Home Blog Page 1772

ഭിന്നശേഷി വിദ്യാർഥിയെ മർദ്ദിച്ച സംഭവം: എസ്എഫ്ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ഭിന്നശേഷി വിദ്യാർഥിയെ ആക്രമിച്ച കേസിലെ പ്രതികളായ എസ്എഫ്ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ആറാം അഡീഷ്ണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഒന്നാം പ്രതി അമൽ, രണ്ടാം പ്രതി മിഥുൻ, മൂന്നാം പ്രതി അലൻ, നാലാം പ്രതി വിധു എന്നീ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് വിധി.

ഇത്തരം കേസുകളിൽ മുൻകൂർ ജാമ്യം അനുവദിച്ചാൽ അത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന കാരണം ചൂണ്ടി കാട്ടിയാണ് തള്ളിയത്. നേരത്തെ ജാമ്യ ഹർജിയിൽ വിധി വരുന്നത് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുത് എന്ന് കോടതി നിർദേശിച്ചിരുന്നു. ഭിന്നശേഷി വിദ്യാർഥിയായ മുഹമ്മദ് അനസിനെ എസ്എഫ്ഐക്കാർ യൂണിറ്റ് മുറിയിൽ തടഞ്ഞുവെച്ചു മർദ്ദിച്ചെന്നാണ് പരാതി.

ഒന്നിച്ചു കണ്ട സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കി; അവർ ഇന്ന് ഒരുമിച്ച് വിടപറയും

കോന്നി: അവർ ഇന്ന് നാടിനോടും വീടിനോടും അവസാനമായി യാത്ര പറയും. ഒന്നിച്ചു കണ്ട സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കിയാക്കി നിഖിലും അനുവും മറ്റൊരു ലോകത്തേക്കു ഒന്നിച്ചു തന്നെ യാത്രയാകുന്നു, ഒപ്പം ഇരുവരുടെയും പിതാക്കന്മാരും. കഴിഞ്ഞ ഞായറാഴ്ച മുറിഞ്ഞകല്ലിലുണ്ടായ വാഹനാപകടത്തിലാണു മല്ലശേരി പുത്തേതുണ്ടിയിൽ മത്തായി ഈപ്പൻ (65), മകൻ നിഖിൽ ഈപ്പൻ (30), ഭാര്യ മല്ലശേരി പുത്തൻവിള കിഴക്കേതിൽ അനു ബിജു (26), അനുവിന്റെ പിതാവ് ബിജു പി.ജോർജ് (51) എന്നിവർ മരിച്ചത്.

നാലു പേരുടെയും സംസ്കാരം ഇന്ന് (19) ഒരുമിച്ച് പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടത്തും. മോർച്ചറിയിൽ നിന്ന് വീട്ടിലേക്കു കൊണ്ടുപോകുന്ന മൃതദേഹങ്ങൾ രാവിലെ എട്ടോടെ പള്ളിയിൽ എത്തിക്കും. 12 വരെയുള്ള പൊതുദർശനത്തിനുശേഷം സംസ്കാര ചടങ്ങുകൾ ആരംഭിക്കും. ശുശ്രൂഷകൾക്ക് സാമുവൽ മാർ ഐറേനിയസ് മുഖ്യകാർമികത്വം വഹിക്കും.

മധുവിധു ആഘോഷിച്ച് മലേഷ്യയിൽ നിന്ന് തിരികെയെത്തുന്ന നിഖിലിനെയും അനുവിനെയും വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടു വരുന്ന വഴി മുറിഞ്ഞകല്ലിൽ വച്ച് ഇവർ സഞ്ചരിച്ച കാർ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസിൽ ഇടിച്ച് അപകടമുണ്ടായത്. എട്ട് വർഷത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ നവംബർ 30നാണ് ‌‌നിഖിലിന്റെയും അനുവിന്റെയും വിവാഹം നടന്നത്. വെറും 15 ദിവസം മാത്രമാണ് ഇരുവരും ഒന്നിച്ചു ജീവിച്ചത്. നിഖിലിന്റെ കൂടെ അടുത്ത മാസം കാനഡയിലേക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു അനു. വിവാഹത്തിന്റെയും ഇടവക പെരുന്നാളിന്റെയും സന്തോഷം മാറും മുൻപാണ് കുടുംബത്തിലെ നാല് മരണങ്ങളുടെ ദുഃഖ വാർത്തയെത്തിയത്.

