Home Blog Page 1122

വീണ്ടും പാകിസ്ഥാന് പണി കൊടുത്ത് ഇന്ത്യ; സുപ്രധാന തീരുമാനം; വ്യോമ മേഖല അടച്ചു; പാക് വിമാനങ്ങള്‍ക്ക് പ്രവേശനമില്ല

ന്യൂ ഡെൽഹി: പാകിസ്ഥാനില്‍ നിന്നുള്ള യാത്രാ – സൈനിക വിമാനങ്ങള്‍ക്ക് ഇന്ത്യൻ വ്യോമമേഖലയിലേക്ക് പ്രവേശനം വിലക്കി.

പാകിസ്ഥാനില്‍ രജിസ്റ്റർ ചെയ്തതും, പാകിസ്ഥാനില്‍ പ്രവർത്തിക്കുന്നതും പാകിസ്ഥാനില്‍ ഉടമകളുള്ളതും പാകിസ്ഥാൻ വിമാനക്കമ്പനികള്‍ ലീസിനെടുത്തതുമായ വിമാനങ്ങള്‍ക്കാണ് വിലക്ക്. പാക് സൈനിക വിമാനങ്ങള്‍ക്കും നിരോധനമുണ്ട്. എന്നാല്‍ പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക് വരുന്ന വിദേശ വിമാനങ്ങള്‍ക്ക് ഇന്ത്യൻ വ്യോമമേഖലയില്‍ പ്രവേശിക്കുന്നതിന് വിലക്കില്ല.

സർക്കാരിൻ്റെ ഒരു പദവിയിലേക്കും ഇനി ഇല്ലെന്ന് ശാരദാ മുരളീധരൻ

തിരുവനന്തപുരം:
സര്‍ക്കാരിന്റെ ഒരു പദവിയിലേക്കും ഇനി തിരികെയില്ലെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍. പൂര്‍ണ്ണ സംതൃപ്തിയോടെയാണ് പടിയിറക്കമെന്നും ചീഫ് സെക്രട്ടറി എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചത് വയനാടിന് വേണ്ടിയാണെന്നും ശാരദാ മുരളീധരന്‍ പറഞ്ഞു. 32 വര്‍ഷത്തെ സര്‍വീസ് ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടത് കുടുബശ്രീയിലെ കാലമെന്നും ശാരദാ പറഞ്ഞു.

നിറത്തിന്റെ പേരില്‍ താന്‍ നേരിടേണ്ടി വന്ന വ്യക്തി അധിക്ഷേപത്തെക്കുറിച്ചും ശാരദ സംസാരിച്ചു. ‘നിറത്തിന്റെ പേരില്‍ പലപ്പോഴും അധിക്ഷേപിക്കപ്പെട്ടു. നേരിടേണ്ടി വന്ന അധിക്ഷേപം സമൂഹത്തിലുള്ള ചിന്തയുടെ ഒരു പ്രതിഫലനമാണ്. ആ പ്രതിഫലനത്തെയാണ് ഞാന്‍ തുറന്ന് കാട്ടിയത്. ഒരു വ്യക്തി ഒരു സമയത്ത് പറഞ്ഞതല്ല. പല വ്യക്തികള്‍ പല സമയത്ത് പറഞ്ഞതിന്റെ ഓര്‍മ്മയാണത്. അതിനാല്‍ തന്നെ ആള്‍ ആരെന്നത് പ്രസക്തമല്ല,’ ശാരദാ മുരളീധരന്‍ വ്യക്തമാക്കി.

ഖാലിദ് റഹ്മാനും അഷറഫ് ഹംസയും ഉൾപ്പെട്ട കഞ്ചാവ് കേസ്; സംവിധായകൻ സമീർ താഹിറിനും എക്സൈസ് നോട്ടീസ്

കൊച്ചി:
സിനിമ സംവിധായകരായ ഖാലിദ് റഹ്മാനും അഷറഫ് ഹംസയും ഉൾപ്പെട്ട കഞ്ചാവ് കേസിൽ ഫ്ലാറ്റുടമ സംവിധായകൻ സമീർ താഹിറിന് എക്സൈസ് നോട്ടീസ്. ഒരാഴ്ചയ്ക്കുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. കഞ്ചാവ് സംവിധായകർക്കു നൽകിയ ആളെ പരിചയപ്പെടുത്തിയ ആളെ വിളിച്ച് വരുത്തുമെന്ന് അസിസ്റ്റന്‍റ്എക്സൈസ് കമ്മീഷണർ എംഎഫ് സുരേഷ് പറഞ്ഞു. അതിന് ശേഷമാവും കഞ്ചാവ് വിതരണം ചെയ്ത ആളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുക.

