22.3 C
Kollam
Saturday 20th December, 2025 | 03:03:11 AM
Home Blog Page 1094

കോണ്‍ഗ്രസ് അടി, ആശങ്കയോടെ ഘടകകക്ഷികൾ

തിരുവനന്തപുരം. കെപിസിസി അധ്യക്ഷനെ ചൊല്ലിയുള്ള കോൺഗ്രസിലെ നീക്കങ്ങളിൽ യു.ഡി.എഫ് ഘടകകക്ഷികൾക്കും ആശങ്ക. കോൺഗ്രസിലെ പോര് ഗുണം ചെയ്യില്ലെന്ന് വിലയിരുത്തൽ. അനിശ്ചിതത്വം വേഗത്തിൽ അവസാനിപ്പിക്കണമെന്ന് ഘടകകക്ഷികൾ

സുധാകരനെ മാറ്റുമ്പോൾ ജനപ്രിയനായ നേതാവ് അധ്യക്ഷപദവിയിൽ വരണമെന്നും ചില ഘടകകക്ഷികൾക്ക് അഭിപ്രായം. കണ്ണൂരിലും പൂഞ്ഞാറിലും കെ സുധാകരനെ അനുകൂലിച്ച്‌ പോസ്റ്ററുകൾ. കെ സുധാകരനെ പിന്തുണച്ച് ഫ്ലെക്സ് ബോർഡുകൾ

കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ പിന്തുണച്ച് പൂഞ്ഞാറിൽ ഫ്ലക്സ് ബോർഡുകൾ.സേവ് കോൺഗ്രസ് രക്ഷാസമിതിയുടെ പേരിലാണ് ഫ്ലക്സ് ബോർഡുകൾ. സുധാകരൻ കെപിസിസി പ്രസിഡണ്ട് ആയി തുടരട്ടെ എന്ന് ഫ്ലക്സ് ബോർഡുകളിൽ. യുഡിഎഫ് അധികാരത്തിൽ വരാൻ നട്ടെല്ലുള്ള നായകൻ വേണമെന്ന് ഫ്ലക്സിൽ ഉണ്ട്. കെ സുധാകരൻ തുടരണമെന്ന് ആവശ്യപ്പെട്ടാണ് കണ്ണൂർ നഗരത്തിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്

അതിനിടെ അധ്യക്ഷ ചർച്ചയിൽ കാത്തോലിക്ക സഭ ഇടപെട്ടെന്ന വാർത്തകൾ തള്ളി ദീപിക. കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു, ദീപിക മുഖ പ്രസംഗം. അധ്യക്ഷൻ്റെ മതം അല്ല പാർട്ടിയുടെ മതേതരത്വം ആണ് മുഖ്യമെന്നു ഓർമപ്പെടുത്തൽ
ഭരണത്തിൽ എത്തുമെന്ന് തോന്നിയപ്പോൾ ഉള്ള കലാപമാണ് കോൺഗ്രസിലേത്. അതാണ് കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ കാണുന്നത്

ഞങ്ങൾക്ക് ഇത്ര മന്ത്രി വേണം ,കെപിസിസി അധ്യക്ഷ പദവി വേണം എന്നൊന്നും പറയാൻ കത്തോലിക്കാ സഭയില്ല. സ്ഥാനമാനങ്ങളുടെ വീതം വെപ്പല്ല പ്രധാനം. നീതിയുടെ വിതരണമാണ് പ്രധാനം എന്നും ദീപിക

സാത്താന്‍ ആരാധനയുടെ ഭാഗമായുള്ള കൂട്ട കൊലപാതകം: വിധി പറയുന്നത് വ്യാഴാഴ്ച

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസിൽ വിധി പ്രസ്താവിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിക്കുക. നന്തന്‍കോട് കൂട്ടക്കൊലയില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് ഏക പ്രതി.
നന്തന്‍കോടുള്ള വീട്ടില്‍ മാതാപിതാക്കളെയും സഹോദരിയെയും അടക്കം നാലുപേരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. 2017 ഏപ്രില്‍ 9ന് പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.

അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ രാജ- ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടി.
ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്‌നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.

കൊല്ലം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി ട്രാക്കിൽ വീണയാളെ റെയിൽവേ ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തി

കൊല്ലം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി ട്രാക്കിൽ വീണയാളെ റെയിൽവേ ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തി. വഞ്ചിനാട് എക്സ്പ്രസ് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് ശാസ്താംകോട്ട സ്വദേശിയായ മധ്യവയസ്ക്കൻ കാൽ വഴുതി ട്രാക്കിലേക്ക് വീണത്.

കാൽ വഴുതി ട്രാക്കിലേക്ക് വീണയാളെ റെയിൽവേ ഉദ്യോഗസ്ഥനായ ശക്തികുളങ്ങര സ്വദേശി സുനിൽകുമാർ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. കാൽ വഴുതി ട്രാക്കിലേക്ക് വീണയാളെ തീവണ്ടി പോയി തീരുന്നത് വരെ പോറൽ പോലും ഏൽക്കാതെ രക്ഷാകവചം ഒരുക്കുകയായിരുന്നു റെയിൽവേ ഉദ്യോഗസ്ഥൻ.

ഒറ്റയടിക്ക് വര്‍ധിച്ചത് 2000 രൂപ, തിരിച്ചുകയറി സ്വര്‍ണവില; 72,000ന് മുകളില്‍

കൊച്ചി:ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4000ല്‍പ്പരം രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. ഇന്ന് ഒറ്റയടിക്ക് പവന് 2000 രൂപയാണ് വര്‍ധിച്ചത്.

72,200 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് വര്‍ധിച്ചത്. 9025 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. എന്നാല്‍ ഇന്നലെ മുതല്‍ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. രണ്ടുദിവസത്തിനിടെ 2160 രൂപയാണ് വര്‍ധിച്ചത്.

കൊച്ചി കോർപ്പറേഷൻ കൈക്കൂലി കേസ്, സ്വപ്ന വിജിലൻസ് കസ്റ്റഡിയിൽ

കൊച്ചി കോർപ്പറേഷൻ കൈക്കൂലി കേസിൽ അറസ്റ്റിലായ സ്വപ്ന വിജിലൻസ് കസ്റ്റഡിയിൽ തുടരുന്നു. കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യലിലേക്ക് ആയിരിക്കും വിജിലൻസ് കടക്കുക. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കിയാണ് സ്വപ്നയെ മൂന്ന് ദിവസം കസ്റ്റഡിയിൽ വിട്ടത് .കൊച്ചി കോർപ്പറേഷന്റെ വൈറ്റില സോണൽ ഓഫീസിലെ ബിൽഡിങ് ഇൻസ്പെക്ടറായ സ്വപ്നയെ 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അവരുടെ കാറിൽനിന്നായിരുന്നു വിജിലൻസ് പിടികൂടിയത്. അഞ്ചുനിലക്കെട്ടിടം നിർമിക്കുന്നതിന് പെർമിറ്റ് ആവശ്യപ്പെട്ടെത്തിയ എറണാകുളം സ്വദേശിയിൽനിന്നാണ് ഇവർ 15,000 രൂപ കൈക്കൂലി വാങ്ങിയത്. സ്ഥിരം കൈക്കൂലി വാങ്ങുന്ന സ്വപ്നയെ വിജിലൻസ് സംഘം കുരുക്കുകയായിരുന്നു.

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്ര സഭ

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്ര സഭ. സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്ന ആക്രമണങ്ങളെ അംഗീകരിക്കാൻ കഴിയില്ല
ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ബന്ധം വഷളായി പോകുന്നതിൽ വേദനയുണ്ടെന്നും
സൈനിക നടപടി പ്രശ്നപരിഹാരം അല്ലെന്നും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. ഇരു രാജ്യങ്ങളും സമ്യപനം പാലിക്കണമെന്നും അന്റോണിയോ ഗുട്ടറസ്  ആവശ്യപ്പെട്ടു. ആക്രമണം നടത്തിയ ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ് ഭീകരരെ സഹായിച്ച പ്രദേശവാസികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അതിർത്തിയിൽ പാക്കിസ്ഥാൻ
പ്രകോപനം തുടരുന്നതിനിടെ പ്രതിരോധ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നവികസേന ലെഫ്റ്റനന്റ്  വിനയ് നർവാളിന്റെ കുടുംബത്തെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഇന്ന് സന്ദർശിക്കും .