തങ്കഅങ്കി വഹിച്ചുള്ള രഥഘോഷയാത്ര 22ന് പുറപ്പെടും; 75 കേന്ദ്രങ്ങളിൽ ദർശന സൗകര്യം

പത്തനംതിട്ട: ശബരിമലയിൽ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കി വഹിച്ചുള്ള രഥഘോഷയാത്ര 22ന് രാവിലെ ഏഴിന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നു പുറപ്പെടുമെന്നു ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. പ്രത്യേകം അലങ്കരിച്ച രഥത്തിൽ ക്ഷേത്രത്തിൽനിന്നു പുറപ്പെടുന്ന ഘോഷയാത്ര 25ന് വൈകിട്ട് ദീപാരാധനയ്ക്കു മുൻപു സന്നിധാനത്തെത്തും.

തങ്കഅങ്കി പുറപ്പെടുന്നതിനു മുൻപ് ആറന്മുള ക്ഷേത്രാങ്കണത്തിൽ ഭക്തർക്കു തങ്കഅങ്കി ദർശിക്കുന്നതിനും പറയിടുന്നതിനും കാണിക്ക അർപ്പിക്കുന്നതിനും പുലർച്ചെ അഞ്ച് മണി മുതൽ സൗകര്യമുണ്ട്. വിവിധ ക്ഷേത്രങ്ങൾ ഉൾപ്പെടെ 75 കേന്ദ്രങ്ങൾ സന്ദർശിച്ചാണു രഥഘോഷയാത്ര സന്നിധാനത്ത് എത്തുക.

ആദ്യ ദിവസമായ ഡിസംബർ 22ന് രഥഘോഷയാത്ര ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിൽ വിശ്രമിക്കും. 23ന് എട്ടിനു പുറപ്പെട്ട് വൈകുന്നേരം കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ വിശ്രമിക്കും. 24ന് പെരുനാട് ശാസ്താ ക്ഷേത്രത്തിൽ വിശ്രമിച്ച ശേഷം 25ന് രാവിലെ എട്ടിന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ പമ്പയിലെത്തും. മൂന്നിനു പമ്പയിൽനിന്നു പുറപ്പെട്ട് അഞ്ചു മണിയോടെ ശരംകുത്തിയിൽ എത്തിച്ചേരുന്ന ഘോഷയാത്രയെ ആചാരപൂർവം സ്വീകരിച്ചു സന്നിധാനത്തേക്ക് ആനയിക്കും. ഘോഷയാത്ര എത്തിച്ചേരുന്ന കേന്ദ്രങ്ങളിൽ തങ്കഅങ്കി ദർശിക്കുന്നതിനും കാണിക്ക അർപ്പിക്കുന്നതിനും സൗകര്യം ഒരുക്കും.

മണ്ണ്ഖനനത്തിൽ പഞ്ചായത്ത് അനുകൂല റിപ്പോർട്ട് നൽകിയെന്ന് ജിയോളിജിസ്റ്റ്പടിഞ്ഞാറെകല്ലടപഞ്ചായത്ത് പ്രസിഡന്റ് രാജി വെയ്ക്കണം യുഡിഎഫ്

ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലടപഞ്ചായത്ത് നൽകിയ പെർമിറ്റും , 17031മെട്രിക്ക് ടെൺമണ്ണ് നീക്കംചെയ്യണമെന്ന് പഞ്ചായത്ത് നൽകിയശുപാർശയുംപരിഗണിച്ചാണ് ഖനനത്തിന് അനുമതി നൽകിയതെന്ന ജില്ലാ ജിയോളിജിസ്റ്റിന്റെ വെളിപ്പെടുത്തലിന്റെഅടിസ്ഥാനത്തിൽഉത്തരവാദിത്വംഏറ്റെടുത്ത്പടിഞ്ഞാറെ കല്ലട പഞ്ചായത്ത് പ്രസിഡന്റ് സി.ഉണ്ണികൃഷ്ണൻ രാജി വെയ്ക്കണമെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടിയോഗം ആവശ്യപ്പെട്ടു.

