Home Blog Page 1197

ജയന്റെ കരിയറിലെ വഴിത്തിരിവ്…. ശരപഞ്ജരം വീണ്ടും തീയേറ്ററുകളില്‍ എത്തുമ്പോള്‍

ജയന്‍ നായകനായി എത്തിയ ശരപഞ്ജരം ആണ് കാലങ്ങള്‍ക്ക് ശേഷം വീണ്ടും തിയറ്റില്‍ എത്തുന്നു. ഏപ്രില്‍ 25നാണ് ചിത്രത്തിന്റെ റീ റിലീസ്. ഇതിനോട് അനുബന്ധിച്ച് ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിട്ടുണ്ട്.

1979ല്‍ റിലീസ് ചെയ്ത ചിത്രമാണ് ശരപഞ്ജരം. ഹരിഹരന്‍ ആയിരുന്നു സംവിധാനം. ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രവും ഇതായിരുന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്റെ കഥയെ ആസ്പദമാക്കി ഹരിഹരന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണിത്. ചന്ദ്രശേഖരന്‍ എന്ന നായക കഥാപാത്രമായി ജയന്‍ എത്തിയ ചിത്രത്തില്‍ സൗദാമിനി എന്ന നായികയായി എത്തിയത് ഷീലയാണ്. ലത, സത്താര്‍, പി കെ എബ്രഹാം, നെല്ലിക്കോട് ഭാസ്‌കരന്‍, ബേബി സുമതി, പ്രിയ, കോട്ടയം ശാന്ത തുടങ്ങിയവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ജയന്റെ കരിയറില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ ശരപഞ്ജരത്തിന് സാധിച്ചിരുന്നു. ജയന് മികച്ച നായക കഥാപാത്രങ്ങള്‍ പിന്നീട് ലഭിക്കാനും ഈ ചിത്രം തുണയായി. 4 കെ ഡോള്‍ബി അറ്റ്‌മോസ് ദൃശ്യ, ശബ്ദ നിലവാരത്തില്‍ റീമാസ്റ്റര്‍ ചെയ്യപ്പെട്ട ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 25 ന് ചിത്രം തിയറ്ററുകളില്‍ എത്തും. റീ റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ടീസറും അണിയറക്കാര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

മലയാളത്തില്‍ റി റിലീസ് ചെയ്യുന്ന എട്ടാമത്തെ സിനിമയാണ് ശരപഞ്ജരം. ഒരു വടക്കന്‍ വീര?ഗാഥ ഉള്‍പ്പടെയുള്ള മമ്മൂട്ടി സിനിമകള്‍ക്ക് പുറമെ സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതന്‍ എന്നീ മോഹന്‍ലാല്‍ സിനിമകളും റി റിലീസ് ചെയ്തിരുന്നു. ദേവദൂതന്‍ ആണ് റി റിലീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉദയനാണ് താരം ആണ് ഇനി റി റിലീസിന് ഒരുങ്ങുന്ന മോളിവുഡ് ചിത്രം. ഛോട്ടാ മുംബൈ വീണ്ടും തിയറ്ററുകളില്‍ വരുമെന്ന് പറയപ്പെടുന്നുണ്ട്.

വീടിനടുത്തുള്ള പറമ്പില്‍ കളിച്ചു കൊണ്ടിരിക്കെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് 5 വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: വടകര മണിയൂരില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് 5 വയസുകാരനു ദാരുണാന്ത്യം. കരുവഞ്ചേരിയിലാണ് സംഭവം. നിവാന്‍ ആണ് മരിച്ചത്.
വീടിനടുത്തുള്ള പറമ്പില്‍ കളിച്ചു കൊണ്ടിരിക്കെയാണ് അപകടം. നിവാനൊപ്പം മറ്റൊരു കുട്ടിയും കിണറ്റില്‍ വീണിരുന്നു. എന്നാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടി കല്‍പ്പടവുകളില്‍ പിടിച്ചു നിന്നു രക്ഷപ്പെടുകയായിരുന്നു.

പാഴായത് ഒരു കോടി;കോവൂർ കോളനിയിലെ അംബേദ്കർ ഗ്രാമം പദ്ധതി തുടങ്ങിടത്തു തന്നെ!

