മലപ്പുറം. തിരുവാലി എറിയാട് കാട്ടുപന്നി ബൈക്കിലിടിച്ച് അപകടം. ഷോർട്ട് ഫിലിം സംവിധായകനായ അബ്ദുൽ അഹലയ്ക്കും മകനും പരിക്കേറ്റു. ഇന്നലെ രാത്രി വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്ന് മകനുമായി വരുമ്പോൾ റോഡിന് കുറുകെ ഓടിയെത്തിയ കാട്ടുപന്നി ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും നാട്ടുകാർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അഹലയുടെ തോളല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മകന് ഗുരുതര പരിക്കുകളില്ല. സ്ഥലത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
വർഗ്ഗീയതയും ദേശീയതയും,സെമിനാർ സംഘടിപ്പിച്ചു
ശാസ്താംകോട്ട :കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ താലൂക്ക് സെമിനാർ നടന്നു. വർഗ്ഗീയതയും ദേശീയതയും എന്ന വിഷയത്തിൽ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ആഡിറ്റോറിയത്തിൽ നടന്ന സെമിനാർ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ എൻ നൗഫൽ വിഷയാവതരണം നടത്തി. താലൂക്ക് പ്രസിഡന്റ് ആർ അജയൻ അധ്യക്ഷത വഹിച്ചു. വായനാ മൽസര വിജയികൾക്കുള്ള സമ്മാനങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുന്ദരേശൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ചവറ കെ എസ് പിള്ള എന്നിവർ വിതരണം ചെയ്തു. ബി ബിനീഷ്, മനു വി കുറുപ്പ്, ഗിരിജാ ദേവി, തുടങ്ങിയവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി എസ് ശശികുമാർ സ്വാഗതവും ആർ സുജാ കുമാരി നന്ദിയും പറഞ്ഞു
കൈരളി മികച്ച വായനശാല
ശാസ്താംകോട്ട:- പോരുവഴി ഗ്രാമ പഞ്ചായത്തിലെ ഏറ്റവും മികച്ച ഗ്രന്ഥശാലക്കുള്ള ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ 2024 -25 വർഷത്തെ പുരസ്കാരം ഇടയ്ക്കാട് തെക്ക് കൈരളി വായനശാലയ്ക്ക് ലഭിച്ചു.
ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച ഇ. വി കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാല ഉദ്ഘാടന ചടങ്ങിൽ ആയിരുന്നു പുരസ്കാര വിതരണം കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ പുരസ്കാരം നൽകി.
സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്… പവന് 2200 രൂപ കുറഞ്ഞു
റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. പവന് 2200 രൂപയാണ് കുറഞ്ഞത്. നിലവില്‍ തിങ്കളാഴ്ചത്തെ നിരക്കായ 72,120ലേക്കാണ് സ്വര്‍ണവില താഴ്ന്നത്. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. 275 രൂപയാണ് താഴ്ന്നത്. 9015 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
സ്വര്‍ണവില 75000 കടന്നും കുതിക്കുമെന്ന്് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് വില താഴ്ന്നത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില താഴ്ന്നത്. 17 ന് 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്.
പഹൽഗാം ഭീകരാക്രമണം: സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്ന് സൂചന… ലഷ്കർ ഇ തൊയ്ബയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചു
രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്ന് സൂചന.ലഷ്കർ ഇ തൊയ്ബയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു സംഘമായി ബൈക്കുകളിലാണ് ഭീകരർ ആക്രമ സ്ഥലത്ത് എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഭീകരന്റെ ചിത്രം പുറത്തുവന്നു.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റൻ്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റടുത്ത് രംഗത്ത് വന്നിരുന്നു. ആക്രമണത്തിന് പിന്നില്‍ ഏഴംഗ സംഘമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ശ്രീനഗറില്‍ എത്തിച്ചു. കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ മൃതദേഹവും നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.
