Home Blog Page 126

കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി ) കാട്ടാക്കട സോൺ രൂപീകരിച്ചു

കാട്ടാക്കട:കേരളത്തിലെ വിവിധ പ്രൊട്ടസ്റ്റൻ്റ് ഓറിയൻ്റൽ ഓർത്തഡോക്സ് സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.) കാട്ടാക്കട സോൺ രൂപീകരണ സമ്മേളനം കെ സി സി ജില്ലാ പ്രസിഡൻ്റ് റവ. എ.ആർനോബിൾ ഉദ്ഘാടനം ചെയ്തു. കുളത്തുമ്മേൽ സാൽവേഷൻ ആർമി സെൻട്രൽ ചർച്ചിൽ നടന്ന യോഗത്തിൽ സാൽവേഷൻ ആർമി കാട്ടാക്കട ഡിവിഷണൽ കമാൻഡർ മേജർ സി ജെ സൈമൺ അധ്യക്ഷനായി.കെ.സി സി.ജില്ലാ ജോ. സെക്രട്ടറി, റ്റി.ജെ മാത്യൂ, കറണ്ട് അഫേഴ്സ് കമ്മീഷൻ ജില്ലാ ചെയർമാൻ മേജർ റ്റി.ഇ.സ്റ്റീഫൻസൺ, പരിസ്ഥിതി കമ്മീഷൻ ചെയർമാൻ അശ്വിൻ ഇ ഹാംലറ്റ്, റവ.അജി അഗസ്റ്റിൻ, റവ.റോബിൻസൺ, സ്റ്റാൻലി ജോൺ, അഡ്വ.ഷിജിൻ എസ് പി എന്നിവർ പ്രസംഗിച്ചു.
സോൺ ഭാരവാഹികളായി മേജർ സി ജെ സൈമൺ (പ്രസി) അഡ്വ.ഷിജിൻ എസ് പി (സെക്ര) റ്റി.ആർ വിനോദ് (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.

ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ പേര് നാളെ മുതല്‍ മാറും

ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ പേര് നാളെ മുതല്‍ ലോക്ഭവന്‍ എന്നാകും. സ്വദേശമായ ഗോവയില്‍ പോയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ തിരിച്ചെത്തിയ ശേഷം നാളെ ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കും. ലോക് ഭവന്‍ എന്നാല്‍ ജനങ്ങളുടെ ഭവനം എന്നാണര്‍ത്ഥം. വിജ്ഞാപനം നിലവില്‍ വരുന്നതോടെ ഗവര്‍ണറുടെ ഔദ്യോഗിക വിലാസം ലോക്ഭവന്‍, കേരള എന്നാകും.
രാജ്ഭവനുകളെ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ, രാജ്യത്തെ രാജ്ഭവനുകളും രാജ് നിവാസുകളും (ലെഫ്റ്റനന്റ് ഗവര്‍ണറുടെ വസതി) ലോക്ഭവന്‍, ലോക് നിവാസ് എന്നിങ്ങനെ പേരുമാറ്റണമെന്ന് നവംബര്‍ 25-ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ബ്രിട്ടിഷ് കൊളോണിയല്‍ പൈതൃകം പേറുന്നതെന്ന് വിലയിരുത്തിയാണ് രാജ്ഭവന്‍ എന്ന പേരു മാറ്റുന്നത്.

രാജ്ഭവന്‍ എന്നാല്‍, ഭരണാധികാരിയുടെ വസതി എന്നാണ് അര്‍ത്ഥം. ഇതു മാറ്റിയാണ് ജനങ്ങളുടെ വസതി എന്ന അര്‍ത്ഥം വരുന്ന ലോക്ഭവന്‍ എന്നാക്കുന്നത്. രാജ്ഭവന്റെ പേരുമാറ്റി അസം ഗവര്‍ണര്‍ ലക്ഷ്മണ്‍പ്രസാദ് ആചാര്യ വെള്ളിയാഴ്ചയും ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് ശനിയാഴ്ചയും വിജ്ഞാപനമിറക്കി.

