കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധി ഉച്ചയ്ക്ക് പറയും. കാട്ടാക്കട പൂവച്ചല്‍ സ്വദേശിയായ അരുണ്‍ കുമാറിന്റെയും ഷീബയുടെയും മകനായ ആദിശേഖറി(15)നെ 2023 ഓഗസ്റ്റ് 30നാണ് പ്രതി തിരുവനന്തപുരം പൂവച്ചല്‍ സ്വദേശിയായ പ്രിയരഞ്ജന്‍ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയത്.
ആദ്യം വാഹനാപകടമെന്നായിരുന്നു കരുതിയത്. എന്നാല്‍ മനപൂര്‍വം വാഹനമിടിപ്പിച്ചതാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിക്കുകയായിരുന്നു. കുട്ടിയുമായി മുന്‍പ് പ്രിയരഞ്ജന് തര്‍ക്കമുണ്ടായിരുന്നതായി രക്ഷിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
പുളിങ്കോട് ക്ഷേത്രത്തിലെ മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം കാരണമാണ് കൊലപ്പെടുത്തിയെന്നാണ് കേസ്. സൈക്കിളോടിക്കുകയായിരുന്ന ആദിശേഖറിനെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആദിശേഖറിന്റേത് കരുതിക്കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.
കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി
സിനിമാ താരം മുത്തുമണിക്ക് ഡോക്ടറേറ്റ്
കൊച്ചി. ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) നിന്നാണ് മുത്തുമണി സോമസുന്ദരം ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. സിനിമയിലെ പകര്‍പ്പവകാശ നിയമം സംബന്ധിച്ച പഠനമാണ് മുത്തുമണിയെ പിഎച്ച്ഡിക്ക് അര്‍ഹയാക്കിയത്. ‘ഇന്ത്യന്‍ സിനിമയിലെ സംവിധായകരുടെയും എഴുത്തുകാരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ 1957 ലെ പകര്‍പ്പവകാശ നിയമത്തിന്റെ പ്രസക്തി’ എന്ന വിഷയത്തിലായിരുന്നു പഠനം. ഡോ. കവിത ചാലയ്ക്കലിന്റെ കീഴിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.
മോഹൻലാൽ നായകനായ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത രസതന്ത്രം എന്ന ചിത്രത്തിലാണ് മുത്തുമണി ആദ്യമായി അഭിനയിച്ചത്. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെ പ്രേമിക്കുന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. അതിനു ശേഷം നിരവധി ശ്രദ്ധേയമായ മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. കടൽ കടന്ന് ഒരു മാത്തുക്കുട്ടി , ഹൌ ഓൾഡ് ആർ യു, ഒരു ഇന്ത്യൻ പ്രണയകഥ, ഞാൻ ,ലൂക്കാ ചുപ്പി എന്നീ ചിത്രങ്ങളിലാണ് ശ്രദ്ധേയമായ വിവിധ വേഷങ്ങൾ ചെയ്തത്.
കല്ലടയാറ്റില്‍ കടുവയുടെ ജഡം
കല്ലടയാറ്റില്‍ കടുവയുടെ ജഡം കണ്ടെത്തി. കുളത്തൂപ്പുഴ നെടുവണ്ണൂര്‍ കടവ് പതിനഞ്ചേക്കര്‍ ഭാഗത്താണ് കടുവയുടെ ജഡം കണ്ടത്. പ്രദേശത്തെ സ്ത്രീകള്‍ കുളിക്കാനും തുണി കഴുകാനും പോയപ്പോഴാണ് മൂന്നു ദിവസത്തോളം പഴക്കമുള്ള കടുവയുടെ ജഡം കണ്ടത്. പ്രാദേശത്ത് കാട്ടുപോത്ത്, ആന എന്നിവയുടെ ഉപദ്രവം കൊണ്ട് തന്നെ ജനങ്ങള്‍ ഭീതിയില്‍ ആണ്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ കടുവയുടെ സാന്നിധ്യം വ്യക്തമാക്കുന്ന തരത്തില്‍ ജഡം കണ്ടത്. ഇത് പ്രദേശവാസികളില്‍ ഭീതിയുണ്ടാക്കുന്നുണ്ട്.