ഷാജൻ സ്കറിയയ്ക്ക് ജാമ്യം… പിന്നാലെ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കി

അപകീർത്തികരമായ വാർത്ത നൽകിയെന്ന യുവതിയുടെ പരാതിയിൽ അറസ്റ്റിലായ ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് ജാമ്യം. മാഹി സ്വദേശിനിയുടെ പരാതിയിൽ തിരുവനന്തപുരം സൈബർ പൊലീസാണ് ഷാജനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ഷാജൻ സ്കറിയ മുദ്രാവാക്യം മുഴക്കി. സർക്കാർ എന്തിനോ തന്നെ വേട്ടയാടുന്നുവെന്നും അവസാന നിമിഷം വരെ പിണറായിയുടെ വൃത്തികേടിനെതിരെ പോരാടുമെന്നും ജാമ്യം ലഭിച്ച ശേഷം ഷാജൻ സ്‌കറിയ പറഞ്ഞു.

എംഡിഎംഎയുമായി യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

കോഴിക്കോട്: 27 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് നഗരത്തില്‍ യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. ബീച്ച് റോഡില്‍ ആകാശവാണിക്ക് സമീപത്ത് വെച്ചാണ് കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി സംഘം പിടിയിലായത്. കണ്ണൂര്‍ എളയാവൂര്‍ സ്വദേശി അമര്‍, കതിരൂര്‍ സ്വദേശിനി ആതിര, പയ്യന്നൂര്‍ സ്വദേശിനി വൈഷ്ണവി, കോഴിക്കോട് കുറ്റ്യാടി സ്വദേശി വാഹിദ് എന്നിവരാണ് അറസ്റ്റിലായത്.

ദിവസവും നാരങ്ങ വെള്ളം കുടിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ ?

വേനൽക്കാലത്ത് നാരങ്ങാവെള്ളം കുടിക്കുന്നത് ജലാംശം നിലനിർത്താനും ശക്തമായ രോഗപ്രതിരോധ ശേഷി വളർത്താനും ഊർജ്ജ നില വർദ്ധിപ്പിക്കാനും സഹായിക്കും. അടുപ്പിച്ച് 30 ദിവസം നാരങ്ങ വെള്ളം കുടിച്ചാൽ ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി അടുത്തിടെ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.

30 ദിവസം നാരങ്ങാവെള്ളം കുടിച്ചാൽ എന്ത് സംഭവിക്കും ? നാരങ്ങയിൽ 30 വ്യത്യസ്ത ഗുണകരമായ സസ്യ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ഡോ. സൗരഭ് പറയുന്നു.

സ്വാഭാവിക അസിഡിറ്റി ശരീരത്തെ ധാതുക്കളെ കൂടുതൽ ഫലപ്രദമായി ആഗിരണം ചെയ്യാൻ സഹായിക്കും. പ്രത്യേകിച്ച് ഇരുമ്പ്. നാരങ്ങയിൽ വിറ്റാമിൻ സിയും സിട്രിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ നിന്ന് കഴിയുന്നത്ര ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുന്നു. മെച്ചപ്പെട്ട ഇരുമ്പിന്റെ അളവ് വിളർച്ചയ്ക്കുള്ള സാധ്യത കുറയ്ക്കുമെനന്നും അദ്ദേഹം പറയുന്നു.

ആരോഗ്യമുള്ള ചർമ്മം, സന്ധികൾ എന്നിവയ്ക്ക് അത്യാവശ്യമായ കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കുന്ന വിറ്റാമിൻ സി പ്രധാനമാണ്. ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കാനും, വയറുവേദന, ദഹനക്കേട് തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കാനും നാരങ്ങാവെള്ളത്തിന് കഴിയും.

