22.8 C
Kollam
Thursday 25th December, 2025 | 06:20:22 AM
Home Blog Page 1162

പോക്സോ പരാതിയിൽ നടപടിയെടുക്കാതിരുന്ന വനിതാ എസ് ഐ ക്ക് നോട്ടിസ്

പത്തനംതിട്ട.പോക്സോ പരാതിയിൽ നടപടിയെടുക്കാതിരുന്ന വനിതാ എസ് ഐ ക്ക് നോട്ടിസ്. പത്തനംതിട്ട വനിതാ സ്റ്റേഷനിലെ എസ് എച്ച് ഒ കെ.ആർ. ഷെമി മോൾക്കാണ് CWC നോട്ടിസ് നൽകിയത്. എസ് ഐയുടേത് ഗുരുതര വീഴ്ചയെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി. ഏഴു വയസ്സുകാരിയെ ട്യൂഷൻ ടീച്ചറുടെ പിതാവ് പീഡിപ്പിച്ചതിൽ ആണ് കേസെടുക്കാതെ പിതാവിനെ തിരിച്ചയച്ചത്

പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചതിന് എസ്ഐക്കെതിരെ കടുത്ത നടപടി ഉണ്ടായേക്കും. പ്രതിയെ പിന്നീട് കോന്നി പോലീസ് അറസ്റ്റ് ചെയ്തിരുന്നു

രാജീവ് ഗാന്ധി സാംസ്‌കാരിക സമിതി സംസ്ഥാനകമ്മിറ്റി 25 ാമത് വാര്‍ഷികാഘോഷം ഇന്ന്

കൊല്ലം. രാജീവ് ഗാന്ധി സാംസ്‌കാരിക സമിതി സംസ്ഥാനകമ്മിറ്റി 25 ാമത് വാര്‍ഷികാഘോഷം ഇന്ന് മൂന്നിന് കൊല്ലം പ്രസ് ക്‌ളബ് ഹാളില്‍ കെ മുളീധരന്‍ ഉദ്ഘാടനം ചെയ്യും.. എം ലിജു മുഖ്യപ്രഭാഷണം നടത്തും. കൊല്ലം മേയര്‍ ഹണി ബഞ്ചമിന്‍ മുഖ്യാതിഥി ആയിരിക്കും

നാടിനെ നടുക്കിയ വിനീത കൊലക്കേസ്; പ്രതി രാജേന്ദ്രന് വധശിക്ഷ വിധിച്ച്‌ കോടതി

തിരുവനന്തപുരം: പേരൂർക്കടയിലെ അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരിയായിരുന്ന വിനീതയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച്‌ കോടതി.
കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രനാണ് വധശിക്ഷ വിധിച്ചത്. രാജേന്ദ്രൻ കുറ്റക്കാരനെന്ന് ഏപ്രില്‍ 10ന് കോടതി കണ്ടെത്തിയിരുന്നു.

ഏഴാം അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി ജഡ്ജി പ്രസൂണ്‍ മോഹനാണ് കേസ് പരിഗണിച്ചത്. വധശിക്ഷയ്ക്ക് പുറമേ 8,10,500 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതില്‍ നാല് ലക്ഷം രൂപ മരിച്ച വിനീതയുടെ മക്കള്‍ക്ക് നല്‍കണം. പ്രതിക്ക് വധശിക്ഷ നല്‍കാനുള്ള എല്ലാ കാരണങ്ങളും ഉണ്ടായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. റിപ്പോർട്ടുകള്‍ പരിശോധിച്ചതില്‍ നിന്ന് പ്രതി സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള ഒരു സാദ്ധ്യതയും ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

പ്രതിയുടെ കുറ്റകൃത്യം അപൂർവ്വങ്ങളില്‍ അപൂർവ്വമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ജില്ലാ കളക്ടർ, മനഃശാസ്ത്രജ്ഞൻ, തിരുവനന്തപുരത്തെയും തമിഴ്നാട്ടിലെയും ജയില്‍ സൂപ്രണ്ടുമാർ, കന്യാകുമാരി, തിരുവനന്തപുരം ജില്ലകളിലെ പ്രൊബേഷണറി ഓഫീസർമാർ, സിറ്റി പൊലീസ് കമ്മീഷണർ, റവന്യൂ ഡിപ്പാർട്ട്‌മെന്റ് എന്നിവർ അടക്കം റിപ്പോർട്ട് നല്‍കാൻ കോടതി നിർദ്ദേശിച്ചിരുന്നു.

