Home Blog Page 1753

മെഡിറ്റേഷൻ ചെയ്യുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

ഉദാസീനമായ ജീവിതശെെലി മൂലം ഇ‌ന്ന് അധികം ആളുകളും നേരിടുന്ന പ്രശ്നമാണ് സമ്മർദ്ദം. സ്ട്രെസ് കുറയ്ക്കുന്നതിന് ധ്യാനം മികച്ചൊരു മാർ​ഗമായി പഠനങ്ങൾ പറയുന്നു. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിന് മെഡിറ്റേഷൻ അഥവാ ധ്യാനം വളരെയധികം സഹായിക്കും.

ധ്യാനം മാനസികവും വൈകാരികവും ശാരീരികവുമായ ക്ഷേമത്തിന് പ്രധാന പങ്കാണ് വഹിക്കുന്നത്. ധ്യാന പരിശീലനത്തിന് മനുഷ്യൻ്റെ മാനസിക പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിയുമെന്ന് വിദ​ഗ്ധർ പറയുന്നു.

സമ്മർദം, ഉത്കണ്ഠ എന്നിവയ്‌ക്കെതിരെ ധ്യാനം മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ലോക ധ്യാനദിനം വ്യക്തിത്വ വളർച്ചയ്ക്ക് മാത്രമല്ല, കൂട്ടായ ക്ഷേമത്തിനും കൂടി ശ്രദ്ധയുടെയും ധ്യാനത്തിൻ്റെയും പ്രാധാന്യം ഊന്നിപ്പറയുന്നു.

മെഡിറ്റേഷൻ ചെയ്യുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

ഉത്കണ്ഠ കുറയ്ക്കുന്നു

ധ്യാനം മാനസിക പിരിമുറുക്കം ലഘൂകരിക്കുക ചെയ്യുന്നു. രക്തസമ്മർദ്ദവും ശരീരത്തിലെ മറ്റ് ഹോർമോണുകളും പതിവായി ഉത്കണ്ഠ ഉണ്ടാക്കുന്നത് ധ്യാനത്തിലൂടെ നന്നായി നിയന്ത്രിക്കാനാകും.

സ്ട്രെസ് കുറയ്ക്കൽ

സ്ഥിരമായി ധ്യാനം ചെയ്യുന്നത് സ്ട്രെസ് ഹോർമോണായ കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

മെച്ചപ്പെട്ട ശ്രദ്ധയും ഏകാഗ്രതയും

വൈജ്ഞാനിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ധ്യാനം സഹായിക്കുന്നു. ശ്രദ്ധാപൂർവ്വം പരിശീലിക്കുന്നതിലൂടെ വ്യക്തികൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും ജോലിയിൽ തുടരാനുമുള്ള അവരുടെ കഴിവ് മെച്ചപ്പെടുത്താൻ കഴിയും.

നല്ല ഉറക്കം

ധ്യാനം ചെയ്യുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തുന്ന അമിതമായ ചിന്തകൾ കുറയ്ക്കുക ചെയ്യുന്നു. ദിനചര്യയിൽ ധ്യാനം ഉൾപ്പെടുത്തുന്നത് കൂടുതൽ സുഖമായി ഉറങ്ങാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

ക്രിസ്തുമസ് ദിനത്തിൽ ജെ പി നദ്ദ ഡൽഹി സിബിസിഐ ആസ്ഥാനത്ത്, ഒപ്പം അനിൽ ആന്റണി അടക്കം നേതാക്കൾ

ന്യൂഡൽഹി: ക്രിസ്തുമസ് ദിനത്തിൽ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ജെ പി നദ്ദ ഡൽഹി സിബിസിഐ ആസ്ഥാനത്ത് എത്തി. ഡൽഹി രൂപത ബിഷപ്പ് അനിൽ കൂട്ടോയുമായി കൂടിക്കാഴ്ച നടത്തി.

