Home Blog Page 1199

തന്നെ ആരോ അക്രമിക്കാൻ വന്നതാണെന്ന് ഭയന്ന് ഹോട്ടലില്‍ നിന്ന് പേടിച്ചോടിയതാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ

തന്നെ ആരോ അക്രമിക്കാൻ വന്നതാണെന്ന് ഭയന്ന് ഹോട്ടലില്‍ നിന്ന് പേടിച്ചോടിയതാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ.  പൊലീസാണെന്ന് അറിയില്ലായിരുന്നുവെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കി. അതേസമയം, ഷൈന്‍ ടോം ചാക്കോയുടെ ഫോണ്‍ പരിശോധിക്കുയാണ് പൊലീസ്. വാട്സ്ആപ്പ് ചാറ്റുകളും കോളുകളമാണ് പൊലീസ് പരിശോധിക്കുന്നത്. ഗൂഗിൾ പേ ഇടപാടുകളും നടത്തിയ ഗൂഗിൾ പേ ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഷൈൻ സ്ഥിരം ഉപയോഗിച്ചിരുന്ന ഫോൺ ഇത് തന്നെ ആണോ എന്നാ സംശയത്തിലാണ് പൊലീസ്. സ്ഥിരം ഇടപാടുകൾക്ക് മറ്റ് ഫോൺ ഉണ്ടോ എന്നാണ് പൊലീസ് സംശയിക്കുന്നത്. സ്ഥിരമായി മൂന്ന് ഫോണുകളാണ് ഉപയോഗിക്കുന്നതെന്ന് ഷൈൻ പൊലീസിന് മൊഴി നല്‍കി. എന്നാല്‍ ഒരു ഫോൺ മാത്രമാണ് ഷൈന്‍ പൊലീസിന് മുന്നില്‍ ഹാജരാക്കിയത്.

2025ലും ചെരിപ്പ് വാങ്ങാനാകാതെ ഗ്രാമവാസികൾ, കണ്ണുനിറഞ്ഞ് പവൻ കല്യാൺ, മുഴുവനാളുകൾക്കും ചെരിപ്പ് നൽകി

അമരാവതി: അരക്കു, ദുംബ്രിഗുഡ മേഖലകളിലെ പര്യടനത്തിനിടെ ചെരിപ്പില്ലാത്ത ഗ്രാമീണർക്ക് ചെരിപ്പ് വിതരണം ചെയ്ത് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. പെഡപാഡു ഗ്രാമവാസികൾക്കാണ് അദ്ദേഹം ചെരിപ്പ് വിതരണം ചെയ്തത്.

ഗ്രാമം സന്ദർശിക്കുന്നതിനിടയിൽ, പാംഗി മിതു എന്ന വൃദ്ധയായ സ്ത്രീയും ഗ്രാമത്തിലെ മറ്റ് നിരവധി സ്ത്രീകളും നഗ്നപാദരായി നിൽക്കുന്നത് ഉപമുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഉപമുഖ്യമന്ത്രി ഗ്രാമത്തിൽ താമസിക്കുന്ന മൊത്തം ആളുകളുടെ എണ്ണത്തെക്കുറിച്ച് അന്വേഷിച്ചു. ഏകദേശം 350 താമസക്കാരുണ്ടെന്ന് അറിഞ്ഞപ്പോൾ, എല്ലാവർക്കും പാദരക്ഷകൾ എത്തിക്കാനും വിതരണം ചെയ്യാനും ഏർപ്പാട് ചെയ്തു.

ഷൈൻ ടോം ചാക്കോ രാവിലെ 10.30 ന് ഇന്ന് ഹാജരാകും, എ സി പി നോർത്ത് സ്റ്റേഷനിൽ എത്തി

കൊച്ചി: ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ജനൽ വഴി ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ഇന്ന് രാവിലെ 10.30 ന് എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരാകും. ഇന്നലെ നോട്ടീസ് നൽകാനെത്തിയ പോലീസ് ഉദ്യോഗസ്ഥർ ഇന്ന് രാവിലെ 10.30 ന് എത്താനാണ് നോട്ടീസ് നൽകിയത്.നടൻ എത്തിയാൽ സെൻട്രൽ എ സി പി യുടെ നേതൃത്വത്തിൽ പ്രത്യേക സംഘം ചോദ്യം ചെയ്യും.ഇതിനായി പോലീസ് 32 ചോദ്യാവലികൾ തയ്യാറാക്കിയിട്ടുണ്ട്. എ സി പി ഉൾപ്പെടെയുള്ള സംഘം നോർത്ത് സ്റ്റേഷനിൽ എത്തി.

