Home Blog Page 1759

‘പേര് സണ്ണി ലിയോൺ, ഭ‍ർത്താവ് ജോണി സിൻസ്’; വിവാഹിതർക്കുള്ള മഹാതാരി വന്ദൻയോജന വഴി 9000 രൂപ കിട്ടി! വൻ തട്ടിപ്പ്

റായ്പൂർ : നടി സണ്ണി ലിയോണിന്റെ ബാങ്ക് അക്കൗണ്ടെന്ന പേരിൽ വ്യാജ ബാങ്ക് അക്കൗണ്ടിലൂടെ പണം തട്ടിയെടുത്തയാൾ പിടിയിൽ. ഛത്തീസ്ഗഡ് സംസ്ഥാന സർക്കാർ ആരംഭിച്ച മഹാതാരി വന്ദൻ യോജന പദ്ധതിയിലൂടെ 2024 മാർച്ച് മുതലുള്ള പണം ഇയാൾ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. എല്ലാ മാസവും 1000 രൂപ വച്ച് വിവാഹിതരായ സ്ത്രീകൾക്ക് അക്കൗണ്ടിലേക്ക് പണം ലഭിക്കുന്ന പദ്ധതിയാണ് മഹാതാരി വന്ദൻ യോജന.

2024 മാർച്ച് മുതൽ സണ്ണി ലിയോണിന്റെ പേരിൽ തട്ടിപ്പുകാരന് ഇത് വരെ ലഭിച്ചത് 9000 രൂപയാണ്. എന്നാൽ തട്ടിപ്പിനിടയ്ക്ക് ഗുണഭോക്താവിന് പറ്റിയ അമളിയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. സണ്ണി ലിയോണിന്റെ ഭർത്താവിന്റെ പേരായി ഇയാൾ നൽകിയിരിക്കുന്നത് ജോണി സിൻസിന്റെ പേരാണ്.

വീരേന്ദ്ര ജോഷി എന്നയാളാണ് സണ്ണി ലിയോണിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് ആരംഭിച്ചത്. തുടർ നടപടികൾക്കായി ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ബസ്തർ മേഖലയിലെ തലൂർ എന്ന ഗ്രാമത്തിലാണ് തട്ടിപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും ബാങ്ക് അക്കൗണ്ട് കണ്ടുകെട്ടാനും വനിതാ ശിശുവികസന വകുപ്പിന് ജില്ലാ കളക്ടർ ഹാരിസ് ഉത്തരവിട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേ സമയം ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരമൊരു വീഴ്ച്ച പറ്റിയത് പ്രതിപക്ഷമായ കോൺഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ട്. മഹ്താരി വന്ദൻ യോജനയുടെ 50 ശതമാനത്തിലധികം ഗുണഭോക്താക്കളും വ്യാജമാണെന്ന് കോൺഗ്രസ് ആരോപിച്ചു. വിഷയം കോൺഗ്രസ് രാഷ്ട്രീയമാക്കുകയാണെന്ന് ഉപമുഖ്യമന്ത്രി അരുൺ സാവോയും പ്രതികരിച്ചു. കോൺഗ്രസിന് നൽകാൻ കഴിയാതിരുന്ന സഹായം ഇപ്പോൾ സംസ്ഥാനത്തെ സ്ത്രീകൾക്ക് ലഭിക്കുന്നതാണ് കോൺഗ്രസിന് വേദനയുണ്ടാക്കുന്നതെന്നും സാവോ കൂട്ടിച്ചേർത്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് പോക്‌സോ നിയമപ്രകാരം ബലാത്സംഗക്കുറ്റമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമോ പോക്‌സോ നിയമപ്രകാരമോ ബലാത്സംഗക്കുറ്റമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി.
നിതിന്‍ യാദവ്, നീലു നാഗേഷ് എന്ന നീലകാന്ത നാഗേഷ് എന്നിവര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മരിച്ച ശേഷവും ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് കോടതി വിധി. മരിച്ചതിന് ശേഷം മൃതദേഹത്തെ ബലാത്സംഗം ചെയ്തത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമോ ബലാത്സംഗക്കുറ്റമായി കാണാനാകില്ല.ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രമേഷ് സിന്‍ഹയും ജസ്റ്റിസ് ബിഭു ദത്ത ഗുരുവുമാണ് കേസില്‍ വിധി പറഞ്ഞത്. ഇര ജീവിച്ചിരിക്കുന്നുവെങ്കില്‍ മാത്രമേ ഇത് ബലാത്സംഗക്കുറ്റമായി കാണാനാകൂയെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