പ്രതിക്കെതിരെ കൊലപാതകം, കവർച്ചയ്ക്കിടെ കൊലപ്പെടുത്തല്‍, അന്യായമായി കടന്നുകയറല്‍, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. പ്രതി സമാന രീതിയില്‍ തമിഴ്നാട്ടില്‍ മൂന്ന് കൊലപാതകങ്ങള്‍ ചെയ്ത് ശേഷം ജാമ്യത്തില്‍ കഴിയവേയാണ് വിനീതയെ കൊലപ്പെടുത്തിയത്.

ഭീകരാക്രമണം; രാജ്യമെങ്ങും കനത്ത ജാഗ്രത, പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ഇന്ന്

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണം വിലയിരുത്താന്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങള്‍ വിശദീകരിക്കും.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങളാണ് ഇന്നത്തെ സർവകക്ഷി യോഗത്തില്‍ വിശദീകരിക്കുക. ഭീകരാക്രമണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ വിവരങ്ങളും യോഗത്തില്‍ ചർച്ചയാകും. അതിനിടെ സാഹചര്യം വിലയിരുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ഇന്ന് യോഗം ചേരും.

അതിനിടെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ പ്രധാന റോഡുകളില്‍ എല്ലാം സുരക്ഷാ സേന പരിശോധന ശക്തമാക്കി. പഹല്‍ഗാമിലേക്ക് അടക്കം കർശന ഗതാഗത നിയന്ത്രണങ്ങളാണുള്ളത്.

ഗുരുവായൂരിൽ വിവാഹിതയായശേഷം വധു നിര്‍ധനയായ യുവതിക്ക് വിവാഹസമ്മാനമായി നല്‍കിയത് അഞ്ചു പവന്‍ സ്വര്‍ണവും നാലരലക്ഷം രൂപയും

ഗുരുവായൂരിൽ വിവാഹിതയായശേഷം വധു നിര്‍ധനയായ യുവതിക്ക് വിവാഹസമ്മാനമായി നല്‍കിയത് അഞ്ചു പവന്‍ സ്വര്‍ണവും നാലരലക്ഷം രൂപയും. എറണാകുളം വൈപ്പിന്‍ സ്വദേശി മണിക്കുട്ടന്‍-ശാരി ദമ്പതിമാരുടെ മകള്‍ ഡോ. ഐശ്വര്യയുടെ വിവാഹമായിരുന്നു ബുധനാഴ്ച ഗുരുവായൂരില്‍. ആലപ്പുഴ സ്വദേശി ശംഭുവാണ് വരന്‍.
താലികെട്ട് കഴിഞ്ഞയുടന്‍ എറണാകുളം ഫാക്ട് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന യുവതിക്കാണ് സഹായം നല്‍കിയത്. ഇവരുടെ വിവാഹം ഓഗസ്റ്റ് 17-നാണ്. പാലക്കാട് ദയ ചാരിറ്റബിള്‍ട്രസ്റ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയാണ് വിവാഹത്തിന് പ്രയാസം നേരിടുന്ന നിര്‍ധനയുവതിയുടെ കഥ ഐശ്വര്യ അറിയുന്നത്.

തന്റെ വിവാഹം ഗുരുവായൂരില്‍ 23-ന് നടക്കുന്നുവെന്നും യുവതിക്ക് വിവാഹ സഹായം നല്‍കാന്‍ തയ്യാറാണെന്നും ഐശ്വര്യ ഫെയ്സ്ബുക്ക് പോസ്റ്റില്‍ മറുപടി കുറിച്ചു. ദയ ട്രസ്റ്റ് ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ഐശ്വര്യയുടെ അമ്മ ശാരി, അഞ്ചു പവന്‍ സ്വര്‍ണവും വസ്ത്രവും മറ്റും വാങ്ങാന്‍ നാലര ലക്ഷം രൂപയുടെ ചെക്കും കൈമാറി.

ജമ്മുകശ്മീരിലെ ഉധംപൂരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഉധംപൂരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലിനിടെ ഒരു സൈനികന് വീരമൃത്യു.

കരസേനയും ജമ്മുകശ്മീർ പൊലീസുമാണ് ഭീകരരെ നേരിടുന്നത്.

പഹല്‍ഗാം ആക്രമണത്തിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണ ശ്രമമാണ് ഉധംപൂരിലേത്. ആദ്യം ബാരാമുല്ലയിലെ ഉറിയിലൂടെയാണ് ഭീകരവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. പിന്നാലെ കുല്‍ഗാമിലും ശ്രമമുണ്ടായി. ഇതിന് പിന്നാലെയാണ് ഉധംപൂരിലേത്. പ്രത്യേക ഇന്റലിജൻസ് വിവരങ്ങളെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചതെന്നാണ് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ പറയുന്നത്.

