Home News Breaking News പാക്, ചൈന അധിനിവേശ കശ്‌മീർ ഉള്‍പ്പെടുത്തിയ ഭൂപടം പുറത്ത് വിട്ട് അമേരിക്ക; മുഴുവൻ കശ്‌മീരും ഇന്ത്യയുടെ...

പാക്, ചൈന അധിനിവേശ കശ്‌മീർ ഉള്‍പ്പെടുത്തിയ ഭൂപടം പുറത്ത് വിട്ട് അമേരിക്ക; മുഴുവൻ കശ്‌മീരും ഇന്ത്യയുടെ ഭാഗം

Advertisement

വാഷിങ്‌ടൺ: ഇന്ത്യ- യുഎസ് ഇടക്കാല വ്യാപാര കരാർ പ്രഖ്യാപനത്തിനിടെ ശ്രദ്ധയാകർഷിച്ച് ഇന്ത്യയുടെ ഭൂപടം. യുഎസ്‌ടിആർ (യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസൻ്റേറ്റീവ്) ഓഫിസാണ് ഇന്ത്യയുടെ ഭൂപടം വെള്ളിയാഴ്‌ച പുറത്തിറക്കിയത്. യുഎസ്‌ടിആർ എക്‌സിൽ പോസ്റ്റ് ചെയ്‌ത ഇന്ത്യയുടെ ഭൂപടത്തിൽ പാകിസ്ഥാൻ അധിനിവേശ കശ്‌മിർ ഉൾപ്പെടെയുള്ള ജമ്മു കശ്‌മിരിൻ്റെ മുഴുവൻ പ്രദേശവും ഉൾപ്പെടുത്തിയിരിക്കുന്നു.

കൂടാതെ ചൈന അവകാശപ്പെടുന്ന അക്‌സായി ചിൻ പ്രദേശവും ഇന്ത്യയുടെ ഭാഗമായി മാപ്പിൽ ചിത്രീകരിച്ചിരിച്ചിട്ടുണ്ട്. അയൽരാജ്യങ്ങളുമായി പ്രദേശിക തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അമേരിക്ക ഇന്ത്യയുടെ ഭൂപടം പോസ്റ്റ് ചെയ്‌തിരിക്കുന്നത്. പാകിസ്ഥാൻ അധിനിവേശ കശ്‌മിർ, അക്‌സായി ചിൻ എന്നീ തർക്ക മേഖലകളുടെ അതിർത്തികൾ ഒരു രേഖയോടെയെണ് ഭൂപടങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്.

യുഎസ്‌ടി‌ആർ പുറപ്പെടുവിച്ച ഇന്ത്യയുടെ ഭൂപടത്തിൽ ഈ രണ്ട് പ്രദേശങ്ങൾ ഉൾപ്പെടെ ജമ്മു കശ്‌മിരിൻ്റെ മുഴുവൻ പ്രദേശവും ഇന്ത്യയുടെ ഭാഗമായി കാണിച്ചിട്ടുണ്ട്. ചരിത്രപരമായ അവകാശവാദങ്ങളുടെയും മുൻകാല ഉടമ്പടികളുടെയും അടിസ്ഥാനത്തിൽ അക്‌സായി ചിൻ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നാണ് ഇന്ത്യയുടെ വാദം. എന്നാൽ ഇന്ത്യൻ പ്രദേശങ്ങളിൽ ചൈനയും അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ട്.

ചൈന പുറത്തിറക്കിയ ഈ സ്റ്റാൻഡേർഡ് മാപ്പിൽ, അരുണാചൽ പ്രദേശ്, അക്‌സായി ചിൻ, തായ്‌വാൻ, ദക്ഷിണ ചൈനാ കടൽ എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇന്ത്യ അമേരിക്ക ചർച്ച വ്യാപാര കരാർ യാഥാർഥ്യമായതിന് പിന്നാലെയാണ് അമേരിക്കയുടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസൻ്റേറ്റീവ് പുറത്ത് വിട്ട ഭൂപടവും ചർച്ചയാകർഷിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിൻ്റെ പേരിൽ ഇന്ത്യക്ക് മേൽ ചുമത്തിയ അധിക തീരുവ പിൻവലിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പ് വച്ചത്. റഷ്യൻ എണ്ണ വാങ്ങിയതിൻ്റെ പേരിൽ ഇന്ത്യയിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും കഴിഞ്ഞ വർഷം 25 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചിരുന്നു. ഇത് പിൻവലിക്കുന്ന ഉത്തരവിലാണ് ട്രംപ് ഒപ്പുവച്ചതെന്ന് വൈറ്റ് ഹൗസും സ്ഥിരീകരിച്ചു.

റഷ്യയുടെ യുക്രെയ്‌നിനെതിരായ നടപടികളും റഷ്യൻ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുന്നു എന്നിങ്ങനെ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് 2025 ഓഗസ്‌റ്റിൽ ഇന്ത്യൻ ഇറക്കുമതികൾക്ക് 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് ഇന്ത്യയ്ക്കുമേലുള്ള തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്ന പ്രഖ്യാപനവുമായി അമേരിക്ക രംഗത്ത് എത്തിയത്. കരാറിൽ ഒപ്പുവെച്ചത് സംബന്ധിച്ച സംയുക്ത പ്രസ്‌താവന ഇരു രാജ്യങ്ങളും പുറത്തുവിടുകയും ചെയ്യുകയായിരുന്നു.

Advertisement