ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിലെ ഫുഡ് ഫെസ്റ്റ് ആഘോഷമായി നടന്നു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നു ഫുഡ് ഫെസ്റ്റിനുള്ള വിഭവങ്ങൾ കണ്ടെത്തിയും അവ ഏവരുടെയും സഹായത്തോടെ പാകം ചെയ്തു വിതരണം ചെയ്യുകയും ഒന്നിച്ചിരുന്നു കഴിച്ചും നവ്യാനുഭവമായി മാറ്റി. ഫുഡ് ഫെസ്റ്റിൽ നിന്ന് കിട്ടിയ മുഴുവൻ തുകയും വിളക്കുടിയിലുള്ള മാനസിക വിഭ്രാന്തിയുള്ള അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും അഭയകേന്ദ്രമായ സ്നേഹതീരത്തിന് നൽകാനായി മാറ്റി വച്ചിരിക്കുകയാണ്. ഫുഡ് ഫെസ്റ്റിന് മിഴിവേകുവാനായി വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും അരങ്ങേറിയിരുന്നു. സ്കൂളിൽ നടന്ന ചടങ്ങുകൾക്ക് സ്കൂൾ ഡയറക്ടർ റവ. ഫാദർ ഡോ. ജി എബ്രഹാം തലോത്തിൽ നേതൃത്വം നൽകി
◾ പത്രം | മലയാള ദിനപത്രങ്ങളിലൂടെ |2025 | നവംബർ 30 | ഞായർ1201 | വൃശ്ചികം 14 | ഉത്രട്ടാതി
◾ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പുരോഗതി വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിവാര യോഗത്തിലും പരാതിപ്രവാഹം. തദ്ദേശ വോട്ടെടുപ്പ് ദിവസം തന്നെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ വാശിയെന്തെന്ന് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചോദിച്ചു. ഫോം ഒപ്പിട്ടവരെല്ലാം കരട് പട്ടികയില്‍ വരുമെങ്കില്‍ എസ്ഐആറിന്റെ പ്രസക്തി എന്തെന്ന സംശയം ബിജെപിയും ഉന്നയിച്ചു. ഒഴിവാക്കപ്പെടുമെന്ന് ആശങ്കയുളളവരെ കമ്മീഷന്‍ സഹായിക്കുമെന്ന് സിഇഒ രത്തന്‍ ഖേല്‍ക്കര്‍ മറുപടി നല്‍കി.
◾ ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ്.ബൈജു വീണ്ടും റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ബൈജുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ കെ.എസ്.ബൈജുവിനെ 4 മണിവരെ എസ് ഐ ടിയുടെ കസ്റ്റഡിയില്‍ നല്‍കിയിരുന്നു. കസ്റ്റഡി സമയം അവസാനിച്ചതോടെയാണ് കോടതിയില്‍ ഹാജരാക്കി വീണ്ടും റിമാന്‍ഡ് ചെയ്തത്.
◾ ശബരിമലയില്‍ വെച്ച് ആരെങ്കിലും മരണപ്പെട്ടാല്‍ മൃതദേഹങ്ങള്‍ സ്ട്രെച്ചറില്‍ ചുമക്കുന്നത് നിര്‍ത്തലാക്കി ഹൈക്കോടതി. മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിന് ആംബുലന്‍സ് സൗകര്യം നിര്‍ബന്ധമാക്കണം. നിലവില്‍ സന്നിധാനത്ത് വെച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സ്ട്രെച്ചറിലാണ് പമ്പയിലേക്ക് മാറ്റുന്നത്. ഇത്തരം രീതിയില്‍ മൃതദേഹങ്ങള്‍ മാറ്റുന്നതില്‍ ഞെട്ടലും അതൃപ്തിയും ഹൈക്കോടതി രേഖപ്പെടുത്തി. ഈ കാഴ്ച മലകയറി വരുന്നവര്‍ക്ക് കടുത്ത മാനസിക വിഷമമുണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചു.
◾ ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയായ യുവതിക്കെതിരെ കൂടുതല്‍ തെളിവുകളുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് സീല്‍ഡ് കവറില്‍ രേഖകള്‍ നല്‍കിയത്. ഒമ്പത് തെളിവുകളാണ് കോടതിയിലെത്തിച്ചിരിക്കുന്നത്. യുവതി ജോലിചെയ്തിരുന്ന ചാനലിന്റെ മേധാവി രാഹുലിനെതിരെ പരാതി കൊടുക്കാന്‍ യുവതിയെ പ്രേരിപ്പിച്ചു എന്നതിനുള്ള തെളിവുകള്‍ പെന്‍ഡ്രൈവില്‍ നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
◾ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതികരിച്ച് ശശി തരൂര്‍ എം പി. ആരോപണങ്ങള്‍ ഉയരുമ്പോള്‍ ചിലര്‍ രാജിവെക്കും. ചിലര്‍ തുടരും, അത് ഓരോരുത്തരുടെയും മനസാക്ഷിയുടെ വിഷയമാണെന്ന് ശശി തരൂര്‍ പറഞ്ഞു. കൊച്ചിയില്‍ വച്ച് നടന്ന ഒരു സ്വകാര്യ പരിപാടിക്കിടെയാണ് പ്രതികരണം. കൂടുതല്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കില്ലെന്നും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുഖം വേണം എന്നും തരൂര്‍ പറഞ്ഞു.
