ആലപ്പുഴ.സിപിഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽ തർക്കം. ഏരിയ സെക്രട്ടറിയായി സജി ചെറിയാൻ നിർദ്ദേശിച്ച പേര് വെട്ടി. രണ്ട് ഏരിയ സെന്റർ അംഗങ്ങൾ രാജി മുഴക്കിയതോടെയാണ് പേര് പിൻവലിച്ചത്. മൂന്നു മുതിർന്ന നേതാക്കളെ തള്ളി യുവ നേതാവ് ഏരിയ സെക്രട്ടറിയായി. അമ്പലപ്പുഴക്ക് പുറത്തു നിന്നുള്ള നേതാവിനെ ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പുതിയ ഏരിയ സെക്രട്ടറി ആർ രാഹുൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗമാണ്
ഫസീല വധം: മീശയെടുത്തും ഷര്‍ട്ട് മാറ്റിയും സനൂഫിന്റെ രക്ഷപ്പെടല്‍; ഒടുവില്‍ പോലീസ് വലയിലായത് ഇങ്ങനെ..?
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് നടത്തിയത് അതിവേഗത്തിലുള്ള അന്വേഷണം. പോലീസിന്റെയും സി സി ടിവികളുടെയും ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ തനിക്ക് അറിയാവുന്ന പണിയെല്ലാം എടുത്ത് നോക്കിയിട്ടും പ്രതി ഒടുവില്‍ പിടിയിലായി. അതും കൃത്യം നടന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ.
ഫസീലയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കോഴിക്കോട്ട് നിന്ന് രക്ഷപ്പെട്ട പ്രതി സനൂഫ് കാറില്‍ പാലക്കാട്ടേക്കും പിന്നീട് തീവണ്ടി മാര്‍ഗം ബെംഗളൂരുവിലുമെത്തി. പോലീസ് തന്നെ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ സനൂഫ് പോലീസിനെ കബളിപ്പിക്കാന്‍ തനിക്ക് ആവുന്നതെല്ലാം ചെയ്തിരുന്നു.
മീശയെടുത്തും ഇടക്കിടെ ഷര്‍ട്ടുകള്‍ മാറ്റും യാത്ര ചെയ്ത സനൂഫ് ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലെത്തുകയായിരുന്നു. കര്‍ണാടകയില്‍ നിന്ന് വാങ്ങിയ സിം താന്‍ ഉപയോഗിച്ചിരുന്ന ഫോണില്‍ ഇട്ടതോടെയാണ് പ്രതിയുടെ ലൊക്കേഷന്‍ പോലീസിന് മനസ്സിലായത്. സൈബര്‍ സെല്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.
മോട്ടോര്‍ വാഹനവകുപ്പിന്‍റെ പിഴ ജീവിതം വഴിമുട്ടിച്ചെന്ന് പരാതി
തിരുവനന്തപുരം. മോട്ടോര്‍ വാഹനവകുപ്പിന്‍റെ പിഴ ജീവിതം വഴിമുട്ടിച്ചെന്ന് പരാതി. അമിതഭാരം കയറ്റിയെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർക്ക് 20000 രൂപ പിഴയിട്ടതിനെതിരെയാണ് പരാതി.
ഫൈൻ അടിച്ചത് തിരുവനന്തപുരം സ്വദേശി ശിവപ്രസാദിന്റെ ഓട്ടോറിക്ഷയ്ക്ക്. പാസഞ്ചർ ഓട്ടോയിൽ വീട്ടിലേക്കുള്ള ബോക്സ് കൊണ്ടുപോയതിനാണ് പിഴ ഈടാക്കിയത്. സംഭവം ഇക്കഴിഞ്ഞ 18 ന്. പിഴ ഈടാക്കിയത് ചട്ടപ്രകാരം എന്ന് മോട്ടോർ വാഹന വകുപ്പ്. പിഴ പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്
മോട്ടോർ വാഹന വകുപ്പിനെ സമീപിച്ചു. ജീവിതം വഴിമുട്ടിയ നിലയിലായ തനിക്ക് ഇത് താങ്ങാനാവില്ലെന്നാണ് ശിവപ്രസാദിന്‍റെ പരാതി.
