വയനാട്: മേപ്പാടിയിലെ ആളെക്കൊല്ലി കാട്ടാനയെ മയക്ക് വെടിവെച്ച് പിടികൂടാം എന്ന ഉറപ്പിൻമേൽ കാട്ടാനക്കലിയിൽ കൊല്ലപ്പെട്ട മേപ്പാടി എരുമക്കൊല്ലി സ്വദേശി അറുമുഖൻ ( 67) ൻ്റെ മൃതദേഹം ഇന്നലെ രാത്രി 11.57 ന് സംഭവസ്ഥലത്ത് നിന്ന് മോർച്ചറിയിലേക്ക് മാറ്റി. ഡി എഫ് ഓ അജിത് കെ രാമൻ നാട്ടുകാരുമായി മൂന്ന് മണിക്കൂറിലേറെ നടത്തിയ ചർച്ചകൾക്കാടുവിലാണ് മൃതദേഹം മാറ്റാൻ ധാരണയായത്. നാളെ രാവിലെ 11ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ആനയെ മയക്ക് വെടിവെച്ച് പിടിക്കണമെന്ന അഭിപ്രായം സർക്കാരിനെ അറിയിക്കുമെന്നും ഡി എഫ് ഒ പറഞ്ഞു.സർക്കാർ ഉത്തരവ് രേഖാമൂലം ലഭിക്കാതെ മൃതദേഹം സംസ്ക്കരിക്കില്ലെന്ന് നാട്ടുകാർ ഡി എഫ് ഒ യെ അറിയിച്ചിട്ടുണ്ട്.
ഇന്നലെ (വ്യാഴം)
രാത്രി 8 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അറുമുഖനെ കാട്ടാന ആക്രമിച്ചത് . ആനയുടെ അലർച്ച കേട്ട ഉന്നതി നിവാസികൾ തിരക്കിയിറങ്ങയപ്പോഴാണ് ആനയുടെ ചവിട്ടേറ്റ് അറുമുഖൻ മരിച്ചതായി കണ്ടെത്തിയത്. മേപ്പാടി മേഖലയിൽ കാട്ടാന ആക്രമണത്തിൽ എട്ടോളം പേർക്കാണ് ഇതുവരെ ജീവഹാനി സംഭവിച്ചത്.
അറുമുഖൻ മരിച്ചതറിഞ്ഞ് എത്തിയ വനം വകുപ്പ്, പോലീസ് ഉദ്യോഗസ്ഥരോട് നാട്ടുകാർ ശക്തമായ പ്രതിഷേധം അറിയിച്ചു. ആന ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്. ആനയെ മയക്ക് വെടിവെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാഗ്ദാനങ്ങളല്ല നാട്ടുകാർക്ക് വേണ്ടതെന്ന് നാട്ടുകാർ ജനപ്രതിനിധികളോട് പറഞ്ഞു. അടുത്തിടെ കൊല്ലപ്പെട്ട അഞ്ച് പേരെയും കൊന്നത് ഒരു ആന തന്നെയാണെന്നും നാട്ടുകാർ പറഞ്ഞു. ഉന്നതിയ്ക്ക് അടുത്തു വരെ ആനയെത്തിയിട്ടും വനം വകുപ്പ് അധികൃതർ തിരിഞ്ഞ് നോക്കിയിട്ടില്ലന്ന് നാട്ടുകാർ ആരോപിച്ചു..
മേപ്പാടിയിലെ കാട്ടാന ആക്രമണം: ആനയെ മയക്ക് വെടിവെയ്ക്കുന്നതിൽ തീരുമാനം ഇന്ന്, മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി
ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്ക്കാരത്തിൽ പങ്കെടുക്കാൻ രാഷ്ടപതി നാളെ വത്തിക്കാനിലേക്ക്
ന്യൂഡെൽഹി :വിടവാങ്ങിയ ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്ക്കാര ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ദ്രൗപതി മുർമു നാളെ വത്തിക്കാനിലേക്ക് തിരിക്കും. മാർപ്പാപ്പയ്ക്ക് രാഷ്ട്രത്തിൻ്റെ ആദരം അർപ്പിക്കുന്ന രാഷ്ട്രപതി രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പുറപ്പെടുന്നത്.സംസ്ക്കാരം നടക്കുന്ന ശനിയാഴ്ച ഇന്ത്യയിൽ ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡൻറ് ഉൾപ്പെടെ രണ്ട് ലക്ഷത്തോളം പേർ സംസ്കാര ചടങ്ങുകളിൽ സംബന്ധിക്കുമെന്നാണ് വിവരം.
മേപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം, ഒരാൾ മരിച്ചു, നാട്ടുകാർ പ്രതിഷേധത്തിൽ
വയനാട്: മേപ്പാടിയിൽ വീണ്ടും കാട്ടാനക്കലിയിൽ ഒരാൾക്ക് ജീവഹാനി.മേപ്പാടി എരുമക്കൊല്ലി സ്വദേശി അറുമുഖൻ ( 67) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത് .
ഇക്കഴിഞ്ഞ ഫെബ്രുവരി 12 ന് മേപ്പാടി അട്ട മലയിൽ കാട്ടാന ആക്രമണത്തിൽ ബാലകൃഷ്ണൻ (27) മരിച്ചിരുന്നു.
രാത്രി 8 മണിയോടെയായിരുന്നു സംഭവം.ആനയുടെ അലർച്ച കേട്ട ഉന്നതി നിവാസികൾ തിരക്കിയിറങ്ങയപ്പോഴാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്.മേപ്പാടി മേഖലയിൽ കാട്ടാന ആക്രമണത്തിൽ എട്ടോളം പേർക്കാണ് ഇതുവരെ ജീവഹാനി സംഭവിച്ചത്.
അറുമുഖൻ മരിച്ചതറിഞ്ഞ് എത്തിയ വനം വകുപ്പ്, പോലീസ് ഉദ്യോഗസ്ഥരോട് നാട്ടുകാർ ശക്തമായ പ്രതിഷേധം അറിയിച്ചു.ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോഴും കോബ്ര മൈസിലൂടെ കാര്യങ്ങൾ സാധിക്കുന്നതല്ലാതെ കാട്ടാന ആക്രമണം തടയാൻ ശാശ്വതമായ യാതൊരു നടപടിയും ഇതുവരെ കൈ കൊണ്ടിട്ടില്ല. ആന ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്. ആനയെ മയക്ക് വെടിവെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാഗ്ദാനങ്ങളല്ല നാട്ടുകാർക്ക് വേണ്ടതെന്ന് നാട്ടുകാർ ജനപ്രതിനിധികളോട് പറഞ്ഞു. അടുത്തിടെ കൊല്ലപ്പെട്ട അഞ്ച് പേരെയും കൊന്നത് ഒരു ആന തന്നെയാണെന്നും നാട്ടുകാർ പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് രാത്രി വൈകിയും കൊല്ലപ്പെട്ട അറുമുഖൻ്റെ മൃതദേഹം മാറ്റിയിട്ടില്ല. ഡി എഫ് ഒ അജിത് കെ രാമൻ സംഭവസ്ഥലത്ത് നേരിട്ടെത്തി നാട്ടുകാരുമായി സംസാരിച്ചു. ഉന്നതിയ്ക്ക് അടുത്തു വരെ ആനയെത്തിയിട്ടും വനം വകുപ്പ് അധികൃതർ തിരിഞ്ഞ് നോക്കിയിട്ടില്ല.
സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
ഇന്ന് മുതൽ ശനിയാഴ്ച വരെ വൈദ്യുത നിയന്ത്രണം
വടക്കൻ കേരളത്തിലെ ചില ഇടങ്ങളിൽ ഇന്ന് മുതൽ ശനിയാഴ്ച വരെ വൈദ്യുത നിയന്ത്രണം വേണ്ടി വരുമെന്നു കെഎസ്ഇബി. കക്കയം ജല വൈദ്യുത പദ്ധതിയുടെ പെൻസ്റ്റോക്കിൽ ലീക്കേജ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സുരക്ഷ മുൻനിർത്തി വ്യാഴാഴ്ച രാവിലെ മുതൽ വൈദ്യുതോത്പാദനം നിർത്തിവച്ചിരിക്കുകയാണ്. അര മണിക്കൂർ സമയത്തേക്കായിരിക്കും നിയന്ത്രണം. ഉപഭോക്താക്കൾ വൈകീട്ട് ആറ് മണിക്കു ശേഷം വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നും ബോർഡ് വ്യക്തമാക്കി.
കെഎസ്ഇബിയുടെ കുറിപ്പ്
കക്കയം ജല വൈദ്യുത പദ്ധതിയുടെ പെൻസ്റ്റോക്കിൽ ലീക്കേജ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സുരക്ഷ മുൻനിർത്തി വ്യാഴാഴ്ച രാവിലെ മുതൽ വൈദ്യുതോത്പാദനം നിർത്തിവച്ചിരിക്കുകയാണ്. ഉത്പാദനത്തിൽ 150 മെഗാവാട്ടിൻ്റെ കുറവാണ് ആകെ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്നു (24.04.2025) മുതൽ ശനിയാഴ്ച (26.04.2025) വരെ ഉത്തര കേരളത്തിൻ്റെ ചില ഭാഗങ്ങളിൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കും.