◾ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായമാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ആടിയുലയുകയാണെന്നും മന്ത്രി വി ശിവന്‍കുട്ടി. അതേസമയം, രാഹുലിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പരാമര്‍ശത്തിലും ശിവന്‍കുട്ടി പ്രതികരിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലും രാജീവ് ചന്ദ്രശേഖറും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയില്ലെന്നും ഇത്ര ആത്മവിശ്വാസത്തോടെ ഇങ്ങനെ പറയണമെങ്കില്‍ ആ വ്യക്തിയെ കുറിച്ച് നന്നായി അറിയുന്ന ആളായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
◾ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഹീനകൃത്യത്തെ ന്യായീകരിക്കുന്നതിലൂടെ കോണ്‍ഗ്രസ് തകര്‍ന്നു കൊണ്ടിരിക്കുകയാണെന്നും തെറ്റിനെ അനുകൂലിക്കുന്ന ഒരു വിഭാഗം കോണ്‍ഗ്രസില്‍ ഉണ്ടെന്നും സിപിഎം നേതാവ് ഇ പി ജയരാജന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിക്കുന്ന നേതാക്കളുടെ വീട്ടില്‍ ഭാര്യയും മക്കളും ഇല്ലേയെന്നും ഇപി ജയരാജന്‍ ചോദിച്ചു. വി ഡി സതീശന്‍ പറയുന്ന നിലപാട് അല്ല സുധാകരനും മറ്റുള്ളവരും സ്വീകരിക്കുന്നതെന്നും സതീശന്‍ ഒറ്റപ്പെട്ടു എന്ന് താന്‍ പറയുന്നില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.
◾ വിനോദസഞ്ചാരികള്‍ കുടുങ്ങിയ മൂന്നാര്‍ ആനച്ചാലിലെ സ്‌കൈ ഡൈനിംഗിന് കളക്ടറുടെ സ്റ്റോപ്പ് മെമ്മോ. സ്ഥാപനത്തിന് റെസ്റ്റോറന്റ് ലൈസന്‍സില്ല. നടത്തിപ്പുകാരായ 2 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ലൈസന്‍സ് ഇല്ലാത്ത എല്ലാ സാഹസിക വിനോദങ്ങള്‍ക്ക് എതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. സ്‌കൈ ഡൈനിങ്ങിന് ആകെയുണ്ടായിരുന്നത് കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ മാത്രം അനുമതിയാണെന്ന് കണ്ടെത്തി.
◾ ഭൂമി തരംമാറ്റലിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ പിടിയിലായി. ഒളവണ്ണ വില്ലേജ് ഓഫിസര്‍ ഉല്ലാസ്‌മോന്‍ ആണ് വിജിലന്‍സ് പിടിയിലായത്. എറണാകുളം കോതമംഗലം സ്വദേശിയാണ് ഉല്ലാസ്മോന്‍. ഭൂമി തരം മാറ്റി നല്‍കുന്നതിനായി എട്ട് ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്. കോഴിക്കോട് സ്വദേശിയാണ് പരാതിക്കാരന്‍. 1.62 ഏക്കര്‍ ഭൂമി തരം മാറ്റാനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
◾ കാസര്‍കോട് ജില്ല കളക്ടര്‍ കെ ഇമ്പശേഖറിന്റെ പേരില്‍ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട്. വിയറ്റ്നാമിലെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് തയാറാക്കിയിരിക്കുന്നത്. ഈ അക്കൗണ്ടില്‍ നിന്നും പണം ആവശ്യപ്പട്ടുകൊണ്ടുള്ള സന്ദേശം പലര്‍ക്കും ലഭിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ പേരിലാണ് പണം ആവശ്യപ്പെടുന്നത്. സംഭവത്തെ തുടര്‍ന്ന് ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു.
◾ മുനമ്പത്ത് ഭൂമിയുടെ റവന്യു അവകാശങ്ങള്‍ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം അവസാനിപ്പിക്കാനുളള തീരുമാനത്തിനു പിന്നാലെ ഭൂ സംരക്ഷണ സമിതിയില്‍ ഭിന്നത. മന്ത്രി പി രാജീവ് സമരക്കാര്‍ക്ക് നാരങ്ങാനീര് നല്‍കി ഇന്ന് സമരം അവസാനിപ്പിക്കുമെന്നായിരുന്നു ഭൂസംരക്ഷണ സമിതി കോര്‍ കമ്മിറ്റിയുടെ പ്രഖ്യാപനം. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന ആരോപണവുമായി സമര സമിതിയിലെ ബിജെപി അനുകൂലികള്‍ ഇന്ന് മുതല്‍ ബദല്‍ സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചു.
◾ മലപ്പുറം കൊളത്തൂരില്‍ സിദ്ധന്‍ ചമഞ്ഞ് പീഡനം നടത്തിയ യൂട്യൂബ് ചാനല്‍ ഉടമ പിടിയില്‍. ദിവ്യ ഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. മലപ്പുറം ഉദിരം പൊയില്‍ സ്വദേശി സജില്‍ ചെറുപാണക്കാടിനെയാണ് തിരുവനന്തപുരം നെടുമങ്ങാട് നിന്നും കൊളത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ‘മിറാക്കിള്‍ പാത്ത്’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് പ്രതി.
◾ പത്തനംതിട്ടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മേല്‍ കരി ഓയില്‍ ഒഴിച്ചു. മെഴുവേലി പഞ്ചായത്ത് പത്താം വാര്‍ഡില്‍ മത്സരിക്കുന്ന ബിജോ വര്‍ഗീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കില്‍ പോകുമ്പോഴായിരുന്നു സംഭവം ഉണ്ടായത്. വൈകിട്ട് നാല് മണിയോടെയാണ് സംഭവം ഉണ്ടായത്. ഇലക്ഷനുമായി ബന്ധപ്പെട്ട് റിട്ടേണിംഗ് ഓഫീസര്‍ വിളിച്ചുചേര്‍ത്ത സ്ഥാനാര്‍ത്ഥികളുടെ മീറ്റിങ്ങില്‍ പങ്കെടുത്ത് തിരികെ വാര്‍ഡിലേക്ക് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കടന്നുപോകുമ്പോഴായിരുന്നു അക്രമം ഉണ്ടായത്.
