24.2 C
Kollam
Wednesday 24th December, 2025 | 02:15:33 AM
Home Blog Page 1828

വീട്ടിലെത്തി ജി സുധാകരനെ സന്ദർശിച്ച് കെസി വേണുഗോപാൽ എംപി

ആലപ്പുഴ. തുടർച്ചയായി സിപിഎം വേദികളിൽ നിന്ന് ജി.സുധാകരൻ ഒഴിവാക്കപ്പെടുന്നത് വിവാദമാകുന്നതിനിടെ വീട്ടിലെത്തി ജി.സുധാകരനെ സന്ദർശിച്ച് കെസി വേണുഗോപാൽ എംപി. സൗഹൃദ സന്ദർശനമെന്നും രാഷ്ട്രീയം ചർച്ചയായില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും പ്രതികരിച്ചു. അതെസമയം ഇന്ന് നിശ്ചയിച്ചിരുന്ന മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രിക കാമ്പയിൻ ഉദ്ഘാടനത്തിൽ നിന്നും അവസാന നിമിഷം സുധാകരൻ പിന്മാറി.

ആലപ്പുഴയിൽ പാർട്ടി സമ്മേളനങ്ങളിൽ നിന്ന് ജി സുധാകരൻ പൂർണമായും ഒഴിവാക്കപ്പെടുന്നത് വലിയ ചർച്ചയാകുന്നമ്പോഴാണ് ജി സുധാകരനും കെസി വേണുഗോപാൽ എംപിയുമായുള്ള കൂടിക്കാഴ്ച. പുന്നപ്ര പറവൂരിലെ ജി സുധാകരന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച.

എന്നാൽ സന്ദർശനത്തിന് രാഷ്ട്രീയമില്ലെന്നും സൗഹൃദം മാത്രമാണെന്നുമായിരുന്നു ഇരുനേതാക്കളുടെയും പ്രതികരണം.തന്റെ അനുവാദമില്ലാതെയാണ് വീടിനകത്തേക്ക് മാധ്യമങ്ങൾ പ്രവേശിച്ചതെന്ന് ജി സുധാകരൻ. മാധ്യമങ്ങളെ അദ്ദേഹം ശകാരിച്ചു

സുധാകരന്റെ പുന്നപ്രയിലെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ മാത്രം അകലേ നടന്ന അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽ ജി സുധാകരനെ ക്ഷണിക്കാത്തത് വിവാദമായിരുന്നു. പാർട്ടി പദവികൾ ഒന്നും ഇല്ലാത്തതിനാൽ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണ് ക്ഷണിക്കാതിരുന്നത് എന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. ഇതിനിടെയാണ് ഇന്ന് രാവിലെ ജി സുധാകരന്റെ വസതിയിൽ വച്ച് ലീഗ് മുഖപത്രം ചന്ദ്രികയുടെ അമ്പലപ്പുഴ മണ്ഡലത്തിലെ പ്രചരണ ക്യാമ്പയിൻ ഉദ്ഘാടനം നിശ്ചയിച്ചത്. രാവിലെ ഒൻപത് മണിക്ക് നടക്കേണ്ട പരിപാടിയിൽ നിന്ന് അവസാനനിമിഷം സുധാകരൻ പിന്മാറി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കൂടുതൽ വിവാദങ്ങളിലേക്ക് പോകാൻ താല്പര്യം ഇല്ലെന്നു ലീഗ് നേതാക്കളെ സുധാകരൻ അറിയിക്കുകയായിരുന്നു.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാളെ വയനാട് ജില്ലയിലടക്കം നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയിൽ തീരം തൊട്ട ഫിൻജാൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിലാണ് കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നത്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്.

പിക് അപ്പ് ഓട്ടോയും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യുവതി മരിച്ചു

പാലക്കാ‌ട് കല്ലടിക്കോട്ട് പിക് അപ്പ് ഓട്ടോയും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യുവതി മരിച്ചു. ഇരുചക്രവാഹന യാത്രികയായ കരിമ്പ സ്വദേശിനി രമ്യ(40)  ആണ് മരിച്ചത് . കൂടെയുണ്ടായിരുന്ന മകന്‍ ജെറിനെ പരുക്കുകളോടെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ദേശീയപാതയില്‍ കല്ലടിക്കോട് അയ്യപ്പന്‍കാവിന് സമീപം വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം.  