കത്തീഡ്രൽ സന്ദർശിച്ച നദ്ദയെ സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി മാത്യു കോയിക്കൻ സ്വീകരിച്ചു. ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവയും മലയാളികളായ ബിജെപി നേതാക്കൾ അനിൽ ആന്റണി, ടോം വടക്കൻ എന്നിവരും സിബിസിഐ ആസ്ഥാനത്ത് നദ്ദക്ക് ഒപ്പമുണ്ട്.ആർച്ച് ബിഷപ്പ് അനിൽ കൂട്ടോക്കൊപ്പം നദ്ദ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ എത്തി. പ്രാർത്ഥനകളിൽ പങ്കെടുത്തു.

മലയാളി സൈനികൻ വിഷ്ണുവിൻ്റെ തിരോധാനം; ആർമി ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുത്ത് പൊലീസ്

കോഴിക്കോട്: എലത്തൂർ സ്വദേശിയായ സൈനികൻ വിഷ്ണുവിന്റെ തിരോധനവുമായി ബന്ധപ്പെട്ട് പൂനെ ആർമി ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. വിഷ്ണു ഇരുപത് ദിവസത്തെ അവധിക്കാണ് പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പോയതെന്ന് ഉദ്യോഗസ്ഥർ മൊഴി നൽകി.

ജനുവരി അഞ്ച് വരെയാണ് അവധി അനുവദിച്ചിരുന്നത്. ഈ മാസം 16നു വിഷ്ണു ക്യാമ്പിൽ നിന്നും പോയ്ത്. ക്യാമ്പിൽ വിഷ്ണുവിന് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തെ അറിയിച്ചു. എലത്തൂർ എസ് ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇൻസ്റ്റിറ്റ്യൂട്ടിലെത്തി മൊഴിയെടുത്തത്.

കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകനായ വിഷ്ണുവിനെ കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. അവധിയായതിനാല്‍ നാട്ടിലേക്ക് വരികയാണെന്ന് തിങ്കളാഴ്ച വിഷ്ണു അമ്മയെ വിളിച്ച് അറിയിച്ചിരുന്നു. ചൊവ്വാഴ്ച പകല്‍ 2.15 നാണ് വിഷ്ണു അവസാനമായി വിളിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. അമ്മയെ വിളിച്ചപ്പോള്‍ പറഞ്ഞത് കണ്ണൂരില്‍ എത്തിയെന്നാണ്. എന്നാല്‍ രാത്രി വൈകിയും കാണാഞ്ഞതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പിന്നീടാണ് എലത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. എ ടി എം കാര്‍ഡില്‍ നിന്ന് 15,000 രൂപ പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സൈനികരുടെ നേതൃത്വത്തില്‍ പൂനെയിലും അന്വേഷണം പുരോഗമിക്കുകയാണ്.

ക്രിസ്‍മസ് പുലരിയില്‍ അമ്മത്തൊട്ടിലിൽ എത്തിയത് 3 ദിവസം പ്രായമുള്ള അതിഥി; കുഞ്ഞിന് പേര് ക്ഷണിച്ച് മന്ത്രി

തിരുവനന്തപുരം: ഇന്ന് ലോകം ക്രിസ്മസ് പുലരി ആഘോഷിക്കവെ തലസ്ഥാനത്തെ അമ്മത്തൊട്ടിലിൽ പുതിയൊരു അതിഥിയെത്തി. പുലര്‍ച്ചെ 5.50നാണ് തിരുവനന്തപുരത്തെ സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്തുള്ള അമ്മത്തൊട്ടിലില്‍ അലാം മുഴങ്ങിയത്. ജീവനക്കാർ എത്തി പരിശോധിച്ചപ്പോൾ മൂന്ന് ദിവസം മാത്രം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെയാണ് ലഭിച്ചത്. ജീവനക്കാർ കുഞ്ഞിനെയെടുത്ത് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചത്. ഈ സന്തോഷം ഫേസ്ബുക്കില്‍ പങ്കുവച്ച് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്രിസ്തുമസ് പുലരിയില്‍ ലഭിച്ച കുഞ്ഞ് മകള്‍ക്ക് പേര് മന്ത്രി ക്ഷണിച്ചു. നിരവധിപ്പേരാണ് ഇതിനോടകം കുഞ്ഞിന് പേരുകൾ നിർദേശിച്ച് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റ് ചെയ്യുന്നത്.