◾ കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ഡിവൈഎസ്പി എ ഉമേഷ് മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു. വടകര ഡിവൈഎസ്പി ആണ് ഉമേഷ്. ഇസിജിയില്‍ വ്യതിയാനം വന്നതിനെ തുടര്‍ന്നാണ് മെഡിക്കല്‍ അവധിയില്‍ പ്രവേശിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. നാദാപുരം കണ്‍ട്രോള്‍ റൂം ഡിവൈഎസ്പിക്കാണ് പകരം ചുമതല.
◾ കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച വടകര ഡിവൈഎസ്പിക്ക് എതിരെ ഗുരുതരമായ കണ്ടെത്തലുകളുമായി അന്വേഷണ റിപ്പോര്‍ട്ട് . വടക്കഞ്ചേരി സിഐയായിരുന്നപ്പോള്‍ മറ്റൊരു കേസില്‍ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച്, കേസെടുക്കാതെ ഉമേഷ് വിട്ടയച്ചുവെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പൊലീസെന്ന ഔദ്യോഗിക പദവി ഉമേഷ് ദുരുപയോഗം ചെയ്തു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ മലപ്പുറം എടക്കരയില്‍ വന്‍ ലഹരി മരുന്നു വേട്ട. ബെംഗളുരുവില്‍ നിന്ന് ഹാഷിഷ് ഓയിലും, എംഡിഎംഎയും കടത്തുന്നതിനിടെ യുവതിയും സുഹൃത്തും പൊലീസ് പിടിയിലായി. കോഴിക്കോട് സ്വദേശികളായ ഷെഫീഖ്, സുബീന എന്നിവരാണ് എടക്കര പൊലീസിന്റേയും ഡാന്‍സാഫ് സംഘത്തിന്റേയും സംയുക്ത പരിശോധനയില്‍ പിടിയിലായത്.
◾ തിരുവനന്തപുരം പാങ്ങോട് മിലിറ്ററി സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ യുവാവിനെ കസ്റ്റഡിലെടുത്തു. കൊല്‍ക്കത്ത സ്വദേശിയായ ബല്‍മാണി ബെറാമുവിനെയാണ് കസ്റ്റഡിലെടുത്തത്. വെള്ളിയാഴ്ച രാത്രിയാണ് സുരക്ഷ സംവിധാനങ്ങളുടെ കണ്ണില്‍പ്പെടാതെ യുവാവ് മിലിറ്ററി ക്യാമ്പിനുള്ളില്‍ കടന്നത്. കിലോമീറ്ററോളം ഉള്ളില്‍ ചെന്ന ശേഷമാണ് മിലിറ്ററി പൊലീസ് കസ്റ്റഡിലെടുത്തത്.
◾ വരും വര്‍ഷങ്ങളില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവവും സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവവും ഒരുമിച്ച് നടത്തുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. തിരൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
◾ കാസര്‍കോട് ശബരിമല തീര്‍ത്ഥാടകരുടെ ബസ് അപകടത്തില്‍പ്പെട്ടു. മാലോം കാറ്റംകവല മറ്റപ്പള്ളി വളവില്‍ വച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധി പേര്‍ക്ക് പരിക്കേറ്റു എന്നാണ് റിപ്പോര്‍ട്ട്. മൈസൂര്‍ ചിഞ്ചിലക്കട്ടെ സ്വദേശി ഹരീഷ് (36) ആണ് മരിച്ചത്. 45 പേര്‍ക്ക് പരിക്കേറ്റാണ് വിവരം. അപകടത്തില്‍പ്പെട്ട എല്ലാവരും മൈസൂര്‍ ചിഞ്ചിലക്കട്ടെ ഗ്രാമത്തില്‍ നിന്നുള്ളവരാണ്.
◾ കൈനകരിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്നു കായലില്‍ തള്ളിയ കേസിലെ രണ്ടാം പ്രതിയ്ക്കും വധശിക്ഷ. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി മൂന്നാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതിയായ പ്രബീഷിന് കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചിരുന്നു. ഒഡീഷ ജയിലിലുള്ള പ്രതി രജനിയെ ഇന്നലെ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് കേസിലെ രണ്ടാം പ്രതിയുടെ ശിക്ഷ കോടതി വിധിച്ചത്.
◾ റിയാദില്‍ ജയിലില്‍ മോചനം കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ കേസ് ഫയല്‍ ഗവര്‍ണറേറ്റില്‍നിന്ന് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് നീങ്ങിയതായി റിപ്പോര്‍ട്ട്. ഫയല്‍ അയച്ചതായുള്ള വിവരം അഭിഭാഷകര്‍ക്കും ഇന്ത്യന്‍ എംബസിക്കും പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവൂരിനും ലഭിച്ചതായി റിയാദിലെ അബ്ദുള്‍ റഹീം നിയമ സഹായ സമിതി ചെയര്‍മാന്‍ അറിയിച്ചു.
◾ ഡിറ്റ് വാ ചുഴലിക്കാറ്റ് ഭീകരനാശം വിതച്ച ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂടം. നാശനഷ്ടം കനത്തോടെ ശ്രീലങ്കയില്‍ ഡിസംബര്‍ 4 വരെ ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. മരണസംഖ്യ നൂറ് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. കെലനി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കൊളംബോ പ്രളയഭീതിയിലാണ്. ശ്രീലങ്കയില്‍ ഡിസംബര്‍ 16 വരെ സ്‌കൂളുകള്‍ അടച്ചിടും. കൊളംബോ തുറമുഖം താത്കാലികമായി അടച്ചിരിക്കുകയാണ്.