ഇരുവരേയും ചോദ്യം ചെയ്ത ശേഷം ഖാലിദ് റഹ്മാനേയും അഷറഫ് ഹംസയേയും ആവശ്യമെങ്കിൽ വീണ്ടും വിളിച്ചു വരുത്തും. ഫ്ലാറ്റിൽ ഒന്നരമസമായി ലഹരി ഉപയോഗം നടക്കുന്നുവെന്നും കഞ്ചാവ് അല്ലാതെ മറ്റ് ലഹരികൾ ഉണ്ടായിരുന്നു എന്നാണ് ലഭിച്ച വിവരമെന്നും അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ വ്യക്തമാക്കി.

ഹൈബ്രിഡ് കഞ്ചാവുമായാണ് സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരും സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്ന ആളും അറസ്റ്റിലായത്. കഴിഞ്ഞ ദിവസം അർധരാത്രി എക്‌സൈസ് നടത്തിയ പരിശോധനയിലാണ് സംവിധായകരെ അടക്കം പിടികൂടിയത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരില്‍ കണ്ടെടുത്തു. അളവ് കുറവായതിനാൽ അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ആലപ്പുഴ ജിംഖാന, തല്ലുമാല സിനിമകളുടെ സംവിധായകനാണ് പിടിയിലായ ഖാലിദ്. തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ പരിശോധന. അറസ്റ്റിലായതിന് പിന്നാലെ സംവിധായകർ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയ്ക്കുമെതിരെ ഫെഫ്ക നടപടിയെടുത്തു. ഇരുവരെയും സസ്പെന്‍ഡ് ചെയ്തു.

ഇനിമുതല്‍ പൗരത്വരേഖകളായി ആധാര്‍, പാന്‍, റേഷന്‍കാര്‍ഡുകള്‍ മാത്രം പോര

ന്യൂ ഡെൽഹി:
ആധാര്‍, പാന്‍, റേഷന്‍കാര്‍ഡ് എന്നിവ പൗരത്വത്തിന്റെ നിര്‍ണായക തെളിവല്ല എന്ന് സര്‍ക്കാര്‍. ഈ രേഖകളൊക്കെ ഭരണപരവും ക്ഷേമപരവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടെങ്കിലും അവയൊന്നും ഇന്ത്യന്‍ പൗരത്വത്തിന് കൃത്യമായ തെളിവായി നിലകൊളളുന്നില്ല.

ഈ ആവശ്യത്തിനായി സര്‍ക്കാര്‍ അംഗീകരിക്കുന്ന രേഖകള്‍ ജനന സര്‍ട്ടിഫിക്കറ്റുകളും താമസ സര്‍ട്ടിഫിക്കറ്റുകളും മാത്രമാണ്.

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാര്‍ കാര്‍ഡിനെ തിരിച്ചറിയല്‍ രേഖയായും താമസ രേഖയായും കണക്കാക്കുന്നുണ്ട്. പക്ഷേ പൗരത്വ രേഖയായി കണക്കാക്കുന്നില്ല. പാന്‍, റേഷന്‍ കാര്‍ഡുകള്‍ക്കും ഇത് ബാധകമാണ്. പാന്‍ കാര്‍ഡുകള്‍ നികുതി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. റേഷന്‍ കാര്‍ഡുകള്‍ ഭക്ഷണ വിതരണത്തിനായി ഉപയോഗിക്കുന്നു. ഇവയും പൗരത്വത്തിനുള്ള രേഖയായി സ്ഥിരീകരിക്കുന്നില്ല.

