Home Blog Page 1763

അരുവികുത്ത് വെള്ളച്ചാട്ടത്തിൽ വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവം; കുളിക്കാനിറങ്ങിയതാണെന്ന് നിഗമനം

ഇടുക്കി: ഇടുക്കി അരുവികുത്ത് വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുട്ടം എഞ്ചിനീയറിങ് കോളേജ് വിദ്യാർഥികളായ ഡോണൽ ഷാജി, അക്‌സാ റെജി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനം. ഒന്നാം വർഷ വിദ്യാർത്ഥിയായ അക്സാ കൊല്ലം പത്തനാപുരം സ്വദേശിയാണ്. ഡോണൽ മൂന്നാം വർഷ വിദ്യാർത്ഥിയാണ്.

തൊടുപുഴയിൽ നിന്ന് അഗ്നിശമനസേന എത്തിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി ഇരുവരുടെയും മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ നിന്നു മൂന്ന് കിലോ മീറ്റർ ദൂരത്താണ് കോളേജ് സ്ഥിതി ചെയ്യുന്നത്. ഇരുവരുടെയും ഫോൺ കരയിൽ കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്.

ഏറെ നേരം ഫോൺ‌ കരയിൽ ഉണ്ടായതോടെ അപകടത്തിൽപ്പെട്ടെന്ന് നാട്ടുകാർക്ക് സംശയമായി. തുടർന്ന് തൊടുപുഴയില്‍ നിന്നും അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തി തിരച്ചിൽ ആരംഭിച്ചു. തുടർന്ന് വൈകീട്ട് ആറരയോടെ ഡോണലിന്റെ മൃതദേഹം കണ്ടെത്തി. വൈകീട്ട് 7.50-ഓടെ അക്‌സയുടെ മൃതദേഹവും കണ്ടെടുത്തു.

റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞിന്റെ മുകളിലേക്ക് കാർ മറിഞ്ഞു; രണ്ടര വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: നെടുമങ്ങാട് പുതുകുളങ്ങരയിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു. പറണ്ടോട് സ്വദേശികളായ വിഷ്ണുവിന്റെയും കരിസ്മയുടെ മകന്‍ ഋതിക് ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം.

പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ ഡോർ തുറന്ന്, പിൻവശത്തെ സീറ്റിലായിരുന്ന കുഞ്ഞ് തെറി‍ച്ച് പുറത്തേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ മുകളിലേക്കു കാർ മറിയുകയായിരുന്നു. സംഭവസ്ഥലത്തു വച്ച് തന്നെ ഋതിക് മരിച്ചു. രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഋതിക്കിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഗുരുവായൂരിൽ റോഡിൽ മദ്യലഹരിയിൽ കണ്ണൂർ സ്വദേശി, കമ്പി കൊണ്ട് തലയിൽ കുത്തി കൊല്ലം സ്വദേശി; പ്രതി പിടിയിൽ

ഗുരുവായൂർ: തൃശ്ശൂരിൽ മദ്യലഹരിയിൽ 47കാരനെ ഇരുമ്പ് കമ്പികൊണ്ട് തലയിൽ കുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കൊല്ലം തെന്മല സ്വദേശിയായ അർജുനനാണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ ഷെല്ലിയെയാണ് അർജുനൻ ആക്രമിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഗുരുവായൂരിൽ വെച്ചാണ് സംഭവം. ഗുരുവായൂർ വടക്കേ റോഡിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ കണ്ണൂർ സ്വദേശി ഷെല്ലിയെ കൊല്ലം സ്വദേശിയായ അർജ്ജുനൻ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

വ്യാഴാഴ്ച പുലർച്ചെ ഗുരുവായൂർ വടക്കേ ഇന്നർ റോഡിൽ വെച്ച് അർജുനൻ ഷെല്ലിയെ ആക്രമിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നുമാണ് പൊലീസ് പറയുന്നത്. വഴക്കിനിടെ അർജുനൻ കൈയ്യിൽ കിട്ടിയ ഇരുമ്പ് കമ്പി കൊണ്ട് ഷെല്ലിയുടെ തലക്ക് കുത്തുകയായിരുന്നു. തലക്ക് ഗുരുതര പരിക്ക് പറ്റിയ ഷെല്ലി തൃശൂർ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിൽ കഴിയുകയാണ്.