◾ ശ്രീലങ്കയില്‍ 159 പേരുടെ ജീവനെടുത്ത ദിത്വാ ചുഴലിക്കാറ്റ് ഇന്ന് വടക്കന്‍ തമിഴ്നാട്-പുതുച്ചേരി, തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തിന് സമീപമുള്ള തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേരും. തമിഴ്നാട് തീരത്തും പുതുച്ചേരിയിലും ശക്തമായ മഴയും , തമിഴ്നാട്ടില്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പുതുച്ചേരിയിലും തമിഴ്നാട്ടിലെ 5 ജില്ലകളില്‍ റെഡ് അലര്‍ട്ടും, ചെന്നൈ അടക്കം 13 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
◾ രാജ്യത്തെ തത്സമയ കാലാവസ്ഥാ നിരീക്ഷണത്തില്‍ നിര്‍ണായകമായ റഡാര്‍ സംവിധാനം മംഗളൂരുവില്‍ പ്രവര്‍ത്തനക്ഷമമായി. കര്‍ണാടകയിലെയും കേരളത്തിലെയും കാലാവസ്ഥാ പ്രവചനം കൂടുതല്‍ കൃത്യമാക്കുന്നതിന് വേണ്ടിയാണ് മംഗളൂരുവില്‍ പുതിയ റഡാര്‍ സ്ഥാപിച്ചത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് സംവിധാനം ഉദ്ഘാടനം ചെയ്തു. കര്‍ണാടകയിലെ ആദ്യ ഡോപ്ലര്‍ റഡാര്‍ ആണിത്.
◾ മംഗളൂരുവിലെ മൂഡുഷെഡ്ഡെ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ മകള്‍ക്കെതിരെ പരാതി പറയാനെത്തിയ അമ്മയെ മകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വ്യാപകമായ രോഷം ഉയര്‍ന്നു. മൂഡുഷെഡ്ഡെയിലെ ശിവനഗരയില്‍ താമസിക്കുന്ന അമ്മയും മകളും തമ്മില്‍ പതിവായി വഴക്കുകള്‍ ഉണ്ടാകാറുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.
◾ അല്‍-ഫലാഹ് സര്‍വകലാശാലയിലെ ഡോ. ഷഹീന്‍ ഷാഹിദിന്റെ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് 18 ലക്ഷം രൂപ കണ്ടെത്തിയതായി എന്‍ഐഎ. വ്യാഴാഴ്ച രാത്രി ദേശീയ അന്വേഷണ ഏജന്‍സി സംഘം 18 ലക്ഷം രൂപ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 32-ാം നമ്പര്‍ മുറിയിലെ അലമാരയില്‍ ഒളിപ്പിച്ചുവച്ച നിലയിലാണ് പണം കണ്ടെത്തിയത്. സര്‍വകലാശാലയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന വൈറ്റ്-കോളര്‍ ഭീകര മൊഡ്യൂളിന്’ പ്രവര്‍ത്തിക്കാനുള്ള പണമാണിതെന്നും സംശയിക്കുന്നു.
◾ മുസ്ലീം സമൂഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ജിഹാദ് എന്ന പദം മനഃപൂര്‍വം ദുരുപയോഗം ചെയ്യുന്നുവെന്ന് ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന മഹ്‌മൂദ് മദനി. ജിഹാദ് എന്ന വാക്കിന്റെ അര്‍ത്ഥം അടിച്ചമര്‍ത്തലിനെതിരായ പോരാട്ടം എന്നാണ്. ഇസ്ലാമിന്റെ ശത്രുക്കളാണ് ആണ് ഈ പദം വളച്ചൊടിക്കാന്‍ കാരണമെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിലും മാധ്യമങ്ങളിലും ഉത്തരവാദിത്തമുള്ള ആളുകള്‍ പോലും ലജ്ജയില്ലാതെ ഇത്തരം പദങ്ങള്‍ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ തകര്‍ക്കപ്പെടുന്നുവെന്നും അവരെ ലക്ഷ്യം വയ്ക്കുന്നുവെന്നും മദനി ആരോപിച്ചു. ഭരണഘടനയും നിയമവും ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ മാത്രമേ സുപ്രീം കോടതിയെ ‘പരമോന്നത’മായി കണക്കാക്കാന്‍ കഴിയൂ എന്ന് അദ്ദേഹം വാദിച്ചു. അടിച്ചമര്‍ത്തല്‍ ഉണ്ടാകുമ്പോഴെല്ലാം ജിഹാദ് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മദനി സാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
◾ തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ ചൊല്ലി തൃണമൂല്‍ കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ വാക്പോര്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്നും കള്ളം പറയുന്നുവെന്നും ടിഎംസി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി വിമര്‍ശിച്ചു. ബിഎല്‍ഒമാരെ ഭീഷണിപ്പെടുത്തരുതെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിയ കമ്മീഷന്‍ ബംഗാളില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുള്‍പ്പടെ സുരക്ഷ ശക്തമാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.
◾ കുടുംബ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് താന്‍ എഴുതിയ ലേഖനത്തില്‍ വിമര്‍ശിച്ചത് സമൂഹത്തെയാണെന്ന് ശശി തരൂര്‍ എംപി. ജനങ്ങള്‍ക്കൊപ്പം നടക്കുന്ന, ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്ന നേതാക്കളെയാണ് ആവശ്യം. അതാണ് ജനാധിപത്യത്തിന് ഗുണംചെയ്യുകയെന്നും തരൂര്‍ പറഞ്ഞു.