ചോദ്യപേപ്പർ ചോർച്ച: എംഎസ് സൊല്യൂഷൻസ് സിഇഒ വിദേശത്തേക്ക് കടക്കുന്നത് തടയാൻ പൊലീസ്, ലുക്ക്‌ ഔട്ട്‌ നോട്ടീസ്

കോഴിക്കോട് : പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയിൽ എം എസ് സൊല്യൂഷൻസ് സിഇഒ എം ഷുഹൈബിനായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി. ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷുഹൈബ് ഇന്നലെയും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിൽ വിദേശത്തേക്ക് കടക്കാൻ സാധ്യതയെന്ന് വിലയിരുത്തിയാണ് നടപടി.

ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഇട്ടതും ഷുഹൈബിനെ അടക്കം പ്രതി ചേർത്തതും. വിശ്വാസ വഞ്ചന ഉൾപ്പടെ ഏഴ് വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റ് സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. എം എസ് സൊല്യൂഷൻ ഓഫീസിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോൺ, ലാപ്ടോപ്, കമ്പ്യൂട്ടർ എന്നിവയും ഫോറൻസിക് പരിശോധനക്ക് അയക്കും. മൊബൈൽ ഡാറ്റ ഫോർമാറ്റ് ചെയ്ത നിലയിലാണ് ലഭിച്ചത്.

കടവന്ത്രയിലെ ലോഡ്ജിലെ അനാശ്യാസ പ്രവർത്തനം, നടത്തിപ്പ് 2 പൊലീസുകാർ, ഒരാൾ ട്രാഫിക് പൊലീസ്: അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശ്യാസ പ്രവർത്തനം നടത്തിയ കേസിൽ രണ്ട് പൊലീസുകാരെ അറസ്റ്റ് ചെയ്തു. ട്രാഫിക് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ രമേശ്‌, പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ ബ്രിജേഷ് ലാൽ എന്നിവർ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബറിൽ കടവന്ത്രയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ അനാശ്യാസ പ്രവർത്തനത്തിന് ഏജന്റുമാരായ സ്ത്രീയും പുരുഷനും പിടിയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജ് നടത്തി വരുമാനമുണ്ടാക്കിയിരുന്നത് പൊലീസുകാരാണെന്ന് വ്യക്തമായത്.

ഇന്ന് രാവിലെയാണ് ഇരുവരെയും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്. ഒക്ടോബറിൽ പിടിയിലായ ഏജന്‍റുമാരായ സ്ത്രീയേയും പുരുഷനെയും ചോദ്യം ചെയ്തപ്പോഴാണ് ലോഡ്ജിന്‍റെ നടത്തിപ്പിൽ പൊലീസുകാർക്ക് ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനാശ്യാസ കേന്ദ്രത്തിന്റെ നടത്തിപ്പിൽ പൊലീസുകാരായ രമേശിനും ബ്രിജേഷ് ലാലിനും പങ്കുണ്ടെന്നതിന് പൊലീസിന് തെളിവ് ലഭിച്ചത്. പിന്നാലെ രണ്ട് പേരെയും കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിനൊടുവിൽ വൈകിട്ടാണ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്.