ലഹരിവേട്ട നടത്തുന്ന ഡാൻസാഫ് സംഘം എത്തിയതറിഞ്ഞ് ബുധനാഴ്ച രാത്രി കലൂരിലെ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെട്ട നടൻ അജ്ഞാതന്റെ ബൈക്കില്‍ നഗരത്തിലെ മറ്റൊരു ഹോട്ടലിലേക്കായിരുന്നു ആദ്യം പോയത്. ഇവിടെ നിന്ന് പുലർ‌ച്ചെയോടെ സ്ഥലം വിട്ടു.

കാനഡയിൽ ഇന്ത്യൻ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു; ആക്രമണം ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോള്‍, അന്വേഷണം ആരംഭിച്ചു

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു. 21 കാരി ഹര്‍സിമ്രത് രണ്‍ധാവന കൊല്ലപ്പെട്ടത്. ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് വിദ്യാര്‍ത്ഥിനിക്ക് വെടിയേറ്റത്. അക്രമികൾ ലക്ഷ്യമിട്ടത് വിദ്യാര്‍ത്ഥിനിയെ തന്നെ ആണോ എന്നതിൽ വ്യക്തതയില്ല. അന്വേഷണം തുടങ്ങിയതായി കനേഡിയൻ പൊലീസ് അറിയിച്ചു.

അക്രമിയെപ്പറ്റി എന്തെങ്കിലും വിവരം അറിയുന്നവർ അത് പൊലീസിന് കൈമാറണമെന്ന് കനേഡിയൻ പൊലീസ് അഭ്യര്‍ത്ഥിച്ചു. കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ അക്രമണത്തിന് ഇടയിലാണ് ഹര്‍സിമ്രത് രണ്‍ധാവനയ്ക്ക് വെടിയേറ്റതെന്നാണ് പൊലീസ് സംശയിക്കുന്നത്. അക്രമി സംഘത്തിനായുള്ള തെരച്ചില്‍ പൊലീസ് തുടരുകയാണ്. കാറിലുണ്ടായിരുന്നവരെ കുറിച്ച് പ്രാഥമിക സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

വാർത്താ നോട്ടം

2025 ഏപ്രിൽ 19 ശനി

BREAKING NEWS

?ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ജനൽ വഴി ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ഇന്ന് മൂന്നിന് എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരാകും.

?ഇന്നലെ നോട്ടീസ് നൽകാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ഷൈൻ്റെ പിതാവാണ് ഇക്കാര്യം അറിയിച്ചത്.

?നടൻ എത്തിയാൽ സെൻട്രൽ എ സി പി യുടെ നേതൃത്വത്തിൽ പ്രത്യേക സംഘം ചോദ്യം ചെയ്യും.ഇതിനായി പോലീസ് 32 ചോദ്യാവലികൾ തയ്യാറാക്കിയിട്ടുണ്ട്.

? ദില്ലി മുസ്തഫാബാദിൽ കെട്ടിടം തകർന്ന് 4 പേർ മരിച്ചു.രക്ഷാപ്രവർത്തനം തുടരുന്നു

? നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്, നാളെ രാവിലെ 10ന് അടിയന്തിര യോഗം വിളിച്ച് തൃണമൂൽ കോൺഗ്രസ്.

?കെ എംഎബ്രഹാമിനെ തിരെ മുഖ്യമന്ത്രിയ്ക്കു് പരാതി നൽകി ജോമോൻ പുത്തൻപുരയ്ക്കൽ, തനിക്കെതിരായ ആരോപണങ്ങൾ ഹൈക്കോടതി തള്ളിയതാണെന്ന് പരാതിയിൽ പറയുന്നു.

?മകനൊപ്പം മദ്യപാനം നടത്തിയത് ചോദ്യം ചെയ്ത വയോധികനെ യുവാവ് തല്ലിയെന്ന് പരാതി. പത്തനംതിട്ട കൂടൽ ഏലിയാൻ മൂലയിൽ ശശിയുടെ പരാതിയിൽ കേസെടുത്തു.