◾ ബംഗ്ലാദേശിലെ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ബാങ്ക് ലോക്കറില്‍ നിന്ന് സ്വര്‍ണം കണ്ടെടുത്തതായി അഴിമതി വിരുദ്ധ അധികൃതര്‍. 11.5 കോടി ഇന്ത്യന്‍ രൂപ വിലമതിക്കുന്ന 10 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു
◾ ഹോങ്കോങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ അഗ്നിബാധയില്‍ കൊല്ലപ്പെട്ടവരോടുള്ള ബഹുമാനം പ്രകടിപ്പിച്ച് മൂന്ന് ദിവസത്തേക്കുള്ള ദുഖാചരണം ആരംഭിച്ചു. ഹോങ്കോങ് നഗരത്തിലെ 80 വര്‍ഷങ്ങള്‍ക്കുള്ളില്‍ സംഭവിച്ച ഏറ്റവും വലിയ അഗ്നിബാധയാണ് ബുധനാഴ്ച തായ്പോയില്‍ സംഭവിച്ചത്. 128 പേരാണ് അഗ്നിബാധയില്‍ കൊല്ലപ്പെട്ടത്. ബഹുനിലക്കെട്ടിട സമുച്ചയത്തിന്റെ ഏഴ് ബ്ലോക്കുകളാണ് കത്തിയമര്‍ന്നത്.
◾ കനത്ത മഴയെത്തുടര്‍ന്ന് ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 303 ആയി. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയാണ് വലിയ ദുരിതത്തിന് കാരണം. മുന്നൂറോളം പേരെ കാണാനില്ലെന്നാണ് വിവരം. സുമാത്ര പ്രവിശ്യയിലെ 15 നഗരങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. 17,000 വീടുകള്‍ വെള്ളത്തില്‍ മുങ്ങിയെന്നാണു കണക്ക്. നിരവധി പേരെ ക്യാംപുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലന്‍ഡ് എന്നിവയുടെ വലിയ ഭാഗങ്ങള്‍ ഒരാഴ്ചയായി ചുഴലിക്കാറ്റ് മൂലമുള്ള പേമാരിയില്‍ വലയുകയാണ്.
◾ കരുതല്‍ ശേഖരത്തില്‍നിന്ന് സ്വര്‍ണം ആഭ്യന്തരവിപണിയില്‍ വിറ്റഴിക്കാനൊരുങ്ങി റഷ്യയുടെ കേന്ദ്രബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഓഫ് റഷ്യ. റഷ്യന്‍ കറന്‍സിയായ റൂബിളിന്റെ വിലയിടിവും ബജറ്റിലെ കമ്മിയും നേരിടുന്നതിന്റെ ഭാഗമായാണ് സിബിആര്‍ കരുതല്‍ ശേഖരത്തില്‍നിന്ന് സ്വര്‍ണം വിറ്റഴിക്കാന്‍ തീരുമാനിച്ചതെന്ന് യുക്രൈന്‍ ന്യൂസ് ഏജന്‍സിയായ യുഎന്‍എന്നിനെ ഉദ്ധരിച്ച് കിറ്റ്‌കോ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.
◾ റഷ്യയുടെ ‘ഷാഡോ’ കപ്പല്‍വ്യൂഹത്തില്‍ ഉള്‍പ്പെട്ട കപ്പലിനുനേര്‍ക്ക് തുര്‍ക്കിയിലെ കരിങ്കടല്‍ തീരത്തുവെച്ച് ആക്രമണം. വെള്ളത്തിലൂടെയെത്തിയ ആളില്ലാ യാനം ഉപയോഗിച്ചായിരുന്നു എണ്ണക്കപ്പലായ ‘വിരാടി’ന് നേര്‍ക്ക് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നാലെ കപ്പലിന്റെ ഒരറ്റത്തുനിന്ന് തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.
◾ ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ജാര്‍ഖണ്ഡിലാണ്. മത്സരം ഉച്ചക്ക് 1.30 ന് ആരംഭിക്കും.
◾ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, അദാനി ഗ്രൂപ്പിലെ പ്രമുഖ സിമന്റ് കമ്പനിയായ എസിസി ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം 10 ശതമാനത്തിലധികമായി ഉയര്‍ത്തി. നേരത്തെ ഇത് ഏകദേശം 8.58 ശതമാനം ആയിരുന്നു. പുതിയ കണക്കുകള്‍ പ്രകാരം, എല്‍ഐസിയുടെ എസിസി ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം 10.50 ശതമാനത്തിലധികമായി വര്‍ദ്ധിച്ചു. എല്‍ഐസി അവരുടെ നിക്ഷേപം വര്‍ദ്ധിപ്പിച്ച മറ്റൊരു പ്രധാന സ്ഥാപനം എന്‍ബിസിസി ഇന്ത്യ ആണ്. ഈ പൊതുമേഖലാ സ്ഥാപനത്തിലെ എല്‍ഐസിയുടെ ഓഹരി പങ്കാളിത്തം 4.50 ശതമാനത്തോളമായി ഉയര്‍ത്തി. അദാനി ഗ്രൂപ്പിലെ പ്രധാന കമ്പനിയായ എസിസിയിലെ എല്‍ഐസിയുടെ ഓഹരി പങ്കാളിത്തം 10 ശതമാനം കടന്നത്, നിലവിലെ വിപണി സാഹചര്യങ്ങളില്‍ സ്ഥാപനപരമായ നിക്ഷേപങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ സൂചനയാണ്. എസിസി ഓഹരികള്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 3 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. അതേസമയം ഒരു വര്‍ഷത്തിനുള്ളില്‍ 15 ശതമാനത്തിലധികവും കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 3 ശതമാനത്തിലധികവും ഓഹരികള്‍ ഇടിഞ്ഞു. പൊതുമേഖലാ ഓഹരിയായ എന്‍ബിസിസി ഒരു വര്‍ഷത്തിനുള്ളില്‍ 20 ശതമാനത്തിലധികവും കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 2 ശതമാനത്തിലധികവും ഉയര്‍ന്നു.
