Home Blog Page 1214

നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞത് ഷൈൻ ടോം ചാക്കോയെക്കുറിച്ച്; വിൻസി ഫിലിം ചേംബറിന് പരാതി നൽകി

തിരുവനന്തപുരം: സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞത് നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ച്. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകി. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ ആയിരുന്നു മോശം പെരുമാറ്റം. പുറത്തിറങ്ങാൻ പോകുന്ന സിനിമയാണ് സൂത്രവാക്യം.

കഴിഞ്ഞ ദിവസമാണ് സിനിമാ സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് സഹതാരം മോശമായി പെരുമാറിയെന്ന് വിന്‍സി വെളിപ്പെടുത്തിയത്. സംഭവത്തിൽ കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർനടപടിയുണ്ടാകുമെന്ന് എക്സൈസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. നടിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് സ്‌റ്റേറ്റ് ഇൻ്റലിജൻസും അന്വേഷണം തുടങ്ങിയിരുന്നു. വിന്‍സിയില്‍ നിന്ന് പരാതി വാങ്ങി കേസെടുക്കാന്‍ പൊലീസും ശ്രമം ആരംഭിച്ചിരുന്നു.

ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് വിന്‍സി അലോഷ്യസ് അടുത്തിടെ പറഞ്ഞ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ നടിക്കെതിരെ സൈബര്‍ ആക്രമണവും നടന്നു. പ്രസ്തുത തീരുമാനം എടുക്കാനുള്ള കാരണം വ്യക്തമാക്കിക്കൊണ്ട് പിന്നാലെ വിന്‍സി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ പ്രതികരണം വൈറല്‍ ആയിരുന്നു. ഒരു പ്രധാന നടന്‍ ഒരു ചിത്രത്തിന്‍റെ സെറ്റില്‍ പരസ്യമായി ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയെന്നാണ് വീഡിയോയില്‍ വിന്‍സി പറഞ്ഞത്. തുടര്‍ന്നാണ് ആ നടന്‍‌ ആരെന്നതിനെ കുറിച്ച് വിന്‍സി ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

കറിവേപ്പില മാസങ്ങളോളം കേടുവരാതിരിക്കും; ഇങ്ങനെ സൂക്ഷിച്ചാൽ മതി

അടുക്കളയിൽ ഒഴിച്ച് കൂടാൻ സാധിക്കാത്ത ഒന്നാണ് കറിവേപ്പില. പ്രകൃതിദത്തമായ ചേരുവകൾ ചേർക്കുമ്പോഴാണ് ഭക്ഷണത്തിന് കൂടുതൽ സ്വാദുണ്ടാകുന്നത്. അത്തരത്തിൽ ഏതൊരു ഭക്ഷണത്തിനൊപ്പവും ചേർക്കാൻ കഴിയുന്ന ഒന്നാണ് കറിവേപ്പില. എളുപ്പത്തിൽ എവിടെയും വളരുന്ന ഒന്നാണിത്. എന്നാൽ എല്ലാ വീടുകളിലും പച്ചക്കറികൾ വളർത്താറില്ല. അതിനാൽ തന്നെ ഇത്തരം സാധനങ്ങൾ കടയിൽ നിന്നും വാങ്ങേണ്ടതായി വരും. പലരും കറിവേപ്പില ഒരുമിച്ച് വാങ്ങി സൂക്ഷിക്കാറാണ് പതിവ്. എന്നാൽ വാങ്ങിയ കറിവേപ്പില നന്നായി സൂക്ഷിച്ചില്ലെങ്കിൽ ഇവ പെട്ടെന്ന് കേടായിപ്പോകാനും സാധ്യതയുണ്ട്. അതിനാൽ തന്നെ അടുക്കളയിൽ കറിവേപ്പില സൂക്ഷിക്കേണ്ടത് ഇങ്ങനെയാണ്.