ശാസ്താംകോട്ട:മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിലെ കോവൂർ കോളനിയുടെ അടിസ്ഥാന വികസനം ലക്ഷ്യമിട്ട് നടപ്പാക്കാൻ വിഭാവനം ചെയ്ത അംബേദ്കർ ഗ്രാമം പദ്ധതി പാതി വഴിയിൽ നിലച്ചതായി പരാതി.പട്ടികജാതി വികസന വകുപ്പ് മുഖാന്തിരം സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് പദ്ധതി ആരംഭിച്ചത്.എന്നാൽ രണ്ട് വർഷം പിന്നിട്ടിട്ടും തുടങ്ങിയിടത്തു തന്നെ പദ്ധതി നിൽക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.വീട്ടു പുരയിടങ്ങൾക്ക് സംരക്ഷണ ഭിത്തി,ഇട റോഡുകൾ ടൈൽ പാകി മോടിപിടിപ്പിക്കുക,റോഡ് നവീകരണം എന്നിവയാണ് നടപ്പാക്കേണ്ടിയിരുന്നത്.എന്നാൽ ഉദ്ഘാടന മാമാങ്കം കഴിഞ്ഞതോടെ നിർമ്മാണ പ്രവർത്തനങ്ങളും നിലയ്ക്കുകയായിരുന്നുവത്രേ പാവപ്പെട്ടവർ മാത്രം അധിവസിക്കുന്ന 85 വീടുകളാണ് കോളനിയിലുള്ളത്.ഇതിൽ പല വീടുകളുടെയും നിലനിൽപ്പ് തന്നെ ഭീഷണിയിലാണ്.

കോളനിയുടെ തെക്ക് ഭാഗത്ത് കല്ലുവെട്ടി മാറ്റിയ വലിയ കുഴിയിലേക്ക് മൂന്നോളം വീടുകളിലെ ശുചിമുറികൾ ഏതു നിമിഷവും നിലംപതിക്കാറായ അവസ്ഥയിലാണ്.പദ്ധതിയിൽ വ്യാപക ക്രമക്കേട് നടന്നിട്ടുള്ളതായി സൂചനയുണ്ട്.തുടക്കത്തിൽ ചില നിർമ്മാണ സാമഗ്രികൾ ഇറക്കിയ ശേഷം കരാറുകാരൻ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും,പദ്ധതിയെ കുറിച്ച് തിരക്കുമ്പോൾ പ്രദേശവാസി കൂടിയായ എംഎൽഎ കൈമലർത്തുകയാണെന്നും നാട്ടുകാർ പറയുന്നു.അതിനിടെ കോവൂർ അംബേദ്കർ ഗ്രാമം പദ്ധതി അടിയന്തിരമായി നടപ്പാക്കണമെന്നും അല്ലാത്തപക്ഷം എംഎൽഎ ഓഫീസ് ഉപരോധമടക്കം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും ആർവൈഎഫ് മൈനാഗപ്പള്ളി ലോക്കൽ സമ്മേളനം മുന്നറിയിപ്പ് നൽകി.സംസ്ഥാന കമ്മിറ്റിയംഗം ഡോ.വിഷ്ണു സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.എൽ.സി പ്രസിഡൻ്റ് ശ്യാം മണ്ണൂർക്കാവ് അധ്യക്ഷത വഹിച്ചു.ഉല്ലാസ് കോവൂർ,ജി.ശ്രീകുമാർ,എസ്.അനിൽ കുമാർ,സരിതാ ഓമനക്കുട്ടൻ,ബി.മണിക്കുട്ടൻ,അഷ്ക്കർ റസാഖ്,എസ്.സജിത്ത്,ബി.പദീപ്, പ്രസന്നൻ പുന്നമൂട്,കെ.ഓമനക്കുട്ടൻ,അഭിനവ്, ബിനു നാഥ് എന്നിവർ സംസാരിച്ചു.ഭാരവാഹികൾ:അഷ്ക്കർ റസാഖ്(പ്രസിഡന്റ്),ശ്യാം മണ്ണൂർക്കാവ് (സെക്രട്ടറി).