കേരള കലാമണ്ഡലത്തിൽ കൂട്ടപ്പിരിച്ചുവിടൽ
തൃശ്ശൂർ. കേരള കലാമണ്ഡലത്തിൽ കൂട്ടപ്പിരിച്ചുവിടൽ. 120 ഓളം വരുന്ന അധ്യാപക അനധ്യാപകരായിട്ടുള്ള താൽക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നടപടിയെന്ന് രജിസ്ട്രാറുടെ ഉത്തരവിൽ പറയുന്നു.
കേരളത്തിൻറെ അഭിമാനമായ കേരളകലാമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾ തന്നെ അട്ടിമറിക്കുന്നതാണ് പുതിയ ഉത്തരവ്. അധ്യാപകരുടെത് ഉൾപ്പെടെയുള്ള സ്ഥിരം തസ്തികകളിൽ നിയമനം ഇല്ലാതിരുന്നതോടെയാണ് താൽക്കാലിക ജീവനക്കാരെ നിയമിച്ച് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോയിരുന്നത്. ഇവരുടെ ശമ്പളം ഉൾപ്പടെ മുടങ്ങുന്നത് പതിവായിരിക്കയാണ് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടത്. പിരിച്ചുവിട്ടവരിൽ 68 അധ്യാപകർ ഉൾപ്പെടുന്നത് കലാമണ്ഡലത്തിന്റെ പ്രവർത്തനങ്ങളെ തന്നെ സാരമായി ബാധിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നടപടിയെന്ന് ഉത്തരവിൽ തന്നെ രജിസ്റ്റാർ വ്യക്തമാക്കുന്നുണ്ട്.
പേരാമ്പ്രയിൽ തെരുവ് നായയുടെ ആക്രമണം. 11 പേർക്ക് കടിയേറ്റു
കോഴിക്കോട്. പേരാമ്പ്രയിൽ തെരുവ് നായയുടെ ആക്രമണം. 11 പേർക്ക് കടിയേറ്റു.
പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉൾപ്പെടെ ചികിത്സ തേടി. രാവിലെ മുതൽ വൈകിട്ട് വരെയുള്ള സമയങ്ങളിലായിരുന്നു ആക്രമണം.
സ്ത്രീകളും കുട്ടികളും തൊഴിലാളികളും ഉൾപ്പെടെയുള്ളവർക്കാണ് തെരിവ് നായയുടെ കടിയേറ്റത്. ഉത്തർപ്രദേശ് സ്വദേശി ഉബൈന്ത്, പേരാമ്പ്ര സ്വദേശികളായ നിജിത്ത്, രജീഷ്, സുമ, ഗീത, അനിൽ കുമാർ തുടങ്ങി ആറുപേർക്കാണ് രാവിലെ പേരാമ്പ്ര നഗരത്തിൽ വച്ച് കടിയേറ്റത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിസ്സാര പരുക്കുകളോടെ ചികിത്സ തേടിയിരുന്നു.
വൈകിട്ട് 5 മണിയോടെ പേരാമ്പ്ര വെജിറ്റബിൾ മാർക്കറ്റിന് സമീപത്ത് നിന്നും വീണ്ടും 5 പേർക്കുകൂടി കടിയേറ്റു. പൈതോത് സ്വദേശി കാസിം, ബാലൻ, എരവട്ടൂർ സ്വദേശി ബാലകൃഷ്ണൻ, കൈപ്രം സ്വദേശി ബാലകൃഷ്ണൻ, ഇബ്രാഹിം എന്നിവർക്കാണ് പരിക്കേറ്റത്. ഒരു ദിവസം ഇത്രയും അധികം ആളുകൾക്ക് കടിയേറ്റത്തോടെ ജനങ്ങളും ജാഗ്രതയിലാണ്. അക്രമകാരികളായ തെരുവുനായ്ക്കളെ പിടികൂടാനുള്ള ശ്രമം തദ്ദേശസ്ഥാപന അധികൃതരും ആരംഭിച്ചു.
