മുംബൈ: ഇന്ത്യൻ ടി20 ടീമിന്‍റെ നായകനായ സൂര്യകുമാര്‍ യാദവിനെതിരെ ആരോപണമുന്നയിച്ച ബോളിവുഡ് നടി ഖുഷി മുഖര്‍ജിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് മുംബൈയിലെ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ ഫൈസാന്‍ അന്‍സാരി. കഴിഞ്ഞ മാസം കിഡ്ഡൻ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സൂര്യകുമാര്‍ യാദവ് തനിക്ക് മുമ്പ് ഇടക്കിടെ സന്ദേശങ്ങള്‍ അയക്കാറുണ്ടായിരുന്നുവെന്ന് ഖുഷി മുഖര്‍ജി ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സൂര്യകുമാര്‍ യാദവിന്‍റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നതാണെന്നും കാണിച്ചാണ് അന്‍സാരി 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
ആരോപണം ഉന്നയിച്ച നടിയെ തനിക്ക് നന്നായി അറിയാമെന്നും ഇന്ത്യയുടെ അഭിമാനമായ താരത്തിനെതിരെ തെറ്റായ ആരോപണമാണ് നടി ഉന്നയിച്ചിരിക്കുന്നതെന്നും അന്‍സാരി പറഞ്ഞു. സൂര്യകുമാര്‍ യാദവിന് പോയിട്ട് അദ്ദേഹത്തിന്‍റെ വീട്ടിലെ വാച്ച്മാന് പോലും ആരാണ് ഖുഷി മുഖര്‍ജി എന്ന് അറിയില്ലെന്നും അതുകൊണ്ടാണ് താന്‍ നേരിട്ടെത്തി ഗാസിപൂരില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തതെന്നും അന്‍സാരി വ്യക്തമാക്കി.
വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച ഖുഷി മുഖര്‍ജിയെ ഏഴ് വര്‍ഷം വരെ തടവിലിടണമെന്നും ആരോപണങ്ങള്‍ ശരിയാണെന്ന് നടി തെളിയിച്ചാല്‍ എന്ത് പ്രത്യാഘാതം നേരിടാനും താന്‍ തയാറാണെന്നും അന്‍സാരി വ്യക്തമാക്കി. സൂര്യകുമാര്‍ യാദവ് വാട്സാപ്പില്‍ ചാറ്റ് മെസേജുകള്‍ അയച്ചുവെന്ന് പറയുന്നത് പ്രശസ്തി കിട്ടാനുള്ള കുറുക്കുവഴിയായി മാത്രമെ കാണാനാവുവെന്നും അന്‍സാരി പറഞ്ഞു.


