◾ മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിച്ച ‘കളങ്കാവലി’ലെ പുത്തന്‍ ഗാനം പുറത്ത്. ഗാനത്തിന്റെ ലിറിക്ക് വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ‘റെഡ്ബാക്ക്’ എന്ന ടൈറ്റിലോടെ പുറത്തു വന്നിരിക്കുന്ന ഗാനം രചിച്ച് ഈണം പകര്‍ന്നത് ചിത്രത്തിന്റെ സംവിധായകനായ ജിതിന്‍ കെ ജോസ് തന്നെയാണ്. അദ്യാന്‍ സയീദ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥാ പശ്ചാത്തലത്തിന്റെ ഭാഗമായ നിഗൂഢതയും രഹസ്യങ്ങളും ഉദ്വേഗവും എല്ലാം പ്രേക്ഷകരിലേക്ക് പകരുന്ന രീതിയിലാണ് ഈ ഇംഗ്ലീഷ് ഗാനം ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 5 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. നേരത്തെ ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ സ്പോട്ടിഫൈ പ്ലാറ്റ്ഫോമിലൂടെ ഓഡിയോ ജൂക്ബോക്സ് ആയി പുറത്തു വന്നിരുന്നു.
◾ സോളോ ആര്‍ട്ടിസ്റ്റുകളുടെ ലോകത്ത് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് ബിടിഎസ് അംഗം ജങ്കൂക്ക് പുതിയ ചരിത്രം കുറിച്ചിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സ്പോട്ടിഫൈയില്‍ 1000 കോടി സ്ട്രീമുകള്‍ നേടുന്ന ആദ്യ കെ-പോപ്പ് സോളോ ആര്‍ട്ടിസ്റ്റായി ജങ്കൂക്ക് മാറിയിരിക്കുകയാണ്. കെ-പോപ്പ് ലോകത്തിന് അഭിമാനമായി മാറിയ ഈ നേട്ടം, ബിടിഎസ് ഗ്രൂപ്പിന്റെ തിരിച്ചുവരവിനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് ജങ്കൂക്ക് സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ ലേബലായ ‘ബിഗ്ഹിറ്റ് മ്യൂസിക്’ പുറത്തുവിട്ട വിവരമനുസരിച്ച്, നവംബര്‍ 25-നാണ് ജങ്കൂക്കിന്റെ സോളോ ഗാനങ്ങള്‍ ഈ സ്വപ്നതുല്യമായ നാഴികക്കല്ല് പിന്നിട്ടത്. ഈ കണക്കുകള്‍ പ്രകാരം, 100 കോടിയിലധികം സ്ട്രീമുകള്‍ നേടിയ നാല് സോളോ ഗാനങ്ങള്‍ ഉള്ള ഏക കെ-പോപ്പ് സോളോ ആര്‍ട്ടിസ്റ്റ് എന്ന റെക്കോര്‍ഡും ജങ്കൂക്ക് സ്വന്തമാക്കി.
◾ ഒരുകാലത്ത് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരനായിരുന്ന റെനോ ഡസ്റ്റര്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. ഇത്തവണ ഡസ്റ്റര്‍ പൂര്‍ണ്ണമായും പുതിയ രൂപത്തിലാണ് എത്തുന്നത്. പുതിയ ഡസ്റ്റര്‍ 2026 ജനുവരി 26 ന് പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി റോഡ് ടെസ്റ്റിംഗിനിടെ പുതുതലമുറ ഡസ്റ്ററിനെ നിരവധി തവണ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും പുതിയ സ്പൈ ഷോട്ടുകള്‍ എസ്യുവിയെ എല്ലാ വശങ്ങളില്‍ നിന്നും കാണിക്കുന്നു. വാഹനം ചെന്നൈ പ്ലാന്റില്‍ നിന്ന് നേരിട്ട് ടെസ്റ്റ് ഡ്രൈവിനായി വന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എഞ്ചിന്‍ ഓപ്ഷനുകളുടെ കാര്യത്തില്‍, പുതിയ ഡസ്റ്റര്‍ തുടക്കത്തില്‍ പെട്രോള്‍ എഞ്ചിനുമായി ഇന്ത്യയിലെത്തും. പിന്നീട്, കമ്പനി ശക്തമായ ഒരു ഹൈബ്രിഡ് പതിപ്പും അവതരിപ്പിക്കും. ഒരു സിഎന്‍ജി മോഡലും പ്രതീക്ഷിക്കുന്നു. ലോഞ്ച് ചെയ്യുമ്പോള്‍, ഈ എസ്യുവി 4.2 മുതല്‍ 4.4 മീറ്റര്‍ വരെ സെഗ്മെന്റിലെ ജനപ്രിയ കാറുകളുമായി മത്സരിക്കും. 11 ലക്ഷത്തില്‍ താഴെ വിലയില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
◾ നാലുപതിറ്റാണ്ടിലധികം അക്കാദമികരംഗത്തും സാംസ്‌കാരികരംഗത്തും സജീവമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ഒരാളുടെ ജീവിതരേഖ. ബ്രണ്ണന്‍ കോളേജ്, മാര്‍ക്സിസം, എം.എന്‍. വിജയന്‍, പുരോഗമന കലാസാഹിത്യസംഘം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, സുകുമാര്‍ അഴീക്കോട്, സമുദായം, കുടുംബം തുടങ്ങി നിരവധി വിഷയങ്ങളും അനുഭവങ്ങളും സാമൂഹികവും രാഷ്ട്രീയവുമായ വൈകാരികാംശ ങ്ങളോടെ ഓര്‍ത്തെടുക്കുകയാണ് മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനും സാഹിത്യനിരൂപകനുമായ ലേഖകന്‍. ‘എരിക്കിന്‍ തീ’. ഡോ പി കെ പോക്കര്‍. ഡിസി ബുക്സ്. വില 342 രൂപ.
