24.2 C
Kollam
Wednesday 24th December, 2025 | 12:33:18 AM
Home Blog Page 1829

കരുനാഗപ്പള്ളിയിലേത് ഒറ്റപ്പെട്ട സംഭവങ്ങള്‍… പാര്‍ട്ടിക്ക് അപമാനമല്ല… എം. വി. ഗോവിന്ദൻ

പത്തനംതിട്ട: കരുനാഗപ്പള്ളിയിലെ സിപിഎം സമ്മേളനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്ക് അപമാനമല്ലെന്നും ഒറ്റപ്പെട്ട സംഭവവമാണെന്നും എംവി ഗോവിന്ദന്‍. തെറ്റായ പ്രവണത വച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശവുമായി പാര്‍ട്ടി നടപടി എടുത്തു. അതൊക്കെ പ്രാദേശിക പ്രശ്‌നങ്ങള്‍ മാത്രമാണെന്നും വിഭാഗീയതയല്ലെന്നും എംവി ഗോവിന്ദന്‍

‘കരുനാഗപ്പള്ളിയിലേത് ഒറ്റപ്പെട്ട സംഭവമാണ്. പാര്‍ട്ടിക്ക് യോജിക്കുന്ന നിലയിലല്ല കാര്യങ്ങള്‍ ഉണ്ടായത്. ചില പ്രശ്‌നങ്ങള്‍ തെറ്റായ രീതിയില്‍ പാര്‍ട്ടിയുടെ പ്രാദേശിക തലത്തില്‍ കൈകാര്യം ചെയ്യപ്പെട്ടു. 38,000 ബ്രാഞ്ച് സമ്മേളനങ്ങള്‍ നടന്നു. ഒറ്റപ്പെട്ട സംഭവമായിട്ടല്ലേ അവിടെയും ഇവിടെയും പ്രശ്‌നമുണ്ടായത്. അയിരക്കണക്കിന് ലോക്കല്‍ സമ്മേളനം നടന്നു. അവിടെയും വളരെ അപൂര്‍വമായല്ലേ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുള്ളു. 270 ഏരിയാസമ്മേളനം നടക്കുന്നു. എവിടെയും കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല. അവിടെയും ഇവിടെയും ഉണ്ടാകുന്ന ചില പ്രശ്‌നങ്ങളെ പാര്‍ട്ടി കൃത്യമായ നിലപാട് സ്വീകരിച്ചുകൊണ്ട ഫലപ്രദമായി കൈകാര്യം ചെയ്തുപോകുമെന്നതിന്റെ തെളിവാണ് ഇന്നത്തെ അനുഭവം. സമ്മേളനങ്ങള്‍ എല്ലാം നടക്കുന്നത് ആരോഗ്യകരമായാണ്’ എംവി ഗോവിന്ദന്‍ പറഞ്ഞു.
കരുനാഗപ്പള്ളിയില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളെല്ലാം പരിശോധിക്കും. പ്രശ്‌നക്കാരെ ആരെയും സംരക്ഷിക്കില്ലായെന്നും അദ്ദേഹം വ്യക്തമാക്കി.

ഇൻസ്റ്റഗ്രാം വഴി യുവതികളെ പരിചയപ്പെട്ട് അപൂർവ സ്വർണം നൽകാമെന്ന് പറഞ്ഞു തട്ടിപ്പ്… നൽകുന്നത് ഹൽവയും മിഠായികളും