ഉള്ളിക്ക് വിലയിടിഞ്ഞതിൽ പ്രതിഷേധം, മന്ത്രിക്ക് ഉള്ളിമാല അണിയിച്ച് കർഷകൻ

മുംബൈ: ഉള്ളിവില ഇടിവിൽ പ്രതിഷേധിച്ച് പൊതുജന മധ്യത്തിൽ മഹാരാഷ്ട്ര മന്ത്രിയെ ഉള്ളിമാല അണിയിച്ച് കർഷകൻ. തിങ്കളാഴ്ച രാത്രി ബഗ്ലാൻ താലൂക്കിൽ നടന്ന ഒരു പൊതു പരിപാടിക്കിടെയാണ് സംഭവം. മഹാരാഷ്ട്രയിലെ ഫിഷറീസ്, തുറമുഖ മന്ത്രി നിതേഷ് റാണെയെയാണ് ഉള്ളിമാല അണിയിച്ചത്.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മന്ത്രി സംസാരിക്കുന്നതിനിടെ വേദിയിലേക്ക് കയറിയ കർഷകൻ ഉള്ളിയുടെ വിലയിടിവിൽ പ്രതിഷേധിച്ചാണ് മാലയിടുന്നതെന്ന് അറിയിച്ചു. മന്ത്രി മാലയിടാൻ സമ്മതിക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾക്ക് ശേഷം വിട്ടയച്ചു.

സുരക്ഷാ ഉദ്യോഗസ്ഥൻ കർഷകനെ തടയാൻ ശ്രമിക്കുന്നതിനിടെ, മന്ത്രി മാലയിടാൻ അനുവദിച്ചു. മഹീന്ദ്ര ലാഹു സൂര്യവംശി എന്ന കർഷകനാണ് പ്രതിഷേധിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മന്ത്രിയെ ഹാരമണിയിച്ചതിന് ശേഷം കർഷകൻ ജനങ്ങളോട് മൈക്കിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഗാർഡുകൾ തള്ളിമാറ്റി. ഉള്ളിയുടെ വിലയിടിവിൽ രോഷാകുലരായ കർഷകർ വ്യാഴാഴ്ച മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ രാജ്യത്തെ ഏറ്റവും വലിയ മൊത്തവ്യാപാര വിപണിയായ ലസൽഗാവ് എപിഎംസിയിലെ ലേലം താൽക്കാലികമായി നിർത്തിവച്ചിരുന്നു.

ഉള്ളിയുടെ 20 ശതമാനം കയറ്റുമതി തീരുവ എടുത്തുകളയണമെന്നും ഉൽപന്നത്തിന് ക്വിൻ്റലിന് 1000 രൂപ മുതൽ 1200 രൂപ വരെ സഹായം നൽകണമെന്നുമാണ് കർഷകർ ആവശ്യപ്പെടുന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും ഉള്ളി കയറ്റുമതിയുടെ 20 ശതമാനം ലെവി എടുത്തുകളഞ്ഞ് കർഷകർക്ക് ആശ്വാസം നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന് അയച്ച കത്തിലാണ് അദ്ദേഹം കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയത്.

ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യ മുഖം; മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ നൂറാം ജന്മവാർഷികം ഇന്ന്

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ നൂറാം ജന്മവാർഷികം ഇന്ന്. ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യ മുഖങ്ങളിലൊന്നായിരുന്ന വാജ്പേയിയാണ് ബിജെപിയുടെ ഇന്നത്തെ വളർച്ചയ്ക്ക് അടിസ്ഥാനമേകിയത്. സംഘപരിവാറിൽ അടിയുറച്ച് നില്ക്കുമ്പോഴും എതിർ ആശയങ്ങളെ അംഗീകരിക്കാനുള്ള മെയ് വഴക്കമാണ് പ്രതിസന്ധികൾക്കിടയിലും കൂട്ടുകക്ഷി സർക്കാരിനെ മുന്നോട്ട് നയിക്കാൻ വാജ്പേയിയെ സഹായിച്ചത്.

