90 കളിലെ സിനിമാ ആസ്വാദകർക്ക് മറക്കാൻ പറ്റാത്ത ചില ചിത്രങ്ങളാണ് കൊച്ചു കൊച്ചു സന്തോഷങ്ങളും അഴകിയ രാവണനും. രണ്ടിലെയും നൃത്ത രംഗങ്ങൾക്ക് ഇന്നും ആരാധകർ ഏറെ. കൊച്ചുകൊച്ചു സന്തോഷങ്ങളിൽ ലക്ഷ്മി ഗോപാലസ്വാമിയ്ക്കൊപ്പം അരങ്ങുതകർത്ത താരം, പ്രണയമണിത്തൂവൽ പൊഴിയും പവിഴമഴ എന്ന ഗാനത്തിലെ സൗന്ദര്യം, ഭാനുപ്രിയ എന്ന മലയാളത്തിന്റെ പ്രിയങ്കരിയായ നടി ഇന്ന് മറവി രോഗത്തിന്റെ പിടിയിലാണ്.
സൂപ്പർ താരങ്ങളുടെ നായിക
ആന്ധ്ര സ്വദേശിയാണെങ്കിലും മലയാളത്തിലെ സൂപ്പർ താരങ്ങളുടെ നായികയായിരുന്നു ഭാനുപ്രിയ. 1992-ൽ രാജശില്പി എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി ഭാനുപ്രിയ മലയാളത്തിൽ തുടക്കം കുറിച്ചു. ഇതിനൊപ്പം തമിഴും തെലുങ്കും കന്നടയിലും അവസരങ്ങൾ തേടിയെത്തിയ ഭാനുപ്രിയ പിന്നീട് മലയാളത്തിലേക്ക് എത്തിയത് 1995 ൽ സുരേഷ് ഗോപിയുടെ ഹൈവേ എന്ന ചിത്രത്തിൽ.
തൊട്ടടുത്ത വർഷം ഭാനുപ്രിയ മമ്മൂട്ടിയുടെ നായികയായി. മമ്മൂട്ടിയെ നായകനാക്കി കമൽ സംവിധാനം ചെയ്ത ‘അഴകിയ രാവണനി’ൽ അവർ അഭിനയിച്ചു. കുട്ടിശങ്കരൻ എന്ന നായക കഥാപാത്രത്തിനൊപ്പം സിനിമയിലുടനീളം നിറഞ്ഞു നിന്ന അനുരാധ എന്ന കഥാപാത്രം. പിന്നീട് ലെനിൻ രാജേന്ദ്രന്റെ ‘കുല’ത്തിലും സുരേഷ് ഗോപിയുടെ നായികയായി. 2000 ത്തിൽ കൊച്ചുകൊച്ചു സന്തോഷങ്ങളിലെ മായ വർഷഎന്ന കഥാപത്രം ജയറാമിനൊപ്പം അവതരിപ്പിച്ചു. മഞ്ഞുപോലൊരു പെൺകുട്ടി, ഹൃദയത്തിൽ സൂക്ഷിക്കാൻ, രാത്രി മഴ എന്നിവയാണ് ഭാനുപ്രിയ പിന്നീട് മലയാളത്തിൽ ചെയ്ത ചിത്രങ്ങൾ.
വിവാഹ ജീവിതം
1998 ല്‍ ആദര്‍ശ് കൗശാലുമായി ഭാനുപ്രിയ വിവാഹം നടന്നു. വിവാഹ ശേഷവും ഭാനുപ്രിയ അഭിനയം തുടര്‍ന്നു. മഞ്ഞുപോലൊരു പെണ്‍കുട്ടി, തെലുങ്ക് ചിത്രമായ ‘ലഹരി ലഹരി ലഹരിലോ’, തമിഴിൽ ‘നൈന’, കന്നഡയിൽ ‘കദംബ’ എന്നി ചിത്രങ്ങളില്‍ ഇക്കാലയളവില്‍ ഭാനുപ്രിയ അഭിനയിച്ചവയാണ്. 2005 ല്‍ ഭാനുപ്രിയ വിവാഹ ബന്ധം വേര്‍പ്പെടുത്തി. ഈ ബന്ധത്തില്‍ അഭിനയ എന്നൊരു മകളുണ്ട്. 2018 ല്‍ മുന്‍ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചതോടെ ഭാനുപ്രിയയുടെ ജീവിതത്തില്‍ പ്രതിസന്ധികളും ആരംഭിച്ചു.
മറവിയിലേക്ക്
താമസിയാതെ, ഭാനുപ്രിയ ഓർമ്മക്കുറവിലേക്ക് എത്തി. ദൈനംദിന ജീവിതത്തെയും ഇഷ്ടങ്ങളെയും ബാധിക്കാന്‍ തുടങ്ങി. ചെറുപ്പം മുതല്‍ നൃത്തത്തില്‍ താല്‍പര്യമുണ്ടായിരുന്ന ചലച്ചിത്രമേഖലയിലും പൊതുജീവിതത്തിലും സ്വന്തമായി ഒരിടം കണ്ടെത്തിയ ഭാനുപ്രിയയ്ക്ക് പിന്നീട് ഇവയില്‍ താത്പര്യം നഷ്ടപ്പെട്ടു.
”എനിക്ക് സുഖം തോന്നുന്നില്ല. മറവിയുടെ പ്രശ്നമുണ്ട്. പഠിച്ച കാര്യങ്ങള്‍ മറുന്നു പോകുന്നു. ഡാന്‍സില്‍ താല്‍പര്യമില്ല. വീട്ടില്‍ പോലും ഇപ്പോള്‍ നൃത്തം പരിശീലിക്കാറില്ല”, രണ്ടു വര്‍ഷം മുന്‍പ് ഒരു അഭിമുഖത്തില്‍ ഭാനുപ്രിയ പറഞ്ഞു. രോഗം ഗുരുതരമായ അവസ്ഥയിലെത്തിയതോടെ സിനിമയുടെ ചിത്രീകരണ സമയത്ത് സ്വന്തം സംഭാഷണങ്ങൾ പോലും മറന്നുപോകുന്ന അവസ്ഥയുണ്ടായതായും ഭാനുമതി പറയുന്നു. “‘സില നേരങ്ങളിൽ സില മനിതർകൾ’ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. ഡയറക്ടർ ‘ആക്ഷൻ’ എന്ന് പറയുമ്പോൾ എന്റെ സംഭാഷണങ്ങൾ ഞാൻ മറന്നുപോയി” ഭാനുപ്രിയ വെളിപ്പെടുത്തി.
അവസാനമായി ശിവകാർത്തികേയന്റെ ‘അയലാൻ’ (2024) എന്ന സിനിമയിലാണ് ഭാനുപ്രിയ അഭിനയിച്ചത്.






