വെള്ളിയാഴ്ച വൈകീട്ടോടെ തകരാർ പരിഹരിച്ച് വൈദ്യുതോത്പാദനം പുനഃസ്ഥാപിക്കാനാണ് പരിശ്രമിക്കുന്നത്. കൂടുതൽ വൈദ്യുതി പുറത്തുനിന്നെത്തിച്ച് നിയന്ത്രണം ഒഴിവാക്കാനും ശ്രമിക്കുകയാണ്.
വൈദ്യുതി ആവശ്യകത കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണം ഒഴിവാക്കാനാകും. ആയതിനാൽ വൈകുന്നേരം 6 മണിക്കുശേഷമുള്ള പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഫ്രാൻസിസ് മാർപ്പാപ്പ അനുസ്മരണവും ദേവാലയ മൂറോൻകൂദാശയും
കരിന്തോട്ടുവാ : മലങ്കര കത്തോലിക്കാ സഭ പുതുതായി നിർമ്മിച്ചിരിക്കുന്ന കരിന്തോട്ടുവ സെന്റ്. മേരീസ് ദേവാലയ മൂറോൻ കൂദാശകർമ്മം നിത്യതയിലേക്ക് ലയിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ അനുസ്മരണാർത്ഥം 25/4/25 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിയ്ക്ക് മാവേലിക്കര ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ. ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനിയുടെയും പുത്തൂർ രൂപതാ അധ്യക്ഷൻ അഭിവന്ദ്യ.ഗീവർഗ്ഗീസ് മാർ മക്കാറിയോസ് തിരുമേനിയുടെയും തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ. ഡോ.മാത്യൂസ് മാർ പോളി കാർപ്പസ് തിരുമേനിയുടെയും മാർത്തോമ സഭ അടൂർ ഭദ്രാസനം എപ്പിസ്കോപ് മാത്യൂസ് മാർ സെറാഫിo തിരുമേനിയുടെയും കാർമ്മികത്വത്തിൽ നിർവഹിക്കുന്നു.
കാലം ചെയ്ത ബെനഡിക്ട് മാർ ഗ്രിഗോറിയസ് തിരുമേനി 1962 ൽ സ്ഥാപിച്ച ഈ ദേവാലയത്തിന്റെ അംഗീകാരം നൽകിയത് പോൾ ആറാമൻ മാർപ്പാപ്പയായിരുന്നു, ആറു പതിറ്റാണ്ടിനിപ്പുറം ഏപ്രിൽ 21 ന് കാലം ചെയ്ത ഫ്രാൻസിസ് മാർപ്പാപ്പയുടെ അനുഗ്രഹാശിസ്സുകളും പ്രാർത്ഥനകളും നിറഞ്ഞുനിൽക്കുന്ന ഈ പുണ്യ മുഹൂർത്തത്തിൽ കരിന്തോട്ടുവ സെന്റ് മേരീസ് ദേവാലയം മൂറോൻ കൂദാശ ചെയ്തു ദേശത്തിനായി സമർപ്പിക്കുകയാണ്. ബഹു. എം. പി. കൊടിക്കുന്നിൽ സുരേഷ്, എം എൽ എ. കോവൂർ കുഞ്ഞുമോൻ, മത മേലധ്യക്ഷൻമാർ, വിവിധ സാമൂഹിക, രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ, തുടങ്ങിയവർ പ്രസ്തുത ചടങ്ങിൽ പങ്കെടുക്കുന്നു.