ആശങ്കകള്‍ ദുരീകരിച്ചു,സമരങ്ങള്‍ നിര്‍ത്തിവെച്ചു-യുണൈറ്റഡ് മര്‍ച്ചന്‍സ് ചേമ്പര്‍(യുഎംസി)

കൊല്ലം: യുണൈറ്റഡ് മര്‍ച്ചന്‍സ് ചേമ്പര്‍ (യു എം സി) ജില്ലയില്‍ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി എം.എല്‍.എ സി.ആര്‍ മഹേഷിന്റെ സാന്നിധ്യത്തില്‍ ഹൈവേ ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയില്‍ വ്യാപാരികള്‍ക്കും,പൊതുജനങ്ങള്‍ക്കും ഉണ്ടായിരുന്ന ആശങ്കകള്‍ താല്‍ക്കാലികമായി പരിഹാരമായെന്നും, ബാക്കിയുള്ള വിഷയങ്ങള്‍ കേന്ദ്ര മന്ത്രിമാരെ കണ്ട് വിഷയങ്ങള്‍ പൂര്‍ണമായും പരിഹരിക്കുമെന്ന് യുണൈറ്റഡ് മര്‍ച്ചന്‍സ് ചേമ്പര്‍ കൊല്ലം ജില്ലാ പ്രസിഡന്റ് നിജാംബഷി പറഞ്ഞു. ആയതിനാല്‍ വര്‍ഷങ്ങളായി തുടര്‍ന്ന വന്ന സമരം താത്കാലികമായി നിര്‍ത്തി വെച്ചതായി യുണൈറ്റഡ് മര്‍ച്ചന്‍്‌സ് ചേമ്പര്‍ സംസ്ഥാന ട്രഷററും, കൊല്ലം ജില്ലാ പ്രസിഡന്റുമായ നിജാം ബഷി പ്രഖ്യാപിച്ചു.

പില്ലര്‍ ഹൈവേ ലാന്‍ഡിങ് ഹോസ്പിറ്റല്‍ ജംഗ്ഷന്‍ വരെ നീട്ടിയതും ഹോസ്പിറ്റലിന്റെ മുന്‍ വശം കാല്‍നടക്കാര്‍ക്ക് പാത നിര്‍മ്മിച്ചും, പുള്ളിമാന്‍ ജംഗ്ഷന്‍, പുത്തന്‍തെരുവ് എന്നീ സ്ഥലങ്ങളില്‍ അടിപ്പാതക്ക് വേണ്ടി പ്രപ്പോസില്‍ അയച്ചിട്ടുള്ളതും, കാല്‍ നടക്കാര്‍ക്ക് വേണ്ടി കൊല്ലം ഹൈസ്‌കൂള്‍ ജംഗ്ഷന്‍ മോഡല്‍ ഫുട് ഓവര്‍ ബ്രിഡ്ജ് ഹൈവേ ക്രോസിംഗ് പണിയാമെന്നും മസ്ജിദ്കള്‍, ക്ഷേത്രങ്ങള്‍, ചര്‍ച്ച് സ്‌കൂളൂകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ മുന്‍വശം എം.എല്‍.എ, എം.പി.ഫണ്ട് ഉപയോഗിച്ച് ഫുട് ഓവര്‍ ബ്രിഡ്ജ് ലിഫ്‌റ്റോട് കൂടി നിര്‍മിക്കാമെന്നും ധാരണയായി. വ്യാപാര സ്ഥാപനങ്ങള്‍ ഉള്ള സ്ഥലത്ത് സര്‍വീസ് റോഡ് കെട്ടി അടക്കില്ലെന്നും, ഹൈവേയുടെ അടിവശം പേ ആന്‍ഡ് പാര്‍ക്കിന് വേണ്ടി പ്രപ്പോസല്‍ അയക്കാമെന്നും നിര്‍ദ്ദേശിച്ചു. വ്യാപാരികള്‍ക്കും, പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ട് പരമാവധി വരാത്ത തരത്തില്‍ ഹൈവേ വികസനം ഡിസംബര്‍ മാസത്തോടെ പണി തീര്‍ത്ത് സഞ്ചാര യോഗ്യമാക്കുമെന്ന് ഉറപ്പ് കിട്ടി. ചര്‍ച്ചയില്‍ സി ആര്‍ മഹേഷ് എംഎല്‍എ, ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥര്‍, യു.എം.സി .ജില്ലാ പ്രസിഡന്റ് നിജാം ബഷി, ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ.കെ.രവി, കെ എസ് പുരം സുധീര്‍, എസ്. ഷംസുദ്ദീന്‍ , മുഹമ്മദ് കുഞ്ഞ്, നിസാര്‍ വേലിയില്‍, അശോകന്‍ അമ്മവീട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