കുന്നത്തൂരിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

കുന്നത്തൂർ:കുന്നത്തൂരിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കുന്നത്തൂർ നെടിയവിള വി.ജി.എസ്.എസ് അംബികോദയം ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി കുന്നത്തൂർ പടിഞ്ഞാറ് സ്വദേശി ആദി കൃഷ്ണ (15) ആണ് മരിച്ചത്.ഇന്ന് പകൽ 12 ഓടെയാണ് സംഭവം.വീട്ടുകാർ വിവാഹത്തിന് പോയി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

വീട്ടുജോലി ചെയ്യാതെ മൊബൈല്‍ ഉപയോഗിച്ചിരുന്നു ; 18കാരിയെ അച്ഛന്‍ പ്രഷര്‍ കുക്കര്‍ കൊണ്ട് അടിച്ചുകൊന്നു

വീട്ടുജോലി ചെയ്യാതെ എപ്പോഴും മൊബൈൽ ഫോണിൽ കളിച്ചുകൊണ്ടിരുന്ന പതിനെട്ടുകാരിയായ മകളെ പിതാവ് പ്രഷർ കുക്കർ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തിലാണ് ദാരുണമായ കൊലപാതകം നടന്നത്. ഹെതാലിയെ ആണ് പിതാവ് മുകേഷ്(40) പ്രഷർ കുക്കർ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊന്നത്. സംഭവത്തിന് പിന്നാലെ മുകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മയായ ഗീതാ ബെൻ നൽകിയ പരാതിയിലാണ് പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തത്.

വീട്ടു ജോലി ചെയ്യാതെ മകൾ എപ്പോഴും മൊബൈൽ ഫോണിൽ ഗെയിം കളിച്ചിരിക്കുകയാണെന്ന് പറഞ്ഞാണ് മുകേഷ് ഹെതാലിയെ ആക്രമിച്ചത്.  കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. അസുഖ ബാധിതനായി മുകേഷ് വീട്ടിൽ വിശ്രമത്തിലായിരുന്നു. ഭാര്യ ഗീതാ ബെൻ ജോലിക്കായി പോയി. ഈ സമയത്ത് മകളോട് വീട്ടിലെ ജോലികൾ ചെയ്യാൻ മുകേഷ് ആവശ്യപ്പെട്ടു. എന്നാൽ ഇത് കേൾക്കാതെ  ഹെതാലി മൊബൈൽ ഫോണിൽ ഗെയിം കളിച്ചിരുന്നു.

സംഭവ ദിവസം വീട് വൃത്തിയാക്കണമെന്ന് മകളോട് ആവശ്യപ്പെട്ട ശേഷമായിരുന്നു ഗീത ജോലിക്ക് പോയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യ തിരിച്ച് വരുന്ന സമയമായിട്ടും മകൾ വീട്ട് ജോലി ചെയ്തിരുന്നില്ല. പലതവണ പറഞ്ഞിട്ടും കൂട്ടാക്കാതെ മകൾ മൊബൈൽ നോക്കിയിരുന്നതോടെ പ്രകോപിതനായ മുകേഷ് അടുക്കളയിൽ നിന്നും പ്രഷർ കുക്കറെടുത്ത് ഹെതാലിയെ ആക്രമിച്ചു. കുക്കർ കൊണ്ടുള്ള അടിയേറ്റ് 17 കാരിയുടെ തലയിലും ശരീര ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റു. 