നിലവില്‍ ഇന്ത്യന്‍ പൗരത്വം സൂചിപ്പിക്കുന്ന അടിസ്ഥാന രേഖകളായി സര്‍ക്കാര്‍ ജനന സര്‍ട്ടിഫിക്കറ്റുകളും താമസ രേഖകളും കണക്കാക്കുന്നു. 1969 ലെ ജനന-മരണ സര്‍ട്ടിഫിക്കറ്റ് നിയമം അനുസരിച്ച്‌ യോഗ്യതയുള്ള അധികാരികള്‍ ജനന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നു. ഇത് ഇന്ത്യയ്ക്കുള്ളിലെ ജനന അവകാശവാദങ്ങളെ സാധൂകരിക്കുന്നതാണ്.
ഒരു വ്യക്തി ഒരു പ്രത്യേക സംസ്ഥാനത്തിലോ കേന്ദ്രഭരണ പ്രദേശത്തോ താമസിച്ചിട്ടുണ്ടെന്ന് ജനന സര്‍ട്ടിഫിക്കറ്റുകള്‍ തെളിവ് നല്‍കുന്നു. സര്‍ക്കാര്‍ ജോലി, പാസ്പോര്‍ട്ട് നല്‍കല്‍, കോടതീയ ആവശ്യങ്ങള്‍ തുടങ്ങി പൗരത്വ തെളിവ് നിര്‍ബന്ധമാക്കുന്ന സാഹചര്യങ്ങളില്‍ ജനന സര്‍ട്ടിഫിക്കറ്റുകളും താമസ സര്‍ട്ടിഫിക്കറ്റുകളും കൈവശം വയ്‌ക്കേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകതയേയും പുതിയ നിയമം എടുത്തുകാണിക്കുന്നു.

ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍

കണ്ണൂര്‍: കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മരിച്ച കെ കെ രാധാകൃഷ്ണന്റെ ഭാര്യമാതമംഗലം സ്വദേശി മിനി നമ്പ്യാരാണ് അറസ്റ്റിലായത്. ഒന്നാംപ്രതി സന്തോഷുമായി ഭര്‍ത്താവ് രാധാകൃഷ്ണനെ കൊല്ലാന്‍ മിനി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിലാണ് കഴിഞ്ഞ ദിവസം മിനിയെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ മൂന്നാം പ്രതിയാണ് മിനി, 2025 മാര്‍ച്ച് 20നാണ് കൊലപാതകം നടന്നത്. കൈതപ്രത്ത് പണിയുന്ന വീടിനുള്ളില്‍ വെച്ച് രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തില്‍ മിനി കൊലപാതകത്തിന് മുമ്പും ശേഷവും ഒന്നാം പ്രതി സന്തോഷിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
മിനി നമ്പ്യാരും സന്തോഷും നേരത്തെ സുഹൃത്തുക്കളായിരുന്നുവെന്നും, മിനിയുടെ ഭര്‍ത്താവ് രാധാകൃഷ്ണവുമായി സന്തോഷിന് വ്യക്തിപരമായി പ്രശ്‌നങ്ങളുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ തയ്യാറാക്കിയ ഗൂഡാലോചനയുടെ ഭാഗമായാണ് പ്രതികള്‍ രാധാകൃഷ്ണനെ കാത്തിരുന്ന് വകവരുത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
രാധാകൃഷ്ണനെ കൊലപ്പെടുത്തുന്നതിന് മുമ്പ് സന്തോഷ് എയര്‍ഗണ്ണുമായി നില്‍ക്കുന്ന ചിത്രം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത മിനിയെ ചോദ്യം ചെയ്യലിന് ശേഷം പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ മിനിയുടെ സുഹൃത്ത് സന്തോഷിനെയും തോക്ക് നല്‍കിയ സജോ ജോസഫിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പട്ടാപ്പകൽ ഗൃഹനാഥനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