പഞ്ചായത്ത് കമ്മിറ്റിയിൽ പോലും വെയ്ക്കാതെ ഖനനത്തിന്ശുപാർശ നൽകിയതിൽവൻഅഴിമതിയുണ്ട്. ടാർ മിക്സിങ്ങ് യൂണിറ്റ്, ശ്മശാനത്തിന് ഭൂമി വാങ്ങൽ , മരംമുറിഅടക്കമുള്ളവയിലും വൻ അഴിമതി നടന്നിട്ടുണ്ടെയും യോഗം ചൂണ്ടികാട്ടി. ബ്ലോക്ക് പഞ്ചായത്ത് അംഗം
വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു.പാർലമെന്ററി പാർട്ടലീഡർ ബി.തൃദീപ്കുമാർ അദ്ധ്യക്ഷതവഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൻ.ശിവാനന്ദൻ , ലൈലാ സമദ്, റജ്ല തുടങ്ങിയവർ പ്രസംഗിച്ചു

ശാസ്താംകോട്ട കോളേജില്‍ സൗജന്യ മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു

ശാസ്താംകോട്ട:ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്‍റെയും കെ.എസ്.എം.ഡി.ബി കോളേജിന്‍റെയും ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കായി സൗജന്യ മെന്‍സ്ട്രല്‍ കപ്പ് വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍ സുന്ദരേശന്‍ വിതരണോദ്ഘാടനം നിർവഹിച്ചു.വിമന്‍സ് സ്റ്റഡി സെന്‍റര്‍ കണ്‍വീനർമാരായ ഡോ.എസ് ജയന്തി,സണ്‍റിമ കെ.വി,വനിതാ പ്രതിനിധികളായ സല്‍മ.എസ്,നന്ദ.ബി എന്നിവര്‍ ഏറ്റുവാങ്ങി.പ്രിന്‍സിപ്പല്‍ പ്രൊഫ.പ്രകാശ് കെ.സി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പുഷ്പ കുമാരി,സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.സനല്‍കുമാര്‍,വി.രതീഷ്,എസ്.ഷീജ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തുണ്ടില്‍ നൗഷാദ്,വൈ.ഷാജഹാന്‍,ആര്‍.രാജി,
എസ്.ശശികല,രാജി രാമചന്ദ്രന്‍,ബിഡിഒ ചന്ദ്രബാബു,സെനറ്റ് അംഗം ഡോ.അജേഷ് എസ്.ആര്‍,കൗണ്‍സില്‍ സെക്രട്ടറി ഡോ.ആശാ രാധാകൃഷ്ണന്‍, സെന്‍റര്‍ ഫോര്‍ വിമന്‍സ് സ്റ്റഡീസ് കണ്‍വീനറന്‍മാരായ ഡോ.എസ് ജയന്തി,സണ്‍റിമ കെ.വി,കോളേജ് സീനിയര്‍ സൂപ്രണ്ട് ശ്രീജ.ആര്‍,കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സഞ്ചു ജെ.തരകന്‍, സല്‍മ.എസ്,നന്ദ.ബി എന്നിവര്‍ സംസാരിച്ചു.ശൂരനാട് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബുഷ്റ.റ്റി ബോധവല്‍ക്കരണ ക്ലാസ് നയിച്ചു

തൃക്കുന്നപ്പുഴ തെക്ക് കൊച്ചുവീട്ടിൽ പങ്കജാക്ഷി അമ്മ നിര്യാതയായി

ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് കൊച്ചുവീട്ടിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ പങ്കജാക്ഷി അമ്മ 79 നിര്യാതയായി. സംസ്കാരം നടന്നു മക്കൾ. ഗിരിജാകുമാരി, ഗീതാ കുമാരി. മരുമകൻ. വിജയകുമാർ സഞ്ചയനം 22 ഞായറാഴ്ച രാവിലെ 8ന്.

കാന്‍സറിനെതിരെ റഷ്യ വാക്‌സിന്‍ വികസിപ്പിച്ചു,2025ല്‍ പുറത്തുവിടും

മോസ്‌കോ: കാന്‍സറിനെതിരെ റഷ്യ വാക്‌സിന്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ട്. എം ആര്‍ എന്‍ എ വാക്‌സിനാണ് റഷ്യ വികസിപ്പിച്ചത്. കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കാണ് വാക്‌സിനെന്നും ട്യൂമര്‍ ഉണ്ടാവുന്നത് തടയാനല്ലെന്നുമാണ് റിപ്പോര്‍ട്ട്. ട്യൂമര്‍ കോശങ്ങള്‍ വികസിക്കുന്നതും വ്യാപിക്കുന്നതും തടയാന്‍ വാക്‌സിന് സാധിക്കുന്നതായി പ്രീ ക്ലിനിക്കല്‍ ട്രയലുകളില്‍ തെളിഞ്ഞെന്നാണ് ലഭിക്കുന്ന വിവരം. നിരവധി ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്.