പ്രതികള്‍ മൃതദേഹത്തെ ബലാത്സംഗം ചെയ്തു എന്നത് ഭയാനകമായ പ്രവൃത്തി തന്നെയാണെന്നതില്‍ സംശയമില്ല. ഒരാള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറമുള്ള കാര്യമാണെന്നതില്‍ സംശയമില്ല. പക്ഷേ, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഐപിസി 363,376(3) എന്നീ വകുപ്പുകള്‍ പ്രകാരമോ, പോക്‌സോ നിയമത്തിലെ ആറാം വകുപ്പ് പ്രകാരമോ ബലാത്സംഗക്കുറ്റത്തില്‍ ഇവര്‍ക്കെതിരെ കേസെടുക്കാനാകില്ല. അങ്ങനെ കേസെടുക്കണമെങ്കില്‍ ഇര ജീവിച്ചിരിക്കണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളുടെ പേരില്‍ വിചാരണ ചെയ്യപ്പെടുന്ന രണ്ട് പേര്‍ നല്‍കിയ ഹര്‍ജിയിലാണ് ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ വിധി.

‘യുവതി മരിച്ചതറിഞ്ഞിട്ടും അല്ലു സിനിമ കാണുന്നത് തുടർന്നു, തിയറ്റർ വിടാൻ തയാറായില്ല; ദുരന്തശേഷവും ആളുകളെ കണ്ടു’

ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച വിവരം അറിഞ്ഞിട്ടും നടൻ അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നതായി പൊലീസ്. യുവതി മരിച്ച വിവരം തിയറ്ററിൽവച്ച് അല്ലുവിനെ പൊലീസ് അറിയിച്ചിരുന്നതായി ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു. തിയറ്ററിൽനിന്ന് പോകാൻ താരം കൂട്ടാക്കിയില്ല. മടങ്ങുമ്പോൾ ആളുകളെ കാണരുതെന്ന നിർദേശം പാലിച്ചില്ല. ദുരന്തശേഷവും നടൻ ആളുകളെ അഭിവാദ്യം ചെയ്തു. തെളിവായി തിയറ്ററിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.

ഡിസംബർ നാലിന് നടന്ന പ്രിമിയർ ഷോയ്ക്കിടെ ആണ് ആന്ധ്ര സ്വദേശിയായ രേവതി (39) തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. അപ്രതീക്ഷിതമായി താരം തിയറ്ററിൽ എത്തിയതിനെ തുടർന്നാണ് തിരക്കുണ്ടായത്. സ്ത്രീയുടെ മരണത്തെ തുടർന്ന് അല്ലു അർജുനും സുരക്ഷാ ഉദ്യോഗസ്ഥർക്കും തിയറ്റർ ഉടമകൾക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. സുരക്ഷാ നിർദേശങ്ങൾ പാലിക്കാത്തതിനാണ് കേസെടുത്തത്. ദുരന്തവിവരം അറിഞ്ഞയുടനെ തിയറ്റർ വിട്ടെന്നായിരുന്നു അല്ലു അർജുന്റെ വാദം. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന തെളിവുകളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.

തിയറ്റർ വിടാനുള്ള അഭ്യർഥന താരം നിരസിച്ചതായി പൊലീസ് പറയുന്നു. ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണർ സി.വി.ആനന്ദ് ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു. അല്ലുവിന്റെ അടുത്തേക്ക് പോകാൻ തിയറ്റർ മാനേജർ അനുവദിച്ചില്ലെന്ന് ചിക്കഡപള്ളി എസിപി രമേഷ് കുമാർ പറഞ്ഞു. പൊലീസിന്റെ സന്ദേശം താൻ കൈമാറാമെന്ന് തിയറ്റർ ഉടമ പറഞ്ഞു. സന്ദേശം കൈമാറിയില്ല. താരത്തിന്റെ മാനേജരോട് ദുരന്ത വിവരം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. അവസാനം താരത്തിന് അടുത്തെത്തി ദുരന്ത വിവരം പറഞ്ഞെങ്കിലും സിനിമ പൂർത്തിയായശേഷം മടങ്ങാമെന്നാണ് പറഞ്ഞതെന്നും എസിപി പറഞ്ഞു. അല്ലു അർജുന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളെയും പൊലീസിനെയും പിടിച്ചു തള്ളിയതായും പൊലീസ് പറഞ്ഞു. താരങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസുകാരെയോ ജനങ്ങളെയോ കയ്യേറ്റം ചെയ്താൽ കർശന നടപടിയുണ്ടാകുമെന്നും പൊലീസ് കമ്മിഷണർ വ്യക്തമാക്കി.