ഇന്നലെ (ബുധനാഴ്ച) രാവിലെ ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ വെടിവയ്പ്പ് നടന്നിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തീവ്രവാദികള്‍ വെടിയുതിർത്തതിനെ തുടർന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ജമ്മുകശ്മീരിലെ ബാരാമുല്ലയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഭീകരരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. മേഖലയില്‍ സൈന്യം തെരച്ചില്‍ ഊർജ്ജതമാക്കിയിരിക്കുകയാണ്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് സൈന്യത്തിന്റെ നടപടികളെല്ലാം. പഹല്‍ഗാമില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന് നടക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ വൈകീട്ട് ആറ് മണിക്കാണ് യോഗം നടക്കുക

ഗൗതം ഗംഭീറിന് വധ ഭീഷണി

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഇപ്പോൾ ഇന്ത്യൻ ടീം പരിശീലകനുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഇ മെയിൽ മുഖാന്തരമാണ് മുൻ ബിജെപി എംപി കൂടിയായ ഗംഭീറിന് വധഭീഷണി ലഭിച്ചത്. സംഭവത്തിൽ ഗംഭീർ പൊലീസിൽ പരാതി നൽകി. ‘ഞാൻ നിങ്ങളെ കൊലപ്പെടുത്തും’ എന്നാണ് സന്ദേശം. പരാതി ലഭിച്ചതിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെയാണ്, ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനു നേരെ വധഭീഷണി സന്ദേശം എത്തിയത്. പഹൽഗാം ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകുമെന്ന് ഗംഭീർ എക്സിൽ പങ്കുവച്ച അനുശോചനക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വധഭീഷണി എന്നതും ശ്രദ്ധേയമാണ്.

ശബരിമല സന്നിധാനത്ത് റീൽസ്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് റീൽസ് ചിത്രീകരിച്ച സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കേസ്. കഴിഞ്ഞ മകരവിളക്ക് ദിവസമാണ് സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്ത് സോപനത്തിന്റെ മുന്നിലും തിരുമുറ്റത്തുനിന്നും റീൽസ് ചിത്രീകരിച്ചത്.

രാഹുൽലിനൊപ്പം പാലക്കാട് എംപി വി കെ ശ്രീകണ്ഠനും ഉണ്ടായിരുന്നു. റീൽസ് ചിത്രീകരിക്കാൻ രാഹുലിന് അനുമതി നൽകിയില്ല എന്ന് ദേവസ്വം ബോർഡ് വിവരവകാശത്തിലൂടെ വ്യക്തമാക്കിയിരുന്നു. ശാസ്താംകോട്ട സ്വദേശി മഹേഷ് മണികണ്ഠൻ ആണ് സന്നിധാനം പൊലീസിനും ദേവസ്വം ബോർഡിലും റീൽസ് സംബന്ധിച്ച് പരാതി നൽകിയത്.

ഷൈന്‍ തന്നോടും മോശമായി പെരുമാറിയെന്ന് പുതുമുഖ നടിയായ അപര്‍ണ ജോസ്

സൂത്രവാക്യം സിനിമ സെറ്റില്‍വെച്ച് ഷൈന്‍ തന്നോടും മോശമായി പെരുമാറിയെന്ന് പുതുമുഖ നടിയായ അപര്‍ണ ജോസ്. വിന്‍സി പറഞ്ഞതൊക്കെ ശരിയാണെന്നും എല്ലാത്തിനും താനും സാക്ഷിയാണെന്ന് നടി പറഞ്ഞു.