യുവതികളെ കബളിപ്പിച്ച് സ്വര്‍ണാഭരണം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. വടകര വില്ല്യാപ്പള്ളി മയ്യന്നൂര്‍ സ്വദേശി പാലൊള്ള പറമ്പത്ത് പിപി മുഹമ്മദ് നജീറി(29)നെയാണ് നാദാപുരം ഡിവൈ എസ്പി പിപി പ്രമോദും സംഘവും പിടികൂടിയത്. ചെക്യാട് താനക്കോട്ടൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഇവരില്‍ നിന്ന് അഞ്ച് പവന്റെ സ്വര്‍ണമാണ് നജീര്‍ കൈക്കലാക്കിയത്. അതേസമയം കുറ്റ്യാടി ചെറിയ കുമ്പളം സ്വദേശിനിയില്‍ നിന്നും 15 പവന്‍ സ്വര്‍ണം സമാന രീതിയില്‍ തട്ടിയെടുത്തുവെന്ന പരാതിയില്‍ കുറ്റ്യാടി സ്റ്റേഷനിലും ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പരാതിക്കാരികള്‍ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഷംനാദ് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇയാള്‍ യുവതികളുമായി പരിചയപ്പെട്ടത്. പഴയ ആഭരണങ്ങള്‍ക്ക് പകരം പുതിയത് നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് താനക്കോട്ടുകാരിയായ യുവതിയില്‍ നിന്ന് സ്വര്‍ണം വാങ്ങി മുങ്ങിയത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് വളയം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഷംനാദ് എന്ന പേര് വ്യാജമാണെന്ന് മനസ്സിലാവുകയായിരുന്നു. ചെറിയകുമ്പളം സ്വദേശിനിയെ ജ്വല്ലറി ഉടമയെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. 

തന്റെ പക്കല്‍ വിലകൂടിയതും അപൂര്‍വവുമായ ആഭരണ ശേഖരം ഉണ്ടെന്ന് യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ച ഇയാള്‍ പഴയ ആഭരണങ്ങള്‍ക്ക് പകരം ഇവ നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വീടിന്റെ പരിസരത്ത് എത്താന്‍ യുവതി ആവശ്യപ്പെട്ടു. തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച എത്തി ആഭരണം വാങ്ങുകയും പകരം പണം എന്ന് പറഞ്ഞ് ഒരു ബാഗ് കൈമാറുകയും ചെയ്തു.

യുവതി വീട്ടിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. ബാഗിനുള്ളിൽ നിന്നും ലഭിച്ചത് മിഠായികളും 100 രൂപയുമായിരുന്നു.  വഞ്ചിക്കപ്പെട്ടെന്ന് ബോധ്യമായതിനെ തുടര്‍ന്ന് യുവതികൾ പൊലീസില്‍ പരാതി നല്‍കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പൊക്കിയത്. നജീറിനെതിരേ വടകര പൊലീസ് സ്‌റ്റേഷനിലും സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും പിന്നീട് പണം നല്‍കി ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

ദിവസവും ബീറ്റ്റൂട്ട് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍

കാണുന്ന ഭംഗി പോലെ തന്നെ ഒട്ടനവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റാമിന്‍ എ, ബി 6, സി, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക്, നാരുകള്‍‌, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ബീറ്റ്റൂട്ട്.

പൊട്ടാസ്യം ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ട് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ നൈട്രേറ്റ് അടങ്ങിയ ബീറ്റ്‌റൂട്ട് കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഗ്ലൈസെമിക് സൂചിക കുറവും ഫൈബര്‍ ധാരാളം അടങ്ങിയതുമായ ബീറ്റ്റൂട്ട് പ്രമേഹ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. നാരുകളാല്‍ സമ്പന്നമായ ബീറ്റ്റൂട്ട് മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. അയേണിന്റെ മികച്ച സ്രോതസ്സാണ് ബീറ്റ്റൂട്ട്. അതിനാല്‍ ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് അനീമിയ അഥവാ വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. കരളിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.

ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. ഇവയില്‍ നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബീറ്റ്റൂട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

അതിസുരക്ഷാ നമ്പർ പ്ലേറ്റ്: സർക്കാരിൻ്റെ നീക്കം തന്ത്രമെന്ന് ഹൈക്കോടതി; പ്ലാൻ്റിനായുള്ള ആഗോള ടെൻഡറിന് തിരിച്ചടി

കൊച്ചി: അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർമ്മിക്കുന്നതിന് പ്രത്യേക പ്ലാന്റ് സ്ഥാപിക്കുന്നതിന് ആഗോള ടെൻഡർ വിളിക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി റദ്ദാക്കി. 2019 ഏപ്രിൽ ഒന്നിന് മുമ്പ് നിർമ്മിച്ച വാഹനങ്ങളുടെ നമ്പ‍ർ പ്ലേറ്റുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് ജൂലായ് 30 ഇറക്കിയ ഉത്തരവാണ് ജസ്റ്റിസ് ദിനേശ്‌കുമാർ സിംഗ് റദ്ദാക്കിയത്. സർക്കാരിന്റെ ഈ ഉത്തരവ് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നടപ്പാകാതിരിക്കാനുള്ള തന്ത്രമാണെന്നും കോടതി വിമർശിച്ചു.