അർജുനനും ഷെല്ലിയും വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങി ഗുരുവായൂരിൽ കൂലിപ്പണിയെടുത്ത് കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഇയാളെ റിമാൻഡ് ചെയ്തു.

‘അവർ ക്രിസ്തുമസിന് വീടെത്തിയില്ല’, ആളുകളെ കുത്തിനിറച്ച ഫെറി മുങ്ങി, 38 പേർ മരിച്ചു, കാണാതായത് നൂറിലേറെ പേർ

കിൻഷസ: ക്രിസ്തുമസ് അവധിക്ക് വീട്ടിലേക്ക് തിരിച്ചവരെ കുത്തിനിറച്ചെത്തിയ ബോട്ട് നദിയിൽ മുങ്ങി 38 ലേറെ പേർ കൊല്ലപ്പെട്ടു. കോംഗോയിലെ ബസിറ നദിയിൽ ബോട്ട് മുങ്ങിയതിനെ തുടർന്ന് നൂറിലേറെ പേരെയാണ് കാണാതായത്. പരമാവധി ശേഷിയിലും നിരവധി മടങ്ങ് അധികം ആളുകളെ കുത്തിനിറച്ചെത്തിയ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ നിന്ന് 20 പേരെയാണ് ഇതിനോടകം രക്ഷിക്കാനായിട്ടുള്ളത്. ശനിയാഴ്ചയാണ് സംഭവം.

വെള്ളിയാഴ്ച രാത്രി കോംഗോയിലെ വടക്ക് കിഴക്കൻ മേഖലയിൽ ഫെറി ബോട്ട് മുങ്ങി 25 പേർ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണ് ബസിറ നദിയിലെ അപകടം. സ്വദേശത്ത് നിന്ന് മറ്റ് സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും കച്ചവടം ചെയ്യുന്നവരും അടക്കം അവരുടെ വാഹനങ്ങളിൽ വീടുകളിലെത്താൻ ശനിയാഴ്ച മുങ്ങിയ ഫെറി ബോട്ടിൽ കയറിയിരുന്നു. ബസിറ നദിക്കരയിലെ അവസാനത്തെ ചെറുപട്ടണമായ ഇൻഗെൻഡെ മേയർ പ്രതികരിക്കുന്നത്. ഇൻഗെൻഡെ, ലൂലോ എന്നിവിടങ്ങളിലേക്കായി പുറപ്പെട്ട ഫെറി ബോട്ടി 400ൽ ഏറെ പേരായിരുന്നു ഉണ്ടായിരുന്നത്.

ബോട്ടുകളിൽ ആളുകളെ കുത്തി നിറച്ച് കൊണ്ട് പോവുന്ന സംഭവങ്ങൾ കോംഗോയിൽ പതിവാണ്. ഇത്തരം ബോട്ടുകൾക്ക് പിഴ ചുമത്തുന്നതും അധികൃതർ മുന്നറിയിപ്പ് നൽകുന്നത് തുടർന്നിട്ടും ആളുകളെ കുത്തി നിറയ്ക്കുന്ന പ്രവണതയിൽ മാറ്റമില്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്. പൊതുഗതാഗതത്തിനുള്ള ചെലവ് വഹിക്കാനാവാത്തവർ താൽക്കാലിക ബോട്ടുകളിൽ നദി കടക്കാൻ ശ്രമിക്കുന്നതും ഇവിടെ പതിവാണ്. ഒക്ടോബറിൽ കോംഗോയുടെ കിഴക്കൻ മേഖലയിൽ ബോട്ട് മുങ്ങി 78 പേരാണ് കൊല്ലപ്പെട്ടത്. ജൂൺ മാസത്തിലെ സമാന സംഭവത്തിൽ 80 പേർക്കാണ് ജീവൻ നഷ്ടമായത്.

എ‍‍ഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്; ആരോപണങ്ങള്‍ തള്ളി വിജിലൻസ്; അന്തിമറിപ്പോർട്ട് രണ്ടാഴ്ചക്കകം കൈമാറും

തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാറിന് ക്ലീൻചിറ്റ് നൽകി വിജിലൻസ്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് എഡിജിപിക്ക് അനുകൂലമായ കണ്ടെത്തൽ. അന്തിമ റിപ്പോർട്ട് ഉടൻ ‍ഡിജിപിക്ക് കൈമാറും.