കമ്മ്യൂണിസമെന്നു പറഞ്ഞു സ്വയം വഞ്ചിക്കരുത്, ആശാ സമരത്തിൽ വിമർശനവുമായി സാറാ ജോസഫ്

തിരുവനന്തപുരം. വിമർശനവുമായി സാറാ ജോസഫ്. ആശാ സമരത്തിൽ ബിനോയ് വിശ്വം പങ്കെടുക്കുന്ന പരിപാടിയിൽ പരസ്യ വിമർശനവുമായി സാറാ ജോസഫ്. ബിനോയ് വിശ്വത്തെ വേദിയിലിരുത്തി ആശാസമരത്തിലെ സർക്കാർ നിലപാടിൽ വിമർശനമുന്നയിച്ചു

കമ്മ്യൂണിസ്റ്റ് കാർക്ക് സ്വയം വിമർശനം ഇല്ലെങ്കിൽ ആശാ സമരത്തിനെതിരെ കണ്ണടക്കാൻ എളുപ്പമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികൾ വർഗ്ഗസമരം നയിക്കേണ്ടവരാണ്. ഏറ്റവും അടിസ്ഥാന വർഗ്ഗമാണ് സമരം ചെയ്യുന്ന ആശമാർ. ആശമാരുടെ ആവശ്യം ന്യായമാണ്. ഇത് പരിഹരിക്കാൻ എന്താണ് പ്രശ്നം എന്ന് ചിന്തിക്കാൻ പാർട്ടിക്ക് അകത്തുനിന്നും ആളുകൾ ഉണ്ടാകണം. എന്നാൽ അവരുടെ ആവശ്യങ്ങൾ അനാവശ്യമാണെന്നും കേന്ദ്രത്തിൽ പോയി പറയണമെന്നും തത്ത പറയുമ്പോലെ പാർട്ടിക്ക് അകത്തുള്ള ആളുകളെ പഠിപ്പിച്ചിരിക്കുകയാണ്. കമ്മ്യൂണിസമെന്നു പറഞ്ഞു സ്വയം വഞ്ചിക്കുകയാണ് ചെയ്യുന്നത്

കണ്ണീരോടെ അവര്‍ മടങ്ങുന്നു, സ്വപ്നങ്ങള്‍ ചാരമായ ഓര്‍മ്മയോടെ

തിരുവനന്തപുരം . പഠിച്ച് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയിട്ടും ജോലിയെന്ന സ്വപ്നം നേടിയെടുക്കാനാവാതെ സമരം അവസാനിപ്പിച്ച് വനിത സിപിഒ റാങ്ക് ഹോള്‍ഡേഴ്സ്. സർക്കാർ കൈവിട്ടതോടെ 18 ദിവസം നീണ്ടുനിന്ന സമരം നിർത്തി കണ്ണീരോടെയാണ് ഉദ്യോഗാർത്ഥികള്‍ മടങ്ങുന്നത്. 967 പേർ ഉൾപ്പെട്ട ലിസ്റ്റിൽ നിന്ന് ഇതുവരെ 337 പേർക്കാണ് നിയമന ശുപാർശ കിട്ടിയത്.
ഊണും ഉറക്കവുമില്ലാതെ പഠിച്ചും കഷ്ടപ്പെട്ടും നേടിയെടുത്തതായിരുന്നു റാങ്ക് ലിസ്റ്റിലെ പേര്. പലകുടുംബ നായികമാരുടെയും അവസാന പ്രതീക്ഷ. ഇന്നല്ലെങ്കിൽ നാളെ ഒരു അഡ്വൈസ് മെമോ തങ്ങള്‍ക്കും കിട്ടുമെന്ന് കരുതി കാത്തിരുന്നത് വർഷങ്ങൾ. റാങ്ക് ലിസ്റ്റിൽ നിന്ന് മൂന്നിലൊന്ന് പേർക്ക് പോലും നിയമനം കിട്ടാതായതോടെ സെക്രട്ടറിയേറ്റിന് മുന്നിൽ പലവിധ സമരങ്ങള്‍.

മണ്ണിലിഴഞ്ഞും, കല്ലുപ്പിൽ നിന്നും, കൈവള്ളയിൽ കർപ്പൂരം കത്തിച്ചും സ്വയം കോമാളിയായുമൊക്കെ സർക്കാരിന്‍റെ കനിവിനായി കാത്തു. എല്ലാം കാക്കിയെന്ന സ്വപ്നത്തിനായി.

