെയ്യുന്നത് വരണ്ട ചര്‍മ്മത്തെ അകറ്റാന്‍ സഹായിക്കും.

  1. റോസ് വാട്ടര്‍- ഗ്ലിസറിന്‍

റോസ് വാട്ടറും ഗ്ലിസറിനും കലർത്തി മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം രാത്രി ഉറങ്ങാൻ പോകുന്നതിനുമുമ്പ് ചർമ്മത്തിൽ പുരട്ടുക. ജലാംശം നിലനിർത്താനും വരണ്ട ചര്‍മ്മത്തെ അകറ്റാനും ഈ പാക്ക് സഹായിക്കും.

ഹോർമോൺ വ്യതിയാനങ്ങൾ, ചികിത്സ ആവശ്യം: തുറന്നു പറഞ്ഞ് താരം

എയർപോർട്ടിൽ സിഐഎസ്എഫ് ഓഫിസറോട് തട്ടിക്കയറിയതിനു പിന്നിലെ യഥാർഥ കാരണം വെളിപ്പെടുത്തി മഞ്ജു പത്രോസ്. തായ്‍ലൻഡ് യാത്രയ്ക്കിടെയാണ് ബാഗേജ് ചെക്കിങ്ങിനിടയിൽ ഓഫിസറുമായി വാക്കുതർക്കം ഉണ്ടായത്. ബ്ലാക്കീസ് എന്ന തന്റെ യുട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. ഈയടുത്ത് നടത്തിയ സർജറിയുടെ ബാക്കിപത്രമെന്ന നിലയിൽ പല ഹോർമോൺ വ്യതിയാനങ്ങളിലൂടെ കടന്നുപോകേണ്ടി വന്നുവെന്നും അതു മാനസികമായി തന്നെ ഉലച്ചുകളഞ്ഞെന്നും മഞ്ജു പത്രോസ് പറഞ്ഞു.

മഞ്ജു പത്രോസിന്റെ വാക്കുകൾ: ‘‘ആ സിഐഎസ്എഫ് ഓഫിസർ എന്നെക്കുറിച്ച് എന്തു ചിന്തിച്ചിട്ടുണ്ടാകുമോ ആവോ?! തായ്‍ലൻഡിൽ നിന്നു ഞങ്ങൾ തിരിച്ചുവരികയായിരുന്നു. എയർപോർട്ടിൽ നിന്ന് ഒരു കുപ്പി മദ്യം വാങ്ങിയിരുന്നു. ലഗ്ഗേജ് അതിനോടകം കൊടുത്തുവിട്ടിരുന്നു. അതിനുശേഷമാണ് കുപ്പി വാങ്ങിയത്. അവർ അത് സിപ്‍ലോക്ക് ഉള്ള കവറിൽ അല്ല തന്നത്. അതു സീൽ ചെയ്തു തരാതിരുന്നത് അവരുടെ ഭാഗത്തു നിന്നു വന്ന വീഴ്ചയാണ്. ഞങ്ങൾ പൈസ മുടക്കി കുപ്പി വാങ്ങിച്ചത് ഷോൾഡർ ബാഗിൽ വച്ചു. കുപ്പി വാങ്ങിയത് പപ്പയ്ക്കാണ്. ഹാൻഡ് ലഗ്ഗേജ് സക്രീൻ ചെയ്തപ്പോൾ കുപ്പി കൊണ്ടുപോകാൻ പറ്റില്ലെന്നു പറഞ്ഞു. ഞാനുടനെ ഉച്ചത്തിൽ പ്രതികരിച്ചു. എന്തുകൊണ്ട് പറ്റില്ലെന്ന് എന്റെ പൊട്ട ഇംഗ്ലിഷിലും ഹിന്ദിയിലും ചോദിക്കാൻ തുടങ്ങി. ഇനി എന്തുചെയ്യും എന്ന തരത്തിൽ ഞാനൽപം ഓവറായി ടെൻഷടിക്കാൻ തുടങ്ങി. എന്റെ കൂടെയുള്ളവർ എന്നോടു സമാധാനപ്പെടാനൊക്കെ പറയുന്നുണ്ട്. ‘നീ ഒന്നടങ്ങ്… എന്തിനാണ് ഈ ബഹളം’ എന്നൊക്കെ എന്നോടു പറയുന്നുണ്ട്. ആ ഓഫിസർ വളരെ കൂൾ ആയിരുന്നു. എന്നോടു പറ്റില്ലെന്നു തന്നെ തീർത്തു പറഞ്ഞു. അദ്ദേഹം കൂളായി പറയുമ്പോൾ എനിക്കു പിന്നെയും ദേഷ്യം വരും. ഒടുവിൽ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ഞങ്ങൾ വിമാനത്തിൽ കയറിയതിനു ശേഷം സിമി എന്നോടു ചോദിച്ചു, നീയെന്താണ് ഈ കാണിച്ചുകൂട്ടിയത്? നിനക്ക് മനസ്സിലാകുന്നുണ്ടാകില്ല. പക്ഷേ, ശരിക്ക് നീ നല്ല ബോറായി വരികയാണ്’.’’