കരിപ്പൂർ സ്വര്‍ണക്കടത്ത്, എഡിജിപി എം ആർ അജിത് കുമാറിനെതിരെ പി വി അന്‍വർ എംഎൽഎ ഉയർത്തിവിട്ടത് ആരോപണങ്ങളുടെ വിവാദ പെരുമഴ. പക്ഷെ മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവിൽ എഡിജിപി ക്ലീൻ എന്നാണ് കണ്ടെത്തൽ. ഒരു ആരോപണത്തിലും കഴമ്പില്ലെന്ന് വിജിലൻസ്. പ്രധാനമായും ഉയർന്നത് നാല് ആരോപണങ്ങളാണ്. കോടികൾ മുടക്കി കവടിയാർ കൊട്ടാരത്തിന് സമീപം ആഢംബര ബംഗ്ലാവ് നിര്‍മിക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം. താഴത്തെ കാർ പാര്‍ക്കിംഗ് നില ഉള്‍പ്പെടെ മൂന്ന് നിലകെട്ടിടം.

എന്നാൽ എസ് ബിഐയിൽ നിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്താണ് വീട് നിർമാണമെന്നാണ് കണ്ടെത്തൽ. വീട് നിർമാണം യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിജിലൻസ്.

കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളിൽ ഇരട്ടിവിലക്ക് മറിച്ചു വിറ്റു എന്നായിരുന്നു അടുത്ത ആരോപണം. ഇതിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്നും പരാതി. എന്നാൽ ഇതെല്ലാം ശരിയല്ലെന്നാണ് കണ്ടെത്തൽ. 2009 ലാണ് കോണ്ടൂർ ബില്‍ഡേഴ്സുമായി ഫ്ലാറ്റ് വാങ്ങാൻ 37 ലക്ഷം രൂപക്ക് കരാർ ഒപ്പിടുന്നത്. ഇതിനായി 25 ലക്ഷം രൂപ വായ്പയെടുത്തു. 2013 ൽ കമ്പനി ഫ്ലാറ്റ് കൈമാറി. പക്ഷെ സ്വന്തം പേരിലേക്ക് ഫ്ലാറ്റ് രജിസ്റ്റർ ചെയ്യാൻ വൈകി എന്ന് മാത്രമാണ് കണ്ടെത്തൽ.

നാല് വർഷം താമസിച്ച ശേഷം 65 ലക്ഷം രൂപക്ക് ഫ്ലാറ്റ് വിൽക്കുന്നത് 2016ലാണ്. വില്‍പ്പനക്ക് പത്ത് ദിവസം മുമ്പ്‍, നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സ്വന്തം പേരിലേക്ക് രജിസ്റ്റർ ചെയ്യുകയായിരുന്നു. എട്ട് വര്‍ഷം കൊണ്ടുണ്ടായ മൂല്യവര്‍ധനയാണ് വീടിന്‍റെ വിലയിൽ ഉണ്ടായതെന്നാണ് വിജിലൻസ് വിലയിരുത്തൽ. സർക്കാരിനെ അറിയിക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും വിജിലൻസ്.

കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ് പി ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്‍റെ വിഹിതം എംആർ അജിത് കുമാറിന് ലഭിച്ചു എന്നുമായിരുന്നു മറ്റൊരു ആരോപണം. ക്ലീൻചിറ്റ് മാത്രമല്ല ഇതിൽ, സുജിത് ദാസിന്‍റെ കാലയളവിലാണ് ഏറ്റവും കൂടുതൽ സ്വർണ്ണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളിൽ പ്രതി ചേർത്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിയിലും എം ആർ അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. അന്തിമ റിപ്പോർട്ട് അന്വേഷണ സംഘം രണ്ടാഴ്ചക്കകം ഡിജിപിക്ക് കൈമാറും. അജിത് കുമാറിന് ഡിജിപി തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയതിന്റെ വിവാദം തീരും മുമ്പാണ് വിജിലൻസിൻറെ ക്ലീൻചിറ്റ്. സർക്കാറിന് പ്രിയപ്പെട്ട ഉദ്യോഗസ്ഥനെതിരായ വിജിലൻസ് അന്വേഷണം കണ്ണിൽപൊടിയിടാനാണെന്ന് പ്രതിപക്ഷം നേരത്തെ വിമർശിച്ചിരുന്നു. അത് കൊണ്ട് തന്നെ പ്രതിപക്ഷവും അൻവറും വിജിലൻസ് കണ്ടെത്തൽ തള്ളുമെന്ന് ഉറപ്പ്. അജിത് കുമാറിനെതിരെ ഇനി നിലവിലുള്ളത് തൃശൂർ പൂരം അട്ടിമറിയിലെ അന്വേഷണം.

