തിരുവള്ളൂർ( തമിഴ് നാട്) .നടുറോഡിൽ രണ്ടുപേരെ അടിച്ചുകൊന്നു. നാല് പേർ പിടിയിൽ ബൈക്കിന്റെ അമിത വേഗം ചോദ്യം ചെയ്തത് പ്രകോപനം
തമിഴ്നാട് തിരുവള്ളൂരിൽ രണ്ടുപേരെ അടിച്ചുകൊലപ്പെടുത്തി. തിരുപ്പതി-ചെന്നൈ ദേശീയ പാതയിൽ ഒണ്ടിയക്കുപ്പത്താണ് ആക്രണം.ഒണ്ടിക്കുപ്പം സ്വദേശികളായ പാർത്ഥിപൻ, സുകുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാൾ ഗുരുതര പരുക്കുകളോടെ ചികിത്സയിലുണ്ട്. കേസിൽ നാലുപേരെ പൊലിസ് അറസ്റ്റ് ചെയ്തു.മർദന ദൃശ്യങ്ങൾപ്രചരിച്ചു.
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. അമിതവേഗത്തിൽ ബൈക്കോടിച്ചത് ചോദ്യം ചെയ്തതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. മൂന്നുപേരെയും റോഡിലിട്ട് കല്ലുകൊണ്ടും വടികൊണ്ടും മർദിച്ചു. യുവാക്കൾ ബോധരഹിതരായപ്പോൾ തിരികെ പോയി. പൊലിസെത്തി നടത്തിയ പരിശോധനയിലാണ് രണ്ടുപേരും കൊല്ലപ്പെട്ടുവെന്ന് മനസിലായത്. മർദനത്തിൽ ഗുരുതര പരുക്കേറ്റ കേശവമൂർത്തിയെ തിരുവള്ളൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്ന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചായിരുന്നു അന്വേഷണം. മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികൾ പൊലിസ് വലയിലായി. ഒണ്ടിക്കുപ്പം സ്വദേശികളായ ജവഹർ,വിനോദ്കുമാർ,ജ്യോതിഷ്,നാലകണ്ഠൻ എന്നിവരാണ് പിടിയിലായത്. സംഭവസമയം ഇവർ മദ്യപിച്ചിരുന്നതായി പൊലിസ് പറഞ്ഞു. ബൈക്കോടിച്ചത് ചോദ്യം ചെയ്ത ദേഷ്യത്തിൽ മർദിയ്ക്കുകയായിരുന്നുവെന്ന് പ്രതികൾ പൊലിസിന് മൊഴി നൽകി. അറസ്റ്റ് ചെയ്യാൻ പൊലിസെത്തിയപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഓടുന്നതിനിടെ വീണ് രണ്ട് പ്രതികൾക്ക് കാലിനും കൈക്കും പരുക്കേറ്റു.







