സംസ്ഥാനത്ത് നാളെ എല്ലാ ജില്ലകളിലും മോക്ഡ്രില്‍…. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം…
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സംസ്ഥാനത്ത് നാളെ എല്ലാ ജില്ലകളിലും മോക്ഡ്രില്‍. വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രില്‍ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവില്‍ ഡിഫന്‍സ് തയ്യാറെടുപ്പിന്റെ വിവിധ വശങ്ങള്‍ വിലയിരുത്തും. മോക്ക് ഡ്രില്ലിന്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാന്‍ എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നിര്‍ദേശം നല്‍കി. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രിലിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ഇന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആഭ്യന്തര, റവന്യൂ, ആരോഗ്യ കുടുംബക്ഷേമ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, സംസ്ഥാന പോലീസ് മേധാവി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍, ദുരന്തനിവാരണ സ്പെഷ്യല്‍ സെക്രട്ടറിയും കമ്മീഷണറും, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍, ജില്ലാ കളക്ടര്‍മാര്‍, കേരള സംസ്ഥാന ദുരന്തനിവാരണ മെമ്പര്‍ സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.
സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
കമ്മ്യൂണിറ്റി തല ഇടപെടലുകള്‍
- റസിഡന്റ്സ് അസോസിയേഷനുകളും പഞ്ചായത്തുകളും (വാര്‍ഡ് തലത്തില്‍) മോക്ക് ഡ്രില്‍ വാര്‍ഡന്മാരെ നിയോഗിക്കുക.
- എല്ലാ പ്രദേശവാസികള്‍ക്കും സിവില്‍ ഡിഫന്‍സ് ബ്ലാക്ക്ഔട്ട് നിര്‍ദ്ദേശങ്ങള്‍ എത്തിക്കുക.
- ആവശ്യമെങ്കില്‍ ആരാധനാലയങ്ങളിലെ അനൗണ്സ്മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ അലര്‍ട്ട് ചെയ്യുക.
- വാര്‍ഡുതല ഡ്രില്ലുകള്‍ സംഘടിപ്പിക്കുക.
- സ്‌കൂളുകളിലും, ബേസ്മെന്റുകളിലും, കമ്മ്യൂണിറ്റി ഹാളുകളിലും മറ്റ് പ്രധാന ഇടങ്ങളിലും പ്രഥമശുശ്രൂഷ കിറ്റുകള്‍ തയ്യാറാക്കുക.
- കമ്മ്യൂണിറ്റി വോളന്റിയര്‍മാര്‍ സഹായം ആവശ്യമുളള ആളുകളെ ബ്ലാക്ക്ഔട്ട് സമയത്ത് സഹായിക്കുക. ബ്ലാക്ക്ഔട്ട് സമയത്ത് മോക്ക് ഡ്രില്‍ വാര്‍ഡന്മാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക. കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ ഇരിക്കുക. ആശങ്ക ഒഴിവാക്കുക.
ഗാര്‍ഹികതല ഇടപെടലുകള്‍
- മോക്ക് ഡ്രില്‍ സമയത്തു എല്ലാ ലൈറ്റുകളും ഓഫ് ആക്കേണ്ടതും, അടിയന്തര ഘട്ടത്തില്‍ വെളിച്ചം ഉപയോഗിക്കേണ്ട സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് വെളിച്ചം പുറത്തു പോകാതിരിക്കാന്‍ ജനാലകളില്‍ കട്ടിയുള്ള കാര്‍ഡ് ബോര്‍ഡുകളോ കര്‍ട്ടനുകളോ ഉപയോഗിക്കേണ്ടതുമാണ്.
- ജനാലകളുടെ സമീപം മൊബൈല്‍ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
- ബാറ്ററി/സോളാര്‍ ടോര്‍ച്ചുകള്‍, ഗ്ലോ സ്റ്റിക്കുകള്‍, റേഡിയോ എന്നിവ കരുതുക.
- 2025 മെയ് 7, 4 മണിക്ക് സൈറന്‍ മുഴങ്ങുമ്പോള്‍ എല്ലായിടങ്ങളിലെയും (വീടുകള്‍, ഓഫീസുകള്‍, മറ്റു സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ) അകത്തെയും, പുറത്തെയും ലൈറ്റുകള്‍ ഓഫ് ചെയ്യേണ്ടതാണ്.
