Home Blog Page 1198

കുണ്ടറ താലൂക്ക് ആശുപത്രിബഹുനില മന്ദിരനിര്‍മാണം അന്തിമഘട്ടത്തില്‍; ഡയാലിസിസ് യൂണിറ്റ് പൂര്‍ത്തിയായി

ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങള്‍ ഒരുക്കി വികസന കുതിപ്പിന് വേഗത കൂട്ടുകയാണ് കുണ്ടറ താലൂക്ക് ആശുപത്രി. പുതുകെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പിന്തുണയോടെ ഡയാലിസിസ് യൂണിറ്റും വരികായണിവിടെ.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഓടിട്ട കെട്ടിടത്തിലാണ് ആശുപത്രി തുടങ്ങിയത്. നിലവില്‍ കിഫ്ബി ഫണ്ടില്‍ നിന്നും 76.13 കോടി രൂപ ചെലവില്‍ ഒരുങ്ങുന്ന ബഹുനില മന്ദിരത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. 2020 ല്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളെയും മെച്ചപ്പെട്ട സൗകര്യത്തോടെ രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കുണ്ടറ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങിയത്. പ്രദേശത്തെ സാധാരണക്കാരായ കശുവണ്ടി, കയര്‍, മത്സ്യത്തൊഴിലാളികള്‍ പ്രധാനമായും ആശ്രയിക്കുന്ന ആശുപത്രിയാണിത്.
പുതിയ കെട്ടിടം വരുന്നതോടെ രോഗികള്‍ക്കായി 150 കിടക്കകളും അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പേ വാര്‍ഡും ഒ പി സൗകര്യവും ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ലഭ്യമാകും. നിലവില്‍ ഗൈനക്കോളജി, ദന്തല്‍, പീഡിയാട്രിക്‌സ്, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളാണുള്ളത്. പുതിയ ഏഴുനില കെട്ടിടത്തിലേക്ക് ഓര്‍ത്തോഡോന്റിക്, സര്‍ജറി, ഇ എന്‍ ടി, ഒഫ്താല്‍മോളജി വിഭാഗങ്ങളുടെ സേവനങ്ങള്‍ കൂടി എത്തും. രണ്ട് ഓപ്പറേഷന്‍ തീയേറ്ററുകള്‍, നാല് ഐ.സി.യു, ജനറല്‍ പേവാര്‍ഡ്, സ്‌കാനിങ് ലബോറട്ടറി, എക്‌സ്-റേ, പോസ്റ്റ്‌മോര്‍ട്ടം, മോര്‍ച്ചറി സൗകര്യം എന്നിവകൂടി ഏര്‍പ്പെടുത്തുകയാണ്.

ചിറ്റുമല ബ്ലോക്കിന്റെ നേതൃത്വത്തില്‍ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി ഉദ്ഘാടനത്തിനൊരുങ്ങുകയാണ്; പഴയ കെട്ടിടത്തിലെ രണ്ടാം നിലയിലാണ് യൂണിറ്റ്. ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ ഫണ്ടില്‍നിന്നും 65 ലക്ഷം രൂപ ചിലവിലാണ് ഉപകരണങ്ങള്‍ വാങ്ങിയത്, 2024-25 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍നിന്നും 28 ലക്ഷം രൂപ നീക്കിയിരുത്തിയാണ് മറ്റ് ക്രമീകരണങ്ങള്‍ ചെയ്തത്. ഏഴ് ഡയാലിസിസ് യൂണിറ്റുകളുണ്ടാകും; ഒരേ സമയം ആറു രോഗികള്‍ക്ക് പ്രയോജനപ്പെടുത്താം.

