Home Blog Page 1799

സിപിഎമ്മിനെ മാറ്റിനിർത്തി കമ്യൂണിസ്റ്റുകളുടെ വിശാല പ്ലാറ്റ്ഫോം; ഇടതുബദലിന് യുഡിഎഫിനുള്ളിൽ നീക്കം

കോട്ടയം: സിപിഎമ്മിനെതിരെ ഇടതുപക്ഷ കക്ഷികളുടെ വിശാല പ്ലാറ്റ്‌ഫോം രൂപീകരിക്കാൻ യുഡിഎഫിലെ ഇടതുകക്ഷികൾ. സംസ്ഥാനത്ത് സിപിഎം നേതൃത്വം നൽകുന്ന എൽ‌ഡിഎഫിന്റെ അപചയം തുറന്നുകാട്ടി തങ്ങളാണ് യഥാർഥ ഇടതുപക്ഷമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. യുഡിഎഫിലെ ഇടതുകക്ഷികളായ ആർഎസ്പി, സിഎംപി, ആർഎംപി എന്നീ കക്ഷികൾ ഇതു സംബന്ധിച്ച ആശയവിനിമയം നടത്തി. ഫോർവേഡ് ബ്ലോക്കും ഇവർക്കൊപ്പമുണ്ടാകും. ഭിന്നിച്ച് നിൽക്കാതെ ഒരുമിച്ച് നീങ്ങാനാണ് തീരുമാനം. ഇടതുപക്ഷ ആശയങ്ങളുള്ള വ്യക്തികളെയും ഗ്രൂപ്പുകളെയും ഇതിന്റെ ഭാഗമാക്കും. അതിന്റെ സാധ്യതകൾ തേടാൻ സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെ ആർഎസ്പി ചുമതലപ്പെടുത്തി.

പുതിയ കൂട്ടായ്മ ഒരു കുറുമുന്നണിയല്ലെന്നും വിശാല ഇടതുപക്ഷ ഐക്യമാണ് ലക്ഷ്യമിടുന്നതെന്നും ഷിബു ബേബി ജോൺ പറഞ്ഞു. മതനിരപേക്ഷതയും സാമ്പത്തിക കാര്യങ്ങളുമൊക്കെ ചർച്ച ചെയ്യുന്ന ഒരു കൂട്ടായ്മയായിരിക്കും ഇത്. സിപിഎമ്മിന്റെ മാഫിയവൽക്കരണവും അക്രമ രാഷ്ട്രീയവും ഉൾപ്പെടെ തുറന്നുകാട്ടും. ആദ്യപടിയായി സെമിനാർ ഉൾപ്പെടെ ആലോചിക്കുന്നുണ്ടെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

ആർഎംപി നേതാവ് എൻ. വേണുവാണ് ഇത്തരമൊരു ആശയവുമായി സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോണിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടത്. ആർഎസ്പിയുമായും ഫോർവേഡ് ബ്ലോക്കുമായും ചർച്ച നടത്തണമെന്ന് ജോൺ നിർദേശിച്ചു. ആർഎസ്പിയിൽ വിഷയം ചർച്ചയാകുന്നതിനു മുൻപ് കഴിഞ്ഞ യുഡിഎഫ് യോഗത്തിനു ശേഷം ഇക്കാര്യം ഷിബു ബേബി ജോൺ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ധരിപ്പിച്ചു. ഇന്ത്യ മുന്നണിയെ പിന്തുണയ്ക്കുന്ന ഇടതുകക്ഷികളുടെ കൂട്ടായ്മയാണ് ലക്ഷ്യമെന്നും അതോടൊപ്പം സിപിഎമ്മിനെതിരായ ബദൽ സംസ്ഥാനത്ത് കെട്ടിപ്പടുക്കുമെന്നുമാണ് ഷിബു സതീശനോട് പറഞ്ഞത്.

നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനും പറഞ്ഞു. എൽഡിഎഫ് ഉപേക്ഷിച്ച ഇടതുപക്ഷ അജൻഡ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്നും കർഷകർക്കും തൊഴിലാളികൾക്കും വേണ്ടി നിലകൊള്ളുമെന്നും സി.പി. ജോൺ പറഞ്ഞു.

ക്ഷേത്രത്തിലെ വസ്ത്രധാരണ വിവാദം, മുഖ്യമന്ത്രിയേയും ശിവഗിരി മഠത്തേയും കടന്നാക്രമിച്ച് എന്‍എസ്എസ് ജനറൽ സെക്രട്ടറി

ചങ്ങനാശേരി. ക്ഷേത്രത്തിലെ വസ്ത്രധാരണ വിവാദത്തിൽ മുഖ്യമന്ത്രിയേയും ശിവഗിരി മഠത്തേയും കടന്നാക്രമിച്ച് എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഇതരമതവിഭാഗങ്ങളിലെ നടപടിക്രമങ്ങളെ വിമർശിക്കാൻ മുഖ്യമന്ത്രിക്കും ശിവഗിരി മഠത്തിനും ധൈര്യമുണ്ടോയെന്ന് ജി സുകുമാരൻ നായർ ചോദിച്ചു. കാലങ്ങളായി നിലനിൽക്കുന്ന ആചാരം മാറ്റണം എന്ന് പറയാൻ ഇവർ ആരാണെന്നും എന്‍എസ്എസ് ജനറൽ സെക്രട്ടറി

മന്നംജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനത്തിലാണ് ക്ഷേത്രത്തിലെ വസ്ത്രധാരണയെ സംബന്ധിച്ചു എന്‍എസ്എസ് നിലപാട് ജനറൽ സെക്രട്ടറി പരസ്യപ്പെടുത്തിയത്. മേൽ മുണ്ട് ധരിച്ച് കേറുന്നതിനെതിരായ വ്യാഖ്യാനങ്ങൾ ഹിന്ദു സമൂഹത്തിനുമേൽ മാത്രമാണോ.
ഹിന്ദുവിന്റെ കാര്യം ഏതെലും ഒരു കൂട്ടർ മാത്രം ആണോ തീരുമാനിക്കുന്നതെന്നും ശിവഗിരി മഠത്തിനെതിരെ വിമർശനം ഉന്നയിച്ചു. ആചാരങ്ങളിൽ കൈ കടത്തരുതെന്നും ഒരോ ക്ഷേത്രത്തിലും ഓരോ ആചാരമാണെന്നും അത് സർക്കാരിനോ മറ്റോ തിരുത്താനാകില്ലെന്നും സുകുമാരൻ നായർ പറഞ്ഞു….

ക്ഷേത്രത്തിൽ മേൽമുണ്ട് അഴിച്ചു തരണമെന്ന് നിബന്ധന ഒഴിവാക്കണമെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ പരാമർശത്തെ മുഖ്യമന്ത്രി അനുകൂലിച്ചത് തെറ്റായി പോയെന്നും സുകുമാരൻ നായർ.

ഹിന്ദുവിന് മാത്രം ചിലത് പാടില്ല എന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല. ഇതിനൊക്കെ ചാതുർവർണ്യം നിരത്തി വെക്കേണ്ട കാര്യം ഇല്ല. ഉടുപ്പ് ഇടേണ്ട സ്ഥലത്ത് ഇടുകയും ഒഴിവാക്കേണ്ട സ്ഥലത്ത് ഒഴിവാക്കുകയും ചെയ്യണമെന്നും ജി സുകുമാരൻ നായർ

ശിവഗിരി തീർഥാടന മഹോത്സവ സമ്മേളനത്തിലായിരുന്നു ക്ഷേത്രത്തിൽ ഉടുപ്പഴിച്ച കേരളം എന്ന നിബന്ധന ഒഴിവാക്കണമെന്ന സ്വാമി സച്ചിദാനന്ദയുടെ പരാമർശം.
സച്ചിദാനന്ദ സ്വാമികൾക്ക് ശേഷം സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഈ നിലപാടിനെ പിന്തുണച്ചു. കാലാനുസൃതമായ മാറ്റം ആവശ്യമാണെന്നും
മറ്റ് ആരാധനാലയങ്ങളും ഭാവിയിൽ ഈ നിർദേശം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്..