- എല്ലാ വീടുകളിലും പ്രഥമശുശ്രൂഷ കിറ്റുകള്‍ തയ്യാറാക്കുക. ഇതില്‍ മരുന്നുകള്‍, ടോര്‍ച്, വെള്ളം, ഡ്രൈ ഫുഡ് എന്നിവ ഉള്‍പ്പെടുത്തുക.
- വീടിനുളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക. ബ്ലാക്ക് ഔട്ട് സമയത്തു അവിടേക്കു മാറുക.
- എല്ലാ കുടുംബങ്ങളും കുടുംബാംഗങ്ങള്‍ ഒരുമിച്ചു ”ഫാമിലി ഡ്രില്‍” നടത്തുക.
- സൈറന്‍ സിഗ്നലുകള്‍ മനസ്സിലാക്കുക. ദീര്‍ഘമായ സൈറന്‍ മുന്നറിയിപ്പും, ചെറിയ സൈറന്‍ സുരക്ഷിതമാണെന്ന അറിയിപ്പുമാണ്.
- പൊതുസ്ഥലങ്ങളില്‍ നില്‍ക്കുന്നവര്‍ സുരക്ഷിതത്വത്തിനായി അടുത്തുള്ള കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് മാറേണ്ടതാണ്.
- ഔദ്യോഗിക വിവരങ്ങള്‍ മനസ്സിലാക്കുന്നതിനായി റേഡിയോ/ടി.വി ഉപയോഗിക്കുക.
- തീപിടുത്തം ഒഴിവാക്കാന്‍ ബ്ലാക്ക് ഔട്ട് സൈറണ്‍ കേള്‍ക്കുമ്പോള്‍ തന്നെ ഗ്യാസ്/വൈദ്യുത ഉപകരണങ്ങള്‍ ഓഫ് ചെയ്യുക.
- ബ്ലാക്ക് ഔട്ട് സമയത്ത് കുട്ടികളുടെയും വളര്‍ത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക.
കാട്ടിൽകടവ്മേൽപ്പാലം ടെൻഡർ നടപടികൾ പൂർത്തികരിച്ചു നിർമ്മാണ ഉദ്ഘാടനം ഉടൻ,സി ആർ മഹേഷ് എം എൽ എ
കരുനാഗപ്പള്ളി. കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ കാട്ടിൽ കടവിനേയും ആലപ്പാട് ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ടി എസ് കനാലിന് കുറുകെയുള്ള കാട്ടിൽ കടവ് പാലത്തിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും ഉടൻതന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും സി ആർ മഹേഷ് എം എൽ എ അറിയിച്ചു.
2017ൽ 20 കോടി രൂപയാണ് പാലത്തിന്റെ നിർമ്മാണത്തിനായി അനുവദിച്ചിരുന്നത്. തുടർന്നുള്ള മണ്ണ് പരിശോധനയുടെയും മറ്റും അടിസ്ഥാനത്തിൽ സാമ്പത്തിക അനുമതി ഉയർത്തിയിരുന്നു. എന്നാൽ ജലപാതയിലൂടെ മത്സ്യബന്ധന ബോട്ടുകൾക്കും മറ്റ് യാ നങ്ങൾക്കും കടന്നുപോകുന്നതിന് 7 മീറ്റർ ഉയരം വേണമെന്നതിനാൽ പാലത്തിന്റെ ഉയരം നിലവിലുള്ള ആറ് മീറ്ററിൽ നിന്ന് 7 മീറ്റർ ആയി ഉയർത്തിയും 55 മീറ്റർ ക്ലിയർ സ്പാൻ വരുന്ന തരത്തിലും ടി എസ് കനാലിന് കുറുകെ ബോ സ്ട്രിങ് മാതൃകയിൽ പാലത്തിന്റെ സെൻട്രൽ സ്പാൻ രൂപരേഖ പുതുക്കി പരിഷ്കരിച്ച സമർപ്പിച്ചു. കാട്ടിൽ കടവ് ഭാഗത്ത് 25 മീറ്റർ വരുന്ന മൂന്ന് സ്പാനുകളും 12.5 മീറ്റർ വരുന്ന മൂന്ന് സ്പാനുകളും നിർമ്മിച്ച് നീളം പരമാവധി റോഡിൽ എത്തുന്നു തരത്തിലാണ് പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ആലപ്പാട് ഗ്രാമപഞ്ചായത്തിലെ ഭാഗത്ത് 25 മീറ്റർ നീളത്തിൽ മൂന്ന് സ്പാനുകളും 12.5 മീറ്റർ നീളത്തിൽ 6 സ്ഥാനുകളും നിർമ്മിച്ച് തീരദേശ റോഡിലേക്ക് എത്തിക്കുന്നതിനും ഭേദഗതി വരുത്തി. റോഡ് നിർമ്മാണത്തിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപത്ത് ഓട