◾ ഇത് പനിയുടെ സീസണ്‍ ആണ്. ഈ സമയം ചൂടു കാപ്പി കുടിക്കാന്‍ തോന്നുക സ്വാഭാവികമാണ്. എന്നാല്‍ പനിയും ജലദേഷവും ഉള്ളപ്പോള്‍ കാപ്പി കുടിക്കുന്നത് അത്ര ആരോഗ്യകരമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാപ്പിയില്‍ അടങ്ങിയ കഫൈന്‍ ആണ് വില്ലന്‍. കഫൈന്‍ ഉണര്‍ന്നിരിക്കാന്‍ പ്രോത്സാഹിപ്പിക്കും. എന്നാല്‍ രോഗാവസ്ഥയില്‍ വിശ്രമമം അത്യാവശ്യമാണ്. എത്ര ഉറക്കം കിട്ടുന്നുവോ അത്രയും നല്ലത്. കാപ്പിയോ കഫൈന്‍ അടങ്ങിയ മറ്റ് പാനീയങ്ങളോ കുടിക്കുമ്പോള്‍ ഇതിന് നേരെ വിപരീതമാണ് സംഭവിക്കുന്നത്. ഇത് ശരീരത്തെ വിശ്രമിക്കാനും ഉറങ്ങാനും സഹായിക്കില്ലെന്ന് മാത്രമല്ല നിര്‍ജ്ജലീകരണം ഉണ്ടാക്കുകയും ചെയ്യും. കാപ്പി കുടിച്ച് കഴിഞ്ഞാല്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നതിന്റെ കാരണമിതാണ്. എത്രയധികം കാപ്പി കുടിക്കുന്നുവോ അത്രയധികം നിര്‍ജലീകരണം ശരീരത്തിന് അനുഭവപ്പെടാം. അസുഖ ബാധിതരായിരിക്കുമ്പോള്‍ ശരീരത്തില്‍ ജലാംശം ഉണ്ടാകണം. ശരീരത്തിനു നല്ല വിശ്രമവും പോഷകസമ്പുഷ്ടമായതും എളുപ്പം ദഹിക്കുന്നതുമായ ആഹാരവുമാണ് ഈ സമയത്ത് ആവശ്യം. കാപ്പിക്ക് പകരം ചൂടു വെള്ളം, കഞ്ഞി വെള്ളം എന്നിവ കുടിക്കാം.
ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ് നാട് തീരം തൊടാതെ എങ്ങോട്ട്
ചെന്നൈ.ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ് നാട് തീരം തൊടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കടലോര മേഖലയിലെ 25 കിലോമീറ്റർ അടുത്തുവരെ മാത്രം കാറ്റെത്തും
അതിന് ശേഷം ദുർബലമാകും
കാറ്റിന്റെ മധ്യഭാഗം കടലിൽ തന്നെ തുടരും
ഡിറ്റ് വ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ നാളെ അഞ്ച് ജില്ലകളിൽ ശക്തമായ കാറ്റ് വീശും
ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ,വില്ലുപുരം, കടലൂർ ജില്ലകളിൽ മണിക്കൂറിൽ എൺപത് കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുക
വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു
മലപ്പുറത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.
നെട്ടിചാടി സ്വദേശി അമ്പലവൻ പുത്തൻപീടിയേക്കൽ മൊയ്‌ദീൻകുട്ടി ആണ് മരിച്ചത്.
മലപ്പുറം ഒതുക്കുങ്ങൽ കുഴിപ്പുറം റോഡിൽ ലോറി ഇടിച്ചാണ് അപകടം.
പച്ചക്കറി വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം.
ചുഴലിക്കാറ്റ് : ശ്രീലങ്കയ്ക്ക് അടിയന്തര
സഹായവുമായി ഇന്ത്യ
ചുഴലിക്കാറ്റ് : ശ്രീലങ്കയ്ക്ക് അടിയന്തര
സഹായവുമായി ഇന്ത്യ.
4.5 ടൺ ഡ്രൈ റേഷനും 2 മറ്റ് ടൺ ഭഷ്യ വസ്തുക്കളും മറ്റ് ദുരിതാശ്വാസ വസ്തുക്കളും എത്തിച്ചു.
ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് ഉദയഗിരി എന്നി രണ്ടു നാവിക സേന കപ്പലുകളിൽ ആണ് സഹായം എത്തിച്ചത്.
ടെന്റുകൾ, ടാർപോളിനുകൾ, പുതപ്പുകൾ, ശുചിത്വ കിറ്റുകൾ, കഴിക്കാൻ തയ്യാറായ ഭക്ഷണസാധനങ്ങൾ എന്നിവയുൾപ്പെടെ 12 ടൺ അവശ്യ വസ്തു കളുമായി സി-130 ജെ വിമാനം കൊളംബോയിൽ എത്തി.
9 ടൺ ദുരിതാശ്വാസ സാമഗ്രികൾ,
80 എൻഡിആർഎഫ് ഉദ്യോഗസ്ഥർ,
4 നായ്ക്കൾ,
8 ടൺ എൻഡിആർഎഫ് എച്ച്എഡിആർ ഉപകരണങ്ങൾ എന്നിവ വഹിക്കുന്ന ഐഎൽ-76 വിമാനം രാവിലെ കൊളംബോയിൽ എത്തി.
ഐഎൻഎസ് വിക്രാന്തിലെ രണ്ട് ചേതക് ഹെലികോപ്റ്ററുകൾ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ യാത്രക്കാർക്ക് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ സഹായം. എത്തിച്ചു.
ബുദ്ധിമുട്ടുകൾ നേരിടുന്ന ഇന്ത്യൻ യാത്രക്കാർക്ക് ഭക്ഷണം, വെള്ളം, മറ്റ് സഹായങ്ങൾ എന്നിവ ഹൈ കമ്മീഷൻ ഉറപ്പാക്കി.
ദുരിതാശ്വാസ സാമഗ്രികളുമായി ഐഎൻഎസ് സുകന്യ വിശാഖപട്ടണത്ത് നിന്ന് പുറപ്പെട്ടു.