REP PIC
അപ്പീലിന് പോകാൻ പോലും മാർക്ക് നൽകിയില്ല, എന്നാൽ അപ്പീലിലൂടെ ജില്ലയിൽ ഒന്നാം സ്ഥാനം..
ശൂരനാട്. കലോത്സവ നാളുകളിലെ ഇടപെടലുകളും കൃത്യവിലോപങ്ങളും അനസ്യൂതം തുടരുന്നതിന്റെ മറ്റൊരു തെളിവുമായി ജില്ലാ സ്കൂൾ യൂണിഫോത്തിലെ യുപി സംഘഗാനത്തിന്റെ റിസൾട്ട് ചർച്ചയാകുന്നു… ശാസ്താംകോട്ട സബ് ജില്ലയിൽ യുപി സംഘഗാനത്തിന് രണ്ടാം സ്ഥാനമായിരുന്നു ശൂരനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് ലഭിച്ചത്. അപ്പീൽ കൊടുക്കാൻ പോലും മിനിമം മാർക്ക് നൽകാതെ അവരെ മനപ്പൂർവം തഴഞ്ഞതാണെന്ന് ആരോപിച്ച് അന്ന് കലോത്സവ വേദിയിൽ വലിയ വാഗ്വാദങ്ങൾ നടന്നിരുന്നു…

എന്നാൽ കുട്ടികൾ അപ്പീലിനു പോവുകയും അവരുടെ സംഘഗാനത്തിന്റെ വീഡിയോ അധികൃതരെ കാണിക്കുകയും ചെയ്തു.. അതിലൂടെ കുട്ടികൾ അപ്പിൽ നേടിയെടുക്കുകയാണ് ചെയ്തത്. ഇപ്പോൾ അവർക്ക് സംഘ ഗാനത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ടീമിന് വെറും കൈയോടെ പോകേണ്ടി വന്നതും ഇതിന്റെ മറ്റൊരു ഉദാഹരണമാണ്
അച്ചടക്കലംഘനങ്ങൾക്കെതിരെ നടപടിയില്ല., ജില്ലാ സെക്രട്ടറിക്കെതിരെ പ്രതിഷേധം രൂക്ഷം
കരുനാഗപ്പള്ളി. സിപിഎം ഏരിയ നേതൃത്വത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച സംസ്ഥാന – ജില്ലാ നേതൃത്വത്തിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്ത്. പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് പരസ്യമായി പ്രകടനം നടത്തുകയും നേതാക്കളെ പൂട്ടിയിടുകയും വാഹനങ്ങൾ തകർക്കുകയും ചെയ്ത പ്രവർത്തികൾ ഉൾപ്പെടെ നടത്തിയവർക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കാതെ, നടപടി തികച്ചും സംഘടനാപരമായ തിരുത്തലിൽ മാത്രം അവസാനിപ്പിച്ചതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.
കഴിഞ്ഞദിവസം കരുനാഗപ്പള്ളിയിൽ നടന്ന പരസ്യപ്രകടനവും കുലശേഖരപുരത്ത് നേതാക്കളെ പൂട്ടിയിട്ടതുൾപ്പെടെയുള്ള സംഭവങ്ങളും സംസ്ഥാന നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നതെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ നടപടി സ്വീകരിക്കാതെ ഏരിയ കമ്മിറ്റിയെ പിരിച്ചുവിടുന്നതിലേക്ക് നടപടി വഴിതിരിച്ചു വിട്ടതിൽ ജില്ലാ സെക്രട്ടറിക്ക് വലിയ പങ്കുണ്ടെന്നാണ് എതിർപക്ഷം പറയുന്നത്.