  1. കറിവേപ്പിലയിൽ നിന്നും ഇലകളെ മാത്രം അടർത്തിയെടുക്കണം. വെള്ളത്തിൽ നന്നായി കഴുകിയതിന് ശേഷം കിച്ചൻ ടവൽ അല്ലെങ്കിൽ വൃത്തിയുള്ള തുണിയിൽ വെച്ച് വെള്ളം മുഴുവനായും കളയണം. ശേഷം ഇതൊരു പാത്രത്തിലാക്കി 3 ദിവസത്തോളം സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിൽ വയ്ക്കാം. സൂര്യപ്രകാശം കിട്ടുമ്പോൾ കറിവേപ്പില നന്നായി ഉണങ്ങും. ശേഷം വായുകടക്കാത്ത പാത്രത്തിലാക്കി ഇത് അടച്ച് സൂക്ഷിക്കാവുന്നതാണ്.
  2. തണ്ടിൽ നിന്നും ഇലകൾ അടർത്തിയെടുത്തതിന് ശേഷം നന്നായി കഴുകി വൃത്തിയാക്കണം. ശേഷം ഒരു തുണി ഉപയോഗിച്ച് ഇലയിലെ ഈർപ്പം മുഴുവനും കളയാം. കഴുകി വൃത്തിയാക്കിയ കറിവേപ്പില ഫ്രൈ പാനിൽ ചെറിയ രീതിയിൽ ചൂടാക്കിയെടുക്കണം. ഇങ്ങനെ ചെയ്താലും കറിവേപ്പില കൂടുതൽ ദിവസം കേടുവരാതിരിക്കാറുണ്ട്.
  3. അല്ലെങ്കിൽ കഴുകി വൃത്തിയാക്കിയ കറിവേപ്പില ഉണക്കി പൊടിച്ചും സൂക്ഷിക്കാവുന്നതാണ്. പൊടിച്ചെടുത്ത കറിവേപ്പില പൊടി വായുകടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്യാവുന്നതാണ്.

കേരളത്തിൽ 4 ദിവസം ഇടിമിന്നലോടെ മഴയും കാറ്റും; കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസം, കടലാക്രമണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 19, 20 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 20 വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

ഇടിമിന്നൽ അപകടകാരികളാണ്. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും, മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും അറിയിപ്പിൽ പറയുന്നു. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. അറിയിപ്പ് ഉണ്ടാകുന്നത് വരെ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ആവശ്യപ്പെട്ടു.

വാർത്താനോട്ടം

വാർത്താനോട്ടം
2025 ഏപ്രിൽ 17 വ്യാഴം

BREAKING NEWS


?പാലക്കാട് ചെർപ്പുളശ്ശേരി തിരുവാഴിയോട് പിക്കപ്പ് വാൻ ചായക്കടയിലേക്ക് പാഞ്ഞ് കയറി ചായ കുടിച്ചു കൊണ്ടിരന്ന യുവാവ് മരിച്ചു.നാല് പേർക്ക് പരിക്കേറ്റു


?വഖഫ് നിയമ ഭേദഗതി ബില്ലിൽ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന് ഉച്ചയ്ക്ക് 2 ന്


? നൈപുണ്യവികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിൻ്റെ പേര് തന്നെ നൽകുമെന്ന് പാലക്കാട് നഗരസഭ


?കൊച്ചിയിൽ മതാപിതാക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ ഏറ്റെടുക്കാമെന്ന് സമ്മതിച്ച് മാതാപിതാക്കൾ


?കഴിഞ്ഞ ഫെബ്രുവരിയിൽ സ്വകാര്യ ആശുപത്രി പറഞ്ഞ പണം നൽകാനില്ലാത്തതിനാലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്ന് മാതാപിതാക്കൾ.ശിശുക്ഷേമ സമിതിയുടെ കൈവശമുള്ള കുഞ്ഞിന്ന് നിധി എന്ന് പേരിട്ടിരുന്നു.


?പാലക്കാട് എം എം എൽ ഓഫീസിലേക്ക് മാർച്ച് നടത്തിയ ബി ജെ പി പ്രവർത്തകർക്കും, ബി ജെ പി ഓഫീസ് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസുകാർക്കും എതിരെ പോലീസ് കേസ്സെടുത്തു.


?കേരളീയം?

?  സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ അഴിമതി നടത്തുന്നവരുടെയും കൈക്കൂലി വാങ്ങുന്നവരുടെയും പട്ടിക തയ്യാറാക്കി നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൈക്കൂലി ആവശ്യപ്പെടുകയോ സ്വീകരിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥരെ കുടുക്കാന്‍ വിഎസിബി ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ് എന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. 700 ഉദ്യോഗസ്ഥര്‍ അഴിമതിക്കാരുടെ പട്ടികയിലുണ്ടെന്നും പട്ടികയിലുള്ള ചില ഉദ്യോഗസ്ഥര്‍ വിജിലന്‍സ് പിടിയിലായതായും മുഖ്യമന്ത്രി പറഞ്ഞു.