കൊച്ചിയിൽ അജ്ഞാത മൃതദേഹം; കാണാതായ സൂരജ് ലാമയുടേതെന്ന് സംശയം

കൊച്ചി: എറണാകുളം എച്ച്എംടിക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ഒരു മാസത്തിലധികം പഴക്കമുണ്ട്. എച്ച്എംടിക്ക് സമീപമുള്ള കാടിനകത്താണ് മൃതദേഹം കണ്ടെത്തിയത്. അ​ഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി. പ്രദേശത്തേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. കുവൈത്തിൽ നിന്ന് നാടുകടത്തിയ സൂരജ് ലാമയുടേതാണോ മൃതദേഹം എന്ന് പൊലീസിന് സംശയമുണ്ട്. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.

കൊൽക്കത്ത സ്വദേശി സൂരജ് ലാമ(59)യ്ക്ക് കുവൈത്തിൽ ബിസിനസായിരുന്നു. ഓർമ നഷ്ടപ്പെട്ടനിലയിൽ കുവെെത്തിൽനിന്ന് ഒക്ടോബർ അഞ്ചിന് നാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു. ഇദ്ദേഹം ബംഗളൂരുവിലാണ്‌ മുമ്പ് കഴിഞ്ഞിരുന്നതെങ്കിലും കൊച്ചിയിലേക്കാണ് കയറ്റിവിട്ടത്. കുവൈത്ത് അധികൃതരുടെ നടപടി ബന്ധുക്കൾ അറിഞ്ഞിരുന്നില്ല. കൊച്ചിയിലെത്തിയശേഷം അലഞ്ഞുനടന്ന ലാമയെ പൊലീസ് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അവിടെനിന്ന് കാണാതാകുകയായിരുന്നു.

സൂരജ് ലാമ കൊച്ചിയിലെത്തിയത് എമർജൻസി സർട്ടിഫിക്കറ്റിലാണെന്ന് കേന്ദ്രസർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. കുവൈത്തിൽവച്ച് പാസ്പോർട്ട് നഷ്ടപ്പെട്ടതോ മറ്റോ ആകാം കാരണമെന്നും പറഞ്ഞു. ലാമയുടെ മകൻ സന്ദൻ കേരളത്തിലെത്തി പിതാവിനായി അന്വേഷണം നടത്തിയിരുന്നു. സൂരജ് ലാമയെ കണ്ടെത്താൻ പ്രത്യേക അന്വേഷകസംഘത്തെ നിയമിക്കണമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ആലുവ ഡിവൈഎസ്പി ടി ആർ രാജേഷിനാണ് സൂരജ് ലാമയെ കാണാതായ കേസിൽ അന്വേഷണ ചുമതല. ഡിഎൻഎ പരിശോധനകൾക്കായി സൂരജിന്റെ കുടുംബത്തോട് കേരളത്തിൽ എത്താൻ നിർദേശിച്ചിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പാലക്കാടുള്ള ഫ്ലാറ്റിൽ പരിശോധന

യുവതിയെ ലൈംഗികചൂഷണം നടത്തിയ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പാലക്കാടുള്ള ഫ്ലാറ്റിൽ പരിശോധന നടക്കുന്നു. തിരുവനന്തപുരത്ത് നിന്നുള്ള അന്വേഷണ സംഘം ഇന്ന് പാലക്കാട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയിരുന്നു. ഇരു ടീമുകളും സംയുക്തമായാണ് ഫ്ലാറ്റിൽ പരിശോധന നടത്തുന്നത്. കുന്നത്തൂർമേടുള്ള ഫ്ലാറ്റിലാണ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തുന്നത്.

കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ വേഗത്തിൽ അറസ്റ്റ് ചെയ്യാനാണ് നീക്കം. നിലവിൽ രാഹുൽ ഒളിവിലാണ്. രാഹുലിനായി സംസ്ഥാന വ്യാപകമായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. രാഹുലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. ബന്ധുക്കളിൽ ചിലരെ ചോദ്യം ചെയ്തേക്കും.

കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു: ഡിവൈഎസ്പി ഉമേഷിന് സസ്‌പെന്‍ഷന്‍

കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ വടകര ഡിവൈഎസ്പി ഉമേഷിന് സസ്‌പെന്‍ഷന്‍. എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിഐയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്ന യുവതി നല്‍കിയ മൊഴിയും നടപടിക്ക് കാരണമായി. കഴിഞ്ഞദിവസം ഉമേഷ് അവധിയില്‍ പ്രവേശിച്ചിരുന്നു. നാദാപുരം കണ്‍ട്രോള്‍ ഡിവൈഎസ്പിക്ക് ആണ് പകരം ചുമതല.