പ്രതിക്കെതിരെ കൊലചെയ്യപ്പെട്ട കരുനാഗപ്പള്ളി തഴവ തെക്കുംമുറി മേക്ക് തട്ടേക്കാട് കിഴക്കേ തറയിൽ തുളസീധരൻ ( 64 ) നാട്ടിൽ അപവാദ പ്രചാരണം നടത്തി എന്ന് ആരോപിച്ച് 21.11.2023 പകൽ 12 45 മണിക്ക് തുളസീധരന്റെ സമീപവാസിയായ വെള്ളാപ്പള്ളി പടീറ്റതിൽ രാമചന്ദ്രൻ പിള്ളയുടെ വീട്ടിലെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന തുളസീധരനെ പ്രതി വീട്ടിന് വെളിയിലേക്ക് വിളിച്ചിറക്കി നീ എനിക്കെതിരെ അപവാദപ്രചാരണം നടത്തുമോടാ എന്ന് ചോദിച്ചു കൊണ്ട് കുത്തിയും വെട്ടിയും കൊലപ്പെടുത്തിയ കേസിൽ നിരവധി ക്രിമിനൽ കേസിലെ പ്രതിയായ കരുനാഗപ്പള്ളി തഴവ ബി കെ ഭവനിൽ ഭാസ്കരൻ മകൻ പാക്കരൻ ഉണ്ണി എന്ന് വിളിക്കുന്ന പ്രദീപിനെ ( 34) ആണ് കൊല്ലം ഫോർത്ത് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് എസ് സുഭാഷ് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്, പിഴത്തുക കൊല്ലപ്പെട്ട തുളസീധരന്റെ ഭാര്യ തങ്കമണിക്ക് നൽകാനും ശിക്ഷാവിധിയിൽ പറഞ്ഞിട്ടുണ്ട് .
പിഴ ഒടുക്കി ഇല്ലെങ്കിൽ ഒരു വർഷം കൂടി അധികതടവ് അനുഭവിക്കണം . കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയ വി ബിജു രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ച കേസിൽ അന്വേഷണ സഹായിയായി ഉണ്ടായിരുന്നത് എസ് ഐ റഹീം എ ആയിരുന്നു പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ മാരായ ജയകുമാർ കെ കെ, നിയാസ് എ എന്നിവർ ഹാജരായി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചത് എ എസ് ഐ സാജു ആയിരുന്നു

എച്ച് വെങ്കിടേഷ് ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപി

തിരുവനന്തപുരം.എച്ച്.വെങ്കിടേഷ് ക്രമസമാധാന ചുമതലയുള്ള പുതിയ ADGP

സർക്കാർ ഉത്തരവിറക്കി
മനോജ്‌ എബ്രഹാം മാറിയ ഒഴിവിലാണ് നിയമനം
നിലവിൽ ക്രൈം ബ്രാഞ്ച് ADGP ആയിരുന്നു വെങ്കിടേഷ്

കുടുംബശ്രീയുടെ ‘അരങ്ങ് ‘ കലാമേള അഞ്ച് മുതല്‍

കുടുംബശ്രീ അയല്‍ക്കൂട്ട – ഓക്‌സിലറി അംഗങ്ങള്‍ക്കായി ‘ അരങ്ങ് ‘ കലാമേള  ബ്ലോക്ക് ക്ലസ്റ്റര്‍ തലം മെയ് അഞ്ച് മുതല്‍ സംഘടിപ്പിക്കുന്നു. ഇത്തിക്കര – മുഖത്തല- കൊല്ലം ക്ലസ്റ്റര്‍, ശാസ്താംകോട്ട – ചിറ്റുമല ക്ലസ്റ്റര്‍, ഓച്ചിറ – ചവറ – കരുനാഗപള്ളി ക്ലസ്റ്റര്‍, പത്തനാപുരം- വെട്ടിക്കവല ക്ലസ്റ്റര്‍, കൊട്ടാരക്കര – ചടയമംഗലം ക്ലസ്റ്റര്‍, പുനലൂര്‍ – അഞ്ചല്‍ ക്ലസ്റ്റര്‍ എന്നിങ്ങനെ ജില്ലയിലെ 74 സിഡിഎസുകളുടേ പങ്കാളിത്തം ഉറപ്പാക്കി ആറ് ബ്ലോക്ക് ക്ലസ്റ്ററുകളായി മെയ് അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള തീയതികളില്‍ കലാ മത്സരങ്ങള്‍ നടത്തും. അരങ്ങ് ജനകീയമാക്കുന്നതിനുള്ള പ്രചരണ ക്യാമ്പയിനുകള്‍ സിഡിഎസ് തലത്തിലും ജില്ലാതലത്തിലും നടക്കുന്നു.