സാധാരണ കാണുന്ന ഒരാള്‍ ഇടപെടുന്ന പോലെയല്ല ഷൈന്റെ പെരുമാറ്റം. വളരെ അബ്‌നോര്‍മലായിട്ടുള്ള പെരുമാറ്റമാണ് സെറ്റിലുണ്ടായിരുന്നപ്പോള്‍. അശ്ലീലച്ചുവയുള്ള സംസാരമാണ് എപ്പോഴും. അത് ബുദ്ധിമുട്ടുണ്ടാക്കി. ആദ്യമായി കാമറയെ അഭിമുഖീകരിക്കുന്ന മുഴുവന്‍ നെര്‍വസ്‌നെസോടും കൂടിയാണ് സിനിമയുടെ സെറ്റില്‍ നില്‍ക്കുന്നത്, അപ്പോഴാണ് ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടായത്. സ്ത്രീകള്‍ ഉണ്ടെങ്കില്‍ അശ്ലീലച്ചുവയോടെയാണ് സംസാരം മുഴുവനും. ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ അവിടെയുണ്ടായിരുന്ന ഐസി അംഗത്തോട് പരാതിപ്പെട്ടു. അപ്പോള്‍ തന്നെ സിനിമയുടെ ക്രൂ കൃത്യമായി ഇടപെടുകയും വളരെ പെട്ടെന്ന് എന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി തരികയുമാണ് ചെയ്തതെന്ന് നടി പറയുന്നു. താനും കൂടെ ഇരിക്കുമ്പോഴാണ് അന്ന് വെള്ളപ്പൊടി തുപ്പിയത്. അത് എന്താണെന്നൊന്നും ആധികാരികമായി എനിക്ക് പറയാന്‍ കഴിയില്ല. അത് ഗ്ലൂക്കോസാകാം. മറ്റെന്തുമാകാം. മയക്കുമരുന്നാണെന്നൊന്നും പറയാന്‍ കഴിയില്ലെന്നും നടി പറഞ്ഞു.

പ്രഭാതഭക്ഷണത്തിലെ ഈ തെറ്റുകൾ ഹൃദ്രോ​ഗ സാധ്യത കൂട്ടാം

ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. പ്രഭാതഭക്ഷണം എപ്പോഴും ആരോ​ഗ്യകരമായിരിക്കണം. പ്രഭാത ഭക്ഷണത്തിൽ വരുത്തുന്ന തെറ്റുകൾ കൊളസ്ട്രോൾ കൂട്ടുന്നതിനും ഹൃദ്രോ​ഗ സാധ്യത വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും. പ്രഭാത ഭക്ഷണത്തിൽ വരുത്തുന്ന ചില തെറ്റുകൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം…

പഞ്ചസാര അടങ്ങിയ ധാന്യങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തരുത്. പ്രത്യേകിച്ച് കുട്ടികൾക്കും പ്രായമായവർക്കും. ധാന്യങ്ങളിൽ പലതും ശുദ്ധീകരിച്ച പഞ്ചസാരയും കൃത്രിമ അഡിറ്റീവുകളും കൊണ്ട് സമ്പന്നമാണ്. ഇത് ട്രൈഗ്ലിസറൈഡിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും നല്ല കൊളസ്ട്രോൾ കുറയ്ക്കുന്നതിനും കാരണമാകും. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് ഹൃദ്രോഗത്തിനുള്ള ഒരു പ്രധാന ഘടകമാണ്.

രണ്ട്

പഞ്ചസാര ധാരാളമുള്ള സിറിയലുകൾ, ചോക്ലേറ്റ്, പേസ്റ്റ്‌റി തുടങ്ങിയവ ഭക്ഷണങ്ങളും മറ്റ് ജങ്ക് ഫുഡുകളും നാം പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. ഇതും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ കാരണമാകും. കൂടാതെ ഹൃദ്രോ​ഗ സാധ്യതയും കൂട്ടാം.

മൂന്ന്

മഫിനുകൾ, ക്രോസന്റ്സ്, ഡോനട്ട്സ് തുടങ്ങിയവയിൽ കൂടുതലും അനാരോഗ്യകരമായ ട്രാൻസ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഈ ചേരുവകൾ എൽഡിഎൽ (മോശം) കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ഹൃദ്രോഗത്തിനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.

നാല്

പ്രഭാതഭക്ഷണത്തിൽ എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ ഉൾപ്പെടുത്തരുത്. കാരണം അവയിൽ പൂരിത കൊഴുപ്പും സോഡിയവും കൂടുതലാണ്. ഈ ഭക്ഷണങ്ങൾ പ്രോട്ടീൻ നൽകുമെങ്കിലും, രക്തത്തിലെ എൽഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിച്ചുകൊണ്ട് അവ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.

അഞ്ച്

വെളുത്ത ബ്രെഡ് മിക്ക വീടുകളിലെയും പ്രഭാതഭക്ഷണമാണ്, പക്ഷേ അവ പലപ്പോഴും ശുദ്ധീകരിച്ച വെളുത്ത മാവ് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും കൊളസ്ട്രോൾ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും.

ആറ്

പായ്ക്ക് ചെയ്ത എനർജി ബാറുകൾ പ്രാതലിൽ ഉൾപ്പെടുത്തരുത്. ബാറുകളിൽ പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകൾ, കൃത്രിമ ചേരുവകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കൊളസ്ട്രോൾ അളവ് വർദ്ധിപ്പിക്കുന്നതിനും കാരണമാകും. ഇത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.