റഷ്യന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2025 ന്റെ തുടക്കത്തില്‍ വാക്‌സിന്‍ പുറത്തിറക്കുമെന്നാണ് ആരോ?ഗ്യമന്ത്രാലയത്തിന്റെ റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ മേധാവി ആന്‍ഡ്രി കാപ്രിന്‍ പറഞ്ഞത്. ഒരു ഡോസിന് 300,000 റൂബിള്‍സ് ( USD 2,869 ) ചെലവാണ് വരിക. റഷ്യക്കാര്‍ക്ക് സൗജന്യമായി നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

‘ ഇപ്പോള്‍ ( വ്യക്തിഗത വാക്‌സിനുകള്‍ ) നിര്‍മിക്കാന്‍ വളരെ സമയമെടുക്കും. കാരണം ഒരു വാക്‌സിന്‍ അല്ലെങ്കില്‍ ഇഷ്ടാനുസൃതമാക്കിയ എം ആര്‍ എന്‍ എ ഉപയോഗിച്ചുള്ള കമ്പ്യൂട്ടിം?ഗ് , ?ഗണിത ശാസ്ത്രപരമായ മാട്രിക്‌സ് രീതികള്‍ ഉപയോ?ഗിക്കുന്നത് പോലെയായിരിക്കണം. ഞങ്ങള്‍ ഇവാനിക്കോവ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ചെയ്യാന്‍ എ ഐയെ ആശ്രയിക്കും. അതായത് ന്യൂറല്‍ നെറ്റ് വര്‍ക്ക് കമ്പ്യൂട്ടിംഗ്, ഈ നടപടി ക്രമങ്ങള്‍ക്ക് ഏകദേശം അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ എടുക്കും, ‘ ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ( എപ്പിഡെമിയോളജി, മൈക്രോബയോളജി ) അലക്‌സാണ്ടര്‍ ഗിന്റ്‌സ്ബര്‍ഗ് പറഞ്ഞു. അതേ സമയം ഏത് തരത്തിലുള്ള കാന്‍സറിനാണ് വാക്‌സിന്‍ ഉപയോഗിക്കുന്നത്, വാക്‌സിന്റെ ഫലപ്രാപ്തി, വിതരണം എന്നിവിയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമല്ല. 2022 ല്‍ 635, 000 ല്‍ അധികം കേസുകളാണ് റഷ്യയില്‍ രേഖപ്പെടുത്തിയത്. ഈ സാഹതര്യത്തിലാണ് വാക്‌സിന്‍ കണ്ടുപിടിച്ചത്. റഷ്യക്കാര്‍ക്കിടയില്‍ ഏറ്റവും സാധാരണമായി കാണപ്പെടുന്നത് വന്‍കുടല്‍, സ്തന, ശ്വാസകോശ അര്‍ബുദങ്ങളാണെന്നാണ് റിപ്പോര്‍ട്ട്.

മുംബൈ ഗേറ്റ് വെ ഓഫ് ഇന്ത്യയിലെ യാത്രാബോട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി

മുംബൈ ഗേറ്റ് വെ ഓഫ് ഇന്ത്യയിലെ യാത്രാബോട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി.  ട്രയല്‍ റണ്‍ നടത്തുകയായിരുന്ന നാവികസേനയുടെ സ്പീഡ്ബോട്ട് യാത്രാബോട്ടിലിടിച്ചാണ് അപകടം. അപകടത്തിന് പിന്നാലെ നൂറിലേറെ യാത്രക്കാരുമായെത്തിയ ബോട്ട് മുങ്ങിത്താഴുകയായിരുന്നു. 101 യാത്രക്കാരെ രക്ഷപ്പെടുത്തി.  മരിച്ചവരില്‍ സ്പീഡ് ബോട്ടിലുണ്ടായിരുന്ന നാവികസേനാ ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു.  