അംഗീകാരമുള്ള നി‌ർമ്മാതാക്കളിൽ നിന്നും ഡീലർമാരിൽ നിന്നും സുതാര്യമായ ടെൻ‌ഡർ വിളിച്ച് പദ്ധതി നടപ്പാക്കണമെന്നും സിംഗിൾബെഞ്ച് സർക്കാരിനോട് നിർദ്ദേശിച്ചു. അതിസുരക്ഷ നമ്പർ പ്ലേറ്റ് നിർമ്മാതാക്കളായ മലപ്പുറത്തെ ഓർബിസ് ഓട്ടോമോട്ടീവ്സ് അടക്കം നൽകിയ ഹർജികൾ തീർപ്പാക്കിയാണ് കോടതി ഉത്തരവ്. കേന്ദ്ര ഏജൻസികളുടെ ടൈപ്പ് അപ്രൂവൽ സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും നമ്പർ പ്ലേറ്റുകൾ നിർമ്മിക്കാനും ഘടിപ്പിച്ച് നൽകാനും സംസ്ഥാന സ‌ർക്കാർ അനവദിക്കുന്നില്ലെന്നായിരുന്നു ഹ‌ർജിക്കാരുടെ പരാതി. ഇതിനുള്ള അധികാരം സംസ്ഥാന സർ‌ക്കാരിനാണെന്ന കേന്ദ്ര ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം കോടതി തള്ളി. ആഗോള ടെൻഡർ വിളിച്ച് ഉചിതമായ ഒന്നോ അധിലധികമോ സ്ഥാപനങ്ങളെ കണ്ടെത്തണമെന്ന് നി‌ർദ്ദേശിച്ചു.

നവംബര്‍ മാസത്തെ റേഷൻ വാങ്ങിയില്ലേ? വിതരണം നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഡിസംബർ 4-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് അവധി ആയിരിക്കുന്നതും ഡിസംബർ അഞ്ചു മുതൽ ഡിസംബർ മാസത്തെ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

രണ്ട് വർഷമായി വിട്ടുമാറാത്ത വയറുവേദന, മരുന്നുകളൊന്നും ഫലിച്ചില്ല; സിടി സ്കാൻ ചെയ്തപ്പോൾ ഞെട്ടൽ, കണ്ടത് കത്രിക

ഭോപ്പാൽ: കഠിനമായ വയറുവേദനയുടെ കാരണം കണ്ടെത്താൻ സിടി സ്കാൻ ചെയ്ത യുവതി ഞെട്ടിപ്പോയി. വയറ്റിനുള്ളിൽ കണ്ടെത്തിയത് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രികയാണ്. മധ്യപ്രദേശിലെ ഭിന്ദിൽ നിന്നാണ് ഡോക്ടർമാരുടെ അശ്രദ്ധയുടെ മറ്റൊരു റിപ്പോർട്ട് കൂടി പുറത്തുവന്നത്.

തുടർച്ചയായ വയറുവേദനയ്ക്ക് ഡോക്ടർ കുറിച്ച് നൽകിയ മരുന്നുകളൊന്നും ഫലിക്കാതെ വന്നതോടെയാണ് കമല ബായ് എന്ന 44കാരി സ്കാൻ ചെയ്തത്. അപ്പോഴാണ് കത്രിക കണ്ടെത്തിയത്. വയറ്റിൽ ലോഹവസ്തുവാണ് ആദ്യം കണ്ടതെന്നും പിന്നീടത് കത്രികയാണെന്ന് തെളിഞ്ഞതായും സ്കാൻ ചെയ്ത സതീഷ് ശർമ പറഞ്ഞു.