എൻഎസ്എസ് കുന്നത്തൂർ താലൂക്ക് യൂണിയിൽ കരയോഗ നേതൃയോഗവും പ്രവർത്തന പരിശീലനവും
ശാസ്താംകോട്ട:കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനിലെ 7 പഞ്ചായത്തുകളിൽപ്പെട്ട 125 കരയോഗങ്ങളിൽ നിന്നായി പ്രസിഡന്റ്,സെക്രട്ടറി,ഖജാൻജി,
യൂണിയൻ പ്രതിനിധികൾ, എൻഎസ്എസ് ഇലക്ട്രൽ റോൾ മെമ്പർ,വനിതാ സമാജം പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് കരയോഗ നേതൃയോഗവും കരയോഗ പ്രവർത്തന പരിശീലനവും ശാസ്താംകോട്ട ജെമിനി ആഡിറ്റോറിയത്തിൽ വച്ച് 27ന്
രാവിലെ 9 30 മുതൽ ഉച്ചവരെ സംഘടിപ്പിക്കുന്നു.താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ.കെ.ബാബു ഉദ്ഘാടനം ചെയ്യും.യൂണിയൻ വൈസ് പ്രസിഡന്റ് തോട്ടുവ മുരളി അധ്യക്ഷത വഹിക്കും.യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ സ്വാഗതം പറയും.കരയോഗ നേതൃയോഗവും കരയോഗ പ്രവർത്തന പരിശീലന വിശദീകരണവും നായർ സർവീസ് സൊസൈറ്റി സംഘടനാ ശാഖ മാനേജർ ബി.ഗോപാലകൃഷ്ണൻ നായർ നിർവഹിക്കും.താലൂക്ക് യൂണിയൻ ഭരണസമിതി,താലൂക്ക് യൂണിയൻ പഞ്ചായത്ത് സമിതി,യൂണിയൻ ഇലക്ട്രൽ റോൾ നമ്പർ,വനിതാ യൂണിയൻ അംഗങ്ങൾ,എംഎസ്‌എസ്എസ് മേഖല കോർഡിനേറ്റേഴ്സ് എന്നിവരും പങ്കെടുക്കുന്നതാണ്.
കോൺഗ്രസ് കുന്നത്തൂർ,ശാസ്താംകോട്ട ബ്ലോക്ക് നേതൃ പരിശീലക്യാമ്പ് സംഘടിപ്പിച്ചു
ശാസ്താംകോട്ട:2025ലെ ത്രിതലപഞ്ചായത്ത് തെരെഞ്ഞെടുപ്പിലും 2026ലെ നിയമസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസ്സ് നേതൃത്വം കൊടുക്കുന്ന യുഡിഎഫ് മുന്നണി അധികാരത്തിൽ തിരിച്ചെത്തുമെന്ന് എഐസിസി സെക്രട്ടറി വി.കെ.അറിവഴകൻ അഭിപ്രായപ്പെട്ടു.ശാസ്താംകോട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ശാസ്താംകോട്ടയിൽ സംഘടിപ്പിച്ച “കെപിസിസി മിഷൻ 2025 -2026 “
വാർഡ്, ബൂത്ത് പ്രസിഡന്റ്മാരുടേയും ബിഎൽഒ മാരുടേയും നേതൃ പരിശീലക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.കെപിസിസി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു,എം.എം നസീർ,ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്,മുൻ ബ്ലോക്ക് പ്രസിഡന്റ്മാരായ കെ.സുകുമാരപിള്ള, തുണ്ടിൽ നൗഷാദ്,ഡിസിസി ജനറൽ സെക്രട്ടറിമാരായ കാരുവള്ളിൽ ശശി,ബി.ത്രിഥീപ്കുമാർ,ദിനേശ് ബാബു,കല്ലട ഗിരീഷ്,രവി മൈനാഗപ്പള്ളി, തോമസ് വൈദ്യൻ,യുഡിഎഫ് ചെയർമാൻ ഗോകുലം അനിൽ,ജയശ്രീ രമണൻ,ബി.സേതുലക്ഷ്മി, സുരേഷ്ചന്ദ്രൻ,മണ്ഡലം പ്രസിഡൻ്റുമാരായ പി.എം സെയ്ദ്, വർഗ്ഗീസ് തരകൻ,എം.വൈ നിസാർ,ഗോപൻ പെരുവേലിക്കര,കടപുഴ മാധവൻപിള്ള,വിനോദ് വില്ല്യത്ത്, രാജു ലോറൻസ്,ഷിബു മൺറോ തുടങ്ങിയവർ പ്രസംഗിച്ചു.