ഇളമ്പള്ളൂര്‍, കരീപ്ര, എഴുകോണ്‍ തുടങ്ങി കൊട്ടാരക്കര ബ്ലോക്ക് പരിധിയിലെ രോഗികള്‍ക്കും ഡയാലിസിസ് യൂണിറ്റ് ആശ്വാസമേകും. രണ്ട് ഡയാലിസിസ് ടെക്‌നീഷ്യ•ാരെയും ഒരു ശുചീകരണ തൊഴിലാളിയെയും നിയമിച്ചിട്ടുണ്ട്. കൊല്ലം മെഡിക്കല്‍ കോളജ്- ജില്ലാ ആശുപത്രിവരെ യാത്ര ചെയ്ത് ഡയാലിസിസ് ചെയ്യേണ്ടിവരുന്ന സാധാരണക്കാരായ രോഗികള്‍ക്ക് പുതുസേവനം സഹായകരമാകും.

നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ജാമ്യം… മാതാപിതാക്കളുടെ ജാമ്യത്തിലാണ് നടനെ വിട്ടയച്ചത്

ലഹരി പദാര്‍ഥം ഉപയോഗിച്ചെന്ന കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ജാമ്യത്തില്‍ പുറത്തിറങ്ങി. എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 27, 29 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാതാപിതാക്കളുടെ ജാമ്യത്തിലാണ് നടനെ വിട്ടയച്ചത്.
പുറത്തിറങ്ങിയ ഷൈന്‍ മാധ്യമങ്ങള്‍ മുഖം കൊടുക്കാതെ തിരികെ പോവുകയായിരുന്നു. ലഹരി മരുന്നിന്റെ ഉപയോഗം എന്‍ഡിപിഎസ് നിയമത്തിന്റെ വകുപ്പ് 27 പ്രകാരം കുറ്റകരമാണ്. ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമാണെന്ന് സെക്ഷന്‍ 29 വ്യവസ്ഥ ചെയ്യുന്നു.
അതേസമയം, ഷൈന്റെ മൊഴികള്‍ വീണ്ടും പൊലീസ് പരിശോധിക്കും. മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ ആവശ്യമെങ്കില്‍ പൊലീസ് വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്‌തേക്കും. ലഹരി ഉപയോഗത്തെ തുടര്‍ന്ന് താന്‍ നേരത്തെ ഡീ- അഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടിയിരുന്നതായി നടന്‍ ഷൈന്‍ ടോം ചാക്കോ പറഞ്ഞതായാണ് വിവരം. കഴിഞ്ഞ വര്‍ഷം അച്ഛന്‍ ഇടപെട്ടാണ് കൂത്താട്ടുകുളത്തെ ഡീ-അഡിക്ഷന്‍ സെന്ററിലാക്കിയത്. 12 ദിവസത്തിന് ശേഷം അവിടെനിന്ന് മടങ്ങിയെന്നും നടന്‍ പൊലീസിനോട് പറഞ്ഞു.

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു

കാനഡയിലെ ഹാമില്‍ട്ടണില്‍ 21 വയസ്സുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു. ഹര്‍സിമ്രത് രണ്‍ധാവയാണ് ദാരുണമായി കൊല്ലപ്പെട്ടത്. അപ്പര്‍ ജെയിംസ് സ്ട്രീറ്റിലെ മൊഹാവ്ക് റോഡിന് സമീപം രാത്രി ഏഴരയോടെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോളാണ് വിദ്യാര്‍ത്ഥിനിക്ക് വെടിയേറ്റത്. മോഹോക് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ഹര്‍സിമ്രത്. അക്രമികളെക്കുറിച്ച് എന്തെങ്കിലും വിവരമുള്ളവര്‍ പോലീസിനെ അറിയിക്കണമെന്ന് കനേഡിയന്‍ പോലീസ് അഭ്യര്‍ത്ഥിച്ചു.
പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ഹര്‍സിമ്രത് രണ്‍ധാവയെ നെഞ്ചില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തുകയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. വെടിയുണ്ടകള്‍ സമീപത്തെ ഒരു വീടിന്റെ പിന്‍ഭാഗത്തെ ജനലിലൂടെയും തുളഞ്ഞുകയറിയതായി പോലീസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വീട്ടിലുള്ള ആര്‍ക്കും പരിക്കില്ല.
കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ ഹര്‍സിമ്രതിന് വെടിയേറ്റതാകാം എന്നാണ് പ്രാഥമിക നിഗമനം. അക്രമി സംഘത്തെ കണ്ടെത്താനുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കാറിലുണ്ടായിരുന്നവരെക്കുറിച്ചുള്ള ചില സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

