27.8 C
Kollam
Thursday 25th December, 2025 | 12:03:43 PM
Home Blog Page 1165

അഭിനന്ദനെ ചായ കൊടുത്ത് വിട്ടത് ഓർമ്മിപ്പിച്ച് പാകിസ്ഥാൻ മന്ത്രി; ‘പാകിസ്ഥാനെ ആക്രമിച്ചാൽ മിണ്ടാതിരിക്കില്ല’

ന്യൂഡൽഹി: ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ കടുത്ത നടപടികൾ വന്നതോടെ പാകിസ്ഥാനിലും തിരക്കിട്ട നീക്കം. പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖോജ ആസിഫ് ഉന്നതതലയോഗം വിളിച്ച് ഇന്ത്യയുടെ പ്രഖ്യാപനങ്ങൾ വിലയിരുത്തി. പാകിസ്ഥാൻ ദേശീയ സുരക്ഷാ കൗൺസിൽ യോഗം ഇന്ന് ചേരും. ഇന്ത്യയുടെ തീരുമാനങ്ങൾക്ക് യോഗം മറുപടി തയ്യാറാക്കുമെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേ സമയം ഭീഷണിയുമായി പാകിസ്ഥാൻ ഐടി മന്ത്രിയും രം​ഗത്തെത്തി.

പാകിസ്ഥാനെ ആക്രമിച്ചാൽ മിണ്ടാതിരിക്കില്ലെന്ന് അസ്മ സയിദ് ബുഖാരി പറഞ്ഞു. അഭിനന്ദൻ വർധമാൻ സംഭവം ഓർമിപ്പിച്ചാണ് മന്ത്രിയുടെ പരാമർശം. അന്ന് അഭിനന്ദനെ ചായ കൊടുത്ത് വിട്ടുവെന്നും ഇനി ആക്രമിച്ചാൽ പാക് സൈന്യത്തിന് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാമെന്നും മന്ത്രി പറഞ്ഞു. തീവ്രവാദത്തിനെതിരെ നില കൊള്ളുന്ന രാജ്യമാണെന്നും ആക്രമണം അപലപനീയമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ജമ്മു കശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരണസംഖ്യ 26 ആയെന്ന് സ്ഥിരീകരിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിർസി അറിയിച്ചു. നിരവധി ലോകരാജ്യങ്ങൾ ആക്രമണത്തെ അപലപിച്ചു. ആക്രമണത്തിന് പാകിസ്ഥാനിൽ നിന്ന് പിന്തുണ കിട്ടിയെന്നും വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനോടുള്ള നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. പ്രധാനപ്പെട്ട അഞ്ചോളം തീരുമാനങ്ങളാണ് ഇന്ത്യ കൈക്കൊണ്ടിട്ടുള്ളത്.

സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തു. അതിർത്തി കടന്നവർക്ക് മെയ് ഒന്നിന് മുൻപ് തിരിച്ചെത്താം. പാകിസ്ഥാൻ പൗരൻമാർക്ക് വീസ നൽകില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. എസ് വി ഇ എസ് (SVES) വിസയിൽ ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനുള്ളിൽ തിരികെ പോകണം. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കി. ഇവർ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ നിന്ന് പിന്മാറണം. ഇന്ത്യയും പാകിസ്ഥാനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

കുതിരവട്ടം ഗവൺമെൻറ് മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിക്ക് മരുന്നു മാറി നൽകിയതായി പരാതി

കോഴിക്കോട് .കുതിരവട്ടം ഗവൺമെൻറ് മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിക്ക് മരുന്നു മാറി നൽകിയതായി പരാതി. രാമനാട്ടുകര സ്വദേശിനി നൽകിയ പരാതിയിൽ ഫാർമസിസ്റ്റിനെതിരെ കോടതി നിർദേശ പ്രകാരം പൊലീസ് കേസ് എടുത്തു. ആരോപണ വിധേയയായ ആരോഗ്യ പ്രവർത്തക ഇപ്പോഴും ജോലിയിൽ തുടരുന്നതായും പരാതി ഉണ്ട്.

