കോഴിക്കോട് . ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച സംഭവം
അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് റാസിക്കാണ് മരിച്ചത്
ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളി താജുൽ അക്ബർ ചികിത്സയിൽ തുടരുകയാണ്
ഈ മാസം 9 ന് ആയിരുന്നു അപകടം
ഡീസൽ ചോർച്ചയെ തുടർന്ന് ബോട്ടിന് തീ പിടിക്കുകയായിരുന്നു
മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
നടുക്കം, ഉറങ്ങിക്കിടന്ന നാടോടികളുടെ ദേഹത്തുകൂടി തടിലോറി കയറിയിറങ്ങി തൃശൂരിൽ അഞ്ചു മരണം
തൃശൂർ. വാഹനാപകടത്തിൽ അഞ്ചു മരണം
തൃപ്രയാറിൽ ഉറങ്ങിക്കിടന്ന നാടോടികളുടെ ദേഹത്തുകൂടി തടിലോറി കയറിയിറങ്ങി
അഞ്ചുപേർ തൽക്ഷണം മരിച്ചു.മരിച്ചവരിൽ രണ്ടു കുട്ടികളും. ഏഴു പേർക്ക് പരുക്ക്
കണ്ണൂരിൽനിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന തടി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
മൂന്നു പേരുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ
തൃപ്രയാർ ജെ കെ തീയറ്ററിന് സമീപമാണ് അപകടം
പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച
ന്യൂഡെല്‍ഹി.പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച. നാലു ലക്ഷത്തിലധികം വോട്ടിന്റെ തിളക്കമാർന്ന വിജയത്തോടെയാണ് പ്രിയങ്കയുടെ പാർലമെന്റിലേക്കുള്ള വരവ്. രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും പാർലമെന്റിൽ എത്തുന്നത് പ്രതിപക്ഷത്തിന് കരുത്തുപകരും.
സത്യപ്രതിജ്ഞയ്ക്കുശേഷം പ്രിയങ്ക ഗാന്ധി വയനാട് സന്ദർശിക്കും. ഇതിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്.
വയനാടിന്റെ പ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞാൽ
ആദ്യ പരിഗണന മുണ്ടക്കൈ
ചൂരൽമല ദുരിതാശ്വാസ പാക്കേജ് നേടിയെടുക്കുന്നതാകും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വേണ്ടിയുള്ള ഇടപെടലുകളും പ്രിയങ്കയുടെ ഭാഗത്തു നിന്ന് ഉണ്ടായേക്കും
പോലീസ് ജീപ്പിനു മുകളിൽ കയറി യുവാവിന്റെ അഭ്യാസപ്രകടനം,പിന്നീട് നടന്നത്
തൃശ്ശൂര്‍. പോലീസ് ജീപ്പിനു മുകളിൽ കയറി യുവാവിന്റെ അഭ്യാസപ്രകടനം. ആമ്പക്കാട് പള്ളി പെരുന്നാൾ ആഘോഷങ്ങൾക്കിടെയാണ് പുഴക്കൽ സ്വദേശി അബിത്ത് നൃത്തം ചെയ്തത്. പിന്നീട് ഉണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ അഭിത്തുൾപ്പെടെ നാലുപേരെ പോലീസ് റിമാൻഡ് ചെയ്തു.
ശനിയാഴ്ച രാത്രിയാണ് സംഭവം. ആമ്പക്കാട് പള്ളിപ്പെരുന്നാൾ ആഘോഷങ്ങൾക്കിടെ ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായി. തർക്കം സംഘർഷത്തിൽ കലാശിച്ചതോടെ പേരാമംഗലം പോലീസ് സ്ഥലത്തെത്തി. ഇരുവിഭാഗങ്ങളെയും പിരിച്ചുവിടാൻ പോലീസ് ശ്രമിക്കുന്നതിനിടയിലാണ് അബിത്ത് പോലീസ് ജീപ്പിനു മുകളിൽ കയറി നൃത്തം ചെയ്തത്.