?ജമ്മുവിലെ ഭീകരാക്രമണം : കോബ്രയുടെ പുതിയ ബറ്റാലിയനെ ജമ്മു മേഖലയിൽ വിനിയോഗിക്കും

?സി പി എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന്, മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയെ ഇന്നറിയാം

?കാനഡിയിൽ 21 കാരിയായ ഇന്ത്യൻ വിദ്യാർത്ഥിനി ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ വെടിയേറ്റ് മരിച്ചു.

? കേരളീയം ?

? ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയെ ഇന്ന് പോലിസ് ചോദ്യം ചെയ്തേക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നാണ് ഷൈനിന്റെ പിതാവ് പൊലീസിനെ അറിയിച്ചിരിക്കുന്നത്.

? നടി വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ നേരിട്ട് വിശദീകരണം നല്‍കാന്‍ നടന്‍ ഷൈന്‍ ടോം ചാക്കോ തിങ്കളാഴ്ച ഫിലിം ചേംബര്‍ ആസ്ഥാനത്തെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരിട്ട് എത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് ഷൈനിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പൊലീസ് അന്വേഷണവുമായും ഷൈന്‍ സഹകരിക്കും.

? മണ്ണടിഞ്ഞു കൂടി പൊഴി മൂടപ്പെട്ട മുതലപ്പൊഴിയില്‍, അടിയന്തിരമായി മണ്ണ് നീക്കം ചെയ്ത് സമീപ പഞ്ചായത്തുകളെ സംരക്ഷിക്കുന്നതിനുവേണ്ടി സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കുന്നതിന് പകരം പ്രദേശത്ത് കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി.

? നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ കോണ്‍ഗ്രസിനെ വട്ടം കറക്കി പിവി അന്‍വര്‍. ആര്യാടന്‍ ഷൗക്കത്തിനെ മല്‍സരിപ്പിക്കാനാകില്ലെന്ന് എപി അനില്‍കുമാറുമായുള്ള ചര്‍ച്ചയിലും അന്‍വര്‍ ആവര്‍ത്തിക്കുകയായിരുന്നു. വിജയ സാധ്യത ഡിസിസി പ്രസിഡന്റ് വിഎസ് ജോയ്ക്കാണെന്ന നിലപാട് പിവി അന്‍വര്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു. ഷൗക്കത്ത് മത്സരിച്ചാല്‍ തോല്‍പ്പിക്കുമെന്ന മുന്നറിയിപ്പ് തന്നെയാണ് അന്‍വര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കുന്നത്. കഴിഞ്ഞദിവസം ആര്യാടന്‍ ഷൗക്കത്ത് അന്‍വറിനെ അനുനയിപ്പിക്കാനായി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നിട്ടും അന്‍വര്‍ വഴങ്ങിയില്ല. ഇതോടെ എളുപ്പത്തില്‍ ജയിച്ചു കയറാം എന്ന് കരുതുന്ന ഒരു സീറ്റില്‍ വലിയ പ്രതിസന്ധി നേരിടുകയാണ് കോണ്‍ഗ്രസ്.

? നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായി പി.വി. അന്‍വര്‍. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

? വയനാട്ടില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ബൈക്കുകളില്‍ എത്തിയ മൂന്ന് പേരാണ് ബസിന്റെ ചില്ല് തകര്‍ത്തത്. സംഭവത്തില്‍ മൂന്ന് പ്രതികളും പിടിയിലായി. മീനങ്ങാടി സ്വദേശികളായ നിഹാല്‍, അന്‍ഷിദ്, ഫെബിന്‍ എന്നിവരാണ് പിടിയിലായത്.

? വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് കാസ (CASA-ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍) സുപ്രീം കോടതിയില്‍. കേരളത്തില്‍ നിന്ന് നിയമത്തെ പിന്തുണച്ച് സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംഘടനയാണ് കാസ.

? നാല് വയസുകാരന്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ കോന്നി ആനകൂട് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ഗാര്‍ഡന്‍ ഫെന്‍സിങിന്റെ ഭാഗമായി സ്ഥാപിച്ച കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണാണ് അപകടം നടന്നത്. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഇന്നലെ രാവിലെ ആനകളെ കാണാനായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടി.

? പാലക്കാട് കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിലെ വെടിക്കെട്ടിനിടെ അപകടം. ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക വിവരം. രാത്രി 9.45 ഓടെയായിരുന്നു അപകടം. വെടിക്കെട്ടിന്റെ അവസാന ലാപ്പില്‍ വെടിപ്പുരയ്ക്ക് തീപിടിക്കുകയായിരുന്നു.