രണ്ട് വർഷം മുമ്പ് ഗ്വാളിയോറിലെ ഒരു ആശുപത്രിയിൽ കമലയ്ക്ക് ശസ്ത്രക്രിയ ചെയ്തിരുന്നുവെന്ന് കുടുംബം പറയുന്നു. അന്നു മുതൽ നിരന്തരം വയറുവേദന അനുഭവപ്പെട്ടു. മരുന്ന് കഴിച്ചിട്ടും മാറ്റമുണ്ടാകാതിരുന്നതോടെയാണ് സ്കാൻ ചെയ്യാൻ ഡോക്ടർമാർ നിർദേശിച്ചത്. ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ അബദ്ധത്തിൽ കത്രിക വയറിനുള്ളിൽ മറന്നതാണെന്നാണ് സംശയം.

ഗുരുതരമായ വീഴ്ചയ്ക്ക് ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കമലയുടെ കുടുംബം ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ അശ്രദ്ധ മൂലമാണ് കമല ബായിക്ക് ഇത്രയും വേദന അനുഭവിക്കേണ്ടി വന്നതെന്ന് കുടുംബം പറഞ്ഞു. സ്കാനിങ് സംബന്ധിച്ച് പൂർണമായ റിപ്പോർട്ട് തയ്യാറാക്കി ഉന്നത അധികാരികൾക്ക് അയക്കുമെന്ന് ജില്ലാ ആശുപത്രി അധികൃതർ അറിയിച്ചു.

ആയുർവേദ സെന്ററിൽ മരിച്ച വിദേശ വനിതയുടെ മൃതദേഹം ആശുപത്രിയിലെത്തിക്കാതെ മൊബൈൽ ഫ്രീസറിൽ സൂക്ഷിച്ചു; പരാതി

കൽപ്പറ്റ: വയനാട്ടിൽ വിദേശ വനിതയുടെ മൃതദേഹം ആശുപത്രിയിൽ എത്തിക്കാതെ മൊബൈൽ ഫ്രീസറിൽ സൂക്ഷിച്ചെന്ന് പരാതി. കാമറൂൺ സ്വദേശി മോഗ്യം കാപ്റ്റുവിന്റെ മൃതദേഹമാണ് മാനന്തവാടിയിലെ സ്വകാര്യ ആംബുലൻസിൽ സൂക്ഷിച്ചതായി ബിജെപി പരാതി ഉന്നയിച്ചത്. മാനന്തവാടിയിലെ സ്വകാര്യ ആയുർവേദ റിസർച്ച് സെന്ററിൽ ചികിൽസക്കെത്തിയ കാൻസർ ബാധിതയായ യുവതി കഴിഞ്ഞ 20 നാണ് മരണപ്പെട്ടത്. മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ എംബാം ചെയ്ത് എംബസി വഴി സ്വദേശത്തേക്ക് കൊണ്ടു പോയി.

തെലങ്കാനയിലെ വനമേഖലയിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റ് നേതാവ് ബദ്രു അടക്കം ഏഴു പേർ കൊല്ലപ്പെട്ടു

ബംഗളൂരു: തെലങ്കാനയിൽ ഏഴ് മാവോയിസ്റ്റുകള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തെലങ്കാനയിലെ മുളുഗു ജില്ലയിലെ ചൽപ്പാക്ക് വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രധാന മാവോയിസ്റ്റ് നേതാവ് പാപ്പണ്ണ എന്ന ബദ്രുവും കൊല്ലപ്പെട്ടു.

ഒരാഴ്ച മുൻപ് പൊലീസിന് വിവരം നൽകി എന്ന് പറഞ്ഞ് ഈ മേഖലയിൽ രണ്ട് ഗ്രാമവാസികളെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയിരുന്നു. സ്ഥലത്ത് നിന്ന് വൻ ആയുധ ശേഖരവും കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു.

ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ എഫ്ബിഐ ഡയറക്ടർ; നാമനിർദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ: ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അടുത്ത ഡയറക്ടറായി കാഷ് പട്ടേലിനെ നാമനിർദേശം ചെയ്തു. നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപാണ് നാമനിർദ്ദേശം ചെയ്തത്. “എഫ്ബിഐയുടെ അടുത്ത ഡയറക്ടറായി കാഷ് പട്ടേൽ പ്രവർത്തിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. കാഷ് ഒരു മികച്ച അഭിഭാഷകനും അന്വേഷകനും പോരാളിയുമാണ്. അദ്ദേഹം അഴിമതി തുറന്നുകാട്ടുന്നതിനും നീതിയെ സംരക്ഷിക്കുന്നതിനും അമേരിക്കൻ ജനതയെ സംരക്ഷിക്കുന്നതിനുമായി തന്റെ കരിയർ ചെലവഴിച്ചു.’’– ട്രംപ് പറഞ്ഞു.

അമേരിക്കൻ രഹസ്യാനേഷണ ഏജൻസിയായ സിഐഎയുടെ തലപ്പത്ത് ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ എത്തുമെന്ന് സൂചനയുണ്ടായിരുന്നു. അതിനിടെയാണ് എഫ്ബിഐ ഡയറക്ടറായി നിയമനം. കഴിഞ്ഞ ട്രംപ് സർക്കാരിൽ വിവിധ ഇന്റലിജൻസ് വകുപ്പുകളുടെ മേധാവി ആയിരുന്ന അദ്ദേഹം ഇക്കുറി ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്നു. ട്രംപിന്റെ ഏറ്റവും വിശ്വസ്തരിൽ ഒരാളാണ് കാഷ് പട്ടേൽ.

1980 ഫെബ്രുവരി 25ന് ന്യൂയോർക്കിൽ ജനിച്ച പട്ടേലിന്റെ വേരുകൾ ഗുജറാത്തിലെ വഡോദരയിലാണ്. റിച്ച്മണ്ട് സർവകലാശാലയിൽനിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ അദ്ദേഹം ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജിൽനിന്നു രാജ്യാന്തര നിമയത്തിൽ ബിരുദവും നേടി. ക്രിമിനൽ അഭിഭാഷകനായ അദ്ദേഹം മിയാമി കോടതിയിലായിരുന്നു പ്രാക്ടീസ് ചെയ്തിരുന്നത്.

ലോക എയ്ഡ്സ് ദിനം; ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’, ലക്ഷ്യം കൈവരിക്കാന്‍ കേരളം

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസരിച്ച് 2030ഓടുകൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങളെങ്കിലും കേരളം വളരെ നേരത്തെ ആ ലക്ഷ്യത്തിലെത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ ലക്ഷ്യം കൈവരിക്കാന്‍ ‘ഒന്നായ് പൂജ്യത്തിലേയ്ക്ക് ‘ എന്ന പ്രചരണ പരിപാടിയിലൂടെ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.

2025-ഓടുകൂടി 95:95:95 എന്ന ലക്ഷ്യം കൈവരിക്കാനാണ് കേരളം പ്രയത്‌നിക്കുന്നത്. ഇതില്‍ ആദ്യത്തെ 95 എന്നത് എച്ച്.ഐ.വി. ബാധിതരായവരില്‍ 95 ശതമാനം ആളുകളും അവരുടെ എച്ച്.ഐ.വി. രോഗാവസ്ഥ തിരിച്ചറിയുക എന്നുള്ളതാണ്. രണ്ടാമത്തെ 95 എന്നുള്ളത് എച്ച്.ഐ.വി അണുബാധിതരായി കണ്ടെത്തിയവരില്‍ 95 ശതമാനവും എ.ആര്‍.ടി. ചികിത്സയ്ക്ക് വിധേയരാക്കുക എന്നതാണ്. ഇവരിലെ 95 ശതമാനം ആളുകളിലും വൈറസ് നിയന്ത്രണ വിധേയമാക്കുക എന്നതാണ് മൂന്നാമത്തെ 95 കൊണ്ട് ലക്ഷ്യമാക്കുന്നത്. 2024ലെ കണക്ക് പ്രകാരം കേരളം രണ്ടാമത്തേയും മൂന്നാമത്തോയും ലക്ഷ്യം കൈവരിച്ചു. ഒന്നാമത്തെ ലക്ഷ്യം 76 ശതമാനം വരെ കൈവരിച്ചു. എച്ച്.ഐ.വി. ബാധിതരായവരില്‍ മുഴുവന്‍ പേരുടേയും രോഗബാധ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

