നടുക്കം മാറാതെ രാജ്യതലസ്ഥാനം; എന്താണ് സംഭവിച്ചത്, സ്ഫോടനം നടന്ന ഐ20 കാർ ഓടിച്ചതാര്? ഭീകരാക്രമണമെന്ന് സൂചന, എല്ലാ വിവരങ്ങളും അറിയാം

Advertisement

രാജ്യതലസ്ഥാനത്തെ ഓൾഡ് ഡൽഹി പതിവ് പോലെ ഇന്നലെയും തിക്കേറിയ പായുകയായിരുന്നു. ചരിത്ര പ്രാധാന്യം ഏറെയുള്ള ചെങ്കോട്ടയ്ക്ക് സമീപമുള്ള മെട്രോ സ്റ്റേഷന് മുന്നിൽ ട്രാഫിക് സിഗ്നലിലേക്ക് മെല്ലെ എത്തുന്ന ഒരു ഹ്യൂണ്ടായത് ഐ 20 കാർ. വൈകുന്നേരം 6.55ഓടെ ആ കാർ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. ഡൽഹിയാകെ ആ അപ്രതീക്ഷിതമായ സ്ഫോടനത്തിൽ നടുങ്ങി. സമീപത്തുണ്ടായിരുന്ന കാറുകൾ, ഓട്ടോറിക്ഷകൾ, സൈക്കിൾ റിക്ഷകൾ എന്നിവ തകർന്നു. ഒരു കിലോമീറ്റർ അകലെ വരെ പ്രകമ്പനം അനുഭവപ്പെട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു. രാജ്യത്തിൻറെ തലസ്ഥാനം ഉടൻ തന്നെ കനത്ത സുരക്ഷാ വലയത്തിലായി. ഫയർഫോഴ്സ് രക്ഷാപ്രവർത്തനങ്ങൾ തുടങ്ങി. എൻഐഎയും എസ്എസ്‍ജിയും അടക്കമുള്ള ഏജൻസികൾ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് അധികം വൈകാതെ തന്നെ എത്തി. രാജ്യത്തോട് കാര്യങ്ങൾ വിശദീകരിച്ചു. എട്ട് പേരാണ് സ്ഫോടനത്തിൽ മരിച്ചതെന്നാണ് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിട്ടുള്ളത്.

കാർ ഓടിച്ചത് ഉമർ മുഹമ്മദ്? ഫരീദാബാദ് ഭീകരസംഘത്തിൽ പൊലീസ് തെരയുന്ന വ്യക്തി


സ്ഫോടനത്തിന് ഉപയോഗിച്ച കാർ ഓടിച്ചത് ഉമർ മുഹമ്മദെന്ന് സൂചന. ഫരീദാബാദ് ഭീകര സംഘത്തിൽ പൊലീസ് തെരയുന്ന വ്യക്തിയാണ് ഇയാളെന്നാണ് ഡൽഹി പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. ഭീകരവാദിയായ ഉമർ മുഹമ്മദാണ് കാർ ഓടിച്ച് ചെങ്കോട്ടയിലെത്തിയതെന്നാണ് സംശയിക്കുന്നത്. സ്ഫോടനം നടന്ന ഐ20 കാറിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഇയാളുടേതാണോയെന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. കറുത്ത മാസ്കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇത് ഉമർ മുഹമ്മദാണെന്നകാര്യമടക്കമാണ് പൊലീസ് പരിശോധിക്കുന്നത്. മാസ്ക് ധരിച്ച ഒരാൾ കാർ ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

രാജ്യത്തെ നടുക്കിയ ഡൽഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ യുഎപിഎ വകുപ്പ് ചുമത്തി ഡൽഹി പൊലീസ് കേസെടുത്തു. എട്ടുപേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, 13പേർ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോർട്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത. 30ലേറെ പേർ പരിക്കേറ്റ് ചികിത്സയിലാണ്. കൊല്ലപ്പെട്ടവർ ഡൽഹി, യുപി സ്വദേശികളാണെന്നാണ് വിവരം. ഭീകരാക്രമണമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. സ്ഫോടനത്തിൻറെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം വിലയിരുത്തി. നടന്നത് ചാവേറാക്രമണമാണെന്നാണ് സൂചന.

ഹരിയാനയിൽ അറസ്റ്റിലായ ഡോക്ട‍ർമാർക്ക് ബന്ധമെന്നും സംശയം

ഹരിയാനയിൽ അറസ്റ്റിലായ രണ്ട് ഡോക്ടർമാർക്ക് ഈ സ്ഫോടനത്തിൽ പങ്കുള്ളതായാണ് സംശയം. ഡൽഹി പൊലീസ് അനൗദ്യോഗികമായി നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടന്നത് ഭീകരാക്രമണം ആണെന്ന സംശയം ശക്തമാകുന്നത്. ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഹരിയാനയിലെ ഫരീദാബാദിലുള്ള ഒരു മെഡിക്കൽ കോളേജുമായി ബന്ധമുള്ള ഡോക്ടർമാരിൽ നിന്ന്, സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, ഒരു അസോൾട്ട് റൈഫിൾ, വൻ ആയുധ ശേഖരം എന്നിവ പിടിച്ചെടുത്തത്.