നാരങ്ങയിൽ വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ എന്നിവയുൾപ്പെടെ നിരവധി ശക്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും, ആരോഗ്യകരമായ ചർമ്മം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. മിതമായ അളവിൽ മാത്രം കുടിക്കാൻ ശ്രമിക്കണമെന്നും ഡോ. സൗരഭ് സേഥി പറയുന്നു. ദിവസവും വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നതാണ് കൂടുതൽ നല്ലതെന്നും അദ്ദേഹം പറയുന്നു.

വ്യാപാരിയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി കെട്ടിയിട്ട് 20 കോടിയിലേറെ രൂപയുടെ വജ്രാഭരണങ്ങൾ കവർന്നു.. നാല് പേർ അറസ്റ്റിൽ

ചെന്നൈ: വ്യാപാരിയെ ഇടപാടിനെന്ന പേരിൽ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം മർദ്ദിച്ച് കെട്ടിയിട്ട് 20 കോടിയിലേറെ രൂപയുടെ വജ്രാഭരണങ്ങൾ കവർന്നു. ചെന്നൈയിലാണ് സംഭവം. തട്ടിപ്പിനു പിന്നാലെ അതിവേഗം ഇടപെട്ട പൊലീസ് സംഭവത്തിൽ നാല് പേരെ പിടികൂടി. ചെന്നൈ അണ്ണാനഗർ സ്വദേശിയായ ചന്ദ്രശേഖറാണ് (70) കവർച്ചയ്ക്ക് ഇരയായത്.

സംഭവത്തിൽ മറ്റൊരു വ്യാപരിയായ ലണ്ടൻ രാജൻ, ഇയാളുടെ കൂട്ടാളി, ഇടലനിലക്കാരായ രണ്ട് പേർ എന്നിവരെ ശിവകാശിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. വടപളനിയിലുള്ള ഹോട്ടലിലേക്ക് ചന്ദ്രശേഖറിനെ വിളിച്ചു വരുത്തിയാണ് സംഘം വജ്രാഭരണങ്ങൾ കവർന്നത്.

വജ്രങ്ങൾ വാങ്ങാനെന്ന വ്യാജേന ലണ്ടൻ രാജൻ ചന്ദ്രശേഖറിനെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. മുൻ ദിവസങ്ങളിൽ നടത്തിയ ചർച്ചയിൽ ധാരണയായ ശേഷം ഞായറാഴ്ച ആഭരണങ്ങൾ കൈമാറാനും പണം വാങ്ങാനുമായി ചന്ദ്രശേഖർ മകൾ ജാനകിക്കൊപ്പം ഹോട്ടലിലെത്തി. ഇടപാടുകാർ പറഞ്ഞതു പ്രകാരം ചന്ദ്രശേഖർ മാത്രമാണ് ഹോട്ടൽ മുറിയിലേക്ക് വജ്രാഭരണങ്ങളുമായി പോയത്. മുറിയിൽ കയറിയ ഉടൻ തന്നെ നാല് പേരും ചേർന്നു ചന്ദ്രശേഖറിനെ മർദ്ദിച്ച ശേഷം കെട്ടിയിട്ട് ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.
സമയം ഏറെയായിട്ടും ചന്ദ്രശേഖർ തിരികെ വരാൻ വൈകിയതോടെ അദ്ദേഹത്തെ അന്വേഷിച്ച് മകൾ മുറിയിലേക്ക് ചെന്നു. അപ്പോഴാണ് മുറിയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ കേസെടുത്ത വടപളനി പൊലീസ് ഹോട്ടലിൽ നിന്നു ലഭിച്ച സിസിടിവി ദൃശ്യത്തിൽ നിന്നു പ്രതികൾ സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞു. പിന്നാലെ വിവരം എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും കൈമാറി. ശിവാകശി ടോൾ പ്ലാസയ്ക്കു സമീപത്തു നിന്നു തൂത്തുക്കുടി പൊലീസ് നടത്തിയ വാഹന പരിശോധനയിൽ പ്രതികൾ പിടിയിലായി.