യുവതിയുടെ മരണത്തെ തുടർന്ന് അല്ലുവിനെ പൊലീസ് വീട്ടിലെത്തി അറസ്റ്റു ചെയ്തിരുന്നു. തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും രാത്രി ജയിലിൽ കഴിയേണ്ടിവന്നു. അല്ലു അർജുന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ തിയറ്ററിൽ ജനങ്ങളെ കൈകാര്യം ചെയ്ത രീതിയാണ് അപകടത്തിനിടയാക്കിയതെന്നും, സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളെ കയ്യേറ്റം ചെയ്തതിനെ തുടർന്നാണ് ലാത്തിവീശേണ്ടി വന്നതെന്നും പൊലീസ് പറയുന്നു. അല്ലു അർജുന്റെ ജൂബിലി ഹിൽസിലെ വീടിനുനേരെ ഇന്നലെ ആക്രമണമുണ്ടായി. അതിക്രമിച്ചു കയറിയ ആളുകൾ വീടിനു കല്ലെറിഞ്ഞു. പൂച്ചെട്ടികൾ തകർത്തു. ഒസ്മാനിയ സർവകലാശാലയിലെ വിദ്യാർഥികളാണ് ആക്രമണം നടത്തിയത്.

ഇനി ഒരു ചായയ്ക്ക് 250 രൂപ നൽകേണ്ട, വിമാനത്താവളത്തിൽ പോക്കറ്റ് കാലിയാകാതെ ആഹാരം കഴിക്കാം; ആദ്യ ഉഡാൻ കഫെ തുറന്നു

കൊൽക്കത്ത: വിമാനത്താവളത്തിൽ കുറഞ്ഞ ചെലവിൽ ഭക്ഷണം കഴിക്കാൻ ഉ‍ഡാൻ യാത്രി കഫേ. കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റനാഷണൽ വിമാനത്താവളത്തിൽ ആദ്യ കഫേ ഉദ്ഘാടനം ചെയ്തു. വ്യോമയാന മന്ത്രി കെ രാംമോഹൻ നായിഡുവാണ് കഫെ ഉദ്ഘാടനം ചെയ്തത്. ഈ കഫെ വിജയിച്ചാൽ കൂടുതൽ വിമാനത്താവളങ്ങളിൽ തുറക്കാനാണ് കേന്ദ്ര സർക്കാരിന്‍റെ തീരുമാനം.

പൊള്ളുന്ന വില കാരണം വിമാനത്താവളങ്ങളിൽ നിന്ന് ഒരു ചായ പോലും കുടിക്കാൻ മിക്ക യാത്രക്കാർക്കും കഴിയാറില്ല. എന്നാൽ പുതിയ ഉ‍ഡാൻ യാത്രി കഫേയിൽ മിതമായ നിരക്കിൽ ചായയും ലഘുഭക്ഷണവും കുടിവെള്ളവുമൊക്കെ ലഭിക്കുമെന്നാണ് അറിയിപ്പ്. കൊൽക്കത്ത വിമാനത്താവളത്തിന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ആദ്യ കഫെ പ്രവർത്തനം തുടങ്ങിയത്. നേരത്തെ ചെലവു കുറഞ്ഞ വിമാന യാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഉ‍ഡാൻ പദ്ധതി കൊണ്ടുവന്നത്. ഇതിന് പിന്നാലെയാണ് വിമാനത്താവളങ്ങളിൽ ചെലവ് കുറഞ്ഞ ഭക്ഷണം നൽകാൻ ഉ‍ഡാൻ യാത്രി കഫേ തുറന്നത്.

എഎപി എംപി രാഘവ് ഛദ്ദയാണ് വിമാനത്താവളങ്ങളിൽ ഭക്ഷണങ്ങളുടെ അമിത നിരക്ക് പാർലമെന്‍റിന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. അവസാനം സർക്കാർ സാധാരണക്കാരുടെ ശബ്ദം കേട്ടെന്ന് രാഘവ് ഛദ്ദ പ്രതികരിച്ചു. മറ്റ് വിമാനത്താവളങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ വിമാന യാത്രക്കാർക്ക് ചായ കുടിക്കാൻ 250 രൂപയോ കുടിവെള്ളത്തിന് 100 രൂപയോ ചെലവാക്കേണ്ടി വരില്ലെന്നും എംപി പറഞ്ഞു.

പെൺകുട്ടിയെ കാണാതായി 3 ദിവസം, പിന്നാലെ അപകട വാർത്ത, മൃതദേഹം കുളത്തിൽ; 2 യുവാക്കളും മരിച്ചു

തിരുപ്പൂർ: ഉദുമൽപേട്ടയ്ക്കു സമീപം കുറിച്ചിക്കോട്ടൈ മാനുപ്പട്ടിയിൽ ഇരുചക്രവാഹനം കുളത്തിലേക്ക് മറിഞ്ഞു പ്ലസ്‌വൺ വിദ്യാർഥിനിയും രണ്ട് യുവാക്കളും മരിച്ചു. ദർശന (17), ചെന്നൈ വേലച്ചേരി സ്വദേശി ആകാശ് (20), വിദ്യാർഥിനിയുടെ ബന്ധു മാരിമുത്തു (20) എന്നിവരാണ് മരിച്ചത്.

