27.8 C
Kollam
Saturday 27th December, 2025 | 02:25:44 PM
Home Blog Page 1786

കരിമ്പ വാഹനാപകടം, ലോറി ഡ്രൈവർമാർ റിമാൻഡിൽ,പ്രദേശത്ത് സുരക്ഷ ഓഡിറ്റിംഗ് നടത്തും

പാലക്കാട്. കരിമ്പ വാഹനാപകടം, ലോറി ഡ്രൈവർമാർ റിമാൻഡിൽ. കാസർകോട് സ്വദേശി മഹേന്ദ്രപ്രസാദ്, മലപ്പുറം സ്വദേശി പ്രജിൻ ജോൺ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്

കരിമ്പയിൽ നാലു കുട്ടികളുടെ ജീവൻ കവർന്ന റോഡപകടത്തിന് ശേഷം കണ്ണുതുറന്ന അധികാരികൾ നാളെ പ്രദേശത്ത് സുരക്ഷ ഓഡിറ്റിംഗ് നടത്തും. വേഗത നിയന്ത്രിക്കാൻ പോലീസിന്റെ കർശന പരിശോധന ആരംഭിക്കാനും മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. പ്രദേശത്ത് കടുത്ത ജനരോഷം ഉയർന്ന സാഹചര്യത്തിലാണ് പ്രത്യേക യോഗം വിളിച്ചത്. റോഡ് പരിപാലിക്കുന്നതിൽ ദേശീയപാത അതോറിറ്റിക്ക് വീഴ്ച പറ്റിയതായി കെ ശാന്തകുമാരി എംഎൽഎ 24 നോട് പറഞ്ഞു.

പനയമ്പാടത്തെ അശാസ്ത്രീയമായ റോഡ് നിർമ്മാണത്തിനെതിരെ ഗുരുതര പരാതികളാണ് നാട്ടുകാർക്ക് പറയാനുള്ളത്. നാല് കുട്ടികളുടെ ജീവൻ പൊലിഞ്ഞതോടെ ജനരോഷം ഇന്നലെ അണപൊട്ടി.

ഈ സാഹചര്യത്തിലാണ് നാട്ടുകാരുമായി ഇന്ന് ജില്ലാ കലക്ടറുടെ ചേമ്പറിൽ ചർച്ച നടന്നത്. റോഡിലെ വളവ് അടക്കം എല്ലാ പ്രശ്നങ്ങളും യോഗത്തിൽ നാട്ടുകാർ ഉന്നയിച്ചു. അമിതവേഗത നിയന്ത്രിക്കാൻ ഇന്നുമുതൽ പോലീസ് പരിശോധന , ദിവസവും ചെയ്യേണ്ട ജോലികൾ പ്രത്യേകം വിലയിരുത്താനും തീരുമാനം. മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ആയിരുന്നു നാട്ടുകാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി യോഗം ചേർന്നത്.

പോലീസും മോട്ടോർ വാഹന വകുപ്പും പിഡബ്ല്യുഡി ഉദ്യോഗസ്ഥരും ചേർന്നുള്ള ടീം സുരക്ഷ ഓഡിറ്റിംഗ് നാളെ നടത്തും. ഇതിലെ നിർദ്ദേശങ്ങൾ വെച്ച് പദ്ധതി തയ്യാറാക്കും. റോഡിൽ ഗ്രിപ്പ് വയ്ക്കാൻ ദേശീയപാത അതോറിറ്റിക്ക് നിർദ്ദേശം നൽകി.

കന്നി പ്രസംഗത്തിൽ ബിജെപിയെ കടന്നാക്രമിച്ചു പ്രിയങ്ക

ന്യൂഡെല്‍ഹി. പാർലമെന്റിലെ കന്നി പ്രസംഗത്തിൽ ബിജെപിയെ കടന്നാക്രമിച്ചു വയനാട് എംപി പ്രിയങ്ക ഗാന്ധി. ഭരണഘടനയിന്മേൽ നടന്ന ചർച്ചയിൽ അദാനി- കർഷ-മണിപ്പൂർ- സംഭൽ വിഷയങ്ങൾ ഉയർത്തി പ്രിയങ്ക കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു.ഭരണഘടന അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്നും,ഭരണഘടന സംരക്ഷണമെന്ന മുദ്രാവാക്യം കോണ്‍ഗ്രസിന് ചേരില്ലെന്നും, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.