2,000 രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്ടി ചുമത്തുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് ധനമന്ത്രാലയം

2,000 രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്ടി ചുമത്തുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് ധനമന്ത്രാലയം. ഇത്തരം വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതും അടിസ്ഥാന രഹിതവുമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. യുപിഐ ഇടപാടുകള്‍ക്ക് 18 ശതമാനം ജിഎസ്ടി ചുമത്താന്‍ സര്‍ക്കാര്‍ നീക്കം എന്ന തരത്തിലാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.
‘2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ സര്‍ക്കാറിന് മുന്നിലില്ല. ഇത്തരം വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റിദ്ധാരണ പരത്തുന്നതും അടിസ്ഥാന രഹിതവുമാണ്. യുപിഐ വഴി ഡിജിറ്റല്‍ ഇടപാട് പ്രമോട്ട് ചെയ്യുകയാണ് സര്‍ക്കാര്‍’ പിഐബി അറിയിച്ചു.
ചില ഇടപാടുകള്‍ക്കുള്ള മെര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് റേറ്റ് (എംഡിആര്‍) പോലുള്ള ചാര്‍ജുകള്‍ക്ക് മുകളിലാണ് ജിഎസ്ടി ഈടാക്കുന്നത്. 2020 ജനുവരി മുതല്‍ വ്യക്തികളും മെര്‍ച്ചന്റും തമ്മിലുള്ള P2M യുപിഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് റേറ്റ് ഒഴിവാക്കിയിരുന്നു. ഇതിന് ശേഷം യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ഈടാക്കാത്തതില്‍ ജിഎസ്ടി ബാധകമായിരുന്നില്ല.
അതേസമയം യുപിഐ ഇടപാടുകളുടെ എണ്ണം വര്‍ധിക്കുകയാണ്. 21.3 ലക്ഷം കോടി രൂപയുടെ ഇടപാടാണ് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ നടന്നത്. 2025മാര്‍ച്ച് വരെയുള്ള കണക്കുപ്രകാരമിത് 260.56 ലക്ഷം കോടിയിലേക്ക് കുതിച്ചിട്ടുണ്ട്. യുപിഐ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാന്‍ 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ സര്‍ക്കാര്‍ ഇന്‍സെന്റീവ് സ്‌കീം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 3631 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചത്.

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തസ്ലിമയെ അറിയാം, ചാടിപ്പോയ ദിവസം സജീറുമായി 20000 രൂപയുടെ ഇടപാട്, മെത്താംഫെറ്റമിനും കഞ്ചാവും തനിക്ക് പ്രീയമെന്ന് ഷൈൻ ടോം ചാക്കോ

കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴിയുടെ വിവരങ്ങൾ പുറത്ത്. എറണാകുളം നോർത്ത് സ്റ്റേഷനിൽ മണിക്കുറുകൾ നീണ്ട ചോദ്യം ചെയ്യലിലാണ് നിർണ്ണായക മൊഴി ലഭിച്ചത്.
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതി തസ്ലിമയെ അറിയാമെന്നും, അവരുമായി ഫോൺ ബന്ധം ഉണ്ടായിട്ടുണ്ടെന്നും ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. തനിക്ക് ലഹരി എത്തിച്ചു തരുന്നത് സിനിമയിലെ അസ്സിസ്റ്റൻ്റ്മാരാണ്. മെത്താംഫെറ്റമിനും കഞ്ചാവുമാണ് താൻ ഉപയോഗിക്കാറുള്ളതെന്നും ഷൈൻ മൊഴി നൽകി.കൂത്താട്ടുകുളത്തെ ചികിത്സാ കേന്ദ്രത്തിൽ 12 ദിവസം ചികിത്സയിൽ കഴിഞ്ഞു. പിന്നെ ചാടിപ്പോയി. കഴിഞ്ഞ ഒരു മാസമായി ലഹരി ഉപയോഗിച്ചിട്ടില്ലെന്നും നടൻ മൊഴി നൽകി.