പ്രാഥമിക ഘട്ടത്തില്‍  നടത്തിയ എഡിഎസ് മത്സരങ്ങളില്‍ നിന്നുള്ള വിജയികളാണ് സിഡിഎസ് തലത്തില്‍ മത്സരിക്കുന്നത്. തുടര്‍ന്ന്, മത്സരത്തില്‍ വിജയിക്കുന്നവര്‍ ബ്ലോക്ക് തലത്തില്‍ പങ്കെടുക്കുന്നു. ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. 18 മുതല്‍ 40 വയസ് വരെയുള്ള അയല്‍ക്കൂട്ട  ഓക്‌സിലറി അംഗങ്ങള്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും 40 വയസിന് മുകളിലുള്ള അയല്‍ക്കൂട്ട ഓക്‌സിലറി അംഗങ്ങള്‍ക്ക് സീനിയര്‍ വിഭാഗത്തിലും മത്സരിക്കാം. നാടകം, ചവിട്ട് നാടകം, ശിങ്കാരി മേളം എന്നീ ഇനങ്ങള്‍ മാത്രമാണ്  പൊതു വിഭാഗം. വ്യക്തിഗത മത്സരങ്ങളായ ലളിതഗാനം, മാപ്പിള പാട്ട്, പ്രച്ഛന്ന വേഷം, മിമിക്രി, സംഘ ഇനങ്ങളായ കേരള നടനം, ഭരതനാട്യം,തിരുവാതിര തുടങ്ങി 33 സ്റ്റേജ് ഇനങ്ങളില്‍  പങ്കെടുക്കാം. കഥാ രചന, ചിത്ര രചന, കവിത രചന തുടങ്ങി 16 സ്റ്റേജ് ഇതര ഇനങ്ങളുമുണ്ട്. ബ്ലോക്ക് ക്ലസ്റ്റര്‍ അരങ്ങിലെ വിജയികള്‍ ജില്ലാതല അരങ്ങില്‍ മാറ്റുരയ്ക്കും

കുളമ്പുരോഗത്തിനെതിരെ പ്രതിരോധ കുത്തിവയ്പ്പ്

കുളമ്പുരോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് മെയ് രണ്ടുമുതല്‍ 23 വരെ കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നടക്കും. മെയ് രണ്ടിന്  രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. ആറാംഘട്ട കുളമ്പുനിരോധന കുത്തിവെയ്പ്പാണ് നടപ്പാക്കുന്നത്. 110542 പശുക്കള്‍ക്കും 8658 എരുമകള്‍ക്കും കുത്തിവയ്പ്പ് നല്‍കും.

കര്‍ഷകരുടെ വീട്ടുപടിക്കലെത്തുന്ന മൃഗസംരക്ഷണ വകുപ്പ് സ്‌ക്വാഡുകള്‍ കുത്തിവെയ്പ്പ് നല്‍കി ചെവിയില്‍ ടാഗ് പതിപ്പിക്കും. 140 സ്‌ക്വാഡുകളെ ഇതിനായി പ്രവര്‍ത്തന സജ്ജമാക്കി. കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് പൂര്‍ണമായും സൗജന്യമാണ്. നാല് മാസത്തില്‍ താഴെ പ്രായമുള്ള കിടാങ്ങള്‍, രോഗമുള്ള പശുക്കള്‍, പ്രസവിക്കാറായ ഉരുക്കള്‍ എന്നിവയെ കുത്തിവെയ്പ്പില്‍ നിന്നും ഒഴിവാക്കും. ഫോണ്‍: 0476 2797276.

സാമ്പ്രാണിക്കോടി തുരുത്തില്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റിംഗ്

സാമ്പ്രാണിക്കോടി തുരുത്തില്‍ സന്ദര്‍ശിക്കുന്നവര്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് എടുക്കണം. മെയ് ഒന്നുമുതല്‍ www.dtpckollam.com വഴിയാണ് സാമ്പ്രാണിക്കോടി, മണലില്‍, കുരീപ്പുഴ എന്നീ ടെര്‍മിനുകളിലേക്ക് സന്ദര്‍ശകര്‍ ബുക്ക് ചെയ്യേണ്ടത്. അത്യാവശ്യ ഘട്ടങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് സംവിധാനം  ഉണ്ടാകുമെങ്കിലും ജൂണ്‍ ഒന്ന് മുതല്‍ സാമ്പ്രാണിക്കോടി തുരുത്തില്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ടിക്കറ്റിങ് സംവിധാനം ഏര്‍പ്പെടുത്തും.