വിദ്യാർഥിനിയെ മൂന്ന് ദിവസമായി കാണാനില്ലായിരുന്നു. രക്ഷിതാക്കൾ തളി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടയിൽ മാനുപ്പട്ടിയിൽ കൃഷിയിടത്തോടു ചേർന്നുള്ള കുളത്തിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് സ്‌ഥലത്തെത്തി കാണാതായ പെൺകുട്ടിയാണ് മരിച്ചവരിൽ ഒരാളെന്ന് സ്‌ഥിരീകരിക്കുകയായിരുന്നു.

സ്വർണക്കള്ളക്കടത്തുകാരുമായി തനിക്ക് ബന്ധമെന്ന അജിത് കുമാറിന്റെ മൊഴി വ്യാജം; പരാതി നൽകി പി.വിജയൻ

തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത്കുമാർ തനിക്കെതിരെ കള്ളമൊഴി നൽകിയെന്ന് ഇന്റലിജൻസ് എഡിജിപി പി.വിജയന്റെ പരാതി. തനിക്കു കരിപ്പൂരിലെ സ്വർണക്കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് എം.ആർ.അജിത്കുമാർ നൽകിയ മൊഴി കള്ളമാണെന്നും കേസെടുക്കണമെന്നും പി.വിജയൻ ഡിജിപി എസ്.ദർവേഷ് സാഹിബിനു മൂന്നാഴ്ച മുൻപ് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടെന്നാണു വിവരം.

സാധാരണനിലയിൽ ഡിജിപിക്കു തന്നെ ഇത്തരം പരാതികളിൽ നടപടിയെടുക്കാമെങ്കിലും ഉന്നത തസ്തികയിൽ ഇരിക്കുന്ന രണ്ട് മുതിർന്ന ഓഫിസർമാർ തമ്മിലുള്ള പ്രശ്നമായതിനാൽ പരാതി, ‘ആവശ്യമായ’ നടപടി സ്വീകരിക്കണമെന്നു നിർദേശിച്ച് ആഭ്യന്തരവകുപ്പിനു കൈമാറി.

പി.വി.അൻവർ എംഎൽഎ എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്താൻ സർക്കാർ നിയോഗിച്ച ഡിജിപി എസ്.ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണസമിതിക്കായിരുന്നു എഡിജിപി അജിത്കുമാർ ഇന്റലിജന്റ്സ് എഡിജിപി പി.വിജയനെതിരെ മൊഴി നൽകിയത്. പി.വിജയനും തീവ്രവാദവിരുദ്ധ സേനയിലെ ചില അംഗങ്ങൾക്കും സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് എസ്പി സുജിത്ദാസ് തന്നോടു പറഞ്ഞിട്ടുണ്ടെന്നായിരുന്നു മൊഴി. എന്നാൽ ഇത്തരം ഒരു വിവരവും അജിത്കുമാറിനോടു പറഞ്ഞിട്ടില്ലെന്നായിരുന്നു സുജിത് ദാസിന്റെ മറുപടി.

നേരത്തേ, അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവീസിൽ സസ്പെൻഡ് ചെയ്യപ്പെട്ടയാളാണ് പി.വിജയൻ. കോഴിക്കോട് എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതികളെ പിടികൂടി കേരളത്തിലേക്കു കൊണ്ടുവരുന്നതിനിടെ യാത്രാവിവരം ചില മാധ്യമങ്ങൾക്കു വിജയൻ ചോർത്തിനൽകിയെന്നായിരുന്നു അജിത്തിന്റെ റിപ്പോർട്ട്. കേരള പൊലീസിലെ തീവ്രവാദവിരുദ്ധ സേനയുടെ തലവനായിരുന്ന വിജയനെ 2023 മേയിൽ സസ്പെൻഡ് ചെയ്തു. പിന്നീട് എഡിജിപി കെ.പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അജിത്തിന്റെ അന്വേഷണ റിപ്പോർട്ട് തള്ളി. അതിനുശേഷം സസ്പെൻഷൻ അവലോകനം ചെയ്യാ‍ൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ രൂപീകരിച്ച നാല് അംഗ സമിതിയും വിജയന് അനുകൂലമായാണു റിപ്പോർട്ട് നൽകിയത്. സർവീസിൽ തിരിച്ചെത്തിയ വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.