?  ലഹരിക്കെതിരായ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരിക്കെതിരെ വിപുലമായ പ്രചാരണം നടത്തുമെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെയും മത മേലധ്യക്ഷന്‍മാരുടെയും പിന്തുണ ഉറപ്പാക്കി സണ്‍ഡേ ക്ലാസിലും മദ്രസ പഠനത്തിലും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശദമായ അഭിപ്രായം ഒരാഴ്ചക്കുള്ളില്‍ നല്‍കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടുവെന്നും ജൂണില്‍ വിപുലമായ ക്യാമ്പയിന്‍ നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


  ?മാസപ്പടിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി  ഫയലില്‍ സ്വീകരിച്ചു. മാധ്യമപ്രവര്‍ത്തകനായ അജയനാണ് ഹര്‍ജിക്കാരന്‍. ഹര്‍ജി വേനലവധിക്ക് ശേഷം മെയ് 27 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവെച്ചു. കേസില്‍ എതിര്‍ കക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യമന്ത്രിയുടെ മകള്‍ വീണ ടി, സിഎംആര്‍എല്‍ കമ്പനി അധികൃതരടക്കം എല്ലാവര്‍ക്കും നോട്ടീസ് അയക്കാനും കോടതി ഉത്തരവായി.


? സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തല്‍ കുളത്തിന് വീണ്ടും പണം അനുവദിച്ചു. ടൂറിസം വകുപ്പാണ് നീന്തല്‍ കുളത്തിന്റെ ആറാം ഘട്ട പരിപാലനത്തിനായി നാലര ലക്ഷത്തിലധികം രൂപ അനുവദിച്ചത്. നീന്തല്‍ കുളത്തിന്റെ നവീകരണത്തിനും പരിപാലനത്തിനുമായി ഇതുവരെ അര കോടിയിലേറെ രൂപയാണ് അനുവദിച്ചിരിക്കുന്നത്.



? സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെകെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യര്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പിന്തുണയുമായി കൂടുതല്‍ സിപിഎം നേതാക്കള്‍ രംഗത്ത്. മുതിര്‍ന്ന സിപിഎം നേതാക്കളായ കെകെ ശൈലജയും ഇപി ജയരാജനും പിന്തുണയുമായി രംഗത്തെത്തി. ദിവ്യ എസ് അയ്യര്‍ക്കെതിരായ സൈബര്‍ ആക്രമണം അപലപനീയമാണെന്ന് കെകെ ശൈലജ പറഞ്ഞു.



?  സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ നടി വിന്‍സി അലോഷ്യസിന് പിന്തുണയുമായി താരസംഘടന അമ്മ. വിന്‍സിയുടെ തുറന്നു പറച്ചില്‍ അഭിനന്ദനാര്‍ഹമാണെന്നും പരാതി ലഭിച്ചാല്‍ ആരോപണവിധേയനെതിരെ നടപടി എടുക്കുമെന്നും താരസംഘടന അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ അഡ്ഹോക്ക് കമ്മറ്റി യോഗം ചേര്‍ന്നു.


?  വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തെന്ന കേസില്‍ തീര്‍പ്പ് ആവശ്യപ്പെട്ട് ഗായിക നഞ്ചമ്മ പാലക്കാട് ജില്ലാ കലക്ടറെ കണ്ടു. നഞ്ചമ്മ ജില്ല കലക്ടര്‍ക്ക് രേഖാമൂലം പരാതി കൈമാറി. ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതാണെന്ന് കണ്ടെത്തിയിട്ടും അവകാശമുന്നയിച്ച്  വീണ്ടും പലരും കോടതിയെ സമീപിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

?  ഹൈക്കോടതി അഭിഭാഷകന്‍ പി ജി മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി ജോണ്‍സണ്‍ ജോയി അറസ്റ്റില്‍. ഇയാളുടെ നിരന്തര പ്രേരണയിലാണ് പി ജി മനു ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. പി ജി മനുവിന്റെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ പകര്‍ത്തിയത് ഇയാളെന്നാണ് പൊലീസ് പറയുന്നത്.


?  മദ്യലഹരിയില്‍ അയല്‍വാസികള്‍ക് നേരെ കത്തിവീശി ഭീഷണി മുഴക്കിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് തിരൂരങ്ങാടി പൊലീസ്. മലപ്പുറം തിരൂരങ്ങാടി മാനിപ്പാടം  താമസിക്കുന്ന റാഫി എന്ന ആളാണ്  കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ  കത്തിയുമായി വന്ന് ഭീഷണി മുഴക്കിയത്.



?  വാടാനപ്പള്ളിയില്‍ മദ്യ ലഹരിയില്‍ സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ട ശേഷം സിമന്റ് ഇഷ്ടിക കൊണ്ട് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി. കൊലപാതകശേഷം പൊലീസിനെ വിളിച്ചു വരുത്തി പ്രതി കീഴടങ്ങി. അടൂര്‍, പത്തനംതിട്ട സ്വദേശി പടിഞ്ഞാറ്റേതില്‍ വീട്ടില്‍ അനില്‍കുമാര്‍ ആണ് കൊല്ലപ്പെട്ടത്.