ഈ സമയത്ത് വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പെൺകുട്ടിയുടെ സഹോദരൻ മായങ്ക്. കരച്ചിൽ കേട്ട് മായങ്ക് ഓടിയെത്തിയപ്പോഴാണ് പിതാവ് സഹോദരിയെ ആക്രമിക്കുന്നത് കാണുന്നത്. പരിഭ്രാന്തനായ കുട്ടി അമ്മയെ ഫോണ്‍ വിളിച്ച് വിവരമറിച്ചു. ഗീത വീട്ടിലെത്തിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന മകളെയാണ്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെ ങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍

ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മിഷാബ്, മലപ്പുറം സ്വദേശി മുഹമ്മദ് മുഫസില്‍ എന്നിവരാണ് എറണാകുളം സൈബര്‍ പൊലീസിന്റെ പിടിയിലായത്. നാല് കോടിയോളം രൂപയാണ് പ്രതികള്‍ വെര്‍ച്വല്‍ അറസ്റ്റ് വഴി തട്ടിയെടുത്തത്. വാഴക്കാല സ്വദേശി ബെറ്റി ജോസഫിന്റെ പരാതിയിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
പൊലീസ് എന്ന വ്യാജേനയാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് നടത്തുന്നത്. ആളുകളുടെ ഫോണിലേക്ക് വിളിച്ചശേഷം നിയമവിരുദ്ധമായ ഇടപാട് നടന്നിട്ടുണ്ടെന്നും അതിനാല്‍ നിങ്ങള്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്നുമാണ് പ്രതികള്‍ പറയുക. ഉത്തരേന്ത്യ കേന്ദ്രീകരിച്ചും ഇത്തരത്തിലുളള സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നെണ്ടെന്ന വിവരം നേരത്തെ ലഭിച്ചിരുന്നു.
ഉത്തരേന്ത്യന്‍ സംഘങ്ങളെ സഹായിക്കുന്ന രണ്ടുപേരാണ് പിടിയിലായവരെന്നാണ് പൊലീസ് പറഞ്ഞു. പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് സൂചന നല്‍കി.

കുന്നത്തൂർ താലൂക്കിൽ ഭീതി പരത്തി വ്യാജ കുറുവാസംഘം

ശാസ്താംകോട്ട:ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഭീതി വിതച്ച് തമിഴ്നാട്ടിൽ നിന്നുള്ള കുറുവാ സംഘം നടത്തുന്ന മോഷണങ്ങൾക്ക് സമാനമായി കുന്നത്തൂർ താലൂക്കിൽ വ്യാജ കുറുവാ സംഘം വിലസുന്നതായി പരാതി.മുഖം കറുത്ത തുണികൊണ്ട് മറച്ച് അർദ്ധനഗ്നരായി എത്തുന്നവർ വീട്ടുകാർ ഉണരുമ്പോഴേക്കും ഇരുളിലേക്ക് ഓടി മറയും.വീടുകളുടെ അടുക്കള വാതിലിൽ ശക്തമായി ഇടിക്കുകയും തട്ടി വിളിക്കുകയും കോളിങ്ബെൽ നിർത്താതെ ശബ്ദിപ്പിക്കുകയും,ഉച്ചത്തിൽ അപശബ്ദം ഉണ്ടാക്കുകയും ചെയ്യുന്നതാണ് ഇക്കൂട്ടരുടെ രീതി.സ്ത്രീകൾ മാത്രമുള്ള വീടുകളിൽ അതിക്രമം രൂക്ഷമാണ്.എന്നാൽ ഇതുവരെ ഇക്കൂട്ടർ ഒരിടത്തു നിന്നും യാതൊന്നും മോഷ്ടിച്ചിട്ടില്ലായെന്നതും പ്രത്യേകതയാണ്.ശാസ്താംകോട്ട,
കുന്നത്തൂർ പഞ്ചായത്തുകളിലാന് വ്യാജ കുറുവാ സംഘത്തിൻ്റെ ഭീഷണി കൂടുതലായും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ശാസ്താംകോട്ടയിൽ പള്ളിശ്ശേരിക്കൽ,മനക്കര കിഴക്ക്,മനക്കര പടിഞ്ഞാറ്,കുന്നത്തൂരിൽ തോട്ടത്തുംമുറി,ആറ്റുകടവ്,ഭൂതക്കുഴി
ഭാഗങ്ങളിലാണ് വ്യാജകുറുവാ സംഘം അഴിഞ്ഞാടുന്നത്.സംഭവം അറിയിക്കുമ്പോൾ ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങും.വാർത്ത നാടാകെ പ്രചരിക്കുന്നതോടെ പൊടിപ്പും തൊങ്ങലുമായി ഭീതിപ്പെടുത്തുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുകയാണ്.അർദ്ധരാത്രിയിൽ ഇരുചക്രവാഹനങ്ങളിൽ പോകുന്നവർ മുഖം മറച്ച് അടിവസ്ത്രം മാത്രം ധരിച്ച് റോഡിലൂടെ നടക്കുന്നവരെ കണ്ടിട്ടുള്ളതായി പറയപ്പെടുന്നു.കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിൽ കൊട്ടാരക്കരയിൽ സ്കൂൾ കലോത്സവം കഴിഞ്ഞു മടങ്ങിയ ദമ്പതികൾ പുത്തൂർ പഴവറയിൽ വച്ച് ഇത്തരത്തിൽ ഒരാളെ കണ്ടതായും ഉടൻ തന്നെ പുത്തൂർ പൊലീസ് സ്‌റ്റേഷനിലേക്ക് നിരവധി തവണ വിളിച്ചെങ്കിലും ഫോൺ പോലും എടുത്തില്ലെന്നും പരാതിയുണ്ട്.പ്രദേശവാസികളായ സാമൂഹ്യവിരുദ്ധരാകും വ്യാജ കുറുവാ സംഘത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.അതിനിടെ രാത്രികാലങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നതെന്നാണ് പരാതി ഉയരുന്നത്.