പി.വി.അൻവർ വിവാദത്തിൽ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയതോടെയുണ്ടായ അഴിച്ചുപണിയിൽ പി.വിജയൻ ഇന്റലിജൻസ് മേധാവിയായി. അജിത്കുമാർ ബറ്റാലിയന്റെ ചുമതലയുള്ള എഡിജിപിയായിയാണിപ്പോൾ. ജൂലൈയിൽ ഡിജിപിയായി സ്ഥാനക്കയറ്റവും ലഭിക്കും. പി.വി.അൻവറുമായി നടത്തിയ ഫോൺസംഭാഷണം അൻവർ പുറത്തുവിട്ടതിനെത്തുടർന്നാണു സുജിത് ദാസ് സസ്പെൻഷനിലായത്. ഇതിൽ അജിത്കുമാറിനെതിരെ സുജിത് ദാസ് ആരോപണമുന്നയിച്ചിരുന്നു.

വാർത്താനോട്ടം

2024 ഡിസംബർ 23 തിങ്കൾ
BREAKING NEWS

? പാലക്കാട്ടെ സ്ക്കുളിൽ വിഎച്ച്പി പ്രവർത്തകർ  ക്രിസ്തുമസ് ആഘോഷം തടഞ്ഞതോടെ ബിജെപിയുടെ വെറുപ്പും വിദ്വേഷവും പുറത്ത് വന്നെന്നും ബിജെപിയുടെ
ക്രൈസ്തവ സ്നേഹം കാപട്യമാണെന്നും സന്ദീപ് വാര്യർ

?കാലിക്കറ്റ് സർവ്വകലാശാല സ്തംഭനം, സമവായ സമിതിയിൽ ഭിന്നത, മുസ്ലിം ലീഗ് അംഗം രാജിവെച്ചു.

? ഹൂതികേന്ദ്രങ്ങളിൽ വ്യോമാക്രമണം, ബോംബാക്രമണത്തിൽ 40 മരണം ,ഗസ്സയിൽ സ്ക്കൂളുകളിൽ ഇസ്രായേൽ ആക്രമണം


?ഉത്തർപ്രദേശിലെ
പീലിപിത്തിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 3 ഖാലിസ്ഥാൻ ഭീകരർ കൊല്ലപ്പെട്ടു.


?  കേരളീയം  ?


?അനുയോജ്യമായ സ്ഥലം കണ്ടെത്തിയാല്‍ കേരളത്തില്‍ ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതില്‍ അനുമതി നല്‍കാമെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. കോവളത്ത് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കേന്ദ്രമന്ത്രിയുമായി കൂട്ടിക്കാഴ്ച്ചയിലാണ് ഖട്ടരിന്റ് ഉറപ്പ്.


?പാലക്കാട് നല്ലേപ്പുള്ളി ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചതിന് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ഭീഷണിയുയര്‍ത്തിയതിനെതിരെ പ്രതിഷേധം ശക്തം. വി എച്ച് പി ജില്ലാ സെക്രട്ടറി അടക്കമുള്ളവര്‍ അറസ്റ്റിലായ സംഭവത്തില്‍ യുവജന സംഘടനകളായ ഡി വൈ എഫ് ഐയും യൂത്ത് കോണ്‍ഗ്രസുമടക്കം ഇന്ന് ശക്തമായ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്.




? വയനാട് പുനരധിവാസത്തിനായി വീടുകള്‍ വാഗ്ദാനം ചെയ്ത 38 സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തുമെന്നും സ്ഥലമേറ്റെടുപ്പ് നടപടി വേഗത്തിലാക്കുമെന്നും ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം. ചീഫ് സെക്രട്ടറി അവതരിപ്പിച്ച കരട് പദ്ധതി മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു.

?  മുനമ്പം സമരത്തിന്റെ ആദ്യ ദിവസം മുതല്‍ പിന്തുണയുമായി ഒപ്പമുണ്ടെന്നും പരിഹാരം കാണുന്നത് വരെ കൂടെയുണ്ടാകുമെന്നും മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. പ്രധാനമന്ത്രി തന്നെ ഇക്കാര്യം ഉറപ്പ് നല്‍കിയതാണെന്നും  ഇതില്‍ രാഷ്ട്രീയമില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 



? കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ ആരോഗ്യ സ്ഥിതി കഴിഞ്ഞ ദിവസത്തേതിന് സമാനമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട് . ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.