??  ദേശീയം  ??



?  എടിഎം സൗകര്യമുള്ള ഇന്ത്യയിലെ ആദ്യ ട്രെയിന്‍ സര്‍വ്വീസ് തുടങ്ങാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. മുംബൈ-മന്മദ് പഞ്ച്വഡി എക്സ്പ്രസില്‍ ആണ് ആദ്യഘട്ടത്തില്‍ ഈ സര്‍വ്വീസെത്തുന്നത്. അങ്ങനെ ഇന്ത്യയില്‍ എടിഎം സ്ഥാപിച്ച ആദ്യത്തെ ട്രെയിനായി മാറി പഞ്ച്വഡി എക്സ്പ്രസ്. ട്രെയിനിന്റെ എയര്‍ കണ്ടീഷന്‍ ചെയ്ത കോച്ചിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്.

?ഭരണഘടന ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ ഗാന്ധിയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ നുണയനെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍. കള്ളവും, അഴിമതിയും, നാണം കെട്ട പ്രീണനവും, മാര്‍ക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രവുമെല്ലാം കൂടിക്കലര്‍ന്നുള്ള വികല രാഷ്ട്രീയത്തിന്റെ പ്രയോക്താവാണ് രാഹുല്‍ ഗാന്ധിയെന്ന് അദ്ദേഹം പരിഹസിച്ചു.

?  ജസ്റ്റിസ് ബി ആര്‍ ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. ഇത് സംബന്ധിച്ച് ശുപാര്‍ശ നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കേന്ദ്രത്തിന് കൈമാറി. അടുത്തമാസം 13 നാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്നത്. തൊട്ടടുത്ത ദിവസമാകും ബി ആര്‍ ഗവായ് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് വിവരം.

?  വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി നിര്‍ണായക നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്യരുതെന്നാണ് പ്രധാന നിര്‍ദ്ദേശം. അതായത് ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കള്‍ അതല്ലാതാക്കരുത്. വഖഫ് കൗണ്‍സിലില്‍ എക്സ് ഒഫിഷ്യോ അംഗങ്ങള്‍ ഒഴികെയുള്ളവര്‍ മുസ്സിംങ്ങള്‍ തന്നെയാകണം എന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.


? വഖഫ് നിയമ ഭേദഗതിക്കെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ ഇന്നലെ കേന്ദ്രസര്‍ക്കാരിനേറ്റത് കനത്ത പ്രഹരം. വഖഫ് നിയമഭേദഗതിയിലെ മൂന്ന് പ്രധാന വ്യവസ്ഥകള്‍ മരവിപ്പിച്ച് നിര്‍ണ്ണായക ഉത്തരവ് ഇറക്കുമെന്ന സൂചനയടക്കം നല്‍കിയുള്ള സുപ്രീംകോടതിയുടെ നിലപാട് ഹര്‍ജിക്കാര്‍ക്ക് ആശ്വാസമേകുന്നതാണ്. നിലവിലെ വഖഫ് ഭൂമി അതല്ലാതാക്കരുത് എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ കോടതി ഇന്നലെ തയ്യാറാക്കിയെങ്കിലും കേന്ദ്രത്തിന്റെ അഭ്യര്‍ത്ഥന കാരണം ഇടക്കാല ഉത്തരവ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു

?  വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് വിവിധ സംഘടനകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ, കേന്ദ്ര സര്‍ക്കാറിനോട് നിര്‍ണായക ചോദ്യവുമായി സുപ്രീം കോടതി. ഹിന്ദു മത ട്രസ്റ്റുകളുടെ ഭാഗമാക്കാന്‍ മുസ്ലീങ്ങളെ അനുവദിക്കുമോയെന്നാണ് സുപ്രീം കോടതി ചോദിച്ചത്.



?  കാഞ്ച ഗച്ചിബൗളിയിലെ 400 ഏക്കര്‍ ഭൂമി നശിപ്പിക്കുന്നതിന്റെ എഐ ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രം പങ്കുവെച്ചതിന് തെലങ്കാന ഐഎഎസ് ഉദ്യോഗസ്ഥയും ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ സ്മിത സഭര്‍വാളിന് പൊലീസ് നോട്ടീസ് അയച്ചു. മാര്‍ച്ച് 31ന് സ്മിത സബര്‍വാള്‍ തന്റെ എക്സ് അക്കൗണ്ടില്‍ നിന്ന് ഫോട്ടോ റീട്വീറ്റ് ചെയ്തിരുന്നു.