വടക്കഞ്ചേരി സിഐയായിരുന്നപ്പോള്‍ അനാശാസ്യ കേസില്‍ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച്, കേസെടുക്കാതെ വിട്ടയച്ചുവെന്നാണ് ഉമേഷിന് എതിരായ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പൊലീസെന്ന ഔദ്യോഗിക പദവി ഉമേഷ് ദുരുപയോഗം ചെയ്തു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് ഉമേഷ് അവധിയില്‍ പ്രവേശിച്ചത്.
ഡിവൈഎസ്പിക്കെതിരെ നടപടി സ്വീകരിക്കാന്‍ പാലക്കാട് എസ്പി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടി. അനാശാസ്യ കേസില്‍ അറസ്റ്റിലായ ഒരു യുവതിയെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നായിരുന്നു ആത്മഹത്യ ചെയ്ത ചെര്‍പ്പുളശ്ശേരി സിഐ ബിനു തോമസ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. കഴിഞ്ഞ ദിവസമാണ് യുവതി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മൊഴി നല്‍കിയത്.

ഡിവൈഎസ്പി തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴിയില്‍ പറയുന്നത്. തനിക്കൊപ്പം പിടിയിലായവരില്‍ നിന്ന് ഡിവൈഎസ്പി കൈക്കൂലി വാങ്ങിയതായും യുവതി പറഞ്ഞു

SIR സമയപരിധി നീട്ടി

ന്യൂഡെൽഹി. .SIR സമയപരിധി നീട്ടി. 11 വരെ എന്യൂമറേഷൻ ഫോം നൽകാം
16 വരെയാണ് നീട്ടിയത് കരട് വോട്ടർ പട്ടിക 16 ന്. SIR സമയപരിധി നീട്ടി
കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലാണ് സമയപരിധി നീട്ടി നൽകിയത്
ഫെബ്രുവരി 14ന് അന്തിമ വോട്ടർ പട്ടിക
16 മുതൽ ജനുവരി 15 വരെ ആക്ഷേപങ്ങൾ നൽകാം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റേതാണ് തീരുമാനം

പണിപൂർത്തിയാകാത്ത കെട്ടിടത്തിൽ നിന്ന്  അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതകം

കണ്ണൂർ .തലശ്ശേരിയിൽ പണിപൂർത്തിയാകാത്ത കെട്ടിടത്തിൽ നിന്ന്  അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് വ്യക്തമായി. മരിച്ച തമിഴ്നാട് സ്വദേശി ധനകോടിയുടെ ഭർത്താവ് അമ്പാരം കുറ്റം സമ്മതിച്ചു. മദ്യപിച്ച ശേഷമുണ്ടായ തർക്കാമാണ് കൊലയ്ക്ക് പിന്നിലെന്നാണ് നിഗമനം

30 വർഷം മുമ്പ് കേരളത്തിൽ എത്തിയ ധനകോടിയും അമ്പാരവും കണ്ണൂരിൽ പാഴ് വസ്തുക്കൾ ശേഖരിച്ച് വിറ്റാണ് ജീവിച്ചിരുന്നത്. തലശ്ശേരിയിൽ ഇടയ്ക്ക് വരുമ്പോൾ പണി പൂർത്തിയാകാത്ത ഈ കെട്ടിടത്തിൽ എത്തും. ഇരുവരും മദ്യപിക്കാറുണ്ട്. അങ്ങനെ മദ്യപിച്ച ശേഷം ഉണ്ടായ തർക്കത്തിനൊടുവിൽ ധനകോടിയെ തള്ളിയിട്ട് കല്ല് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നാണ് അമ്പാരത്തിന്റെ കുറ്റസമ്മതം. കൊലപാതകശേഷം മൃതദേഹം ലിഫ്റ്റ് കുഴിയിൽ ഇട്ടു, ശേഷം സാരി കൊണ്ട് മറച്ചു. ധനകോടിയെ പറ്റി മക്കൾ ചോദിച്ചപ്പോൾ തമിഴ്നാട്ടിലേക്ക് പോയെന്നായിരുന്നു അമ്പാരത്തിന്റെ മറുപടി. എന്നാൽ കൂടുതൽ കാര്യങ്ങൾ തിരക്കിയത്തോടെയാണ് കഴിഞ്ഞ ദിവസം കൊലപാതകവിവരം പുറത്തുവന്നത്. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ അസ്ഥികൂടവും കണ്ടെത്തി. അമ്പാരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