ഇതിനിടെ പോലീസ് ഉദ്യോഗസ്ഥൻ ജീപ്പിനു മുകളിൽ കയറി അബിത്തിനെ താഴേക്ക് തള്ളിയിട്ടു. പിന്നാലെയുണ്ടായ സംഘർഷത്തിൽ പോലീസുകാർടക്കം പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട 15 പേർക്കെതിരെ പേരാമംഗലം പോലീസ് കേസെടുത്തു. അബിത്ത്, സഹോദരൻ അജിത്, ചിറ്റാട്ടുകര സ്വദേശി ധനൻ, കുന്നത്തങ്ങാടി സ്വദേശി എഡ്വിൻ എന്നിവരെ കസ്റ്റഡിയിലെടുത്ത പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സ്വപ്നമല്ല,ഈ പാത നിലവിലുണ്ട്, ദേശീയപാതയെ എംസി റോഡുമായി ബന്ധിപ്പിച്ച് കൊട്ടിയം–പന്തളം സംസ്ഥാന പാത വികസിക്കണം
കൊല്ലം. ഏത് അടിയന്തര ഘട്ടത്തിലും വാഹനങ്ങൾ തിരിച്ചുവിടാവുന്ന ഒരു പാത, ദേശീയപാതയ്‌ക്കും എംസി റോഡിനും മധ്യേ എളുപ്പം യാത്ര ചെയ്യാവുന്ന ഒരു പാത, ഇതുപക്ഷേ അധികൃതരുടെ ഭാവനയില്ലായ്മ മൂലം വികസിക്കാതെ പോവുകയാണ്. ഇത് പുതുതായി നിര്‍മ്മിക്കേണ്ട ഒരു പാതയല്ല. നല്ല നിലയില്‍ നിലവിലുള്ള പാതയാണ്, അവിടവിടെ അല്‍പം മിനുക്കുപണി നടത്തിയാല്‍ സ്വപ്ന തുല്യമായ വികസനമാണ് കൊല്ലം പത്തനം തിട്ട ജില്ലകളുടെ അവികസിത മേഖലകള്‍ക്ക് ലഭിക്കുക
ദേശീയപാത 66, എംസി റോഡ്, കെപി റോഡ് എന്നിവയെ ബന്ധിപ്പിച്ച് കൊട്ടിയം–-പന്തളം സംസ്ഥാന പാതക്ക് രൂപംനൽകണമെന്ന ആവശ്യം ശക്‌തം. ദേശീയപാത 66ൽ കൊട്ടിയത്ത് നിന്നാരംഭിച്ച് കണ്ണനല്ലൂർ, കുണ്ടറ, ചിറ്റുമല, കിഴക്കേകല്ലട, ചീക്കൽകടവ്, നെടിയവിള, ഏഴാംമൈൽ, ഇടയ്‌ക്കാട്, തെങ്ങമം, പള്ളിക്കൽ വഴി കെപി റോഡിൽ പഴകുളത്ത് എത്തിച്ചേർന്ന് കുരുമ്പാലയിലൂടെ എംസി റോഡിൽ പന്തളത്ത് സമാപിക്കുന്നതാണ് നിർദിഷ്‌ട പാത.
കൊല്ലം, പത്തനംതിട്ട ജില്ലകളിലൂടെ കടന്നുപോകുന്ന പാത ഏത് അടിയന്തര ഘട്ടത്തിലും എംസി റോഡിനും ദേശീയപാതയ്‌ക്കും സമാന്തരമായി ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്. കോട്ടയത്തിനും തിരികെ തിരുവനന്തപുരത്തിനും എളുപ്പം യാത്രചെയ്യാനും പ്രയോജനപ്പെടും. കുണ്ടറയിൽ കൊല്ലം–-കൊട്ടാരക്കര–-ചെങ്കോട്ട ദേശീയപാതയിലൂടെയും ഏഴാംമൈലിൽ നിർദിഷ്‌ട ഭരണിക്കാവ്–-വണ്ടിപ്പെരിയാർ ദേശീയപാതയിലൂടെയുമാണ് പാത കടന്നുപോകുന്നത്. ഏഴാംമൈലിൽ നിന്നും ഭരണിക്കാവ്, ചവറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലേക്കും അടൂർ, പത്തനംതിട്ട, ശബരിമല ഭാഗത്തേക്കും പോകാവുന്നതാണ്. പഴകളുത്ത് എത്തിയാൽ കറ്റാനം, നൂറനാട്, കായംകുളം ഭാഗത്തേക്കും അടൂർ ഭാഗത്തേക്കും പോകാം. പന്തളത്ത് എംസി റോഡിൽ എത്തുന്നതോടെ ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, തൊടുപുഴ ഭാഗത്തേക്കും കിലോമീറ്ററുകൾ ലാഭിച്ച് സുഗമമായി യാത്രചെയ്യാം. ഇവിടെ നിന്നും റാന്നി, അടൂർ റൂട്ടിലേക്കും എളുപ്പം പോകാം. പന്തളത്തു എത്തിയാൽ എം സി റോഡ് വഴി പെരുമ്പാവൂർ, അങ്കമാലി, എറണാകുളം എന്നിവിടങ്ങളിലേക്കും എളുപ്പം യാത്രചെയ്യാം. നിർദിഷ്‌ട സംസ്ഥാന പാത യാഥാർഥ്യമായാൽ നിരവധി ഗ്രാമപ്രദേശങ്ങളുടെ പുരോഗതിക്കും കൂടുതൽ ഗതാഗത സൗകര്യം കൈവരിക്കുന്നതിനും സഹായിക്കും. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് തിരുവനന്തപുരം, കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എളുപ്പം എത്തിച്ചേരുന്നതിനും പുതിയ പാത ഉപകരിക്കും. ട്രെയിൻ സൗകര്യം ഇല്ലാത്ത പന്തളം, പഴകുളം, പള്ളിക്കൽ, തെങ്ങമം, തെങ്ങമം, ഇടയ്‌ക്കാട് പ്രദേശവാസികൾക്ക് സ്ഥലത്താനത്ത് കിലോമീറ്ററുകൾ ലാഭിച്ച് എത്തിച്ചേരുന്നതിനും ഈ പാത സഹായിക്കും. പന്തളം മുൻസിപ്പാലിറ്റി, പഴകുളം, പള്ളിക്കൽ, പോരുവഴി, കുന്നത്തൂർ, കിഴക്കേകല്ലട, കുണ്ടറ, ഇളംമ്പള്ളൂർ, തൃക്കോവിൽവട്ടം, മയ്യനാട് എന്നീ പഞ്ചായത്തുകളിലൂടെയുമാണ് പാത കടന്നുപോകുന്നത്. നിർദിഷ്‌ട സംസ്ഥാന പാതയ്‌ക്കായി ശ്രമിക്കുമെന്നും ഇക്കാര്യം സർക്കാരിന്റെ അടിയന്തര ശ്രദ്ധയിൽ കൊണ്ടുവരുമെന്നും വിവിധ എംഎൽഎമാരും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പറഞ്ഞു.
നഗര ഗ്രാമ പ്രദേശങ്ങളെയും ദേശീയപാത 66നെയും എംസി റോഡിനെയും ബന്ധിപ്പിച്ച് കൊട്ടിയം–-പന്തളം സംസ്ഥാന പാത വേണമെന്ന ആവശ്യം ശ്രദ്ധയില്‍പെട്ടുവെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. വലിയ വികസനത്തിന് വഴി തെളിക്കുന്നതാണിത്. സംസ്ഥാന പാതയ്‌ക്ക് ഭരണാനുമതി നേടിയെടുക്കാനും ബജറ്റിൽ ഫണ്ട് വകയിരുത്താനും സർക്കാരിൽ സമ്മർദ്ദം ചെലുത്തും. ഏത് അടിന്തര ഘട്ടത്തിലും വാഹനങ്ങൾ തിരിച്ചുവിടാവുന്ന പാത കൂടിയാണിത് കോവൂർ കുഞ്ഞുമോൻ എംഎൽഎ പറഞ്ഞു.
ദേശീയപാത 66, എംസി റോഡ്, കെപി റോഡ് എന്നിവയെ ബന്ധിപ്പിച്ച് കൊട്ടിയം–-പന്തളം സംസ്ഥാന പാത എന്നാവശ്യം ഭാവി വികസനത്തിന് ഉപകരിക്കുന്നതാണ് എന്ന് ഡപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു . കൂടാതെ ഇന്ന് പ്രധാനപ്പെട്ട റോഡുകളിലൂടെ എത്തിച്ചേരുന്ന പല കേന്ദ്രങ്ങളിലേക്കും എളുപ്പം പോകാനും സഹായമാവും. ഈ ആവശ്യം അടുത്തിടെ ശക്തമായിരിക്കയാണ്. ഇത് സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. തിരുവനന്തപുരത്തേക്ക് എംസി റോഡിലെ തിരക്കിൽപ്പെടാതെ പോകാവുന്ന പാതയായി ഇതുമാറും.