?  മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി അനുവദിക്കല്‍ അഴിമതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ ബി.എം. പാര്‍വതി എന്നിവര്‍ക്ക് നോട്ടീസയച്ച് കര്‍ണാടക ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ലോകായുക്തയില്‍ നിന്ന് കേസ് സിബിഐക്ക് കൈമാറണമെന്ന അപേക്ഷ തള്ളിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് സ്നേഹമയി കൃഷ്ണ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ് അയച്ചത്.

?  സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഉന്നമിട്ടത് രാഷ്ട്രീയമായി തകര്‍ക്കാനെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശും അഭിഷേക് മനു സിംഗ്വിയും വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.


? മുസ്ലീങ്ങളായ കരാറുകാര്‍ക്ക് സര്‍ക്കാര്‍ കരാറുകളില്‍ നാല് ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള കര്‍ണാടക സര്‍ക്കാരിന്റെ ബില്‍ രാഷ്ട്രപതിയുടെ അനുമതിക്കായി കര്‍ണാടക ഗവര്‍ണര്‍ തവാര്‍ചന്ദ് ഗെലോട്ട് മാറ്റിവച്ചു. മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണം ഭരണഘടന അനുവദിക്കുന്നില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. 




?   കായികം ?


?  ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് സൂപ്പര്‍ ഓവര്‍ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി കാപ്പിറ്റല്‍സ് അവസാന ഓവറുകളിലെ കൂറ്റനടികളിലൂടെ 5 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു.

? മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനും നിശ്ചിത ഓവറില്‍ നേടിയത് 4 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ്. ഇതോടെ സമനിലയിലായ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി.


?  ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിനിടെ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഡല്‍ഹി ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ വിപ്രജ് നിഗം എറിഞ്ഞ ആറാം ഓവറിലായിരുന്നു സംഭവം. 19 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 31 റണ്‍സെടുത്ത് ടീമിന് മികച്ച തുടക്കം സമ്മാനിച്ചതിന് പിന്നാലെയായിരുന്നു സഞ്ജു റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയത്.

യു.കെയിൽ ഡോക്ടറാണെന്ന് പറഞ്ഞ് കൊല്ലം സ്വദേശിനിയുമായി ഓണ്‍ലൈനിലൂടെ സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ് : വിദേശ പൗരൻ അറസ്റ്റിൽ

കൊല്ലം: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഉമയനല്ലൂര്‍ സ്വദേശിനിയില്‍ നിന്നും 5 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വിദേശ പൗരന്‍ പിടിയിൽ. നൈജീരിയന്‍ സ്വദേശി മാത്യൂ എമേക്കാ(30)യെയാണ് കൊട്ടിയം പൊലിസ് അറസ്റ്റ് ചെയ്തത്. കൊല്ലം സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ വർഷം ജൂലൈയിലും ഓഗസ്റ്റിലുമാണ് തട്ടിപ്പ് നടത്തിയത്. യു.കെയിൽ ഡോക്ടറാണെന്ന് പറഞ്ഞ് കൊല്ലം സ്വദേശിനിയുമായി ഓണ്‍ലൈനിലൂടെ സൗഹൃദം സ്ഥാപിച്ചു. ഇതിനിടെ വിലപിടിപ്പുള്ള സമ്മാനങ്ങൾ കൊറിയർ അയച്ചിട്ടുണ്ടെന്നും പാഴ്സൽ ഡൽഹിയിലുണ്ടെന്നും 45,000 രൂപ അടക്കണമെന്നും ഇയാൾ വിശ്വസിപ്പിച്ചു. തുടർന്ന് യുവതി പ്രതി നിർദേശിച്ച അക്കൗണ്ടിലേക്ക് പണം അയക്കുകയായിരുന്നു. ഇത്തരത്തിൽ പലകാരണങ്ങൾ പറഞ്ഞ് തവണകളായി 4.90 ലക്ഷം രൂപ പ്രതി തട്ടിയെടുത്തു.
കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയ യുവതി കൊട്ടിയം പൊലിസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിൽ പണംകെെമാറിയ അക്കൗണ്ടിന്റെ വിവരങ്ങൾ പിന്തുടർന്ന് ഡൽഹിയിൽ വരെ അന്വേഷണ സംഘം എത്തി. പ്രതി സമാന കുറ്റത്തിന് ഡൽഹി, വയനാട് അമ്പലവയൽ പൊലിസും ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടർന്ന് ജാമ്യം ലഭിച്ച ഇയാൾ സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ കൊട്ടിയത്ത് പ്രവര്‍ത്തിക്കുന്ന ട്രാന്‍സിറ്റ് ഹോമില്‍ താമസിച്ചുവരികയായിരുന്നു. കൊട്ടിയം പൊലിസ് ഇവിടെയെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊട്ടിയം എസ്.എച്ച്.ഒയുടെ ചാര്‍ജ്ജ് വഹിക്കുന്ന ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ അനൂപിന്റെ നിര്‍ദേശപ്രകാരം എസ്.ഐ മാരായ നിതിന്‍ നളന്‍, പ്രമോദ്, മിനുരാജ് എന്നിവരടങ്ങിയ പൊലിസ് സംഘമാണ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സ്കൂട്ടറിന്റെ സീറ്റിനടിയില്‍ നിന്നും പണം മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