മുഖ്യമന്ത്രിയിലായിരുന്നു ഒടുവിലത്തെ പ്രതീക്ഷ. പ്രതീക്ഷിച്ച ഒഴിവുകളിൽ നിയമനം നടത്തിക്കഴിഞ്ഞെന്നാണ് സർക്കാർ വാദം.ആ പ്രതീക്ഷയും അവസാനിച്ചെങ്കിലും റാങ്ക് ലിസ്റ്റിൻറെ കാലാവധി അവസാനിക്കുന്ന ദിവസം വരെ പോരാടാൻ ആണ് ഉദ്യോഗാർത്ഥികൾ തീരുമാനിച്ചത്. ഒടുവിൽ എല്ലാം അവസാനിപ്പിച്ച് കലങ്ങിയ കണ്ണുകളും പിടയുന്ന മനസുമായി അവർ മടങ്ങുന്നു.പലർക്കും ഇനിയൊരു പരീക്ഷപോലും എഴുതാനാവില്ല. അങ്ങനെ ഇളകുന്നതല്ല സര്‍ക്കാര്‍ സംവിധാനമെന്ന് അധികൃതര്‍ക്ക് വാഴ്ത്തുപാടുന്നവര്‍ക്ക് വീമ്പിറക്കാം

ആനക്കൊട്ടിലിൽ കോൺക്രീറ്റ് തൂൺ വീണ് കടമ്പനാട് സ്വദേശി 4 വയസ്സുകാരൻ മരിച്ച സംഭവം,വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി

കോന്നി. ആനക്കൊട്ടിലിൽ കോൺക്രീറ്റ് തൂൺ വീണ് 4 വയസ്സുകാരൻ മരിച്ച സംഭവത്തിൽ നടപടി. പത്തനംതിട്ട കോന്നി ആനക്കൂട്ടിലെ നാലു വയസ്സുകാരന്‍റെ മരണത്തിൽ കർശന നടപടിയുമായി വനം വകുപ്പ്..
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ അ‍ഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഡിഎഫ്ഒയെ ഉൾപ്പെടെ ഉള്ളവരെ സ്ഥലം മാറ്റും ..സുരക്ഷ ഉറപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വരുത്തിയ അനാസ്ഥയാണ് കുട്ടി മരിക്കാൻ കാരണമായതെന്നു വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു

വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് ആണ് പ്രാഥമിക വിലയിരുത്തൽ…. കാലപ്പഴക്കം ചെന്ന കോൺക്രീറ്റ് തൂണുകൾ അപകടസ്ഥലത്ത് നിലനിർത്തിയത് അപകടകാരണമായി…
കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ്‌ കോന്നി ആനക്കൊട്ടിലിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

സംഭവത്തിൽ കടുത്ത നടപടിയാണ് വനംവകുപ്പ് സ്വീകരിച്ചത്.
ഇക്കോ ടൂറിസം കേന്ദ്രമായ കോന്നി ആനക്കൂടിന്‍റെ ചുമതലയുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ. അനിൽകുമാർ, സുരക്ഷ ചുമതലയുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സലീം, സതീഷ്, സജിനി , സുമയ്യ, ഷാജി എന്നിവരെ സസ്പെൻഡ് ചെയ്തു. കോന്നി ഡിഎഫ്ഒ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവരെ സ്ഥലംമാറ്റും. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവർവേറ്റർ നടത്തിയ അന്വേഷണത്തിലേ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി…കോൺക്രീറ്റ് തൂണുകളുടെ സുരക്ഷ ഉറപ്പാക്കിയില്ല. നാലു വയസ്സുകാരൻ ചുറ്റിപിടിച്ചപ്പോൾ തന്നെ തൂണ് ഇളകി വീണതും റിപ്പോർട്ടിൽ പറയുന്നു..
കോന്നി എംഎൽഎ അടക്കം വിഷയത്തിൽ കർശന നടപടി ഉദ്യോഗസ്ഥർക്കെതിരെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞദിവസം ഉച്ചയോടെയാണ് അടൂർ കടമ്പനാട് നിന്നും കുടുംബത്തോടൊപ്പം ആനക്കൊട്ടിൽ സന്ദർശിക്കാൻ എത്തിയ നാലു വയസ്സുകാരൻ അഭിരാം കോൺക്രീറ്റ് തൂണ് വീണ് മരിച്ചത്. ഉപയോഗശൂന്യമായ കോൺക്രീറ്റ് തൂണുകൾ ബലക്ഷയം വന്നശേഷവും എടുത്തു മാറ്റാതെ നിലനിർത്തിയത് ആയിരുന്നു അപകടകാരണം.ആനക്കൊട്ടിൽ നിശ്ചിത ഇടവേളകളിൽ നടത്തേണ്ട സുരക്ഷാ പരിശോധന നടത്തുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നാണ് പ്രാഥമിക നിഗമനം.. ഇത് സംബന്ധിച്ച റിപ്പോർട്ട് കോന്നിയുടെ ചുമതലയുള്ള റാന്നി ഡിഫ്ഒ ദക്ഷിണ മേഖല ചിഫ് ഫോറെസ്റ്റ് കൺസർവേട്ടർ കമൽഹാറിന് കൈമാറി. അതേസമയം
സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ആനക്കൊട്ടിലിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. മരിച്ച കുട്ടിയുടെ സംസ്കാരം നാളെ കടമ്പനാട്ടെ വീട്ട് വളപ്പിൽ നടക്കും