1996 മേയ് 16 നാണ് എ ബി വാജ്പേയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണ്ണായക വഴിത്തിരിവായിരുന്നു ഇത്. സംഘപരിവാറിലൂടെ വളർന്നു വന്ന ഒരാൾ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 13 ദിവസമേ ആ സർക്കാരിന് ആയുസുണ്ടായിരുന്നുള്ളൂ. എങ്കിലും ബിജെപിയെ പിന്നിട് ഇന്ത്യയുടെ ഒന്നാമത്തെ പാർട്ടിയായി വളർത്തുന്നതിൽ ആദ്യ വാജ്പേയി മന്ത്രിസഭ അണികൾക്ക് ഊർജ്ജം നല്‍കി. ജനസംഘവും ജനതാപാർട്ടിയും പരീക്ഷിച്ച ശേഷം സംഘപരിവാറിൻ്റെ രാഷ്ട്രീയ പ്രസ്ഥാനമായി ബിജെപി മാറിയത് 1980 ലാണ്. സ്ഥാപക പ്രസിഡൻ്റായ എബി വാജ്പേയി, ഒരിക്കൽ താമര വിരിയും എന്ന് മുംബൈയിലെ ശിവജി പാർക്കിൽ പ്രവചിച്ചിരുന്നു.

കവിത തുളുമ്പുന്ന വാക്കുകളിലൂടെ വാജ്പേയി കോറിയിട്ടത് ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയാണ്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് അടൽ ബിഹാരി വാജ്പേയി ജനിച്ചത്. അധ്യാപകനും കവിയുമായ അച്ഛൻ കൃഷ്ണ വാജ്പേയി കുട്ടിക്കാലത്ത് ഏറെ സ്വാധീനിച്ചു. 1939ൽ പതിനഞ്ചാം വയസ്സിലാണ് വാജ്പേയി ആർഎസ്എസുമായി അടുത്തത്. ഇരുപതാം വയസിൽ മുഴുവൻ സമയ പ്രചാരകനായി. 1957ൽ നേപ്പാൾ അതിർത്തിയിലെ ബൽറാംപൂരിൽ നിന്ന് ലോക്സഭയിലെത്തി. 2009 വരെ തുടർന്ന പാർലമെൻ്ററി ജീവിതം അവിടെ തുടങ്ങി. അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടവും ജയിൽവാസവും വാജ്പേയി എന്ന നേതാവിന്റെ സ്വീകാര്യത ഉയർത്തി. ജനതാസർക്കാരിൽ വിദേശകാര്യമന്ത്രിയായി. 1996ൽ 161 സീറ്റുമായി ബിജെപി വലിയ ഒറ്റകക്ഷിയായതോടെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ക്ഷണം കിട്ടിയത്. സംഖ്യ ഉറപ്പിക്കാനാകില്ല എന്ന് വ്യക്തമായതോടെ രാജിവച്ചിറങ്ങി.

കാർഗിൽ തിരിച്ച് പിടിക്കാനുള്ള പോരാട്ടം, പാർലമെൻ്റിന് നേരെയുള്ള ഭീകരാക്രമണം, കാണ്ഡഹാർ വിമാന റാഞ്ചൽ തുടങ്ങി തൻ്റെ ഭരണകാലത്തെ ഈ പ്രതിസന്ധികളെല്ലാം വാജ്പേയി സമചിത്തതയോടെ നേരിട്ടു. ലാഹോറിലേക്ക് ബസ് യാത്ര നടത്തിയും മുഷാറഫിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചും പാകിസ്ഥാനുമായി അടുക്കാൻ ശ്രമിച്ചും വാജ്പേയി നടത്തിയത് ധീരമായ നയതന്ത്ര പരീക്ഷണങ്ങൾ. ഇന്ത്യ ആണവ ശക്തിയെന്ന് അമേരിക്കൻ ചാര ഉപഗ്രഹങ്ങളുടെ കണ്ണു വെട്ടിച്ച് പ്രഖ്യാപിക്കാനായതും വാജ്പേയിയുടെ താരപരിവേഷം ഉയർത്തി. അയോധ്യ ഉയർത്തിയുള്ള ബിജെപിയുടെ നീക്കങ്ങളുടെ മുൻപന്തിയിൽ എ ബി വാജ്പേയിയും ഉണ്ടായിരുന്നു. എങ്കിലും ഗുജറാത്ത് കലാപത്തിനു ശേഷം രാജധർമ്മം ലംഘിക്കരുത് എന്ന മുന്നറിയിപ്പ് നരേന്ദ്ര മോദിക്ക് നല്‍കാൻ വാജ്പേയി മടിച്ചില്ല.