കഴിഞ്ഞ ഡിസംബർ 12 നാണ് രാമനാട്ടുകര സ്വദേശിനിയായ സ്ത്രിക്ക് ഡോക്ടർ എഴുതി നൽകിയ മരുന്നിനു പകരം മറ്റൊരു മരുന്ന് ഫാർമസിസ്റ്റ് നൽകുന്നത്.

കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർക്ക് തോന്നിയ സംശയമാണ് സംഭവത്തിൻ്റെ ചുരുൾ അഴിച്ചതെന്ന് മകൾ അശ്വതി പറയുന്നു.

ആശുപത്രി അധികൃതർക്ക് നൽകിയ പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇതോടെ കുന്നമംഗലം കോടതിയിൽ പരാതി നൽകി. ഇതിലാണ് കേസ് രജിസ്റ്റർ ചെയ്ത് മെഡിക്കൽ കോളജ് എ സി പിയോട് അന്വേഷണം നടത്താൻ നിർദേശം നൽകിയത്. കുടുംബം ആരോഗ്യ മന്ത്രിക്കും മനുഷ്യവകാശ കമ്മീഷനും പരാതി നൽകിട്ടുണ്ട്. ആരോപണ വിധേയയായ ഫാർമസിസ്റ്റ് ഇപ്പോഴും കുതിരവട്ടം ഗവ മാനസികാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്നുണ്ട് കുടുംബം ആരോപിക്കുന്നു.

പച്ച മുട്ട ചേർത്ത മയോണൈസ് നിരോധിച്ച് വിജ്ഞാപനമിറക്കി തമിഴ്നാട് സർക്കാർ; നടപടി ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത്

ചെന്നൈ: പച്ച മുട്ട ചേർത്ത മയോണൈസ് നിരോധിച്ച് വിജ്ഞാപനമിറക്കി തമിഴ്നാട് സർക്കാർ. ഒരു വർഷത്തേക്കാണ് നിരോധനം. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. പച്ച മുട്ടകളിൽ നിന്ന് മയോണൈസ് ഉണ്ടാക്കുന്നതും സംഭരിക്കുന്നതും വിൽക്കുന്നതും നിരോധിച്ചാണ് സർക്കാർ വിജ്ഞാപനമിറക്കിയത്.

മുട്ടയുടെ മഞ്ഞക്കരു, സസ്യ എണ്ണ, വിനാഗിരി തുടങ്ങിയവ ചേർത്തുണ്ടാക്കുന്ന മയോണൈസിൽ നിന്ന് ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ഭക്ഷ്യസുരക്ഷാ അഡ്മിനിസ്ട്രേഷൻ കമ്മീഷണർ ആർ ലാൽവേന പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. സാൽമൊണെല്ല ടൈഫിമുറിയം, സാൽമൊണെല്ല എന്ററിറ്റിഡിസ്, എസ്ഷെറിച്ച കോളി, ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് തുടങ്ങിയ സാൽമൊണല്ല ബാക്ടീരിയകളിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിജ്ഞാപനത്തിൽ പറയുന്നു.

നിരവധിയിടങ്ങളിൽ മയോണൈസ് തയ്യാറാക്കാൻ അസംസ്കൃത മുട്ട ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കൃത്യമായ ശീതീകരിച്ച സംഭരണ ​​സൗകര്യങ്ങളുടെ അഭാവം പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്നുവെന്നും വിജ്ഞാപനത്തിൽ പറയുന്നു.