കെപിസിസി മിഷൻ 2025-26ൻ്റെ ഭാഗമായി കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി ഭരണിക്കാവിൽ സംഘടിപ്പിച്ച വാർഡ്,ബൂത്ത് പ്രസിഡൻ്റുമാരുടെയും ബിഎൽഒമാരുടെയും നേതൃത്വ പരിശീലന ക്യാമ്പ് എഐസിസി സെക്രട്ടറി വി.കെ അറിവഴകൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡൻ്റ് കാരയ്ക്കാട്ട് അനിൽ അധ്യക്ഷത വഹിച്ചു.കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു,ഡിസിസി പ്രസിഡൻ്റ് പി.രാജേന്ദ്ര പ്രസാദ്,കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ബിന്ദുകൃഷ്ണ,ഡിസിസി ജനറൽ സെക്രട്ടറിമാരായ കാരുവള്ളി ശശി,രവി മൈനാഗപ്പള്ളി,ദിനേശ് ബാബു,മുൻ ബ്ലോക്ക് പ്രസിഡൻ്റുമാരായ കെ.സുകുമാരൻ നായർ,തുണ്ടിൽ നൗഷാദ്,യുഡിഎഫ് ചെയർമാൻ ഗോകുലം അനിൽ എന്നിവർ സംസാരിച്ചു.പിന്നീട് നിയോജക മണ്ഡലത്തിലെ ദളിത് നേതാക്കന്മാരുടെ പരിശീലന ക്യാമ്പിലും എഐസിസി സെക്രട്ടറി വി.കെ അറിവഴകൻ പങ്കെടുത്തു.അടുത്തു വരുന്ന തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കുന്നതിന് താഴെത്തട്ടിൽ വാർഡ് – ബൂത്ത് തലങ്ങളിൽ നടത്തേണ്ട പ്രവർത്തനങ്ങളും മുന്നൊരുക്കങ്ങളും സംബന്ധിച്ച വിശദമായ ചർച്ചകളും തീരുമാനങ്ങളും ക്യാമ്പിൽ കൈക്കൊണ്ടു.
ഭരണിക്കാവ് മിനി ഹൗസിൽ കുട്ടി നിര്യാതയായി
ശാസ്താംകോട്ട:ഭരണിക്കാവ് മിനി ഹൗസിൽ പരേതനായ രാഘവന്റെ ഭാര്യ കുട്ടി (91) നിര്യാതയായി.സംസ്കാരം നടത്തി.മക്കൾ:വി.ആർ രാജൻ (സിപിഐ മുൻ ലോക്കൽ സെക്രട്ടറി),വി.ആർ തങ്കമണി,വി.ആർ ബാബു (സിപിഐ കുന്നത്തൂർ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം),വി.ആർ രാജമ്മ.മരുമക്കൾ:ബി.വിജയമ്മ (ദേവസ്വം റിക്രൂട്ട്മെന്റ് മെമ്പർ),സി.മാധവൻ കുട്ടി (റിട്ട.സീനിയർ മാനേജർ ഇന്ത്യൻ ഓവർസീസ് ബാങ്ക്),ടി.ആർ ബീന (സിപിഐ ലോക്കൽ കമ്മിറ്റി അംഗം),കെ.എം സുകുമാരൻ (എഫ്എസിടി).സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.
.
ആദായനികുതി അടക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങൾ തേടി വിവാദ ഉത്തരവ്, നടപടി
മലപ്പുറം. ആദായനികുതി അടക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങൾ ആരാഞ്ഞ മലപ്പുറം ജില്ലയിലെ അരീക്കോട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഉത്തരവ് ഇറക്കിയ സംഭവത്തിൽ നടപടി.
നാല് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി വിദ്യാഭ്യാസ വകുപ്പ് സസ്പെന്റ് ചെയ്തു.
വിവാദമായതോടെ ഉത്തരവ് പിൻവലിച്ചിരുന്നു
ആദായനികുതി അടക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങൾ തേടി മലപ്പുറം അരീക്കോട് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ആണ് പ്രധാന അധ്യാപകർക്ക് കത്തയച്ചത്.
രണ്ടു ദിവസത്തിനുള്ളിൽ നികുതി അടക്കാത്തവരുടെ വിവരങ്ങൾ റിപ്പോട്ട് നൽകണമെന്നാണ് കത്തിലെ നിർദേശം.ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിർദ്ദേശത്തെ തുടർന്ന് പഏപ്രിൽ 22ന് ആണ് വിവാദ ഉത്തരവ് ഇറക്കിയത്.കത്ത് വിവാദമായതോടെ ഇന്ന് ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. വിവരാവകാശ അപേക്ഷക്ക് മറുപടി നൽകാനായിരുന്നു വിവര ശേഖരണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. വിഷയത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഉൾപ്പടെ രംഗതെത്തിയിരുന്നു
നാല് ഉദ്യോഗസ്ഥർക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തു.
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് മനോജ് പി കെ, ജൂനിയർ സൂപ്രണ്ട് അപ്സര, മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഗീതാകുമാരി,സീനിയർ സൂപ്രണ്ട് ഷാഹിന എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്ബപെന്റ് ചെയ്തത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
കോഴിക്കോട് സ്വദേശി അബ്ദുൾ കലാം വിദ്യാഭ്യാസവകുപ്പിന് നൽകിയ പരാതിയെതുടർന്നായിരിന്നു വിവാദ ഉത്തരവ്.





