വനിതാ കോൺസ്റ്റബിൾ നിയമനം ലഭിക്കാത്ത 50 പേർക്ക് കെ സി സി യുടെ അംഗ സംഘടന ജോലി വാഗ്ദാനം ചെയ്തു

തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് കാലവധി അവസാനിച്ചതിനെ തുടർന്ന്
വനിതാ കോൺസ്റ്റബിൾ തസ്തികയിൽ നിയമനം ലഭിക്കാത്ത 50 പേർക്ക് കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി ) യുടെ അംഗ സംഘടനയായ സിസ്റ്റർ ഹാത്തൂണ ഫൗണ്ടേഷൻ ജോലി നൽകുമെന്ന്
കെസിസി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ് അറിയിച്ചു.
വനിതാ പോലീസ് കോൺസ്റ്റബിൾ ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപ് നിയമനം നടത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ലിസ്റ്റിൽ ഉൾപ്പെട്ടവർ സെക്രട്ടറിയേറ്റിനു മുൻപിൽ സമരം ചെയ്യുന്ന വേദിയിലെത്തിയാണ് പ്രഖ്യാപനം നടത്തിയത്. ലിസ്റ്റിൻ്റെ കാലാവധി നീട്ടാൻ യാതൊരു നടപടിയും സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാത്ത സാഹചര്യത്തിൽ ഈ ഉദ്യോഗാർത്ഥികളുടെ ദുരവസ്ഥയ്ക്ക് താൽക്കാലികമായി എങ്കിലും പരിഹാരം കണ്ടെത്തുന്നതിന് വേണ്ടിയാണ് കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ അംഗ സംഘടനയായ സിസ്റ്റർ ഹാത്തുണ ഫൗണ്ടേഷൻ്റെ വിവിധ സ്റ്റാർട്ടപ്പുകളിൽ ആദ്യഘട്ടത്തിൽ 50 പേർക്ക് ജോലി നൽകുന്നത്. കോൺസ്റ്റബിൾ തസ്തികയിൽ എൻട്രി ലെവലിൽ ലഭിക്കുന്ന ശമ്പളത്തിന് ഏകദേശം അടുത്ത ശമ്പളം തന്നെ അവർക്ക് നൽകാമെന്നും ഫൗണ്ടേഷന്റെ നേതൃത്വം വഹിക്കുന്ന കെസിസിയുടെ ഇക്കോളജിക്കൽ കമ്മീഷൻ ചെയർമാൻ കമാൻഡർ ടി ഒ ഏലിയാസ് സമ്മതിച്ചിട്ടുണ്ടന്നും, ഈസ്റ്റർ കഴിഞ്ഞാലുടൻ സമരനേതാക്കളുമായി ചർച്ച ചെയ്ത് ലിസ്റ്റ് തയ്യാറാക്കുമെന്നും ഡോ.പ്രകാശ് പി തോമസ്
പറഞ്ഞു.കെ.സി സി ജില്ലാ പ്രസിഡൻ്റ് റവ.എ ആർ നോബിൾ, കറണ്ട് അഫേഴ്സ് കമ്മീഷൻ ജില്ലാ ചെയർമാൻ മേജർ റ്റി.ഇ സ്റ്റീഫൻസൺ, പരിസ്ഥിതി കമ്മീഷൻ ചെയർമാൻ അശ്വിൻ ഇ.ഹാംലറ്റ്, സീനിയർ സിറ്റിസൺ കമ്മീഷൻ ചെയർമാൻ ജെ.വർഗ്ഗീസ് എന്നിവരും സമരവേദിയിലെത്തി.

