Home Blog Page 1172

സൈനിക വേഷത്തിൽ തോക്കുമായി ഭീകരർ, ആദ്യം കരുതിയത് മോക് ഡ്രില്ലെന്ന്; പലരും വെടിയേറ്റ് വീണത് ബന്ധുക്കളുടെ മുന്നിൽ

ന്യൂഡൽഹി: 2000ലും 2001ലും അമർനാഥ് തീർത്ഥാടകരെ ലക്ഷ്യം വച്ചശേഷം ജമ്മു കശ്മീരിൽ സാധാരണക്കാർക്ക് നേരെ ഭീകരർ ഇത്ര വലിയ ആക്രമണം നടത്തുന്നത് ആദ്യമാണ്. സൈനിക വേഷത്തിൽ തോക്കുകളുമായി ഭീകരർ എത്തിയപ്പോൾ പലരും കരുതിയത് മോക് ഡ്രില്ലാണെന്നായിരുന്നു.

അവധി ആഘോഷിക്കാനെത്തിയവർ, മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന കശ്മീരിന്റെ ഭംഗി നുകരാനെത്തിയവർ, വിവാഹത്തിന്റെ പുതുമോടിയിലെത്തിയവർ, രാജ്യത്തെ നടുക്കിയ അപ്രതീക്ഷിത ആക്രമണത്തിന്റെ ഇരകൾ പല തുറകളിൽ നിന്നുള്ളവരാണ്. പല ദേശക്കാരാണ്. പല ഭാഷ സംസാരിക്കുന്നവരാണ്. ഇന്നലെ പഹൽഗാമിലെ ബൈസരൻ താഴ്വരയിൽ ഭീകരരെത്തിയപ്പോൾ പലരും കരുതിയത് അതൊരു മോക്ഡ്രില്ലാണെന്നായിരുന്നു. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് തോക്കുകളിൽ നിന്ന് വെടിയുണ്ടകൾ ചീറിയെത്തിയതോടെ എങ്ങുമുയർന്നത് നിലവിളികൾ മാത്രം. ഭാര്യയെ നഷ്ടപ്പെട്ടവർ, ഭർത്താവിനെ നഷ്ടപ്പെട്ടവർ, മാതാപിതാക്കളെ നഷ്ടപ്പെട്ടവർ എന്നിങ്ങനെ അവർ വേർതിരിക്കപ്പെട്ടു.

ലോകത്തിലെ മനോഹരമായ താഴ്വര നിമിഷങ്ങൾ കൊണ്ട് കുരുതിക്കളമായി മാറി. നിരവധി പേർ വെടിയേറ്റ് വീണു. അവരിലൊരാളായിരുന്നു ഭാര്യക്കും മകൾക്കും കൊച്ചുമക്കൾക്കുമൊപ്പം കശ്മീർ കാണാനെത്തിയ ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ. കൊച്ചിയിൽ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ നാവികസേനാ ഉദ്യോഗസ്ഥ‌ൻ വിനയ് നർവാളും ഭാര്യയും തെലങ്കാനയിൽ നിന്നുള്ള ഇന്റലിജൻസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടവരിലുണ്ട്. വിനയ് നർവാളിന്റെ വിവാഹം കഴിഞ്ഞിട്ട് ആറു ദിവസമേ ആയിരുന്നുള്ളൂ. ശിവമൊഗ്ഗയിൽ നിന്നെത്തിയ മഞ്ജുനാഥ റാവു വെടിയേറ്റ് വീണത് ഭാര്യയുടെ കൺമുന്നിലാണ്. കേരളത്തിൽ നിന്നുപോയ ഹൈക്കോടതി ജഡ്ജിമാരും എംഎൽഎമാരും കശ്മീരിൽ ഉണ്ടെയിരുന്നെങ്കിലും അവരെല്ലാം സുരക്ഷിതരാണ്.

