Home Blog Page 136

വിദ്യാരംഭം സെൻട്രൽ സ്കൂളിൽ ഭക്ഷ്യമേള

ശാസ്താംകോട്ട :
വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു.കുട്ടികൾ വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വിവിധങ്ങളായ ഭക്ഷ്യവസ്തുക്കൾ മേളയുടെ മുഖ്യ ആകർഷണം ആയിരുന്നു. ശാസ്താംകോട്ട സെന്റ് തോമസ് പള്ളി വികാരി ഫാദർ ബിജു തോമസ് മേള ഉദ്ഘാടനം ചെയ്തു.നാടൻ വിഭവങ്ങൾ ആയിരുന്നു മേളയുടെ മുഖ്യ ആകർഷണം. സ്കൂളിലെ വിവിധങ്ങളായ ഹൗസുകളുടെ ആഭിമുഖ്യത്തിലാണ് ഈ വർഷത്തെ രുചികളുടെ ഉത്സവം സംഘടിപ്പിച്ചത്. ഭക്ഷ്യ മേളയിലൂടെ സംഭരിച്ച തുക സ്കൂളിന്റെ ചാരിറ്റി ഫണ്ടിലേക്ക് കൈമാറി.ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ മഹേശ്വരി എസ് സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് കുറ്റിയിൽ നിസാം അധ്യക്ഷ പ്രസംഗം നടത്തി.സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ, വൈസ് ചെയർമാൻ സുബൈർ കുട്ടി കെ കെ വില്ല എന്നിവർ ആശംസകൾ നേർന്നു. അക്കാദമിക് കോഡിനേറ്റർ അഞ്ജനി തിലകം നന്ദി പറഞ്ഞു. വൈസ് പ്രിൻസിപ്പൽ യാസിർ ഖാൻ, കെജി കോഡിനേറ്റർ ഷിംന മുനീർ, സ്റ്റാഫ് സെക്രട്ടറി വിനീത, പി.ടി. എ. സെക്രട്ടറി പ്രിയ മോൾ,നാല് ഹൗസുകളുടെയും ലീഡർമാരായ ഗീതു, ജയലക്ഷ്മി, അശ്വതി, നാജിത എന്നീ അധ്യാപികമാർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. പരിപാടികൾക്ക് പ്രോഗ്രാം കോഡിനേറ്റർമാരായ സാലിം അസീസ്, സുബി സാജ്, കായികാധ്യാപകരായ സന്ദീപ് വി ആചാര്യ,റാം കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യം കൊണ്ട് ഈ വർഷത്തെ ഭക്ഷ്യ മേള ഒരു വൻ വിജയമായി തീർന്നു.

നിശ്ചിത സമയപരിധിക്കു മുൻപ് എന്യൂമറേഷൻ ജോലികൾ പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ അനുമോദിച്ചു

മൺറോ തുരുത്ത്.കുന്നത്തൂർ നിയോജകമണ്ഡലത്തിൽ  സമഗ്ര വോട്ടർ പട്ടിക (SIR) പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് നിശ്ചിത സമയപരിധിക്കു മുൻപ് എന്യൂമറേഷൻ ജോലികൾ പൂർത്തിയാക്കിയ ബി.എൽ ഓ മാരായ R രഞ്ജൻ ( മുതുപിലാക്കാട് RHS ജീവനക്കാരൻ) K.C അജിത് കുമാർ (NCC ഓഫീസ് കൊല്ലം) എന്നിവരെ ബഹുമാനപ്പെട്ട ജില്ലാകളക്ടർ ദേവീദാസ് അനുമോദിച്ചു. പ്രസിഡൻ്റ്സ് ട്രോഫി ജലോത്സവ ഉദ്ഘാടന വേദിയിൽ നടന്ന ചടങ്ങിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബി.ജയശ്രീ കുന്നത്തൂർ തഹസീൽദാർ ആർ.കെ സുനിൽ ഡെപ്യുട്ടി തഹസിൽദാർ ചന്ദ്രശേഖരപിള്ള കെ.രാജേഷ് കുമാർ എന്നിവർ പങ്കെടുത്തു