പഹല്‍ഗാം,ഭീകരര്‍ക്കായി തിരച്ചില്‍ ശക്തം 20ലക്ഷം ഇനാം

ശ്രീനഗര്‍. പഹൽഗാം ഭീകരാക്രമണത്തിൽ 100 ലേറെ പേരെ ജമ്മുകശ്മീർ പോലീസ് ചോദ്യം ചെയ്തു. പ്രദേശവാസികളും കുതിര ക്കാരും അടക്കമുള്ള വരെയാണ് ചോദ്യം ചെയ്തത്.ജമ്മു കാശ്മീരിൽ ഭീകരർക്ക് വേണ്ടി സുരക്ഷ സേനയുടെ തെരച്ചിൽ ഊർജ്ജിതമായി തുടരുന്നു. പഹൽഗാമിൽ തെരചിലിനായി അത്യാധുനിക സംവിധാനങ്ങളും വാഹനങ്ങളും എത്തിച്ചു. കുൽഗാമിൽ ടി ആർ എഫ് കമാന്ററുടെ ഒളിത്താവളം സൈന്യം വളഞ്ഞു.അതിർത്തി മേഖലയിൽ കനത്ത ജാഗ്രത നിർദ്ദേശം.ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിളിച്ച സർവകക്ഷി യോഗം ഇന്ന് വൈകീട്ട്. ലെഫ്റ്റ്നെന്റ് ഗവർണർ മനോജ്‌ സിൻഹയുടെ നേതൃത്വത്തിൽ സുരക്ഷ അവലോകന യോഗവും ഇന്ന് ചേരും. പാക്കിസ്ഥാനമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്തിയത് അടക്കം കടുത്ത നയതന്ത്ര നടപടികൾക്ക് പിന്നാലെ ഭീകരതക്കെതിരായ സൈനിക നടപടിയിൽ തീരുമാനം ഉടൻ ഉണ്ടാകും.

റഷ്യയിൽ കൂലിപ്പട്ടാളത്തിന്റെ പിടിയിൽ അകപ്പെട്ടത് ഒരു വർഷം; തൃശൂർ സ്വദേശി ജെയിൻ ഇന്ന് നാട്ടിലെത്തും

കോട്ടയം: റഷ്യയിൽ കൂലിപ്പട്ടാളത്തിന്റെ പിടിയിൽ അകപ്പെട്ടിരുന്ന തൃശൂർ സ്വദേശി ജെയിൻ ഇന്ത്യയിൽ തിരികെയെത്തി. ഡൽഹിയിലെത്തിയ ജെയിൻ ഇന്നുതന്നെ വീട്ടിലെത്തും. തൃശൂർ കുറാഞ്ചേരി സ്വദേശി ജെയിനാണ് റഷ്യൻ കൂലിപ്പട്ടാളത്തിന്റെ പിടിയിൽനിന്നു മോചനം നേടി നാട്ടിൽ എത്തിയിരിക്കുന്നത്.

കഴിഞ്ഞവർഷം കൂലിപ്പട്ടാളത്തിന്റെ ഭാഗമാക്കപ്പെട്ട ജെയിനിന് ജനുവരിയിൽ യുദ്ധഭൂമിയിൽ ഡ്രോൺ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധു ടി.ബി. ബിനിൽ കൊല്ലപ്പെടുകയും ചെയ്തു. ഗുരുതരമായ പരുക്കുകളോടെ അന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജെയിൻ മാസങ്ങളോളം മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

കൂലിപ്പട്ടാളത്തിന്റെ ഒരു വർഷ കാലാവധി പൂർത്തിയായിരുന്നെങ്കിലും വീണ്ടും യുദ്ധമുഖത്തേക്ക് അയയ്ക്കപ്പെടുമോ എന്ന ഭീതിയിലായിരുന്നു ജെയിൻ. ഈ ആകുലത പങ്കുവച്ചുകൊണ്ട് മോസ്കോയിലെ ആശുപത്രിയിൽനിന്ന് അയച്ച വിഡിയോ സന്ദേശമാണ് ജെയിനിന്റെ മടങ്ങിവരവിനു വഴിതെളിച്ചത്. മോചനത്തിനായി കേന്ദ്ര സർക്കാരിന്റെ സഹായം അഭ്യർഥിച്ചുകൊണ്ടുള്ള വിഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ എംബസി ഉൾപ്പെടെ നടത്തിയ ശക്തമായ ഇടപെടലുകളാണ് ജെയിനിനെ നാട്ടിലേക്കു മടക്കിക്കൊണ്ടുവന്നത്.