?  കട്ടപ്പനയിലെ നിക്ഷേപകന്‍ സാബുവിന്റെ മരണത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി ആര്‍ സജിക്കും മൂന്ന് സൊസൈറ്റി ജീവനക്കാര്‍ക്കും എതിരെ ആത്മഹത്യ പ്രേരണക്കെതിരെ കേസെടുക്കണമെന്ന് സാബുവിന്റെ ഭാര്യ മേരിക്കുട്ടി.


?  പത്തനംതിട്ട കൊടുമണ്ണില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. റൗഡി ലിസ്റ്റില്‍ പെട്ടയാളുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഇയാളുടെ സുഹൃത്തുക്കളാണ് പൊലീസിന് നേരെ കല്ലെറിയുകയും സ്വകാര്യ വാഹനങ്ങള്‍ ആക്രമിക്കുകയും ചെയ്തത്.

?  നിലമ്പൂരിലെ നാട്ടുവൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകത്തില്‍ ഒളിവിലായിരുന്ന യുവാവ് മുക്കട്ട കൈപ്പഞ്ചേരി സ്വദേശി ഫാസില്‍ ഗോവയില്‍ വെച്ച് വൃക്ക രോഗത്തെ തുടര്‍ന്ന് മരിച്ചതായി പൊലീസിന് വിവരം.

? തിരുനെല്‍വേലിയില്‍ ഉപേക്ഷിച്ച കേരളത്തിലെ ആശുപത്രികളില്‍ നിന്നുള്ള മാലിന്യം നീക്കിത്തുടങ്ങി. ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനത്തെ തുടര്‍ന്ന് ക്ലീന്‍ കേരള കമ്പനിയും തിരുവനന്തപുരം ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് മാലിന്യങ്ങള്‍ തിരിച്ചെടുക്കുന്നത്. മാലിന്യം തള്ളിയതില്‍ നാലു പേരെ തമിഴ്നാട് പൊലീസ് അറസ്റ്റ്  ചെയ്തു.

?  രാജ്യാന്തര ബീച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളെ മാതൃകയാക്കി കോഴിക്കോട് ഒരുങ്ങുന്ന ‘ഓഷ്യാനസ് ചാലിയം’മാതൃകാ ബീച്ച് ഇന്ന് ഉദ്ഘാടനം ചെയ്യും. ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ആണ് ഉദ്ഘാടനം നടത്തുക. 9.53 കോടി രൂപ ചിലവിട്ടാണ് ബീച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.

?വാര്‍ത്തയുടെ പേരില്‍ ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രക്ഷോഭത്തിന്. ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി മാര്‍ച്ചും ധര്‍ണയും നടത്തും.





??  ദേശീയം  ??



?ഔദ്യോഗിക സന്ദര്‍ശനത്തിന് കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തിലെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതി. കുവൈത്തിന്റെ വിശിഷ്ട മെഡലായ മുബാറക് അല്‍ കബീര്‍ മെഡല്‍ കുവൈത്ത് അമീര്‍ സമ്മാനിച്ചു.

?  നടന്‍ അല്ലു അര്‍ജുന്റെ വസതിയില്‍ അതിക്രമം. ഹൈദരാബാദിലുള്ള നടന്റെ വീട്ടിലേക്ക് കയറിയ ഒരു കൂട്ടം യുവാക്കള്‍ ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകര്‍ക്കുകയായിരുന്നു. കല്ലുകളും തക്കാളിയുമൊക്കെ വലിച്ചെറിഞ്ഞുവെന്നും ജനല്‍ തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റിലായി.


?കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപിക്ക് സമന്‍സ് അയച്ച് ബറേലി ജില്ലാ കോടതി. ജാതി സെന്‍സസ് പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട്  രാഹുല്‍ ഗാന്ധി ജനുവരി 7 ന് ഹാജരാകണമെന്നാണ് അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിലെ പരാമര്‍ശം ഉന്നയിച്ചാണ് ഹര്‍ജി. രാഹുലിന്റെ പ്രസ്താവനകള്‍ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്ന സ്വകാര്യ ഹര്‍ജിയിലാണ് നടപടി.

? റിപ്പബ്ളിക് ദിന പരേഡിന് 15 സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ക്ക് ഇക്കുറി അവതരണാനുമതി നല്‍കി കേന്ദ്രം.  കേരളം ഇത്തവണ ദൃശ്യങ്ങള്‍ സമര്‍പ്പിച്ചിരുന്നില്ല.

?  ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തിലുള്ള 55-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ വായ്പയെടുക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴ ചാര്‍ജുകള്‍ക്ക് ജിഎസ്ടി നല്‍കേണ്ടെന്ന് തീരുമാനമായി. 