വികാസ് കളിക്കൂട് 25 മുതൽ

ചവറ.കുട്ടികളുടെ ബൗദ്ധികവും മാനസികവുമായ വളർച്ച, സാമൂഹ്യബോധം എന്നിവയിലൂടെ പുതിയ കാലത്തിൻ്റെ വെല്ലുവിളികൾ നേരിടാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കളിക്കൂട് സജ്ജമാക്കിയിരിക്കുന്നു.
ഏപ്രിൽ 25 , 26 ,27 തീയതികളിൽ വികാസ് ഹാളിലാണ് ‘കളിക്കൂട്’ . പൂർണമായും റസിഡൻഷ്യൽ സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
40 കുട്ടികൾക്കായി പ്രവേശനം നിജപ്പെടുത്തിയിട്ടുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ലഭിക്കും.പ്രവേശനഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ രംഗത്ത് പ്രഗൽഭരായവർ ഒപ്പം ചേരാൻ എത്തും.
25 ആം തീയതി രാവിലെ 8 മണിയ്ക്ക് ഡോക്ടർ എം എസ് നൗഫൽ ഉദ്ഘാടനവും, ‘ അഭിരുചിയുടെ വേരുകൾ തേടി’ എന്ന വിഷയവുമായി കുട്ടികളോടൊപ്പം ചേരും. .ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ ക്രാഫ്റ്റ് – രജനി ബിജുകുമാർ പരിശീലനം നൽകും.
വൈകിട്ട് 7 മുതൽ ‘പാട്ടും കൂത്തും’ നിസാർ മുഹമ്മദ് , റജി ശിവദാസും അവതരിപ്പിക്കും. .26ന് രാവിലെ 9 മണി മുതൽ പ്രസംഗ പരിശീലനം എബി പാപ്പച്ചനും., കുട്ടികളുടെ നിയമസഭയുമായി തൊടിയൂർ രാധാകൃഷ്ണനും ഉണ്ടാകും. .27ന് രാവിലെ 9 മണി മുതൽ ഫിനിക്സ് – കൃഷ്ണകുമാർ അവതരിപ്പിക്കും. ബാല്യത്തിന്റെ കാവലുമായി പി .എൽ വിജിലാൽ എത്തും.വൈകിട്ട് 7 മണിക്ക് കുട്ടികൾ അവതരിപ്പിക്കുന്ന ലഹരിക്കെതിരെയുള്ള നാടകത്തോടെ കളിക്കൂട് സമാപിക്കും. വികാസിൽ തന്നെ താമസിക്കുന്നതിന് തയ്യാറാക്കുന്നവർ മാത്രം പ്രവേശനത്തിന് ബന്ധപ്പെട്ടാൽ മതിയെന്ന് ഭാരവാഹികൾ അറിയിച്ചു.

ഫോൺ: 94 97 22 14 20
88 48 11 45 90

വിദ്യാര്‍ത്ഥികളുമായി സുഹൃത്ത് ബന്ധം സ്ഥാപിച്ച് ലഹരി മരുന്ന് വിതരണം; യുവാവ് പോലീസ് പിടിയില്‍

കൊല്ലം: സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി ഉത്പന്നങ്ങള്‍ എത്തിച്ച് നല്‍കുന്ന സംഘത്തിലെ പ്രധാനി പോലീസ് പിടിയിലായി. വാടി പഴയപള്ളി പുരയിടത്തില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന നിഥിന്‍ (21) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.
വിദ്യാര്‍ത്ഥികളുമായി സുഹൃത്ത് ബന്ധം സ്ഥാപിച്ച് കഞ്ചാവും മയക്ക് മരുന്നും നല്‍കി ലഹരിക്ക് അടിമയാക്കുന്നതാണ് ഇയാളുടെ രീതി. ലഹരി വിതരണ സംഘത്തിലെ മറ്റ് അംഗങ്ങളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് വെസ്റ്റ് പോലീസ് അറിയിച്ചു. വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഫയാസിന്റെ നേതൃത്വത്തില്‍ എസ്‌ഐ സരിത, സിപിഒമാരായ സാംസണ്‍, വിനോജ്, അഭിലാഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.