പാർലമെന്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ചവർക്ക് ആദരം അർപ്പിച്ചു തന്റെ കന്നി പ്രസംഗം ആരംഭിച്ച പ്രിയങ്ക ഗാന്ധി,
ഉന്നാവോ ബലാൽ സംഗവും – സംഭാൽ സംഘർഷവും ഉന്നയിച്ചു കേന്ദ്രത്തെ പ്രതിരോധത്തിലാക്കി.

ദുർബല വിഭാഗങ്ങൾക്ക് ഭരണ ഘടന നൽകുന്ന സംരക്ഷണം തകർക്കാനുള്ള ശ്രമമാണ് കഴിഞ്ഞ 10 വർഷമായി നടന്നത്. കനത്ത ഭൂരിപക്ഷത്തിലൂടെ ഭരണഘടനയെ അട്ടിമറിക്കാൻ ആണ് ഭരണപക്ഷം ലക്ഷ്യം വച്ചത്, എന്നാൽ ഭരണഘടനയുടെ ശക്തി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ സർക്കാർ തിരിച്ചറിഞ്ഞുവെന്ന് പ്രിയങ്ക

പ്രസംഗത്തിൽ ഇടപെട്ട് ചർച്ച ഭരണഘടനയിന്മേലാണെന്ന് സ്പീക്കർ ഓർപ്പിച്ചെങ്കിലും,പ്രിയങ്ക വഴങ്ങിയില്ല. ഒരു വ്യക്തി വേണ്ടി ഒരു ജനതയെ മോദി സർക്കാർ വഞ്ചിക്കുകയാണെന്നും പ്രിയങ്ക.

ഭരണഘടന സംരക്ഷണമെന്ന മുദ്രാവാക്യം കോണ്‍ഗ്രസിന് ചേരില്ലെന്നും, രാജനാഥ് സിംഗ്. അഖിലേഷ് യാദവ്, കല്യാൺ ബാനർജി, മഹുവ മൊയത്ര തുടങ്ങിയവർ ചർച്ച യിൽ പങ്കെടുത്തു സംസാരിച്ചു.
ചർച്ചകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ മറുപടി പറയും.രാഹുൽഗാന്ധിയും നാളെ സംസാരിക്കും

സിപിഎം കായംകുളം ഏരിയയിൽ സെക്രട്ടറിക്ക് മാറ്റം

ആലപ്പുഴ. വിഭാഗീയത നിലനിൽക്കുന്ന സിപിഎം കായംകുളം ഏരിയയിൽ സെക്രട്ടറിക്ക് മാറ്റം. ബി അബിൻഷയാണ് പുതിയ സെക്രട്ടറി. തർക്കത്തെ തുടർന്ന് തെരഞ്ഞെടുപ്പിലേക്ക് പോയപ്പോൾ സമവായത്തിലൂടെയാണ് അബിൻഷായെ തെരഞ്ഞെടുത്തത്. നിലവിലെ ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷന് എതിരെ നിരവധി ആരോപണങ്ങൾ നിലനിൽക്കുകയാണ് സെക്രട്ടറിയെ മാറ്റുന്നത്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത.. മൂന്ന് ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.. ശബരിമലയിലും , തമിഴ്നാട് വിവിധ സ്ഥലങ്ങളിലും മഴ ലഭിക്കുന്നുണ്ട്.. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂന മർദ്ദ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചെങ്കിലും നഗര – ഗ്രാമ മേഖലയിൽ മഴ താരതമ്യേന കുറവാണ്. ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രമാണ് മഴ കനക്കുന്നത്.. പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തൽ കനത്ത ജാ​ഗ്രതയിലാണ് ഭക്തരെ മല കയറ്റുന്നത്. ശബരിമലയിലും, നിലയ്ക്കലും മഴയുടെ ശക്തി കുറഞ്ഞു.. ഇന്നലെ സന്നിധാനത്ത് പെയ്തത് 68 മില്ലി മീറ്ററും, നിലക്കലിൽ 73 മില്ലിമീറ്ററും മഴയും ലഭിച്ചിരുന്നു. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നു.. പേപ്പാറ ,അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയതിനാൽ സമീപവാസികൾ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.. ന്യൂന മർദ്ദം ശക്തി കുറഞ്ഞതിനാൽ നാളെ മുതൽ മഴ കുറയുമെന്നാണ് മന്നറിയിപ്പ്.. എന്നാൽ തിങ്കളാഴ്ച ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം സാധ്യത പ്രവചിക്കുന്നുണ്ട്

വൈദ്യുതിചാർജ് വർധനവിനെതിരെ കുന്നത്തൂർ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപാരികളുടെ പ്രതിഷേധം