ശബരിമല സന്നിധാനത്ത് വെച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സ്‌ട്രെച്ചറിൽ ചുമന്നിറക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സന്നിധാനത്ത് വെച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സ്‌ട്രെച്ചറിൽ ചുമന്നിറക്കരുതെന്ന് ഹൈക്കോടതി. മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന് ആംബുലൻസ് സൗകര്യം നിർബന്ധമാക്കണമെന്ന് കോടതി നിർദേശിച്ചു.
മൃതദേഹം സ്‌ട്രെച്ചറിൽ ചുമന്നുകൊണ്ടുവരുന്ന കാഴ്ച മലകയറി വരുന്നവർക്ക് കടുത്ത മാനസിക വിഷമമുണ്ടാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. നിലവിൽ സന്നിധാനത്ത് വെച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സ്ട്രെച്ചറിലാണ് പമ്പയിലേക്ക് മാറ്റുന്നത്. ഈ രീതിയിൽ മൃതദേഹങ്ങൾ മാറ്റുന്നതിൽ ഹൈക്കോടതി ഞെട്ടലും അതൃപ്തിയും രേഖപ്പെടുത്തി. അയ്യപ്പ ഭക്തരുടെ ആരോഗ്യ സുരക്ഷയ്ക്കായി ദേവസ്വം ബോർഡ് സമഗ്ര പ്രോട്ടോക്കോൾ തയ്യാറാക്കണമെന്നും കോടതി നിർദേശിച്ചു.

ഇത്തവണ മണ്ഡലകാലം ആരംഭിച്ച് ആദ്യ 8 ദിവസത്തെ തീർത്ഥാടനത്തിനിടെ എട്ട് തീർത്ഥാടകർ ശബരിമലയിൽ വെച്ച് മരിച്ചിരുന്നു.

കൈനകരി അനിത ശശിധരന്‍ വധക്കേസില്‍ രണ്ടാംപ്രതി രജനിക്കും വധശിക്ഷ

കൈനകരി അനിത ശശിധരന്‍ വധക്കേസില്‍ രണ്ടാംപ്രതി രജനിക്കും വധശിക്ഷ. ഒന്നാം പ്രതി പ്രബീഷിന് ഇന്നലെ ആലപ്പുഴ അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി 3 ജഡ്ജി എം.സുഹൈബ് വധശിക്ഷ വിധിച്ചിരുന്നു. ഗര്‍ഭിണിയായിരുന്ന പുന്നപ്ര തെക്കേമഠം വീട്ടില്‍ അനിത ശശിധരനെ കൊന്ന് കായലില്‍ തള്ളുകയായിരുന്നു. രണ്ടാം പ്രതി രജനി ഒഡീഷയില്‍ ജയിലിലാണ്. ജാമ്യത്തിലിറങ്ങിയ രജനി ആലപ്പുഴ സ്വദേശിയായ യുവാവുമായി ചേര്‍ന്നു കഞ്ചാവു കടത്തുന്നതിനിടെയാണ് ഒഡീഷയിലെ റായ്ഗഡ് റെയില്‍വേ സ്റ്റേഷന്‍ പരിധിയില്‍ വച്ച് അറസ്റ്റിലായത്.
പ്രബീഷ് കായംകുളം താമരക്കുളത്തു ജോലി ചെയ്യുമ്പോഴാണ് അനിതയുമായി അടുപ്പമാകുന്നത്. ഗര്‍ഭിണിയായ അനിതയെ ഒഴിവാക്കാന്‍ പ്രബീഷും രജനിയും ചേര്‍ന്ന് ഗൂഢാലോചന നടത്തി. പാലക്കാട് ആലത്തൂരില്‍ ജോലി ചെയ്തിരുന്ന അനിതയെ ഇരുവരും ചേര്‍ന്ന് നാട്ടിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് കൈനകരിയിലെ വീട്ടില്‍ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു . ബോധരഹിതയായ അനിതയെ മരിച്ചെന്ന് കരുതി വള്ളത്തില്‍ കയറ്റി പൂക്കൈതയാറ്റില്‍ താഴ്ത്തി. കായലില്‍ മുങ്ങിത്താണപ്പോള്‍ ശ്വാസം മുട്ടിയാണ് അനിത മരിച്ചത് . മരിക്കുമ്പോള്‍ അനിത 6 മാസം ഗര്‍ഭിണിയായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 302ാം വകുപ്പു പ്രകാരം കൊലക്കുറ്റം ചുമത്തിയാണ് പ്രബീഷിനും രജനിക്കും വധശിക്ഷ വിധിച്ചത്. ഒപ്പം ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.

ബെംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് കടത്തല്‍ യുവതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

ബെംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് കടത്തി വില്‍പന നടത്തിയ കേസില്‍ യുവതിയടക്കം രണ്ട് പേര്‍ കൊച്ചി കടവന്ത്ര പൊലീസീന്‍റെ പിടിയില്‍. പന്തളം സ്വദേശി ബോസ് വര്‍ഗീസ്, ആലപ്പുഴ സ്വദേശിനി വിന്ധ്യ രാജന്‍ എന്നിവരാണ് പിടിയിലായത്. ഒക്ടോബര്‍ ഏഴിനാണ് രവിപുരത്തെ വാടകവീട്ടില്‍ നിന്ന് 88 ഗ്രാം മെത്താഫെറ്റമീന്‍ പിടികൂടിയത്.

വീട്ടിലെ താമസക്കാരനായ വയനാട് സ്വദേശി ജോബിന്‍ ജോസ് അന്ന് പിടിയിലായി. ഇയാളെ ചോദ്യം ചെയ്തപ്പോളാണ് വിന്ധ്യയുടെയും ബോസിന്‍റെയും പങ്ക് വ്യക്തമായത്. മൂവരും ചേര്‍ന്നാണ് ബെംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് കൊച്ചിയിലെത്തിക്കുന്നത്. വാടക വീട്ടില്‍ ശേഖരിച്ച് പായ്ക്ക് ചെയ്ത് പിന്നീട് ഇടപാടുകാര്‍ക്ക വിതരണം ചെയ്യുന്നതാണ് രീതി. ജോബിന്‍ പിടിയിലായതോടെ ഒളിവില്‍ പോയ കൂട്ടാളികളെ ഒന്നരമാസം നീണ്ട അന്വേഷണത്തിലൂടെയാണ് പിടികൂടിയത്.

ദിവൃഗർഭം നൽകാം എന്ന് ധരിപ്പിച്ച് പീഡനം, വ്യാജ സിദ്ധൻ പിടിയിൽ

തിരുവനന്തപുരം. ദിവ്യഗർഭം ധരിപ്പിക്കാം എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്ത വ്യാജ സിദ്ധൻ പിടിയിൽ.

മലപ്പുറം കാളികാവ് സ്വദേശി സജിൽ ഷറഫുദ്ദീനെ തിരുവനന്തപുരത്ത് നിന്ന് കൊളത്തൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

താൻ മഹ്ദി ഇമാം ആണ് എന്നായിരുന്നു ഇയാൾ അവകാശപ്പെട്ടത്.

കൊളത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന യുവതിയാണ് പരാതിക്കാരി.

ഗ‍ർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി രജനിക്കും വധശിക്ഷ

ആലപ്പുഴ. കൈനകരിയിൽ ഗ‍ർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി രജനിക്കും വധശിക്ഷ.
ആലപ്പുഴ അഡീഷണൽ ജില്ല സെഷൻസ് കോടതി മൂന്നിന്റേതാണ് വിധി.
ഒന്നാം പ്രതി പ്രബീഷിനെ കഴിഞ്ഞ ദിവസം വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.

ആലപ്പുഴ സ്വദേശികളായ പ്രബീഷും രജനിയും വ‍ർഷങ്ങളായി ഒരുമിച്ചായിരുന്നു താമസം.
ഇതിനിടെ പാലക്കാട് ജോലി ചെയ്തിരുന്ന അനിതയുമായി പ്രബീഷ് പ്രണയത്തിലായി.
ഗ‍‍‍ർഭിണിയായതോടെ വിവാഹ കഴിക്കണമെന്ന ആവശ്യം അനിത ഉയ‍ർത്തിയിരുന്നു.
ഗ‍ർഭം ഒഴിവാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് പ്രബീഷും രജനിയും ചേ‍ർന്ന് കൊല നടത്തിയത്.
രജനിയുടെ തോട്ടുവാത്തലയിലെ വീട്ടിൽ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ ശേഷം പൂക്കൈതയാറ്റിൽ മൃതദേഹം തള്ളി.
കൊലപാതകത്തിന്റെ ക്രൂരത കണക്കിലെടുത്താണ് കോടതി ഇരുവ‍ർക്കും വധശിക്ഷ വിധിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു പ്രബീഷിന്റെ ശിക്ഷാവിധി.
ലഹരിക്കടത്ത് കേസിൽ ഒ‍ഡീഷയിലെ ജയിലിലായിരുന്ന രജനിയെ അന്ന് കോടതിയിൽ ഹാജരാക്കാൻ സാധിച്ചില്ല.
കോടതിയുടെ നി‍ർദേശപ്രകാരമാണ് രജനിയുടെ ശിക്ഷാവിധി ഇന്നത്തേക്ക് മാറ്റിയത്.
112 സാക്ഷികളുണ്ടായിരുന്ന കേസിൽ 82 പേരെ വിസ്തരിച്ചു.
131 രേഖകളും, പൂക്കൈതയാറ്റിൽ മൃതദേഹം തള്ളാൻ ഉപയോഗിച്ച ഫൈബർ വള്ളമടക്കം 53 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി.
രജനിയുടെ അമ്മയും പ്രോസിക്യൂഷന് അനുകൂലമായി സാക്ഷി പറഞ്ഞിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെയുള്ള  കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ ബുധനാഴ്ച്ച