? പ്രശസ്ത ഹൃദ്രോഗ വിദഗ്ദന്‍ ഡോ മാത്യൂ സാമുവേല്‍ കളരിക്കല്‍ അന്തരിച്ചു. 77 വയസായിരുന്നു. ഇന്ത്യയില്‍ ആഞ്ജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നാണ് ഇദ്ദേഹത്തെ ആതുര ശുശ്രൂഷ രംഗത്ത് വിശേഷിപ്പിച്ചിരുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം .

?? ദേശീയം ??

? നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ച ഇ ഡി നടപടിക്കെതിരായ തുടര്‍ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ഇന്ന് യോഗം ചേരും.

? കര്‍ണാടകയില്‍ സര്‍ക്കാര്‍ കരാറുകളില്‍ മുസ്ലിം സംവരണം നല്‍കുന്ന ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചതില്‍ നടപടി വൈകിയാല്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും. ബില്ലുകളില്‍ ഗവര്‍ണര്‍മാരും രാഷ്ട്രപതിയും മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി വിധിച്ചതിന്റെ പശ്ചാത്തലത്തിലാണിത്.

? വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന എയര്‍ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആശുപത്രി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന ദീപക് എന്നയാളാണ് പിടിയിലായത്. ട്രെയിനിങില്‍ പങ്കെടുക്കാനെത്തി ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ വീണ് ഗുരുതരാവസ്ഥയിലായിരുന്ന 46 കാരിയായ എയര്‍ഹോസ്റ്റസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സദര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

? രോഹിത് വെമുല നിയമം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് രാഹുല്‍ ഗാന്ധി കത്ത് നല്‍കി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദളിത്, ആദിവാസി വിദ്യാര്‍ത്ഥികള്‍ വിവേചനം നേരിടുന്നത് അംഗീകരിക്കാനാകില്ലെന്നും നിയമം ഉടന്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട്, അംബേദ്കര്‍ ജയന്തി ദിവസമാണ് രാഹുല്‍ ഗാന്ധി കത്ത് അയച്ചത്.

? ഹിമാചല്‍പ്രദേശിലെ ചീഫ്സെക്രട്ടറി നടത്തിയ ആഡംബര പാര്‍ട്ടി വിവാദത്തില്‍. മാര്‍ച്ച് 31 ന് വിരമിക്കേണ്ടിയിരുന്ന ചീഫ് സെക്രട്ടറി പ്രബോധ് സക്‌സേനയ്ക്ക് ആറ് മാസത്തെ കാലാവധി നീട്ടി നല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ പാര്‍ട്ടിയിലെ ഭക്ഷണത്തിന്റെ ബില്‍ ആണ് വിവാദത്തിലായിരിക്കുന്നത്.

? ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കഴിഞ്ഞ ദിവസം ക്യാമ്പസില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്താണ് ഇലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. സ്ഥാനാര്‍ത്ഥികളുടെ അവസാനഘട്ട പട്ടിക പുറത്തുവിടുന്നതും മാറ്റിവെച്ചു.

? സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് ജാമ്യം നല്‍കിയതില്‍ വഴിവിട്ട ഇടപെടല്‍ ഉണ്ടായെന്ന സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതിയില്‍ നടപടികള്‍ക്കായി പേഴ്സണല്‍ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പരാതി. പാറ്റ്ന ഹൈക്കോടതി മുന്‍ ജഡ്ജി രാകേഷ് കുമാറാണ് പരാതിക്കാരന്‍.

? 2000 രൂപയ്ക്ക് മുകളില്‍ യുപിഐ ഇടപാടുകള്‍ നടത്തുമ്പോള്‍ ജിഎസ്ടി ചുമത്താന്‍ കേന്ദ്രം ആലോചിക്കുന്നതായുള്ള വാര്‍ത്ത തള്ളി ധനമന്ത്രാലയം. വാര്‍ത്ത പൂര്‍ണ്ണമായും വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ധനമന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

? ബഹിരാകാശത്ത് ഇന്ത്യയുടെ നാഴികക്കല്ലായി മാറുന്ന ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ചരിത്രയാത്ര മേയിലെന്നു കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഇക്കാര്യം വ്യക്തമാക്കിയത്. 8 മാസമായി നാസയിലും സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയം സ്‌പേസിലും പരിശീലനത്തിലാണു ശുഭാന്‍ഷു ശുക്ല.

