ഒമാന്‍ തീരത്ത് വച്ച് എണ്ണക്കപ്പലിന് നേരെയുണ്ടായ ഇറാന്‍റെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം മൂന്നായി. ബോംബ് നിറച്ച ഡ്രോണുള്ള ബോട്ടാണ് എംകെഡി വ്യോം എന്ന കപ്പലിലേക്ക് ഇന്നലെ ഇടിച്ചുകയറ്റിയത്. നാവികരില്‍ ഒരാളുടെ മരണം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. മാര്‍ഷല്‍ ഐലന്‍ഡ്സിന്‍റെ പതാകയുള്ള കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. 16 ഇന്ത്യക്കാരും നാല് ബംഗ്ലദേശികളും ഒരു യുക്രെയ്ന്‍കാരനുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
ബോട്ട് വന്നിടിച്ചതിന് പിന്നാലെ വലിയ സ്ഫോടനവും പൊട്ടിത്തെറിയും ഉണ്ടായി. തല്‍ക്ഷണം ഒരാള്‍ മരിക്കുകയായിരുന്നുവെന്ന് മാരിടൈം ഡേറ്റ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇറാന്‍ സൈന്യം ഏറ്റെടുത്തിട്ടില്ല. ഒമാന്‍ തലസ്ഥാനമായ മസ്കറ്റിന് 44.4 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു സംഭവ സമയത്ത് കപ്പല്‍. ഇത്തരം ആക്രമണങ്ങള്‍ ആഗോള എണ്ണ ഗതാഗതത്തെ തടസപ്പെടുത്തുമെന്നും ഗുരുതര പ്രതിസന്ധിയിലേക്ക് ലോകത്തെ തള്ളിയിടുമെന്നും ഷിപ്പിങ് വിദഗ്ധര്‍ പറയുന്നു.
ഇതാദ്യമായാണ് മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ കൊല്ലപ്പെടുന്നത്. എണ്ണക്കപ്പലിന്‍റെ എന്‍ജിന്‍ റൂമിലുണ്ടായിരുന്ന നാവികനാണ് ആദ്യം കൊല്ലപ്പെട്ടത്. സ്കൈലൈറ്റ് എന്ന മറ്റൊരു എണ്ണക്കപ്പലിന് നേരെയും ഇന്നല ആക്രമണം ഉണ്ടായിരുന്നു. ഇതിലുണ്ടായിരുന്ന 20 ജീവനക്കാരില്‍ 15 ഉം ഇന്ത്യക്കാരും അഞ്ചുപേര്‍ ഇറാന്‍ പൗരന്‍മാരുമായിരുന്നു. ഈ സംഘത്തിലെ നാലുപേര്‍ക്ക് പരുക്കേറ്റു. എല്ലാവരെയും സുരക്ഷിതമായി കപ്പലില്‍ നിന്ന് മാറ്റിയെന്നും ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്‍റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.




