കടന്നുപോകുന്നതിനാൽഇൻലാൻഡ് നാവിഗേഷന്റെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത് മുൻനിർത്തി വീണ്ടും രണ്ട് മീറ്റർ ഉയരത്തിലും 15 മീറ്റർ നീളത്തിലും അധികമായിട്ട് പാലം നിർമ്മിക്കുന്നതിന് എസ്റ്റിമേറ്റ് പരിഷ്കരിച്ചു. പാലം നിർമ്മാണത്തിന് കാലതാമസം നേരിട്ടപ്പോൾ സി ആർ മഹേഷ് എംഎൽഎ അടിയന്തരമായി യോഗം വിളിച്ചു ചേർക്കുകയും, എസ്റ്റിമേറ്റിൽ ആവശ്യമായ ഭേദഗതി വരുത്തുവാൻ നിർദ്ദേശിക്കുകയും ചെയ്തു. അതിൻ പ്രകാരം 44.49കോടി കോടി രൂപയുടെ അന്തിമ ഭരണാനുമ തിക്കായികിഫ്‌ബി യിൽ പദ്ധതി സമർപ്പിച്ചു.
കിഫ്‌ബി പദ്ധതി പ്രകാരമുള്ള 35 എക്സിക്യൂട്ടീവ് പ്രോജക്ട് ഫയലുകൾ ലഭിക്കാൻ കാലതാമസം നേരിടുന്നതിനാൽ അടിയന്തരമായി ടെൻഡർ നടപടികൾ ആരംഭിക്കണ മെന്ന് സി ആർ മഹേഷ് എംഎൽഎ കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ നവംബർ 30 ന് തീയതി ചേർന്ന് കിഫ്‌ബി എക്സിക്യൂട്ടീവ് യോഗതീരുമാനപ്രകാരം ഡിസൈൻ വിഭാഗത്തിൽ ആവശ്യമായ രേഖകൾ ജനുവരി 30ന് സമീപിക്കണമെന്നും ബാക്കി ആവശ്യമായ രേഖകൾ സിഎംഡി നൽകണമെന്ന്നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കാട്ടിൽ കടവ് മേൽപ്പാലം നിർമ്മാണപ്രവൃത്തി ടെൻഡർ ചെയ്യുന്നതിന് കിഫ്ബി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. തുറന്ന് നടപടികൾ ആരംഭിക്കുകയും 5 കമ്പനികൾ ടെൻഡർ സമർപ്പിക്കുകയും ചെയ്തു. വിശദമായ പരിശോധനയുടെ അടിസ്ഥാനത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നൽകിയ ടെൻഡർ അംഗീകരിച്ചു. നിയമപരമായ നടപടിക്രമത്തിന്റെ ഭാഗമായിചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയുടെ അംഗീകാരത്തിനായി നൽകി കഴിഞ്ഞതായും ഉടൻ നിർമ്മാണ പ്രവർത്തനനം ആരംഭിക്കുമെന്ന് സി ആർ മഹേഷ് എം എൽ എ അറിയിച്ചു
ചാത്തിനാംകുളം ശങ്കരൻ വിളക്കിഴക്കതിൽ കോമളയമ്മ നിര്യാതയായി
ചന്ദനത്തോപ്പ്:ചാത്തിനാംകുളം ശങ്കരൻ വിളക്കിഴക്കതിൽ കോമളയമ്മ(75) നിര്യാതയായി.ഭർത്താവ് പരേതനായ സോമൻ പിള്ള.മക്കൾ:ബാബു പിള്ള, പ്രസന്നകുമാരി,വിജയകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.
ദേശീയപാതയിൽ ഊക്കൻ മുക്കിന് സമീപം പിക്കപ്പും കാറും തമ്മിൽ കൂട്ടിയിടിച്ചു;കാർ ഡ്രൈവർക്ക് പരിക്ക്
ശാസ്താംകോട്ട:കൊല്ലം-തേനി ദേശീയ പാതയിൽ ഭരണിക്കാവ് ഊക്കൻ മുക്കിനും പുന്നമുടിനും മദ്ധ്യേ പിക്കപ്പും കാറും തമ്മിൽ കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് നിസാര പരിക്കേറ്റു.പരിക്കേറ്റയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം സംഭവിച്ചത്. എതിർ ദിശയിൽ വന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.എന്നാൽ ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും സഞ്ചരിച്ച് വന്നതിന്റെ എതിർ ദിശയിലേക്ക് മാറിയാണ് നിന്നത്.