ആ സംഭവത്തിനു ശേഷമാണ് ഓവറിയും ഗർഭപാത്രവും നീക്കം ചെയ്ത സർജറിക്കു പിന്നാലെ തനിക്കു നേരിടേണ്ടി വന്ന മാനസികപ്രശ്നങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ തുടങ്ങിയതും വൈദ്യസഹായം തേടിയതുമെന്ന് മഞ്ജു പറഞ്ഞു. ‘‘ഹോർമോൺ ചികിത്സ തുടങ്ങിയതിനു ശേഷം ഇപ്പോൾ നന്നായി ഉറങ്ങാൻ കഴിയുന്നുണ്ട്. ചൂടും വിയർപ്പും ഇപ്പോഴുമുണ്ട്. എന്നാൽ അന്നുണ്ടായ പോലെ ഇപ്പോഴില്ല. അന്ന് എന്റെ തലച്ചോറൊക്കെ പിരിപിരി കൂടുന്ന അവസ്ഥയിലായിരുന്നു. സർജറി കഴിയുന്നതോടെ എല്ലാം ഓകെ ആകുന്നില്ല. തുടർചികിത്സ ആവശ്യമാണ്. സർജറിക്കു ശേഷം എനിക്കെന്തോ വലിയ സങ്കടം ഉള്ള പോലെയായിരുന്നു. ശരിക്കും സങ്കടമുള്ള ഒരു കാര്യവും ജീവിതത്തിൽ ഇല്ലെങ്കിലും എനിക്കു വെറുതെ കരച്ചിൽ വരുമായിരുന്നു. ചെറിയ കാര്യം മതി കരച്ചിൽ വരാൻ! അതെല്ലാം ഇപ്പോൾ മാറി.’’

മഴവിൽ മനോരമയിലെ ‘വെറുതെയല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ മഞ്ജു പത്രോസ് പിന്നീട് മറിമായം എന്ന പരമ്പരയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ധാരാളം ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷകപ്രീതി നേടിയ താരം സിനിമകളിലും ശ്രദ്ധ നേടി. ബിഗി ബോസ് റിയാലിറ്റി ഷോയിലും മഞ്ജു പങ്കെടുത്തിരുന്നു. ഗർഭപാത്രത്തിലെ ഫൈബ്രോയ്ഡും സിസ്റ്റുകളും സൃഷ്ടിച്ച ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് മുൻപ് മഞ്ജു തന്നെ ആരാധകരോടു തുറന്നു പറഞ്ഞിട്ടുണ്ട്. ഇവ നീക്കം ചെയ്യുന്നതിനായി നടത്തിയ സർജറിക്കുവേണ്ടി അഭിനയരംഗത്ത് നിന്ന് ചെറിയൊരു ഇടവേള എടുത്തിരുന്നു. അതിനുശേഷം വീണ്ടും സജീവമായി കരിയറിൽ ശ്രദ്ധ ചെലുത്തുന്നതിന് ഇടയിലാണ് ഹോർമോൺ വ്യതിയാനം കൊണ്ടുണ്ടായ മാനസികാരോഗ്യപ്രശ്നങ്ങൾ തിരിച്ചറിഞ്ഞത്.

ന്യൂനമർദം ശക്തിപ്രാപിച്ചു: ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത ദിവസം ഇത് വടക്കുപടിഞ്ഞാറ് സഞ്ചരിച്ച് തമിഴ്നാട് ശ്രീലങ്ക തീരത്ത് എത്തുമെന്നാണ് പ്രവചനം.

മഴയുടെ അടിസ്ഥാനത്തിൽ ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

സന്നിധാനത്തും പമ്പയിലും നിലയ്ക്കലും മഴയുണ്ടാകാനാണ് സാധ്യത. ശക്തമായ ഇടിമിന്നലുണ്ടാകാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നവംബർ 27 വരെ ഇടിമിന്നലോട് കൂടി ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 35 മുതൽ 45 കിലോമീറ്റർ വരെയും ചിലപ്പോൾ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 16 വയസ്സ്

മുംബൈ: രാജ്യത്തെ മുൾമുനയിലാക്കിയ 26/11 മുംബൈ ഭീകരാക്രമണത്തിന്റെ 16–ാം വാർഷികം ഇന്ന്. രാജ്യം നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണത്തിൽ 166 ജീവനുകളാണു പൊലിഞ്ഞത്. 300 പേർക്ക് പരുക്കേറ്റിരുന്നു. എൻഎസ്ജി മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ, മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന മേധാവി ഹേമന്ദ് കർക്കറെ, പൊലീസ് അഡിഷനൽ കമ്മിഷണർ അശോക് കാംഠെ, ഏറ്റുമുട്ടൽ വീരൻ വിജയ് സലാസ്കർ എന്നിവർ വീരമൃത്യു വരിച്ച ഉന്നത ഉദ്യോഗസ്ഥരിൽപ്പെടും. കനത്ത പോരാട്ടത്തിനൊടുവിൽ ഒൻപത് ഭീകരർ കൊല്ലപ്പെട്ടു. 86 കുറ്റങ്ങൾ ചുമത്തപ്പെട്ട അജ്മൽ കസബിനെ 2012ൽ പുണെ യേർവാഡ സെൻട്രൽ ജയിലിൽ തൂക്കിലേറ്റി.