കേരളത്തിൽ സാധാരണയേക്കാൾ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നാളെയും സാധാരണയെക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും താപ നില ഉയരുമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കുക.

∙ പകൽ 11 മുതല്‍ ഉച്ചയ്ക്ക് 3 വരെ ‌നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

∙ പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

∙ നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

∙ അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

∙ പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

∙ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഓആർഎസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

കേരളാ ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ ഗുരുതര സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി പ്രതിപക്ഷനേതാവ്

തിരുവനന്തപുരം. കേരളാ ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ ഗുരുതര സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. അനിൽ അംബാനിയുടെ പൊളിഞ്ഞ കമ്പനിയിൽ KFC നിക്ഷേപിച്ചത് അറുപത് കോടി രൂപയെന്നാണ് ആരോപണം. ആരോപണങ്ങൾക്ക് പ്രതിപക്ഷ നേതാവ് തെളിവ് ഹാജരാക്കട്ടെ എന്നായിരുന്നു മുൻ ധനമന്ത്രി ഡോക്ടർ ടി എം തോമസ് ഐസകിന്റെ പ്രതികരണം. നിക്ഷേപം നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ.

അനിൽ അംബാനിയുടെ റിലയൻസ് കൊമേഴ്ഷ്യൽ ഫിനാൻസ് ലിമിറ്റഡ് എന്ന കമ്പനിയിൽ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എല്ലാ ചട്ടങ്ങളും മറികടന്ന് പണം നിക്ഷേപിച്ചു എന്നതാണ് ആരോപണം. 60 കോടി 80 ലക്ഷം രൂപയാണ് 2018ൽ നിക്ഷേപിച്ചത്. കമ്പനി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലത്തായിരുന്നു ഇത്. 2019 ൽ കമ്പനി അടച്ചുപൂട്ടി. 2018- 19, 2019 – 20 എന്നീ സാമ്പത്തിക വർഷങ്ങളിലെ വാർഷിക റിപ്പോർട്ടിൽ ഈ കമ്പനിയുടെ പേര് പോലും പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.

കമ്പനി അടച്ച് പൂട്ടിയതിന് പിന്നാലെ 7 കോടി 9 ലക്ഷം രൂപ കിട്ടി. പലിശ അടക്കം കിട്ടേണ്ട 101 കോടി രൂപ നഷ്ടപ്പെട്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. പ്രതിപക്ഷ നേതാവ് തന്നെ ആരോപണം തെളിയിക്കട്ടെ എന്ന് അന്ന് ധനമന്ത്രിയായിരുന്ന ഡോക്ടർ ടി എം തോമസ് ഐസക്കിന്റെ മറുപടി.

നഷ്ടപരിഹാരത്തിന് നിയമനടപടികൾ നടക്കുന്നുണ്ടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ആരോപണം സർക്കാർ അന്വേഷിക്കട്ടെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. ചെറുകിട നിക്ഷേപകരെ സഹായിക്കാൻ ആരംഭിച്ച കെ.എഫ്.സിയെ സംബന്ധിച്ച ആരോപണത്തിന് വരും ദിവസങ്ങളിൽ സർക്കാർ മറുപടി പറയേണ്ടിവരും.