സൈനിക കേന്ദ്രത്തിലെ പരിശീലനത്തിനെ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു

ജയ്പൂര്‍. രാജസ്ഥാനിലെ സൈനിക കേന്ദ്രത്തിലെ പരിശീലനത്തിനെ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു.ഒരു സൈനികന് പരുക്ക് ഏറ്റു.ബിക്കാനീറിലെ മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ ആണ് അപകടം ഉണ്ടായത്. ടാങ്കിലേക്ക് വെടിമരുന്ന് കയറ്റുന്നതിനിടെ ചാർജർ പൊട്ടിത്തെറിച്ചാണ് അപകടം. ഉത്തർപ്രദേശിലെ ഡിയോറിയ സ്വദേശി അശുതോഷ് മിശ്ര, രാജസ്ഥാനിലെ ദൗസ സ്വദേശി ജിതേന്ദ്ര എന്നിവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.പരിക്കേറ്റ സൈനികനെ വിദഗ്ധ ചികിൽസയ്ക്കായി വിമാനമാർഗം ചണ്ഡീഗഡിലെത്തിച്ചു. സംഭവത്തിൽ കരസേന ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.ഒരാഴ്ചയ്ക്കിടെ മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. നേരത്തെ,വാഹനം അപ്രതീക്ഷിതമായി പിന്നിലേക്ക് തെന്നിവീണ് ചന്ദ്രപ്രകാശ് പട്ടേൽ എന്ന സൈനികൻ മരിച്ചിരുന്നു.

പി പി ദിവ്യക്ക് ജാമ്യ വ്യവസ്ഥകളിൽ ഇളവ്

കണ്ണൂര്‍.എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ പി പി ദിവ്യക്ക് ജാമ്യ വ്യവസ്ഥകളിൽ ഇളവ്. ജില്ല വിട്ടുപോകുന്നതിനും, കണ്ണൂർ ജില്ലാ പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കുന്നതിനും തടസ്സമില്ല. അതേസമയം നവീൻ ബാബുവിന്റേത് കൊലപാതകമെന്ന കുടുംബത്തിൻ്റെ ആരോപണത്തിലൂടെ പി പി ദിവ്യ കുറ്റവിമുക്തയാവുകയാണെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ.

പിപി ദിവ്യക്ക് കഴിഞ്ഞ നവംബർ എട്ടിന് തലശ്ശേരി സെഷൻസ് കോടതി ജാമ്യം അനുവദിച്ചത് ഉപാധികളോടെ. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, കണ്ണൂർ ജില്ല വിട്ടു പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയവയായിരുന്നു വ്യവസ്ഥകൾ. ഇളവ് തേടിയുള്ള ദിവ്യയുടെ അപേക്ഷയിലാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ അനുകൂല ഉത്തരവ്. ജില്ല വിട്ടുപോകുന്നതിന് ഇനി തടസ്സമില്ല, അന്വേഷണസംഘം ആവശ്യപ്പെടുമ്പോൾ മാത്രം ഹാജരായാൽ മതി. സാക്ഷികളെ സ്വാധീനിക്കരുതെന്ന വ്യവസ്ഥയുള്ളതിനാൽ ജില്ലാ പഞ്ചായത്ത് യോഗങ്ങളിലും ദിവ്യ പങ്കെടുത്തിരുന്നില്ല. ഇക്കാര്യത്തിലും തടസം നീങ്ങി. 11 ദിവസം പള്ളിക്കുന്ന് വനിതാ ജയിലിൽ കഴിഞ്ഞശേഷമാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്. കേസിൽ സിബിഐ അന്വേഷണ ആവശ്യത്തെ എതിർക്കുന്ന സിപിഐഎം പുതിയ ന്യായവാദവും മുന്നോട്ടുവയ്ക്കുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ നൽകിയ ഹർജിയിൽ കൊലപാതക സംശയം ഉന്നയിച്ചിരുന്നു. ഈ വാദം പി പി ദിവ്യക്കെതിരായ ആത്മഹത്യാ പ്രേരണ കുറ്റം ഇല്ലാതാക്കുന്നതായി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ.

കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം നൽകിയ ഹർജിയിൽ കണ്ണൂർ മജിസ്ട്രേറ്റ് കോടതി ഈ മാസം 21ന് വിധി പറയും.