Home Blog Page 1798

ചായക്കടയിലെ പരിചയം, പിന്നാലെ വിവാഹം; 6 സെന്‍റ് സ്വന്തമാക്കാൻ ഭാര്യയെ കൊലപ്പെടുത്തി മുങ്ങിയ 74കാരൻ പിടിയിൽ

ആലപ്പുഴ: ഭാര്യയെ വെട്ടിക്കൊന്ന് ഒളിവില്‍ പോയ ഭർത്താവ് പിടിയിൽ. ആലപ്പുഴ സ്വദേശി ബാബുവാണ് (74) തൃശ്ശൂർ കൊരട്ടി പൊലീസിന്റെ പിടിയിലായത്. ആൾമാറാട്ടം നടത്തി ഒളിവിൽ കഴിയുന്നതിനിടെ ഇൻഷുറൻസ് പുതുക്കാൻ ശ്രമിച്ചതാണ് പ്രതിക്ക് കുരുക്കായത്. ഭാര്യ ദേവകിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കോട്ടയത്തും മധുരയിലുമായാണ് ബാബു ഒളിവിൽ കഴിഞ്ഞത്.

1990ൽ ആലപ്പുഴയിൽ നിന്ന് കൊരട്ടിയിൽ ധാന്യത്തിനെത്തിയ ബാബു ചായക്കടയിൽ വെച്ചാണ് ദേവകിയെ (35) പരിചയപ്പെടുന്നത്. ചായക്കടക്കാരന്‍റെ സഹോദരിയായിരുന്നു ദേവകി. ആദ്യ വിവാഹം മറച്ചുവെച്ചുകൊണ്ടാണ് ബാബു ദേവകിയെ വിവാഹം ചെയ്യുന്നത്. 2001ലാണ് ബാബു ദേവകിയെ കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കവര്‍ന്ന് സ്ഥലം വിട്ടത്. ആറ് പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും എടുത്ത ശേഷം ഒളിവില്‍ പോവുകയായിരുന്നു. എട്ടു വർഷം ഒളിവിൽ ആയിരുന്ന പ്രതിയെ മാരാരിക്കുളം പൊലീസ് 2008 ൽ പിടികൂടി. എന്നാൽ രണ്ട് വർഷം ജയിലിൽ കിടന്ന ശേഷം പുറത്തിറങ്ങിയ പ്രതി വീണ്ടും ഒളിവിൽ പോയി.

മധുര,കോട്ടയം എന്നിവിടങ്ങളിൽ പല പേരുകളിൽ കഴിഞ്ഞ പ്രതി തന്‍റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൃത്യമായി കൈപ്പറ്റി വരുന്നതായി പൊലിസീന് വിവരം ലഭിച്ചു. അപകടത്തിൽ കൈ വിരൽ മുറിഞ്ഞതിന് കേന്ദ്ര സര്‍ക്കാരിന്‍റെ ഇന്‍ഷുറന്‍സ് തുക ഇയാള്‍ക്ക് സ്ഥിരമായി ലഭിച്ചിരുന്നു. ഇത് പുതുക്കാൻ എത്തിയപ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ദേവകിയുടെ പേരിലുള്ള ആറ് സെന്റ് സ്ഥലം കൈവശപ്പെടുത്തുവാന്‍ കൂടിയാണ് കൊലപ്പെടുത്തിയതെന്ന് ബാബു ചോദ്യംചെയ്യലിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

പുതിയ വൈറസ് വ്യാപനം? ചൈനയിൽ ആശുപത്രികൾ നിറയുന്നുവെന്ന് റിപ്പോർട്ട്, സ്ഥിരീകരിക്കാതെ രാജ്യം

ബീജിംഗ്: ചൈനയിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) അതിവേഗം പടരുന്നതായി റിപ്പോർട്ട്. ആശുപത്രികൾ നിറയുന്നുവെന്നാണ് ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറയുന്നത്. ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നു പോലും ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നു. എന്നാൽ ഇതൊന്നും ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം ഉറവിടമറിയാത്ത ന്യുമോണിയ കേസുകൾക്കായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയെന്ന് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉയരാനിടയുണ്ട്. ശ്വസന സംബന്ധമായ രോഗങ്ങൾ ഡിസംബർ 16 മുതൽ 22 വരെയുള്ള വാരത്തിൽ ഉയർന്നതായി ചൈന സ്ഥിരീകരിക്കുന്നുമുണ്ട്. എന്നാൽ അത് എച്ച്എംപിവി ആണെന്ന് ചൈന സ്ഥിരീകരിച്ചിട്ടില്ല.

ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്എംപിവി. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും വൈറസ് ബാധിക്കുമെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഈ വൈറസ് കൂടുതലായി ബാധിക്കുന്നതെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ റിപ്പോർട്ട്.2001 ലാണ് എച്ച്എംപിവി വൈറസ് ആദ്യമായി കണ്ടെത്തുന്നത്. ചുമ, പനി, ശ്വാസം മുട്ടൽ എന്നിവയാണ് ഇ‌തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെന്ന് വിദ​ഗ്ധർ പറയുന്നു.ചിലർക്ക് ജലദോഷത്തിന് സമാനമായ നേരിയ ലക്ഷണങ്ങൾ മാത്രമേയുണ്ടാവൂ. ചിലരിൽ കൊവിഡിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാവും.

നിലവിൽ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസിന് പ്രത്യേക ചികിത്സയോ വാക്‌സിനോ ലഭ്യമല്ലെന്നും വിദ​ഗ്ധർ പറയുന്നു. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായും മൂക്കും മൂടുക, ഇടയ്ക്കിടെ കൈകഴുകുക തുടങ്ങിയ ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

അമിതവേഗത്തിലെത്തിയ കാർ കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു; അമ്മ മരിച്ചു, മകൾ ചികിത്സയിൽ

തിരുവനന്തപുരം; അമിതവേഗത്തിലെത്തിയ കാർ കാൽനടയാത്രക്കാരായ അമ്മയെയും മകളെയും ഇടിച്ചുതെറിപ്പിച്ചു. അമ്മ അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചു. മടവൂർ തോളൂരിലാണു സംഭവം. അപകടത്തിൽ പള്ളിമേടതിൽ വീട്ടിൽ സബീന (39) മരിച്ചു. ഇവരുടെ മകൾ അൽഫിയ (17) ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്.രാത്രി എട്ടു മണിയോടെയായിരുന്നു അപകടം.

റോഡിന്റെ വലതുവശത്തുകൂടി പോകുകയായിരുന്ന സബീനയെയും അൽഫിയയെയും അമിതവേഗതയിലായിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സബീനയും മകളും. ഉടൻ തന്നെ ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സബീന മരിച്ചു. റിട്ട. സൈനിക ഉദ്യോഗസ്ഥനായ സാബു എന്നയാളാണു കാർ ഓടിച്ചിരുന്നത്. മറ്റൊരാൾ കൂടി കാറിലുണ്ടായിരുന്നു.

40,000 ഡോളര്‍ കൊടുത്തിട്ടും നിമിഷപ്രിയയ്ക്ക് രക്ഷയില്ല; ‘തലാലിന്റെ കുടുംബത്തേക്ക് പണം എത്തിയതായി അറിയില്ല’

തിരുവനന്തപുരം: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തടവില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ തയാറെന്ന് ഇറാന്‍ വ്യക്തമാക്കുമ്പോഴും ദയാധനം സംബന്ധിച്ച് അവ്യക്തത തുടരുന്നു. 40,000 യുഎസ് ഡോളറാണ് (ഏകദേശം 34 ലക്ഷം രൂപ) ചര്‍ച്ചകള്‍ക്കു മുന്‍പായി യെമനിലെ ഗോത്ര നേതാക്കള്‍ക്കു നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നതെന്ന് നിമിഷപ്രിയയുടെ അഭിഭാഷകനായ സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