ശാസ്താംകോട്ട:വൈദ്യുതി നിരക്ക് വർധന വിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി കുന്നത്തൂർ നിയോജക മണ്ഡലത്തിലെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി.ഭരണിക്കാവ്,ശാസ്താംകോട്ട, പതാരം,കാരാളിമുക്ക്,ചക്കുവള്ളി,
പുന്നമൂട്,സിനിമാപറമ്പ്,ഏഴാംമൈൽ ,പാറക്കടവ്,മൈനാഗപ്പള്ളി,ചിറ്റുമല,
കിഴക്കേകല്ലട,മൺട്രോതുരുത്ത്,
കുന്നത്തൂർ തുടങ്ങിയ കേന്ദ്രങ്ങളിലാണ് പ്രകടനം നടന്നത്.പ്രതികൂല കാലവസ്ഥയിലും നൂറുകണക്കിന് വ്യാപാരികൾ സമരത്തിൽ പങ്കെടുത്തു.ജില്ലാ വൈസ് പ്രസിഡൻ്റ് എ.കെ ഷാജഹാൻ,ജില്ലാ സെക്രട്ടറി ആൻ്റണി പാസ്റ്റർ,എ.നിസാം, നിസാം മൂലത്തറ,എസ്.ഷിഹാബുദ്ദീൻ, കേരള മണിയൻപിള്ള,ബഷീർ ഒല്ലായിൽ, കൈലാസ് രവീന്ദ്രൻ പിള്ള,പി.എൻ ഉണ്ണികൃഷ്ണപിള്ള,ജലാലുദീൻ,തോമസ് പുന്നമൂട്,കെ.ജി പുരുഷോത്തമൻ,ജി.കെ രേണുകുമാർ,ജി.അനിൽകുമാർ,
എ.നജീർ,ഷാജി വെളളാപ്പള്ളിൽ, ഗോപാലകൃഷ്ണപിള്ള,മാർട്ടിൻ ഗിൽബർട്ട് എന്നിവർ നേതൃത്വം നൽകി.

പത്താം ക്ലാസ് പരീക്ഷ പേപ്പർ ഓൺലൈൻ ട്യൂഷൻ സെന്ററുകൾ വഴി ചോർന്നെന്ന് പരാതി

കോഴിക്കോട്. പത്താം ക്ലാസ് പരീക്ഷ പേപ്പർ ഓൺലൈൻ ട്യൂഷൻ സെന്ററുകൾ വഴി ചോർന്നെന്ന് പരാതി. കൊടുവള്ളി കേന്ദ്രമായ MS സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് എതിരെയാണ് ആരോപണം. നടപടി ആവശ്യപ്പെട്ട് കെ എസ് യു പ്രവർത്തകർ കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തി.

സ്റ്റേറ്റ് സിലബസിലെ പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർന്നുവെന്നാണ് പരാതി. പരീക്ഷ നടക്കുന്നതിന് തൊട്ടു തലേദിവസം, ക്വസ്റ്റ്യൻ പ്രെഡിക്ഷൻ എന്ന പേരിൽ യൂട്യൂബ് ചാനലുകളിൽ ചോദ്യപേപ്പറുകൾ പ്രത്യക്ഷപ്പെട്ടു.കൊടുവള്ളി കേന്ദ്രമായ MS സൊല്യൂഷൻ എന്ന സ്ഥാപനത്തിന് എതിരെയാണ് കെഎസ്‌യുവിന്റെ ആരോപണം. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് കെ എസ് യു പ്രതിഷേധവുമായി എത്തി.

നടപടിയെടുക്കുമെന്ന് ഡിഡിഇ ഉറപ്പ് നൽകിയതായി കെ എസ് യു കോഴിക്കോട് ജില്ല പ്രസിഡണ്ട് VT സൂരജ്.സമാനമായ പരാതികൾ കഴിഞ്ഞ വർഷവും ഉന്നയിക്കപ്പെട്ടിരുന്നു. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെ ചോദ്യ പേപ്പറുകൾ ഓൺലൈൻ ട്യൂഷൻ സെന്ററുകൾക്ക് ചോർത്തി നൽകുന്നു എന്നാണ് ആരോപണം.