മൊഹാലിയിൽ ആറുനില കെട്ടിടം തകർന്നുവീണു, നിരവധിപ്പേർ കുടുങ്ങിയതായി സംശയം

മൊഹാലി: പഞ്ചാബിലെ മൊഹാലിയിലെ സൊഹാനയിൽ ആറുനില കെട്ടിടം തകർന്ന് നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ശനിയാഴ്ച വൈകിട്ടോടെയാണ് കെട്ടിടം തകർന്ന് വീണത്. അവശിഷ്ടങ്ങൾക്കുള്ളിൽ എത്രപേർ കുടുങ്ങിയെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണെന്ന് മൊഹാലി എസ്.എസ്.പി. ദീപക് പരീഖ് അറിയിച്ചു.

നിലവിൽ 15 ഓളം പേർ കുടുങ്ങിക്കിടക്കുന്നുവെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദുഃഖകരമായ സംഭവമാണ് നടന്നതെന്നും ആരുടേയും ജീവൻ നഷ്ടപ്പെടരുതേയെന്നാണ് പ്രാർഥനയെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ എക്‌സിൽ കുറിച്ചു. ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തുണ്ട്. അവരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

എംടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; ഗുരുതരമായി തുടരുന്നു: പ്രാർഥനയോടെ കേരളം

കോഴിക്കോട്: വിഖ്യാത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോടു നേരിയ തോതിൽ പ്രതികരിക്കുന്നുണ്ടെങ്കിലും സ്ഥിതി ഗുരുതരമാണെന്നാണ് വിവരം. പുതിയ മെഡിക്കൽ ബുള്ളറ്റിൻ 10 മണിക്ക് പുറത്തുവരും.

വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. 16നു പുലർച്ചെയാണ് കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെ തുടർന്ന് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുമുതൽ ഐസിയുവിൽ ആയിരുന്നെങ്കിലും വെള്ളിയാഴ്ച രാവിലെ ചെറിയ തോതിൽ ഹൃദയാഘാതം ഉണ്ടായതോടെയാണ് ആരോഗ്യനില ഗുരുതരാവസ്ഥയിലായത്.

അതേസമയം, അത്യാവശ്യം ആരോഗ്യത്തോടെ എംടി തിരിച്ചുവരണമെന്നാണു മോഹമെന്നും എളുപ്പമല്ല എന്നറിയാമെന്നും എഴുത്തുകാരൻ സേതു ഫെയ്സ്ബുക്കിൽ കുറിച്ചു.‘‘പതിറ്റാണ്ടുകൾക്ക് മുൻപ് കോഴിക്കോട്ടെ ഒരു ആശുപത്രി വളപ്പിൽ ഞാനും സംവിധായകൻ എം.ആസാദും കാവൽ നിന്നത് ഓർമ വരുന്നു. കാര്യമായി ആരുമുണ്ടായിരുന്നില്ല അവിടെ. കുഞ്ഞാണ്ടി, പുതുക്കുടി ബാലൻ അങ്ങനെ ചില മുഖങ്ങൾ ഓർമയുണ്ട്. നാൽപത്തിയെട്ട്‍ മണിക്കൂറുകൾ കഴിഞ്ഞെ എന്തെങ്കിലും പറയാനാവൂ എന്നാണ് ഡോക്ടർ സി.കെ. രാമചന്ദ്രൻ പറഞ്ഞിരുന്നത്. അത് കഴിഞ്ഞു നാൽപത്തിയെട്ട് വർഷത്തോളം അദ്ദേഹം മലയാളി മനസ്സിൽ നിറഞ്ഞുനിന്നു….അതു പോലെ ഒന്ന്……എളുപ്പമല്ല എന്നറിയാം. പക്ഷെ അത്യാവശ്യം ആരോഗ്യത്തോടെ… ഇതൊരു മോഹമാണ്’’–സേതു കുറിച്ചു.