ആക്രമണത്തിന് പിന്നാലെ രാജ്യം ഉണർന്നു. അമിത് ഷാ ശ്രീനഗറിലെത്തി. ഉന്നതതല സുരക്ഷായോഗം ചേർന്നു. പ്രധാനമന്ത്രി സൗദി സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് തിരിച്ചു. അപൂർവം എന്നുതന്നെ വിലയിരുത്താവുന്ന രീതിയിൽ സൈന്യത്തിന്റെ വാർത്താക്കുറിപ്പെത്തി. രാഷ്ട്രപതിയും പ്രതിപക്ഷ പാർട്ടികളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആക്രമണത്തെ തള്ളിപ്പറഞ്ഞു. ലോകനേതാക്കൾ ഇന്ത്യക്കൊപ്പമെന്ന് പ്രഖ്യാപിച്ചു. പിന്നാലെ ഡൽഹിയിലും മുംബൈയിലും ഉൾപ്പെടെ സുരക്ഷ കടുപ്പിച്ചു. പഹൽഗാമിന്റെ മുക്കും മൂലയും സൈനിക ഉദ്യോഗസ്ഥ‌ർ അരിച്ചുപെറുക്കുകയാണ്.

കശ്മീരിൽ സങ്കടത്തോടൊപ്പം ഭീകരർക്കെതിരായ പ്രതിഷേധവും ഉയരുകയാണ്. 2000ത്തിന് ശേഷം സാധാരണക്കാർക്ക് നേരെ പലവട്ടം കശ്മീരിൽ ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിലും വിനോദസഞ്ചാരികളെ ലക്ഷ്യംവച്ച് ഇത്തരം ഒരു ആക്രമണം അടുത്തൊന്നും ഉണ്ടായിട്ടില്ല. ആക്രമണത്തിന്റെ രണ്ടാം നാൾ ലോകം വീക്ഷിക്കുന്നത് ഇന്ത്യയുടെ തുടർ നടപടികളാണ്. ആക്രമണത്തിന്റെ ഉത്തരവാദികളെ പിടികൂടാനുള്ള നടപടികൾ എന്തെല്ലാമാകും എന്നാണ് ലോകം വീക്ഷിക്കുന്നത്.

സ്കൂളുകളിൽ ഹിന്ദി നിർബന്ധിത ഭാഷയാക്കിയ ഉത്തരവ് പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ; തീരുമാനം പ്രതിഷേധത്തിന് ശേഷം

മുംബൈ: സ്കൂളുകളിൽ ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കാനുള്ള തീരുമാനം മഹാരാഷ്ട്ര സർക്കാർ പിൻവലിച്ചു. പ്രതിപക്ഷ പാർട്ടികളുടെ കടുത്ത വിമർശനത്തിന് പിന്നാലെയാണ് തീരുമാനം. ഹിന്ദി ഓപ്ഷണൽ വിഷയമാകുമെന്നും മറാത്തിയും ഇംഗ്ലീഷും മുൻഗണനാ ഭാഷകളായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ അറിയിച്ചു.

ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മൂന്നാം ഭാഷയായി ഹിന്ദി നിർബന്ധമാക്കി ഏപ്രിൽ 16 നാണ് സർക്കാർ ഉത്തരവിറക്കിയത്. സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് ഈ വ്യവസ്ഥ സംസ്ഥാന സ്കൂൾ കരിക്കുലം ഫ്രെയിംവർക്ക്-2024 ൽ ഉൾപ്പെടുത്തി. പിന്നാലെ ശിവസേന ഉദ്ധവ് പക്ഷവും മഹാരാഷ്ട്ര നവനിർമ്മാൺ സേനയും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായി എതിർത്ത് രംഗത്തെത്തി. സർക്കാർ സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന് ആരോപിച്ചു.

പിന്നാലെ ‘നിർബന്ധിതം’ എന്ന പദം നീക്കം ചെയ്യുമെന്നും ഹിന്ദി ഓപ്ഷണൽ വിഷയമായി പഠിപ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഹിന്ദി പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മറാത്തിക്കും ഇംഗ്ലീഷിനുമൊപ്പം പഠിക്കാം. പരിഷ്കരിച്ച ഭാഷാ നയം വിശദീകരിക്കുന്ന പുതിയ സർക്കാർ ഉത്തരവ് ഉടൻ പുറപ്പെടുവിക്കും.