? കായികം ?

? മഴയും മിന്നലും കാരണം 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിംഗ്സിന്റെ കുതിപ്പ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗളൂരു ഉയര്‍ത്തിയ 96 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് 11 പന്തും അഞ്ച് വിക്കറ്റും ബാക്കി നില്‍ക്കേ മറികടന്നു.

?അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത നെഹാല്‍ വധേരയാണ് പഞ്ചാബിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ഇതോടെ 7 കളികളില്‍ നിന്ന് 5 ജയവുമായി 10 പോയിന്റ് നേടിയ പഞ്ചാബ് രണ്ടാം സ്ഥാനത്തെത്തി. 6 കളികളില്‍ നിന്ന് 10 പോയിന്റുള്ള ഡല്‍ഹിയാണ് ഒന്നാം സ്ഥാനത്ത്. 6 കളികളില്‍ നിന്ന് 8 പോയിന്റുള്ള ഡല്‍ഹി മൂന്നാം സ്ഥാനത്തും 7 കളികളില്‍ നിന്ന് 8 പോയിന്റുള്ള ബംഗളുരു നാലാം സ്ഥാനത്തുമാണ്.

4 നില കെട്ടിടം തകർന്നുവീണു, 4 പേർ മരിച്ചു, 14 പേരെ രക്ഷപ്പെടുത്തി, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ന്യൂഡൽഹി: മുസ്തഫാബാദിൽ നാല് നില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു.14 പേരെ രക്ഷപ്പെടുത്തി. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്.

ദേശീയ ദുരന്ത നിവാരണ സേനയും (എൻ‌ഡി‌ആർ‌എഫ്), ഡൽഹി ഫയർ ഫോഴ്സും, ഡൽഹി പോലീസ് സംഘവും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. 10 പേരോളം ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നതായി രക്ഷാപ്രവർത്തകർ അറിയിച്ചു.

വയറു വേദനയുമായി ആശുപത്രിയിലെത്തി 16കാരി, പ്രസവ വേദനയെന്ന് വിധിയെഴുതി ഡോക്ടർ; പ്രതിക്ക് ജീവപര്യന്തം

ന്യൂഡൽഹി: 16 വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ 45 വയസുള്ളയാൾക്ക് ജീവപര്യന്തം തടവ് വിധിച്ച് ഡൽഹിയിലെ തീസ് ഹസാരി കോടതി. കേസ് കേട്ട് 20 ദിവസത്തിനുള്ളിലാണ് കോടതി വിധി പ്രസ്താവിച്ചത്.

2025 ഫെബ്രുവരിയിൽ നിഹാൽ വിഹാർ പൊലീസ് സ്റ്റേഷനിലാണ് കേസിന്റെ എഫ്‌ഐആർ ഫയൽ ചെയ്തത്. 2025 മാർച്ച് 28 ന് കേസിന്റെ വാദം കേൾക്കൽ ആരംഭിച്ചു. ഏപ്രിൽ 15 ന് വിധി പ്രഖ്യാപിച്ചു. അടുത്ത ദിവസം തന്നെ കോടതി കുറ്റവാളിക്ക് ശിക്ഷയും വിധിച്ചു.

2025 ഫെബ്രുവരി 25 ന് പെണ്‍കുട്ടിയെ വയറുവേദനയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. പരിശോധനയിൽ പെണ്‍കുട്ടിക്ക് പ്രസവവേദനയാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നൽകി. പോക്സോ നിയമപ്രകാരം അഡീഷണൽ സെഷൻസ് ജഡ്ജി ബബിത പുനിയ പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ചു.

നിരപരാധിയും ദുർബലയുമായ ഒരു പെൺകുട്ടിയെ തന്റെ കാമം ശമിപ്പിക്കാൻ കുറ്റവാളി ഇരയാക്കി. ഇരയെ ആവർത്തിച്ച് തന്റെ കാമത്തിന് പാത്രമാക്കുകയും ഗർഭിണിയാക്കുകയും ചെയ്തു. ചെറിയ പ്രായത്തിൽ അവൾക്ക് പ്രസവിക്കേണ്ടി വന്നു. പെണ്‍കുട്ടി അനുഭവിച്ച അസഹനീയമായ വേദനയായിരിക്കണം ഇതെന്ന് എനിക്ക് സംശയമില്ലെന്നും ജഡ്ജി വിധി വായിക്കുമ്പോൾ പറഞ്ഞു.

അതേ സമയം കോടതി പെണ്‍കുട്ടിയ്ക്ക് 19.5 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകി. കുറ്റവാളിയുടെ ഹീനമായ പെരുമാറ്റം കാരണം പെണ്‍കുട്ടിക്ക് ശാരീരികവും മാനസികവുമായ വേദനകൾ ഉണ്ടായിട്ടുണ്ടെന്നും അത് പണത്തിന് നികത്താൻ കഴിയില്ലെങ്കിലും ആവശ്യമായ വിദ്യാഭ്യാസം നേടാൻ ഇത് സഹായിക്കുമെന്നും കോടതി നിരീക്ഷിച്ചു.

അടുക്കള സിങ്ക് അടഞ്ഞുപോയോ? എങ്കിൽ ഇത്രയും ചെയ്താൽ മതി

അടുക്കളയിൽ വിശ്രമമെടുക്കാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒന്ന് സിങ്കാണ്. പച്ചക്കറികൾ, പാത്രങ്ങൾ തുടങ്ങിയവ കഴുകി വൃത്തിയാക്കാനാണ് അടുക്കള സിങ്ക് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ അടുക്കളയിൽ എപ്പോഴും ഉപയോഗമുള്ളതും സിങ്കിനാണ്. ചില സമയങ്ങളിൽ ചെറിയ രീതിയിലുള്ള തടസ്സങ്ങൾ കാരണം സിങ്ക് അടഞ്ഞുപോവുകയോ ശരിയായി പ്രവർത്തിക്കാതിരിക്കുകയോ ചെയ്യാറുണ്ട്. എപ്പോഴും ഇത് ശരിയാക്കാൻ പ്ലംബറിനെ വിളിച്ച് പണം കളയേണ്ടതില്ല. ചിലത് നമുക്ക് തന്നെ വീട്ടിൽ നിസ്സാരമായി പരിഹരിക്കാൻ സാധിക്കും. അവ എന്തൊക്കെ കാര്യങ്ങളാണെന്ന് അറിഞ്ഞാലോ.

സിങ്ക് അടഞ്ഞ് വെള്ളം പോകാതെ ആയാൽ പിന്നെ അടുക്കള പണിമുടക്കേണ്ടതായി വരും. സിങ്ക് അടഞ്ഞു പോകുന്നതിനുള്ള പ്രധാന കാരണം അഴുക്കും, ഭക്ഷണാവശിഷ്ടങ്ങളും ഡ്രെയിനിൽ അടിഞ്ഞുകൂടുന്നത് കൊണ്ടാണ്. ഇതിനെ നീക്കം ചെയ്യാൻ വളരെ എളുപ്പമാണ്. ചൂട് വെളളം സിങ്കിലേക്ക് ഒഴിച്ച് കൊടുത്തതിന് ശേഷം അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡയും വിനാഗിരിയും ഒഴിച്ച് കൊടുക്കണം. 15 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം പിന്നെയും ചൂട് വെള്ളം ഒഴിച്ച് കൊടുക്കാം. ഇത് അടഞ്ഞിരിക്കുന്ന സിങ്കിലേ തടസ്സങ്ങളെ എളുപ്പത്തിൽ നീക്കം ചെയ്യുന്നു.

പൈപ്പിന്റെ ലീക്കേജ്

പൈപ്പ് പൂർണമായും അടഞ്ഞിട്ടില്ലെങ്കിൽ വെള്ളം പോയികൊണ്ടേയിരിക്കും. ഇത് ജലത്തെ പാഴാക്കുകയും സിങ്ക് എപ്പോഴും നനഞ്ഞിരിക്കാനും കാരണമാകും. ഇങ്ങനെ സംഭവിക്കാൻ കാരണം ഉള്ളിലെ വാഷർ തേഞ്ഞുപോയത് കൊണ്ടാവാം. ഇത് പരിഹരിക്കാൻ പ്ലമ്പറിന്റെ ആവശ്യമില്ല. ജലവിതരണം പൂർണമായും ഓഫ് ചെയ്തതിന് ശേഷം ടാപ്പ് അഴിച്ചുമാറ്റി തകരാറുള്ള ഭാഗം ഏതാണെന്ന് മനസിലാക്കി അത് മാറ്റിസ്ഥാപിക്കണം. ഇങ്ങനെ ചെയ്താൽ പൈപ്പിന്റെ ലീക്കേജ് തടയാൻ സാധിക്കും.