തിരുവനന്തപുരം. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെയുള്ള ബലാൽസംഗ,ഭ്രൂണഹത്യ കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ ബുധനാഴ്ച്ച പരിഗണിക്കും.അതിജീവിതയ്‌ക്കെതിരെ രാഹുൽ സീൽഡ് കവറിൽ ചില
രേഖകൾ കോടതിയിൽ നൽകിയിട്ടുണ്ട്.രാഹുൽ വിവാഹ വാഗ്‌ദാനം നൽകിയിരുന്നതായും,രാഹുലിന്റെ വീട്ടിൽ വിവാഹം സമ്മതിക്കാൻ വേണ്ടിയാണു ഗർഭം ധരിച്ചതെന്നും പെൺകുട്ടി പോലീസിനു മൊഴി നൽകിയിരുന്നു. 

രാഷ്ട്രീയ പ്രേരിതമായ കേസെന്നു ആരോപിച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം സെഷൻസ് കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയത്.ഹർജി ഫയലിൽ സ്വീകരിച്ച കോടതി മുൻ‌കൂർ ജാമ്യാപേക്ഷ ബുധനാഴ്ച്ച പരിഗണിക്കും.യുവതിക്കെതിരെ തെളിവെന്നു ചൂണ്ടിക്കാട്ടി സീൽഡ്
കവറിൽ ചില രേഖകൾ രാഹുൽ കോടതിയിൽ നൽകിയിട്ടുണ്ട്.ഗർഭചിദ്രം സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ള രേഖ,പരാതി നൽകാൻ മറ്റൊരാൾ യുവതിയെ സമ്മർദ്ദപ്പെടുത്തുന്നതിന്റെ രേഖകൾ എന്നിവയാണ് കൈമാറിയതെന്നാണ് വിവരം.എന്നാൽ രാഹുലിനെതിരെ പെൺകുട്ടി നൽകിയിരിക്കുന്ന മൊഴിയിൽ രാഹുലിന് കുരുക്കാകുന്ന പല കാര്യങ്ങളുമുണ്ട്.രാഹുൽ വിവാഹ വാഗ്ദാനം നൽകിയിരുന്നതായി പെൺകുട്ടിയുടെ മൊഴിയുണ്ട്.
ഡിവോഴ്‌സ് ആയതിനാൽ രാഹുലിന്റെ വീട്ടിൽ വിവാഹത്തിന് സമ്മതിക്കില്ലെന്നും,കുഞ്ഞുണ്ടെങ്കിൽ വീട്ടിൽ വിവാഹത്തിന് സമ്മതിക്കുമെന്നും വിശ്വസിപ്പിച്ചു.ഗർഭം ധരിച്ചത് അതിനാലാണന്നും പെൺകുട്ടി പോലീസിന് മൊഴി നൽകി.ആദ്യ വിവാഹം ഒഴിഞ്ഞ ശേഷം അഞ്ചു മാസം കഴിഞ്ഞാണ് രാഹുൽ
മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടതെന്നും പെൺകുട്ടി മൊഴി നൽകി.അതേ സമയം ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്തെത്തിയിരുന്നു.വഞ്ചിയൂരിലുള്ള അഭിഭാഷകന്റെ ഓഫീസിൽ നേരിട്ടെത്തി വക്കാലത്തു ഒപ്പിട്ട ശേഷമാണു ഒളിവിൽ പോയത്.        