തോൽവികൾ എ ബി വാജ്പേയിയെ ഒരിക്കലും ബാധിച്ചിരുന്നില്ല. വിജയവും തോൽവിയും ഒരു ചെറുപുഞ്ചിരിയോടെ നേരിട്ടു. അധികാരത്തിൻ്റെ മത്ത് എവിടെയും വാജ്പേയി കാണിച്ചില്ല. വിജയങ്ങളിൽ അഹങ്കരിച്ചില്ല. കൂട്ടുകക്ഷി രാഷ്ട്രീയത്തിൽ വാജ്പേയി ശൈലി എന്നും പാഠപുസ്തകമാണ്. ഇന്ന് എഴ് ലോക് കല്ല്യാൺ മാർഗ്ഗായ അന്നത്തെ ഏഴ് റേസ്കോഴ്സ് റോഡിൽ, കവിതയുടെ സുഗന്ധം എത്തിച്ച നേതാവിനെയാണ് രാജ്യം ഈ നൂറാം ജന്മവാർഷികത്തിൽ ഓർക്കുന്നത്.

മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; 8 മാസമായിട്ടും കുറ്റപത്രത്തിന് അനുമതി നൽകാതെ കേന്ദ്രം

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ കുറ്റപത്രത്തോട് മുഖം തിരിച്ച് കേന്ദ്ര സർക്കാർ. ഏപ്രിലാണ് കുറ്റപത്രം കേന്ദ്ര സർക്കാരിന്‍റെ അനുമതിക്കായി അയച്ചത്. ഓഗസ്റ്റിൽ സംസ്ഥാനം വീണ്ടും കേന്ദ്രത്തിന് കത്തയച്ചു. എട്ട് മാസമായിട്ടും കേന്ദ്രം ഇതേവരെ അനുമതി നൽകിയില്ല. വ്യോമയാന നിയമം ചുമത്തിയോടെയാണ് കേന്ദ്രാനുമതിവേണ്ടി വന്നത്.

ജൂണ്‍ 13നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് പ്രതിഷേധം നടന്നത്. നാല് കോണ്‍ഗ്രസ് പ്രവർത്തകരാണ് കേസിലെ പ്രതികള്‍. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ ശബരിനാഥ്, ഫർസിൻ മജീദ്, നവീൻ കുമാർ, സുനിത് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.

കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് വൻ വിവാദമായിരുന്നു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ വധശ്രമം, മനഃപൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് വധശ്രമക്കേസിൽ പ്രതികളാക്കപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫർസീൻ മജീദും നവീൻകുമാറും നൽകിയ പരാതി ഇ പി ജയരാജനെതിരെയും കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പിഎ സുനീഷ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജെ എഫ് എം സി കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്.

കൊല്ലത്ത് കാറിടിച്ച് റോഡിൽ വീണ വീട്ടമ്മയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; 51കാരിക്ക് ദാരുണാന്ത്യം

കൊല്ലം: പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ ലോറി കയറിയിറങ്ങി മരിച്ചു. മുരുക്കുമണ്ണിൽ ഐരക്കുഴി പ്ലാച്ചിറവട്ടത്തു വീട്ടിൽ ഷൈല ബീവി(51)യാണ് മരിച്ചത്. കാറിടിച്ച് റോഡിൽ വീണ ഷൈലയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. തിരുവനന്തപുരം ഭാഗത്തുനിന്ന് ചടയമംഗലത്തേക്കു വരുകയായിരുന്ന കാർ ആണ് ഷൈലയെ ഇടിച്ചത്. ലോറി തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു. ലോറി നിർത്താതെ പോയി. ഇന്ന് രാവിലെ ആറു മണിയോടെയാണ് അപകടം സംഭവിച്ചത്.