പാക്കിസ്ഥാനിൽനിന്ന് ബോട്ടിൽ കടൽമാർഗം ഗുജറാത്തിലെ പോർബന്തർ വഴി മുംബൈയിലെത്തി കൊളാബയ്ക്കടുത്ത് കഫ് പരേഡ് തീരത്തൂടെയാണ് 10 അംഗ ഭീകരസംഘം നഗരത്തിൽ പ്രവേശിച്ചത്. 2008 നവംബർ 26ന് രാത്രി ഒൻപതരയോടെ വിവിധ സംഘങ്ങളായി പിരിഞ്ഞ് അതീവരഹസ്യമായി ഒരേസമയം വിവിധ കേന്ദ്രങ്ങളിൽ നുഴഞ്ഞുകയറിയ ഭീകരർ ഛത്രപതി ശിവജി ടെർമിനസ് റയിൽവേ സ്‌റ്റേഷൻ (സിഎസ്‌ടി), താജ് ഹോട്ടൽ, ഒബ്‌റോയ്-ട്രൈഡന്റ് ഹോട്ടലുകൾ, നരിമാൻ ഹൗസ്, കാമ ഹോസ്പിറ്റൽ, ലിയോപോൾ കഫെ എന്നിവിടങ്ങളിൽ ആക്രമണം അഴിച്ചുവിട്ടു.

എകെ 47 തോക്ക് ഉൾപ്പെടെയുളള ആയുധങ്ങളുമായി തുടർച്ചയായി നിറയൊഴിച്ച ഭീകരർക്കു മുന്നിൽ, ഒരു കരുതലും ഇല്ലാതിരുന്ന നഗരത്തിലെ പൊലീസ് പകച്ചു. പിറ്റേന്നു പുലർച്ചെ ഹരിയാനയിൽനിന്ന് എൻഎസ്‌ജി കമാൻഡോകൾ എത്തിയതോടെയാണ് ഇന്ത്യയുടെ തിരിച്ചടി ശക്‌തമായത്. പിറ്റേന്നു പുലർച്ചെ ഒന്നരയോടെ, ഭീകരസംഘത്തിലുൾപ്പെട്ട അജ്മൽ കസബ് പിടിയിലായി. മൂന്ന് ദിവസം രാജ്യത്തെ മുൾമുനയിലാക്കിയ പോരാട്ടത്തിനൊടുവിൽ ഒൻപതു ഭീകരർ കൊല്ലപ്പെട്ടു.

ഫൊട്ടോഗ്രഫർ സെബാസ്‌റ്റ്യൻ ഡിസൂസ തന്റെ നിക്കോൺ ഡി 200 ക്യാമറയിൽ പകർത്തിയ, തുടരെ നിറയൊഴിച്ചുകൊണ്ട് സിഎസ്‌ടിയിലുടെ നടന്നുനീങ്ങുന്ന കസബിന്റെ ചിത്രം കേസിൽ നിർണായക തെളിവായി മാറി. അജ്മൽ കസബിനെ പിടികൂടാനായതുവഴി ആക്രമണത്തിനു പിന്നിലെ പാക്കിസ്ഥാന്റെ പങ്ക് തെളിയിക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞു. കസബിന് 2010 മേയ് ആറ് വിചാരണക്കോടതി വിധിച്ച വധശിക്ഷ 2011 ഫെബ്രുവരി 21ന് ഹൈക്കോടതിയും തുടർന്ന് 2012 ഓഗസ്‌റ്റ് 29ന് സുപ്രീംകോടതിയും ശരിവച്ചു.

ദയാഹർജി 2012 നവംബർ അഞ്ചിന് രാഷ്‌ട്രപതി തള്ളിയതോടെ മുംബൈയിലെ ആർതർ റോഡ് ജയിലിൽ പാർപ്പിച്ചിരുന്ന കസബിനെ ഏതാനും ദിവസങ്ങൾക്കുള്ളിൽ പുണെ യേർവാഡ സെൻട്രൽ ജയിലിലേക്കു മാറ്റി. 2012 നവംബർ 21ന് കസബിനെ തൂക്കിലേറ്റി. മുംബൈയെ കുരുതിക്കളമാക്കിയ ഭീകരാക്രമണത്തിന്റെ ഓർമകളുണർത്തി പലയിടങ്ങളിലും വെടിയുണ്ടയുടെ പാടുകൾ ഇന്നും അവശേഷിക്കുന്നു. എല്ലാം മറന്ന് നഗരം സാധാരണ ജീവിതത്തിലേക്കു മടങ്ങിയെങ്കിലും ആ ദിനങ്ങൾ ഇന്നും രാജ്യത്തിന് നടുക്കുന്ന ഓർമകളാണ്. ഭീകരാക്രമണത്തിന്റെ വാർഷികത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണ പരിപാടികൾ നടക്കും.