കാർ ഡ്രൈവർ ഉറങ്ങിപോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.റോഡിൽ ഇന്ധനം പരന്നൊഴുകിയതിനെ തുടർന്ന് ഏറെനേരം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.പിന്നീട് ശാസ്താംകോട്ടയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം റോഡിൽനിന്ന് ഇന്ധനം നീക്കം ചെയ്തു.ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.
തൃശ്ശൂർ പൂരവിൽപ്പന ലക്ഷ്യമിട്ട് കൊണ്ടുവന്ന ഒരു കിലോ എംഡി എം എ പിടികൂടി
പാലക്കാട്.സംസ്ഥാനത്ത് ഇന്ന് വൻ മയക്കുമരുന്ന് വേട്ട.തൃശ്ശൂർ പൂരത്തിന് വിൽപ്പന നടത്താൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന ഒരു കിലോയിൽ അധികം വരുന്ന എംഡി എം എ എക്സൈസ് സംഘം വാളയാറിൽ നിന്ന് പിടികൂടി.പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്
സമീപത്ത് വച്ച് 650 ഗ്രാം എംഡിഎംഐയുമായാണ് രണ്ട് പട്ടാമ്പി സ്വദേശികൾ പിടിയിലായത്.കണ്ണൂരിൽ കഞ്ചാവുമായി സിനിമ അസിസ്റ്റൻറ് ഡയറക്ടറും പിടിയിലായി.
പരിശോധനകൾ ഒരുഭാഗത്ത് ശക്തമാകുമ്പോഴും സംസ്ഥാനത്തേക്ക് ലഹരി മരുന്ന ഒഴുകുകയാണ് . ബാംഗ്ലൂരിൽ നിന്ന് ടൂറിസ്റ്റ് ബസ്സിൽ കോയമ്പത്തൂരിൽ വന്നിറങ്ങി കെഎസ്ആർടിസി ബസ്സിൽ തൃശ്ശൂരിലേക്ക് പോകവേയാണ് പുതുക്കാട് സ്വദേശി ദീക്ഷിദിന എക്സൈസ് സംഘം പരിശോധിക്കുന്നത്.ബാഗിൽ എന്താണെന്ന ചോദ്യത്തിന് അരിയാണെന്നാണ് നൽകിയ മറുപടി.പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ഒരു കിലോ 40 ഗ്രാം എംഡി എംഎയാണ് കണ്ടെടുത്തത്.ബാംഗ്ലൂരിൽ നിന്ന് രണ്ട് ലക്ഷം രൂപയ്ക്കാണ് എംഡി എം എ വാങ്ങിച്ചതെന്ന് ഇയാൾ മൊഴി നൽകി.പാലക്കാട് ഇന്ന് പുലർച്ചെ പോലീസ് നടത്തിയ പരിശോധനയിൽ കെഎസ്ആർടിസി ബസ്റ്റാൻറിന് സമീപത്ത് വച്ച് 650 ഗ്രാം എം ഡി എം എയുമായി രണ്ട് പട്ടാമ്പി സ്വദേശികളെ പിടികൂടിയിരുന്നു.കോഴിക്കോട് ഡാൻസാഫ് സംഘത്തിൻറെ പരിശോധനയിൽ രണ്ട് യുവതികൾ ഉൾപ്പെടെനാലു പേരാണ് 27 ഗ്രാം എംഡിഎംഐയുമായി പിടിയിലാകുന്നത്.കണ്ണൂരിൽ 115 ഗ്രാം കഞ്ചാവുമായി സിനിമ അസിസ്റ്റൻറ് ഡയറക്ടർ നതീഷിനെ പോലീസ് പിടികൂടിയിട്ടുണ്ട്
പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് മാര്‍ച്ച്
കൊച്ചി.മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ നേരിയ സംഘർഷം.പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അടക്കമുള്ള പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.മകൾക്ക് വേണ്ടി വഴിവിട്ട സഹായം നൽകുന്ന മുഖ്യമന്ത്രിയെ തിരുത്താൻ പാർട്ടി നേതൃത്വത്തിന് പോലും സാധിക്കുന്നില്ലെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് രമേശ് ചെന്നിത്തല വിമർശിച്ചു
വലിയപാടം സ്വദേശിയെ കാപ്പാ പ്രകാരം നാട് കടത്തി
പടിഞ്ഞാറേ കല്ലട . വലിയപാടം വിപിൻ മന്ദിരത്തിൽ വിൻസെന്റ് മകൻ വിപിൻ വിൻസെന്റ് (26)നെ കേരളാ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം 15 , ഉപവകുപ്പ് പ്രകാരം നാടുകടത്തി .ആറു മാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ട് DIG ആണ് ഉത്തരവ് ഇറക്കിയത്
ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ 03 കേസുകളിൽ പ്രതിയായി ഉൾപ്പെട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉണർത്തുന്നയാള്‍ എന്ന നിലക്കാണ് നടപടി.