ലോകമെമ്പാടും 1988 മുതല്‍ ഡിസംബര്‍ ഒന്ന് ലോക എയ്ഡ്‌സ് ദിനമായി ആചരിച്ചു വരുന്നു. എച്ച്.ഐ.വി അണുബാധിതരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിനും, എച്ച്.ഐ.വി പ്രതിരോധത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. ‘അവകാശങ്ങളുടെ പാത സ്വീകരിക്കു’ (Take the rights path) എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിന സന്ദേശം.

ലോകത്താകമാനം 3.9 കോടി എച്ച്.ഐ.വി ബാധിതര്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. 2023ല്‍ മാത്രം 13 ലക്ഷം ആളുകളില്‍ പുതുതായി എച്ച്.ഐ.വി അണുബാധ കണ്ടെത്തി. ഇന്ത്യയില്‍ 2023ലെ കണക്ക് പ്രകാരം 25.44 ലക്ഷം ആളുകള്‍ എച്ച്.ഐ.വി ബാധിതരാണെന്ന് കണക്കാക്കപ്പെടുന്നു. 2023ല്‍ ഇന്ത്യയില്‍ 68,451 ആളുകളില്‍ പുതുതായി എച്ച്.ഐ.വി അണുബാധ കണ്ടെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ 1263 പേരിലാണ് എച്ച്.ഐ.വി അണുബാധ കണ്ടെത്തിയത്.
എച്ച്.ഐ.വി. അണുബാധയുടെ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രായപൂര്‍ത്തിയായവരിലെ എച്ച്.ഐ.വി. സാന്ദ്രത ഇന്ത്യയില്‍ 0.20 ആണെങ്കില്‍ അത് കേരളത്തില്‍ 0.07 ആണ്.

എച്ച്.ഐ.വി. ബാധിതരുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി ആരോഗ്യ വകുപ്പ് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സംസ്ഥാനത്ത് 793 ജ്യോതിസ് കേന്ദ്രങ്ങള്‍ (ഐ.സി.റ്റി.സി) കൗണ്‍സിലിംഗിനും പരിശോധനയ്ക്കുമായി പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും കണ്ണൂര്‍, കൊല്ലം ജില്ലാ ആശുപത്രികളിലും മാനന്തവാടി, കാസര്‍ഗോഡ്, എറണാകുളം ജനറല്‍ ആശുപത്രികളിലുമായി 15 ഉഷസ് കേന്ദ്രങ്ങള്‍ (എ.ആര്‍.ടി.) പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ മറ്റ് പ്രധാന ആശുപത്രികളില്‍ ലിങ്ക് എ.ആര്‍.ടി സെന്ററുകളായി ഉഷസ് ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. എ.ആര്‍.ടി. കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് ചികിത്സ എടുക്കുന്ന എച്ച്.ഐ.വി. അണുബാധിതര്‍ക്ക് ആവശ്യമായ തുടര്‍സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഏഴു ജില്ലകളില്‍ കെയര്‍ സപ്പോര്‍ട്ട് കേന്ദ്രങ്ങള്‍ (സി.എസ്.സി) പ്രവര്‍ത്തിക്കുന്നു. ലൈംഗിക-ജന്യ രോഗങ്ങള്‍ക്കുള്ള ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നതിന് 23 പുലരി കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. എച്ച്.ഐ.വി. അണുബാധാ സാധ്യത കൂടുതലുള്ള ലക്ഷ്യ വിഭാഗങ്ങള്‍ക്കിടയില്‍ എച്ച്.ഐ.വി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ ജില്ലകളിലുമായി 64 സുരക്ഷാ പദ്ധതികളും പ്രവര്‍ത്തിച്ചു വരുന്നു.