ശൈത്യകാലത്ത് മുടി സംരക്ഷണം ; ഈ മൂന്ന് ഹെയർ പാക്കുകൾ ഉപയോഗിച്ചോളൂ
ശൈത്യകാലത്ത് ചർമ്മം പോലെ തന്നെ മുടിയുടെ സംരക്ഷണവും വളരെ പ്രധാനമാണ്. താരൻ, മുടികൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ അലട്ടാം. വിലകൂടിയ എണ്ണകൾ, ഷാംപൂകൾ, കണ്ടീഷണറുകൾ, ഹെയർ സെറം എന്നിവ ഉപയോഗിച്ചിച്ചും മുടികൊഴിച്ചിൽ അങ്ങനെ തന്നെ തുടരുന്നുണ്ടാകും. ശൈത്യകാലത്തെ താരൻ, മുടി പൊട്ടൽ എന്നിവ പരിഹരിക്കാൻ വീട്ടിൽ ചെയ്യാവുന്ന ചില പ്രകൃത്തിദത്ത മാർഗങ്ങൾ.
കറ്റാർവാഴ
തലയോട്ടിയിലെ വരൾച്ചയും മുടി പൊട്ടുന്നത് തടയാനും മികച്ച പ്രതിവിധിയാണ് കറ്റാർവാഴ. താരൻ, ചൊറിച്ചിൽ എന്നിവ കുറയ്ക്കാനും സഹായിക്കുന്ന എൻസൈമുകളും കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ട്. കറ്റാർവാഴ ജെൽ തലയോട്ടിയിലും മുടിയിലും നേരിട്ട് പുരട്ടുക.15 മിനുട്ട് നേരം ഇട്ടേക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ തല കഴുകുക.
കറ്റാർവാഴ ജെല്ലും വെളിച്ചെണ്ണയും യോജിപ്പിച്ച് തലയിൽ പുരട്ടുന്നതും നല്ലതാണ്. രാത്രി മുഴുവൻ നേരം ഇട്ട ശേഷം രാവിലെ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുന്നത് ഈർപ്പം കൂട്ടാനും താരൻ നിയന്ത്രിക്കാനും സഹായിക്കും.
ആര്യവേപ്പില
ആര്യവേപ്പിലയിൽ ആന്റി ബാക്ടീരിയൽ, ആൻ്റി ഫംഗൽ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് താരൻ, തലയോട്ടിയിലെ അണുബാധകൾ എന്നിവ തടയുന്നു. ആര്യവേപ്പില നന്നായി പേസ്റ്റാക്കിയ ശേഷം തലയോട്ടിയിൽ പുരട്ടുക. ശേഷം മൃദുവായി മസാജ് ചെയ്യുക. 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക.
ഉലുവ
ഉലുവയാണ് മറ്റൊരു പ്രതിവിധി. ഉലുവയിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ശക്തിപ്പെടുത്തുകയും പൊട്ടൽ കുറയ്ക്കുകയും ചെയ്യുന്നു. ഉലുവ ഹെയർ പാക്ക് ഒരു പ്രകൃതിദത്ത കണ്ടീഷണറായി പ്രവർത്തിക്കുന്നു. ഉലുവ അൽപം നേരം കുതിരാൻ വെള്ളത്തിലിട്ട് വയ്ക്കുക. കുതിർന്ന ശേഷം മിക്സിയിൽ പേസ്റ്റ് പരുവത്തിൽ അടിച്ചെടുക്കുക. ശേഷം ഉലുവ പേസ്റ്റ് തലയിൽ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് തലയിൽ കഴുകുക.
അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ കാറിനു മുകളിലേക്ക് കോൺക്രീറ്റ് പാളി വീണ് അപകടം
അരൂര്‍. അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ കാറിനു മുകളിലേക്ക് കോൺക്രീറ്റ് പാളി വീണ് അപകടം. തലനാരിഴക്കാണ് യുവാവ് രക്ഷപ്പെട്ടത്. ചാരുംമൂട് സ്വദേശി നിതിൻകുമാർ സഞ്ചരിച്ച കാറിനു മുകളിലേക്കാണ് പാളി വീണത്. പാലത്തിനു മുകളിൽ ഉപയോഗശേഷം മാറ്റിയിട്ട കല്ലാണ് വീണത്. കണ്ടെയ്നർ ലോറി തട്ടിയാണ് കോൺക്രീറ്റ് പാളി താഴെ വീണതെന്ന് കരാറുകാരൻ
ഇന്നലെ രാത്രി 11 മണിയോടെ നിർമ്മാണം നടക്കുന്ന അരൂർ തുറവൂർ പാതയിൽ അപകടം എരമല്ലൂരിൽ വച്ചാണ് അപകടം. ഉയരപ്പാത നിർമ്മാണത്തിലെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ ടാർപോളിൻ കെട്ടിയും നെറ്റ് കെട്ടിയും മുകളിൽ തന്നെ താൽക്കാലികമായി സൂക്ഷിച്ച് പിന്നീട് എടുത്തു മാറ്റുകയാണ് രീതി.
മുകളിൽ നെറ്റിൽ സൂക്ഷിച്ചിരുന്ന കോൺക്രീറ്റ് പാളിയിൽ കണ്ടെയ്നർ ലോറി ഇടിച്ചാണ് താഴേക്ക് വീണത്.. ഭാരവാഹനങ്ങൾക്ക് നിർമ്മാണ മേഖലയിൽ രാത്രികാലങ്ങളിൽ നിരോധനം ഏർപ്പെടുത്തിയിട്ടും പോലീസ് നിയന്ത്രിക്കുന്നില്ലെന്നാണ് ആക്ഷേപം.
ഭാഗ്യം കൊണ്ട് മാത്രമാണ് ജീവൻ തിരിച്ചു കിട്ടിയതെന്ന് യുവാവ്
കാറിൽ മറ്റ് യാത്രക്കാർ ഇല്ലാതിരുന്നത് രക്ഷയായി. കാറിന്റെ പിൻഭാഗം പൂർണ്ണമായും തകർന്നു. യുവാവ് അരൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കാറിനുണ്ടായ കേടുപാടിനു നഷ്ടപരിഹാരം നൽകാമെന്ന് കരാർ കമ്പനി യുവാവിനെ അറിയിച്ചു.
മത്സ്യബന്ധന ബോട്ടിനെ സംശയം, കുതിച്ചെത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്; പിടിച്ചെടുത്തത് 5,000 കിലോയോളം മയക്കുമരുന്ന്
ന്യൂഡൽഹി: ആൻഡമാൻ കടലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ വൻ ലഹരി വേട്ട. മത്സ്യബന്ധന ബോട്ടിൽ നിന്ന് ഏകദേശം അഞ്ച് ടണ്ണോളം മയക്കുമരുന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയതായി പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്നും പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഈ മാസം ആദ്യം ഗുജറാത്ത് തീരത്തിന് സമീപത്ത് നിന്നും സമാനമായ രീതിയിൽ വൻ മയക്കുമരുന്ന് വേട്ട നടന്നിരുന്നു. 700 കിലോഗ്രാം മെത്താഫിറ്റമിനാണ് ഗുജറാത്ത് തീരത്തിന് സമീപത്തെ ഇന്ത്യൻ സമുദ്രാതിർത്തിയിൽ നിന്ന് പിടികൂടിയത്. സംഭവത്തിൽ എട്ട് ഇറാനിയൻ പൗരന്മാരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. എൻസിബി, നാവിക സേന, ഗുജറാത്ത് പൊലീസിലെ ഭീകരവിരുദ്ധ സേന (എടിഎസ്) എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.
അതേസമയം, ഈ വർഷം മാത്രം സമുദ്രപാതയിലൂടെ കടത്തിയ 3,500 കിലോഗ്രാം മയക്കുമരുന്നാണ് വിവിധ ഏജൻസികൾ പിടികൂടിയത്. മൂന്ന് കേസുകളിലായി 11 ഇറാൻ പൗരൻമാരെയും 14 പാകിസ്ഥാൻ പൗരന്മാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം നിലവിൽ കോടതി വിചാരണ കാത്ത് ജയിലിലാണെന്ന് എൻസിബി അറിയിച്ചു.






