താരിഫ് പോരിന് മറുപടി, ബോയിംഗ് വിമാനങ്ങൾ തിരിച്ചയച്ച് ചൈന, പുതിയ വിപണി കണ്ടെത്തേണ്ടത് 41 വിമാനങ്ങൾക്ക്

ബെയ്‌ജിങ്ങ്‌: ട്രംപ് താരിഫിൽ നിലപാട് കടുപ്പിച്ച് ബോയിംഗ് വിമാനങ്ങൾ തിരികെ അയച്ച് ചൈന. പുതിയതായി ഓർഡർ ചെയ്ത ബോയിംഗ് വിമാനങ്ങളാണ് ചൈന തിരിച്ചയച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ ട്രംപ് താരിഫ് സൃഷ്ടിച്ച വിള്ളലിന് പിന്നാലെയാണ് നടപടിയാണ് ബോയിംഗ് വിശദമാക്കുന്നത്. രണ്ട് വിമാനങ്ങൾ ഇതിനോടകം തിരിച്ച് അയച്ചതായാണ് ബോയിംഗ് വിശദമാക്കുന്നത്.

ചൈനയിലേക്ക് ഓർഡർ ചെയ്തിരുന്ന 50ലേറെ ബോയിംഗ് വിമാനങ്ങൾ സ്വീകരിക്കില്ലെന്ന് ചൈനയിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചതായാണ് ബോയിംഗ് ചീഫ് എക്സിക്യുട്ടീവ് സിഎൻബിസിക്ക് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കിയത്. 145 ശതമാനം താരിഫ് വർധനയാണ് അമേരിക്ക ചൈനയ്ക്ക് ചുമത്തിയത്. ഇതിന് മറുപടിയായി അമേരിക്കൻ ഉത്പന്നങ്ങൾക്ക് 125 ശതമാനം മറുപടി തീരുവ ചൈന ചുമത്തിയിരുന്നു. അതേസമയമ ചൈനയുമായുള്ള വ്യാപാര ധാരണകളേക്കുറിച്ച് ശുഭാപ്തി വിശ്വാസമുണ്ടെന്നാണ് ചൊവ്വാഴ്ച ഡൊണാൾഡ് ട്രംപ് ഓവൽ ഓഫീസിൽ വച്ച് പ്രതികരിച്ചത്. ചുമത്തിയ തീരുവയിൽ കുറവ് വരുമെന്നും എന്നാൽ അത് പൂജ്യത്തിലേക്ക് എത്തില്ലെന്നുമാണ് ട്രംപ് ചൊവ്വാഴ്ച പ്രതികരിച്ചത്.

താരീഫ് വർധനയുടെ സാഹചര്യത്തിലാണ് ഓർഡർ ചെയ്ത വിമാനങ്ങൾ ചൈന സ്വീകരിക്കാത്തതെന്നാണ് ബോയിംഗ് വിശദമാക്കിയത്. അമേരിക്കക്ക് പുറത്താണ് ബോയിംഗിന്റെ ഏറിയ പങ്കും ഉപഭോക്താക്കൾ. അമേരിക്കയിലെ ഏറ്റവും ശക്തമായ കയറ്റുമതി സ്ഥാപനങ്ങളിലൊന്നാണ് ബോയിംഗ്. ബോയിംഗിന്റെ 70 ശതമാനം വിമാനങ്ങളും വാങ്ങുന്നത് ഇതര രാജ്യങ്ങളാണ്. 41 വിമാനങ്ങളാണ് ഇത്തരത്തിൽ ബോയിംഗ് ചൈനയ്ക്കായി നിർമ്മിച്ചതെന്നാണ് ബോയിംഗ് വ്യക്തമാക്കിയിട്ടുള്ളത്. ഈ വിമാനങ്ങൾക്ക് മറ്റ് രാജ്യങ്ങളിൽ ആവശ്യക്കാരെ തിരയുകയാണെന്നും ബോയിംഗ് വിശദമാക്കുന്നത്.

നിർമ്മിച്ച വിമാനങ്ങൾ സ്വീകരിക്കാത്ത രാജ്യങ്ങൾക്കായി വിമാനങ്ങൾ ഇനി നിർമ്മിക്കില്ലെന്നും ബോയിംഗ് വിശദമാക്കിയിട്ടുണ്ട്. വ്യാപാരപങ്കാളിത്ത രാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ചതിന് പിന്നാലെ ചൈനയ്ക്ക് ചുമത്തിയ ഉയര്‍ന്ന തീരുവ കുറയ്ക്കുമെന്ന സൂചന ട്രംപ് നല്‍കിയിരുന്നു. ട്രംപ് തീരുവയും പകര തീരുവയുമായി ഇരുപക്ഷവും വഴങ്ങാന്‍ തയ്യാറാവാതെ വന്നിരുന്നു. ഇത് ലോകത്ത് സാമ്പത്തിക മാന്ദ്യത്തിനും പണപ്പെരുപ്പത്തിനും സാധ്യത വര്‍ദ്ധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ട്രംപ് തീരുവ വിഷയത്തില്‍ ചൈനയോടുള്ള നിലപാടില്‍ അയവ് വരുത്തുന്നതായി സൂചന നല്‍കിയത്.