പഹൽഗാമിലെ ബൈസരൻ താഴ്വരയിൽ ഭീകരരെത്തിയപ്പോൾ പലരും കരുതിയത് മോക്ക് ഡ്രിൽ ആണെന്നാണ്. പിന്നാലെ ഭീകരർ വെടിയുതിർത്തപ്പോഴാണ് ആക്രമണം ആണെന്ന് തിരിച്ചറിഞ്ഞത്. പഹൽഗ്രാം ഭീകരാക്രമണത്തെ അപലപിച്ച് ജമ്മു കശ്മീരിൽ ഇന്ന് വിവിധ സംഘടനകളുടെ ബന്ദ് നടക്കുകയാണ്.
ഗുരുകുലം 2025 അവധിക്കാല ക്യാംപ് ഏപ്രില്‍ 30മുതല്‍ മേമന ചേന്നല്ലൂര്‍ ഭവനത്തില്‍
ഓച്ചിറ. ഗുരുകുലം 2025 അവധിക്കാല ക്യാംപ് ഏപ്രില്‍ 30മുതല്‍ മേയ് നാലുവരെ മേമന ചേന്നല്ലൂര്‍ഭവനത്തില്‍ നടക്കും. സിടിഎം ട്രസ്റ്റും ചേന്നല്ലൂര്‍ഫാഷന്‍ ഹോംസും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുന്‍കൂട്ടിബുക്ക് ചെയ്യുന്ന 100 പേര്‍ക്ക് ആണ് സൗജന്യ പരിശീലനം. നേതൃത്വ പാടവം,ആശയവിനിമയം, ഗോള്‍ സെറ്റിംങ്,ടൈം മാനേജുമെന്റ്, ആത്മവിശ്വാസം, ജീവിത പരിശീലനം,പ്രസംഗ പരിശീലനം സര്‍ഗശേഷി,യോഗ തുടങ്ങിയവയിലാണ് പരിശീലനം ഫോണ്‍. 98958 95898
കയറിയപ്പോലെ തിരിച്ചിറങ്ങി സ്വര്‍ണവില; പവന് 2200 രൂപയുടെ ഇടിവ്
കൊച്ചി:സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. ഇന്നലെ കൂടിയത് അതേപോലെ തന്നെ ഇന്ന് തിരിച്ചിറങ്ങി.
പവന് 2200 രൂപയാണ് കുറഞ്ഞത്. നിലവില്‍ തിങ്കളാഴ്ചത്തെ നിരക്കായ 72,120ലേക്കാണ് സ്വര്‍ണവില താഴ്ന്നത്. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. 275 രൂപയാണ് താഴ്ന്നത്. 9015 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
സ്വര്‍ണവില 75000 കടന്നും കുതിക്കുമെന്ന്് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് വില താഴ്ന്നത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില താഴ്ന്നത്. 17 ന് 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്.
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
പല കാരണങ്ങള്‍ കൊണ്ടും ഇന്ന് വൃക്കകളുടെ ആരോഗ്യം മോശമാകാം. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണക്രമത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
- വെളുത്തുള്ളി
ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയതാണ് വെളുത്തുള്ളി. ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
- കോളിഫ്ലവര്‍
നാരുകള്‍, വിറ്റാമിന്‍ സി, ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയതും പൊട്ടാസ്യം കുറഞ്ഞതുമായ കോളിഫ്ലവറും കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
- റെഡ് ബെല്‍ പെപ്പര്‍
ചുവന്ന കാപ്സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവും വിറ്റാമിന്‍ എ, സി, ബി6 എന്നിവ അടങ്ങിയതുമാണ്. അതിനാല്‍ വൃക്കകളുടെ ആരോഗ്യത്തിന് ഇവ മികച്ചതാണ്.
- ആപ്പിള്‍
ഫൈബറും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
- മഞ്ഞള്‍
മഞ്ഞളിലെ കുര്‍കുമിന് ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റിഓക്സിഡന്‍റ് ഗുണങ്ങളുണ്ട്. ഇവ വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
- കാബേജ്
നാരുകളും വിറ്റാമിന്‍ കെ, സി തുടങ്ങിയവ അടങ്ങിയ കാബേജും വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.