ഇതിന്റെ ആദ്യ ഗഡുവായ 20,000 ഡോളര്‍ കുറച്ചു നാളുകള്‍ക്കു മുന്‍പ് തന്നെ നല്‍കിയിരുന്നു. എന്നാല്‍ അനുകൂലമായ പ്രതികരണം ഉണ്ടാകാതിരുന്നതു കൊണ്ട് രണ്ടാം ഗഡു കൊടുക്കുന്നതു വൈകി. ഡിസംബര്‍ അവസാന വാരമാണ് രണ്ടാം ഗഡുവായ 20,000 ഡോളര്‍ കൂടി മധ്യസ്ഥ ചര്‍ച്ച നടത്തിയവര്‍ക്ക് സൗദി ആസ്ഥാനമായ ഇന്ത്യന്‍ നയതന്ത്ര മിഷന്‍ വഴി നല്‍കിയത്. എന്നാല്‍ ഇതു കഴിഞ്ഞ് മൂന്നു ദിവസത്തിനുള്ളില്‍ നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് ശരിവച്ചുവെന്ന വാര്‍ത്തയാണ് കേള്‍ക്കുന്നതെന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

തലാല്‍ അബ്ദുമഹ്ദിയെന്ന യെമന്‍ സ്വദേശി കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ടാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ 2017 മുതല്‍ യെമന്‍ തലസ്ഥാനമായ സനായിലെ ജയിലില്‍ കഴിയുന്നത്. ദയാധനമായി നല്‍കിയ 40,000 ഡോളറില്‍നിന്ന് ഒരു ഭാഗം പോലും തലാലിന്റെ കുടുംബത്തിന് ലഭിച്ചതായി അറിവില്ലെന്നും സുഭാഷ് ചന്ദ്രന്‍ പറയുന്നു. ഇന്ത്യന്‍ അധികൃതരും ഹൂതികളും തമ്മില്‍ ഉഭയകക്ഷി ബന്ധം ഇല്ലാത്തതാണ് വിഷയത്തിലെ പ്രതിസന്ധിയെന്നും സുഭാഷ് വ്യക്തമാക്കി.

യെമനില്‍ ഇപ്പോള്‍ ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നില്ല. പ്രശ്‌നത്തില്‍ ഇറാന്‍ ഇടപെടാമെന്ന് അറിയിച്ചിരിക്കുന്നത് നിമിഷപ്രിയയുടെ മോചനത്തില്‍ നിര്‍ണായകമാകുമെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. തലാലിന്റെ കുടുംബത്തിന് ദയാധനം നല്‍കി മോചനം സാധ്യമാക്കുക എന്നതാണ് ഏക പോംവഴി. എത്ര പണം വേണമെന്ന് തലാലിന്റെ കുടുംബമാകും നിശ്ചയിക്കുകയെന്നും സുഭാഷ് ചന്ദ്രന്‍ പറയുന്നു. നിമിഷപ്രിയയുടെ വധശിക്ഷയെക്കുറിച്ച് അറിഞ്ഞെന്നും കുടുംബത്തിന് എല്ലാവിധ സഹായവും നല്‍കുമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി.

അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയതില്‍ സേവ് നിമിഷപ്രിയ ആക്ഷന്‍ കമ്മിറ്റിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ചര്‍ച്ചകളുടെ സമയം കഴിഞ്ഞെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാപ്പപേക്ഷ ചര്‍ച്ചകളുടെ രണ്ടാംഗഡുവായി നല്‍കേണ്ട പണം കമ്മിറ്റി യഥാസമയം കൈമാറിയില്ല. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന് ചര്‍ച്ചകളില്‍ വിശ്വാസം നഷ്ടമായി. അവസരമുള്ളപ്പോള്‍ ഉപയോഗിക്കാനായില്ല, ഇപ്പോള്‍ അവസരം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.

നിമിഷപ്രിയയുടെ മോചനവഴികള്‍ തേടി മാസങ്ങളായി യെമനില്‍ കഴിയുന്ന അമ്മ പ്രേമകുമാരി എന്തു ചെയ്യണമെന്ന് അറിയാതെ കണ്ണീരോടെ കാത്തിരിക്കുകയാണ്. മകളുടെ മോചനശ്രമങ്ങളുടെ ഭാഗമായി ഈ വര്‍ഷം ഏപ്രില്‍ 20നു യെമനിലേക്കു പോയ അമ്മ പ്രേമകുമാരി അവിടെ തുടരുകയാണ്. ഇതിനിടെ രണ്ട് തവണ മകളെ ജയിലില്‍ചെന്നു കാണാന്‍ സാധിച്ചിരുന്നു.