നാഷണൽ ഹെറാൾഡ് കേസിൽ  കോൺഗ്രസ്സിന് വീണ്ടും കുരുക്ക്

ന്യൂഡെൽഹി. നാഷണൽ ഹെറാൾഡ് കേസിൽ  കോൺഗ്രസ്സിന് വീണ്ടും കുരുക്ക്.കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ പുതിയ എഫ്‌ഐആർ ഫയൽ ചെയ്തു . ഇ ഡി യുടെ നിർദ്ദേശം അനുസരിച്ചു ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് കേസ് ഫയൽ ചെയ്തത്.
കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നതിൽ പുതുമ ഇല്ലെന്ന് കെ സി വേണുഗോപാൽ എം പി.


നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി സോണിയാ ഗാന്ധി തുടങ്ങിയവർക്കെതിരെ  ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി യാണ് പുതിയ കേസ്

സോണിയക്കും രാഹുലിനും പുറമേ  സാം പിത്രോദയടക്കം മറ്റ് നാലു പേരെയാണ് ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം  രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പ്രതിചേർത്തിരിക്കുന്നത്.

അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്,യംഗ് ഇന്ത്യൻ, ഡോട്ടെക്‌സ് മർച്ചന്‍റൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികളുടെ പേരും  എഫ് ഐ ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ക്രിമിനൽ ഗൂഢാലോചന കേസിൽ സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുൽഗാന്ധി രണ്ടാം പ്രതിയുമാണ്.

നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ മാതൃ കമ്പനിയായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ വഞ്ചനാപരമായി കൈവശപ്പെടുത്താൻ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.

കേസ് കൊണ്ടൊന്നും ഭയപ്പെടുത്തേണ്ടെന്ന് AICC ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ

എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ,ഒക്ടോബർ മൂന്നിനാണ് ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

എ ജെ ൽ ഓഹരി ഉടമകളെ വിളിച്ചു വരുത്തി, അവരുടെ സമ്മതത്തോടെയാണോ ഇടപാട് നടത്തിയതെന്ന്  അന്വേഷിക്കുമെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

പെരിങ്ങമല ലേബർ കോൺട്രാക്ട് സൊസൈറ്റി ക്രമക്കേട്,എസ് സുരേഷിന്റെ വാദം പൊളിയുന്നു.

തിരുവനന്തപുരം. പെരിങ്ങമല ലേബർ കോൺട്രാക്ട് സൊസൈറ്റി ക്രമക്കേടിൽ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷിന്റെ വാദം പൊളിയുന്നു. എസ് സുരേഷിന് ബാങ്കിൽ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തു വന്നു. വായ്പാ അപേക്ഷ നൽകാതെ എസ് സുരേഷ് പണം കൈപ്പറ്റിയെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.


പെരിങ്ങമല ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിലെ ക്രമക്കേടിനെ തുടർന്നുണ്ടായ നഷ്ടം 4.16 കോടിയെന്ന്
സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. സൊസൈറ്റിയുടെ മുൻ വൈസ് പ്രസിഡൻ്റും, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എസ് സുരേഷ് 43 ലക്ഷം രൂപയും പലിശയും പിഴ അടക്കണം എന്നായിരുന്നു സഹകരണ വകുപ്പിൻ്റെ ഉത്തരവ്.എന്നാൽ പിഴ നിർണയിച്ചത് കൂട്ടുത്തരവാദത്തിന്റെ ഭാഗം എന്നും, സംഘത്തിൽ നിന്ന് താൻ വായ്പ എടുത്തിട്ടില്ലെന്നും വായ്പയ്ക്കായി ആരെയും ശുപാർശ
ചെയ്തിട്ടില്ലെന്നുമായിരുന്നു എസ് സുരേഷിന്റെ വിശദീകരണം. ഈ വാദമാണ് പൊളിയുന്നത്. 2013ലും 2014ലും എസ് സുരേഷ് സൊസൈറ്റിയിൽ നിന്ന് വായ്പ എടുത്തിട്ടുണ്ട്. സഹകരണ സംഘം വൈസ് പ്രസിഡൻറ് ആയിരുന്നിട്ടും എസ്
സുരേഷ് കുടിശ്ശിക വരുത്തി. വായ്പയ്ക്ക് അപേക്ഷ നൽകാതെയാണ് പണം കൈപ്പറ്റിയത്. വായ്പകൾ പലിശ സഹിതം സുരേഷ് തിരിച്ചടയ്ക്കാൻ ഉണ്ട്.
വായ്പ കുടിശ്ശികയുടെ രേഖകൾ 24ന് ലഭിച്ചു.