രാജയുടെ കാര്യത്തില്‍ രാജിയുണ്ടോ,സിപിഐ ദേശിയ കൗൺസിൽ ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം. സിപിഐ ദേശിയ കൗൺസിൽ ഇന്ന് തിരുവനന്തപുരത്ത് ചേരും.പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട
കരട് രാഷ്ട്രീയപ്രമേയം സംബന്ധിച്ച ചർച്ചകളാണ് യോഗത്തിൻെറ മുഖ്യഅജണ്ട.ദേശിയ സെക്രട്ടേറിയേറ്റംഗം പല്ലവ് സെൻ ഗുപ്ത രാഷ്ട്രീയ പ്രമേയം സംബന്ധിച്ച നിർദ്ദേശങ്ങൾ അവതരിപ്പിക്കും.ജനറൽ സെക്രട്ടറി ഡി.രാജക്ക് ഒരു ടേം കൂടി പദവിയിൽ തുടരുന്നതിനായി പ്രായപരിധിയിൽ ഇളവ് നൽകണമെന്ന നിർദ്ദേശവും ദേശിയ എക്സിക്യൂട്ടീവിൽ അവതരിപ്പിച്ചേക്കും.ഇന്നലെ
ചേ‍ർന്ന ദേശിയ എക്സിക്യൂട്ടിവ് നിർദ്ദേശം പൂർണമായും തളളിക്കളഞ്ഞിരുന്നു.

പോപ്പിനെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ്: കർദിനാൾ കൂവക്കാടിന് പ്രധാന ചുമതല

വത്തിക്കാൻ സിറ്റി: പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് ഔപചാരികമായ തുടക്കം കുറിക്കുന്ന നടപടിക്രമങ്ങളിൽ കർദിനാൾ മാർ ജോർജ് കൂവക്കാടിനു പ്രധാന ചുമതല. കർദിനാൾ സംഘത്തിലെ ഒൻപത് ഇലക്ടറൽമാർക്കു ചുമതലകൾ ഏൽപിക്കുന്നതിനായി നറുക്കെടുക്കുക അദ്ദേഹമാകും.

വോട്ടുകൾ എണ്ണുന്ന മൂന്ന് കർദിനാൾമാർ, രോഗം കാരണം സന്നിഹിതരാകാൻ കഴിയാത്ത ഇലക്ടറൽമാരിൽനിന്നു ബാലറ്റ് ശേഖരിക്കുന്ന മൂന്ന് കർദിനാൾമാർ, വോട്ടെണ്ണലിന്റെ കൃത്യത പരിശോധിക്കുന്ന മൂന്ന് കർദിനാൾമാർ എന്നിവരെ അദ്ദേഹം തെരഞ്ഞെടുക്കും.

അതീവരഹസ്യമായി കോൺക്ലേവ് നടക്കുന്ന വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിന്റെ വാതിലുകൾ തുറക്കുന്നതും അടയ്ക്കുന്നതും മാർ കൂവക്കാടിന്റെ മേൽനോട്ടത്തിലാകും. വോട്ട് പരിശോധനയ്ക്കു ശേഷം ബാലറ്റുകൾ കത്തിക്കാനുള്ള മേൽനോട്ടവും അദ്ദേഹത്തിനാണെന്നാണു സൂചന.

പുതിയ മാർപാപ്പയുടെ തെര‍ഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നതിന് കർദിനാൾ കോളജിന്റെ സെക്രട്ടറിയെയും പേപ്പൽ ലിറ്റർജിക്കൽ സെലിബ്രേഷൻസിന്റെ മാസ്റ്ററെയും തെരഞ്ഞെടുത്ത് ഹാളിലേക്കു വിളിപ്പിക്കുന്നതും മാർ കൂവക്കാടിന്റെ മേൽനോട്ടത്തിലാകും.