ഡ്രെയിനിലെ ദുർഗന്ധം

അടുക്കള സിങ്കിൽ നിന്നും ദുർഗന്ധം വരുന്നുണ്ടെങ്കിൽ അതിനർത്ഥം മാലിന്യങ്ങൾ ഡ്രെയിനിൽ അടിഞ്ഞുകൂടിയിട്ടുണ്ടെന്നാണ്. ഇങ്ങനെ ഉണ്ടാവാൻ കാരണം സിങ്ക് ശരിയായ രീതിയിൽ വൃത്തിയാക്കാത്തത് കൊണ്ടാണ്. കുറച്ച് ബേക്കിംഗ് സോഡയും വിനാഗിരിയും സിങ്കിലേക്ക് ഒഴിച്ച് കൊടുക്കാം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം ചൂട് വെള്ളം ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ഡ്രെയിനിലെ ദുർഗന്ധം എളുപ്പത്തിൽ മാറും.

വാട്ടർ പ്രഷറിലെ കുറവ്

ചില സമയങ്ങളിൽ പൈപ്പിൽ നിന്നും വളരെ കുറച്ച് വെള്ളം മാത്രമേ പുറത്തേക്ക് വരാറുള്ളൂ. ഇങ്ങനെ ഉണ്ടാവാനുള്ള കാരണം ധാതുക്കൾ അടിഞ്ഞുകൂടുകയോ ലൈംസ്കെയിൽ അടിഞ്ഞുകൂടുന്നതുകൊണ്ടോ ആണ്. ഇങ്ങനെ സംഭവിക്കുമ്പോൾ ടേപ്പിന്റെ എയറേറ്റർ അഴിച്ച് മാറ്റി വിനാഗിരി ചേർത്ത വെള്ളത്തിലേക്ക് അര മണിക്കൂർ മുക്കിവയ്ക്കണം. ഇത് വെള്ളത്തിലെ സമ്മർദ്ധത്തെ സാധാരണ നിലയിലെത്തിക്കുന്നു.

‘സ്വർണവും പണവുമെല്ലാം കൊണ്ടുപോയി’; 4 കുട്ടികളുടെ അമ്മ മകളുടെ അമ്മായിയച്ഛനൊപ്പം ഒളിച്ചോടി, പരാതി നൽകി ഭർത്താവ്

ലഖ്നൌ: നാല് കുട്ടികളുടെ അമ്മ മകളുടെ ഭർത്താവിന്‍റെ അച്ഛനൊപ്പം ഒളിച്ചോടിയെന്ന് പരാതി. ഉത്തർപ്രദേശിലെ ബദൗണിൽ നിന്നുള്ള 43കാരിയായ മംമ്ത എന്ന സ്ത്രീയാണ് മകളുടെ അമ്മായിയച്ഛനായ ശൈലേന്ദ്രയ്ക്കൊപ്പം (46) പോയത്. ശൈലേന്ദ്രക്കെതിരെ മംമ്തയുടെ ഭർത്താവ് സുനിൽ കുമാർ പൊലീസിൽ പരാതി നൽകി.

അലിഗഢിൽ നിന്നുള്ള സ്ത്രീ മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയതിന് പിന്നാലെയാണ് യുപിയിൽ നിന്ന് തന്നെ ഈ സംഭവവും പുറത്തുവന്നത്. ട്രക്ക് ഡ്രൈവറായ സുനിൽ കുമാർ മാസത്തിൽ രണ്ടു തവണ മാത്രമേ വീട്ടിൽ വരാറുള്ളൂ. താനില്ലാത്തപ്പോൾ ശൈലേന്ദ്ര വീട്ടിൽ വന്നിരുന്നുവെന്ന് സുനിൽ കുമാർ നൽകിയ പരാതിയിൽ പറയുന്നു. ശൈലേന്ദ്ര വരുമ്പോഴെല്ലാം മറ്റൊരു മുറിയിലേക്ക് പോകാൻ അമ്മ ആവശ്യപ്പെടാറുണ്ടായിരുന്നുവെന്ന് മകൻ പറഞ്ഞു.