നിമിഷ പ്രിയയുടെ വധശിക്ഷയിൽ ഇടപെടാൻ തയ്യാറെന്ന് ഇറാൻ

ന്യൂഡെല്‍ഹി.യമനിലെ മലയാളി നേഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയിൽ ഇടപെടാൻ തയ്യാറെന്ന് ഇറാൻ.തങ്ങളാൽ കഴിയുന്നത് ചെയ്യാൻ തയ്യാറെന്ന് ഇറാന്റെ മുതിർന്ന വിദേശകാര്യ ഉദ്യോഗസ്ഥൻ അറിയിച്ചു.ഇറാൻ്റെ വിദേശകാര്യ ഉപമന്ത്രി ഡോ തഖ്ത് റവഞ്ചിയുടെ ഇന്ത്യൻസന്ദർശനത്തിലാണ് ഉദ്യോഗസ്ഥന്റെ പ്രതികരണം.

യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിന് പ്രതീക്ഷ നൽകുന്നത് ആണ് ഇറാന്റെ പ്രതികരണം. മാനുഷിക പരിഗണന മുൻനിർത്തി തങ്ങളാൽ കഴിയുന്നത് എന്തും ചെയ്യാൻ തയ്യാറാണെന്നായിരുന്നു ഇറാന്റെ വിദേശകാര്യ ഉദ്യോഗസ്ഥൻ അറിയിച്ചത്.ഇറാൻ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് ഉദ്യോഗസ്ഥന്റെ പ്രതികരണം.കേസിൽ നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് റാഷദ് അൽ അലിമി അനുമതി നൽകിയതായി റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമാകുന്ന എല്ലാ സഹായങ്ങളും നൽകുനുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും അറിയിച്ചിരുന്നു.കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ കുടുംബം മാപ്പ് നൽകിയാൽ നിമിഷ പ്രിയയ്ക്ക് വധശിക്ഷയിൽ നിന്ന് മോചനം ലഭിക്കും.ഇതുവരെ കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി നടത്തിയ ചർച്ചകൾ ഫലം കണ്ടിട്ടില്ല.2017 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ജയിൽവാസത്തിനിടെ പുതിയ രാഷ്ട്രീയ പാർട്ടിയുമായി അമൃത്പാൽ സിങ്; പ്രഖ്യാപനം ജനുവര് 14ന്

ചണ്ഡീഗഡ്: ജയിലിൽ കഴിയുന്ന ലോക്സഭ എംപിയും ഖലിസ്ഥാൻ അനുകൂല സംഘടനയായ ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു. ജനുവരി 14ന് പഞ്ചാബിലെ ശ്രീ മുക്ത്‌സർ സാഹിബിൽ നടക്കുന്ന റാലിയിൽ പാർട്ടിയുടെ പ്രഖ്യാപനമുണ്ടാകും. നിലവിൽ അസമിലെ ദിബ്രുഗഡിലെ ജയിലിൽ കഴിയുകയാണ് അമൃത്പാൽ സിങ്. ശ്രീ മുക്ത്‌സർ സാഹിബിൽ നടക്കുന്ന സിഖ് വംശജരുടെ ആഘോഷമായ മാഘി ദാ മേളയിലാണ് ‘പന്ഥ് ബചാവോ, പഞ്ചാബ് ബചാവോ’ എന്നു പേരിട്ടിട്ടുള്ള റാലി നടക്കുന്നത്.

2023 ഏപ്രിൽ 23നാണ് അമൃത്പാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയസുരക്ഷാ നിയമം അനുസരിച്ചായിരുന്നു അറസ്റ്റ്. പൊലീസ് പിടിയിലായ അനുയായികളെ മോചിപ്പിക്കാൻ അജ്നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ചതുൾപ്പെടെ ഒട്ടേറെ കേസുകൾ അമൃത്പാൽ സിങ്ങിന്റെ പേരിലുണ്ട്. വധശ്രമം, തട്ടിക്കൊണ്ടുപോയി ആക്രമിക്കൽ, പൊലീസിനെ കൈയേറ്റം ചെയ്യൽ എന്നിവയും ഇതിലുൾപ്പെടുന്നു.

രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് അമൃത്പാലിന്റെ പിതാവ് താർസെം സിങ് സെപ്റ്റംബറിൽ സൂചന നൽകിയിരുന്നു. പഞ്ചാബിന്റെ സാമൂഹിക–സാമ്പത്തിക–സാംസ്കാരിക പ്രശ്നങ്ങൾ പരിഹരിക്കാനായി രാഷ്ട്രീയ പാർട്ടി വേണമെന്നായിരുന്നു താർസെം പറഞ്ഞത്.

അതിരപ്പള്ളി മലക്കപ്പാറ പാതയിൽ മരം മറിച്ചിട്ട് വഴി തടഞ്ഞ് ഒറ്റയാൻ കബാലി

തൃശൂര്‍.അതിരപ്പള്ളി മലക്കപ്പാറ പാതയിൽ വഴി തടഞ്ഞ് ഒറ്റയാൻ കബാലി. റോഡിലേക്ക് മരം മറിച്ചിട്ടാണ് ഒറ്റയാൻ വഴി തടഞ്ഞത്. മലക്കപ്പാറക്ക് സമീപം പത്തടിപ്പാലത്താണ് കബാലി മരം മറിച്ചശേഷം റോഡിൽ നിലയുറപ്പിച്ചിരിക്കുന്നത്. ആന റോഡിൽ നിന്ന് മാറാത്തതിനാൽ മരം മാറ്റാനായില്ല. കെഎസ്ആർടിസി ബസ് അടക്കം നിരവധി വാഹനങ്ങൾ ഉൾവനത്തിൽ കുടുങ്ങിക്കിടക്കുന്നു

പാതയിൽ ഗതാഗതം തടസ്സപ്പെട്ടിട്ട് ഒരു മണിക്കൂറോളം

ഹയര്‍സെക്കണ്ടറി ചോദ്യപേപ്പര്‍ സൂക്ഷിക്കാന്‍ കൃത്യമായ മാനദണ്ഡമില്ല, സുരക്ഷയില്‍ ആശങ്ക

തിരുവനന്തപുരം. സംസ്ഥാനത്ത് ഹയര്‍സെക്കണ്ടറി ചോദ്യപേപ്പര്‍ സൂക്ഷിക്കാന്‍ കൃത്യമായ മാനദണ്ഡമില്ലാത്തതില്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് ആശങ്ക. ലാബ് അസിസ്റ്റന്റിന്റെ കീഴില്‍ സ്‌കൂളുകളില്‍ തന്നെ സൂക്ഷിക്കാനാണ് നിലവില്‍ നിര്‍ദേശം. പല സ്‌കൂളുകളിലും ലാബ് അസിസ്റ്റന്റുമാര്‍ വനിതകള്‍. ട്രഷറിയില്‍ സൂക്ഷിക്കുമെന്ന കാര്യം പരിഗണിക്കുമെന്ന് നേരത്തെ മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. സ്‌കൂളുകളുടെ ക്ലസ്റ്റര്‍ രൂപീകരിച്ച് ഒരിടത്ത് സൂക്ഷിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. പ്രിന്‍സിപ്പല്‍ അസോസിയേഷന്‍ പലകുറി ഇത് സംബന്ധിച്ച് കത്ത് നല്‍കിയിട്ടും തീരുമാനമായില്ല. ഹൈസ്‌ക്കൂള്‍ ചോദ്യപേപ്പര്‍ ട്രഷറിയില്‍ സൂക്ഷിക്കുമ്പോഴും പ്രാധാന്യമേറിയ ഹയര്‍സെക്കറി ചോദ്യപേപ്പര്‍ ഇപ്പോഴും സ്‌കൂളില്‍ തന്നെ.