നേരത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിർബന്ധമാക്കിയതിനെ ന്യായീകരിച്ചിരുന്നു. മറാത്തിയുടെ പ്രാധാന്യം ഇത് കുറയ്ക്കുന്നില്ലെന്ന് പറഞ്ഞു. അതേസമയം ഭാഷാ അടിച്ചേൽപ്പിക്കലിനെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി ലക്ഷ്മികാന്ത് ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള ഭാഷാ കൺസൾട്ടേഷൻ കമ്മിറ്റി തീരുമാനത്തെ എതിർത്തു. പിന്നാലെയാണ് നിർബന്ധിതം എന്ന വാക്ക് എടുത്തുകളഞ്ഞത്.

‘നിന്നെ ഞങ്ങൾ കൊല്ലില്ല, പോയി മോദിയോട് പറയൂ…’; ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം പല്ലവിയോട് ഭീകരന്റെ ആക്രോശം

ന്യൂഡൽഹി: പഹൽ​ഗാമിൽ തന്റെ ഭർത്താവ് ഭീകരവാദിയുടെ വെടിയേറ്റ് കൺമുന്നിൽ കൊല്ലപ്പെടുന്നത് കണ്ട പല്ലവി റാവു ഒന്നേ ആവശ്യപ്പെട്ടുള്ളൂ. തന്നെയും മകനെയും കൂടി വെടിവെച്ച് കൊല്ലൂ…. എന്നാൽ ഞെട്ടിക്കുന്നതായിരുന്നു ഭീകരവാദിയുടെ ഉത്തരം. ”നിന്നെ ഞങ്ങൾ കൊല്ലില്ല, പോകൂ, പോയി മോദിയോട് പറയൂ….” എന്നായിരുന്നു മറുപടി. കർണാടകയിലെ ശിവമോഗയിലെ റിയൽ എസ്റ്റേറ്റുകാരനായ മഞ്ജുനാഥ റാവുവാണ് ഭാര്യക്ക് മുന്നിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്.

46 വയസ്സിനിടയിൽ ജന്മനാടായ കർണാടകയ്ക്ക് പുറത്ത് കുടുംബസമേതമായുള്ള ആദ്യത്തെ അവധിക്കാലം ആഘോഷമായിരുന്നു മഞ്ജുനാഥയുടേതും പല്ലവിയുടേതും. കർണാടകയിൽ നിന്നുള്ള രണ്ട് വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. മഞ്ജുനാഥക്കൊപ്പം ഭരത് ഭൂഷൺ എന്നയാളും കൊല്ലപ്പെട്ടു. മകൻ അഭിജിത്തിന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് ശേഷമാണ് മഞ്ജുനാഥ യാത്ര ബുക്ക് ചെയ്തത്. ഏപ്രിൽ 19 ന് ശിവമോഗയിൽ നിന്ന് പോയ ഒരു സംഘത്തിലാണ് മഞ്ജുനാഥയും കുടുംബവുമുണ്ടായിരുന്നത്. മൽനാട് അരേക്ക മാർക്കറ്റിംഗ് കോ-ഓപ് സൊസൈറ്റിയുടെ ബിരൂർ ബ്രാഞ്ചിന്റെ ബ്രാഞ്ച് മാനേജറാണ് പല്ലവി. മകന് ഭക്ഷണം വാങ്ങാൻ പോയ സമയത്താണ് മഞ്ജുനാഥക്ക് വെടിയേറ്റത്.

