Home News Local എൽഡിഎഫിനെ പോലെ സ്ത്രീവിരുദ്ധരെ സംരക്ഷിക്കുന്ന പാർട്ടിയല്ല യുഡിഎഫ്:വി.ഡി സതീശൻ

എൽഡിഎഫിനെ പോലെ സ്ത്രീവിരുദ്ധരെ സംരക്ഷിക്കുന്ന പാർട്ടിയല്ല യുഡിഎഫ്:വി.ഡി സതീശൻ

Advertisement

​കുന്നത്തൂർ:സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നവരെ സംരക്ഷിക്കുന്ന പാരമ്പര്യം യുഡിഎഫിനില്ലെന്നും അത്തരക്കാരെ താലോലിക്കുന്ന നിലപാടല്ല മുന്നണി സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.കുന്നത്തൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന നേതൃസംഗമം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കായംകുളം എംഎൽഎ യു.പ്രതിഭയ്ക്കെതിരെ മുസ്ലിം ലീഗ് നേതാവ് ഇർഷാദ് ചക്കാലശ്ശേരി നടത്തിയത് അങ്ങേയറ്റം അപലപനീയമായ പരാമർശമാണ്.യുഡിഎഫ് അത്തരം നിലപാടിനെ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ല.അതുകൊണ്ട് തന്നെയാണ് ഇർഷാദിനെ കൺവീനർ സ്ഥാനത്ത് നിന്ന് നീക്കാനും ലീഗ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാനും മിനിറ്റുകൾക്കുള്ളിൽ തീരുമാനമെടുത്തത്. തെറ്റ് ചെയ്യുന്നവരെ കൈയൊഴിയുന്ന നിലപാടാണ് യുഡിഎഫിന്റേതെന്ന് അദ്ദേഹം വ്യക്തമാക്കി.

also read:

സ്ത്രീവിരുദ്ധതയുടെ കാര്യത്തിൽ സിപിഎം സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് സതീശൻ കുറ്റപ്പെടുത്തി.കെ.കെ രമ,പി.കെ ജയലക്ഷ്മി,ലതികാ സുഭാഷ്,രമ്യ ഹരിദാസ് തുടങ്ങിയ വനിതാ നേതാക്കൾക്കെതിരെ സിപിഎം നേതാക്കൾ മുൻപ് നടത്തിയ അധിക്ഷേപങ്ങൾ കേരളം മറന്നിട്ടില്ല.അന്ന് അത്തരം പരാമർശങ്ങൾ നടത്തിയവർക്കെതിരെ എന്ത് നടപടിയാണ് പാർട്ടി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.അധിക്ഷേപം നടത്തുന്നവരെ സംരക്ഷിക്കുകയും അവർക്ക് സ്ഥാനമാനങ്ങൾ നൽകി ആദരിക്കുകയുമാണ് സിപിഎം ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പാലക്കാട് എംഎൽഎയ്ക്കെതിരെ ഒരു സ്ത്രീ ആരോപണം ഉന്നയിച്ചപ്പോൾ, ഇരയെ സൈബർ ഇടങ്ങളിൽ അധിക്ഷേപിക്കരുതെന്ന് കർശന നിർദ്ദേശം നൽകിയ പ്രസ്ഥാനമാണ് കോൺഗ്രസ്.അത്തരത്തിൽ ആരെങ്കിലും സൈബർ ആക്രമണം നടത്തിയാൽ അവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ താൻ താക്കീത് നൽകിയിട്ടുണ്ട്.ഇരകളെ സംരക്ഷിക്കുന്നതാണ് കോൺഗ്രസിന്റെ പാരമ്പര്യം.എന്നാൽ വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും സതീശൻ കൂട്ടിച്ചേർത്തു.സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ,ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ,ഡിസിസി പ്രസിഡൻ്റ് പി.രാജേന്ദ്ര പ്രസാദ് എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here