കൊല്ലം: കണ്ണനല്ലൂരിൽ നിർമ്മാണത്തിലിരുന്ന വീട് ന്റെ കോൺക്രീറ്റ് ഭാഗം തകർന്നു വീണ് ഇലക്ട്രീഷ്യൻ മരിച്ചു. ഇടുക്കി വാഗമൺ സ്വദേശിയും നിലവിൽ അഷ്ടമുടിയിൽ താമസക്കാരനുമായ രാധാകൃഷ്ണൻ (50) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കുണ്ടറ അമ്പിളിപ്പൊയ്ക സ്വദേശി സലീമിന് (49) പരിക്കേറ്റു.
ഇന്നലെ വൈകിട്ട് 4 മണിയോടെ കണ്ണനല്ലൂർ പള്ളിക്ക് സമീപം വാലിമുക്കിലായിരുന്നു അപകടം. ഇവിടെ ഒരു പറമ്പിൽ ഒട്ടേറെ വീടുകളുടെ നിർമ്മാണം നടന്നുവരികയാണ്. അതിൽ ഒരു വീട്ടിലാണ് അപകടമുണ്ടായത്. വീടിന്റെ മുകളിലത്തെ നിലയിൽ കൂരയുടെ മാതൃകയിൽ നിർമ്മാണം പൂർത്തിയായ ഭാഗത്ത് വയറിങ് ജോലികളുടെ ഭാഗമായി ഡ്രില്ലിങ് ചെയ്തുകൊണ്ടിരിക്കെ സ്ലാബ് തകർന്നു വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാധാകൃഷ്ണന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദ്ദേഹം ശങ്കേഴ്സ് ആശുപത്രി മോർച്ചറിയിൽ.പരിക്കേറ്റ സലീം നിലവിൽ ചികിത്സയിലാണ്. സംഭവത്തിൽ കൊട്ടിയം പൊലീസ് കേസെടുത്തു.






