ആക്രമണത്തിന് തൊട്ടുമുമ്പ് വിനോദയാത്രയെക്കുറിച്ച് ഇരുവരും വീഡിയോ പകർത്തിയതും പുറത്തുവന്നു. മൂന്ന് ദിവസം മുമ്പാണ് മഞ്ജുനാഥ് റാവു ഭാര്യ പല്ലവിക്കും കുട്ടികൾക്കുമൊപ്പം ജമ്മു കശ്മീരിലെത്തിയത്. കശ്മീർ വളരെ മനോഹരമായിരുന്നുവെന്നും ബോട്ട്മാൻ മുഹമ്മദ് റഫീഖിനൊപ്പം ശിക്കാര സവാരിയെക്കുറിച്ചുള്ള സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. തീവ്രവാദികൾ പുരുഷന്മാരെ മാത്രമേ ലക്ഷ്യമിട്ടിട്ടുള്ളൂവെന്നും പല്ലവി വ്യക്തമാക്കി.

ജമ്മുകശ്മീരിലെ പഹൽഗാമിലെ ബൈസരണിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി ഉയർന്നു. 27 പുരുഷൻമാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. ആക്രമണത്തില്‍ പരിക്കേറ്റ പത്തിലധികം പേർ ചികിത്സയിലുണ്ട്. ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഇദ്ദേഹത്തിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ഇന്നുണ്ടാകും. ഒരു നേപ്പാൾ സ്വദേശിയും യുഎഇ പൗരത്വമുള്ള ഇന്ത്യൻ വംശജനും കൊല്ലപ്പെട്ടവരിലുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം ശ്രീനഗറിൽ തന്നെ നടത്തും. മൃതദേഹങ്ങൾ വിട്ടുനൽകാൻ രണ്ട് ദിവസം വരെ കാലതാമസമെടുത്തേക്കാമെന്നും റിപ്പോർട്ടുകൾ.

പഹൽഗാം സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. സൗദി സന്ദർശനം വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തിരിച്ചു. സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗം പ്രധാനമന്ത്രി വിളിച്ചേക്കും.

പെഹൽഗാം ആക്രമണം,ഭീകരർ ദിവസങ്ങൾക്ക് മുൻപ് പെഹൽഗമിൽ   എത്തി

ന്യൂഡെൽഹി.ആക്രമണത്തിന് പിന്നിൽ 7 ഭീകരർ എന്ന് അന്വേഷണ  ഏജൻസി വൃത്തങ്ങൾ

ഭീകരർ ദിവസങ്ങൾക്ക് മുൻപ് പെഹൽഗമിൽ   എത്തിയതായും സൂചന

ഭീകരർ എത്തിയത് രണ്ട് സംഘങ്ങൾ  ആയെന്നും സൂചന
വിമാനത്താവളത്തിൽ തന്നെ അടിയന്തര യോഗം ചേർന്ന് പ്രധാനമന്ത്രി
അജിത് ഡോവൽ , എസ് ജയശങ്കർ അടക്കമുള്ളവർ യോഗത്തിൽ
വിദേശകാര്യ സെക്രട്ടറിയും യോഗത്തിൽ
ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിച്ചെന്ന് രാഹുൽ ഗാന്ധി

ഇരകൾക്ക് നീതിയും പരിപൂർണ പിന്തുണയും ഉറപ്പാക്കണമെന്ന് രാഹുൽ

പെഹൽഗാം ആക്രമണം,ഭീകരർ ദിവസങ്ങൾക്ക് മുൻപ് പെഹൽഗമിൽ   എത്തി

ന്യൂഡെൽഹി.ആക്രമണത്തിന് പിന്നിൽ 7 ഭീകരർ എന്ന് അന്വേഷണ  ഏജൻസി വൃത്തങ്ങൾ

ഭീകരർ ദിവസങ്ങൾക്ക് മുൻപ് പെഹൽഗമിൽ   എത്തിയതായും സൂചന

ഭീകരർ എത്തിയത് രണ്ട് സംഘങ്ങൾ  ആയെന്നും സൂചന
വിമാനത്താവളത്തിൽ തന്നെ അടിയന്തര യോഗം ചേർന്ന് പ്രധാനമന്ത്രി
അജിത് ഡോവൽ , എസ് ജയശങ്കർ അടക്കമുള്ളവർ യോഗത്തിൽ
വിദേശകാര്യ സെക്രട്ടറിയും യോഗത്തിൽ
ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിച്ചെന്ന് രാഹുൽ ഗാന്ധി