ശബരിമല സ്വർണ്ണക്കൊള്ള, മുൻ തിരുവാഭരണ കമ്മീഷണർ കെ എസ് ബൈജുവിൻ്റെ രണ്ട് ജാമ്യാപേക്ഷകളും തള്ളി

കൊല്ലം. ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ തിരുവാഭാരണ കമ്മീഷണർ കെ എസ് ബൈജുവിൻ്റെ രണ്ട് ജാമ്യാപേക്ഷകളും തള്ളി. ഈ ഘട്ടത്തിൽ ജാമ്യം നൽകാൻ കഴിയില്ലെന്ന് കോടതി.അതേ സമയം  ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണം കടത്തിയ കേസിൽ കെ എസ് ബൈജുവിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു.


ശബരിമല സ്വർണ്ണക്കടത്തു കേസിലാണ്
ഏഴാം പ്രതിയായ മുൻ തിരുവാഭാരണ കമ്മീഷണർ കെ എസ് ബൈജുവിൻ്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളിയത്. നിലവിൽ കേസ് അന്വേഷണം പൂർത്തിയായില്ലെന്നും ഈ ഘട്ടത്തിൽ പ്രതിയ്ക്ക് ജാമ്യം നൽകിയാൽ  അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രോസിക്യൂഷൻ വാദം പരിഗണിച്ച കൊല്ലം വിജിലൻസ് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. അതേ സമയം ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണപ്പാളി കടത്തിയ കേസിൽ കെ എസ് ബൈജുവിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. പത്മകുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെ എസ് ബൈജുവിൻ്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്.ദേവസ്വം ബോർഡ് അനുമതിയോടെയാണ് സ്വർണ്ണപ്പാളികൾ ശബരിമലയിൽ നിന്ന് കൊണ്ടുപോയതെന്ന് കെ എസ് ബൈജു ആവർത്തിച്ചു. തന്ത്രിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനം എടുത്തു.ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങി തന്ത്രിയുമായുള്ള ബന്ധം സംബന്ധിച്ച് വ്യക്തവരുത്താനും അന്വേഷണസംഘം തീരുമാനം എടുത്തു. ഡിസംബർ 5 വരെ കെ എസ് ബൈജുവിനെ റിമാൻറ് ചെയ്തു.
കേസിൽ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി വിശദമായ വാദം കേൾക്കാൻ അടുത്ത മാസം 3 ലേക്ക് മാറ്റി.

മനോരമ വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം

തിരുവനന്തപുരം. കേശവദാസപുരം മനോരമ വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്. പ്രതി ബീഹാർ സ്വദേശിയായ ആദം അലിക്കാണ് ജീവപര്യന്തം കഠിനതടവും 90,000 രൂപ പിഴയും വിധിച്ചത്. കോടതിയിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ച പ്രതിയെ പൊലീസും അഭിഭാഷകരും ചേർന്ന് കീഴ്പെടുത്തി.

സ്വർണ്ണവും പണവും കവർച്ച ചെയ്യാനായി 68 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് വിധി. 2021ൽ നടന്ന കൊലപാതകത്തിൽ നാലുവർഷത്തിനു ശേഷമാണ് ശിക്ഷാവിധി. പ്രതി കുറ്റക്കാരൻ എന്ന് വിധിച്ചതിന് പിന്നാലെ ബീഹാർ സ്വദേശിയായ ആദം അലി കോടതിയിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ചു. പൊലീസും അഭിഭാഷകരും ചേർന്നാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.


പിന്നാലെയായിരുന്നു ശിക്ഷാവിധി. 362 ആം വകുപ്പു പ്രകാരം ജീവപര്യന്തം കഠിനതടവും 50,000 രൂപയുമാണ് ശിക്ഷ. 449 ആം വകുപ്പ് പ്രകാരം 10 വർഷം തടവും പതിനായിരം രൂപ പിഴയും, 393 ആം വകുപ്പ് പ്രകാരം ഏഴുവർഷം തടവും 10,000 രൂപ പിഴയും , 397 ആം വകുപ്പ് പ്രകാരം ഏഴ് വർഷം തടവും പതിനായിരം രൂപ പിഴയും, 201 ആം വകുപ്പു പ്രകാരം ഏഴുവർഷം തടവും 10,000 രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒറ്റ ജീവപര്യന്തമായി അനുഭവിച്ചാൽ മതി.  ആകെ പിടുത്തുക 90,000 രൂപ അടയ്ക്കണം. കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവിന് നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. മനോരമയുടെ വീടിനു സമീപത്ത് ജോലിക്ക് എത്തിയതായിരുന്നു പ്രതി ആദം അലി. ആളില്ലാത്ത സമയം നോക്കി മനോരമയെ കൊലപ്പെടുത്തി കിണറ്റിലിടുകയായിരുന്നു.