2024 ഡിസംബർ ഏഴിന് വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയാണ് മാർ ജോർജ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണം നടത്തിയത്. വൈദികനായിരിക്കെ കർദിനാൾ പദവിയിലേക്കെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം. 2021 മുതൽ ഫ്രാൻസിസ് മാർപാപ്പയുടെ വിദേശയാത്രകളുടെ ചുമതല വഹിച്ചു. നിലവിൽ വത്തിക്കാനിൽ മതസൗഹാർദ ഡിക്കസ്റ്ററിയുടെ പ്രീഫെക്റ്റാണ്.

കുടകിൽ മലയാളി യുവാവ് കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം കണ്ടെത്തിയത് തോട്ടത്തോട് ചേർന്ന താമസസ്ഥലത്ത്

കണ്ണൂർ: കണ്ണൂർ സ്വദേശിയായ മലയാളി യുവാവിനെ കുടകിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണൂർ ചിറക്കൽ സ്വദേശി പ്രദീപാണ് കൊല്ലപ്പെട്ടത്. ബി ഷെട്ടിഗിരിയിലെ പ്രദീപിന്റെ ഉടമസ്ഥതയിലുള്ള 32 ഏക്കർ തോട്ടത്തിലെ വീട്ടിലാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ ഇയാളെ കണ്ടെത്തിയത്. ഗോണിക്കുപ്പ പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട പ്രദീപ് സ്ഥലം വിൽക്കാൻ ശ്രമിച്ചിരുന്നതായി വിവരമുണ്ട്.

കൊട്ടാരക്കരയില്‍ എം‍ഡിഎംഎയുമായി ഡിവൈഎഫ്ഐക്കാരൻ പിടിയില്‍

കൊട്ടാരക്കരയില്‍ എം‍ഡിഎംഎയുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ പിടിയില്‍. കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശി മുഹ്സിനാണ് ഇരുപതു ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. പൊലീസിനെ വെട്ടിച്ച് കാറില്‍ രക്ഷപെട്ട മൂന്നുപേര്‍ക്കായി അന്വേഷണം തുടങ്ങി. ചിരട്ടക്കോണം കോക്കാട് റോഡില്‍ കൊട്ടാരക്കര പൊലീസ് നടത്തിയ പരിശോധനയിലാണ് കരവാളൂര്‍ വെഞ്ചേമ്പ് ബിനു മന്‍സിലില്‍ ഇരുപതുകാരനായ മുഹ്സിന്‍ പിടിയിലായത്.  


ഏറെ നാളായി ഡാന്‍സാഫ് സ്ക്വാഡിന്‍റെ നിരീക്ഷണത്തിലായിരുന്നു മുഹ്സിന്‍. എസ്എഫ്െഎയുടെ പുനലൂര്‍ മുന്‍ ഏരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്െഎയുടെ കരവാളൂര്‍  വെസ്റ്റ് അംഗവുമാണ് മുഹ്സിന്‍. കൂടാതെ മാത്ര സര്‍വീസ് സഹകരണ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരനുമാണ്. പൊലീസ് മുഹ്‌സിനെ പിടിക്കുന്നതിനിടയിൽ ലഹരികടത്ത് സംഘത്തിലെ മൂന്നു പേര്‌ കാറില്‍ ര‌ക്ഷപെട്ടു. 

മുഹ്‌സിനു എംഡിഎംഎ കൈമാറുന്നതിനായി എത്തിയവരാണ് രക്ഷപെട്ടതെന്നും  തൗഫീഖ്, ഫയാസ്, മിന്‍ഹാജ് എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നതെന്നും പൊലീസ് പിന്നീട് സ്ഥരീകരിച്ചു. ഇവര്‍‌ രക്ഷപെടുന്നതിനിടെ കൈവശം ഉണ്ടായിരുന്ന എംഡിഎംഎയുടെ പായ്ക്കറ്റ് റോഡിലേക്ക് വലിച്ചെറിഞ്ഞിരുന്നു.  മുഹ്സിനെ നാലാം പ്രതിയാക്കിയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുഹ്സിനുമായി ബന്ധമുളള ഇടപാടുകാരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.