സുരേഷിന്  സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ ബന്ധമില്ലെന്ന് വാദവും തെറ്റ്.എസ് സുരേഷ് ബോർഡ് യോഗങ്ങളിൽ തുടർച്ചയായി പങ്കെടുത്തു. മൂന്ന് വാർഷിക പൊതുയോഗങ്ങളിലും പങ്കെടുത്തു.സഹകരണ ജോയിൻ്റ് രജിസ്റ്റാറുടെ സർ ചാർജ് ഉത്തരവും 24 ന് ലഭിച്ചു.ക്രമക്കേടിൽ സംഘം പ്രസിഡൻറ് ആർഎസ്എസ് മുൻ വിഭാഗ് ശാരീരിക പ്രമുഖ്
ജി പത്മകുമാർ
തിരിച്ചടയ്ക്കേണ്ടത് 46 ലക്ഷം രൂപ. ഭരണസമിതിയിൽ 16 പേരുണ്ടായിരുന്നതിൽ
ഏഴു പേർ 46 ലക്ഷം വീതവും
9 പേർ 16 ലക്ഷം വീതവും പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് സഹകരണ വകുപ്പിന്റെ ഉത്തരവ്.

സാഹസിക വിനോദങ്ങളുടെ പട്ടികയിൽ സ്കൈ  ഡൈനിംഗ് ഉൾപ്പെടില്ല,


ഇടുക്കി. ആനച്ചാലിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സ്കൈ ഡൈനിങ്ങിന് ഒരു അനുമതിയും ഉണ്ടായിരുന്നില്ലെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ. ചട്ടങ്ങൾ ലംഘിച്ചാണ് പ്രവർത്തിച്ചതെന്ന് ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് നൽകി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചു എന്ന് കണ്ടെത്തിയതിനാൽ ആനച്ചാലിലെ സ്കൈ ഡൈനിങ്ങിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.

സ്കൈ ഡൈനിങ് എന്നത് പുതിയ സാഹസിക വിനോദ ഉപാധിയാണ്. നിലവിൽ ഇത് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങൾ രൂപീകരിച്ചിട്ടില്ല. പ്രവർത്തന മാനദണ്ഡങ്ങൾ രൂപീകരിക്കേണ്ടത് കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി. നിലവിൽ മാനദണ്ഡങ്ങളില്ലാത്തതിനാൽ അനുമതി നൽകുകയും സാധ്യമല്ല.  സാഹസിക വിനോദങ്ങളുടെ പട്ടികയിൽ സ്കൈ  ഡൈനിംഗ് ഉൾപ്പെട്ടിട്ടുമില്ല. ഇത് ഉൾപ്പെടെ ചൂണ്ടിക്കാണിച്ചാണ് ഇടുക്കി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടൂറിസം ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. സതേൺ സ്കൈസ് ഏറോ ഡൈനാമിക്സ് എന്ന സ്ഥാപനം സ്കൈ ഡൈനിങ് നടത്തിയിരുന്നത് അനധികൃതമായിട്ടായിരുന്നു എന്നത് വ്യക്തം. നിലവിൽ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി തയ്യാറാക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ലൈസൻസ് കരസ്ഥമാക്കിയതിനുശേഷം മാത്രമേ ആനച്ചാലിലെ സ്കൈ ഡൈനിങ് തുറന്നു പ്രവർത്തിക്കാൻ കഴിയൂ. മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്ന നടപടികൾ ടൂറിസം വകുപ്പ് ആരംഭിച്ചിട്ടുണ്ട്.