ഇരവിപുരം:  സ്കൂട്ടറിന്റെ സീറ്റിനടിയില്‍ നിന്നും പണം മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി. മയ്യനാട് സുനാമി ഫ്ലാറ്റ്-19 തെക്കുംമൂട് തന്‍സീം (24), തഴുത്തല ഉമയനല്ലൂര്‍ ചരുവിള പുത്തന്‍ വീട്ടില്‍ ഇജാസ് (24) എന്നിവരാണ് ഇരവിപുരം പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 28 വെള്ളിയാഴ്ച ഭരണിക്കാവ് അമ്പലത്തിന്റെ കോംപൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന തട്ടാമല സ്വദേശിയായ ഗീതയുടെ സ്കൂട്ടറിന്റെ സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന 40,000 രൂപ പ്രതികള്‍ മോഷ്ടിച്ചെടുത്ത് കടന്ന് കളയുകയായിരുന്നു. തുടര്‍ന്ന് യുവതി പൊലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്തി പിടികൂടുകയായിരുന്നു. ഇരവിപുരം ഇന്‍സ്പെക്ടര്‍ രാജീവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജയേഷ്, നൗഷാദ്, സിപിഒ മാരായ അനീഷ്, സജിന്‍, ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

നടി വിൻസി വെളിപ്പെടുത്തിയ നടനാര്? വിരങ്ങൾ ശേഖരിക്കാൻ എക്സൈസും പൊലീസും, ഇൻ്റലിജൻസ് അന്വേഷണം തുടങ്ങി,കേസെടുക്കും

കൊച്ചി: സിനിമാ സെറ്റിൽ ലഹരി ഉപയോ​ഗിച്ച സഹതാരത്തെ കുറിച്ച് വെളിപ്പെടുത്തിയ നടി വിൻസി അലോഷ്യസിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ എക്സൈസ്. കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർ നടപടിയുണ്ടാകുമെന്നാണ് എക്സൈസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

നടിയുടെ വെളിപ്പെടുത്തലിനെ പറ്റി സ്‌റ്റേറ്റ് ഇൻ്റലിജൻസും അന്വേഷണം തുടങ്ങി. വിൻസിയിൽ നിന്ന് പരാതി വാങ്ങി കേസ് എടുക്കാൻ പൊലീസും ശ്രമം തുടങ്ങി. ഉന്നത ഉദ്യോഗസ്ഥർ വിൻസിയുമായി സംസാരിക്കുമെന്നാണ് സൂചന.

അതേസമയം, ലഹരി ഉപയോഗിച്ച നടനിൽ നിന്ന് നേരിട്ട ദുരനുഭവത്തിൽ വിൻസി അലോഷ്യസ് നടൻറെ പേര് ഉടൻ വെളിപ്പെടുത്തുമെന്ന് താരസംഘടന അമ്മ വ്യക്തമാക്കി. വിൻസിയുമായി സംസാരിച്ചെന്നും പേര് വെളിപ്പെടുത്തിയാൽ ഉടൻ നടനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അമ്മ ഭാരവാഹി ജയൻ ചേർത്തല വ്യക്തമാക്കി. പുരസ്ക്കാരങ്ങൾക്ക്പരിഗണിക്കുമ്പോൾ നടീ നടൻമാരുടെ അഭിനയം മാത്രമല്ല സ്വഭാവം കൂടി കണക്കിലെടുക്കണമെന്നും ജയൻ ചേർത്തല ചൂണ്ടിക്കാട്ടി.