അടയ്ക്ക പറിക്കുന്നതിനിടെ താഴെ വീണ് പരുക്കേറ്റ മധ്യവയസ്കൻ മരിച്ചു

കിളിമാനൂർ. അടയ്ക്ക പറിക്കുന്നതിനിടെ കവുങ്ങുമരത്തിൽ നിന്നും താഴെ വീണ് പരുക്കേറ്റ മധ്യവയസ്കൻ മരിച്ചു.

കിളിമാനൂർ കുന്നുമ്മേൽ സ്വദേശി അനിൽകുമാർ (52) ആണ് മരിച്ചത്

രണ്ടു ദിവസം മുൻപായിരുന്നു അപകടം നടന്നത്

തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിൽസ തേടുകയും വിദഗ്ദ പരിശോധനയ്ക്ക് ഡോക്ടർ നിർദ്ദേശിച്ചിരുന്നു

അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദ്ദേഹം പോസ്റ്റുമാർട്ടത്തിന് അയയ്ക്കും.

അനിൽകുമാർ കൂലി തൊഴിലാളിയാണ്.

വിദേശ വനിതയുടെ മൃതദേഹം ആംബുലൻസിൽ സൂക്ഷിച്ച സംഭവം, അന്വേഷണത്തിന് നിർദ്ദേശം

മാനന്തവാടി. വിദേശ വനിതയുടെ മൃതദേഹം ആംബുലൻസിൽ സൂക്ഷിച്ച സംഭവം

അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ മാനന്തവാടി എ.എസ്.പി തിരുനെല്ലി എസ്.ഐക്ക് നിർദേശം നൽകി

മൃതദേഹം കൈമാറിയതും സൂക്ഷിച്ചതും നിയമപരമായാണോ എന്ന് അന്വേഷിക്കും

മെഡിക്കൽ കോളജ് അടുത്തുണ്ടായിട്ടും ആംബുലൻസ് ഡ്രൈവർക്ക് മൃതദേഹം കൈമാറിയതെന്തിനെന്നും അന്വേഷിക്കും

ബിജെപി നൽകിയ പരാതിയിലാണ് അന്വേഷണം

ഫിന്‍ജാല്‍ ചുഴലിയുടെ പ്രഭാവം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: ഫിന്‍ജാല്‍ ചുഴലിയുടെ പ്രഭാവത്തില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് തിരുവനന്തപുരം, കൊല്ലം ഒഴികെ മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ തുടരും.തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതിതീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.