2011ല്‍ യെമനില്‍ എത്തിയ നിമിഷപ്രിയ 2015ല്‍ സനായില്‍ തലാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ക്ലിനിക് ആരംഭിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം നിമിഷപ്രിയയുടെ ഭര്‍ത്താവും കുട്ടിയും 2014ല്‍ തന്നെ നാട്ടിലേക്കു മടങ്ങിയിരുന്നു. തുടര്‍ന്ന് നിമിഷപ്രിയയുമായി വിവാഹം കഴിച്ചതായി തലാല്‍ വ്യാജരേഖയുണ്ടാക്കുകയും അവരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇയാള്‍ പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുകയും ഭീഷണപ്പെടുത്തി പണം തട്ടുകയും ചെയ്തിരുന്നു.

ഏതുവിധേനയും പാസ്‌പോര്‍ട്ട് എടുത്ത് രക്ഷപ്പെടാനായി നിമിഷപ്രിയ തീരുമാനിച്ചു. തലാലിനെ മരുന്നു കുത്തുവച്ച് മയക്കിക്കിടത്തി പാസ്‌പോര്‍ട്ട് എടുക്കാനുള്ള ശ്രമത്തിനിടെ ഇയാള്‍ മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സഹപ്രവര്‍ത്തകയുമായി ചേര്‍ന്നു തലാലിനെ വധിച്ചെന്ന കേസില്‍ 2017 ജൂലൈയിലാണു നിമിഷ അറസ്റ്റിലായത്. 2020 ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകള്‍ വിവിധ കോടതികള്‍ തള്ളിയിരുന്നു. 2023ല്‍ യെമനിലെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലും വധശിക്ഷ ശരിവയ്ക്കുകയായിരുന്നു.

ആദ്യദിനം തന്നെ അർലേക്കറുടെ നാടകീയ ഇടപെടൽ; സർക്കാർ തീരുമാനം ഗവർണർ തിരുത്തി

തിരുവനന്തപുരം: ചുമതലയേറ്റെടുത്ത ആദ്യദിനമായ ഇന്നലെത്തന്നെ സർക്കാരിന്റെ നീക്കം തടുത്ത് പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഗവർണറുടെ സുരക്ഷാവലയത്തിലെ ഏതാനും പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി പുതിയ ആളുകളെ വച്ച സർക്കാർ തീരുമാനമാണ് ഗവർണർ തിരുത്തിയത്. ഇതിനായി ഡിജിപിയുടെ ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിനെ ഗവർണർ രാജ്ഭവനിലേക്കു വിളിച്ചു വരുത്തി.

ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനു വിശ്വസ്തരായിരുന്ന ഈ ഉദ്യോഗസ്ഥരെ ഒഴിവാക്കി പകരം സർക്കാരിനും ആഭ്യന്തരവകുപ്പിനും വേണ്ടപ്പെട്ടവരെ രാജ്ഭവനിലേക്ക് നിയോഗിക്കാനുള്ള നീക്കമാണ് ഇതോടെ നടപ്പാകാതെ പോയത്.

ഒഴിവാക്കപ്പെട്ടവർ തന്നെയാണ് പരാതി ഗവർണറുടെ സവിധം എത്തിച്ചതെന്നാണ് വിവരം. തുടർന്ന് രാജ്ഭവനിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ച ഗവർണർ ഈ നീക്കത്തിനു പിന്നിലുള്ള ലക്ഷ്യത്തെപ്പറ്റി സംശയത്തിലായി. തുടർന്ന് മനോജ് ഏബ്രഹാമിനെ കാണാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. ഗവർണറുടെ ആവശ്യം അദ്ദേഹം അപ്പോൾത്തന്നെ അംഗീകരിച്ചു.

പെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷാ വിധി ഇന്ന്; 10 പ്രതികൾക്കെതിരെ ചുമത്തിയത് വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങൾ

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിലെ പത്ത് പ്രതികൾക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ആറ് വർഷം നീണ്ട നിയമ പോരാട്ടം. 20 മാസത്തോളം നീണ്ട വിചാരണ. മലയാളികളെ ഒന്നടങ്കം കണ്ണീരണിയിച്ച സംസ്ഥാന രാഷ്ട്രീയത്തിൽ പ്രകമ്പനം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിലാണ് കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതി ഇന്ന് ശിക്ഷ വിധിക്കുക. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ.മണികണ്‌ഠൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

കുറ്റക്കാരിൽ ഏറിയ പങ്കും സിപിഎം നേതാക്കളും പ്രവർത്തകരുമാണ്. ഒന്നു മുതൽ 8 വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ കുറ്റവിമുക്തരാക്കി. ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പെടെ 10 പ്രതികൾക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങൾ കണ്ടെത്തിയത്. ജീവപര്യന്തം മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. പത്താം പ്രതി ടി രഞ്ജിത്ത് പതിനഞ്ചാം പ്രതി എ സുരേന്ദ്രൻ എന്നിവർ ഈ കുറ്റങ്ങൾക്കു പുറമെ തെളിവു നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തി.

മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ നാലു പ്രതികൾക്കെതിരെ പൊലീസ് കസ്റ്റഡിയിൽ നിന്നു പ്രതിയെ കടത്തിക്കൊണ്ടു പോയെന്ന കുറ്റമാണ് ചുമത്തിയത്. പരമാവധി രണ്ടു വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. വിധി പറയുന്നതിനിടെ കോടതി പ്രതികളെ കേട്ടിരുന്നു. ശിക്ഷയിൽ ഇളവ് തേടി പ്രതികൾ പ്രാരാബ്ദങ്ങൾ പറഞ്ഞു. ബിരുദം പൂർത്തിയാക്കണമെന്നും പട്ടാളക്കാരൻ ആകാൻ ആഗ്രഹിച്ചിരുന്നുവെന്നുമുളള ഏഴാം പ്രതി അശ്വന്റെയും വയോധികനാണെന്നും പ്രായമുളള അമ്മയെ നോക്കണമെന്നുമുളള മുൻ എംഎൽഎ കെ വി കുഞ്ഞിരാമന്റെ അഭ്യർത്ഥനയും കോടതി കേട്ടു. 2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത‌്‌ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

നെഞ്ചുവേദനയെ തുടർന്ന് എസ്ഐ മരിച്ചു

കൊച്ചി.നെഞ്ചുവേദനയെ തുടർന്ന് എസ്ഐ മരിച്ചു. പാലാരിവട്ടം സ്റ്റേഷനിൽ ഗ്രേഡ് എസ് ഐ ഷാജിയാണ് മരിച്ചത്. വീട്ടിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

കാൽ നടയാത്രികരായ അമ്മയെയും മകളെയും അമിതവേഗതയിൽ വന്ന കാർ ഇടിച്ചു തെറിപ്പിച്ചു,അമ്മക്ക് ദാരുണാന്ത്യം

തിരുവനന്തപുരം. മടവൂർ തോളൂരിൽ കാൽ നടയാത്രികരായ അമ്മയെയും മകളെയും അമിതവേഗതയിൽ വന്ന കാർ ഇടിച്ചു തെറിപ്പിച്ചു.
പള്ളിമേടതിൽ വീട്ടിൽ സബീന ആണ് മരിച്ചത്. 39 വയസായിരുന്നു. രാത്രി 8 മണിയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ മകൾ അൽഫിയാ ചികിത്സയിലാണ്. റോഡിന്റെ വലതു ഭാഗത്ത്‌ കൂടി പോവുകയായിരുന്ന ഇവരുടെ നേർക്ക് അമിത വേഗതയിൽ വന്ന കാർ ക്രോസ് ചെയ്ത് ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സ്ക്ഷികൾ പറയുന്നു. അൽഫിയയുടെ നില ഗുരുതരമാണ്. പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കാറിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. റിട്ട മിലിട്ടറി ഉദ്യോഗസ്ഥനായ സാബു ആണ് വാഹനം ഓടിച്ചിരുന്നത്. അശ്രദ്ധമായും അമിത വേഗതയുമാണ് അപകട കാരണം