- നെല്ലിക്ക
വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കയും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
- ബ്ലൂബെറി
പൊട്ടാസ്യം വളരെ കുറവും ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതുമായ ബ്ലൂബെറിയും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
കള്ളക്കടൽ പ്രതിഭാസം: നാളെയും കേരള തീരത്ത് കടലാക്രമണത്തിന് സാധ്യത, ഈ മാസം 26 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് ഉച്ചയ്ക്ക് 02.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.
മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം ഈ മാസം ഇരുപത്തിയാറാം തീയതി വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചു. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല.
ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ ആദ്യം അനുശോചന കുറിപ്പ് പോസ്റ്റ് ചെയ്തു, പിന്നാലെ പിൻവലിച്ച് ഇസ്രയേൽ
ജറുസലേം: ഫ്രാൻസിസ് മാർപ്പാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സമൂഹമാധ്യമത്തിൽ കുറിപ്പിട്ട ഇസ്രയേൽ പിന്നാലെ അതു പിൻവലിച്ചു. ‘ശാന്തമായി വിശ്രമിക്കൂ ഫ്രാൻസിസ് മാർപ്പാപ്പ. അദ്ദേഹത്തിന്റെ ഓർമ അനുഗ്രഹമായിത്തീരട്ടെ’ എന്നായിരുന്നു ഇസ്രയേൽ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചത്. ജറുസലിലെ പശ്ചിമ മതിൽ സന്ദർശിച്ച മാർപാപ്പയുടെ ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. എന്നാൽ പിന്നാലെ ഈ പോസ്റ്റ് പിൻവലിക്കുകായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്തിനാണ് അനുശോചന പോസ്റ്റ് പിൻവലിച്ചത് എന്ന കാരണം ഇസ്രയേൽ വ്യക്തമാക്കിയില്ല. ഇസ്രയേലിനെതിരെ ഫ്രാൻസിസ് മാർപ്പാപ്പ പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്നും പിഴവ് മൂലമാണ് അനുശോചനം സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തതെന്നുമാണ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ജറുസലം പോസ്റ്റ് റിപ്പോർട്ടു ചെയ്തത്. എന്നാൽ ഔദ്യോഗികമായി ഇതേ കുറിച്ച് പ്രതികരിക്കാൻ ഇസ്രയേൽ തയാറായിട്ടില്ല. ഇസ്രയാൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇതുവരെ അനുശോചനം രേഖപ്പെടുത്തിയിട്ടില്ല.
ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന ആക്രമങ്ങളെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ പലതവണ രംഗത്ത് വന്നിട്ടുണ്ട്. ഇസ്രയേൽ ഗസ്സയിൽ നടത്തുന്നത് യുദ്ധമല്ലെന്നും ക്രൂരതയാണെന്നും മാർപാപ്പ വിമർശിച്ചിട്ടുണ്ട്. കുട്ടികളെയടക്കം കൊല്ലുന്നത് യുദ്ധമല്ലെന്നും ക്രൂരതയാണെന്നും തന്‍റെ വാർഷിക ക്രിസ്‌മസ് പ്രസംഗത്തിൽ മാർപാപ്പ തുറന്ന് വിമർശിച്ചിരുന്നു. ഗസ്സയിൽ ഇസ്രയേൽ വംശഹത്യയാണോ നടത്തുന്നതെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാർപാപ്പ നേരത്തെയും രംഗത്തെത്തിയിരുന്നു. 2014ൽ മാര്‍പാപ്പ ജൂതമതത്തിലെ ഏറ്റവും പവിത്രമായ പ്രാര്‍ഥനാ സ്ഥലമായ വെസ്റ്റേണ്‍ വാള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ജെറുസലേമിനേയും ബെത്‌ലഹേമിനേയും വിഭജിക്കുന്ന മതിലാണ് ഇത്.





