ഇരകൾക്ക് നീതിയും പരിപൂർണ പിന്തുണയും ഉറപ്പാക്കണമെന്ന് രാഹുൽ

കശ്മീര്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരണം 34 ആയി

ശ്രീനഗര്‍: കശ്മീര്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരണം 34 ആയി.  പരിക്കേറ്റ പത്തിലേറെ പേര്‍ ചികിത്സയില്‍ തുടരുകയാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശ്രീനഗറിലെത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം ശ്രീനഗറില്‍ നടക്കും. ഭീകരാക്രമണത്തില്‍ മരിച്ച മലയാളി കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി മകന്‍ ഇന്ന് ശ്രീനഗറിലെത്തും. ആറു ഭീകരരാണ് ആക്രമണം നടത്തിയതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.

നാലു ഭീകരരാണ് നിറയൊഴിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രദേശത്ത് ഭീകരര്‍ക്കായി പഹല്‍ഗാം, ബൈസരണ്‍, അനന്ത്നാഗ് തുടങ്ങിയ പ്രദേശങ്ങളിൽ സുരക്ഷാസേന വ്യാപക തിരച്ചില്‍ നടത്തി വരികയാണ്. അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ സംഘം ഇന്ന് പഹല്‍ഗാമിലെത്തും. സ്ഥിതി വിലയിരുത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്ന് പഹല്‍ഗാമിലെത്തുന്നുണ്ട്. ഇന്നലെ കശ്മീരിലെത്തിയ അമിത് ഷാ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

എ.ജയതിലക് സംസ്ഥാനത്തിന്റെ അൻപതാമത് ചീഫ് സെക്രട്ടറി

തിരുവനന്തപുരം.സംസ്ഥാനത്തിന്റെ അൻപതാമത് ചീഫ് സെക്രട്ടറി എ.ജയതിലക് കേരള കേഡറിലെ രണ്ടാമത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്.നിലവില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്  എ.ജയതിലക്.ഏറ്റവും സീനിയറായ  കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി  സംസ്ഥാനത്തേക്ക് മടങ്ങി വരാന്‍ വിസമ്മതം അറിയച്ചതിനെ തുടര്‍ന്നാണ് ജയതിലകിനു ചീഫ് സെക്രട്ടറി പദത്തിലേക്ക് വഴിയൊരുങ്ങിയത്.


1991 ബാച്ച് ഉദ്യോഗസ്ഥനാണ് എ.ജയതിലക്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് ബിരുദവും ഐഐഎമ്മിൽ നിന്ന് പിജി സർട്ടിഫിക്കറ്റ് കോഴ്സും പൂർത്തിയാക്കി.സിവിൽ സർവീസ് കരിയർ തുടങ്ങിയത് മാനന്തവാടി സബ് കളക്ടറായി. കൊല്ലത്തും കോഴിക്കോടും ജില്ലാ കളക്ടറായ ജയതിലക് കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടറുമായി. കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയപ്പോൾ സ്പൈസസ് ബോർഡിന്റെയും മറൈൻ എക്സ്പോർട്ട് ബോർഡിന്റെയും ചുമതല വഹിച്ചു. നിലവിൽ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയായ ജയതിലകിന് നികുതി വകുപ്പിന്റെ ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകളുടെ ചുമതലയുണ്ട്. ഇവിടെ നിന്നാണ് ശാരദാ മുരളീധരന്റെ പിൻഗാമിയായി ചീഫ് സെക്രട്ടറി പദത്തിലേക്ക് ജയതിലകെത്തുന്നത്. നിലവിൽ സംസ്ഥാനത്തെ IAS പോരിൽ എൻ.പ്രശാന്ത് പരസ്യമായി
പോർമുഖം തുറന്നത് എ.ജയതിലകുമായിട്ടാണ്. എ. ജയതലകിനെതിരെ വ്യക്തിപരമായി പോലും വലിയ വിമർശനം എൻ.പ്രശാന്ത് ഉയർത്തിയിട്ടുണ്ട്. ജയതിലക് ഉൾപ്പടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചതിനാണ് എൻ.പ്രശാന്തിന് സർവീസിൽ നിന്നും മാറി നിൽക്കേണ്ടി വന്നത്.ജയതിലക് സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥനായി മാറുമ്പോൾ IAS തലപ്പത്തെ പോരിൽ ആകാംക്ഷയേറും.