ലഹരി ഇടപാടുകാരൻ സജീറുമായി 20000 രൂപയുടെ ഇടപാടുകൾ ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ട ബുധനാഴ്ച ഷൈൻ ടോം ചാക്കോ നടത്തിയതിന് തെളിവ് ലഭിച്ചതായി പോലീസ്. ഫോൺ രേഖകൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ വെളിച്ചത്തായത്. മൊഴി കളിലെ വൈരുധ്യമാണ് നടന് കുരുക്കായത്. 3.10 ഓടെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കായി നടനെ എത്തിച്ചു.

വ്യാജ രേഖകളുമായി ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽ

വ്യാജ രേഖകളുമായി ബംഗ്ലാദേശ് പൗരനെ പോലീസ് അറസ്റ്റ് ചെയ്യ്തു. ഇന്ത്യൻ പൗരൻ ആണെന്ന് സ്ഥാപിക്കാനുള്ള വ്യാജ ആധാർ കാർഡ് നിർമ്മിച്ച് അനധികൃതമായി കരുനാഗപ്പള്ളി മരുതൂർകുളങ്ങരയിലെ ഫ്‌ളോർ മില്ലിൽ ജോലി ചെയ്യ്തുവന്ന ബംഗ്ലാദേശ് പൗരനായ മുഹമ്മദ് അൽ അമീൻ ഇസ്ലാം(25) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും അസ്സാം സ്വദേശിയാണെന്ന് കാണിക്കുന്ന വ്യാജ ആധാർ കാർഡും പോലീസ് പിടിച്ചെടുത്തു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ പാസ്‌പോർട്ടോ മറ്റ് മതിയായ രേഖകളോ ഇല്ലാതെ അനധികൃതമായാണ് ഇയാൾ ഇവിടെ താമസിച്ചുവന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞു. ജില്ലാ പോലീസ് മേധാവി കിരൺ നാരായൺ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടാൻ കഴിഞ്ഞത്. കരുനാഗപ്പള്ളി എ.എസ്.പി യുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി എസ്.എച്ച്.ഓ ബിജു വി , എസ്.ഐ കുരുവിള, എസ്.സി.പി.ഓ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: പത്ത് വർഷത്തിന് ശേഷം ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം നോർത്ത് സ്റ്റേഷനിൽ മണിക്കുറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഉച്ചയ്ക്ക് 2.40തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തി. ലഹരി ഇടപാടുകാരനായ സജീറിനെ അറിയാമെന്ന് നടൻ മൊഴി നൽകിയിരുന്നു.എൻ ഡി പിഎസ് ആക്ട് 27, 29 വകുപ്പുകൾ പ്രകാരം ആണ് അറസ്റ്റ്. ലഹരി ഉപയോഗിച്ചതിനും, ഗൂഢാലോചന നടത്തിയതിനുമാണ് കേസ്. നഖവും മുടിയും അടക്കം പരിശോധിക്കും. നടനെ ഉടൻ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കും.