ബഹിരാകാശത്ത് വച്ച് രണ്ട്‌ ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം ഏഴിന് തന്നെ നടക്കും

ബംഗളുരു.ബഹിരാകാശത്ത് വച്ച് രണ്ട്‌ ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി ഏഴിന് തന്നെ നടക്കും. രാവിലെ 9 നും പത്തിനും ഇടയിൽ ആകും സ്പെയിസ് ഡോക്കിങ് നടക്കുക. ഉപഗ്രഹങ്ങൾ കൂട്ടിച്ചേർക്കുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ ഐഎസ്ആർഒ ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. ബെംഗളൂരുവിലെ ഇസ്ട്രാക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്.
ഡിസംബ‍ർ 30ന് പിഎസ്എൽവി സി 60 യിലാണ് സ്പാഡെക്സ് ദൗത്യത്തിനായുള്ള ഇരട്ട ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയച്ചത്. ദൗത്യം വിജയിച്ചാൽ സ്പെയിസ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

പൊലീസ് സ്റ്റേഷനിലെത്തുന്ന പൊതുപ്രവർത്തകരോട് പല പൊലീസ് ഉദ്യോഗസ്ഥരും അമാന്യമായാണ് പെരുമാറുന്നു,സിപിഎം ജില്ലാ സമ്മേളനം

മലപ്പുറം. സി പി എം ജില്ല സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിന് വിമർശനം. പൊലീസ് സ്റ്റേഷനിലെത്തുന്ന പൊതുപ്രവർത്തകരോട് പല പൊലീസ് ഉദ്യോഗസ്ഥരും അമാന്യമായാണ് പെരുമാറുന്നത് ഇവ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തന്നെ ഇടപെടണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു. സമ്മേളനം നാളെ സമാപിക്കും. നിലവിലെ ജില്ല സെക്രട്ടറി മാറിയേക്കും.

ജനങ്ങളുടെ വിവിധ ആവശ്യങ്ങളുമായി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയാൽ ഉദ്യോഗസ്ഥരിൽ പലർക്കും പൊതു പ്രവർത്തകരോട് പുച്ഛമാണ്. പൊലിസ് ഉദ്യോഗസ്ഥരിൽ പലരും അമാന്യമായി പെരുമാറുന്നത് പതിവാണെന്നും വിമർശനമുയർന്നു.

സർക്കാർ ഓഫീസുകളിൽ എത്തുന്ന സദ്ധാരണക്കാരോട് സാങ്കേതികത്വം l തിരിച്ചയക്കുന്നത് പതിവാണ് എന്നും 15 ലധികം പ്രതിനിധികൾ വിമർശനമായി ഉന്നയിച്ചു.എ വിജയരാഘവന്റെ മാപ്ര പരാമർശത്തിലും വിമർശനം ഉയർന്നിരുന്നു.മൂന്ന് ദിവസങ്ങളിലായി താനൂരിൽ നടക്കുന്ന ജില്ല സമ്മേളനം നാളെ സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. ആരോഗ്യ പ്രശ്നങ്ങളാൽ സ്ഥാനത്ത് നിന്ന് മാറാൻ നിലവിലെ സെക്രട്ടറി ഇ എൻ മോഹൻ ദാസ് താത്പര്യം പ്രകടപ്പിച്ചിട്ടുണ്ട് . ജില്ല സെക്രട്ടറിയേറ്റ് അംഗളായ വിപി അനിൽ ,ഇ ജയൻ, മുൻ എം എൽ എ ,വി ശശികുമാർ എന്നിവരുടെ പേരുകളാണ് പുതിയ സെക്രട്ടറി സ്ഥാനേത്തക്ക് ഉയർന്നു കേൾക്കുന്ന പേരുകൾ .