തടാകതീരത്തെ കുന്നിടിക്കൽ, പഞ്ചായത്ത് പ്രസിഡന്റ്നാടകംഅവസാനിപ്പിക്കണം
         യു.ഡി.വൈ.എഫ്

ശാസ്താംകോട്ട: പടിഞ്ഞാറെകല്ലട പഞ്ചായത്തിൽ പുതുശ്ശേരി മുകളിലെകുന്നി ടി ക്കലുമായിബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് സി.ഉണ്ണികൃഷ്ണൻ നാടകം കളി അവസാനിപ്പിക്കണമെന്ന് ആർ.വൈ.എഫ് ദേശീയ ജോയിന്റ് സെക്രട്ടറിപുലത്തറനൗഷാദ് ആവശ്യപ്പെട്ടു.

പഞ്ചായത്ത് കമ്മിറ്റിയിൽ വിഷയംഉന്നയിച്ച യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ബി. ത്രിദീപ് കുമാറിനോട് വ്യകതമായ മറുപടി നൽകാതെ കുന്നി ടിക്കലിനെ വീട് വെയ്ക്കാൻ എന്ന വ്യാജേനനിസാരവൽക്കരിച്ചപ്രസിഡന്റ് യു.ഡി.എഫ് ജനപ്രതിനിധികൾ പഞ്ചായത്തിന് മുന്നിൽസമരം ചെയ്തപ്പോഴാണ് ബിൽഡിങ്ങ് പെർമിറ്റ്റദ്ദ്ചെയ്ത് കളക്ടർക്ക് പരാതി കൊടുക്കൽ എന്ന നാടകം കളിച്ചത്. ആസമയത്തും1703 ലോഡ് മണ്ണ് എടുക്കാൻ പഞ്ചായത്ത് നൽകിയശുപാർശയുടെ കാര്യം മറച്ച് വെയ്ക്കുകയായിരുന്നു. ജില്ലാജിയോജിസ്റ്റ് വെളിപ്പെടുത്തിയപ്പോഴാണ് സത്യം പുറത്തായത് . ഒന്നും മറക്കാനില്ലങ്കിൽഎന്ത് കൊണ്ട് ശുപാശ പഞ്ചായത്ത് കമ്മിറ്റിയിൽ വെച്ചില്ല. സമാനമായ ശുപാർയുടെബലത്തിൽ പല വാർഡുകളിലും ഇത്തരംമണ്ണ് എടുപ്പുകൾ നടന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വോഷണം നടത്തണം. ബിൽഡിങ്ങ് പെർമിറ്റിന്റെയും പഞ്ചായത്ത് ശുപാർശയുടെ അടിസ്ഥാനത്തിലാണ് 1703 ലോഡ് മണ്ണ് കുന്നിടിച്ച് നിരത്തി എടുക്കാൻ അനുമതി നൽകിയതെന്ന ജില്ലാജിയോളിസ്റ്റിന്റ് വെളിപ്പെടുത്തിയ സാഹചര്യത്തിൽ ഇതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും ഉത്തരവാദിത്വം ഏറ്റെടുത്ത് പഞ്ചായത്ത് പ്രസിഡന്റ് സി.ഉണ്ണികൃഷ്ണൻ രാജി വെയ്ക്കണമെന്നും പുലത്തറനൗഷാദ് ആവശ്യപ്പെട്ടു. അഴിമതി കാരനായ മണ്ണ് മാഫിയ കൂട്ടാളിയായ പഞ്ചായത്ത് പ്രസിഡന്റ് രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു .ഡി.വൈ.എഫ്പടിഞ്ഞാറെ കല്ലട മണ്ഡലം കമ്മിറ്റി പഞ്ചായത്താഫീസിലേക്ക് നടത്തിയ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കല്ലട ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു.ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ,ഡി.സി.സി ജനറൽസെക്രട്ടറി ബി. ത്രിദീപ്കുമാർ, മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻപിളള,യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഹാഷിം സുലൈമാൻ , ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി സുഭാഷ്. എസ്. കല്ലട, മുസ്ലിംലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് കാരാളി.വൈ.എ. സമദ്, റിയാസ് പറമ്പിൽ ,സുരേഷ് ചന്ദ്രൻ ,സുനിൽ കോയിക്കൽ , എൻ.ശിവാനന്ദൻ ,റജ് ല, വിഷ്ണു കുന്നുതറ, നാദിർഷാ കാരൂർക്കടവ്, അനസ് ഖാൻ,ഡാർവിൻ, കുന്നിൽ ജയകുമാർ , ഗിരീഷ് കാരാളി, ഗീവർഗ്ഗീസ്, ഷാലി തുടങ്ങിയവർ പ്രസംഗിച്ചു