ഡാൻസാഫ് പരിശോധനയ്ക്കിടെ എന്തിനാണ് കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയതെന്നടക്കം 32 ചോദ്യങ്ങളാണ് പൊലീസ് ഷൈനിനോട് ചോദിച്ചത്.. ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ ഫോണ്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഇന്നലെ ഷൈനിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഫോണില്‍ ഷൈനിനെ വിളിച്ചെങ്കിലും കിട്ടാതെ വന്നതോടെയാണ് പൊലീസ് തൃശൂരിലെ വീട്ടിലെത്തി നോട്ടീസ് നല്‍കിയത്. എന്നാല്‍ ഈ സമയത്ത് നടന്‍ വീട്ടിലില്ലാതിരുന്നതിനാല്‍ പിതാവ് സി പി ചാക്കോയാണ് നോട്ടീസ് കൈപ്പറ്റിയത്.

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: പത്ത് വർഷത്തിന് ശേഷം ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം നോർത്ത് സ്റ്റേഷനിൽ മണിക്കുറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഉച്ചയ്ക്ക് 2.40തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തി. ലഹരി ഇടപാടുകാരനായ സജീറിനെ അറിയാമെന്ന് നടൻ മൊഴി നൽകിയിരുന്നു.എൻ ഡി പിഎസ് ആക്ട് 27, 29 വകുപ്പുകൾ പ്രകാരം ആണ് അറസ്റ്റ്. ലഹരി ഉപയോഗിച്ചതിനും, ഗൂഢാലോചന നടത്തിയതിനുമാണ് കേസ്. നഖവും മുടിയും അടക്കം പരിശോധിക്കും. നടനെ ഉടൻ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കും.

ഡാൻസാഫ് പരിശോധനയ്ക്കിടെ എന്തിനാണ് കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയതെന്നടക്കം 32 ചോദ്യങ്ങളാണ് പൊലീസ് ഷൈനിനോട് ചോദിച്ചത്.. ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ ഫോണ്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഇന്നലെ ഷൈനിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഫോണില്‍ ഷൈനിനെ വിളിച്ചെങ്കിലും കിട്ടാതെ വന്നതോടെയാണ് പൊലീസ് തൃശൂരിലെ വീട്ടിലെത്തി നോട്ടീസ് നല്‍കിയത്. എന്നാല്‍ ഈ സമയത്ത് നടന്‍ വീട്ടിലില്ലാതിരുന്നതിനാല്‍ പിതാവ് സി പി ചാക്കോയാണ് നോട്ടീസ് കൈപ്പറ്റിയത്.

ലഹരി ഇടപാടുകാരൻ സജീറുമായി 20000 രൂപയുടെ ഇടപാടുകൾ ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ട ബുധനാഴ്ച ഷൈൻ ടോം ചാക്കോ നടത്തിയതിന് തെളിവ് ലഭിച്ചതായി പോലീസ്. ഫോൺ രേഖകൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ വെളിച്ചത്തായത്. മൊഴി കളിലെ വൈരുധ്യമാണ് നടന് കുരുക്കായത്. 3.10 ഓടെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കായി നടനെ എത്തിച്ചു.

ഡ്രൈവര്‍ ഇല്ലാതെ പിന്നോട്ട് ഓടി കെഎസ്ആര്‍ടിസി ബസ്…മറ്റൊരു ബസിൽ ഇടിച്ചു… മൂന്നു പേർക്ക് പരിക്ക്

തിരുവനന്തപുരം: ഡ്രൈവര്‍ ഇല്ലാതെ പിന്നോട്ട് ഓടി കെഎസ്ആര്‍ടിസി ബസ്. കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ രാത്രിയാണ് സംഭവം. നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസ് പിന്നോട്ടേക്ക് നീങ്ങുകയായിരുന്നു.


ബസ് മറ്റൊരു ബസിലിടിച്ചാണ് അപകടം ഉണ്ടായത്. മൂന്ന് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ആംബുലന്‍സ് എത്തിച്ച് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല. പൂവാറിലേക്ക് പോകാനുള്ള കെഎസ്ആര്‍ടിസി ബസിലാണ് ഡ്രൈവറില്ലാതെ പിന്നോട്ട് ഓടിയ ബസ് ഇടിച്ചത്.