ദണ്ഡി യാത്രയില്‍ മഹാത്മാ ഗാന്ധിക്ക് ലഭിച്ച മാല ലേലത്തിന് വാങ്ങാന്‍ ആളില്ല

ഓണ്‍ലൈന്‍ ലേലത്തില്‍ ദണ്ഡി യാത്രയില്‍ മഹാത്മാ ഗാന്ധിക്ക് ലഭിച്ച മാല ലേലത്തിന് വെച്ചങ്കിലും വാങ്ങാന്‍ ആളില്ല. ലണ്ടനില്‍ ലീയോ ആന്‍ഡ് ടേണ്‍ബുള്‍ ഓക്ഷന്‍ ഹൗസില്‍ നടത്തിയ ഇസ്ലാമിക് ആന്‍ഡ് ഇന്ത്യന്‍ ആര്‍ട്ട് ഓണ്‍ലൈന്‍ വില്‍പനയിലാണ് മാലയും, ഗാന്ധിജി മാല ധരിച്ച് നില്‍ക്കുന്ന ഫോട്ടോയും ലേലത്തിന് വച്ചത്. 20,000 മുതല്‍ 30,000 യൂറോ വരെയാണ് (2132 ലക്ഷം ഇന്ത്യന്‍ രൂപ) പ്രതീക്ഷിച്ചത്.
ഗാന്ധിജിയുടെ ഡോക്ടറായിരുന്ന ബല്‍വന്ത് റായ് എന്‍ കനുഗയുടെ അഹമ്മദാബാദിലെ വീടിന് സമീപത്തുകൂടി ദണ്ഡിയാത്ര കടന്നുപോകവെ, ഡോക്ടറുടെ ഭാര്യ നന്ദുബെന്‍ സമ്മാനിച്ചതാണ് അലങ്കാരപ്പണികളുള്ള ഈ മാല. പിങ്ക് തുണി, സ്വര്‍ണ്ണ നൂലുകള്‍, സീക്വിനുകള്‍, പേപ്പര്‍ എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ് മാല. ഗാന്ധിയുടെ അനുയായി ആയിരുന്നു നന്ദുബെന്‍.

കനത്ത മഴയെ തുടർന്ന് പാലരുവി വെളളച്ചാട്ടം വിനോദ സഞ്ചാരകേന്ദ്രം താത്കാലികമായി അടച്ചു

പുനലൂര്‍.കനത്ത മഴയെ തുടർന്ന് പാലരുവി വെളളച്ചാട്ടം ഭാഗത്തേക്കുള്ള പ്രവേശനം താത്കാലികമായി അടച്ചു. ഇന്നലെ വൈകിട്ട് മുതലാണ് സഞ്ചാരികൾക്ക് വെള്ളച്ചാട്ടത്തിലേക്ക് നിരോധനമേർപ്പെടുത്തിയത്. കനത്ത മഴയിൽ വെള്ളച്ചാട്ടത്തിൽ ഒഴുക്ക് ശക്തിപ്പെട്ടിരുന്നു.

മാടായി കോളേജിലെ നിയമന വിവാദം,പ്രശ്നം രമ്യമായി പരിഹരിക്കുമെന്ന്  സമിതി അധ്യക്ഷൻ തിരുവഞ്ചൂർ

കണ്ണൂർ. മാടായി കോളേജിലെ നിയമന വിവാദത്തിൽ പ്രശ്നപരിഹാരത്തിന് കെപിസിസി നിയോഗിച്ച പ്രത്യേക സമിതി തെളിവെടുപ്പ് ആരംഭിച്ചു. ഇരു വിഭാഗം നേതാക്കളുമായി സമിതി അംഗങ്ങൾ ചർച്ച നടത്തി. പരസ്യ പ്രതിഷേധങ്ങളും പ്രസ്താവനകളും അവസാനിപ്പിക്കാൻ   നിർദ്ദേശം നൽകി. പ്രശ്നം രമ്യമായി പരിഹരിക്കുമെന്ന്  സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.