2022ലാണ് മംമ്തയുടെ മകൾ വിവാഹിതയായത്. തനിക്ക് മാസത്തിൽ രണ്ട് തവണ മാത്രമേ വീട്ടിൽ വരാൻ കഴിഞ്ഞിരുന്നുള്ളൂവെന്നും പണം കൃത്യമായി വീട്ടിലേക്ക് അയക്കാറുണ്ടായിരുന്നുവെന്നും ട്രക്ക് ഡ്രൈവറായ സുനിൽ കുമാർ പറഞ്ഞു. ഭാര്യ ആഭരണങ്ങളും പണവും എടുത്താണ് ഒളിച്ചോടിയതെന്ന് സുനിൽ കുമാർ നൽകിയ പരാതിയിൽ പറയുന്നു. സുനിൽ കുമാറിന്‍റെ പരാതി ലഭിച്ചതായി ദാതഗഞ്ച് സർക്കിൾ ഓഫീസർ കെ കെ തിവാരി പറഞ്ഞു. അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുർഷിദാബാദ് കലാപം; ഉചിതമായ ശുപാർശ കേന്ദ്ര സർക്കാരിന് നല്‍കുമെന്ന് ഗവർണർ സി വി ആനന്ദബോസ്

ന്യൂഡൽഹി: മുർഷിദാബാദ് കലാപത്തില്‍ ഉചിതമായ ശുപാർശ കേന്ദ്ര സർക്കാരിന് നല്‍കുമെന്ന് പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. കലാപം സംബന്ധിച്ച് ഉടൻ റിപ്പോർട്ട് തയ്യാറാക്കുമെന്നും സംസ്ഥാന സർക്കാരിനും നിർദ്ദേശങ്ങൾ നല്‍കുമെന്നും ആനന്ദബോസ് പറഞ്ഞു.

ക്യാമ്പുകളിൽ ഉള്ളവർക്ക് റെഡ്ക്രോസ് സഹായം ഏർപ്പാടാക്കുമെന്നും അദ്ദേഹം അറിയിച്ചു. കരളലിയിക്കുന്ന സംഭവങ്ങളാണ് ക്യാമ്പിലുള്ളവർ വിവരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുർഷിദാബാദിൽ നിന്ന് പലായനം ചെയ്തവരുടെ ക്യാമ്പുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു സി വി ആനന്ദബോസ്.

പശ്ചിമബംഗാൾ സർക്കാരിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും കടുത്ത അതൃപ്തിക്കിടെയാണ് ബംഗാൾ ഗവർണർ സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്. സംഘർഷ ബാധിത പ്രദേശമായ മാൾഡയിലെ സ്ഥിതിഗതികൾ ഗവർണർ വിലയിരുത്തി. മാൽഡയിലെ ക്യാമ്പുകളിൽ കഴിയുന്ന സംഘർഷബാധിതരുമായി ഗവർണർ സംസാരിച്ചു. മേഖലയിൽ സമാധാനം അനിവാര്യമാണെന്ന് ഗവർണർ പറഞ്ഞു. സന്ദർശനം കുറച്ചു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് കഴിഞ്ഞ ദിവസം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. സ്ഥിതിഗതികൾ ശാന്തമായ ശേഷം താൻ അവിടെ സന്ദർശനം നടത്തുമെന്നും മമതാ ബാനർജി പറഞ്ഞു. അതേസമയം ഗവർണറുടെ സന്ദർശനം രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽകണ്ടാണെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു.

ഇതിനിടെ, ദേശീയ വനിത കമ്മീഷനും, ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയോഗിച്ച സംഘവും മാൾഡയിലെത്തി സംഘർഷബാധിതരെ സന്ദർശിച്ചു. ദേശിയ വനിത കമ്മീഷൻ അദ്ധ്യക്ഷ വിജയ രഹാത്കർ ക്യാമ്പുകളിലെത്തി സ്ത്രീകളുമായി സംസാരിച്ചു. മാൽഡയിലെയും മുർഷിദാബാദിലെയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. മനുഷ്യാവകാശ കമ്മീഷൻ നിയമിച്ച സംഘം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും. അതേസമയം സംഘർഷ സാധ്യത കണക്കിലെടുത്ത് മുർഷിദാബാധിൽ കേന്ദ്രസേനയുടെ കാവൽ തുടരണമെന്ന് കൽക്കത്ത ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.