കുണ്ടറയില്‍ സിമന്റ് ചാക്ക് ലോറിയിലേക്ക് കയറ്റുന്നതിനിടെ ലോഡിംഗ് തൊഴിലാളി വീണ് മരിച്ചു
കുണ്ടറ: ഗോഡൗണില്‍ നിന്ന് സിമന്റ് ചാക്ക് ലോറിയിലേക്ക് കയറ്റുന്നതിനിടെ ലോഡിംഗ് തൊഴിലാളി വീണ് മരിച്ചു. മുട്ടക്കാവ് മാമ്പുഴ കിഴക്കതില്‍ എം.അനില്‍കുമാര്‍ (45) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.45- ഓടെ പുന്നമുക്കിലെ സിമന്റ് കടയുടെ ഗോഡൗണിലായിരുന്നു സംഭവം. സിമന്റ് ചാക്കുകളുടെ മുകളില്‍ നിന്നുകൊണ്ട് ലോറിയിലേക്ക് സിമന്റ് ചാക്ക് കയറ്റുന്നതിനിടെ അനില്‍കുമാര്‍ കാല്‍വഴുതി നിലത്ത് തലയിടിച്ച് വീഴുകയായിരുന്നു.
കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു. 59 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുദബാധിതയായ ജമീല ആറുമാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.
2021-ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ എൻ. സുബ്രഹ്മണ്യനെ 8472 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കാനത്തിൽ ജമീല നിയമസഭയിലേക്ക് എത്തിയത്. തലക്കൊളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
1995-ല്‍ പഞ്ചായത്തിലേക്ക് മത്സരിച്ച അവർ തലക്കുളത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി. രണ്ടായിരത്തില്‍ തലക്കുളത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയായും 2005-ല്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി തെരഞ്ഞെടുത്തു. 2010-ലും 2020-ലും ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു.
വിദ്യാരംഭം സെൻട്രൽ സ്കൂളിൽ ഭക്ഷ്യമേള
ശാസ്താംകോട്ട :
വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു.കുട്ടികൾ വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വിവിധങ്ങളായ ഭക്ഷ്യവസ്തുക്കൾ മേളയുടെ മുഖ്യ ആകർഷണം ആയിരുന്നു. ശാസ്താംകോട്ട സെന്റ് തോമസ് പള്ളി വികാരി ഫാദർ ബിജു തോമസ് മേള ഉദ്ഘാടനം ചെയ്തു.നാടൻ വിഭവങ്ങൾ ആയിരുന്നു മേളയുടെ മുഖ്യ ആകർഷണം. സ്കൂളിലെ വിവിധങ്ങളായ ഹൗസുകളുടെ ആഭിമുഖ്യത്തിലാണ് ഈ വർഷത്തെ രുചികളുടെ ഉത്സവം സംഘടിപ്പിച്ചത്. ഭക്ഷ്യ മേളയിലൂടെ സംഭരിച്ച തുക സ്കൂളിന്റെ ചാരിറ്റി ഫണ്ടിലേക്ക് കൈമാറി.ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ മഹേശ്വരി എസ് സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് കുറ്റിയിൽ നിസാം അധ്യക്ഷ പ്രസംഗം നടത്തി.സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ, വൈസ് ചെയർമാൻ സുബൈർ കുട്ടി കെ കെ വില്ല എന്നിവർ ആശംസകൾ നേർന്നു. അക്കാദമിക് കോഡിനേറ്റർ അഞ്ജനി തിലകം നന്ദി പറഞ്ഞു. വൈസ് പ്രിൻസിപ്പൽ യാസിർ ഖാൻ, കെജി കോഡിനേറ്റർ ഷിംന മുനീർ, സ്റ്റാഫ് സെക്രട്ടറി വിനീത, പി.ടി. എ. സെക്രട്ടറി പ്രിയ മോൾ,നാല് ഹൗസുകളുടെയും ലീഡർമാരായ ഗീതു, ജയലക്ഷ്മി, അശ്വതി, നാജിത എന്നീ അധ്യാപികമാർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. പരിപാടികൾക്ക് പ്രോഗ്രാം കോഡിനേറ്റർമാരായ സാലിം അസീസ്, സുബി സാജ്, കായികാധ്യാപകരായ സന്ദീപ് വി ആചാര്യ,റാം കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യം കൊണ്ട് ഈ വർഷത്തെ ഭക്ഷ്യ മേള ഒരു വൻ വിജയമായി തീർന്നു.
നിശ്ചിത സമയപരിധിക്കു മുൻപ് എന്യൂമറേഷൻ ജോലികൾ പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ അനുമോദിച്ചു
മൺറോ തുരുത്ത്.കുന്നത്തൂർ നിയോജകമണ്ഡലത്തിൽ സമഗ്ര വോട്ടർ പട്ടിക (SIR) പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് നിശ്ചിത സമയപരിധിക്കു മുൻപ് എന്യൂമറേഷൻ ജോലികൾ പൂർത്തിയാക്കിയ ബി.എൽ ഓ മാരായ R രഞ്ജൻ ( മുതുപിലാക്കാട് RHS ജീവനക്കാരൻ) K.C അജിത് കുമാർ (NCC ഓഫീസ് കൊല്ലം) എന്നിവരെ ബഹുമാനപ്പെട്ട ജില്ലാകളക്ടർ ദേവീദാസ് അനുമോദിച്ചു. പ്രസിഡൻ്റ്സ് ട്രോഫി ജലോത്സവ ഉദ്ഘാടന വേദിയിൽ നടന്ന ചടങ്ങിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബി.ജയശ്രീ കുന്നത്തൂർ തഹസീൽദാർ ആർ.കെ സുനിൽ ഡെപ്യുട്ടി തഹസിൽദാർ ചന്ദ്രശേഖരപിള്ള കെ.രാജേഷ് കുമാർ എന്നിവർ പങ്കെടുത്തു







