കോൺഗ്രസ് നിയന്ത്രണത്തിലുള്ള മാടായി കോളേജിൽ കോഴ വാങ്ങി രണ്ട് സിപിഐഎമ്മുകാർക്ക് നിയമനം നൽകിയെന്നാണ്  വിമത വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. കോളേജ് ഭരണസമിതി ചെയർമാനായ എം കെ രാഘവൻ എംപിക്കെതിരെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ തിരുവിലിറങ്ങിയിരുന്നു. തർക്കം തമ്മിൽ തല്ലുന്നതിലേക്ക്   വഴി മാറിയതോടെയാണ് പ്രശ്നം തണുപ്പിക്കാനുള്ള കെപിസിസി നീക്കം. തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ മൂന്നംഗ സമിതിയിൽ കെ. ജയന്ത്, അബ്ദുൾ മുത്തലിബ് എന്നിവരാണ് അംഗങ്ങൾ. കണ്ണൂരിലെത്തിയ   സമിതി അംഗങ്ങൾ. ഇരുവിഭാഗം നേതാക്കളെയും  ഡിസിസി ഓഫീസിലേക്ക് വിളിച്ചുവരുത്തി വെവ്വേറെ ചർച്ച നടത്തി. കോളേജിൽ നിയമനം ലഭിച്ച സിപിഐഎം പ്രവർത്തകൻ ധനേഷനിൽ നിന്ന് ഭരണസമിതി രാജി എഴുതി വാങ്ങണമെന്നാണ് വിമതവിഭാഗത്തിന്റെ ആവശ്യം. കോളേജ് ഭരണസമിതി അംഗങ്ങളെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത, ഡിസിസി പ്രസിഡന്റിന്റെ നടപടിക്കെതിരായ അമർഷം രാഘവനെ അനുകൂലിക്കുന്ന വിഭാഗം സമിതിയെ അറിയിച്ചു. പ്രശ്നം പരിഹരിക്കുമെന്നും പരസ്യ പ്രതിഷേധങ്ങളും പ്രസ്താവനങ്ങളും അവസാനിപ്പിക്കണമെന്നും ഇരുവിഭാഗങ്ങൾക്കും സമിതി നിർദേശം നൽകി.

ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ എന്നിവരുമായും മൂന്നംഗ സമിതി ചർച്ച നടത്തി. എം കെ രാഘവൻ എം പിയുമായും കൂടിക്കാഴ്ച നടത്തും. ഒരാഴ്ചക്കുള്ളിൽ കെ പി സി സി ക്ക് റിപ്പോർട്ട്‌ കൈമാറാനാണ് നീക്കം.

മൈതാനം നിറയെ മെറ്റൽ കൂനകൾ;വലഞ്ഞ് പുത്തനമ്പലം

കുന്നത്തൂർ:കുന്നത്തൂർ ഐവർകാല പുത്തനമ്പലം ദേവീക്ഷേത്ര മൈതാനിയിലെ മെറ്റൽ കൂനകൾ പ്രദേശവാസികൾക്ക് വിനയാകുന്നു.ക്ഷേത്രത്തിന് എതിർവശം യു.പി സ്കൂളിനോട് ചേർന്നുള്ള മൈതാനമാണ് മെറ്റൽകൂനകൾ കൊണ്ട് നിറഞ്ഞിരിക്കുന്നത്.ലോറികളിൽ എത്തിച്ചാണ് ആഴ്ചകൾക്ക് മുമ്പ് മെറ്റൽ ഇറക്കിയത്.തകർന്നു കിടക്കുന്ന റോഡ് നിർമ്മാണത്തിന് വേണ്ടിയാണ് മെറ്റൽ എത്തിച്ചതെന്നാണ് നാട്ടുകാർ കരുതിയിരുന്നത്.ഇത് സംബന്ധിച്ച് സ്ഥിതികരണമില്ല.ജനപ്രതിനിധികളോടും പഞ്ചായത്ത് സെക്രട്ടറിയോടും അന്വേഷിച്ചപ്പോൾ ആരാണ് മെറ്റൽ ഇറക്കിയതെന്നോ എന്തിനെന്ന് ആണന്നോ അറിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാർ പറയുന്നു.മെറ്റൽ കൂനകൾ കാരണം സ്കൂളിലേക്ക് കുട്ടികൾക്ക് എത്തുന്നതിനും തടസമായിട്ടുണ്ട്.വിശേഷ ദിവസങ്ങളിൽ
ക്ഷേത്ര മൈതാനത്ത് വിളക്കുകൾ തെളിക്കാനും കഴിയുന്നില്ല.അടുത്ത മാസം ആദ്യം നടക്കുന്ന ക്ഷേത്രത്തിലെ ഉത്സവത്തിനുള്ള ഒരുക്കങ്ങൾക്കും മെറ്റൽകൂനകൾ പ്രശ്നമായിട്ടുണ്ട്.അടിയന്തിരമായി മെറ്റൽ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം നിയമപരമായ കാര്യങ്ങളിലേക്ക് കടക്കുമെന്നും ക്ഷേത്രം ഭാരവാഹികളായ റ്റി.എ സുരേഷ് കുമാർ, ഐവർകാല രാജശേഖരൻ പിള്ള എന്നിവർ അറിയിച്ചു.