റെസ്ലിംഗ് താരം റേ മിസ്റ്റീരിയോ സീനിയർ വിടവാങ്ങി

മെക്‌സിക്കോ: പ്രശസ്ത റെസ്ലിംഗ് താരം റേ മിസ്റ്റീരിയോ സീനിയർ (66) അന്തരിച്ചു. മിഗൽ ഏഞ്ചൽ ലോപ്പസ് ഡയാസ് എന്നാണ് യഥാർത്ഥ പേര്. ഡബ്ല്യു ഡബ്ല്യു ഇ താരം റേ മിസ്റ്റീരിയോ ജൂനിയറിന്റെ അമ്മാവനാണ് റേ മിസ്റ്റീരിയോ സീനിയർ.
മെക്‌സിക്കൻ പ്രൊഫഷണൽ റെസ്ലിംഗ് മത്സരമായ ലുച്ച ലിബ്രയിലൂടെയാണ് മിസ്റ്റീരിയോ സീനിയർ ജനപ്രീതി നേടിയതും റെസ്ലിംഗ് രംഗത്ത് തന്റേതായ സ്ഥാനമുറപ്പിച്ചതും. ലോക റെസ്ലിംഗ് അസോസിയേഷൻ, ലുച്ച ലിബ്ര എഎഎ വേൾഡ്‌വൈഡ് എന്നിവ സംഘടിപ്പിച്ച മത്സരങ്ങളിൽ മിസ്റ്റീരിയോ സീനിയർ. ചാമ്പ്യനായിരുന്നു. വേൾഡ് ചാമ്പ്യൻഷിപ്പ് റെസ്ലിംഗ് സ്റ്റാർകേഡ് പോലുള്ള അന്താരാഷ്ട്ര മത്സരങ്ങളിലെ റേ യുടെ പ്രകടനം താരത്തിന് ലോകപ്രശ്‌സ്തി നേടിക്കൊടുത്തു.

പലനിറങ്ങളിലുള്ള മാസ്‌ക് ധരിച്ച് വളരെ ഉയരത്തിൽ പറന്ന് വന്ന് എതിരാളികളെ ആക്രമിക്കുന്ന രീതിയാണ് റേയെ ആരാധകർക്കിടയിൽ ഇത്രമാത്രം പ്രിയങ്കരനാക്കി മാറ്റിയത്. 2009ലാണ് റേ ഔദ്യോഗികമായി വിരമിച്ചത്. എന്നാൽ, കായികരംഗത്തോടുള്ള പ്രിയം അദ്ദേഹത്തെ 2023ലും ഇടിക്കൂട്ടിൽ കൊണ്ടുനിർത്തി. ഇടിക്കൂടിന് പുറത്ത് മെന്ററായും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിരുന്നു.

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി തിരയിൽപ്പെട്ട് മരിച്ചു

കൊട്ടിയം: കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി തിരയിൽപ്പെട്ട് മരിച്ചു. ഇരവിപുരം സ്നേഹതീരം സൂനാമി ഫ്ലാറ്റിൽ ജോയിയുടെയും റാണിയുടെയും മകൻ ജോമോനാ(14)ണ് മരിച്ചത്. കൊല്ലം സെൻ്റ് അലോഷ്യസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ഇന്ന് ഉച്ചയ്ക്ക് 12ഓടെയായിരുന്നു അപകടം. സുഹ്യത്തുക്കൾക്ക് ഒപ്പം മയ്യനാട് താന്നിയിൽ കടലിൽ കുളിക്കാനിറങ്ങവെ തിരയിൽപ്പെടുകയായിരുന്നു. വിവരമറിയിച്ചതിനെത്തുടർന്ന് പൊലിസും അഗ്നി രക്ഷാ സേനാംഗങ്ങളും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വെെകിട്ട് മൂന്നോടെ മത്സ്യത്തൊഴിലാളികളുടെ വലയിൽ ജോമോന്റെ മൃതദേഹം കുടുങ്ങുകയായിരുന്നു. തുടർന്ന് പുറത്തെടുത്ത ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റി. ഇരവിപുരം പൊലിസ് കേസെടുത്തു.