04-12-2022 ല്‍ശൂരനാട് സ്വദേശിയായ ജിഷ്ണു മനോജും കൂട്ടുകാരൻ അനന്തകൃഷണനുമായി ആദിക്കാട്-വിളന്തറ റോഡെ ബൈക്കിൽ പോയി മരിയപുരം ഫിഷർമെൻ കോളനിക്ക് മുൻവശം എത്തിയ സമയം വിപിൻ വിൻസെന്റ കൂട്ടാളികളും ചേര്‍ന്ന് കമ്പിവടി കൊണ്ട് തലയ്ക്കു അടിച്ച പരുക്കേല്‍പ്പിച്ച കേസ്സിലും
മൈനാഗപ്പള്ളി കോവൂര്‍ സ്വദേശി പ്രവീണ്‍ എന്നയാളിന്റെ സുഹൃത്തായ അഖിലിനെ ഉപദ്രവിച്ചപ്പോൾ ആവലാതിക്കാരൻ ആശുപത്രിയിൽ കൊണ്ടു പോയതിലും പോലീസിൽ പരാതി കൊടുത്തതിലുമുള്ള വിരോധം നിമിത്തം 30.09.2024 തീയതി രാത്രി 8 മണി കഴിഞ്ഞ് സ്കോർപ്പിയോ കാറിലുമായി പത്തോളം പേർ ആവലാതികാരന്റെ വീട്ടിൽ കമ്പി വടിയും ,വാളും, കമ്പുകളുമായി വീടിനുള്ളിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചും ആവലാതികാരന്റെ അമ്മയെ ഭീക്ഷണിപ്പെടുത്തിയും, വീട്ടിലെ ജനൽ ചില്ലുകളും ചെടി ചെട്ടികളും പൊട്ടിച്ചും, തുടർന്ന് പരാതി സ്റ്റേഷനിലേക്ക് വന്ന ആവലാതിക്കാരനെ ഉപദ്രവിക്കാൻ വന്ന് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചും ആവലാതികാരന്റെ വീടിന്റെ ജനൽഗ്ലാസും ചെടിചെട്ടികളും പൊട്ടിക്കുകയും കേസ്സിലും .
22.01.2025, രാത്രി 07.30 മണിക്ക് പടിഞ്ഞാറേ കല്ലട സ്വദേശിനിയെയും കുടുംബത്തെയും ഉപദ്രവിക്കുകയും ആവലാതിക്കാരിയുടെ ഭർത്താവിന്റെ മൂന്ന് പവൻ മാല നഷ്ടപ്പെടുവാന്‍ ഇടയാക്കുകയും ചെയ്ത കേസിലും പ്രതിയാണ് . കൂടാതെ ഇയാള്‍ സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളും ആണ്
ശാസ്താംകോട്ട ഇന്‍സ്പെക്ടര്‍ SHO ആയ കെ ബി മനോജ് കുമാര്‍ കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി KM സബ് മാത്യു IPS ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ബഹു തിരുവനന്തപുരം റേഞ്ച് DIG അജിത ബീഗം IPS നു സമര്‍പ്പിക്കുകയും DIG ഉത്തരവ് പുറപ്പെടുവിക്കുകയും ആയിരുന്നു






