കുഞ്ഞിനെ ആശുപത്രിയിൽ ഉപേക്ഷിച്ചു നാടുകടന്നു പോയി; പൊലീസ് വിളിച്ചപ്പോൾ ദമ്പതികളുടെ മനസ്സലിഞ്ഞു, ഏറ്റെടുക്കും

കൊച്ചി: കൊച്ചിയില്‍ ഉപേക്ഷിച്ചുപോയ സ്വന്തം കുഞ്ഞിനെ തിരികെ ഏറ്റെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലുള്ള കുഞ്ഞിനെ അച്ഛനും അമ്മയും വീഡിയോ കോളിലൂടെ കണ്ടു. രക്ഷിതാക്കള്‍ കുഞ്ഞിനെ തേടി വരുമെന്ന പ്രതീക്ഷയിലാണ് പൊലീസുകാര്‍. ഫെബ്രുവരിയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ശിശുക്ഷേമ സമിതി ഏറ്റെടുത്തത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് പോയ ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പളികളെ കുറിച്ച് കഴിഞ്ഞ രണ്ട് മാസത്തോളമായി പൊലീസിന് ഒരു വിവരവുമില്ലായിരുന്നു. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടുപോലും നടന്നില്ല. അതിനിടെയാണ് കഴിഞ്ഞയാഴ്ച കൊച്ചിയില്‍ ഓള്‍ ഇന്ത്യ പൊലീസ് ബാറ്റ്മിന്‍ടന്‍ ടൂര്‍ണമെന്‍റ് നടന്നത്. ഇതില്‍ പങ്കെടുക്കാനെത്തിയ ജാര്‍ഖണ്ഡുകാരായ പൊലീസുകാരോട് ഈ വിവരം എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്. താല്‍പര്യത്തോടെ തെരച്ചില്‍ ആരംഭിച്ച ജാര്‍ഖണ്ഡിലെ പൊലീസ് കഴിഞ്ഞ ദിവസം തന്നെ രക്ഷിതാക്കളെ കണ്ടെത്തി. റാഞ്ചിക്കടുത്തുള്ള ലോഹാര്‍ഡഗ ഗ്രാമത്തില്‍ കഴിയുകയായിരുന്നു അച്ഛന്‍ മംഗലേശ്വരും അമ്മ രഞ്ജിതയും. കുഞ്ഞ് മരിച്ചെന്ന ധാരണയിലായിരുന്നു ഇരുവരും.

വിവരം അറിയിച്ചതോടെ കുഞ്ഞിനെ ഏറ്റെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കാന്‍ കുഞ്ഞിനെ വീഡിയോ കോളിലൂലെട കാണണമെന്നായി. നിധി എന്ന് പേരിട്ട് കഴിഞ്ഞ വ്യാഴാഴ്ച ശിശുക്ഷേമ സമിതി ഏറ്റെടുത്ത കുഞ്ഞ് അങ്കമാലി കറുകുറ്റിയിലെ ശിശുഭവനിലായിരുന്നു. ഒടുവില്‍ ശിശുക്ഷേമ സമിതി അധ്യക്ഷന്‍റെ അനുവാദത്തോടെ പൊലീസ് കുഞ്ഞിനെ വീഡിയോ കോളിലൂടെ അച്ഛനമ്മമാര്‍ക്ക് കാണിച്ചുകൊടുത്തു. മരിച്ചെന്ന് കരുതിയ സ്വന്തം മകളെ ഇരുവരും കണ്ണീരണിഞ്ഞ് കണ്ടു.

ആശുപത്രി ചോദിച്ച രണ്ട് ലക്ഷം രൂപ നല്‍കാന്‍ സാധിക്കാതെ വന്നതോടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നതെന്ന് രക്ഷിതാകള്‍ പൊലീസിനെ അറിയിച്ചു. കുഞ്ഞിനെ ഏറ്റെടുക്കാന്‍ അച്ഛനമമ്മാര്‍ ഉടന്‍ കേരളത്തിലെത്തുമെന്ന പ്രതീക്ഷിയിലാണ് അന്വേഷണസംഘം. എത്തിയില്ലെങ്കില്‍ ജാര്‍ഖണ്ഡില്‍ പോയി ഇരുവരെയും കസ്റ്റിഡിയെലുടുക്കും. നാട്ടിലെത്തി കുഞ്ഞിനെ ഏറ്റെടുക്കാന്‍ തയ്യാറായാലും ദമ്പതികളുടെ ജീവിത സാഹചര്യും കൂടി പരിഗണിച്ചേ കുഞ്ഞിനെ കൈമാറൂ എന്ന് നേരത്തെ തന്നെ ശിശുക്ഷേമ സമിതി വ്യക്തമാക്കിയിട്ടുണ്ട്.