REP PIC BY META

പെൺകുട്ടി ഉറങ്ങുന്നത് അറിയാതെ കാറുമായി പോയി; നാട്ടുകാർ പിടികൂടി, അറസ്റ്റ്

കുറ്റ്യാടി: പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഇന്ന് ഉച്ചതിരിഞ്ഞാണ് കാറിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. അടുക്കത്ത് ആശാരിപറമ്പിൽ വിജീഷിനെയാണ് (41) പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നമംഗലം സ്വദേശികളായ ദമ്പതികളുടെ മകളെയാണു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

പെൺകുട്ടിയുടെ അമ്മയുടെ വീട്ടിലേക്ക് പോകുകയായിരുന്നു ഇവർ. ബേക്കറിയിൽ നിന്ന് സാധനം വാങ്ങുന്നതിന് അടുത്ത് വാഹനം നിർത്തി. കുട്ടി കാറിൽ ഉറങ്ങുന്നതിനാൽ കാർ ഓൺ ചെയ്ത് എസി ഇട്ടിരുന്നു. ദമ്പതികൾ സാധനം വാങ്ങുന്നതിനിടെ വിജീഷ് കാർ ഓടിച്ചു പോയി. പെൺകുട്ടി കാറിൽ ഉറങ്ങുന്നത് വിജീഷ് അറിഞ്ഞിരുന്നില്ലെന്നാണു വിവരം.

രണ്ടു കിലോമീറ്ററോളം ദൂരം പോയശേഷം പെൺകുട്ടിയെ റോഡിൽ ഇറക്കിവിട്ടു. ഇതിനിടെ ദമ്പതികൾ നാട്ടുകാരുടെ സഹായത്തോടെ കാറ് പിന്തുടരുകയും നാട്ടുകാർ മറ്റുള്ളവർക്ക് വിവരം നൽകുകയും ചെയ്തിരുന്നു. ഏറെ ദൂരം പോകുന്നതിന് മുൻപ് നാട്ടുകാർ കാർ തടഞ്ഞു. വളരെ പതുക്കെയായിരുന്നു കാർ ഓടിച്ചിരുന്നത്. തുടർന്ന് പൊലീസെത്തി വിജീഷിനെ കസ്റ്റഡിയിൽ എടുത്തു. വിജീഷ് ലഹരി ഉപയോഗിച്ചിരുന്നതായാണ് വിവരം. ദമ്പതികളും പെ‍ൺകുട്ടിയും ഏതാനും ആഴ്ച മുൻപാണ് ഗൾഫിൽ നിന്നെത്തിയത്. മൂത്ത കുട്ടി കുറ്റ്യാടിയിലെ അമ്മവീട്ടിൽ നിന്നാണ് പഠിക്കുന്നത്.

സൈക്കിളിൽ ട്യൂഷൻ ക്ലാസിലേക്ക് പോയ പത്താം ക്സാസുകാരിയെ പിന്തുടർന്നു, റോഡിൽ വെച്ച് ലൈംഗികാതിക്രമം; യുവാവ് പിടിൽ

മാന്നാർ: ആലപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ നേരെ റോഡില്‍വെച്ച് ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. കീരിക്കാട് ഇരുംബാണി ലക്ഷംവീട്ടിൽ അഖിലിനെ (27)യാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് വെളുപ്പിനെ ആറു മണിയോടെയാണ് സംഭവം. സൈക്കിളിൽ ട്യൂഷന് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ ബൈക്കിൽ പിന്തുടർന്നെത്തിയ ഇയാൾ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.

ഭയന്ന കുട്ടി നിലവിളിച്ച് ഓടി. ഇതോടെ പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടി വീട്ടിലെത്തി വിവരം അറിയിച്ചു. ഇതോടെ കുട്ടിയുടെ മാതാപിതാക്കൾ മാന്നാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത മാന്നാർ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

മാന്നാർ സ്റ്റേഷൻ ഹൌസ് ഓഫീസർ എ അനിഷ്, എസ് ഐ അഭിറാം, സിഎസ് ഗ്രേഡ് എസ് ഐ സുദീപ്, പ്രൊബേഷൻ എസ് ഐ നൗഫൽ, സിപിഒ മാരായ സാജിദ് ഹരിപ്രസാദ്, അൻസർ, വിഷ്ണു, വനിത എഎസ്ഐ രജിത എന്നിവരടങ്ങിയ സംഘമാണ് അഖിലിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.