?  ദില്ലിയിലെ സ്‌കൂളുകള്‍ക്ക് തുടര്‍ച്ചയായി ബോംബ്  ഭീഷണി അയച്ച സംഭവത്തിലെ പ്രതികളായ വിദ്യാര്‍ത്ഥികള പിടികൂടി പൊലീസ്. എന്നാല്‍ പിടിയിലായ പ്രതികളെ പൊലീസ് കോടതിയില്‍ ഹാജരാക്കാതെ മുന്നറിയിപ്പ് നല്‍കി മാതാപിതാക്കളുടെ ഒപ്പം അയയ്ക്കുകയാണ് നല്‍കിയത്.


? പഞ്ചാബിലെ മൊഹാലിയിലെ സൊഹാനയില്‍ ആറുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഹിമാചല്‍ പ്രദേശ് സ്വദേശിയായ യുവതിയാണ് അപകടത്തില്‍ മരിച്ചത്. ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

?  ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസിന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് ചമച്ച് തട്ടിപ്പ്. ഓണ്‍ലൈന്‍ വഴി സിആര്‍പി ഓഫിസര്‍ ചമഞ്ഞും വ്യാജപേരുകളിലും ചിലര്‍ വ്യാജ ഓഫറുകള്‍ നല്‍കി പണം തട്ടുന്നതായി തുടരെ പരാതികള്‍ ലഭിക്കുന്നതായി രാജ്ഭവന്‍ അധികൃതര്‍ അറിയിച്ചു.





??  അന്തർദേശീയം  ??

?  പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ ഖൈബര്‍ പഖ്തുന്‍ഖ്വയില്‍ ചെക്ക് പോസ്റ്റിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 16 പാക് സൈനികരും  പാക് സൈനികരുടെ ആക്രമണത്തില്‍ 8 തീവ്രവാദികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തീവ്രവാദ ആക്രമണങ്ങള്‍ മേഖലയില്‍ പതിവാകുന്നതിനിടെയാണ് ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണം.

?  ടെക്സാസിലെ കിലീനിലെ മാളിനുള്ളിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ യുവാവിനെ പൊലീസ് വെടിവച്ചു വീഴ്ത്തി. ട്രക്ക് ഓടിച്ചിരുന്ന യുവാവിനെ പാര്‍ക്കിംഗില്‍ വച്ചാണ് പൊലീസ് വെടിവച്ച് വീഴ്ത്തിയത്. ഇടിച്ച് കയറിയതിന് ശേഷവും വാഹനം നിര്‍ത്താന്‍ തയ്യാറാവാതിരുന്ന ട്രക്ക് ഡ്രൈവര്‍ മാളിനുള്ളില്‍ ആളുകള്‍ക്കിടയിലൂടെ ട്രക്ക് ഓടിച്ചതോടെ വലിയ രീതിയില്‍ ആളുകള്‍ പരിഭ്രാന്തരായി.


?  സിറിയയിലെ വിമത നേതാവ് അബു മുഹമ്മദ് അല്‍ ജുലാനിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്ന പാരിതോഷികം അമേരിക്ക പിന്‍വലിച്ചു. ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിന്റെ മേധാവി ജുലാനിയെ പിടികൂടാന്‍ സഹായിച്ചാല്‍ ഒരു കോടി ഡോളര്‍ നല്‍കുമെന്ന് ആയിരുന്നു പ്രഖ്യാപനം. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ചത്.


? തുര്‍ക്കിയില്‍ ഹെലികോപ്റ്റര്‍ ആശുപത്രികെട്ടിടത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. രണ്ട് പൈലറ്റും ഡോക്ടറും ആശുപത്രി ജീവനക്കാരനുമാണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം.

?  ക്രിസ്മസ് ആഘോഷത്തിനിടെ ഭാര്യയും മക്കളുമുള്‍പ്പടെ കുടുംബത്തിലെ ആറു പേരെ വെടിവെച്ചുകൊന്ന ശേഷം 56-കാരന്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. ഇറാന്‍ വംശജനായ അസീസ് എന്നയാളാണ് ഭാര്യയും മക്കളും ഭാര്യയുടെ സഹോദരിയേയും സഹോദരനേയും അയാളുടെ മക്കളേയുമടക്കം കുടുംബത്തെയൊന്നാകെ കൊലപ്പെടുത്തിയത്.



?തായ്വാന് സൈനിക സഹായം നല്‍കാനുള്ള അമേരിക്കയുടെ തീരുമാനത്തില്‍ എതിര്‍പ്പറിയിച്ച് ചൈന. അമേരിക്കയുടെ നടപടി തീകൊണ്ടുള്ള കളിയാണെന്ന് ചൈന മുന്നറിയിപ്പ് നല്‍കി.



?   കായികം  ?


? ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗംഭീര തിരിച്ചുവരവ്. മുഹമ്മദന്‍ എസ്.സിയെ കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോളിന് തകര്‍ത്തു. ബ്ലാസ്റ്റേഴ്സിന്റെ നാലാം ജയമാണിത്. മൈക്കല്‍ സ്റ്റാറേ മടങ്ങിയശേഷം ഇടക്കാല പരിശീലകന്‍ ടി.ജി പുരുഷോത്തമന് കീഴിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്.



?വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ എകദിന മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് 211 റണ്‍സിന്റെ കൂറ്റന്‍ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ടീം ഇന്ത്യ 91 റണ്‍സെടുത്ത സ്മൃതി മന്ദാനയുടെ തകര്‍പ്പന്‍ ഇന്നിങ്സിന്റെ കരുത്തില്‍ 314 റണ്‍സാണ് അടിച്ചെടുത്തത്.

യുപിയിലെ 3 ഖലിസ്ഥാനി ഭീകരരെ വധിച്ച് പൊലീസ്; 2 എകെ 47 തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്തു

ന്യൂഡൽഹി: യുപിയിലെ പിലിബിത്തിൽ മൂന്ന് ഖലിസ്ഥാനി തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ച് പൊലീസ്. പഞ്ചാബ് പൊലീസും യുപി പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. ഖലിസ്ഥാനി കമാൻഡോ ഫോഴ്സ് എന്ന നിരോധിത സംഘടനയുടെ ഭാ​ഗമായ ​ഗുർവീന്ദർ സിം​ഗ്, വീരേന്ദർ സിം​ഗ്, ജസൻപ്രീത് സിം​ഗ് എന്നീ മൂന്ന് പേരാണ് പൊലീസുമായുളള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പഞ്ചാബ് പോലീസിനെ ആക്രമിച്ച കേസിലടക്കം പ്രതികളാണ് ഇവർ. ഇവരിൽ നിന്ന് 2 എകെ 47 തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്തിട്ടുണ്ട്.

തൃശൂര്‍ പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമെന്ന എഡിജിപിയുടെ റിപ്പോര്‍ട്ട് തള്ളി തിരുവമ്പാടി ദേവസ്വം

തൃശൂര്‍ പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമെന്ന എഡിജിപിയുടെ റിപ്പോര്‍ട്ട് തള്ളി തിരുവമ്പാടി ദേവസ്വം. പൂരം കലക്കിയതിന്റെ ഉത്തരവാദിത്വം തിരുവമ്പാടി ദേവസ്വത്തിന്റെ മേല്‍ വച്ചുകെട്ടാനാണ് നീക്കമെന്നും ദേവസ്വത്തില്‍ ആരും രാഷ്ട്രീയം കളിച്ചിട്ടില്ലെന്നും സെക്രട്ടറി ഗിരീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എഡിജിപിയുടെ വീഴ്ച മറയ്ക്കാനാണ് ശ്രമം. പൂരം കലക്കല്‍ സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ ആദിവാസി യുവതി ജീപ്പില്‍ പ്രസവിച്ചു

പത്തനംതിട്ട: ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ ആദിവാസി യുവതി ജീപ്പില്‍ പ്രസവിച്ചു. കോന്നി ആവണിപ്പാറ സ്വദേശിയായ 20കാരിയാണ് ജീപ്പില്‍ പ്രസവിച്ചത്. വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ ജീപ്പില്‍ കോന്നി താലൂക്ക് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് യുവതി പ്രസവിച്ചത്.
പ്രസവ വേദനയുണ്ടായതോടെ യുവതിയുടെ ബന്ധുക്കള്‍ ട്രൈബല്‍ പ്രമോട്ടര്‍ ഹരിതയെ വിവരമറിയിച്ചു. ഇവരെത്തി യുവതിയെ ജീപ്പില്‍ കല്ലേലി-ആവണിപ്പാറ വനപാതയിലൂടെ കോന്നിയിലേയ്ക്ക് കൊണ്ടുപോകുന്ന വഴിയാണ് മണ്ണാറപ്പാറ ഭാഗത്തുവെച്ച് പ്രസവിച്ചത്. കൊക്കാത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തക സജീദയും കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയുമായ മകളുമാണ് പ്രസവ സമയത്ത് യുവതിയെ പരിചരിച്ചത്.
തുടര്‍ന്ന് കോന്നി മെഡിക്കല്‍ കോളജില്‍ നിന്ന് ആംബുലന്‍സ് എത്തിച്ച് ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും എത്തിച്ചു. അമ്മയും കുഞ്ഞും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാതെ സുഖമായിരിക്കുന്നുവെന്ന് സജീദ പറഞ്ഞു.