ഇവിടുത്തെ സ്ഥിതിഗതികൾ സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് തെറ്റായ ഉപദേശവും റിപ്പോർട്ടും നൽകി ഏരിയ കമ്മിറ്റി പിരിച്ചുവിടുന്ന നടപടി നേതൃത്വത്തെ കൊണ്ട് സ്വീകരിപ്പിച്ച ശേഷം ജില്ലയിൽ റിപ്പോർട്ട് ചെയ്യിക്കുകയായിരുന്നു എന്ന് എതിർവിഭാഗം പറയുന്നു. ജില്ലാ സെക്രട്ടറിയുടെ നീക്കത്തിന് ജില്ലയിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ പിന്തുണയും ഉണ്ടായിരുന്നു എന്നാണ് വിവരം. ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കിടയിലും ഭൂരിപക്ഷം ലഭിക്കില്ലെന്ന് കണ്ട് ജില്ലാ സെക്രട്ടറി നടത്തിയ തന്ത്രപരമായ നീക്കമാണ് ഔദ്യോഗിക പക്ഷത്തിന് മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്ന കരുനാഗപ്പള്ളിയിലെ ഏരിയ കമ്മിറ്റിയെ പിരിച്ചുവിടുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നത്. ജില്ലാ കമ്മിറ്റി അംഗത്തിന്റെ പക്ഷത്തിന് ഭൂരിപക്ഷമുള്ള ഏരിയ കമ്മിറ്റി പിടിച്ചെടുക്കാൻ സംസ്ഥാന കമ്മിറ്റി അംഗത്തെ അനുകൂലിക്കുന്ന വിഭാഗം ഏറെനാളായി നടത്തുന്ന പരിശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ സമ്മേളനങ്ങളിൽ കുഴപ്പങ്ങൾ സൃഷ്ടിച്ച് ഏരിയ കമ്മിറ്റിക്കെതിരെ നടപടി എന്ന നീക്കമാണ് ശക്തമാക്കിയത്. ഇതിന് ഏറ്റവും ഒടുവിലത്തെ തീവ്ര സ്വഭാവത്തിലുള്ള പ്രതികരണങ്ങൾ ആയിരുന്നു നേതാക്കളെ പൂട്ടിയിട്ടും പരസ്യപ്രകടനം നടത്തിയതിലൂടെയും കരുനാഗപ്പള്ളിയിലെ വിമതപക്ഷം നടത്തിയത്. ഇതിന് ജില്ലാ സെക്രട്ടറിയുടെ മൗനാനുവാദവും ഉണ്ടായിരുന്നുവെന്നാണ് എതിർപക്ഷം ആക്ഷേപം ഉന്നയിക്കുന്നത്.

എന്നാൽ ജില്ലയിലെ ഏറ്റവും തലമുതിർന്ന നേതാവായ കെ. രാജഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെ പൂട്ടിയിടുകയും വാഹനങ്ങൾ തടയുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തതുൾപ്പടെയുള്ള അങ്ങേയറ്റം ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ അച്ചടക്ക നടപടി പ്രഖ്യാപിക്കാതെ ഏരിയ കമ്മിറ്റിയെ പിരിച്ചുവിടുന്ന തരത്തിലുള്ള സംഘടനാ നടപടിയിൽ മാത്രം നടപടികൾ ഒതുക്കിയതിനെതിരെ ജില്ലയിലെ മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കും ഭൂരിപക്ഷം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾക്കും ശക്തമായ വിയോജിപ്പുണ്ട്. ഇവരാരും അറിയാതെ രഹസ്യ നീക്കത്തിലൂടെ സംസ്ഥാന നേതൃത്വത്തെ ഉപയോഗപ്പെടുത്തി ജില്ലാ സെക്രട്ടറി നടത്തിയ നീക്കത്തിനെതിരെ ജില്ലയിലെ വലിയ വിഭാഗം നേതാക്കൾ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. അടുത്തയാഴ്ച നടക്കുന്ന ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എസ്. സുദേവനെതിരെയുള്ള നീക്കം ഇവർ ശക്തമാക്കും. നിലവിലെ ജില്ലാ സെക്രട്ടറിക്കെതിരെ ഉയർന്നു വന്നിട്ടുള്ള സാമ്പത്തിക ആരോപണം ഉൾപ്പെടെയുള്ള നിരവധി ആരോപണങ്ങൾ സംബന്ധിച്ച തെളിവുകൾ ശേഖരിച്ച് ജില്ലാ സമ്മേളനത്തിൽ ആഞ്ഞടിക്കാൻ ആണ് ജില്ലയിലെ പ്രമുഖ വിഭാഗത്തിന്റെ തീരുമാനം. കരുനാഗപ്പള്ളിയിൽ പാർട്ടിക്കെതിരെ പരസ്യപ്രകടനം ഉൾപ്പെടെ നടത്തിയവരെ സംരക്ഷിക്കുന്ന നിലപാടിലേക്ക് ജില്ലാ സെക്രട്ടറി പോയതിന് പിന്നിൽ എസ്.സുദേവൻ ഉണ്ടെന്നും ഇതിനുപിന്നിലെ കാര്യങ്ങളെല്ലാം അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് എതിർപക്ഷം സംസ്ഥാന – കേന്ദ്ര നേതൃത്വത്തെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഇതിനിടെ കരുനാഗപ്പള്ളിയിലെ ഔദ്യോഗിക പക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുള്ള കരുനാഗപ്പള്ളിയിൽ മൂന്നുമാസത്തിനകം ഏരിയ കമ്മറ്റി പുനസംഘടിപ്പിച്ച് സംഘടനാ നേതൃത്വം ഇവരെ ഏൽപ്പിക്കാനുള്ള നിർദ്ദേശമാണ് സംസ്ഥാന നേതൃത്വം അഡ്ഹോക്ക് കമ്മിറ്റിക്ക് നൽകിയിട്ടുള്ളത്.
പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ 59 കാരന് ആറ് വർഷം തടവും പിഴയും ശിക്ഷ
തിരൂർ. പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ 59 കാരന് ആറ് വർഷം തടവും പിഴയും ശിക്ഷ
മലപ്പുറം കാടാമ്പുഴ സ്വദേശി ഉണ്ണികൃഷ്ണൻ എന്ന അപ്പു(59)വിന് എതിരെ തിരൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 2019 ഇൽ കാടാമ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആണ് കോടതി ശിക്ഷ വിധിച്ചത്. 12 കാരിയെ പ്രതിയുടെ ഹോട്ടലിൽ വെച്ച് പലതവണ പീഡിപ്പിച്ചു എന്നാണ് കേസ്
ജെ സി ബി ഉപയോഗിച്ച് തെങ്ങ് പിഴുത് മാറ്റുമ്പോൾ അപകടം,തെങ്ങ് വീണ് പത്ത് വയസ്സുകാരണ് ദാരുണാന്ത്യം
കണ്ണൂർ .തെങ്ങ് വീണ് പത്ത് വയസ്സുകാരണ് ദാരുണാന്ത്യം. പഴയങ്ങാടി മുട്ടം കക്കാടപ്പുറത്തെ മൻസൂർ സമീറ ദമ്പതികളുടെ മകൻ നിസാലാണ് മരിച്ചത്.രാവിലെ പത്തിന് വീടിനടുത്ത് ജെ സി ബി ഉപയോഗിച്ച് തെങ്ങ് പിഴുത് മാറ്റുമ്പോൾ ദിശതെറ്റി വീണാണ് അപകടം നടന്നത്. തെങ്ങുമാറ്റുന്നത് കണ്ടുനില്‍ക്കുകയായിരുന്നു കുട്ടി. തെങ്ങ് ദിശതെറ്റി കുട്ടിയുടെ മേലേക്ക് വീഴുകയായിരുന്നു.





