അധ്യാപകനെതിരായ പീഡന പരാതി വ്യാജം; 7 വർഷത്തിന് ശേഷം ഭർത്താവിനൊപ്പമെത്തി പരസ്യമായി ക്ഷമചോദിച്ച് വിദ്യാർഥിനി

കടുത്തുരുത്തി: അധ്യാപകനെതിരെ നൽകിയ പീഡനപരാതി വ്യാജമായിരുന്നെന്ന് ഏഴുവർഷത്തിനു ശേഷം വിദ്യാർഥിനിയുടെ പരസ്യ കുറ്റസമ്മതം. കോടതിയിലെത്തി പെൺകുട്ടി കേസ് പിൻവലിച്ചു. കുറുപ്പന്തറയിൽ പാരാമെഡിക്കൽ സ്ഥാപനം നടത്തിയിരുന്ന ആയാംകുടി മധുരവേലി സ്വദേശി സി.ഡി.ജോമോനെതിരെ 2017ൽ എറണാകുളം സ്വദേശിനിയായ വിദ്യാർഥിനിയാണു പരാതി നൽകിയത്.

പെൺകുട്ടിയെ പരിശീലനത്തിനായി കൊണ്ടുപോകുംവഴി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനം പൂട്ടി. കുടുംബാംഗങ്ങളും നാട്ടുകാരും അകറ്റിനിർത്തി. പരാതി കൊടുക്കുന്നതിനു മുൻപായി ചിലർ പണം ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ജോമോൻ പറയുന്നു. പിന്നീടു കേസിന്റെ പിന്നാലെയായി ജീവിതം. കുടുംബം പട്ടിണിയിലായതോടെ മറ്റു പണികൾക്കിറങ്ങി. താൻ ആത്മഹത്യയ്ക്കുപോലും മുതിർന്നിരുന്നതായി ഇദ്ദേഹം പറയുന്നു.

പരാതിക്കാരി ഈയിടെയാണു ജോമോന്റെ ദുരിതജീവിതത്തെപ്പറ്റി അറിഞ്ഞത്. തുടർന്നു ഭർത്താവിനൊപ്പം ജോമോന്റെ നാട്ടിലെത്തി. സമീപത്തെ ദേവാലയത്തിലെത്തി, ജോമോൻ നിരപരാധിയാണെന്നും ചിലരുടെ പ്രേരണയിൽ പീഡന പരാതി നൽകിയതാണെന്നും സമ്മതിച്ചു. പള്ളിയിലെ ശുശ്രൂഷയ്ക്കിടെ പെൺകുട്ടി ജോമോനോടും കുടുംബത്തിനോടും പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു. പിന്നീടു കോടതിയിൽ ഹാജരായി മൊഴി കൊടുത്തതോടെ ജോമോനെ വിട്ടയച്ചു. തന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്നു ജോമോൻ പറഞ്ഞു.

പ്രധാനമന്ത്രിയുടെ പരിഹാസത്തിന് ‘മറുപടി’; തമിഴ്നാട്ടിൽ സർക്കാർ ഉത്തരവ്, മറുപടി, ഒപ്പ്; എല്ലാം ഇനി തമിഴിൽ മാത്രം

ചെന്നൈ: സർക്കാർ ഉത്തരവുകൾ ഉൾപ്പെടെ എല്ലാ ഔദ്യോഗിക ആശയ വിനിമയങ്ങളും തമിഴിൽ മാത്രം മതിയെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ തമിഴ്നാട് സർക്കാർ, എല്ലാ കത്തുകളിലും സർക്കാർ ജീവനക്കാർ തമിഴിൽ തന്നെ ഒപ്പിടണമെന്നും നിർദേശിച്ചു. പൊതുജനങ്ങളിൽ നിന്ന് തമിഴിൽ ലഭിക്കുന്ന കത്തുകൾക്ക് തമിഴിൽ തന്നെ മറുപടി നൽകണം.

സർക്കാർ ഓഫിസുകളിൽ തമിഴ് ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നത് നിർബന്ധമാക്കുന്ന നിലവിലുള്ള വ്യവസ്ഥകളും ഉത്തരവുകളും അഡീഷനൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, സെക്രട്ടറിമാർ, സെക്രട്ടേറിയറ്റിലെ വകുപ്പുകൾ, കലക്ടർ, വകുപ്പ് മേധാവികൾ എന്നിവരെ കത്തിലൂടെയാണ് ഓർമിപ്പിച്ചത്. നിലവിൽ ഇംഗ്ലിഷിലുള്ള കത്തുകളും സർക്കാർ ഉത്തരവുകളും തമിഴിലേക്ക് വിവർത്തനം ചെയ്യും.

കഴിഞ്ഞ ആറിനു പാമ്പൻ പാലം ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, തമിഴ്നാട്ടിൽ നിന്നുള്ള ഔദ്യോഗിക കത്തുകളിൽ തമിഴ് ഉപയോഗിക്കുന്നില്ലെന്നും ആരും ഒപ്പുകൾ പോലും തമിഴിൽ ഇടുന്നില്ലെന്നും പരിഹസിച്ചിരുന്നു. ഇതിനു മറുപടിയെന്ന രീതിയിലാണ് നിർദേശം.