ഇന്ന് കൂടുതൽ എസ്കവേറ്ററുകൾ മുതലപ്പൊഴിയിൽ

മുതലപ്പൊഴി.മുതലപ്പൊഴിയില്‍ പൊഴി മുറിക്കാനുള്ള നടപടികൾ ആരംഭിച്ചതിനു പിന്നാലെ മണൽ നീക്കം വേഗത്തിലാക്കാനുള്ള ശ്രമത്തിൽ സർക്കാർ.ഇന്ന് കൂടുതൽ എസ്കവേറ്ററുകൾ മുതലപ്പൊഴിയിൽ എത്തിക്കും.വ്യാഴാഴ്ചയോടെ കണ്ണൂര്‍ അഴീക്കലില്‍ നിന്ന് ചന്ദ്രഗിരി ഡ്രജര്‍ എത്തിച്ച് മണല്‍ പൂര്‍ണമായി നീക്കുമെന്ന്  ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പൊഴിയുടെ മുക്കാൽ ഭാഗം മുറിക്കാന്‍ സമരസമിതിയും മത്സ്യത്തൊഴിലാളി സംഘടനകളും അനുവദിച്ചത്. നാല് ദിവസങ്ങൾക്കുള്ളിൽ പൊഴി മുറിച്ചു തീർക്കാനാണ് ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം ലക്ഷ്യമിടുന്നത്.  3 മീറ്റര്‍ ആഴത്തിലും 13 മീറ്റര്‍ വീതിയിലുമാണ് പൊഴി മുറിക്കുക. ഇതോടൊപ്പം കൂട്ടിയിട്ടിരിക്കുന്ന മണല്‍ മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ചു. പൊഴി മുറിക്കുന്നതിനൊപ്പം തന്നെ മണല്‍ നീക്കാമെന്നുള്ള ഉറപ്പാണ് ഹാർബർ എൻജിനീയറിങ് വിഭാഗം നല്‍കിയിരിക്കുന്നത്. മണല്‍ അടിഞ്ഞ് മുതലപ്പൊഴി വഴിയുള്ള മത്സ്യബന്ധനം നിലച്ചിട്ട് ഇന്ന് 14 ദിവസം പിന്നിടുകയാണ്. പൊഴിമുഖം മണല്‍ മൂടി അടഞ്ഞതുമൂലം സമീപ പഞ്ചായത്ത് പ്രദേശങ്ങളില്‍ വെള്ളം കയറുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് വളരെ വേഗം പൊഴി മുറിച്ച് നീക്കാനാണ് അധികൃതർ ശ്രമിക്കുന്നത്

സൌദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങി

ന്യൂഡെൽഹി.രണ്ട് ദിവസത്തെ സൌദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മടക്കം. സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.


പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സൌദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങിയത്. സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മടക്കം. ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, സംഭവത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുകയും സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തതായി ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ അറിയിച്ചു.