പൊട്ടിത്തെറിച്ച കാറിൻറെ ഉടമ

ചെങ്കോട്ടയിലെ സ്ഫോടനത്തിന് ഉപയോഗിച്ച കാറിന്റെ നിലവിലെ ഉടമ ജമ്മു കശ്മീരിലെ പുൽവാമ സ്വദേശി താരിഖ് എന്ന് സൂചന. മൊഹമ്മദ് സൽമാൻ ആയിരുന്നു വാഹനത്തിൻറെ ആദ്യ ഉടമ. സൽമാനെ ഡൽഹി പൊലീസിന് കൈമാറിയെന്ന് ഹരിയാന പൊലീസ് വിശദമാക്കുന്നത്. വാഹനം സാമ്പത്തിക ഞെരുക്കം കാരണം വിറ്റെന്ന് സൽമാൻറെ ഭാര്യ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. കാർ സൽമാനിൽ നിന്ന് വാങ്ങിയ ദേവേന്ദറും പൊലീസ് കസ്റ്റഡിയിൽ. മറ്റൊരാൾക്ക് കാർ കൈമാറിയെന്ന് ദേവേന്ദർ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. ദേവേന്ദറിൽ നിന്ന് വണ്ടി വാങ്ങിയത് അമീർ എന്നയാളാണ് വാഹനം വാങ്ങിയതെന്നാണ് വിവരം. അമീറിൽ നിന്നാണ് പുൽവാമ സ്വദേശി താരിഖ് വാഹനം വാങ്ങിയത്. താരിഖ് വാഹനം ഉമ്മർ മുഹമ്മദിന് കൈമാറിയെന്നുമാണ് വിവരം. ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ചത് എച്ച് ആർ 26 ഇ 7674 എന്ന നമ്പറിലുള്ള വാഹനമെന്നാണ് പുറത്ത് വരുന്ന വിവരം.

ലക്ഷ്യമിട്ട് ചാന്ദ്നിചൗക്ക്

ചെങ്കോട്ടയിലെ പാർക്കിങിൽ പുറത്തേക്ക് വരുന്ന കാറിൽ ഡ്രൈവിങ് സീറ്റിൽ ഒരാളെ മാത്രമാണ് കാണുന്നത്. ഇതിനാൽ സ്ഫോടനം നടക്കുമ്പോൾ കാറിൽ ഒരാൾ മാത്രമാണോ ഉണ്ടായിരുന്നതെന്നും സംശയിക്കുന്നുണ്ട്. കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്നു മണിക്കൂർ നിർത്തിയിട്ടു. ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്നാണ് സൂചന. തിരക്കേറിയ സ്ഥലത്ത് സ്ഫോടനം നടത്താൻ പദ്ധതിയിട്ടുവെന്നാണ് വിവരം. ട്രാഫിക്ക് സിഗ്നൽ കാരണം വണ്ടി നിർത്തേണ്ടി വന്നതോടെയാണ് മാർക്കറ്റിന് സമീപത്തേക്ക് കാർ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം.

ഒന്നിലധികം ഏജൻസികളുടെ അന്വേഷണം

സ്ഫോടകവസ്തുക്കളുടെ ഫോറൻസിക് പരിശോധനകൾ കൂടാതെ, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ടവറുകളിൽ നിന്നുള്ള കോൾ രേഖകൾ, ദൃക്‌സാക്ഷികളെ ചോദ്യം ചെയ്യൽ, ഇൻറലിജൻസ് ഏജൻസികളിൽ നിന്നുള്ള എല്ലാ മുന്നറിയിപ്പുകളും പരിശോധിക്കൽ എന്നിവ പൊലീസ് നടത്തുന്നുണ്ട്. ജമ്മു കശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ മറുപടിയായ ഓപ്പറേഷൻ സിന്ദൂറിന് മാസങ്ങൾക്ക് ശേഷമാണ് സ്ഫോടനം സംഭവിച്ചത്. ഇത് ഒരു ഭീകരാക്രമണമാണോ എന്ന് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും, അടുത്ത ഘട്ടങ്ങളിലെ പ്രവർത്തനങ്ങൾ അധികൃതർ ഒരു റിസ്കുമെടുക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കുന്നു.

അമിത് ഷായുടെ പ്രതികരണം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ കേസിൽ ഏകോപിപ്പിച്ച മൾട്ടി-ഏജൻസി അന്വേഷണത്തിന് ഉത്തരവിട്ടു. ദേശീയ അന്വേഷണ ഏജൻസി, ദേശീയ സുരക്ഷാ ഗാർഡ്, ഫോറൻസിക് സയൻസ് ലബോറട്ടറി, ദില്ലി പൊലീസ് എന്നിവരാണ് അന്വേഷണത്തിൽ പങ്കുചേരുന്ന പ്രധാന ഏജൻസികൾ. അർദ്ധസൈനിക വിഭാഗങ്ങളെയും വിളിച്ചിട്ടുണ്ട്. സ്ഫോടനത്തിൻറെ കാരണവും സ്വഭാവവും സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താനും എത്രയും വേഗം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ബന്ധപ്പെട്ട എല്ലാ ഏജൻസികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Advertisement