പ്രധാനമന്ത്രിയോടൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെയുള്ള സംഘവും ഇന്ത്യയിലേക്ക് മടങ്ങി. ഇന്നലെ ഉച്ചയ്ക്ക് ശേഷം ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ ആയിരുന്നു പ്രധാനമന്ത്രിയും സൌദി കിരീടാവകാശിയും തമ്മിലുള്ള കൂടിക്കാഴ്ച. കൊട്ടാരത്തിൽ പ്രധാനമന്ത്രിക്ക് ഊഷ്മളമായ വരവേൽപ്പ് ആണ് ലഭിച്ചത്. സുപ്രധാനമായ 4 കരാറുകളിൽ ഇരു നേതാക്കളും ഒപ്പുവെച്ചു. സ്പെയ്സ് ഏജൻസി, ആരോഗ്യം, ആന്റി ഡോപ്പിംഗ് ഏജൻസി തുടങ്ങിയ മേഖലകളിലെ സഹകരണ കരാറുകൾ ഇതിൽപ്പെടും. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കാൻ സഹകരിക്കുമെന്ന് സൌദി വ്യക്തമാക്കി. ഇന്ത്യ സൌദി സ്ട്രാറ്റജിക് പാർട്ട്ണർഷിപ്പ് കൌൺസിൽ യോഗത്തിലും നരേന്ദ്രമോദിയും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും പങ്കെടുത്തു. കൌൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന കമ്മിറ്റികളുടെ എണ്ണം രണ്ടിൽ നിന്ന് നാലായി വർദ്ധിപ്പിക്കാൻ ധാരണയായി. കൂടാതെ സൌദിയിലെ വ്യവസായ പ്രമുഖരും സംഘടനാ പ്രതിനിധികളും ഉൾപ്പെടെയുള്ളവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. എന്നാൽ ഇന്ത്യക്കാർ ജോലി ചെയ്യുന്ന ഫാക്ടറി സന്ദർശനം ഒഴിവാക്കി.

ഏരൂരിൽ ഭാര്യ ആത്മഹത്യ ചെയ്ത സംഭവം, ഭർത്താവ് പിടിയിൽ

പുനലൂർ.ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ കേസ്. കൊല്ലം ഏരൂരിൽ ആണ് സംഭവം. രണ്ടേക്കർമുക്ക് സ്വദേശിനി അശ്വതി ജീവനൊടുക്കിയ കേസിലാണ് ഭർത്താവ്
സനു സോമനെ സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.

2024 ഫെബ്രുവരി  പതിനാറിനാണ് അശ്വതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭർത്താവ് സനു സോമന്   മറ്റൊരു യുവതിയുമായുള്ള  സൗഹ്യദം അശ്വതി എതിർത്തിരുന്നു.
എന്നാൽ ബന്ധത്തിൽ നിന്നും പിന്തിരിയാതിരുന്ന സനു, സ്ത്രീധനത്തിന്റെ പേരിൽ അശ്വതിയെ പീഡിപ്പിച്ചിരുന്നതായി  ബന്ധുക്കൾ  പറയുന്നു. അശ്വതിയുടെ മരണശേഷമാണ്    മൊബൈൽ ഫോണിൽ നിന്നും സനുവിനയച്ച  ഓഡിയോ സന്ദേശവും ആത്മഹത്യയ്ക്കുള്ള കാരണവും ബന്ധുക്കൾ മനസ്സിലാക്കിയത്. തുടർന്ന് ഏരൂർ പോലീസിൽ  പരാതി നൽകിയെങ്കിലും  കേസെടുക്കാൻ തയ്യാറായില്ലെന്നാണ് ആരോപണം.


തുടർന്ന്  ഹൈക്കോടതിയെ സമീപിച്ചു. കോടതി നിർദ്ദേശത്തിലാണ്   അന്വേഷണം പുനലൂർ  ഡിവൈഎസ്പിയ്ക്ക് കൈമാറിയത്.   സ്ത്രീധന പീഡന നിരോധന നിയമവും, ആത്മഹത്യ പ്രേരണയും  ചുമത്തി കേസെടുത്ത്  സനു സോമനെ ഇന്നലെ ഏരൂർ തൃക്കോയിക്കലിൽ നിന്നും അറസ്റ്റ് ചെയ്തു.  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.